Thursday, October 18, 2018

കൗടില്യശാ......... സ്ത്രം.


" മുറിവുകളിൽ നിന്ന് പാഠം പഠിയ്ക്കാത്തവന്റെ വ്രണങ്ങൾ ഉണങ്ങുകയില്ല. വ്രണങ്ങളുണങ്ങാത്തവന്റെ അസ്വസ്ഥതകൾ അവസാനിക്കുന്നില്ല. അവസാനിക്കാത്ത അസ്വസ്ഥതകളാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴി. അവരുടെ ഇടയിൽ അധികാരികൾ വിചാരണ ചെയ്യപ്പെടുകയില്ല."

-കൗടില്യശാ എന്ന രാജ്യകാര്യദർശി അയാളുടെ ചാരപ്രമുഖനോട് സംസാരിയ്ക്കുകയായിരുന്നു. 

അവരുടെ മുന്നിൽ  പരിചിതമായ ദേശങ്ങളുടെ പഴയതും പുതിയതുമായ ഭൂപടങ്ങളുണ്ട്. അതിലേറെയും കൗശികി സാമ്രാജ്യത്തിന്റെ ഭാഗമായ് കഴിഞ്ഞിരിക്കുന്നു. അസാധാരണ തന്ത്രങ്ങളുടെ രേഖാചിത്രം. അത് പക്ഷേ രാജ്യകാര്യദർശിയെ സന്തുഷ്ടനാക്കിയില്ല. മലയജപുരിയെന്ന ചെറുനഗരം അയാളുടെ അതിരുകൾക്ക് അപ്പുറമാണ്. 

വറ്റാത്ത ജലസ്രോതസ്സുകൾ, നന്നായ് വിളയുന്ന വയലുകൾ, നന്മകൾ പങ്കിടുന്ന പ്രജകൾ, യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും ഇടയിലും അവർ കരുതിപ്പോരുന്ന ഐക്യം. രാഷ്ട്രബോധം. 
ശാന്തമായ് വിശ്രമിയ്ക്കുന്ന അതിസുന്ദരിയുടെ വലതുപാദം പോലെ. ചാരപ്രമുഖൻ ഓർത്തു.

" ഒട്ടും ചേർച്ചയില്ലാത്തത്"  -
കൗടില്യശാ ആക്രോശിച്ചു:
"അതിബലവാനായ രാക്ഷസാകാരന്റെ ചലനശേഷിയില്ലാത്ത വലത് പാദം പോലെ അരോചകം. "

ചാരപ്രമുഖൻ ഉണർത്തിച്ചു:
" മലയജപുരവാസികൾ  സവിശേഷതയുള്ളവരാണ്. ഒരു അതിപ്രാചീനമായ ഗ്രന്ഥപ്പുരയാണ് അവിടുത്തെ ഏറ്റവും അമൂല്യമായ ഇടം. അതാണ് അവരുടെ അഭയകേന്ദ്രവും അറിവുകളുടെ ഉറവിടവും. ആയുധങ്ങൾ കൊണ്ട് മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള മുറിവുകളും ഉണക്കാൻ കഴിവുളള ഔഷധങ്ങളെക്കുറിച്ച് അവിടെയുള്ള ഗ്രന്ഥങ്ങളിലുണ്ടത്രെ. അതുകൊണ്ടാണ് അവിടെയുള്ളവരെ വർത്തമാനങ്ങൾ കൊണ്ട് വശത്താക്കാനോ ആയുധം കൊണ്ട് വരുതിയ്ക്ക് നിർത്താനോ നമ്മുടെ കൂട്ടത്തിലുള്ളവർക്ക് കഴിയാത്തത്. അതുകൊണ്ടാണ് നമ്മുടെ ഭൂപടത്തിലേക്ക് അതിനെ ചേർത്തുവരയ്ക്കാൻ നമുക്ക് ഇപ്പോഴും കഴിയാത്തത്."

