Tuesday, December 4, 2018

ജലം

ആ രാത്രിയിലാണ്  അവർ ആദ്യം കണ്ടത്. എല്ലാവരും ഉയർന്നു പൊങ്ങുന്ന ജലത്തെക്കുറിച്ചും മുങ്ങിത്താഴുന്ന ജീവനെക്കുറിച്ചും മാത്രം പരിഭ്രാന്തരായ ആ രാത്രിയിൽ.

മൂത്തകാമചെട്ട്യാർ ആ വീട്ടിൽ ഒറ്റയ്ക്ക് ഉറങ്ങിക്കിടന്ന തുളസിയെ വിളിച്ചുണർത്തി, സ്വകാര്യമായ് പറഞ്ഞു:
-പോകാം. താണ്ടേനിക്കുന്നിന്റെ മോളിലേക്ക് പോകാം. ഇനി പോകാൻ അവിടെയല്ലേള്ളൂ.

ഞെട്ടിയെഴുന്നേറ്റ അവൾക്ക് ആ മുഖം വളരെ പരിചിതമായ് തോന്നി. അമ്മേടച്ഛന്റെ അതേ ഛായ. കാമചെട്ട്യാരുടെ മകൻ ചാത്തുക്കുട്ടി അയാളുടെ അച്ഛന്റെ തനിപ്പകർപ്പായിരുന്നു. രൂപത്തിലും സ്വഭാവത്തിലും. ചാത്തുക്കുട്ടിയ്ക്ക് അഞ്ച് മക്കൾ, നാലാമത്തേത് പെണ്ണ്- തുളസിയുടെ അമ്മ അമ്മിണി.

വേഗം..
കാമചെട്ട്യാർ തിരക്കുകൂട്ടി.

അവർ താണ്ടേനിക്കുന്നിലേക്ക് നടന്നു. 
ഈ ഭൂമിയിൽ തുളസിയ്ക്ക് അവകാശമുള്ള മണ്ണിലേക്ക്.

അവരുടെ പിന്നിലായി പലരും കുന്നിന് മുകളിലേയ്ക്ക് കയറിവന്നു. കാമചെട്ട്യാർ അവരെയെല്ലാം തുളസിയ്ക്ക് പരിചയപ്പെടുത്തി: കടത്തുകാരൻ ചേക്കുട്ടി, അയാളുടെ ഭാര്യ വെള്ളി, വെള്ളിയുടെയും ചേക്കുട്ടിയുടേയും പെണ്മക്കൾ.. അവർക്ക് പിന്നിൽ അമ്മിണി, ഏറ്റവും ഒടുവിൽ ചാത്തുക്കുട്ടി.

ചാത്തുക്കുട്ടി കാമചെട്ട്യാരുടെ ഒറ്റമകനായിരുന്നു. അതിര് തിരിച്ചും അടയാളങ്ങളുണ്ടാക്കിയും അയാൾ അളന്നെടുത്ത് അധികാരപ്പെടുത്തിയ മണ്ണിന്റെ ഒറ്റയൊരവകാശി. ചാത്തുക്കുട്ടി ക്രമേണ അന്നാട്ടിലെ പ്രധാനിയായി.  മണ്ണിന്റെ, മണ്ണിൽ വിളഞ്ഞ നെല്ലിന്റെ, തേങ്ങയുടെ, കുരുമുളകിന്റെ, മണ്ണിൽ അതിരിട്ട പാതകളുടെ, അതിനടുത്ത് ഉയർന്നു പൊങ്ങിയ പീടികകളുടെ, പുരയിടങ്ങളുടെ ഉടമ. 

ഭൂമിയിൽ തന്റേത് എന്ന് മണ്ണ് സ്വന്തമാകുന്നത് ..
-കാമചെട്ട്യാർ എന്നും മകനോട് പറഞ്ഞു:
-അതിനോടൊരു മോഹം തോന്നുമ്പോഴാണ്, ആ മോഹം പറഞ്ഞറിയ്ക്കാൻ കഴിയുന്നതിലുമപ്പുറമാകുമ്പോഴാണ്..

