Sunday, October 14, 2018

കൂട്ടത്തിലൊരുവനാകുന്നു പ്രോമിത്യുസ്.

മനുഷ്യൻ അവന്റെ ദൈവത്തെ അവന്റെ ഭയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുമ്പോൾ, അത് അവന് ഭയക്കാനും ഭയപ്പെടുത്തുവാനുമുള്ള കാരണങ്ങളിൽ ഒന്നുകൂടിയാകുന്നു.
- പ്രോമിത്യുസ്, ദീർഘദർശിയായ പ്രോമിത്യുസ്, ഒരു പ്രവചനമെന്ന പോലെ പറയുന്നത്, എപിമെത്യുസ് കേട്ടു.

എപിമെത്യുസ് ഓർക്കുകയായിരുന്നു: മനുഷ്യൻ, സൃഷ്ടികളിൽ ഏറ്റവും നിസ്സാരമായത്, പിന്നെ എന്ത് ചെയ്യാനാണ്!  ഭയം- അതല്ലാതെ അവൻ ശീലിച്ചത് മറ്റെന്താണ്! 

നാലു വിരലുകൾക്ക് അഭിമുഖമാക്കാവുന്ന തള്ളവിരലും, നിവർന്ന നട്ടെല്ലും, നിയന്ത്രിയ്ക്കാൻ കഴിയുന്ന ബുദ്ധിയും തനിക്കുണ്ടെന്ന് അവനറിയുന്നില്ല. മനുഷ്യനറിയാവുന്നത്, അവന്  വേഗതയില്ലെന്നാണ്, ചിറകുകളില്ലെന്നാണ്, കൂർത്ത നഖങ്ങളോ പല്ലുകളോ ഇല്ലെന്നാണ്.  അവനുള്ളത്‌ രോമാവൃതമല്ലാത്ത ശരീരമാണ്, രാത്രികളിൽ ഇരുണ്ടുപോകുന്ന കാഴ്ചകളാണ്. അവന്റെ രാത്രികളിലേക്ക് അവനെ വേട്ടയാടാൻ കാട്ടുമൃഗങ്ങളെത്തുന്നു. അവന്റെ കൊടുംവേനലിലേക്ക് കാട്ടുതീ പടരുന്നു. അവന് അസഹനീയമായ തണുപ്പിലേക്ക് മഞ്ഞു മലകൾ പെയ്യുന്നു. അവൻ വിശ്വസിച്ചു ശീലിച്ചത് അങ്ങനെയാണ്: മലകൾക്ക് മീതെ ദൈവങ്ങളിരുന്ന് ഇതെല്ലാം നിശ്ചയിക്കുന്നു. അവർ ആകാശത്തിൽ വസിയ്ക്കുന്നു. തീയിനേയും കാറ്റിനെയും നിയന്ത്രിയ്ക്കുന്നു. മണ്ണും ജലവും നൽകുന്നു.

അവർക്കിടയിൽ നിന്നാണ് പ്രോമിത്യുസ് വന്നത്- 
ഇരുട്ടിൽ കാഴ്‌ച നഷ്ടപ്പെട്ടു പോകുന്നവരുടെ, തണുത്ത് മരവിച്ച്, മാളങ്ങളിൽ ഒളിച്ചു പാർക്കുന്ന, വിശന്ന് ജീവിയ്ക്കുന്ന, വേഗതയില്ലാത്തവരുടെ ഇടയിലേക്ക്.

അയാൾക്കറിയാം, രണ്ട് കൂട്ടരേയുള്ളൂ.
അഗ്നിയെ മെരുക്കാനാണറിയുന്നവരും  അതറിയാത്തവരും.
അഗ്നിയുടെ സൂത്രമറിയുന്നവൻ അധിപനാകുന്നു. അവർക്കിടയിൽ പുതിയ നിർമ്മിതികൾ ഉണ്ടാകുന്നു. അവനാകുന്നു സ്രഷ്ടാവ്.
അയാൾക്കറിയാം,
അവർക്കിടയിൽ -ഭയക്കുന്നവനും ഭയപ്പെടുത്തുന്നവനുമിടയിൽ - ഭയമാണ് അതിര്. അജ്ഞതയാണ് ഭയത്തിന്റെ ഉറവിടം.