" ഒരു മുറിവ് മതി, അവർക്കിടയിലൂടെ നമുക്ക് നടന്നു പോകാൻ; അതിന്റെ മായാത്ത വ്രണത്തിൽ നിന്ന് പല മുറിവുകൾ നമുക്ക് പെരുപ്പിച്ചെടുക്കാം. മുറിവുകളിൽ നിന്ന് പാഠം പഠിയ്ക്കാത്തവന്റെ വ്രണങ്ങൾ ഉണങ്ങുകയില്ല. വ്രണങ്ങളുണങ്ങാത്തവന്റെ അസ്വസ്ഥതകൾ അവസാനിക്കുന്നില്ല. അവസാനിക്കാത്ത അസ്വസ്ഥതകളാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴി. അവരുടെ ഇടയിൽ അധികാരികൾ വിചാരണ ചെയ്യപ്പെടുകയില്ല. നമ്മുടെ ഭൂപടത്തിൽ പുതിയ അതിരുകൾ അങ്ങനെയാണ് ഇതുവരെയും നാം വരച്ചെടുത്തിട്ടുള്ളത്.. "

കൗടില്യശാ  ഉറച്ചശബ്ദത്തിൽ പിറുപിറുത്തു:
"അതുകൊണ്ട് ഗ്രന്ഥപ്പുരയിൽ നിന്ന് തുടങ്ങുക. മരുന്നിൽ തന്നെ വിതയ്ക്കണം, അവരെ കീഴക്കാനുള്ള രോഗാണുക്കളെ . "

"ഗ്രന്ഥപ്പുരയിൽ നിന്നോ? അതൊക്കെ മലയജപുരിപോലെയൊരിടത്ത് നടക്കുമോ? അവർ അത്രയ്ക്ക് വിഡ്ഡികളാണോ ?" 
ചാരപ്രമുഖൻ സംശയിച്ചു.

"ഏറ്റവും നിശ്ശബ്ദതയുള്ള ഒരിടത്ത് ഉയരുന്ന ഏത് ശബ്ദവും എല്ലാവരും കേൾക്കും. ഓരോ പ്രജയും അതിനെക്കുറിച്ച് ചിന്തിയ്ക്കും. ഓരോ പ്രജയ്ക്കും അയാളുടെ അഭിപ്രായം പറയാനുണ്ടാകും. ഓരോ അഭിപ്രായവും ശരിയായിരിക്കും. എന്നാൽ തന്റെ അഭിപ്രായം മാത്രമാണ് ശരിയെന്ന് ഓരോരുത്തരും ഉറച്ചു വിശ്വസിയ്ക്കും. അതുകൊണ്ട് അത് പറഞ്ഞവസാനിപ്പിയ്ക്കാനും കാലതാമസമെടുക്കും. അതിന് വേണ്ടി അവർ പലകൂട്ടങ്ങളായ് പിരിയും. എവിടെയും ചിലരുണ്ടാകും രോഗാവസ്ഥയെ അലങ്കാരമായ് കൊണ്ട് നടക്കാൻ. അവരിൽ നിന്ന് രോഗികളെ തിരഞ്ഞെടുക്കുക. അവരുടെ രോഗലക്ഷണങ്ങളിൽ നിന്ന് മലയജപുരത്തിന്റെ ചികിത്സ കൗശികിയുടെ രാജ്യകാര്യദർശി നിശ്ചയിക്കും.ഒരു തലമുറ പരസ്പരം അവിശ്വസിച്ചു ശീലിച്ചാൽ അടുത്ത തലമുറ പരസ്പരം ആക്രമിച്ചു തുടങ്ങും."
-കൗടില്യശാ  പദ്ധതികൾ വ്യക്തമാക്കി:

ഒരു ചെറിയ വിയോജിപ്പായിരുന്നു ആദ്യം മലയജപുരിയിൽ കേട്ട് തുടങ്ങിയത്. ഗ്രന്ഥപ്പുരയിൽ ചില പുതിയ പുസ്തകങ്ങൾ കൂടി ചേർക്കുന്നതിനെക്കുറിച്ച്.

പ്രാചീനഗ്രന്ഥപ്പുരയെ പഴത് പോലെ നിലനിർത്തി പുതിയ പുസ്തകങ്ങൾ പുതിയ കെട്ടിടത്തിലേക്ക്  എന്ന് ഒരു കൂട്ടർ പറഞ്ഞു; അറിയേണ്ടവർക്ക് അവിടെപ്പോയും വായിച്ചു പഠിക്കാമല്ലോ.

