Monday, November 12, 2018

ജീവപര്യന്തം

കഴിഞ്ഞ ദിവസമാണ് വിനയ് മാസങ്ങൾക്ക് ശേഷം വീട്ടിൽ വന്നത്. 
അതിരാവിലെ. 
സർപ്രൈസ് ആണത്രേ  !

ഭാഗ്യത്തിന് ബ്രെക്ക് ഫാസ്റ്റ് ഉണ്ടാക്കിയിരുന്നു.

പല്ലുതേച്ചിട്ടില്ലാത്തവർക്കുള്ള പുട്ടും കടലയും കഴിയ്ക്കുന്നതിനിടയിൽ  അവൻ കെഞ്ചി:
-ഇന്നിനി പോണ്ട.
-പറ്റില്ല.. പറ്റില്ല. എന്തായാലും പോണം. ലാബ് എക്സാം ണ്ട്. മിസ്സിന് വയറുവേദന വന്ന് ഇന്ന് വരാതിരിയ്ക്കണേ എന്നൊക്കെ പിള്ളേര് കാണിക്കയിട്ട് പ്രാർത്ഥിച്ചിട്ടുണ്ടാകും. അതുകൊണ്ട് എന്തായാലും പോകണം.
-എന്നാൽ വൈകുന്നേരം നേരത്തെ വാ.. അതുവരെ ഞാൻ ഉറങ്ങാം. അതുവരെ മാത്രം.
-കടുത്ത പ്രയോഗമാണോ?
-വിധിപ്രകാരം മാത്രം.

എന്റെ വിധി! എന്ന് ഞാൻ ചിരിച്ചു.

തിരിച്ചെത്തുമ്പോൾ പ്രസാദിയ്ക്കാതിരിയ്കാൻ കഴിയാത്തവണ്ണം ഒരുക്കങ്ങൾ.
നിലാവിനെ വെയിലാക്കാനുള്ള ബ്രഷും കാൻവാസും വേറെയും. ഏറ്റവും അവസാനം ഒരിത്തിരി രാത്രി നിറം ബാക്കിവന്നത് വെളിച്ചമൊഴിച്ചു കഴുകിക്കളയുന്നു.

അപ്പോഴാണ് ഫോൺ ശബ്ദിച്ചത്.
അവനിൽ വേണ്ട എന്ന രോദനം. 
ഭാവാഭിനയമാണ്. മോശമില്ല. എന്ന് മാത്രമല്ല മെച്ചപ്പെട്ടിട്ടുമുണ്ട്.

-ഒരു മിനിറ്റ്.
ഞാൻ പറഞ്ഞു:
-നിനക്കറിയില്ലേ കൂടിപോയാൽ ഒരഞ്ചു മിനിട്ട്. അതിൽ കൂടുതൽ ആരോടെങ്കിലും ഞാൻ ഈ രാത്രി സംസാരിയ്ക്കുമെന്ന് ..

ഞാൻ ഒരു കള്ളം പറയുകയായിരുന്നു. അതുകൊണ്ടാണ് വലിയ വാചകത്തിൽ വിശദീകരിച്ചത്. അല്ലെങ്കിൽ പിന്നെ എനിയ്ക്ക് ഫോൺ എടുക്കാതിരുന്നാൽ പോരേ. ഫോണെടുക്കാതിരിയ്ക്കാൻ കഴിയില്ല. ചേച്ചിയാണ് വിളിയ്ക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വിളിച്ചപ്പോൾ  ഞാൻ വീട്ടിലെത്തിയാൽ ഉടനെ തിരിച്ചു വിളിയ്ക്കാമെന്ന് ഉറപ്പ് പറഞ്ഞതാണ്. ഡിപ്രഷൻ എന്ന വഴുവഴുക്കലുള്ള ഒരു പടവിൽ നിന്നാണ് ആ വിളി എന്നറിയാവുന്നത് കൊണ്ട് എടുക്കാതിരിയ്ക്കാൻ ഇനി കഴിയില്ല. സാധാരണ അമ്മയാണ് അവളെ ഈ അവസ്ഥയിൽ നിന്ന് തിരിച്ചു കൊണ്ടുവരാറുള്ളത്.  പലവട്ടം അതുണ്ടായിട്ടുണ്ട്. ഇത്തവണ അമ്മയെന്താണെന്നറിയില്ല, എനിക്കിതല്ലാതെ വേറെയും പണികളുണ്ടെന്ന മട്ടിലാണ്.

