Thursday, November 22, 2018

അച്ഛവീട്

ഞാൻ അച്ഛൻ ഇല്ലാത്ത കുട്ടിയൊന്നും അല്ല!
- അവരുടെ അടുത്ത് കിടന്നുകൊണ്ട് അവൻ ആലോചിച്ചു: 
അച്ഛൻ ഉപേക്ഷിച്ചു പോയതാണ് എന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും കൂടി, അവന് അപമാനമോ അരക്ഷിതത്വമോ തോന്നിയിട്ടില്ല. അങ്ങനെ അവന് തോന്നുന്നുണ്ടെങ്കിൽ അത് അവന്റെ അമ്മയെ അപമാനിയ്ക്കുന്നതിന് തുല്യമാണ്. അമ്മയുടെ അപാരമായ ആത്‌മവിശ്വാസത്തെ, നിറഞ്ഞ സ്നേഹത്തെ തള്ളിപ്പറയുന്നതിന് തുല്യം.

അവൻ രാത്രികളിൽ അമ്മയുടെ ഒപ്പമല്ല കിടക്കാറുള്ളത്. 
എന്നിട്ടും അവരുടെ കൂടെ കിടന്നപ്പോൾ അവന് അമ്മയെ കാണണമെന്ന് തോന്നിക്കൊണ്ടിരുന്നു.

പുറത്ത് മഴപെയ്യുന്നുണ്ട്.
അമ്മയ്ക്ക് മഴ ഇഷ്ടമാണ്.

ഓരോ മിന്നൽ പിണരിലും തെളിഞ്ഞു കിട്ടിയ വെളിച്ചത്തിൽ കണ്ണ് തുറന്ന് അവൻ അവരെ നോക്കിക്കൊണ്ടിരുന്നു.
അവന്റെ അമ്മ ഇതുപോലെയല്ല, ഇത്ര അശക്തയല്ല.
ഉപേക്ഷിച്ചു പൊയ്ക്കളയേണ്ടതായി ഒന്നും അമ്മയിലില്ലെന്ന് കുട്ടിയ്ക്ക് ഉറപ്പുണ്ട്. അത് ലോകത്തെക്കൂടി ബോധിപ്പിയ്ക്കണം. അതൊരു ആഗ്രഹമാണ്. അങ്ങനെ ഒരു ആഗ്രഹമുള്ളത് കൊണ്ടല്ല, ആ ലക്ഷ്യമില്ലെങ്കിലും കൂടി സന്തോഷമായ് കഴിയാനുള്ള ഒരിടം അമ്മ അവന് നൽകുന്നുണ്ട്. എല്ലാവരുമായും പങ്കിടാനുള്ള അത്രയും സ്നേഹവും ഊർജ്ജവും അവന്റെ അമ്മയിലുണ്ട്.

കുട്ടിയും അമ്മയും വന്ന് കയറുന്ന നേരം അയാൾ ആ വീട്ടിലുണ്ടായിരുന്നില്ല. അയാളുടെ ഭാര്യ അവരെ സ്വീകരിച്ചിരുത്തി. സംസാരിച്ചു. അവർക്ക് വേണ്ടി ഒരുക്കിവെച്ച മുറി കാണിച്ചു കൊടുത്തു. സൗകര്യങ്ങൾ മതിയോ എന്ന് അന്വേഷിച്ചു.
കുട്ടി അവരെ വളരെ കൗതുകത്തോടെ നിരീക്ഷിച്ചു. അവർ വളരെ പതുക്കെ മാത്രം നടക്കുന്നത്, ഭാരം കുറഞ്ഞ വസ്തുക്കൾ മാത്രം കയ്യിലെടുക്കുന്നത്. സാവധാനത്തിൽ മാത്രം സംസാരിയ്ക്കുന്നത്.

' നീ വല്ലാതെ ബഹളം വയ്ക്കരുത്. അവർക്ക് സുഖമില്ലാത്തതാണ്.'
- അവന്റെ അമ്മ അവനോട് പറഞ്ഞിരുന്നു.

എത്ര കാലമായ് അവൾ വന്നിട്ട്?
വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയേ അയാൾ ഓർത്ത് നോക്കി.
അയാളുടെ വിവാഹം കഴിഞ്ഞിട്ട് അത്രയും വർഷങ്ങൾ.
അവളുടെ മകൻ ജനിച്ചിട്ട് അത്രയും വർഷങ്ങൾ.
അവനിപ്പോൾ പന്ത്രണ്ട് വയസ്സായിക്കാണും.

