Thursday, November 1, 2018

വേലായുധന്റെ ഏടത്തി

വേലായുധന് (റിട്ട. സീനിയർ സൂപ്രണ്ട് റവന്യു ഡിപ്പാർട്ട്മെന്റ് ) നേരം പുലരുന്നത് എടത്തിയെ കാണാൻ വേണ്ടിയാണ്. അയാളുടെ വീട്ടിൽ നിന്ന് ഒരഞ്ഞൂറ്‍ മീറ്റർ ദൂരത്തിലാണ് ഏടത്തി താമസിയ്ക്കുന്നത്. ഇളയമകൾ രമയോടൊപ്പം. അവളും ഭർത്താവ് സാജനും ഓഫീസിലേക്കും അവരുടെ കുട്ടികൾ സ്‌കൂളിലേക്കും പോയിക്കഴിഞ്ഞാൽ ഏടത്തി വേലായുധനെ ഭക്ഷണം കഴിയ്ക്കാൻ വിളിയ്ക്കും.
രണ്ട് പ്രാവശ്യം വിളിയ്ക്കും.
നിർബന്ധിച്ച് വിളിയ്ക്കും.

നിർബന്ധിച്ച് പറയണം. 
പറയുന്ന ആൾക്ക് തന്നെക്കൊണ്ട് അത്രയ്ക്ക് ആവശ്യമുണ്ടെന്ന് വേലായുധന് തോന്നണം. എന്നാലേ വേലായുധൻ എന്തെങ്കിലും ചെയ്യൂ. 
അത്രയ്ക്ക് അഭിമാനിയാണ്.

(ഹോട്ടലിൽ പോയാലോ,മീൻ കറി വാങ്ങില്ല. ഒന്നും കൊണ്ടല്ല, പൊരിച്ച മീൻ മാത്രം വേണ്ട എന്ന് വെച്ചാൽ പിശുക്കനാണെന്ന് ഹോട്ടലുകാർ കണ്ട് പിടിച്ചാലോ!  വെജിറ്റേറിയനായത് കൊണ്ടല്ലേ പൊരിച്ചമീൻ വാങ്ങാത്തത് എന്നവരെ അല്ലെങ്കിൽ പറ്റിക്കാലോ !!)

വിശന്ന് കത്തി നിൽക്കുന്ന നേരത്താണെങ്കിലും ഭക്ഷണം വിളിമ്പി,  കഴിയ്ക്കുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ, (അത് ഭാര്യ ആയാലും മക്കളായാലും പോലും ) വേണ്ട എന്നേ വേലായുധൻ പറയൂ. അത് ഏടത്തിയ്ക്ക് അറിയാം. അതുകൊണ്ട് ഏടത്തി വല്ലാതെ നിർബന്ധിയ്ക്കും. "ങ്ങളെക്കൊണ്ടാവൂലപ്പാ" എന്ന് ഏടത്തിയ്ക്ക് വേണ്ടി വേലായുധൻ ഭക്ഷണം കഴിയ്ക്കും.

വേലായുധന്റെ ആൺമക്കളുടെ ഭാര്യമാരൊക്കെ,
'ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടെ ..അച്ഛൻ കഴിയ്ക്കുന്നോ ..' എന്ന്  ചോദിയ്ക്കുമ്പോൾ  അയാൾ പതിവ് പോലെ വേണ്ട എന്നേ പറയൂ. അവരൊക്കെ ന്യൂ ജനറേഷൻ അല്ലേ. 'എന്നാ ഞങ്ങള് കഴിയ്ക്കുന്നേ '  എന്ന് പറഞ്ഞു കേസ് അവസാനിപ്പിയ്ക്കും. വേലായുധൻ മുണ്ട് മുറുക്കിയുടുക്കം. അവരിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടുകൊണ്ട്  ഭരണികളിൽ ഇട്ടു വെച്ച നിലക്കടലയോ എള്ളുണ്ടയോ വായിലിട്ട് വീട്ടിനകത്ത് കൂടി നാല് ചുവട് വേഗത്തിൽ നടക്കും.

വൈകുന്നേരം ഏടത്തി വീണ്ടും വിളിയ്ക്കും; ചോദിയ്ക്കും:
'ന്തായിരുന്നു ഉച്ചയ്ക്ക് കൂട്ടാൻ? '
' ന്തോ..'
'പാവം ന്റെ മോൻ..'
ഏടത്തി സങ്കടപ്പെടും.
അത് കഴിഞ്ഞ് പ്രാകും:
' ആ ഹറാമ്പെറന്നോൾ ന്റെ മോനെ കഷ്ട്ടത്തിലാക്കി...'
അത് കേൾക്കുമ്പോൾ വേലായുധന് ഭാര്യയോട് ബാക്കിയുള്ള സ്നേഹം കുറച്ചുകൂടി കുറയും.