ഭർത്താവും കുട്ടികളും സ്വന്തം വീടും ഒക്കെയുണ്ടെങ്കിലും ചേച്ചി ഇപ്പോഴും ജീവിയ്ക്കുന്നത് ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ഒരു എക്സ്റ്റെൻഷനിലാണ്. അവൾ പറയും, മിക്ക ദിവസങ്ങളിലും അവൾ ഉണർന്നെഴുന്നേൽക്കുന്നത് ഞങ്ങളുടെ ആ പഴയ വീട്ടിലാണ് എന്ന തോന്നലോടെയാവുമത്രെ. ഞാനും അമ്മയും അവളും മാത്രമുള്ള ഒരു ഓർമ്മവീട്ടിൽ. എന്നിട്ട് അടുത്ത് കിടന്നുറങ്ങിയ ഞാനും അമ്മയും എവിടെപ്പോയെന്നോർത്ത് നിമിഷങ്ങളോളം തരിച്ചിരിയ്ക്കും. ചിലപ്പോൾ പുതപ്പിന് എന്റെ മണം തോന്നുമത്രെ. ഒരു കറി താളിച്ചിട്ടപ്പോഴേയ്ക്കും അമ്മയാണോ വെച്ചതെന്ന് മൂക്ക് വിടർത്തി നിൽക്കാൻ തോന്നും ചിലനേരങ്ങളിൽ പാവത്തിന്. ഒരുച്ചനേരത്ത് എഴുന്നേറ്റ് നോക്കുമ്പോൾ അതേ വാഴത്തോട്ടം, അതിനപ്പുറത്ത് അതേ കോഴിക്കൂട്. മുറ്റത്ത് തേങ്ങ പറിച്ചു കൂട്ടിയിട്ടിരിക്കുന്നതിന് മുകളിൽ പുസ്തകം വായിച്ചിരിപ്പുണ്ട് അതേ പെറ്റിക്കോട്ടിട്ട ഞാൻ. (പണ്ട് തേങ്ങ പറിച്ചു അത് കൊണ്ട് പോകാൻ ആളെത്തുന്നതുവരെ അതായിരുന്നു എന്റെ പ്രിയപ്പെട്ട ഇടം. എന്റെ കൈലാസവും തപസ്സും അവിടെയായിരുന്നു.) നോക്കുമ്പോൾ എന്തിന് മാർച്ചു മാസത്തിലെ അതേ കാറ്റ് പോലും. ആവർത്തിച്ചുള്ള അതേ ചൂട് കാറ്റ്.. നിർത്താതെ. നീ പരീക്ഷയ്ക്ക് പഠിയ്ക്കാതെ ഇവിടെയിരുന്ന്.. വഴക്കു പറയാൻ തുടങ്ങിയപ്പോഴേക്ക് എല്ലാം മാഞ്ഞു പോയത്രേ.

