Monday, October 8, 2018

മൃദുലയുടെ അമ്മ

കഴിഞ്ഞ തവണത്തെ ടാലൻറ് സെർചിൽ മൃദുലയ്ക്ക് നാഷണൽ ലെവൽ സ്വർണ്ണമെഡൽ കിട്ടിയിരുന്നു. എല്ലാവരും അവളെ അഭിനന്ദിച്ചു. 
പലരും അഭിനന്ദങ്ങൾ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്:
"ഇതിൽ സർപ്രൈസ് ഒന്നുല്ലല്ലോ..അമ്മയുടെ അല്ലെ മോൾ ! "
അതാണ് മൃദുലയെ അരിശം പിടിപ്പിച്ചത്. 
അച്ഛൻ പോലും അവളോട് ആദ്യം ചോദിച്ചത്: "അമ്മയോട് താങ്ക്സ് പറഞ്ഞോ, പ്രിപ്പേർ ചെയ്യാൻ ഹെല്പ് തന്നതിന് ?" എന്നാണ്.
സ്വർണ്ണമെഡൽ കിട്ടേണ്ടിയിരുന്നില്ല എന്ന് അപ്പോഴാണ് അവൾക്ക് തോന്നിയത്. ആ പരീക്ഷ പോലും എഴുതേണ്ടിയിരുന്നില്ല.
അത്രയ്ക്ക് സങ്കടം വന്നു. എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്. അവസാന നിമിഷം ക്രെഡിറ്റ് എല്ലാം പോവുക അമ്മയ്ക്കാണ്. 

കഴിഞ്ഞ തവണ അനിയത്തിയുടെ പിറന്നാളിന് കെയ്ക്ക് ഉണ്ടാക്കിയത് മൃദുലയാണ്.  അവൾ തന്നെയാണ് ഇന്റർനെറ്റ് നോക്കി ചോക്ലേറ്റ് കെയ്ക്കിനുള്ള റെസിപ്പി കണ്ട് പിടിച്ചത്. അച്ഛന്റെ ഒപ്പം പോയി അവൾ തന്നെയാണ് സാധനങ്ങളും ബേക്കിംഗ് ട്രേയും വാങ്ങിച്ചത്. അവൾ ഒറ്റയ്ക്കാണ് ഓരോ ഇൻഗ്രീഡിയൻസും കൃത്യമായി അളന്നെടുത്തത്, ബാറ്ററുണ്ടാക്കിയത്. അവൻ പ്രിഹീറ്റ് ചെയ്തത്. 

കെയ്ക്ക് ട്രേയിൽ ബാറ്റർ ഒഴിച്ച് അവനിൽ വെയ്ക്കാൻ പോകുമ്പോൾ ' കൈ പൊള്ളേണ്ട, ഞാനെടുത്ത് വെച്ചോളാം ' എന്ന് പറഞ്ഞു അമ്മ വരികയായിരുന്നു. അപ്പോഴാണ് അനിയത്തിയും വന്നത്. അവൾ നോക്കുമ്പോൾ അവനിൽ കെയ്ക്ക് ട്രേ വയ്ക്കുന്നത് അമ്മയാണ്. അത് പുറത്തെടുത്തതും അമ്മയാണ്. അപ്പോൾ അത് അമ്മയുണ്ടാക്കിയ കെയ്ക്കായി. ശരിയ്ക്കും സങ്കടം വന്നത്, അവളെല്ലാവരോടും അത് തന്നെ പറഞ്ഞു നടന്നു. പിന്നെ മുതിർന്നവരാരും വിശ്വസിയ്ക്കില്ലല്ലോ ഇത്ര നന്നായി ഒരു കുട്ടി കെയ്ക്ക് ബെയ്ക്ക് ചെയ്തെടുക്കുമെന്ന്. ഐസിംഗ് കൊടുത്തതും ഡെക്കറേറ്റ് ചെയ്തതും മൃദുലയാണ്. പക്ഷേ ടേബിളിൽ എത്തിയപ്പോൾ അത് അമ്മയുടെ (സഹായത്തോടെ ഉണ്ടാക്കിയ) കെയ്ക്കായി. അനിയത്തിയും താങ്ക്യൂ പറഞ്ഞ് ആദ്യം കെട്ടിപ്പിടിച്ചത് അമ്മയെയാണ്.

ഇത്തവണ ഓണത്തിന് പൂവിട്ടപ്പോഴോ, മൃദുലയാണ് കളം വരച്ചതും പൂക്കൾ ഇതിർത്തെടുത്തതും ഇട്ട് തുടങ്ങിയതും. ഏതാണ്ട് അവസാനിക്കാറായപ്പോഴാണ്, ഒരുപാട് സമയം ആയില്ലേ എന്ന് ചോദിച്ച് അമ്മ വന്നത്. എന്നിട്ട് ബാക്കിവന്ന പൂക്കളൊക്കെ എടുത്തു മാറ്റുകയായിരുന്നു. അപ്പോഴാണ് മാമനും മാമിയും മക്കളും കയറി വന്നത്. കണ്ട പാടെ മാമി ചോദിച്ചു: "അമ്മയും മോളും കൂടി ഉഗ്രൻ പൂക്കളാണല്ലോ ഇട്ടത്?!"