**
കുറയട്ടെ!
അല്ലെങ്കിലും എപ്പോഴാ എന്നെ സ്നേഹിച്ചിട്ടുള്ളത്? ഏടത്തിയെ അല്ലാതെ. ഏടത്തിയുണ്ടാകുന്ന മീൻകൂട്ടാൻ,   ചെറുപയർ പുഴുക്ക്, കുട്ടികളെ ഒരു കരയ്‌ക്കെത്തിയാനുള്ള ഏടത്തിയുടെ സാഹസങ്ങൾ, ഭർത്താവിന്റെ വീട്ടുകാരെ മെരുക്കിക്കൊണ്ട് പോകാനുള്ള ഏടത്തിയുടെ അതിവൈദഗ്ധ്യം
...ഏടത്തി..ഏടത്തി.
ഏടത്തിയുടെ സ്നേഹം, ശ്രദ്ധ..  
എന്റേത് അത്രയ്‌ക്കൊക്കെയുണ്ടോ !

' ന്നാ ഏടത്തിയുടെ കൂടെയങ്ങു ജീവിച്ചാ പോരായിരുന്നോ ...ങ്ങളെന്തിനാ ന്നെ കല്യാണം കഴിച്ചത്? '
'എനിയ്ക്കും ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു ഇഷ്ടം.. പിന്നെ ഏടത്തി നിർബന്ധിച്ചപ്പോ ..'
എന്നിട്ട് ഒരു  ചിരി :
'നിനക്ക് അസൂയയാ.. എന്നെ ആരെങ്കിലും ഇങ്ങനെ സ്നേഹിയ്ക്കാനുള്ളതിന്റെ അസൂയ..'


ഓഫീസിൽ ഒപ്പം ജോലി ചെയ്ത ഗിരിജ ചന്ദ്രൻ പറയും:
'കൈവിഷായിരിക്കും സുലു.. കഴിക്കുന്നതിലെന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടാവും.'

എനിക്കും തോന്നും. അത് ശരിയാണെന്ന്
' ..അല്ലാണ്ട് ങ്ങനെ ഒരു പ്രാന്ത്ണ്ടാവോ.. '

' എന്നാലും മാർക്സിസ്ററ്കാരേം  യുക്തിവാദികളെയൊക്കെ കൈവിഷം ബാധിയ്‌ക്കോ? '
ഞാൻ ഗിരിജ ചന്ദ്രനോട് ചോദിച്ചു.
'ഏടത്തിയ്ക്ക് വേണ്ടി അമ്പലത്തിൽ പോകുന്ന ആളല്ലേ, നിന്റെ വേലായുധേട്ടൻ.'
' അത് ശരിയാ.'
ഞാൻ ഓർത്തു.
'ഞങ്ങളുടെ മൂത്തമകന്റെ ചോറൂണിന് ഷർട്ട് ഊരില്ലെന്ന് വാശി പിടിച്ച് ഗുരുവായൂർ അമ്പലത്തിൽ കയറാതിരുന്ന ആളാ.. അത് കഴിഞ്ഞ് ഒരു മാസം തികച്ചായില്ല, ഏടത്തിയുടെ മൂത്തമകൾ സുഷമയ്ക്ക് കല്യാണം ശരിയാക്കണം എന്ന് ഗുരുവായൂരപ്പന്റെ മുന്നില് സാഷ്ടാംഗം ചെന്ന് വീഴാൻ.  ഷർട്ട് ഊരുക മാത്രമല്ല കോണകം മാത്രമുടുത്ത് നിൽക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ അന്ന് അതും ചെയ്തേനെ!'