അതുകൊണ്ട് ഓരോ നേരത്തും ഞങ്ങളെന്ത് ചെയ്യുന്നു എന്നവൾക്കറിയണം. അതറിയാൻ ഫോൺ ചെയ്തു കൊണ്ടിരിയ്ക്കും. തിരക്കുകൾക്കിടയിലാണെങ്കിലും അവളോട് മിണ്ടിക്കൊണ്ടിരിക്കണം. എങ്ങനെയെങ്കിലുമൊക്കെ ഞങ്ങൾ അവളെ കാണാൻ ചെല്ലണം. വേറെ ഒരു കാര്യമുണ്ട്. ഞങ്ങളുടെ അടുത്തേയ്ക്ക് അവൾ വരുന്നത് വിരളം. വന്നാലും ഭർത്താവും കുട്ടികളും ഉണ്ടാകും. വൈകുന്നേരം എത്തി, രാത്രിയൊന്നുറങ്ങി, ഉച്ചയാകുമ്പോഴേയ്ക്കും മടങ്ങും. ഭർത്താവിന് ഓഫീസ്, കുട്ടികൾക്ക് സ്‌കൂൾ. എന്നാൽ 'നിനക്കിവിടെ നിന്നൂടെ' എന്ന് ചോദിച്ചാൽ അത് പറ്റില്ല.
കാലങ്ങളായുള്ള ഏർപ്പാട് ഇതാണ്.

"നമ്മുടെ കംഫർട്ട് പോയിട്ട്, നമ്മുടെയൊക്കെ എക്‌സിസ്റ്റൻസ് പോലും ഇവരെപ്പോലെയുള്ളവരുടെ വിഷയമായിരിക്കില്ല. ഇനി അതിന് നിന്ന് കൊടുക്കാൻ ഞാനില്ല ."
-അമ്മ ഉറപ്പിച്ചു.

അമ്മയിപ്പോൾ വലിയ തിരക്കിലാണ്. മുയൽ വളർത്തൽ, തേനീച്ചക്കൃഷി, പച്ചക്കറിതോട്ടം, കോഴിമുട്ട വില്പന. ഫോണിൽ തന്നെ ഒരു പത്ത് മിനുട്ടിൽ കൂടുതൽ സംസാരിക്കില്ല.

വളരെ കൃത്യമാണ് കാര്യങ്ങൾ. എന്നാലും അവൾക്കത് വലിയ സങ്കടമായി.

അതിനെക്കുറിച്ച് എന്നോടും അവളോടുമായ് അമ്മ പറഞ്ഞു:
'എല്ലാവരുടെ ഉള്ളിലും പ്രകൃതിദത്തമായ ചില പ്രതിരോധമാർഗ്ഗങ്ങളും പ്രാർത്ഥനകളുമുണ്ട്. ഒരു സാധാരണ ജീവിതം ബാലൻസ് ചെയ്ത് പോകാൻ അത്രയും മതി. '

എനിക്കത് മനസ്സിലായത് കൊണ്ട് ഞാൻ അമ്മയോട് കലഹിച്ചു:
'മനുഷ്യരായാൽ ഇത്ര ശാന്തത പാടില്ല.'

ചേച്ചിയ്ക്ക് അത് മനസ്സിലാകാത്തത് കൊണ്ട് അവൾ അമ്മയോട് ക്ഷോഭിച്ചു:
'ഈ മനസ്സിലാവാത്ത സ്വാഭാവം കൊണ്ടാണ് അച്ഛൻ ഇട്ടേച്ചു പോയത്.'

അതിൽ പിന്നെ അവർ തമ്മിൽ അത്രയൊന്നും സംഭാഷണങ്ങൾ നടന്നിട്ടില്ല. 

'ആ പറഞ്ഞതിലുള്ള കുറ്റബോധവും ക്ഷോഭവും ഒക്കെ ഈയൊരു ഡിപ്രഷനിൽ ചെന്ന് നിൽക്കുന്നതാകും.'
ഞാൻ അവളെ ചികിത്സിയ്ക്കുന്ന സെലിൻ ഡോക്ടറോട് പറഞ്ഞു.