-അങ്ങനെയുള്ളവനാണ് മണ്ണിന്റെയും മണ്ണിലെ പെണ്ണിന്റെയും ഉടമ. ചാത്തുക്കുട്ടിയുടെ വിശ്വാസങ്ങൾ കുറച്ചുകൂടി വിശാലമായിരുന്നു; അച്ഛൻ കാമചെട്ട്യാരേക്കാൾ.

അളവുകൾ കൃത്യം. 
അധികാരങ്ങൾ ദൃഢം. 
അവകാശങ്ങൾ ഭദ്രം.

എന്നാലും എപ്പോഴോ കണക്കുകൾ തെറ്റിത്തുടങ്ങി. അതിങ്ങനെയാണ്, തന്നെയല്ലാതെ ആരേയും വിശ്വസിയ്ക്കാത്ത അയാൾ തന്റെ കണക്കുകളെല്ലാം മറവിരോഗത്തിന് പുടവ കൊടുത്ത മനസ്സിന് വിട്ടുകൊടുത്തു. അതാകട്ടെ പിടികൊടുക്കാത്ത പെരുങ്കള്ളനെപ്പോലെ അയാൾക്കുള്ളതെല്ലാം കട്ടെടുത്തു.

ഓർമ്മകളിലെങ്കിൽ പിന്നെ ഉടമയെ നിശ്ചയിക്കാൻ മണ്ണിന്റെ അതിരുകൾ എവിടെ? ഓർമ്മകളിലെങ്കിൽ പിന്നെ പെണ്ണിന്റെ പേരും ഊരുമേത് സ്വന്തക്കാരനായിരുന്നു എന്നുറപ്പിയ്ക്കാൻ?

ഓർമ്മകളിലെങ്കിൽ എല്ലാം സമം!
ഒന്നുകിൽ ഒന്നും നമ്മുടേതല്ല
അല്ലെങ്കിൽ 
എല്ലാം നമുക്ക് സ്വന്തം.

ആൺമക്കൾ നാലുപേരും വീടുകളും പത്തായങ്ങളും വിത്തുകൾ മുളയ്ക്കുന്ന മണ്ണും പണം നിറച്ചു വെച്ച പെട്ടികളും പീടികകളും പങ്കിട്ടു. ഒറ്റപ്പെങ്ങൾ അമ്മിണിയ്ക്ക് താണ്ടേനിക്കുന്ന് മാത്രം കിട്ടി. 

താണ്ടേനിക്കുന്നിൽ എന്നും വരൾച്ചയായിരുന്നു. 
വെയിലിന്റെ വിത്തുകൾ മാത്രം അവിടെയെന്നും വിതച്ചു; കൊയ്തു.

അനിയന്റെ ഭാര്യയുടേതായി മാറിയ അടുക്കളയിൽ ചെന്ന് നിന്ന് ഇതെന്റെമ്മയുടെ ചോറ്റുകലം, എനിക്ക് കഞ്ഞി വിളമ്പിത്തന്ന ഓട്ടു പിഞ്ഞാണം, ഞങ്ങളുടെ പലഹാരപ്പാത്രങ്ങൾ, കൽച്ചട്ടി, ഉപ്പിലിട്ട ഭരണികൾ എന്ന് ഓർത്തു പതം പറഞ്ഞു. എന്റമ്മയുടെ ഉണ്ണികൃഷ്‌ണൻ, ഞങ്ങളുടെ നിലവിളക്കുകൾ, കിണ്ടികൾ, ഗുരുവായൂരിലെ മയിൽ‌പ്പീലി എന്ന് ഭ്രാന്തിയെപ്പോലെ വിരൽ ചൂണ്ടി. പത്തായത്തിൽ നിറച്ചിപ്പോഴുമുണ്ട് അമ്മയുടെ മണമെന്ന് ഉറക്കെ കരഞ്ഞു. അന്നു വരെ തന്റേത് കൂടിയായിരുന്ന അടുക്കളയിൽ നിന്ന്, കിടപ്പുമുറിയിൽ നിന്ന് ഇറങ്ങിപ്പോകെന്ന് കേട്ട് തലതല്ലി.