ആഴ്ച്ചയിലൊരുദിവസം  വീടിന് ചുറ്റും ഏടത്തിയുടെ വക ഒരു ഇൻസ്പെക്ഷൻ ഉണ്ട്. ഒറ്റ കറിവേപ്പിന്റെ തയ്യ് ഉയരം വയ്ക്കാൻ സമ്മതിക്കില്ല. വീട്ടിന് മോശം വരുമെന്ന് പറഞ്ഞു പൊട്ടിച്ചു കളയും. അതുപോലെ കറുമൂസിന്റെ മരം.  ഒരെറ്റയെണ്ണം ഉയരം വയ്ക്കാൻ സമ്മതിക്കില്ല. അസുഖം വീട്ടിൽ നിന്ന്‌ മാറില്ലത്രേ. വേലായുധേട്ടന്റെ ചുമ മാറാത്തത് വീട്ടില് നാരകം വളരുന്നത് കൊണ്ടാണെന്ന് കണ്ടുപിടിച്ച് ഒരു ദിവസം നോക്കുമ്പോ അടിയോടെ വെട്ടിക്കളഞ്ഞിരിക്കുന്നു.

' എത്ര ശ്രദ്ധിച്ചു വളർത്തിയതാ ....'

' സ്നേഹം കൊണ്ടല്ലേ. .. ഏടത്തിയുടെ  ശ്രദ്ധ കൊണ്ടല്ലേ...'
'അല്ലാതെ എ ടി കോവൂരിന്റെ പുസ്തകത്തിൽ ഇതൊക്കെ അന്ധവിശ്വാസമാണെന്ന് പറയാത്തത് കൊണ്ടല്ല?!'

എനിക്ക് കരച്ചിൽ വരും.
ഞാൻ കരഞ്ഞാൽ ആര് കാണാൻ? 

വേലായുധേട്ടൻ  തിരക്കിലല്ലേ!
യുദ്ധമരുതേ എന്ന് സദാം ഹുസ്സയിന് കത്തയക്കണം, കല്പനാ ചൗളയ്ക്ക് വേണ്ടി കരയണം, മാവോസേതൂങ്ങിന്റെ ഉപന്യാസങ്ങൾ വായിക്കണം, ഭഗവത് ഗീതയ്ക്ക് റിവ്യൂ എഴുതണം, സുനിതാവില്യംസ്‌ മടങ്ങിവരുന്ന രാത്രി  ഉറങ്ങാതെയിരുന്ന് ശ്വാസം മുട്ടണം..
ലോകകാര്യങ്ങളെക്കുറിച്ചെല്ലാം വലിയ ഉത്കണ്ഠയാണ്. 
ആഗോള പൗരനുണ്ടാകേണ്ട പുരോഗമന ചിന്തകളാണ്.

മകനുണ്ടായപ്പോൾ ജാതകം എഴുതിച്ചതൊന്നുമില്ല. പിന്നെ ഏട്ടത്തി പറഞ്ഞു:
"അവിടെ കെടന്നോട്ടെ വേലായുധാ.. ആ പെട്ടീടെ അടീല് .. നീ നോക്കണ്ടിരുന്നാ പോരെ"

എന്നാൽ ഇളയമകൻ ഒരു പെൺകുട്ടിയെ സ്നേഹിയ്ക്കുന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ എതിർത്തു: 
'ഏടത്തി പറേന്ന പോലെ ജാതകം നോക്കാണ്ടെ ങ്ങനെയാ?'

'ഏട്ടന്റെ കാര്യത്തിൽ ഈ കടുംപിടുത്തമൊന്നും ഉണ്ടായില്ലല്ലോ'
'അതിന് ഏടത്തിയമ്മയുടെ വീട്ടുകാര് പഴയ തറവാട്ട് കാരല്ലേ ? പണത്തിന്റെ കാര്യം ചോദിക്കാനുമില്ല... അതുപോലെയാണോ ഇത്?'

മനുഷ്യച്ചങ്ങലകളൊക്കെ തീർക്കും. 
പക്ഷേ ആരുടെ കൈ പിടിക്കണമെന്ന് നമ്മൾ തീരുമാനിയ്ക്കും.

വെറുതെയല്ല..
ഇപ്പോഴത്തെപ്പോലെ ചിന്തയ്ക്കാനൊക്കെ അന്ന് കഴിവുണ്ടായിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ: ഇങ്ങനെ കുറെപ്പേര് കൂട്ടി നടന്നത് കൊണ്ടാണ് പുരോഗമനം  ഇന്ന് കവലയിലിറങ്ങി വഴി ചോദിച്ചുകൊണ്ട് നിൽക്കുന്നത്.