'ആവാം.. പക്ഷേ, അവളുടെ ഡിപ്രഷൻ സ്റ്റെയ്‌റ്റിന്റെ ഒരു പാറ്റേൺ നോക്കിയാൽ മനസ്സിലാകും അതൊക്കെ തുടങ്ങുന്നത് അവളുടെ ഹസ്ബൻഡ് അയാളുടെ ഫോറിൻ ട്രിപ്പുകളിൽ ബിസിയാകുമ്പോഴാണ്. അയാൾ അതൊക്കെ നിർത്തി വെച്ച് വീട്ടിലിരുന്ന് വർക്ക് ചെയ്യാം എന്ന് തീരുമാനിച്ചാൽ അവൾ ഹാപ്പിയായി. അമ്മയോട് തല്ല് കൂടിയതൊന്നും ഓർമ്മയുണ്ടാവില്ല. രണ്ട് കാര്യങ്ങളാണ് അവളുടെ പ്രശ്നങ്ങൾ. ഒന്ന്, തനിക്ക് താല്പര്യമുള്ള ജീവിതങ്ങളിലൊക്കെ തന്റെ നിയന്ത്രണം വേണമെന്ന വാശി. എന്നാൽ അതിനുള്ള ശേഷിയില്ലെന്ന കോംപ്ലക്സ്. രണ്ട്, ആരെങ്കിലും തൻ്റെ കൺവെട്ടത്തിൽ നിന്ന് മാറിയാൽ അവർക്ക് തന്നോടുള്ള സ്നേഹം പോയിപ്പോകുമെന്ന ഭയം. തന്റെ സ്നേഹം അത്രയേയുള്ളൂ എന്ന ഒരു ആത്മവിശ്വാസക്കുറവ്.'

'അവളുടെ ഓർമ്മയിൽ ഞങ്ങളുടെ അച്ഛന്റെ കാര്യങ്ങളൊക്കെയുണ്ടാകും.'
ഞാൻ പറഞ്ഞു:
'അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതൊക്കെ.. അതൊക്കെ കണ്ട് വളർന്നതിന്റെയൊരു ..'

'അപ്പോൾ നീയോ? നീയും അതൊക്കെക്കണ്ടല്ലേ വളർന്നത് ?'

'ഞാൻ കണ്ടത് അമ്മയുടെ സെൽഫ് കോൺഫിഡൻസും ധൈര്യവുമൊക്കെയല്ലേ..'
ഞാൻ ചിരിച്ചു.

'അതെ, അതാണ് ഞാനും പറഞ്ഞത്. ഒരേ കാര്യം രണ്ട് തരത്തിൽ ആക്സെപ്റ്റ് ചെയ്യാം.. ഓരോരുത്തരുടെ മനസ്സിന്റെ രീതിക്കനുസരിച്ച്.. അതാണ് വ്യത്യാസം. .'

'അച്ഛനും ഉണ്ടായിരുന്നല്ലോ ഈ സംശയങ്ങളും കോപ്ലക്‌സുകളുമൊക്കെ... ആ മനസ്സായിരിക്കും ചേച്ചിയ്ക്ക് കിട്ടിയത്..'

ഒരേ നിറത്തിലുള്ള, ഒരേ വലുപ്പത്തിലുള്ള കുപ്പിയിൽ നിന്ന് വിഷം ഏത് വിഷമില്ലാത്തത് ഏത് എന്ന് മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് പോലെ ജനനത്തിന് മുൻപ് ഒരു മനസ്സിനെ തിരഞ്ഞെടുക്കാൻ ഒരു ഭാഗ്യപരീക്ഷണത്തിൽ ഏർപ്പെടുന്ന ഭ്രൂണത്തിന്റെ സങ്കടം. ആ സങ്കടത്തിൽ നിന്നാണ് മനുഷ്യന്റെ മറ്റ് എല്ലാ സങ്കടങ്ങളും തുടങ്ങുന്നത്. എല്ലാ നിസ്സഹായതകളും തുടങ്ങുന്നത്.

ആ നിസ്സഹായതയിൽ നിന്ന് രക്ഷപ്പെടാനാകാതെ ചേച്ചി  എന്തൊക്കെയോ ചിന്തിച്ചു കൂടുന്നു. അവസാനിപ്പിയ്ക്കാൻ കഴിയാതെ എന്തൊക്കെയോ പറയുന്നു.