ഓൾക്ക് പ്രാന്തെന്ന് ആങ്ങളമാർ കാരണമുണ്ടാക്കി. അത് നാട്ടു വിശേഷമായ്. തുളസിയെമാത്രം പെറ്റിട്ട്, ഒസ്യത്ത് കിട്ടിയ താണ്ടേനിക്കുന്നിന്റെ അവകാശിയായി അവളെ വാഴിച്ച് ഒരിയ്ക്കൽ സ്വന്തമായിരുന്ന മുറ്റത്ത് മാവിന്റെ കൊമ്പത്ത് മരണത്തിലേക്ക് ആടാനൊരു ഊഞ്ഞാലുകെട്ടി.

അവളുടെ അച്ഛൻ ചാത്തുക്കുട്ടി അപ്പോഴും അളവില്ലാത്ത മണ്ണിന്റെ അതിരുകൾ തിരഞ്ഞ് ഭൂമിയുടെ ഏക അവകാശിയായ് അയാൾക്കാവുന്ന ദൂരങ്ങൾ ഓരോ ദിവസവും അളന്നു. ഒന്നും ഒളിച്ചു വയ്ക്കാനും അതിരിടാനും അളക്കാനും ഇല്ലാതായവൻ  മണ്ണും മലവും പുതച്ച് നടന്നു.

കടത്തുകാരൻ ചേക്കുട്ടിയുടെ ശാപമെന്ന് ഓർമ്മകളുടെ രസമുകുളങ്ങൾ നിറഞ്ഞ നാട്ടുനാവുകൾ ചിലച്ചു.

കടത്തുകാരനെ, കാമചെട്ട്യാരുടെ ഉറ്റസ്നേഹിതൻ ചാപ്പൻ മൂപ്പനെ, കാണാതായ രാത്രിയെക്കുറിച്ച് അവർ വീണ്ടും കഥകളുണ്ടാക്കി. പലപുഴകൾ പലവട്ടം നീന്തിമുറിച്ച മൂപ്പൻ ഒരുദിവസം രാത്രി പുഴയിലിതുവരെയില്ലാത്തൊരു  ചുഴിയിലേക്ക് കടത്തുകാരനെ തിരഞ്ഞ് ഇറങ്ങിപ്പോയ കഥ അവരെ തൃപ്തിപ്പെടുത്തിയല്ല.

തുളസി ആ നേരം, വേഗത്തിന്റെ കിതപ്പാറ്റി മുതുമുത്തശ്ശനോട് ആ കഥയെന്തെന്ന് ചോദിച്ചു.

കാമചെട്ട്യാർ പറഞ്ഞു:
ആ രാത്രിയ്ക്കും ഞാനും ചാത്തുക്കുട്ടിയും വെള്ളിയേയും മക്കളേയും ഭോഗിച്ചിരുന്നു. മാംസം മാംസം കൊണ്ടളന്ന് അതിരു തിരിച്ചിരുന്നു. അതിനിടയിൽ വന്ന് കാഴ്ച മറച്ചതു കൊണ്ടാണ് കടത്തുകാരനെ ചാത്തുക്കുട്ടി പുഴയിലൂടെ മണ്ണിലെ കാണാക്കാഴ്ചകളിലേക്ക് അയച്ചത്. അതറിയാവുന്ന ഒരേയൊരാൾ  മൂപ്പനാണ്. അയാളാണ് വെള്ളിയെയും പെൺമക്കളെയും ഒളിപ്പിച്ചത്. താണ്ടേനിക്കുന്നിലെ ആൾമറയില്ലാത്ത കിണറ്റിനടിയിൽ.