**

വേലായുധൻ വരുമ്പോൾ  അന്നും ഏടത്തി ഉമ്മറത്തിരിപ്പുണ്ടായിരുന്നു. അത് കാണുമ്പോൾ സന്തോഷത്തിന്റെ ആലിപ്പഴം വായിലിട്ട് അലിയിച്ച് കണ്ണടച്ച് നിൽക്കുന്നത് പോലെ തോന്നും വേലായുധന്. ആ ആലിപ്പഴത്തിൽ നിന്നാണ് ഏടത്തി എന്ന ശബ്ദം തന്നെ ആദ്യമുണ്ടായത്.

ഭക്ഷണം വിളമ്പി, കുറച്ചു കൂടി കുറച്ചു കൂടി എന്ന് നിർബന്ധിയ്ക്കുന്നതിനിടയിൽ ഏടത്തി പറഞ്ഞു:

" ആ വനജ നി വരുന്ന് തോന്നുന്നില്ല.. രണ്ടുമൂന്ന് ദിവസായില്ലേ കണ്ടിട്ട്! എനിക്ക് ഹാർട്ടിന്റെ ആടന്നിങ്ങനെ ഒരെരിച്ചല് .. പിട്ട് പോലും കൊഴച്ചെടുക്കാൻ പറ്റുന്നില്ല ...വിരലെല്ലം ചുള്ളിക്കമ്പ് പോലെ നിക്കാ..  "
" ങ്ങളെന്തിനാ ഏടത്തി ഇതെല്ലാം ണ്ടാക്കി കഷ്ട്ടപ്പെട്ന്നേ .."
"പിന്നെ ഇനിക്കാരാ ള്ളത്.. ഒരുത്തി ഹറാമ്പറപ്പ് കാണിച്ച്‌ പോയില്ലേ? പിന്നെയാരാ.. സുകേഷിന്റേം മഹേഷിന്റേം ഭാര്യമാരോ.. അവരുണ്ടാക്കിത്തന്നിട്ട് ഞ്ഞി തിന്നത് തന്നെ.."
"അദ്  ശരിയാ.."
"ഞാ ള്ള കാലത്തോളം ഞ്ഞി പട്ടിണി കെടക്കൂലാ.."


ആ നേരം രമ ഓഫീസിൽ അടുത്ത സീറ്റിലിരുന്ന കൂട്ടുകാരി വാണിയോട് പറഞ്ഞു:
" എന്റെ ഈ സെർവെന്റും പോയി ട്ടോ.  ഇതിപ്പോ എത്രാമത്തെയാ.. എനിക്കറിയില്ല.. എന്ത് മാജിക്കാ ആ വീട്ടില് നടക്ക്ന്നേ ന്ന്  ...."


ഒരു മാജിക്കും ഇല്ല.
ഏറ്റവും എളുപ്പത്തിലുള്ള ഒരു പണി പറയാം.

വനജ വന്ന് കയറുമ്പോൾ  ' മേല മുഴനും വണ്ണാമലയാ...  നീ അതൊന്നടിക്കോ ..' എന്ന് ഏട്ടത്തി പറയും. അവൾ ചൂലും തുണിയൊക്കെ എടുത്ത് ചിലന്തി വല കളയാൻ പോകുമ്പോൾ ഏടത്തി കഴുകാനുള്ള തുണിയൊക്കെ എടുത്ത് അലക്ക് കല്ലിലേക്ക് നടക്കും. മുകളിൽ നിന്ന് ഇത് കാണുന്ന വനജ   'അമ്മേ വെറുതെ പണിയെടുത്ത് എന്നെ ചീത്ത കേൾപ്പിക്കല്ലേ' എന്ന് പറഞ്ഞു പിന്നാലെ ചെല്ലും. ' പിന്നെ ഇതൊക്കെ ആരാ കഴുകാ ..വെയിലുള്ളപ്പോ ഉണക്കണ്ടെ'  എന്ന് ഏട്ടത്തിയും.. എന്നാൽ ഞാൻ ചെയ്തോളാം എന്നാവും വനജ. അവൾ അലക്കി തുടങ്ങുമ്പോഴേയ്ക്കും ഏടത്തി മീൻ മുറിയ്ക്കാനിരിക്കും. അപ്പോഴേയ്ക്കും മക്കളാരെങ്കിലും, രമയോ സുഷമയോ വിളിയ്ക്കും. രമയോടാണെങ്കിൽ വനജ മീൻ കഴുകിയാൽ വൃത്തിയുണ്ടാവില്ലെന്ന് പറയും. സുഷമയാണെങ്കിൽ ഇവിടത്തെ പണിയൊക്കെ ഒരാൾക്ക് എടുത്താൽ തീരുന്നതാണോ എന്ന് ചോദിയ്ക്കും. ഇനി വേലയായുധനോടാണെങ്കിൽ
' ചെറിയ്യ മീനാ മോനെ ന്നലെ രാത്രി വരുമ്പോൾ സജി കൊണ്ടോന്നെ..  തൊക്കെ വൃത്തിയാക്കി എട്ക്കണ്ടെ .. പണ്ടത്തെ പോലെ ഒന്നും ല്ല ..  കൊറേ നേരം ഇരിക്കുമ്പോ കാലിന്റെ മുട്ടിന്റെയുള്ള്ന്ന് കുത്തിപ്പറയ്ക്ക്കും.' എന്നാവും സംഭാഷണം.