എന്റെ മുന്നിൽ  'ഫോൺ വെക്ക്..ഫോൺ വെക്ക്..' എന്ന് അവന്റെ നവരസങ്ങൾ.
ഞാൻ ചേച്ചിയോട് പറഞ്ഞു:
-വിനയ് ഇന്ന് രാവിലെ എത്തിയതേയുള്ളൂ.. ഒന്ന് ശരിയ്ക്ക് അവനോട് മിണ്ടീട്ടും കൂടിയില്ല. ഞാൻ  ഫോൺ വെച്ചോട്ടെ? നാളെ വിളിയ്ക്കാം.

ക്ഷമയില്ലാത്ത ആളാണല്ലോ അപ്പുറത്ത്.
ഒരു കലാപം കേട്ടു:
-എനിക്ക് മാത്രല്ലേ മിണ്ടാൻ ഒരാളില്ലാത്തതുള്ളൂ.. ജീവപര്യന്തം തടവ് ശിക്ഷ കിട്ടിയവർക്ക് പോലും ഇതിനേക്കാൾ കൂടുതൽ ആൾക്കാരുണ്ടാകും.. അവിടെയുള്ളവർക്ക് അങ്ങോട്ടുമിങ്ങോട്ടും ഇതിനേക്കാൾ മനസ്സിലാകും.

ജീവപര്യന്തം തടവ്.
ആ വാക്കിൽ ഞാനൊന്ന് പൊള്ളിപ്പോയി.
-എന്തിനാണ് ജീവിതത്തെ ജീവപര്യന്തം തടവായ് കാണുന്നത്?
അതിന് മറുപടി ഒരു ഫോൺ വലിച്ചെറിയലായിരുന്നു.

-എന്താണ് പുതിയ ഇഷ്യൂ ?
അവനെന്നോട് ചോദിച്ചു.
-ഹരിയേട്ടൻ കോലാലംപൂരിൽ നിന്ന് നാളെ വരുമെന്ന് പറഞ്ഞാ പോയത്. ഇപ്പൊ പറയുന്നു ഒരാഴ്‌ച കഴിയും എന്ന്. രണ്ട് ദിവസം കഴിഞ്ഞാൽ ഏട്ടന്റെ ബർത്ത്ഡേ അല്ലേ .. അപ്പൊ ചേച്ചിയ്ക്ക് സംശയം..
-മൂപ്പര് വേറെ ആര് ടെ യെങ്കിലും കൂടെ സെലിബ്രെഷൻ പ്ലാൻ ചെയ്തിരിക്കുവാ ന്ന് - ല്ലേ?
-മ് .. അതെ..

അവനൊന്ന് ചിരിച്ചു.
-ഞാനിങ്ങനെ യാത്ര പോകുമ്പോ നിനക്കും ഉണ്ടാകാറുണ്ടോ ഇതുപോലെ സംശയവും പേടിയുമൊക്കെ?
-നീ എന്തെങ്കിലും കുരുത്തക്കേട് ചെയ്യും ന്ന  പേടി എനിയ്‌ക്കൊ ?
-അതെ ..
-അത് പേടിയല്ലല്ലോ .. സന്തോഷല്ലേ .. അത്ര തന്നെ കുരുത്തക്കേട് ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കും  കിട്ടിയതിലുള്ള സന്തോഷം..

-അതാണോ ലൈൻ?
-അത് തന്നെ..
എന്റെ സ്നേഹത്തിലേക്കല്ലാതെ മറ്റൊരിടത്തേയ്ക്കും നിനക്ക് പോകാനില്ലെന്ന, എന്നെ നിനക്ക് സ്നേഹിയ്ക്കാതിരിയ്ക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം.
-ആഹാ! 