ഓരോ കാലത്തെയും പുതിയ അറിവുകൾ കൂട്ടിച്ചേർത്തു ചേർത്തു തന്നെയാണിതിത്രയും ബൃഹത്തായത് എന്നും ഇപ്പോൾ മാത്രം വിയോജിയ്ക്കുന്നത് എന്തിനാണെന്നുമായി വേറെ ചിലർ.

പ്രാചീനമായ അറിവുകളിൽ കലർപ്പുണ്ടാക്കാൻ ഇടയുണ്ടെന്ന് ഒരു കൂട്ടർ. അറിവുകളിലെ കലർപ്പുകൾ എടുത്ത് മാറ്റുകയാണ് എന്ന് മറ്റുചിലർ. ഏതാണ് കലർപ്പ്, ആരാണ് അത് നിശ്ച്ചയിക്കേണ്ടത് എന്ന് അതിനിടയിൽ ചോദ്യങ്ങൾ.

ചില ഗ്രന്ഥങ്ങൾ വായിക്കുകയേ അരുതെന്ന് ഒരു കൂട്ടർ.  ഗ്രന്ഥങ്ങൾ കളവ് പോകുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ അതിനിടയിൽ. ഇരുട്ടിലും വിളക്ക് കത്തിച്ചുപിടിച്ച് കാവൽ നിൽക്കാൻ ചിലർ. തീ കത്തിച്ചു പിടിച്ചല്ല ഗ്രന്ഥങ്ങൾക്ക് കാവൽ നിൽക്കേണ്ടതെന്നോർമ്മിപ്പിച്ച് അതിൽ ഒരു കൂട്ടർ.

ചില പുസ്തകങ്ങളുടെ ഗ്രന്ഥകാരന്മാരുടെ സ്വകാര്യജീവിതത്തെ തുറന്നു കാട്ടി ചിലർ. അത് വ്യക്തിസ്വാന്ത്ര്യമാണെന്ന് വേറെ ചിലർ...  

പുതിയ വ്യാഖ്യാനങ്ങൾ കൊണ്ട് പഴയ പുസ്തകങ്ങൾ മാറ്റിവായിക്കപ്പെടുന്നു എന്ന് ഒരു പക്ഷം. പുതിയ കാലത്ത് പുതിയ വ്യഖ്യാനങ്ങൾക്കാണ് പ്രസക്തി എന്ന് മറുപക്ഷം. അത് പുരാതനമായ ഗ്രന്ഥശാലയ്ക്ക് പുറത്തു മതി അതെന്ന് മറ്റൊരുകൂട്ടർ.  ഗ്രന്ഥശാലയ്ക്ക് ചുറ്റിലും പഴയപുസ്‌തപാരായണയജ്‌ഞം നടത്തുന്ന ചിലർ. പുതിയ വ്യാഖ്യാനപരീക്ഷണത്തിന് മറ്റുചിലർ. സ്വന്തം ഭാഗം ന്യായീകരിയ്ക്കാൻ   ചില പുസ്തകങ്ങളിലെ വാചകങ്ങൾ തെറ്റായി വായിച്ചു പ്രചരിപ്പിയ്ക്കുന്നുവെന്ന് .. തങ്ങളുടേതായ വാചകങ്ങൾ കൂട്ടിച്ചേർത്ത് വായിച്ചു കേൾപ്പിയ്ക്കുന്നുവെന്ന് ... അത് വായനക്കാരന്റെ അവകാശമാണെന്ന്...

 അങ്ങനെ...അങ്ങനെ...

കൗശികിയെന്ന  രാക്ഷസാകാരന്റെ ചിത്രം പൂർണ്ണമാക്കാൻ ഇനിയും എന്ത് വേണമെന്ന ആലോചനയിൽ രാജ്യകാര്യദർശി.
അതിനിടയിൽ ആരാലും ചൂണ്ടിക്കാണിക്കപ്പെടാതെ, പനികൊണ്ടെന്ന പോലെ വിറച്ചു തുള്ളുന്ന മലയജപുരിയെന്ന വലതുപാദം നോക്കി രസിച്ച് ചാരപ്രമുഖൻ. 

ഞാൻ കേൾക്കുന്ന ഈ കഥപറച്ചിലുകാരന്റെ ശബ്ദം ഇവിടെ വെച്ച് നേർത്തു നേർത്തു പോകുന്നു.
നിങ്ങൾക്കോ, മലയജപുരിയിലെ മഹാവൈദ്യന്മാരേ?!

2 comments: