Tuesday, November 6, 2018

ആത്മാവ് മാത്രമുള്ളൊരു കഥ

"സ്ത്രീയോ പുരുഷനോ - 
എഴുതുന്ന ഓരോരുത്തരും അവരുടെ അനുഭവം തന്നെയാണ് എഴുതുന്നത്. "

"അപ്പോൾ ഞാനോ?  
ഹൃദ്യമായ സ്നേഹത്തെക്കുറിച്ച് ഞാൻ എഴുതാറുണ്ടല്ലോ!"

***

ചിലപ്പോൾ എനിയ്ക്ക് തോന്നും എന്റെ ലാപ്ടോപ്പിലെ ടെക്സ്റ്റ് എഡിറ്റർ ഞാൻ മാത്രമല്ല ഉപയോഗിയ്ക്കുന്നത് എന്ന്. ആരോ ഇടയിൽ കയറി എഴുതുന്നുണ്ട്.

അത് നീയല്ലേ ?
ഞാൻ അവളോട് ചോദിച്ചു.

അത്രയൊന്നും ആകർഷകത്വം തോന്നാത്ത ഒരു സ്‌കൂൾ യൂണിഫോമിൽ കയറിനിന്ന്  അവൾ ചിരിച്ചു.

അവൾ എഴുത്തുകാരിയാകാൻ ആഗ്രഹിച്ച പെൺകുട്ടിയായിരിരുന്നു. ഭൂമി മുഴുവനും ചുറ്റി നടന്ന് കഥകൾ കേൾക്കാനും അതെല്ലാം എഴുതിവയ്ക്കാനും ആഗ്രഹിച്ച ഒരുവൾ. ആളുകൾ ഇഷ്ടത്തോടെ വായിക്കണമെന്നാഗ്രഹിച്ച് നിറയെ എഴുത്തുകൾ എഴുതാൻ വല്ലാതെയാഗ്രഹിച്ച പെൺകുട്ടി. 

എന്താ.. അതങ്ങനെത്തന്നെയല്ലേ?
ഞാൻ അവളോട് അന്വേഷിച്ചു.

അവളുടെ ചുണ്ടുകളും കൈവിരലുകളും ഉടലാകെയും വിറച്ചു.

തണുക്കുന്നുണ്ടോ?
എ സി റിമോർട്ട് കയ്യിൽ എടുത്ത് ഞാൻ ചോദിച്ചു:
ഓഫ് ചെയ്യണോ? അത്രയ്ക്ക് തണുപ്പുണ്ടോ?

അവൾ വിറച്ചുകൊണ്ട് തന്നെ പറഞ്ഞു:
ഇല്ല.
തണുപ്പ് കൊണ്ടല്ല. ചില നേരങ്ങളിൽ ഇങ്ങനെയാണ്. ഞാൻ പറയുന്നത് കേൾക്കുന്നയാൾക്ക് പൂർണ്ണമായി മനസ്സിലാകുന്നു എന്ന് തോന്നുമ്പോൾ എനിക്കിങ്ങനെയാണ്. ഒരു മഞ്ഞു മലയിൽ വെച്ച് വസ്ത്രങ്ങളെല്ലാം നഷ്ടപ്പെട്ട ഒരാളെപ്പോലെ ഞാൻ നിന്ന് വിറയ്ക്കും.

അങ്ങനെയാണെങ്കിൽ അവളെ കൂടുതൽ നഗ്നയായ്‌ കാണണമെന്ന് എനിയ്ക്ക് തോന്നി.
കൊതിയോടെ ഞാൻ ചോദിച്ചു:

എന്താണ് നിനക്ക് എഴുത്ത്? എന്തിനെക്കുറിച്ചാണ് എഴുതാറുള്ളത്? എത്ര കഥകൾ? എവിടെയുണ്ട് അതെല്ലാം?

അവൾ വിരലുകൾ കോർത്ത് പിടിച്ചു.
കണ്ണുകൾ തിളക്കത്തോടെ ചിമ്മിത്തുറന്നു. അതവളുടെ ഓർമ്മകളിലേക്കുള്ള താക്കോലാണെന്ന് എനിക്ക് മനസ്സിലായി.
അവൾ പറഞ്ഞു തുടങ്ങി:

അക്ഷരങ്ങളായി മാറിപ്പോകുന്നവ മാത്രമേ എന്റെ ചുറ്റിലുമുള്ളൂ. വാക്കുകളായ് മാറിപ്പോകുന്നവ മാത്രമേ എനിയ്ക്ക് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആയിട്ടുള്ളൂ. കഥകളായ്‌ മാറിപ്പോകുന്നവയാണ് എന്റെ ഓർമ്മകളും അനുഭവങ്ങളും.  എഴുതിക്കഴിയുന്നതോടെ അത് ഒരു കഥ മാത്രമാകുന്നു. ഓർമ്മയോ അനുഭവമോ ആണെന്ന് ഞാൻ തന്നെ മറന്നു പോകുന്നു. ഒരിയ്ക്കലും എഴുതിയിട്ടും പൂർത്തിയാകാത്ത ഒന്നിനെ ഞാൻ സ്നേഹം എന്ന് വിളിയ്ക്കുന്നു. ഞാൻ എത്രമേൽ സന്തോഷം അനുഭവിച്ചിരുന്നുവെന്ന് മറ്റൊരു വേളയിൽ എന്നെ തന്നെ ഓർമ്മിപ്പിയ്ക്കാൻ എനിക്കിതേ വഴിയുള്ളൂ.

ചില നേരങ്ങളിൽ കാരണമില്ലാത്ത എന്തോ എന്നെ ശ്വാസം മുട്ടിയ്ക്കും.
പ്രാണന് വേണ്ടി ഞാൻ എഴുതും.

അതുകൊണ്ടാണ്..
അതുകൊണ്ട് മാത്രമാണിങ്ങനെ..

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കഥ ഞാൻ എഴുതിയത്. ഒരു  യുവജനോത്സവത്തിന്. ഒരു വിഷയം തന്ന് പെട്ടന്ന് എഴുതുകയായിരുന്നു.
ഉണ്ണുണ്ണിയെക്കുറിച്ചായിരുന്നു ആ കഥ.

കഥയുടെ അവസാനം ഉണ്ണുണ്ണി മരിച്ചു പോകും. തൂവലുകൾ എല്ലാം കൊഴിഞ്ഞ് മാംസത്തിന്റെ നിറമുള്ള പക്ഷിയെപ്പോലെ. അവന്റെ ഏറ്റവും അവസാനത്തെ ദിവസം. അതിനെക്കുറിച്ചാണ് കഥ. 
അവനെ കിടത്തിയ മുറിയ്ക്ക് എന്റെ മുറിയുടെ അടയാളങ്ങളായിരുന്നു. മണവും നിറവും അത് തന്നെയായിരുന്നു. നിറയെ തൂവലുകൾ ശേഖരിച്ചു വെച്ച ഒരു വലിയ പുസ്തകമായിരുന്നു അവന്റെ കലണ്ടർ. അവന്റെ പ്രിയപ്പെട്ട പക്ഷിയിൽ നിന്ന് ഓരോ തൂവൽ എന്നപോലെ അവനിൽ നിന്ന് ദിവസങ്ങളും കൊഴിഞ്ഞു വീണ് പോയി.

എന്തൊരു കഷ്ടമാണ്!
ഞാൻ ഇടയിൽ കയറി പരിഭവിച്ചു.
ഉണ്ണുണ്ണിയെപ്പോലെ ഒരു മിടുക്കനെ ഇത്ര ദയയില്ലാതെ നീ എന്തിനാണ് കൊന്നു കളഞ്ഞത്? എന്തിനാണ് കഥയിൽ അവനെ മരിയ്ക്കാൻ വിട്ടത്?

അറിഞ്ഞൂടാ.
അവൾ പറഞ്ഞു.

ആ വീട്ടിൽ വെച്ച് ഞാൻ എഴുതിയ കഥകളിലൊക്കെ മരണമുണ്ടായിരുന്നു.
കുട്ടികളുടെ മരണം.
വീടിന്റെ മരണം.
സ്നേഹത്തിന്റെ മരണം.
ആ വീടിന് ഞാനിട്ട പേര് തന്നെ മരണം എന്നായിരുന്നു.