അയാൾ വീട്ടിലെത്തുമ്പോൾ കുട്ടി അയാളുടെ പുസ്തകയലമാര പരിശോധിയ്ക്കുകയായിരുന്നു. പ്രത്യേകിച്ച് ഒരു ക്രമവുമില്ലാതെ എടുത്ത് വെച്ച പുസ്തകങ്ങൾ. കുട്ടി ആലോചിച്ചു: അവന്റെ അമ്മ പുസ്തകങ്ങൾ അടുക്കിവയ്ക്കുന്നതിൽ ഓരോ തവണയും ഒരോ ക്രമം ഉണ്ടായിരിക്കും. ഒന്നുങ്കിൽ വിഷയങ്ങളുടെ, അല്ലെങ്കിൽ പുസ്തകങ്ങളുടെ വലുപ്പത്തിന്റെ, ആരെഴുതി എന്നതിനനുസരിച്ച് അതുമല്ലെങ്കിൽ പുറംചട്ടയിലെ നിറങ്ങൾ ഒരു പ്രത്യേകചേർച്ചയിൽ വരുന്ന രീതിയിൽ വളരെ ഭംഗിയായി. ആ അടുക്കിപ്പെറുക്കലിനിടയിലാണ് വീണ്ടും വായിക്കാനുള്ള പുസ്തകങ്ങൾ ഓരോ തവണയും അമ്മ തിരഞ്ഞെടുക്കാറുള്ളത്.

അവൾ അങ്ങനെയാണ്.
അയാൾ ഓർത്തു.
'വീടിനുള്ളിൽ അടുക്കും ചിട്ടയും വേണം.'
അവൾ പറയാറുണ്ട്:
'ജീവിതത്തിൽ നിറയെ സ്‌പേസ് വേണം, ആവശ്യത്തിന് സമയവും. ഇത് രണ്ടുമാണ് പ്രിയപ്പെട്ടവർക്കിടയിൽ പങ്കിടേണ്ടത്.
വാക്കുകൾക്കിടയിലും അത് വേണം. നിശ്ശബ്ദതയാണെന്ന് തോന്നും. എന്നാൽ സംഭാഷണങ്ങൾക്കിടയിൽ മൗനം നിറയുന്ന നേരമത്രയും ആ രണ്ടുപേരും തൊട്ടടുത്തിരിയ്ക്കുന്നുണ്ട്, അത്ര ഭംഗിയായി ഓർമ്മയിലേക്കവ എഴുതിയെടുക്കാൻ.'

അയാളുടെ ആ പുസ്തകയലമാര പുതിയതാണ്. 
അവൾ വരാറുണ്ടായിരുന്ന കാലത്ത് വീട്ടിൽ ഒരു അലമാര പോലും ഉണ്ടായിരുന്നില്ല. മേശപ്പുറത്ത്, കിടക്കയിൽ, കസേരകളിൽ, നിലത്ത് എന്നിങ്ങനെ ചിതറിക്കിടക്കുകയിരുന്നു പുസ്തകങ്ങളെല്ലാം.

'ഞാൻ നിലത്ത് ഒരു പിരമിഡ് പോലെ ഇതെല്ലാം എടുത്ത് വയ്ക്കട്ടെ?'
അന്ന് അവൾ ചോദിച്ചു.
'എന്തിന്! ഇനിയൊരിയ്ക്കലും വായിക്കേണ്ട ?!'
'ഞാനിവിടെയുള്ള ഈ നാലഞ്ചു ദിവസം ഇനി നീ പുസ്തകം വായിക്കാനിരിക്കില്ലല്ലോ!'
'നാലഞ്ച് ദിവസത്തേക്ക് ഒരു പിരമിഡ് ഉണ്ടാക്കണോ? അത്രയും സമയം നമുക്ക് ചെയ്യാൻ മറ്റ്‌ പലതുമില്ലേ?!'

'മറ്റ് പലതും ഇല്ല.'
അവൾ ചിരിയോടെ ഓർത്തു:
'നിനക്കിഷ്ടമുള്ള ഒരേയൊരു കാര്യം.'

അയാൾ കുട്ടിയെ നോക്കിയിരുന്നു. അവളെക്കുറിച്ചല്ലാതെ അവനെക്കുറിച്ച് ഒരിയ്ക്കലും അയാൾ ഓർത്തിട്ടില്ല, ഇന്നുവരെ. എന്നിട്ടും ..

അവൾ ഉറക്കെ പറഞ്ഞു:
"ഞാൻ നമ്മുടെ ആ പഴയ ബുക്ക്സ്റ്റാളിൽ പോയിരുന്നു.  ഇവന് കുറച്ചു പുസ്തകങ്ങൾ വാങ്ങിയ്ക്കാൻ. പഴയത് പോലെ തന്നെ, അതിനടുത്തുള്ള ലബോറട്ടറിയാണ് പുതുക്കിപ്പണിഞ്ഞത്. അവർ അതിന് മുകളിലൊരു പോളിക്ളിനിക്കും തുടങ്ങിയിരിക്കുന്നു. കുറേക്കാലത്തിന് ശേഷം ഇപ്പോഴാണ് പുതിയ പുസ്തകങ്ങൾ വാങ്ങിച്ചത്. എന്തൊരു വിലയാണ്! കെട്ടിടങ്ങളും ഭൂമിയും വാങ്ങാൻ കഴിവുള്ളവരാണ് പുസ്തങ്ങളും വാങ്ങാൻ വരുന്നത് എന്ന് അത് വിൽക്കുന്നവർ ധരിച്ചു വെച്ചിരിയ്ക്കുന്നുണ്ടോ ന്തോ !"

അയാൾ പറഞ്ഞു:
"ഈയ്യിടെയായ് ഞാനും പുതുതായി ഒന്നും വാങ്ങിക്കാറില്ല.. വായനയും കുറവ്."