സ്യുസ്, ദൈവങ്ങളുടെയും അധിപൻ, മനുഷ്യൻ തീയുടെ സൂത്രമറിയാതിരിക്കണമെന്ന് ആഗ്രഹിയ്ക്കുന്നു. മനുഷ്യകുലത്തിന്റെ അജ്ഞതയെ ആഗ്രഹിയ്ക്കുന്നു.
സ്വാർത്ഥരുടെ സിംഹാസനങ്ങൾ അങ്ങനെയാണ്, അത് ഒപ്പം നിൽക്കാൻ ത്രാണിയുള്ളവന്റെ അജ്ഞതയുടെ കരിങ്കല്ലുകളിൽ കൊത്തിയെടുത്തതാണ്. അതുകൊണ്ടവനെ വിലക്കുകൾ  കൊണ്ട്  ഇരുട്ടിൽ നിർത്തുക. ഭയക്കുന്നവനിലല്ലാതെ ഭയപ്പെടുത്തുന്നവന്റെ നിലനിൽപ്പ് മറ്റെവിടെയാണ്.

തീ നിർമ്മിതിയുടെ താക്കോലാണ്- പ്രോമിത്യുസ് വിശ്വസിച്ചത് അതാണ്.  സൃഷ്ടിയുടെ കൂടെയുണ്ടാകുന്നതാണ്  സ്രഷ്ടാവും. അതൊരു തുടർച്ചയാണ്. ഏതെങ്കിലും ഒരു പക്ഷത്തിന്റേത് മാത്രമല്ല. അത് പങ്കിടാനുള്ളതാണ്. ദൈവമുണ്ടാകുന്നത്- അധിപനല്ലാത്ത ദൈവം- തുണയാകുന്ന ദൈവം- ഉണ്ടാകുന്നത് അറിവുകളുടെ പങ്കിടലുകളിൽ നിന്നാണ്. സ്നേഹത്തിന്റെ പങ്കുചേരലുകളിൽ നിന്നാണ്.

അയാൾ  സഹോദരനായ എപിമെത്യുസിനോട് പറഞ്ഞു:
മനുഷ്യനെ ആദ്യം അഗ്നിയെ മെരുക്കാൻ പഠിപ്പിയ്ക്കുക. 
അഗ്നിയിൽ നിന്ന്  ഇരുട്ടിനെ.
അതിൽ നിന്ന് ആയുധങ്ങൾ.
ആയുധങ്ങളിൽ നിന്ന് അവനെക്കാൾ ശക്തിയുള്ള കാട്ടുമൃഗങ്ങളെ.
അവയുടെ കീഴടങ്ങലിൽ നിന്ന് അവന്റെ ഭയത്തെ അവൻ മെരുക്കിയെടുക്കും.

എപിമെത്യുസ് കണ്ടു:
മനുഷ്യൻ അഗ്നിയെ ഭയപ്പെടുന്നു. അതിൽ തങ്ങൾക്ക് അധികാരമില്ലെന്ന് കരുതുന്നു. അവർ പ്രോമിത്യുസിനെ തീ കട്ടെടുത്തവനായ് കരുതുന്നു. മാറ്റിനിർത്തുന്നു. അവർ സ്യുസിന്റെ ക്രോധത്തെ, അയാളുടെ ആയുധങ്ങളാണെന്ന് അവർ കരുതുന്ന ഇടിമിന്നലിനെ, കറുത്ത മേഘങ്ങളെ, കൊടുങ്കാറ്റിനെ, പേ പിടിച്ച മഴയെ ഭയക്കുന്നു. 

പ്രോമിത്യുസ് ക്ഷമയോടെ കാത്തിരുന്നു.  പുറമെ പച്ചയും അകമേ ഉണങ്ങിയതുമായ വിശേഷപ്പെട്ട ചെടിത്തണ്ടിൽ തീ കെടാതെ സൂക്ഷിച്ചുവെച്ചു.