അവൾ പുറത്തെ ജനലിലേക്ക് നോക്കി. എന്തോ കാണണമെന്ന് അവൾ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി. പക്ഷേ ജനലുകൾ അടച്ചിട്ടിരുന്നു. പുറത്ത് നിന്ന് വെളിച്ചം അകത്തു വരാതിരിയ്ക്കാൻ അതിൽ വിരിപ്പുകൾ തൂക്കിയിട്ടിരുന്നു.

നിനക്കന്ന് എത്ര വയസ്സുണ്ടായിരുന്നു?
ഞാൻ ചോദിച്ചു:
ഇപ്പോഴായിരുന്നെങ്കിൽ നീ ഉണ്ണുണ്ണിയ്ക്ക് ജീവിയ്ക്കാൻ ഒരു കഥയുണ്ടാകുമായിരുന്നോ? ആ വീടിന് മറ്റൊരു പേരിടുമായിരുന്നോ?

അന്ന് പന്ത്രണ്ട് വയസ്സ്.
ഇപ്പോഴായിരുന്നെങ്കിൽ ... ആ വീടിനെ ഭൂമിയിൽ നിന്ന് മാഞ്ഞു പോയ ഏതെങ്കിലും ഒരു നദിയുടെ പേരിട്ട് വിളിച്ചേനെ... മരിച്ചു പോകാതിരിയ്ക്കാൻ ഉണ്ണുണ്ണിയോട് പറഞ്ഞേനെ. 
അവൾ പറഞ്ഞു:
ആ വീട്ടിൽ എപ്പോഴും ഒരു മരണമുണ്ട്. ഭൂമിയിൽ നിന്നുള്ള ഒരു മാഞ്ഞു പോകൽ. ആ മരണം കൂടാനാണ് എല്ലാ തവണയും ഞാൻ ആ വീട്ടിലേക്ക് ചെന്ന് കയറാറുള്ളത് തന്നെ. 
അതൊരു പൂച്ചക്കുട്ടിയാകാം, വീട്ടിനുള്ളിലേക്ക് വേരുകള് നീട്ടുന്നു എന്ന കാരണത്താൽ മുറിച്ചു കളഞ്ഞ ഒരു മരത്തിന്റേതാകാം, അല്ലെങ്കിൽ ചിതലരിച്ച ഒരു പുസ്തകത്തിന്റെ.. അല്ലെങ്കിൽ എലിപ്പെട്ടിയിൽ വിഷം തിന്ന് മരിച്ച ഒരു അണ്ണാൻ കുഞ്ഞ് ..
എന്തിന്റെയെങ്കിലും മരണം, എന്റെ പ്രിയപ്പെട്ട എന്തിന്റെയെങ്കിലും.

ഇത്തവണ വാതിൽ തുറന്നു കിടക്കുന്നതറിയാതെ ചിറകുകൾ കൂട്ടിൽ കിടന്ന് ചതഞ്ഞ ഒരു മഞ്ഞപ്പക്ഷിയായിരുന്നു 
ആ നേരം ഉണ്ണുണ്ണി ഒപ്പം വന്നു.
കാക്കകളുടെ നിർത്താത്ത കരച്ചിലിനെക്കുറിച്ചു എന്നോട് പരാതി പറഞ്ഞു: 
ഇന്ന് കർക്കിടക വാവല്ലേ? അതിന്റെയാവും..
ഞാനവന് പറഞ്ഞു കൊടുത്തു.

എന്നേയും ഈ രൂപത്തിൽ വരുമെന്ന് കരുതിയാണോ നീ ഇന്ന് കാത്തു നിന്നത് ?
അവൻ ചോദിച്ചു.

എല്ലാവരും അങ്ങനെയല്ലേ ഈ ദിവസം വരാറ് ?

അവൻ ചൊടിച്ചു:
ഞാൻ പറഞ്ഞിട്ടില്ലേ, ഭൂമിയിലേക്ക് അതിന് ശേഷം ഞാൻ വന്നു പോകുന്നത് ഒരിയ്ക്കലും ഇങ്ങനെയാവില്ല എന്ന്. ഞാൻ എല്ലാ നിറങ്ങളും അണിയും. നിറയെ നിറങ്ങളുള്ള ഒരു പക്ഷിയായ് ഞാൻ സ്നേഹമുള്ളവരെ കാണാൻ വരും.