ചാത്തുക്കുട്ടി മാത്രമേ അതറിഞ്ഞുള്ളൂ. മൂപ്പന്റെ പാടകെട്ടിയ വലത്തേ കണ്ണിനുള്ളിൽ ആർക്കും കാണാൻ കഴിയാത്തൊരു കാഴ്‌ച പോലെ വെള്ളി മറഞ്ഞിരിയ്ക്കുന്നത് ചാത്തുക്കുട്ടി കണ്ടു, അയാൾ മാത്രം. ആ ഭയം മായ്ച്ചു കളയാനാണ് ഞാൻ അയാളുടെ ദിവസങ്ങളെ മറവികളായ് മാറ്റിക്കളഞ്ഞത്. ഞാനാണയാളുടെ ഓർമ്മകളുടെ വിത്തുകൾ സൂക്ഷിച്ച ധാന്യപ്പുരയ്ക്കിത്രയും നാൾ കാവൽ നിന്നത്. ഇന്ന്, പ്രാണൻ കവിഞ്ഞൊഴുകുന്ന ജലപ്പരപ്പിൽ നമുക്ക് ആ വിത്തുകളെല്ലാം ഒഴുക്കിക്കളയണം. ഒരിടത്തും മുളച്ചു പൊങ്ങാതെ ഒലിച്ചു പോകണം അവയെല്ലാം.

ഇത്രയും കാലം ഇവിടെ പെയ്ത മഴയൊക്കെ കുടിച്ച് കുടിച്ചു വീർത്ത് ഇപ്പോഴും മൂപ്പൻ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്നുണ്ട്. ഈ ദിവസത്തിന് വേണ്ടി. ഇന്ന് അയാൾ പാർക്കുന്ന താണ്ടേനിക്കുന്നിന്റെ അസ്ഥിക്കൂടം നുറുങ്ങും. അയാൾ ഉള്ളിൽ നിറച്ചു വച്ചിരിയ്ക്കുന്ന പഴയകാലത്തെ മഴ എങ്ങും അലതല്ലിയൊഴുകും. അയാളുടെ പൊള്ളുന്ന രക്തക്കുഴലുകളിലൂടെ നമ്മുടെയെല്ലാം നിലങ്ങൾ ഒലിച്ചു പോകും.

നമ്മുടെ നിലങ്ങൾ.
നമ്മുടെ മണ്ണ്.

പ്രമാണങ്ങൾ ഭദ്രമാക്കിയും കരമടച്ചും നമ്മുടേതെന്ന്, നമ്മുടെ തലമുറകളുടേതെന്ന് നിസ്സംശയം ഉറപ്പിച്ച മണ്ണ്. 
പാതകൾ, പീടികകൾ, പുരയിടങ്ങൾ,  പാഴ്‌നിലങ്ങൾ എന്ന് നമ്മുടെ സാമർത്ഥ്യത്തിന്റെ ഏറ്റക്കുറച്ചലിനനുസരിച്ച് വീതം വെച്ച  മണ്ണ്. 
വെറുക്കാനും വേദനിപ്പിക്കാനും വീടുകളില്ലാതാക്കാനും കാരണമാകുന്ന മണ്ണ്.
അനേകം നിർമ്മിതികളാൽ അടയാളങ്ങളുണ്ടാക്കി സ്വന്തമെന്ന് ആവർത്തിച്ച മണ്ണ്.
ഇതാണ് എല്ലാമെന്ന്, ഇതാണ് തലമുറകൾക്ക് കൈമാറേണ്ടതെന്ന് പ്രമാണങ്ങളുടെ പകർപ്പുകളായ മണ്ണ്.

