Wednesday, November 28, 2018

അഹല്യയെ അണിഞ്ഞ സ്ത്രീ

"ഇടവഴിയിലെ കല്ല്,
കടന്ന് പോകുന്നവരുടെ യാത്രകൊണ്ട്
താനും സഞ്ചാരത്തിലാണെന്ന്..
അവരുടെ കാഴ്ച മാറുന്നതുകൊണ്ട്
തന്റെയും
ദേശം മാറിയെന്ന്..
ആകാശം മാറിയെന്ന്...

ഇടവഴിയിലെ കല്ല്,
മഴവരുമ്പോൾ
ഇലയ്ക്കടിയിൽ കണ്ണടച്ചുകിടന്ന്
വെയിൽ തെളിയുമ്പോൾ
മഴയില്ലാത്ത ദേശത്തെന്ന്..."

ഏഴോ എട്ടോ വർഷങ്ങൾക്ക് മുൻപുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്.
ആത്മനിന്ദയാണ്.
അതെഴുതുമ്പോൾ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടായിരുന്നില്ല.
അതിന്റെ ആത്മവിശ്വാസമില്ലായ്മയാണ്.

"വാല്മീകി രാമായണം, ബാലകാണ്ഡം, നാല്പത്തൊമ്പതാം സർഗ്ഗം" എന്ന്  എന്റെ സോളമൻ കുസൃതി പറഞ്ഞു. 
ഇടവഴിയിലെ കല്ല്  എന്ന വിലാപത്തോടെ സ്വയം അടയാളപ്പെടുത്തിയ ആൾ തന്നിലെ സൂക്ഷ്മകണങ്ങളിൽ പോലും ജീവൻ പെയ്യിച്ച സ്നേഹകാലത്തെക്കുറിച്ച് പറയാതെ പോകരുതെന്ന് പലപ്പോഴും ഓർമ്മിപ്പിച്ചു. അതിനോട് യോജിച്ച് മൂന്ന് വർഷങ്ങൾക്ക് മുൻപേ ഇങ്ങനെ എഴുതി :

"അഹല്യാശാപമോക്ഷം തന്നെ ആയിരിക്കണം.

ഇടവഴിയിലെ കല്ല് എന്നിനി വിലാപങ്ങളില്ല;
സ്വന്തമായ് തിരഞ്ഞെടുത്ത ആകാശത്തിലൂടെ
സ്വഛന്ദമായ യാത്ര.

ഞാൻ,
സ്നേഹകാലത്തിലൂടെ കടന്നുപോകുന്നു.
എന്നിലെ ക്ഷോഭത്തിന്റെ വെയില്കാലവും
വിഷാദത്തിന്റെ വർഷകാലവും പോയ്മറഞ്ഞിരിക്കുന്നു.

ഇപ്പോഴെനിയ്ക്ക് സ്നേഹത്തെക്കുറിച്ച് ചോദ്യങ്ങൾ ഇല്ലാതായിരിക്കുന്നു.

ഒരോ വിത്തും അതിനെ പാകമാക്കുന്ന പ്രകൃതിയിൽ, ഒരു ഋതുവിൽ മുളപൊട്ടുന്നത്  പോലെ അനിയോജ്യമായ സ്നേഹത്തിന്റെ അന്വേഷണത്തിലാണ്‌ നാമോരോരുത്തരും. നമുക്കനിയോജ്യമായ സാമീപ്യങ്ങൾ, ഒരു പ്രാർത്ഥന പോലെ ഒരിയ്ക്കൽ നമ്മെ തിരഞ്ഞെത്തുക തന്നെ ചെയ്യും. എന്നാൽ അതു നമ്മിലേക്കെത്തുന്നതുവരെ നിർജ്ജീവമാണ്‌ നമ്മൾ; നിസ്സഹായരും. ഇടവഴിയിലെ കല്ലുകൾ എന്നപോലെ.

മുൻപ് ഞാൻ സ്നേഹത്തെ അവിശ്വസിച്ചിരുന്നു:
സ്നേഹത്തിൽ തിരഞ്ഞെടുപ്പുകൾ വന്നുപോകാറുള്ളതുകൊണ്ട്;
വ്യാജമായ ചിലത്, അതുവരെ സ്നേഹത്തെക്കുറിച്ച് കരുതിവെച്ച വിശ്വാസത്തെ കരിച്ചുകളഞ്ഞ് ആത്മാവിനെ നിർജ്ജീവമാക്കിയിരുന്നത് കൊണ്ട്.