ഞാൻ ആ മഞ്ഞ തൂവലുകളിൽ തൊട്ടു.
എന്നിട്ട് ചോദിച്ചു:
എന്തിന് നീ പക്ഷിയാവണം? വെറും ഒറ്റ ദിവസത്തേയ്ക്ക് വരണം?
ദിവസവും പൂക്കുന്ന ചെടികളിലൊന്നായ് നിനക്കീ മുറ്റത്ത് തളിർത്താലെന്ത്?
പ്രാണൻ എല്ലാറ്റിലും ഒരുപോലെയല്ലേ?
മനുഷ്യരിൽ, പക്ഷികളിൽ, ചെടികളിൽ?
വേരുകൾ കൊണ്ട് മരങ്ങളും ചിറകുകൾ കൊണ്ട് പക്ഷികളും മനസ്സു  കൊണ്ട് മനുഷ്യരും സഞ്ചരിയ്ക്കുന്നു എന്നല്ലേ ഉള്ളൂ.

 ഉണ്ണുണ്ണി എന്നെ തുറിച്ചു നോക്കി:
അവൻ സ്വയം പിറുപിറുത്തു:
ഞാൻ തൂവലുകൾ സൂക്ഷിച്ചു വയ്ക്കാറുള്ളത് കണ്ടിരുന്നില്ല? എനിക്ക് പക്ഷിയാവാനായിരുന്നു ഇഷ്ടമെന്ന് ഓർമ്മയില്ലേ? നീ എല്ലാം മറന്നു പോയിരിക്കുന്നു. കഥയിൽ ഞാൻ മരിച്ചു പോയത് കൊണ്ട് എന്റെ ഇഷ്ടങ്ങളെല്ലാം മറന്നു കളയാം എന്നാണോ?

ഒരു പാട് വർഷങ്ങളായില്ലേ? ആ കഥയുടെ പകർപ്പ് പോലും കയ്യിലില്ല. കുറേക്കാലം ഒരു നോട്ട് പുസ്തകത്തിൽ ഞാൻ അത് എഴുതി സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ അവസാനത്തെ ദിവസം എന്ന കഥ. പിന്നെ എപ്പോഴോ അത് പഴയ പുസ്തകമായി. പഴയ പേപ്പറുകൾക്കും ആക്രി സാധങ്ങൾക്കും ഒപ്പം കാഞ്ചിയമ്മയ്ക്ക് വിൽക്കുകയും ചെയ്തു.

കാഞ്ചിയമ്മ താമസിച്ചിരുന്നത് റെയിവേ ട്രാക്കിന് അപ്പുറമായിരുന്നു. അന്ന് അവിടെ ഒരു വലിയ പാറയുണ്ടായിരുന്നു. ഇപ്പോൾ  ഭംഗിയായി കെട്ടിയുണ്ടാക്കിയ കരകൗശല ഗ്രാമവും ചുറ്റിലും പ്രകൃതിയുടെ തലയെടുപ്പിന്റെ ഓർമ്മകളിൽ നമസ്കരിച്ച ചെറുജലാശയങ്ങളുടെ കണ്ണാടിച്ചീന്തുകളും സഞ്ചാരികളും.  കാഞ്ചിയമ്മയുടെ കുടുംബം ആ പാറ പൊട്ടിച്ചാണ് കഴിഞ്ഞിരുന്നത്. വർഷത്തിലൊരിയ്കൽ അവർ തമിഴ്‌നാട്ടിലെ അവരുടെ ഗ്രാമത്തിലേക്ക് പോകും. അതിന് മുൻപാണ് അവർ പഴയ സാധനങ്ങൾ വില തന്ന് വാങ്ങിയ്ക്കാൻ വീട്ടിലെത്തുക.

അവർ മരിച്ചത് ഇവിടെവെച്ചാണ്. ട്രെയിൻ ഇടിച്ച്. ഞാൻ ആലോചിച്ചു: അത്ര പരിചയമായ ഒരാളെ, എന്നും കാണുന്ന ഒരാളെ തീവണ്ടി കൊന്നു കളഞ്ഞത് എന്തിനാകും? അത്തവണ അവർക്ക് വിറ്റ പഴയ പേപ്പറുകളുടെ കൂട്ടത്തിൽ കഥ അച്ചടിച്ചു വന്ന ആഴ്ചപ്പതിപ്പും കുട്ടികളുടെ മാസികയും കൂടി ഉണ്ടായിരുന്നു. 