മനുഷ്യൻ അവന്റെ ദൈവത്തെ അവന്റെ ഭയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുമ്പോൾ, അത് അവന് ഭയക്കാനും ഭയപ്പെടുത്തുവാനുമുള്ള കാരണങ്ങളിൽ ഒന്നുകൂടിയാകുന്നു.
-അയാൾ എപിമെത്യുസിനോട് പറഞ്ഞു.
നിസ്സഹായതയിൽ നിന്ന്
ഭയത്തിൽ നിന്ന്
ഒരുവന്
ദൈവമുണ്ടാകുമ്പോൾ
നിസ്സഹായത കൊണ്ട് ഭയപ്പെടാനും
നിസ്സഹായനെ ഭയപ്പെടുത്താനും
അവന്
ഒരു കാരണം കൂടി ഉണ്ടാകുന്നു എന്ന് മാത്രം.
അതിലില്ല ദൈവം.
നിസ്സഹായതയും
ഭയവും പിന്നേയും
ഒരുവനിൽ ബാക്കിയാവുന്നു എങ്കിൽ
പിന്നെ എന്തിനാണ് അവന് ദൈവം?

അറിവ്, ഒരുവന്റെയുള്ളിൽ തെളിയുന്ന സ്നേഹത്തിന്റെ കണ്ണാടികളിൽ പ്രതിഫലിക്കുന്ന മുഖത്തെ ദൈവമെന്ന് വിളിയ്ക്കാൻ അനുവദിയ്ക്കുന്നു. ഭയമില്ലാത്തവർ അവരിലെ നന്മകളിൽ നിന്ന് അവരുടെ ദൈവത്തെ സ്വയം തിരഞ്ഞെടുക്കുന്നു.

അയാൾ അഥീനയെ പ്രാർത്ഥിച്ചു; അറിവിന്റെ ദേവതയെ.
മനുഷ്യർ പ്രോമിത്യുസിന് അത്രയേറെ പ്രിയപ്പെട്ടവരായിരുന്നു.

അഥീന തന്നിലെ അറിവുകൾ പങ്കിടാൻ ഭയമില്ലാത്ത ഒരാളെ അന്വേഷിച്ചു. അവൾ കണ്ടെത്തിയത് ഒരമ്മയേയും കുഞ്ഞിനേയുമാണ്. കുഞ്ഞ് തണുപ്പ് കൊണ്ട് മരിക്കാറായിരുന്നു. അമ്മ, സ്യൂസിന്റെ ക്രോധത്തെക്കുറിച്ചോർത്തില്ല, അവൾക്ക് വേണ്ടത് കുഞ്ഞിന്റെ തണുപ്പ് മാറ്റാനൊരിടമായിരുന്നു. അഥീന അവളെ പ്രോമിത്യുസിനരികിലെത്തിച്ചു. അയാൾ അവർക്ക് വേണ്ടി തീ കൂട്ടി. 

കാട്ടുതീയുടെ ഭ്രാന്തില്ലാതെ മനുഷ്യനോട് മെരുങ്ങിയ, ആദ്യത്തെ തീ.
കുഞ്ഞിന് പ്രിയപ്പെട്ടവരെല്ലാം അതിനോടൊപ്പമിരുന്നു. അന്നവർ വിശന്നിരുന്നില്ല. തണുപ്പുകൊണ്ട് കാറ്റുപോലെ വിറച്ചില്ല. ഇരുട്ടിനെ പേടിച്ചില്ല. അവർ പ്രോമിത്യുസിനെ കേട്ടിരുന്നു.  അവർ  മുൻപത്തെ പോലെ നിസ്സഹായരായില്ല. 