-നോക്കൂ.
തുളസിയുടെ അരികിലേക്ക് കടത്തുകാരൻ ഓടിവന്നു.
മൂർദ്ധാവിൽ കല്ലിച്ച ശ്വാസത്തിൽ തുഴകൾ ഊന്നിക്കൊണ്ട് പറഞ്ഞു:
-മണ്ണ് ഒരു വാതിൽ മാത്രമാണ്, അത് ജലത്തിലേക്ക് തുറക്കുന്നു.

-ഭയപ്പെടല്ലേ,ഞാൻ വേഗം വരാം..
അയാൾ ആൾ മറയില്ലാത്ത കിണറ്റിലേക്ക്, അയാളുടെ വെള്ളിയുടെ അരികിലേക്ക്, പെണ്മക്കളെ ഒക്കത്തെടുത്തുകൊണ്ട് ഇറങ്ങിപ്പോയി.

അയാൾ തുളസിയ്ക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു:
-അകലങ്ങളെല്ലാം മനുഷ്യർക്കിടയിലല്ലേ. 
ഭൂമിയിൽ ഇത്ര ദൂരം മണൽ, ഇത്ര ദൂരം ജലം എന്നൊന്നുമില്ല.
അത് ഗാഢമായ പ്രണയത്തിലായ രണ്ടുപേർക്കിടയിലെ അകലമെന്ന പോലെ എപ്പോൾ വേണമെങ്കിലും മാഞ്ഞു പോകാവുന്ന ഒന്നാണ്.

തുളസി ആൾമറയില്ലാത്ത കിണറ്റിലേക്ക് ഏന്തി നോക്കി.

അവളുടെ മുഖം പ്രതിഫലിച്ച ഇടത്തിൽ കടത്തുകാരൻ ചേക്കുട്ടിയും അയാളുടെ വെള്ളിയും ചുണ്ടുകൾ കോർക്കുന്നു. അവരുടെ പെൺമക്കൾ വള്ളികളായ് അവരെ പൊതിയുന്നു.

-വീഴല്ലേ ..
ചാപ്പൻ മൂപ്പൻ, ഒരു രാത്രി പുഴയുടെ മധ്യത്തിലാഴ്ന്ന് താണ്ടേനിക്കുന്നിൽ ഒളിച്ചു പാർത്ത് അവിടെ അത്രയും നാൾ പെയ്ത മഴയെല്ലാം കുടിച്ചു വീർത്ത ചാപ്പൻ മൂപ്പൻ, അവളെ തന്നിലേക്ക് വലിച്ചു.
ജലം -
അതൊരു അകം പുറമാണ്.
ഒരു പുറം മൃതി.
ഒരു പുറം ജനി.

അവളെ കയ്യിലേക്കെടുത്ത് ഊഞ്ഞാലിലിരുന്നാടി അമ്മിണി മകളോട് പറഞ്ഞു:

ജലം -
അതൊരു വീടാണ്.
പ്രാണന്റെ അവസാനത്തെ ഗൃഹം.
അമ്മയുടെ പൂജാമുറിയിലേക്കെന്നപോലെ പ്രാണൻ അവിടേക്ക് കയറിപ്പോകുന്നു.

തുളസിയ്ക്ക് ആദ്യമായ് ഭയമില്ലാതെയായ്.
അവൾ മതിമറന്നു ചിരിച്ചു:

വീട്ടിലെത്തിയെങ്കിൽ പിന്നെ മടിച്ചു നിൽക്കുന്നത് എന്തിനാണ്! വേഗം വാതിൽ തുറന്ന് അകത്ത് കയറുക; അനേകം പേർ കാത്തിരിയ്ക്കുകയല്ലേ.


2 comments:

  1. ഇപ്പോഴും എഴുത്തുണ്ടല്ലേ?
    ഒരു വെബ്‌സൈറ്റ് ഉണ്ടാക്കൂ ന്ന്.

    സസ്നേഹം
    സുനിൽ ഉപാസന

    ReplyDelete