ആഴ്ചപതിപ്പിൽ വന്ന കഥ മറന്നു പോയി, അതിലൊരു പതിമൂന്ന് വയസ്സുള്ള കുരുക്കുത്തി മരമുണ്ടായിരുന്നു എന്ന് മാത്രമാണ് ഓർമ്മ. കുട്ടികളുടെ മാസികയിൽ വന്നത് സമ്മാനം കിട്ടിയ ഒരു കഥയായിരുന്നു. കുട്ടിയുടെയും അച്ഛനമ്മമാരുടെയും ഇടയിലുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമായിരുന്നു അതിൽ പറഞ്ഞത്. ആ കഥയിലേക്കുള്ള വഴിയിൽ നിറയെ ചവോക്ക് മരങ്ങൾ വളർന്നു നിന്നിരുന്നു. അതൊരു നുണയായിരുന്നു. 

കഥ വായിച്ചു കഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞു: നിനക്ക് ഇങ്ങനെ ആകാൻ കഴിയില്ല. 

ഈ കഥ വായിക്കുന്ന  ഒരാൾ നമ്മുടെ ഇടയിൽ എന്തോ വലിയ പ്രശ്‍നമുണ്ടെന്ന് തെറ്റിദ്ധരിയ്ക്കും. അത് നുണയാണ്- അമ്മയും പറഞ്ഞു.

അമ്മയെ ഇങ്ങനെ സങ്കടപ്പെടുത്തരുതെന്ന് അച്ഛൻ ഓർമ്മിപ്പിച്ചു:
നിന്റെ കഥകളിലൊക്കെ സങ്കടമേയുള്ളൂ. അത് നുണയാണ്.

പുസ്തകങ്ങൾ വായിച്ചു വായിച്ചാണ് ഇവൾ ഇങ്ങനെ നുണകൾ എഴുതിക്കൂട്ടുന്നത്. 
ഏട്ടനും പറഞ്ഞു: ആദ്യം വേണ്ടത് അവളുടെ മുറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് മാറ്റുകയാണ്. അപ്പോഴാണ് സാധാരണ മനുഷ്യർ എങ്ങനെ ജീവിയ്ക്കുന്നു എന്ന് അവൾക്ക് മനസ്സിലാവൂ.

നിന്റെ അച്ഛനും അമ്മയും ചേട്ടനും പഠിച്ചവരായിരുന്നില്ലേ?
ഞാൻ ചോദിച്ചു:
അച്ഛൻ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. അമ്മ കുട്ടികളെ പഠിപ്പിക്കുകയും. ചേട്ടൻ അന്ന് മെഡിസിന് പഠിയ്ക്കുകയായിരുന്നു.

അവൾ ഓർമ്മിച്ചു.

എന്നിട്ട്?

ഞാൻ എഴുതിയ അവസാനത്തെ കഥ ഒരു ടൈപ്പ് റൈറ്ററിനെക്കുറിച്ചായിരുന്നു. ആരുമില്ലാത്ത നേരങ്ങളിൽ വീടിന്റെ കോണിച്ചുവട്ടിൽ വെച്ച ടൈപ്പ് റൈറ്ററിൽ നിന്ന് പേപ്പറിലേക്ക് ഒരു കഥയുടെ ക്രമത്തിൽ അക്ഷരങ്ങൾ നിറയുമായിരുന്നു.  ഒരു ദിവസം വയലറ്റ് പൂക്കളുള്ള ഫ്രോക്കിട്ട് പതിനഞ്ചുകാരി കോണിപ്പടികൾ ഇറങ്ങി വരുമ്പോൾ ഈ അദ്‌ഭുതകരമായ കാഴ്ച കാണുന്നു. പിന്നീട് ടൈപ്പ് റൈറ്ററിന്റെ കഥകളെല്ലാം കുട്ടിയുടെ കഥകളാകുന്നു.