'മേൽവിലാസം മാറിയിട്ടുണ്ടാവില്ലെന്ന് ഉറപ്പ്, അടുത്താഴ്‌ച്ച ഞങ്ങൾ വരുന്നു. ' -അത്രമാത്രമായിരുന്നു വരുന്നെന്നറിയിച്ച് അവളയച്ച സന്ദേശം.
ബാക്കിയെല്ലാം അയാൾ സ്വയം മനസ്സിലാക്കുകയായിരുന്നു.
അതിഥിയല്ലാത്ത അവളുടെ ഇഷ്ടങ്ങൾ എന്തൊക്കെയെന്ന് മുറി ഒരുക്കിവയ്ക്കുന്നതിനിടയിൽ അയാൾ ഭാര്യയോട് പറഞ്ഞു. ആ കഥകൾ അവസാനിച്ചത് ' അവരുടെ മകനെ നമ്മുടെ അമ്പലത്തിലൊന്ന് തൊഴീക്കണം' എന്ന വാചകത്തിലാണ്.
സ്നേഹബന്ധങ്ങൾക്കിടയിൽ അവിശ്വസിയ്ക്കേണ്ടതില്ലാത്ത ഇടനിലക്കാരായ് ദൈവങ്ങൾ എത്രപെട്ടന്നാണ് മാറുന്നത് എന്ന് അയാളുടെ ഉള്ളിൽ അവളിരുന്ന് ആ നേരം പൊട്ടിപ്പൊട്ടിച്ചിരിച്ചു.
അവൾക്ക് മാത്രം കഴിയുന്ന ആ ചിരി.

"ഇനി നാളെ അമ്പലത്തിലൊന്നും പോകാൻ കഴിയില്ല. ഹർത്താലല്ലേ? ഈ ബഹളമൊക്കെ ഒന്ന് കഴിഞ്ഞ് പിന്നെ എപ്പോഴെങ്കിലും പോയാൽ പോരെ ?"
കുട്ടിയെ ചേർത്ത് പിടിച്ച് അയാളുടെ ഭാര്യ ചോദിച്ചു.
അവൾ പറഞ്ഞു:
"പോണം. ട്രെയിനുണ്ടാവുമല്ലോ .. അവിടെ എത്തുമ്പോഴേയ്ക്കും എന്തെങ്കിലും വണ്ടി കിട്ടാതിരിക്കില്ല."
"പോവണ്ട, ദൈവത്തിന് വേണ്ടിയുള്ള സമരല്ലേ.. മനുഷ്യരെന്താണതിൽ കാട്ടിക്കൂട്ടുക എന്നറിയില്ല.. പോവണ്ട."
കുട്ടിയെ കൂടുതൽ തന്നോട് ചേർത്ത് അവർ പറഞ്ഞു:
"വാർത്ത കാണണോ? ടിവി ഓൺ ചെയ്യട്ടേ?"


"യ്യോ! വേണ്ട!!"
അയാളും അവളും ഒന്നിച്ചാണ് മറുപടി പറഞ്ഞത്:
"സമാധാനത്തോടെ പിന്നെ ഇരിയ്ക്കാൻ കഴിയില്ല."

"ഇതിത്രയും വഷളാക്കിയത് ടിവിക്കാരും രാഷ്ട്രീയക്കാരും കൂടിയാണ്.. ഒരാൾ കോണിയുടെ പടികളുണ്ടാക്കുമ്പോൾ മറ്റേയാൾ അതിന് കൈവരി ചേർത്ത് വയ്ക്കുന്നു എന്ന് മാത്രം "

"അവർക്കിത് ഉപജീവനമാർഗ്ഗമായിരിക്കും.. അന്നത്തിന്റെ വഴി. എന്നാലും പലഹാരം ചുടാൻ സ്വന്തം വീട് കത്തിയ്ക്കുന്നത് എന്തിനാണെന്നാണ്.. !"

"മതവിശ്വാസത്തെയോ വ്യക്തികളെയോ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിൽ വിഡ്ഡിത്തമെന്ന് നമുക്ക് തന്നെ ബോധ്യമുള്ള കാര്യങ്ങളെക്കുറിച്ച്  നമുക്ക് തന്നെ ആവർത്തിയ്ക്കേണ്ടിവരുന്നു.. എളുപ്പമാണ് പറയാനും കേട്ടിരിയ്ക്കാനും. എന്നാലും ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം എന്താണ് ബാക്കിയാകുന്നത്? "

"എന്നാലും നമ്മുടെ ആളുകൾ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചതേയില്ല."

"ആശയങ്ങളോ പദ്ധതികളോ ചർച്ച ചെയ്യപ്പെടുമ്പോൾ അത് സാധാരണക്കാരൻ ഇടപെടാൻ ഇടയില്ലാത്ത രാഷ്ട്രീയമായി തലമുറകളെ  പണ്ടേ  ചിട്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.."

"പലർക്കും ഇത് എതിർപക്ഷത്തുള്ളവരെ കൂടുതൽ തെറ്റുകാരനാക്കാനും പരിഹസിയ്ക്കാനുമുള്ള ഒരവസരം കൂടിയാണ്.. എനിയ്ക്ക് അതും ഒരേ മരപ്പണിയായിത്തന്നെ തോന്നുന്നു, നാടിന്റെ ശവപ്പെട്ടിയുണ്ടാക്കാനുള്ള..."

"സംയമനം എന്നൊരു വാക്കുണ്ട്, വിവേകമുള്ളവർക്കേ അതിന്റെ ഉപയോഗം എവിടെയാണെന്നറിയൂ."

"വ്യക്തി ആരാധന അവസാനിക്കാത്ത ഒരു ദുരാചാരമാണ്. എന്റേത് മാത്രം ശരി എന്ന ചിന്ത കടുത്ത അന്ധവിശ്വാസവും."

"എന്തൊക്കെ പുരോഗമനം പറഞ്ഞാലും ഭൂരിപക്ഷത്തിന്റെയും ഉള്ളിന്റെയുള്ളിൽ ഇതുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്.. 'നീ വിസര്ജിയ്ക്കുന്നില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ' എന്നൊരു സങ്കോചം മാത്രമായിരുന്നു ഇതുവരെ, ഇപ്പോഴെല്ലാരും എല്ലാവരും കാണെത്തന്നെ വിസര്ജിയ്ക്കാൻ തുടങ്ങിയിരിക്കുന്നു."

"അതെ, ഒരു ജാള്യതയുമില്ലാതെ അത് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോഡക്ട് അതിന്റെ കൃത്യ സമയത്ത് വേണ്ടപ്പെട്ടവർ വിപണിയിൽ ഇറക്കിയിട്ടുമുണ്ടല്ലോ."

"കൃത്യമായ ഒരു പ്ലോട്ടാണ്.. അതിൽ ചെന്ന് വീണ് കൊടുത്തിട്ടുണ്ടെന്ന് സത്യം."

"ഇനി വീണവർ എഴുന്നേൽക്കുന്നതിന് മുൻപ് ആരെയൊക്ക വീഴ്ത്തുമെന്നാണ് കാണേണ്ടത്."

"എന്തിനും ആളുണ്ട്, അതാണ് കാര്യം!"

"തീർത്തും അപ്രധാനമെന്ന്  അവഗണിയ്ക്കേണ്ടിയിരുന്ന ചില വിഷയങ്ങളെ അമിതപ്രാധാന്യം കൊടുത്ത് നാം സ്വീകരിച്ചതിന്റെ ഫലം കൂടിയാണ്.. അത് മറക്കരുത്.""വാ മോനൂ... ഇങ്ങനെയൊക്കെ സംസാരിയ്ക്കണമെങ്കിൽ ഏട്ടന് നിന്റെ അമ്മയെപ്പോലെ ആരെങ്കിലും വേണം.  "
അയാളുടെ ഭാര്യ കുട്ടിയെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു:
"എനിക്കാണെങ്കിൽ ഇതൊക്കെ കേൾക്കുമ്പോ തലകറങ്ങും.. ഒരു കാര്യം പറയാ.. നാളെ ആരും എവിടേയ്ക്കും പോകുന്നില്ല .. മോനൂ വാ.. നമുക്ക് അടുക്കളയിൽ പോയി ക്യാരറ്റ് ഹൽവയുണ്ടാക്കാം."

അയാൾ ചിരിച്ചു:
"നമ്മുടെ ആളുകൾക്ക് ത്രേ ള്ളൂ.. ഹർത്താൽ അവർക്ക് എവിടെയും പോകാതെ വേണ്ടപ്പെട്ടവരുടെ കൂടെ വീട്ടിലിരിയ്ക്കാനുള്ള ഒരു അവധിദിവസം,  ഇടയ്ക്കിടയ്ക്ക് ക്യാരറ്റ് ഹൽവയുണ്ടാനുള്ള ഒരു സാധ്യത."

അവൾ പറഞ്ഞു :
"നിന്റെ നാവ് മാറിയിട്ടില്ല."

"പിന്നെ എന്താ മാറിയത്? "

"കാഴ്ച്ചയ്ക്ക് നീ ആകെ മാറിപ്പോയില്ലേ?"

അയാളിൽ അന്ന് നീട്ടി വളർത്തിയ തലമുടിയോ സമൃദ്ധമായ താടിരോമങ്ങളോ ഉണ്ടായിരുന്നില്ല. അവളെ ഒരിയ്ക്കലും വിശ്രമിയ്ക്കാൻ അനുവദിക്കാതിരുന്ന അയാളിലെ വനാന്തരങ്ങൾ. ആ കാട്ടിലൂടെ, അതിന്റെ ഓരോ കോണിലൂടെയും നൃത്തം ചവുട്ടികടന്നു പോകാറുള്ള ഒരുവൾ, ഒരു നദിക്കപ്പുറം നിന്ന് അപരിചിതയെപ്പോലെ കണ്ട് മടങ്ങുന്നത് വേണ്ട എന്ന് കരുതിയാവണം അയാൾ അതെല്ലാം അവൾ വരുന്ന ദിവസത്തേയ്ക്ക് ഉപേക്ഷിച്ചു കളഞ്ഞത്.

ഭക്ഷണം വിളമ്പിയിട്ടുണ്ടെന്ന് ഭാര്യ അന്നേരം അവരെ ഓർമ്മിപ്പിച്ചു. കുട്ടിയും അവരും ചേർന്നാണ് എല്ലാവർക്കുമുള്ള പാത്രങ്ങൾ നിർത്തിവെച്ചത്.

"അവന് ഈ വീട് നല്ല പരിചയമുള്ളത് പോലെ." 
ഭാര്യ അന്നേരം വാത്സല്യത്തോടെ പറഞ്ഞു.
അവൾ ചിരിയോടെയും അയാൾ നിറവോടെയും അത് ശരിയെന്ന് സമ്മതിച്ചു.

ഭക്ഷണം കഴിഞ്ഞ് അവിടെയെല്ലാം വൃത്തിയാക്കാനും പാത്രങ്ങൾ കഴുകി വയ്ക്കാനും കുട്ടി അവരെ സഹായിച്ചു.

ആ നേരം അയാളും അവളും ഇരിപ്പുമുറിയിൽ ഒരു കോഫി ടേബിളിന് ഇരുപുറമിട്ട വലിയ കസേരകളിൽ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു. പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് അവർക്കിടയിൽ ഔപചാരികതയും അകലവും ഉണ്ടെന്ന് തോന്നാം. എന്നാൽ രണ്ടുപേരും ചേർന്നിരുന്ന സുഖകരമായ നിശബ്ദതയായിരുന്നു അത്.

എനിക്കറിയാവുന്നതല്ലേ നിന്റെ ഇഷ്ടങ്ങൾ!
അയാൾ മനസ്സിൽ പറഞ്ഞു.
അതാണിത്.. 
അവൾ മനസ്സ് കൊണ്ട് കേട്ടു.

ആ രാത്രിയിലേത് ഇടിവെട്ടി മിന്നൽ പിണരണിഞ്ഞ് പെയ്ത കനത്ത മഴയായിരുന്നു. എന്നെങ്കിലും അങ്ങനെയൊരു രാത്രിയിൽ ഒന്നിച്ചുറങ്ങണമെന്ന് അവരിരുവരും ആഗ്രഹിച്ചിരുന്നു. ഇരുപ്പു മുറിയിലിട്ട സോഫയിൽ കിടന്ന് അയാളും, മകനെ അയാളുടെ ഭാര്യയോടൊപ്പം ഉറങ്ങാൻ അനുവദിച്ച് കിടപ്പ് മുറിയിൽ ഒറ്റയ്ക്കിരുന്ന് അവളും ഒരേസമയം അതോർമ്മിച്ചു.

അവളുടെ മകൻ, അയാളുടെ ഭാര്യയോടൊപ്പം കിടക്കുന്ന മുറിയിലാണ് മുൻപ് അവൾ അവിടെ വരാറുള്ളപ്പോഴെല്ലാം അവർ ഒന്നിച്ചുറങ്ങാറുള്ളത്. ഒന്നിച്ചു കൂടിയ വേനൽക്കാലങ്ങളിൽ, വിയർത്ത് ഉറങ്ങാതെ കിടന്ന്, എന്നോ പെയ്യേണ്ടുന്ന മഴക്കാലത്തെക്കുറിച്ച് അവർ ഏറെപ്പറഞ്ഞിരുന്നു.

മിന്നൽ പുളയുന്ന, മഴ പെയ്യുന്ന, ഭൂമി മുഴുവൻ നനയുന്ന രാത്രികളിലൊന്നിൽ ഒരു വരണ്ട് വറ്റിയ നദി നിറഞ്ഞൊഴുകിത്തുടങ്ങുന്ന അത്രയും നേരമെടുത്ത്, അത്ര പതുക്കെ രണ്ടുപേർ രണ്ടുപേരല്ലാതെയാവുക. പണ്ട് പ്രാചീന കാലങ്ങളിലൊന്നിൽ ഏതോ ഗുഹകളിൽ നായാടികളായ് കഴിഞ്ഞിരുന്ന കാലത്തെന്നത് പോലെ തിരക്കില്ലാതെ.
മിന്നലിൽ തിളങ്ങി മുള പൊട്ടണം അന്നേരം പെണ്ണിന്റെയുള്ളിൽ ജീവന്റെ വിത്തുകൾ.

മുൻപ് ഒന്നിച്ചുണ്ടായിരുന്ന രാത്രികൾ ഒന്നും അങ്ങനെയായിരുന്നില്ല. എന്നിട്ട് ഇന്നതാ  ചുറ്റിലും കത്തിപ്പടരുന്ന പോലെ മിന്നൽ; മഴ കൊണ്ട് പൊതിഞ്ഞിട്ടും.

മിന്നലാണ്, ആഗ്രഹങ്ങൾ പോലെ ഇന്നും മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ലാത്തത്.
അതിലുണ്ട് പ്രാണന്റെ എല്ലാ പ്രാചീനതകളും ഊർജ്ജവും ബലഹീനതകളും.

രണ്ടുപേരും ഒരേ നേരം മനസ്സിലോർത്തു:
-നിന്നെക്കുറിച്ചാണ് എന്റെ ചിന്തകളും ഭാവനകളും. എന്നിട്ടും രണ്ട് ഗുഹകളിൽ എന്നവണ്ണം ഒളിച്ചിരുന്ന് നാം ഉറക്കം നടിക്കുന്നു. പുതപ്പ് വലിച്ചു മൂടി എല്ലാ കാഴ്ചകളേയും മറയ്ക്കുന്നു. എല്ലാം മറന്നുവെന്ന് ..

അന്ന് ഒന്നിച്ചുറങ്ങിയ അവസാനത്തെ രാത്രി രണ്ടുപേരുടെയും മനസ്സിൽ നിറഞ്ഞു:
ഒരു മനുഷ്യായുസ്സിലെ തീരെക്കുറച്ച് മണിക്കൂറുകൾ.
മിന്നലോ മഴയോ ഇല്ലാതെ.
നായാടികളല്ലാതെ.
മനസ്സിനെക്കുറിച്ചും
മനുഷ്യനെക്കുറിച്ചും 
അവൻ ഉപേക്ഷിച്ച വിപ്ലവങ്ങളെക്കുറിച്ചും വിഗ്രഹങ്ങളെക്കുറിച്ചും 
അവൻ മോഹിച്ച അഭയസ്ഥാനങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും 
അവൻ ചുമക്കുന്ന അസ്വാതന്ത്ര്യങ്ങളെക്കുറിച്ചും അതിരുകളെക്കുറിച്ചും 
അവനെ ഭരിയ്ക്കുന്നവരെക്കുറിച്ചും
അവനില്ലാതെ പോകുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചും ..
പറഞ്ഞു പറഞ്ഞ്...
വാക്കുകൾക്കും ഉടലുകൾ മുളച്ച ആ നിമിഷങ്ങളിലൊന്നിൽ!
രണ്ട് ജീവിതങ്ങളായ് പിരിഞ്ഞു പോകേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ട് കോശങ്ങൾ വിഭജിയ്ക്കുന്നത് പോലെ ...

അവർ പരിചയപ്പെടുന്നതിനും മുൻപേ നിശ്ചയിച്ച അയാളുടെ വിവാഹത്തിന് തലേന്നാളാണ് കുട്ടി തന്നിലേക്ക് വരുന്നുണ്ടെന്ന് അവളുറപ്പിച്ചത്.

അതിന് മുൻപിലത്തെ ആഴ്ച, അയാളോട് വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് അവൾ വിളിച്ചന്വേഷിച്ചിരുന്നു.

അയാൾ പറഞ്ഞു:
'നീയന്ന് പറഞ്ഞു വെച്ചത് പോലെ രണ്ട് പുസ്തക അലമാരകൾ വാങ്ങിച്ചിട്ടുണ്ട്, നീ കെട്ടിയ പിരമിഡ് പൊളിച്ച് അതെല്ലാം അടുക്കിപ്പെറുക്കി വയ്ക്കണം. എന്നിട്ടവിടെ നീല നിറത്തിലൊരു കാർപ്പെറ്റ്. നീ പറഞ്ഞ മുളചീന്ത് കൊണ്ടുള്ള ചവുട്ടി ഇവിടെയൊന്നും കിട്ടിയില്ല.  അടുക്കളയിലേക്ക് കുറച്ച് പാത്രങ്ങൾ കൂടി വാങ്ങിയിട്ടുണ്ട്. ഇസ്തിരിപ്പെട്ടിയും നിലം തുടയ്ക്കാനുള്ള മോപ്പും. അത്രയും പോരേ. ബാക്കിയെല്ലാം അവര് വന്നിട്ട് നോക്കി വാങ്ങിയ്ക്കട്ടെ.'

വിവാഹത്തലേന്ന് വിളിച്ചപ്പോൾ അവൾ ചോദിച്ചു:
'തിരക്കിലാണോ?'
'അല്ല.'
അയാൾ പറഞ്ഞു:
'വിവാഹം കഴിയ്ക്കാൻ എനിക്കെന്ത് തിരക്ക്.'

അവൾ പറഞ്ഞു:
'ഞാനിപ്പോൾ നമ്മൾ ആദ്യം കണ്ടുമുട്ടിയ ബുക്ക്സ്റ്റാളിലാണ്. അതിന് തൊട്ടപ്പുറത്തുള്ള ലബോറട്ടറിയിലാണ് ബ്ലഡ് സാമ്പിൾ കൊടുത്തത്. പ്രഗ്‌നൻസി ടെസ്റ്റ്. ഒരു പാതിയിലധികം പകൽ കാത്തു നിൽക്കണം, റിസർട്ടിന്. ഒരു കിറ്റ് കൊണ്ട് അവന്റേയോ അവളുടെയോ വരവ് ഉറപ്പിയ്ക്കുന്നതിനേക്കാൾ ഗാംഭീര്യമുണ്ട് ഈ കാത്തിരിപ്പിന്. '

' എന്താ ധൈര്യം പരീക്ഷിയ്ക്കുകയാണോ?'
അയാൾ ചോദിച്ചു.

