Tuesday, October 16, 2018

അന്നപൂർണ്ണയ്ക്ക്, ദേവിയ്ക്ക്.


ഓരോ നിമിഷത്തിലും
ഓരോ ശ്വാസത്തിലും
സംഗീതമെന്ന പ്രപഞ്ചപൂർണ്ണത പങ്കിട്ട ഒരുവൾ.
കേവലമായ ആസ്വാദനം, ബാഹ്യമായ ആദരവ് - അവയ്ക്ക്  അതീതമായ വിസ്മയങ്ങളെ അനുനിമിഷം അനുഭവിയ്ക്കാൻ കെല്പുള്ള ഒരുവൾ.
ഇനിയുമൊരു തൊണ്ണൂറു വർഷങ്ങൾ കൂടി കിട്ടിയാലും തനിക്ക് പകർത്തിവയ്ക്കാൻ കഴില്ല മുന്നിൽ തെളിയുന്ന സംഗീതാക്ഷരങ്ങളുടെ പ്രകാശവർഷങ്ങൾ എന്നറിഞ്ഞ ഒരുവൾ.
അവൾക്ക് ആൾക്കൂട്ടത്തിന്റെ സാധാരണത്വത്തിന് നേരെ വാതിലടയ്ക്കാനേ കഴിയൂ.

സ്വയം പണിത തടവറ എന്ന് അവളുടെ ജീവിതത്തെ വിളിയ്ക്കുമ്പോൾ വാതിലിന്റെ ഏത് വശത്ത് നിന്ന് നിങ്ങൾ സ്വാതന്ത്ര്യത്തെ കാണുന്നു എന്നത് മാത്രമാണ് ചോദ്യം.
ഒരാൾക്കൂട്ടത്തിന് മുന്നിലിരുന്നാലും വെളിച്ചമില്ലാത്ത രാത്രിയിൽ ഒറ്റയ്ക്കിരുന്നാലും അവളുടെ മുന്നിൽ സംഗീതമെന്ന ഇന്ദ്രജാലക്കാരൻ മാത്രമേ ഉണ്ടാകൂ. അവൾക്കുമാത്രം ഇടമുള്ളയൊരിടത്ത് അവളിലെ കോശങ്ങളുടെ പ്രാണതന്ത്രികൾക്ക് മാത്രം പ്രാപ്യമായ അലൗകിക ആനന്ദം. അവൾ സുർബാഹറിന്റെ തന്ത്രികൾ മീട്ടുകയല്ല, ആ സുഖാനുഭൂതികളിൽ വിസ്മയിച്ച് അവളുടെ വിരലുകൾ വിറച്ചു പോവുക മാത്രമാണ്.

അതങ്ങനെയാണ്
കളിമണ്ണോ കാൻവാസോ ചിലങ്കകളോ മഷിപ്പേനയോ
സ്വരങ്ങളോ നിറങ്ങളോ ലിപികളോ
അതൊരാളിൽ നിറയുക
അങ്ങനെയാണ്.
അത് ചുറ്റിലുമുണ്ടെന്ന്  അയാൾ അറിയുകയാണ്;
അത് പകർത്തിയെടുക്കുക മാത്രമാണ്,
പ്രാണനിലേക്ക്..
വീണ്ടും
പ്രാണനിലേക്ക് ..

അതൊരു പ്രാചീനമായ തപസ്സാണ്, പ്രണയം പോലെ അതിപ്രാചീനം.
അസാധാരണക്കാരുടെ ആ പ്രണയം, സാധാരണമായ നിർവ്വചനങ്ങൾ കൊണ്ട് പരിഭാഷപ്പെടുത്തരുത്.

ആ പ്രണയമൂർച്ഛയുടെ കമ്പനങ്ങൾ, തന്ത്രിമീട്ടലുകൾ, പെരുക്കങ്ങൾ, ചിറകടിയൊച്ചകൾ, വേലിയേറ്റങ്ങൾ, അനേകകോടി സൂര്യതേജസ്സുള്ള മിന്നല്പിണരുകൾ, അനന്തമായ വിദ്യുത്പ്രവാഹങ്ങൾ- അതിന്റെ പടവുകൾ ഏറ്റം ശാന്തമായ് കയറിപ്പോകാൻ ത്രാണിയുള്ളയൊരാൾ, അതിന് പോലും കീഴ്‌പ്പെടുത്താൻ കഴിയാത്ത ഒരാൾ- അയാൾ, താൻ പാർക്കുന്ന ഗ്രഹത്തിൽ തികച്ചും ഏകാകിയാണ്. ആ ഉപാസകന്റെ ഉന്മത്തത ഭഞ്ജിയ്ക്കുവാൻ കേവലാസ്വാദനത്തിന്റെ കൈതട്ടലുകൾക്കാവില്ല. അവളിലെ മന്ത്രവാദിനി പ്രപഞ്ചത്തെയാകെ മൗനം നിറച്ച ഒരു കൂപ്പുകൈയിലേക്കെടുത്തുവയ്ക്കുകയാകുമപ്പോൾ.

അതുകൊണ്ട് ഭൂമിയിലെ പരിമിതമായ അളവുമാപിനികൾ കൊണ്ട്, പരിചിതമായ പദക്രമീകരണങ്ങൾ കൊണ്ട്,  സങ്കല്പിയ്ക്കാൻ കഴിയുന്ന അതിരുകൾ കൊണ്ട് അതിലൊരുവളുടെ ജീവിതം അളക്കരുത്, അടയാളപ്പെടുത്തരുത്.

അവൾ വരും.
ഭൂമിയിലേക്ക് തുറക്കുന്ന വാതിലുകൾ വീണ്ടും തുറന്ന് അവൾ വരും.
ആത്മാവിൽ എഴുതി നിറച്ച സംഗീതാക്ഷരങ്ങളിൽ നമുക്ക് കൂടി മനസ്സിലാവുന്ന ചിലത് തിരഞ്ഞെടുത്ത് നമുക്കിടയിലേക്കവൾ വരും.
നീയോ ഞാനോ അന്നീ മണ്ണിൽ ഉണ്ടാകണമെന്നില്ല.
അതിലുമേറെ വർഷങ്ങൾ പിന്നിട്ട്
അപൂർവ്വസ്വരരാഗങ്ങൾ ഹൃദയത്തിൽ പകർന്നെടുക്കാനുള്ള അറിവുമായ് നാം ഇനിയൊരിയ്ക്കൽ വരുമ്പോൾ അവളെ നാം കേൾക്കും.

അതങ്ങനെയാണ്
ഒരു ഗാനവും ആലപിയ്ക്കാതെ പോകുന്നില്ല.
ഒരു സംഗീതോപകരണവും മൗനമായിരിക്കുന്നില്ല.
നാം അത് കേൾക്കുന്നുവോ എന്നാണ്.
അത് കേൾക്കുന്നുവെന്ന് നാമറിയുന്നുണ്ടോ എന്ന് മാത്രമാണ്.

സ്വയം നൃത്തം ചെയ്യുന്ന ചിലങ്കകളെ,
ഏഴുവർണ്ണങ്ങളും ചേർന്ന കാൻവാസിനെ,
എല്ലാവാക്കുകളും എഴുതി നിറച്ച വെളിച്ചത്തെ
നാമറിയുന്നുണ്ടോ എന്നാണ്.
നാമറിയുന്നുവെന്ന് നാമറിയുന്നുണ്ടോ എന്ന് മാത്രമാണ്.

No comments:

Post a Comment