പ്രണയ നൈരാശ്യം ഒന്നുമായിരുന്നില്ല. പ്രണയം എന്നതിന് മുൻപേ എന്നിലെ കൗമാരക്കാരി ശ്രദ്ധിച്ച വാക്ക് നൈരാശ്യം എന്നതായത് കൊണ്ട്, മനഃപൂർവ്വം പ്രണയത്തിലേക്ക് എനിക്കുള്ള വഴികളെല്ലാം ഞാൻ അടച്ചിരുന്നു, ഏറെ ശ്വാസം മുട്ടലോടെ തന്നെ.

സ്നേഹഭംഗങ്ങൾക്ക്, നിരാകരണങ്ങൾക്ക്  മറ്റനേകം മുഖങ്ങൾ കൂടിയുണ്ട്. അത് അച്ഛനും മകൾക്കും ഇടയിലുണ്ടാകുന്ന അവിശ്വാസമോ അസംതൃപ്തിയോ കൊണ്ടാകാം. അമ്മയ്ക്ക് അകാരണമായി ഉണ്ടായ സങ്കടങ്ങളാകാം. കൂടപ്പിറപ്പുകൾക്ക് പ്രതീക്ഷകൾ തെറ്റിപ്പോകുന്നതാകാം. കൂട്ടുകാർക്കിടയിലാകാം. സൗഹൃദങ്ങൾക്കിടയിലകപ്പെടുന്ന ഉടലുകൾ നിസ്സഹകരിയ്ക്കുന്നത് കൊണ്ടാകാം. നിർവചനങ്ങൾ മാറിപ്പോകുന്നത് കൊണ്ടാകാം. അപ്രതീക്ഷിതമായ ഒരു വാക്കോ വിരലോ കൊണ്ട് നൊന്ത് പോയത് കൊണ്ടാകാം.

അങ്ങനെ മരിച്ചുപോയവർ പലരുമുണ്ട്.
കർശനമായ ചിട്ടവട്ടങ്ങൾക്കിടയിൽ,
നിർദ്ദേശങ്ങൾ മാത്രം തരാനറിയുന്നവർക്കിടയിൽ,
അനുസരണാശീലം മാത്രം ആഗ്രഹിക്കുന്നവരുടെ ഇടയിൽ
അവരെത്തുന്നു.
കല്ലുപോലെ പരുപരുത്തുപോകുന്നു അവരുടെ ശീലങ്ങൾ.
നിർജ്ജീവമാകുന്നു ജൈവമാകേണ്ടതെല്ലാം.
ജീവിതമെന്ന് അടയാളപ്പെടുത്താൻ പോലുമാകാതെ പോകുന്ന കാലം."

ഇത്രയും മുൻപേ എഴുതിയതാണ്.
ഈ അടുത്തിടെ കൂട്ടുകാരികളിലൊരാളുടെ സങ്കടങ്ങളിൽ ഒന്ന്, നിർവ്വികാരതകളിൽ ഒന്ന്  പറഞ്ഞു പോകുമ്പോൾ പെട്ടന്ന് എന്റെ മനസ്സിലേക്ക്  'അഹല്യയെ അണിഞ്ഞ സ്ത്രീ ' എന്ന വാചകം വന്നു വീണു. ആരിലാണ് ഒരു അഹല്യ ഇല്ലാത്തത് എന്ന ചോദ്യവും.

ഒരു ഉദയം വരെ അവൾ ഉടലണിഞ്ഞ പെണ്ണ്. അതിൽ പിന്നേ എത്രയോ വർഷങ്ങൾ അവളവർക്ക് ഉപയോഗശൂന്യമായ് ഉപേക്ഷിക്കാൻ പാകപ്പെട്ട വെറുമൊരു പാറക്കല്ല്.

ആ ഉദയം വരെ അവൾ സ്നേഹിക്കപ്പെട്ടിരുന്നു.
അവളെ മോഹിയ്ക്കാൻ അപ്സരസുകളുടെ ലോകത്തുനിന്ന്‌ പോലും ഒരാളുണ്ടായിരുന്നു. നിഷ്ഠകളുടെ, നിയമങ്ങളുടെ, നിയന്ത്രണങ്ങളുടെ തപോവനത്തിനുമപ്പുറം അവൾക്ക് പ്രിയങ്കരമായ സ്വപ്നങ്ങളുടെ ഇന്ദ്രലോകം. അതിൽ അയാൾ ദേവേന്ദ്രനായിരുന്നു. അവൾ കാമനകളുടെ ഉടൽ രൂപവും.