'അല്ല; സ്നേഹം!'
അവൾ തിരുത്തി.
'അപ്രതീക്ഷിത അതിഥിയെക്കുറിച്ചുള്ള ആദ്യസൂചനകൾ അത്ര കിറുകൃത്യമാവേണ്ടെ!'

അയാൾ മനസ്സിലോർത്തു:
'അവനോ അവളോ.. ഏത് മേൽവിലാസത്തിൽ അതിനെ സ്വാഗതം ചെയ്യും?! ആരുടെ കുഞ്ഞായിട്ട്!?'

' നിന്റേത് കൂടിയാണെന്ന് എങ്ങനെ നിനക്ക് ഉറപ്പിയ്ക്കാൻ കഴിയും?'
അയാളുടെ വേവലാതികളിലേക്ക് ആ ചോദ്യമെറിഞ്ഞ് അവൾ ചിരിച്ചു.
അവൾക്ക് മാത്രം കഴിയുന്ന ചിരി.

'നമ്മൾ ഒന്നിച്ചുറങ്ങിയതിന് നാലു ദിവസം മുൻപ് ഞാനൊരു സ്വർണ്ണവാലുള്ള കുതിരയോടോപ്പവും രണ്ട് ദിവസം കഴിഞ്ഞ് നാല് കൊമ്പുള്ള ഒരാനയുടെ കൂടെയും ശയിച്ചിട്ടുണ്ട്. കുതിര അതിന്റെ സ്വർണ്ണ നിറമുള്ള രോമങ്ങളിൽ ഒന്നും ആന ഒരു വെളുത്ത ആമ്പൽപ്പൂവും എന്റെയുള്ളിൽ എടുത്ത് വച്ചിട്ടുണ്ട്. അതിൽ ആരുടെ കുഞ്ഞാണ് ഇതെന്ന് എങ്ങനെ ഉറപ്പിയ്ക്കും. കൂട്ടത്തിൽ ഏറ്റവും ദുർബലൻ നീയായിരുന്നത് കൊണ്ട് കുഞ്ഞ് നിന്റേതാകാൻ ഒട്ടും സാധ്യതയില്ല.'

ഭ്രാന്ത് പറയരുതെന്ന് അയാൾ അന്നേരം പറഞ്ഞില്ല. പകരം തികച്ചും സാധാരണമായ ഒരു സംഭാഷണം കേട്ടത് പോലെ അയാൾ വർത്തമാനം പറഞ്ഞവസാനിപ്പിച്ചു. അയാൾക്ക് അതിഥികൾ ഉണ്ടായിരുന്നു. അയാളുടെ ഒപ്പം ബന്ധുക്കളും.

റിസർട്ടിന് വേണ്ടി കാത്തിരിയ്ക്കാനുള്ള മണിക്കൂറുകൾ ആ ബുക്ക്സ്റ്റാളിനുള്ളിൽ ചിലവഴിയ്ക്കാമെന്ന് അവൾ ഉറച്ചു. 
അയാളെ ആദ്യം കണ്ടയിടം. പിന്നീട് പലപ്പോഴായി പറഞ്ഞുറപ്പിച്ചെത്തിയ ഇടം. അവിടം മുഴുവൻ പുസ്തകങ്ങളാണ്. പുസ്തകങ്ങളാണ് തന്നെ ഇങ്ങനെ ഒരസാധാരണ അവസ്ഥയിലെത്തിച്ചത്. പെറ്റു പെരുകാൻ ഒരു മയിൽ‌പീലി ആകാൻ പോവുകയാണവൾ. പുസ്തകത്തിന്റെ ഇരുട്ടിൽ അതിന് വേണ്ടി ഒളിച്ചിരിക്കാൻ ഒരുങ്ങുന്നവൾ. എപിറസിലെ ഒളിംപ്യസ് രാജ്ഞിയുടെ ഉറച്ച കാൽവെപ്പുകളോടെ അവൾ അവിടെയെല്ലാം ചുറ്റി നടന്നു. മഹാനായ അലക്‌സാണ്ടർ ഒരിയ്ക്കൽ കൂടി ഭൂമിയിലേക്ക് വരുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമാണിനി അറിയേണ്ടത്.

രണ്ട് പ്രിയപ്പെട്ട എഴുത്തുകാരുടെ പുതിയ കഥാപുസ്തകങ്ങൾ അവൾ അവിടെയിരുന്ന് തന്നെ വായിച്ചു തീർത്തു.
ഒരാളുടെ പുസ്തകത്തിൽ നിന്ന് ഒരു കഥ.  രണ്ടാമത്തെ ആളുടേതിൽ നിന്ന് അടുത്ത കഥ.
ഒരാളുടെ കഥകളിലേറെയും അവജ്ഞ- സ്നേഹത്തെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്.
മറ്റെയാളുടെതിൽ ഏറെയും അസംതൃപ്തി- സ്നേഹത്തെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്.