വേലായുധൻ  'ഓ ന്റെ ഏടത്തി.. ങ്ങളെ പ്രാരാബ്ധം ഒരിയ്ക്കലും തീരൂല്ല. ' എന്ന് സങ്കടപ്പെടും.

' പാവം അമ്മ ഈ വയസ്സ് കാലത്ത് രമയുടെ വീട്ടിലെ പണിയൊക്കെ ചെയ്യണം.. അവൾക്കെന്താ ബാഗും തൂക്കി പോയാൽ മതിയല്ലോ' എന്ന് സുഷമ അരിശപ്പെടും.
രമയാണെങ്കിൽ ' ഒന്നോ രണ്ടോ പ്രാവശ്യം കൂടുതൽ കഴുകാൻ പറഞ്ഞാൽ പോരേ ..വനജയ്ക്ക്  ഫോൺ കൊടുക്ക്' എന്ന്.  

വനജ അത് കേട്ട്  അലക്കൽ ഒരുവിധം കഴിച്ച് അടുക്കളയിൽ കയറുമ്പോൾ ഏടത്തി നിലം തുടയ്ക്കാൻ നിൽക്കും. അതിന്റെ ക്ഷീണത്തെക്കുറിച്ച് രാത്രി മുഴുവനും സൂചിപ്പിയ്ക്കും. പരാതിയായിട്ടില്ല. ഒരു വർത്തമാനം. പറഞ്ഞിരിക്കാൻ എന്തെങ്കിലും വേണ്ടേ! ചുരുക്കത്തിൽ നിലം തുടച്ചത്, അലക്കിയത്, മീൻ മുറിച്ചത് ഒന്നും വനജയല്ല ഏടത്തിയാണെന്ന് അറിയാത്ത ആരുമുണ്ടാവില്ല.

ഒരാഴ്ച്ച, കൂടിപ്പോയാൽ ഒരു മാസം,  ഏതാണ്ട് ഇതുപോലെ തുടരും. വേലക്കാരിയ്ക്ക് പോലും താൻ ജോലി ചെയ്യുന്നില്ലേ എന്ന് സംശയം തോന്നും. അവസാനം അവൾ നിരുപാധികം കീഴടങ്ങി, ജോലിയ്ക്ക് വരുന്നത് നിർത്തും. ഇങ്ങനെ നാടകങ്ങളൊന്നും നടക്കാത്ത വീടുകൾ ലോകത്ത് വേറെ എത്രയുണ്ട്. അവിടെയെവിടെയങ്കിലും ജോലിയ്ക്ക് പോയാൽ പോരേ എന്ന് അവർക്ക് തോന്നും. തോന്നിപ്പിയ്ക്കും.

ഏടത്തി വീണ്ടും സർവ്വാധികാരിയാകും. ആളുകൾക്ക് മുൻപിൽ അടിമയും. 
വേലായുധൻ ഏടത്തിയുടെ ആരോഗ്യത്തെ കുറിച്ചോർത്ത് ദുഖിയ്ക്കും. മക്കളൊക്കെ ഉണ്ടായിട്ടെന്താ.. എന്ന് സങ്കടപ്പെടും.

' ഞാൻ ഓഫീസ് വിട്ട് വന്ന് എന്താന്ന് വെച്ചാ ചെയ്തോളാം.. അമ്മ അനങ്ങാതെ ഒരിടത്തിരുന്നോ' എന്ന് രമ പറഞ്ഞാൽ
' പാവം ന്റെ മോള് രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പാടാ..' എന്നാവും അമ്മയുടെ  മറുപടിയും കണ്ണീരും.
' എന്നാലും സുഷമേച്ചി എപ്പോഴും വീട്ടിലുള്ളതല്ലേ, അമ്മയുടെ കാര്യങ്ങളൊക്കെ ജോലിയ്ക്ക് പോകുന്ന നമ്മളെക്കാൾ കുറച്ചുകൂടി നന്നായി ശ്രദ്ധിക്കാൻ കഴിയില്ലേ'  എന്ന് രമ ഭർത്താവ് സജിയോട് പരിഭവിയ്ക്കും.