അവളുടെ മനസ്സിൽ നിറയുന്ന മയിലെള്ളിന്റെ പൂങ്കുലകൾ ഒരു വണ്ടിനെ കാത്തിരിയ്ക്കുന്നുണ്ട്. ചുവന്നു പോകുന്ന ആ പൂക്കാലത്തിൽ അവൾ ചെന്തളിരുകളുടെ തീജ്ജ്വാലകൾ ചൂടാറുണ്ട്. പരുപരുത്ത പാറക്കെട്ടുകളിൽ അവൾ പടർന്നു കയറുന്ന പച്ചയാകാറുണ്ട്. ഉറച്ച മരക്കൊമ്പുകളിൽ ചുറ്റിപ്പിണയുന്ന വള്ളിപ്പടർപ്പ് അവളാണ്.

അവളിൽ ചിലയ്ക്കുന്ന നീർകോഴികൾ. നത്തുകളുടെ ആരവങ്ങൾ. അവളിലാകെ ആകെയുലഞ്ഞ വെൺ പട്ടുപോലെ ആറ്റുദർഭകൾ, അവളിലെ താഴ്വാരങ്ങളിൽ കാശപ്പൂക്കളുടെ  ആവരണങ്ങൾ, അതിനിടയിലെല്ലാം അരയന്നങ്ങളുടെ മൃദുചലനങ്ങൾ, കോകപക്ഷികളുടെ കൂക്കലുകൾ. അവളെ അണിയുന്ന പിലാശിൻതുമ്പുകളിൽ വീണ് മുരളുന്ന വണ്ടുകൾ. ഇന്ദീവരങ്ങളിൽ ഉയർന്ന്, പൂത്ത കണിവീരത്തിന്റെ ചില്ലകളുലച്ച് അവളുടെ ഉള്ളിൽ കുടിയേറുന്ന പ്രണയത്തിന്റെ ശ്വാസം.

അവളിലെ പെൺ മയിലിന് ഓടിയണയാനൊരു ആൺമയിൽ പീലി നിവർത്തേണ്ടതുണ്ട്. മദിച്ചു ക്രീഡിക്കേണ്ടതുണ്ട് അവളിലൊരു ഒറ്റക്കൊമ്പന്. അതിനായിരുന്നു അന്ന് സൂര്യനുറങ്ങിയത്. കാമദേവശരവർഷപ്രഹരം നിറഞ്ഞ നിഴലുകൾ വിരിച്ച കുടിലിലേക്കത്രയും മോഹത്തോടെ അവൾക്ക് സ്വീകരിയ്ക്കാൻ അയാൾ വന്നത്. 

ആളറിയാതെയല്ല ഒന്നും. 
കാരണമതിലൊരു തപസ്വിയുടെ സങ്കോചത്തിന്റെ തണുപ്പ് പടരുന്നില്ല. ശാന്തതയുടെ ദർഭ വിരിച്ച മരവിപ്പില്ല, പകരം അവസാനിക്കാത്ത ഇടിമിന്നലുകൾ, കമ്പനങ്ങൾ, തീപ്പൊരികൾ.
സ്‌നേഹം എന്നാൽ അവൾക്ക് മാംസം ബാഷ്പീകരിച്ചു കളയാനുള്ള നാമജപങ്ങൾ അല്ല. ഉടലുകൾ പങ്കിടുന്ന ഊഷ്മാവിലാണ് അവളിലെ മുക്തിയുടെ ഹോമകുണ്ഡങ്ങൾ ജ്വലിയ്ക്കുന്നത്.

ഉണർന്നപ്പോൾ ഉള്ളം ഉദയസൂര്യനോളം ചുവപ്പ്. 
യാത്ര പറയുമ്പോൾ നല്ല വാക്കുകൾ, നിറഞ്ഞ ലാളിക്കലുകൾ, അഹല്യയിലെ പെണ്ണിന് അതിലുമേറേ അഭിനന്ദങ്ങൾ. ഗൗതമൻ വന്നുകയറിയപ്പോൾ ദേവദേവന്റെ  ആ വാക്കുകളെല്ലാം  മാറിമറഞ്ഞു. എത്ര പെട്ടന്ന്! എത്ര എളുപ്പത്തിൽ! എത്ര വേഗമാണ് അവർ രണ്ട് പേരായത്. അയാളൊരു സുരനായകനും അവളൊരു ദുർവൃത്തയായ പെണ്ണും.  

അയാൾക്ക് അവളുടെ ഉടൽ   " മഹാനുഭാവനായ ഗൗതമന്റെ തപസ്സ് മുടക്കുക എന്ന ദേവകാര്യത്തിനുള്ള " ഒരു മാർഗ്ഗം മാത്രം. ബ്രഹ്മർഷിയുടെ ശാപമാവില്ല, അവളുടെ മുന്നിലെ ആ മലക്കം മറിച്ചലാണയാളെ വൃഷണ വിഹീനനാകുന്നത്! 