ഒരാൾ തകർന്നു പോകുന്ന ബന്ധങ്ങളെ ജയവും തോൽവിയുമായി അവതരിപ്പിയ്ക്കുന്നു. ആൾക്കൂട്ടത്തിൽ തനിയെ അധികാരഭാവത്തിൽ ഒറ്റയ്ക്ക് നടന്ന് പോകുന്നു.
ഒരാൾ സ്നേഹഭംഗങ്ങളെ നേരും നുണയുമായ് മാറ്റിക്കളയുന്നു. ഒറ്റയ്ക്കാവുന്ന ഇടങ്ങളിൽ ഒന്നുകഴിഞ്ഞടുത്തതെന്ന് അവസാനമില്ലാത്ത കാമനകളോടെ കാത്തിരിയ്ക്കുന്നു.

ആളുകൾ സ്വീകരിച്ചു കഴിഞ്ഞ കഥകളാണൊക്കെയും. അവരിലെ ജീവിതത്തെ അവ പ്രതിനിധീകരിയ്ക്കുന്നുണ്ടെന്ന് ആ സ്വീകാര്യത പ്രഖ്യാപിയ്ക്കുന്നുണ്ട്.

എന്ത്കൊണ്ടാണിങ്ങനെ? 
മനസ്സിൽ അവൾ അയാളോട് ചോദിച്ചു.

തങ്ങളിലേക്ക് വന്ന് ചേരുന്ന ഓരോ സ്നേഹബന്ധങ്ങളെയും ഇതല്ല, ഇതിനേക്കാൾ മികച്ച മറ്റൊന്ന് എന്ന് താരതമ്യപ്പെടുത്തി അവജ്ഞയോടെയും അസംതൃപ്തിയോടെയും ജയമോ പരാജയമോ ആക്കി മാറ്റുന്നതിനേക്കാൾ സൗഖ്യമുണ്ടാകും, വന്നു ചേരുന്ന സ്നേഹത്തിന്റെ ഓരോ നിമിഷങ്ങളെയും അതിന്റേതായ പൂർണ്ണതയോടെ സ്വീകരിച്ച് ശീലിച്ചു തുടങ്ങിയാൽ പിന്നെ. അതോരോന്നും കൂട്ടിക്കൂട്ടി വെച്ച് നമ്മൾ തന്നെ സ്നേഹമായ് മാറിപ്പോകുന്നു. അതിൽ ഓരോന്നിൽ നിന്നും സ്നേഹത്തെകുറിച്ചുള്ള ഏറ്റവും നല്ല കഥകളിലൊന്ന് നമ്മളിൽ ഒരാൾ പറയുന്നു. അത്തരം കഥകളുടെ, കേട്ടിരിയ്ക്കാൻ പ്രിയം തോന്നുന്ന കഥകളുടെ, തുടർച്ചയായി ജീവിതം മാറിപ്പോകുന്നു. എത്ര രസമായിരിക്കും അത്! നാം സ്നേഹിയ്ക്കാൻ പരിശീലിക്കുന്ന കുട്ടികളായി മാറിപ്പോകേണ്ടുന്ന കഥകൾ.

അതിനൊരു മനസ്സ് വേണം.
ദൂരെ ഒരിടത്തിരുന്ന് അയാൾ അവളോട് പറഞ്ഞു:
നിന്റെ പോലെയൊരു മനസ്സ്.

പോസറ്റീവ് പ്രഗ്നൻസി റിസർട്ടും ' ഇനി കുറച്ചു ദിവസത്തേയ്ക്ക് വിളിക്കണ്ട, കല്യാണത്തിന്റെ തിരക്കുകളല്ലേ, ഫോൺ ആരുടെ കയ്യിലായിരിക്കുമെന്ന് പറയാൻ കഴിയില്ല.' എന്ന അയാളുടെ സന്ദേശവും ഒരേ സമയമാണ് അവൾക്ക് കിട്ടിയത്.

അവളോട് അയാൾ പിന്നെ മിണ്ടുന്നത് ഇതാ ഇന്നാണ്. 

അയാൾ ഭാര്യയോട് അവളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ കഥ മാത്രമില്ല. ദുർബലമാണ് അവരുടെ ഹൃദയം. കുട്ടിക്കാലം മുതൽക്കേ അതയാൾക്കറിയാവുന്നതാണ്.

അയാളുടെ ഭാര്യ മിന്നലുകൾ പുളയുന്നത് നോക്കിക്കിടന്നു.
ഉറങ്ങാനുള്ള മരുന്ന് കഴിച്ചിട്ടുണ്ട്- എന്നിട്ടും ഉറക്കം വരുന്നില്ല.
കുട്ടി ഉറങ്ങിപ്പോയിരിക്കുന്നു.

അവർ ഓർത്തു;
അയാൾക്ക് കുട്ടികൾ ഉണ്ടാകാത്തത് കൊണ്ടാണ്. അല്ലെങ്കിൽ അവർക്ക് കിടത്തിയുറക്കാൻ അവന്റെ പ്രായത്തിൽ അല്ലെങ്കിൽ അവനെക്കാൾ ഇളയകുട്ടികൾ കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടാകേണ്ടതാണ്.

ഒരു കുഞ്ഞിനെ അടുത്ത് ചേർത്ത് കിടത്തി ഉറക്കാൻ കഴിയുന്നത് എത്ര സുഖമുള്ള ഒരു കാര്യമാണ്..

No comments:

Post a Comment