പിന്നെ ആ chute monster ന്റെ കാര്യമോ? 
മൃദുലയുടെ ഫ്‌ളാറ്റ്, ബിൽഡിംഗിലെ ഗാർബേജ് റൂമിന് തൊട്ടടുത്താണ്. അതുകൊണ്ട് വെയ്സ്റ്റ് ച്യൂട്ടിലൂടെ പലതും ഗ്രൗണ്ട് ഫ്ലോറിലെ മെയിൻ ഗാർബേജിലേയ്ക്ക് വീഴുന്ന ശബ്ദം കേൾക്കാം. പല തരത്തിലുള്ള ശബ്ദങ്ങൾ. വെയ്സ്റ്റായി കളയുന്ന സാധനങ്ങളുടെ പ്രകൃതമനുസരിച്ച്.  

"chute monster"
ആ ശബ്ദങ്ങൾ ഉണ്ടാകുന്നത് ച്യൂട്ട് മോൺസ്റ്ററാണ്. അമ്മയും അനിയത്തിയും അത് പറഞ്ഞ് ഭയം അഭിനയിക്കും.

ചക്രങ്ങൾ പൊട്ടിപ്പോയത് കൊണ്ട് ആരോ ഗാർബേജിലേക്ക് വലിച്ചെറിഞ്ഞ ഒരു ചുവന്ന ടോയ് കാറിന്റെ കഥയായിരുന്നു അന്ന് പറഞ്ഞത്. കഥയുടെ അവസാനം ച്യൂട്ട് മോൺസ്റ്റർ എവിടെ നിന്നോ ആ ചക്രങ്ങൾ കണ്ട് പിടിച്ച് ആ ചുവന്ന ടോയ്‌ക്കാറിൽ സവാരി പോകും. 
കൂടെ അനിയത്തിയും പോവും. 
" .. ഓ.ക്യൂട്ട്... ബുജിബുജി ബാബാ.." 
അനിയത്തി പതിവ് പോലെ കുണുങ്ങി.
"പക്ഷേ ചോറ് തിന്നിട്ടില്ലെങ്കിൽ ച്യൂട്ട് മോൺസ്റ്റർ സവാരി കൊണ്ടുപോകില്ല.
അതോർമ്മ വേണം.വേഗം ചോറ് തിന്ന്.. ഈ കറിയിലെ കഷ്നങ്ങളെല്ലാം കൂട്ടി തിന്ന്.. "

സ്‌കൂൾ മാഗസീനിലേക്ക് ഒരു  പിക്ച്ചർ സ്റ്റോറിയ്ക്ക് വേണ്ടി ഒരു ക്യാരക്ടർ ഉണ്ടാകേണ്ടിയിരുന്നു. അതാലോചിച്ചിരിക്കുമ്പോഴാണ് ഈ കഥ കേട്ടത്. അപ്പോൾ പിന്നെ വരയ്ക്കാനും എഴുതാനും എളുപ്പമായി. ച്യൂട്ട് മോൺസ്റ്ററിനെ സ്‌കൂളിൽ എല്ലാവർക്കും ഇഷ്ടവുമായി. അതൊരു സീരീസായി കുട്ടികളുടെ വാൾ മാഗസീനിൽ ഇടാൻ അനുവാദവും കിട്ടി. 

പക്ഷേ അനിയത്തിയും അതേ സ്‌കൂളിലല്ലേ. അവൾ കൂട്ടുകാരോടും ടീച്ചർമാരോടും പറയും: ച്യൂട്ട് മോൺസ്റ്റർ അമ്മ പറയാറുള്ള കഥയാണെന്ന്!
മൃദുലയോട് അസൂയയുള്ള കുട്ടികൾ അത് പറഞ്ഞവളെ കളിയാക്കും. മൃദുലയോട് സ്നേഹമുള്ളവർ അവളെ ലാളിയ്ക്കും: 'യു ആർ സോ ലക്കി റ്റു ഹാവ് എ മദർ ലൈക് ദിസ് ..'
പക്ഷേ മൃദുല അമ്മ വല്ലപ്പോഴും പറയുന്ന കഥകൾ അതേപോലെ പകർത്തിയെടുക്കുകയൊന്നുമല്ല ചെയ്യുന്നത്, അവളാണ് ച്യൂട്ട് മോൺസ്റ്ററിനെക്കൊണ്ട് കുട്ടികൾക്ക് രസിക്കുന്ന പല സാഹസികതകളും ചെയ്യിപ്പിക്കുന്നത്, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ സ്റ്റോറി ബോർഡിൽ  അതിനെ വരച്ചെടുക്കുന്നത്. . എന്നിട്ടും അവസാനം ക്രെഡിറ്റ് പോകുന്നത് അമ്മയ്ക്കാണ്.

അമ്മ ഇല്ലായിരുന്നെങ്കിൽ എന്ന് മൃദുല ആലോചിച്ചു.
അമ്മ ഇല്ലായിരുന്നെങ്കിൽ.. എന്താ.. ഗൂഗിളില്ലേ!
പിന്നെ അമ്മമ്മയും ഉണ്ടല്ലോ.
No comments:

Post a Comment