ഞാൻ അന്ന് ഒരു ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിട്യൂട്ടിൽ പോകാറുണ്ടായിരുന്നു. ഇന്ന് നീ മൊബൈൽ റീചാർജ്ജ് ചെയ്യാൻ പോകാറില്ലേ? ആ കട ആദ്യമൊരു വെറ്റിലക്കടയായിരുന്നു. ഒരു പ്രത്യേകമണമായിരുന്നു നിരത്തിന്റെ ആ നാലും കൂടുന്ന ഭാഗത്ത്. അതിനപ്പുറത്തായിരുന്നു വൈദ്യരുടെ മരുന്ന് പീടിക. അത് കഴിഞ്ഞ് സഫാത്ത് എന്ന സ്റ്റേഷനറിക്കട. അവിടെന്നായിരുന്നു പേനയും പേപ്പറും വാങ്ങാറുണ്ടായിരുന്നത്. വെറ്റിലക്കടയുടെ വലത് വശത്ത് പൈതലിന്റെ ചെരുപ്പ് പീടിക. അവിടുന്നായിരുന്നു അമ്മ എനിയ്ക്ക് ചെരുപ്പുകൾ വാങ്ങിച്ചു തരാറുണ്ടായിരുന്നത്. എന്റെ ചെരുപ്പ് എപ്പോഴും പൊട്ടിപ്പോകും, എങ്ങനെയാണെന്നറിയില്ല. എല്ലാ കാലത്തും എനിക്ക് പാകമാകുന്ന ചെരുപ്പുകൾ അന്വേഷിയ്ക്കുന്ന സിൻഡ്രല്ലയായിരുന്നു ഞാൻ. വെറ്റിലക്കടയുടെയും ചെരുപ്പുകടയുടെയും ഇടയിലായിരുന്നു  ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിട്യൂട്ടിലേക്കുള്ള കോണി. കുത്തനെ ഒന്ന്. എപ്പോഴും അത് കയറി മുകളിൽ എത്തുമ്പോൾ എനിക്ക് തലചുറ്റുന്നത് പോലെ തോന്നും. ഒരു ദിവസം അവിടെ എത്തുമ്പോൾ ആരുമുണ്ടായിരുന്നില്ല. വാതില് പോലും തുറന്നിട്ടില്ല. മരത്തിന്റെ ജനലിലെ ചെറിയ വിടവിലൂടെ ഞാൻ അകത്തേയ്ക്ക് നോക്കി. എല്ലാ ടൈപ്പ് റൈറ്ററുകളും സ്വയം ചലിയ്ക്കുന്നു. പേപ്പറുകളിൽ അക്ഷരങ്ങൾ നിറയുന്നു. ഏതൊക്കെയോ കഥകൾ തമ്മിൽ കണ്ടുമുട്ടുന്നു. സംസാരിയ്ക്കുന്നു...

അന്നാണ് ആ കഥ എഴുതിയത്-  കുട്ടിയുടെ ടൈപ്പ് റൈറ്റർ. ഉറങ്ങിക്കിടന്നു കൊണ്ട്, സ്വപ്നത്തിലെന്നപോലെ.   
സ്വപ്നത്തിൽ എഴുതിയ കഥയായതുകൊണ്ട് ഞാൻ മാത്രമേ വായിച്ചുള്ളൂ. അതാണ് ഇപ്പോഴും അതോർക്കാൻ കഴിയുന്നത്.

ഞാനും ഇങ്ങനെയാണ് എഴുതുന്നത് അമ്മാ ... 
കഥ അവസാനിച്ചപ്പോൾ ഞാൻ ഉറക്കത്തിൽ പറഞ്ഞു:
അല്ലാതെ ആരെയും സങ്കടപ്പെടുത്താൻ വേണ്ടിയല്ല.  നുണ പറയാൻ വേണ്ടിയല്ല...  ഇനി ഞാൻ കഥകളെഴുതുന്നുണ്ടെന്ന് പോലും ആരും അറിയില്ല.. പ്രോമിസ് അമ്മ .. പ്രോമിസ്.. കരയല്ലേ അമ്മാ..കരയല്ലേ..