'അമ്മ എന്റെ അടുത്തേക്ക് പോര് ' എന്ന് സുഷമ വിളിയ്ക്കും.

' ബാഗും തൂക്കി പോകുന്നപോലെയാ ഒരു വീട്ടിലിരുന്ന് കുടുംബം ഭരിയ്ക്കുന്നത്? നിന്റെ കഷ്ടപ്പാട് എന്താന്നെനിക്കറിയാം ' എന്ന്  അമ്മ അവളെ ആശ്വസിപ്പിയ്ക്കും. 

' ഓഫീസിൽ പോകുന്നുണ്ടെന്ന് വെച്ച് വീട്ടിലെ പണി മുഴുവൻ അമ്മയെക്കൊണ്ട് എടുപ്പിയ്ക്കണോ, പണിക്കാരത്തിയെ അതിന്റെ രീതിക്ക്  കൊണ്ട് പോകണ്ടേ..'  എന്ന് സുഷമ രമയെ കുറ്റപ്പെടുത്തും.

അമ്മയ്ക്ക് മാത്രേ അതൊക്കെ മനസ്സിലാവൂ എന്ന് രണ്ടുപേരും മനസ്സിൽ കരുതും. അമ്മയല്ലാതെ ആരുണ്ട് ഇതുപോലെ ത്യാഗം ചെയ്യാൻ എന്ന് രണ്ടുപേരും ആലോചിയ്ക്കും.

' വേലായുധനമ്മാവന് വീട്ടിൽ മക്കളുടെ ഭാര്യമാരൊക്കെയില്ലേ. അവരുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ പോരേ. ഇവിടെ വന്ന് വെറുതെ അമ്മയെ ബുദ്ധിമുട്ടിക്കണോ'  എന്ന് രമയും സുഷമയും അങ്ങോട്ടുമിങ്ങോട്ടും ചോദിയ്ക്കും.

എല്ലാവരുടെയുള്ളിലും അന്യോന്യം തോന്നുന്ന അനിഷ്ടങ്ങളുടെ കറ മാത്രം ബാക്കിയാവും.

ചിലരിങ്ങനെയാണ്. 
എല്ലാവരുടെയും ഇടയിലുണ്ടാകും.
എല്ലാവരും തന്റെയടുത്ത് വരണം. 
തന്നിലൂടെ അവർ മറ്റുള്ളവരെക്കുറിച്ചറിയണം. 
എല്ലാവർക്കും തോന്നണം താനാണ് അവരെ ഏറ്റവും കൂടുതൽ സ്നേഹിയ്ക്കുന്നത്. 
അത്  രഹസ്യമായി ആഗ്രഹിച്ചുകൊണ്ട് അത്ര കൃത്യമായി. അത്ര വിദഗ്ദമായി,  അത്ര ഭംഗിയായി അവർ കാര്യങ്ങൾ അവതരിപ്പിയ്ക്കും. തങ്ങളില്ലായിരുന്നെങ്കിൽ  അവരുണ്ടാവുകയില്ലെന്ന് ഓരോരുത്തരേയും തോന്നിപ്പിയ്ക്കും. എന്നിട്ട് അവർക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമുണ്ടാകേണ്ട സ്നേഹബന്ധങ്ങൾക്ക് വാതിലുകൾ ഉണ്ടാക്കി, താക്കോലായി നില്കും.  
താക്കോലെന്നാൽ ആ വാതിലുകൾ അടച്ചിടാനുള്ള താക്കോൽ. 

ആർക്കും മനസ്സിലാവുകയില്ല.
എനിക്ക് പോലും കാര്യങ്ങൾ ഇത്ര വ്യക്തമായത് ഈ അടുത്താണ്. മരിച്ചു കഴിഞ്ഞതിന് ശേഷം.

വെറുതെ മരിച്ചു പോയതല്ല.. 

ഇവരുടെ അതിബുദ്ധിയും അതിസാമർത്ഥ്യവും ജീവിച്ചിരുന്നുകൊണ്ട് എങ്ങനെ നേരിടണം എന്നറിയാത്തത് കൊണ്ട് ...

No comments:

Post a Comment