അഥീന, സ്യുസിന്റെ പ്രിയപുത്രി, പ്രോമിത്യുസിന്റെ പ്രിയരെ കല്ലുകൾ മൂർച്ച കൂട്ടി ആയുധങ്ങളുണ്ടാക്കാൻ, ഇലകളും മൃഗചർമ്മവും നെയ്തെടുത്ത് പുതയ്ക്കാൻ, കിഴങ്ങുകൾ ചുട്ടു തിന്നാൻ, മാംസം വേവിച്ചെടുക്കാൻ, വിത്തുകൾ പാകാൻ പഠിപ്പിച്ചു. അവൻ മേൽക്കൂരയ്ക്ക് കീഴിലിരുന്ന് വേനലും മഴയും ആസ്വദിച്ചു. അവന് വളർത്തു മൃഗങ്ങളും കൃഷിയിടങ്ങളും ചക്രങ്ങളുമുണ്ടായി. അവൻ ധാന്യപ്പുരകൾ നിറച്ചു വെച്ചു. 

സ്യൂസിനെ ഭയക്കുന്നവർ അപ്പോഴും അവശേഷിച്ചു. അവർക്കിടയിലേക്കാണ് പാൻഡോറ വന്നത്. അവൾ എറിഞ്ഞു വീഴ്ത്താൻ കഴിയാതെ പോയ മൃഗത്തിന്റെ വേഗതയിലും ഓരോ ഇടിവെട്ടിപ്പെയ്ത്തിലും കൊടുങ്കാറ്റിലും  നദി തട്ടിയെടുത്ത വയലുകളിലും സ്യൂസിന്റെ ക്രോധത്തിന്റെ കഥകൾ ഓർത്തെടുത്തു പറഞ്ഞു.  അവളുടെ പെട്ടിയിൽ പുതിയ നുണകളായിരുന്നു. ഭയപ്പെടാൻ പുതിയ കാരണങ്ങൾ. പുതിയ അന്ധവിശ്വാസങ്ങൾ. 

അഥീനയേക്കാൾ ചിലർ പാൻഡോറയെ കേൾക്കും. വിശ്വസിയ്ക്കും. 
പ്രോമിത്യുസിന്റെ വാക്കുകൾ എപിമെത്യുസ് ഓർത്തെടുത്തു:
മനുഷ്യരിൽ ചിലർ അങ്ങനെയാണ്. അവർ അവരിലെ വിളക്കുകൾ കെടുത്തിവെച്ച് ഇരുട്ടിലിരുന്ന് വെളിച്ചത്തിൻെറ ദൈവങ്ങളെ ഭയപ്പെടും. 

ഇനിയും കഥകളുണ്ടാകും.
സങ്കടങ്ങളുടെ, തോൽവിയുടെ, രോഗങ്ങളുടെ, മരണങ്ങളുടെ, ആക്രമണങ്ങളുടെ ..
ഓരോ അതിജീവനത്തിനൊടുവിലും പുതിയ വെല്ലുവിളികൾ. സ്വാതന്ത്ര്യത്തിനൊപ്പം അനേകം ചങ്ങലകളും.

പ്രോമിത്യുസ് പറഞ്ഞു:

എനിക്കും കാത്തിരിയ്‌ക്കേണ്ടതുണ്ട് എപിമെത്യുസ്,  നുണകൾ കൊണ്ട് കാലങ്ങളോളം കരള് കൊത്തിപ്പറച്ചാലും ആ കഴുകനെ കീഴടക്കാൻ എത്തുന്ന നിർഭയനായ ഒരുവനെ... എന്റെ പ്രിയരിലൊരുവനെ; അവരുടെ ലോകത്തെ.
എനിയ്ക്കും കാണേണ്ടതുണ്ട്,  പുതിയ നിർമ്മിതികൾ. അറിവിന്റെ പങ്കിടലുകൾ.
കേൾക്കേണ്ടതുണ്ട്, സ്നേഹത്തിന്റെ നിറഞ്ഞ പ്രാർത്ഥനകൾ.


4 comments:

 1. ഹോ
  അസാധ്യമായ അവതരണം


  ശരിക്കും ക്ലാസിക്ക്

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം, ഹൃദയം നിറഞ്ഞ നന്ദി.

   Delete
  2. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ
   പേര്, പബ്ലിഷറുടെ പേര് പറഞ്ഞാലും

   Delete
  3. ഇല്ല; ഇതാണെന്റെ പുസ്തകം :-)

   Delete