ഒരു ചിരിയോടെ അവൻ വീണ്ടും ചോദിച്ചു:
- കുറച്ചു  കാലം കഴിഞ്ഞ് നീ സന്ന്യാസം സ്വീകരിയ്ക്കും എന്നൊക്കെയല്ലേ പറഞ്ഞത്. അപ്പൊൾ എന്നെ  നിനക്ക് ഉപേക്ഷിയ്ക്കേണ്ടി വരില്ലേ ?
-ഇല്ല.
എന്റെ സന്ന്യാസം എന്നത് നിന്നെ സ്വീകരിച്ചുകൊണ്ടുള്ള ജീവിതമല്ലേ. നിന്റെ ഇഷ്ടങ്ങൾ അനുവദിച്ചു കൊണ്ടും നിന്റെ സന്തോഷങ്ങൾ അനുഭവിച്ചു കൊണ്ടും.
-അപ്പോൾ എനിക്കാണ് ശരിയ്ക്കും ജീവപര്യന്തം കഠിന തടവ് ..
-ഒരു ദയവും പ്രതീക്ഷിയ്ക്കണ്ട. 

അവൻ മുഷ്ടി ചുരുട്ടി വിളിച്ചു:
-ജയ് പ്രണയഭൂമി !!
ഞാൻ കൈകൾ കൂപ്പി:
-പ്രണാമം പ്രണയമേ !!

-അങ്ങനെയാണെങ്കിൽ പറ..
അവൻ ചോദിച്ചു:
-എന്താണ് എന്നെ കുറിച്ചുള്ള ഏറ്റവും നല്ല ഓർമ്മ?

-അങ്ങനെ പറയാൻ ഒറ്റ ഒന്നേ ള്ളൂ എനിയ്ക്ക് ..
എൻഗേജ്മെന്റ് കഴിഞ്ഞ് നമ്മൾ പെട്ടന്ന് പരിചയക്കാരാവുകയായിരുന്നു. ഒരു മോതിരം മാറിക്കഴിഞ്ഞപ്പോഴേക്കും എങ്ങനെയാണെന്നറിയാതെ അടുത്തു പോയവർ. പിറ്റേ ദിവസം നീ എന്നെ കോളേജിൽ വന്നു വിളിച്ചു. നമ്മൾ നടക്കാൻ പോയി. ഉച്ചയായപ്പോൾ കടൽ കണ്ടിരിയ്ക്കാവുന്ന പാർക്കിലെത്തി. നിറയെ കാറ്റാടിമരങ്ങളൊക്കെ വളർന്നു നിൽക്കുന്ന ഒരിടത്തിരുന്ന് നമ്മൾ കുറെ സംസാരിച്ചു. അതിനിടയിൽ പെട്ടന്ന് നീ എന്നെ ഉമ്മ വെച്ചു. ചുണ്ടിലോ, കവിളിലോ ഒന്നുമല്ല നെറുകയിൽ. അതായിരുന്നു അതിന്റെ ഭംഗി, ജീവിതത്തിലേക്ക് വളരെ വാം ആയിട്ടുള്ള ഒരു വെൽകം പോലെ തോന്നി എനിക്കത്. ഇപ്പോഴും നിന്നോട് ദേഷ്യം തോന്നുമ്പോൾ ഞാൻ അതാലോചിയ്ക്കും. അന്നത്തെ അതേ വാംനെസ്സ് ഫീൽ ചെയ്യുന്ന പോലെ, എല്ലാ കോശങ്ങളിലൂടെയും എനിക്കത് അനുഭവിയ്ക്കാൻ കഴിയും ..... പിന്നെ ദേഷ്യം ഒക്കെ അതുപോലെ ണ്ടായാലും നിന്നോട് പിണങ്ങിയിരിക്കാൻ പറ്റില്ല.. അതാണ് ആ ഓർമ്മയുടെ ഒരു മാജിക്ക്.. ജീവിതത്തിലേക്ക് വീണ്ടും വീണ്ടും വെൽക്കം ചെയ്യുന്ന ഒന്ന്..

No comments:

Post a Comment