അവൾക്കോ, ആഘോഷങ്ങൾ അവസാനിച്ച അവൾക്കോ! ബാക്കിയാകുന്നത് ആത്മനിന്ദയാണ് ! സ്നേഹം അർഹിക്കാത്ത ഒരുവനുമായ് പങ്കിട്ടതെല്ലാം ഭസ്മമായ് പോകണമേ എന്ന പ്രാർത്ഥന മാത്രം. 

ഒന്നും അറിയേണ്ടതില്ല ഇനി അവൾക്ക്, ഋതുഭേദങ്ങൾ അണിയേണ്ടതില്ല. ആരും അവളെ കാണുന്നില്ല, അവളും ആരെയും അറിയുന്നില്ല. വർഷവും വസന്തവും വേനലും സമം. പ്രാണനും മരണവും സമം. കല്ലുപോലെ പരുപരുത്തുപോകുന്നു. ജീവിതമെന്ന് അടയാളപ്പെടുത്താൻ പോലുമാകാതെ പോകുന്ന കാലം. ശിലയാകുന്നു ജൈവമാകേണ്ടതെല്ലാം.

ഒരു സ്ത്രീ സ്വയം നിർജ്ജീവാവസ്ഥ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ അവളിൽ ഒന്നും ബാക്കിയാകുന്നില്ല. അതേ ഇടവഴിയിലെ കല്ല്. കാലം ചെല്ലുന്തോറും ദ്രവിച്ചു മണ്ണോട് ചേരാം. അത്രതന്നെ.

"അതിന് മുൻപ്, "
ഞാൻ സോളമനോട് പറഞ്ഞു:
" ജീവിതത്തെ അത്ര പ്രിയത്തോടെ ചേർത്തു പിടിച്ചവരിലേക്ക് ആ അതിഥി എത്തും. അഹല്യയ്ക്ക് കൗശികനോടൊത്ത രാമലക്ഷ്മണന്മാരായിരുന്നു എങ്കിൽ എനിക്ക് നീ. അവൾക്ക് മിഥിലാപുരിയ്ക്ക് അരികിലുണ്ടായിരുന്ന ആശ്രമമായിരുന്നു എങ്കിൽ എനിക്ക് നിന്റെ  മൈസൂരിലെ മുന്തിരിപ്പാടങ്ങൾ. "

"അപ്പോൾ നിന്റെ കൂട്ടുകാരിയ്‌ക്കോ അഹല്യയെ അണിഞ്ഞ എന്ന നീ നേരത്തെ പറഞ്ഞ നിന്റെ കൂട്ടുകാരിയ്‌ക്കോ ?" 
അവൻ എന്നോട് ചോദിച്ചു.

"അറിയില്ല, അതോരോരുത്തരുടെ ഭാഗ്യം പോലെയിരിക്കും. "
ഞാൻ സമ്മതിച്ചു.

" ആ.. അത് ശരിയാ.."
അവൻ പറഞ്ഞു:
"ഭർത്താവില്ലാത്ത നേരത്ത് കാമുകന്റെ കൂടെ രമിച്ച അഹല്യയെ അതിഥിയായ് ചെന്ന് കണ്ട്, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന അതേ രാമനാണ് ബാലകാണ്ഡത്തിൽ നിന്ന് ഉത്തരകാണ്ഡത്തിലേക്ക് വളർന്നപ്പോഴേയ്ക്കും ലോകാപവാദഭീരുവായ് ഭാര്യയെ കനകപ്രതിമയാക്കിയത്.
ആണുങ്ങൾ സ്വന്തം വീട്ടിലെത്തുമ്പോൾ അങ്ങനെയാണ്: ഒന്നുങ്കിൽ കല്ല്, അല്ലെങ്കിൽ കനകപ്രതിമ. അതിലേതെങ്കിലും ഒന്നിനേയേ അവർക്ക് വേണ്ടു."


"അതുകൊണ്ടല്ലേ, മണ്ണാറത്തൊടിയിൽ നിന്നിറങ്ങി നേരെ ഈ മുന്തിപ്പാടത്തേക്ക് ഞാൻ പോന്നത്!"
ഞാൻ ചിരിച്ചു.

മനസ്സിൽ ഞാനാ സംഭാഷണം ഓർത്തു:

'വരുന്ന വഴിയ്ക്ക് വെറുതെ ആലോചിച്ചു. ഇത്തവണ അന്നത്തെപ്പോലെ ക്ലാരയെ ഞാൻ കെട്ടട്ടേ എന്നൊരു ചോദ്യം വന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന്...................  
പക്ഷേ എനിക്ക് തന്നെ തോന്നി ആ ചോദ്യം ഇനി വരില്ല എന്ന്.'

' വന്നിരുന്നെങ്കിൽ? '

' ..........വന്നില്ലല്ലോ......'

No comments:

Post a Comment