അതിനിടയിലാണ്  ഞാൻ മരിച്ചു പോയത്.. 
അതിൽ പിന്നെ ആരും കാണെ കഥകൾ എഴുതിയിട്ടില്ല. എന്നോടല്ലാതെ മറ്റാരോടും നുണകൾ പറഞ്ഞിട്ടില്ല.

ഇപ്പോൾ നീ വന്നപ്പോൾ, നിന്റെ ലാപ് ടോപ്പ് കാണുമ്പോൾ ആ  ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിട്യൂട്ടിലെ മുറി ഓർമ്മ വരും. വെറ്റിലക്കടയുടെ മണം വരും. നീ അറിയാതെ നിന്റെ വരികൾക്കിടയിൽ ചെന്നിരുന്ന് എഴുതണം എന്ന് തോന്നും.

അത്രയും പറഞ്ഞ് അവൾ ഇറങ്ങിപ്പോയി.
പിന്നെ പല ദിവസങ്ങൾ കഴിഞ്ഞാണ് വന്നത്.

ലിയോ ..
അവൾ വാതിൽ തുറന്ന് പതിവ് പോലെ എന്റെ പേരുവിളിച്ചു.
വാതിൽ തുറക്കുന്നതിന് അടുത്തിട്ട വലിയ കസേരയിൽ ലാപ്‌ടോപ്പിന് മുൻപിൽ ഇരിയ്ക്കുകയിരുന്നു ഞാൻ.

ഞാനിതിട്ടോട്ടെ?
അവളെന്റെ വലിയ ചെരുപ്പുകളിലേക്ക് അവളുടെ ചെറിയ കാലുകൾ തിരുകി.

വീട് മുഴുവൻ ചുറ്റി നടന്നു. ബിസ്ക്കറ്റ് പെട്ടികൾ അനുവാദം ചോദിയ്ക്കാതെ തുറന്നു. എനിക്ക് കടുങ്കാപ്പി ഇട്ടു തന്നു. 
ഞാൻ അടച്ചു പൂട്ടി വെച്ച ജനലുകൾ തുറന്നിട്ടു.

നിരത്തിലേക്ക് തുറക്കുന്ന ജനലുകളല്ലേ, ഞാൻ പറഞ്ഞു: 
പുകയും പൊടിയും കയറും. അത് അടച്ചേക്ക്.

നിനക്ക് പൊടിയും പുകയുമൊന്നുമല്ല പ്രശ്‍നം. 
അവൾ പറഞ്ഞു: 
വെളിച്ചത്തിനെയാണ്, അതിൽ തെളിയുന്ന മുഖങ്ങളെ.

അവൾ റോഡിനപ്പുറത്തുള്ള വീട്ടിലേക്ക് വിരൽ ചൂണ്ടി.
പറഞ്ഞു:
കണ്ടോ? അതാണ് ആ വീട്, എന്റെ മുറിയുണ്ടായിരുന്ന വീട്. ഞാൻ മരണമെന്ന് പേരിട്ടതും മാഞ്ഞുപോയ നദിയെന്ന് ഇപ്പോൾ വിളിയ്ക്കുന്നതുമായ  വീട്. അറിയാമായിരുന്നോ?

ഞാൻ പറഞ്ഞു:
ഞാനിവിടെ പുതിയ ആളല്ലേ? ചുറ്റുവട്ടത്തിലുള്ളവരെക്കുറിച്ചൊന്നും അറിയില്ല. നീയല്ലേ എനിക്കിവിടെയുള്ള ഒരേയൊരു പരിചയക്കാരി.

അവൾ ജനലുകൾ അടച്ചു.
കർട്ടനുകൾ നിവർത്തിയിട്ടു.
വീണ്ടും ഇരുട്ട്.

അവൾ വിളിച്ചു:
ലിയോ..
എനിയ്ക്കും ഈ ഭൂമിയിൽ ഒരൊറ്റയാളയേ അറിയൂ.

ആരെ?
ഞാൻ ചോദിച്ചു.

എന്നെ മാത്രം.
ആ  മറുപടിയ്ക്ക് ശേഷം അവൾ മാഞ്ഞ് പോയി.

അതായിരുന്നു ഞങ്ങൾക്കിടയിലെ ഏറ്റവും അവസാനത്തെ സംഭാഷണം.

No comments:

Post a Comment