Monday, October 1, 2018

ഏഴ് രാത്രികളിലെ മഴ

മൂന്ന് വർഷത്തെ പ്രണയം. 
മൂന്ന് വർഷത്തെ തയ്യാറെടുപ്പുകൾ.
മണി, ഫ്‌ളാറ്റിന്റെ താക്കോൽ തന്നേല്പിയ്ക്കുമ്പോൾ അവരിരുവരും ഓർത്തു കൊണ്ടിരുന്നത് അത് തന്നെയായിരിരുന്നു.
കാത്തിരിയ്ക്കാറുള്ള ഫോൺ കോളുകൾ,  വന്നു ചേരാറുള്ള വാട്സാപ്പ് ഒറ്റവരികൾ,  സോഷ്യൽ മീഡിയയിലെ കണ്ണാടിനോക്കലുകൾ, ചമയങ്ങൾ അഴിച്ചു വയ്ക്കാനുള്ള ഇ മെയിലുകൾ.

താക്കോൽ ഏല്പിച്ചു കൊണ്ട് മണി പറഞ്ഞു:
'മൂന്നാല് ദിവസായി വേലക്കാരി വന്നു പോയിട്ട്, അതിന്റെയൊരു വൃത്തിക്കുറവുണ്ടാവും വീട്ടിന് ..'

'മൂന്നാല് ദിവസം വേലക്കാരി വരാതിരുന്നാൽ സ്ഥിതി ഇതാണെങ്കിൽ... ' എന്ന്  ചോദിച്ചാണ് അവൾ സംഭാഷണം തുടങ്ങിയത്.
' ഞാനിതൊക്കെ ഒന്ന് അടുക്കിപ്പെറുക്കി വയ്ക്കട്ടെ .'

അയാൾ ഓർമ്മപ്പെടുത്തി:
'അതിന് നമ്മളിവിടെ സ്ഥിരമായി താമസിക്കുന്നൊന്നും ഇല്ലല്ലോ, ഒരാഴ്ച്ച കഴിഞ്ഞാൽ മടങ്ങേണ്ടതല്ലേ?'
'ഒരാഴ്ച്ചയോ ഒരു ദിവസോ .. താമസിക്കുന്നയിടം ഇങ്ങനെ കിടന്നാൽ ഒരു സ്വസ്ഥത കിട്ടില്ല എനിക്ക് '
അയാൾ ഓർത്തു- ഒരാഴ്‌ച സമയം. അതിനിടയിൽ സ്വസ്ഥത കൂടി ഇല്ലെങ്കിൽ കാര്യമെന്ത്!
'എന്തായാലും ഇന്നിനി ഒന്നും ചെയ്യണ്ട; നേരം ഇത്ര രാത്രിയായില്ലേ?'
'അതെ' അവൾ പറഞ്ഞു: 'എന്തൊരു യാത്രയായിരുന്നു, എവിടെയൊക്കെയോ മഴ പെയ്യുന്നത് കൊണ്ട് ട്രെയിനെല്ലാം നേരം തെറ്റി. ഫ്‌ളൈറ്റ് ഓൺ ടൈമായിരുന്നോ?'
' ലാൻഡിംഗിന് സമയമെടുത്തു.'
'ഇവിടെയും പകല് മുഴുവൻ മഴ പെയ്തതെന്ന് തോന്നുന്നു.'
'പെയ്യട്ടെ ' അയാൾപ്രാർത്ഥിച്ചു: 'ഭൂമി മുഴുവൻ നനയട്ടെ!'
എന്തൊരു ചൂടായിരുന്നു,  കടലിന്റെ പടിഞ്ഞാറെക്കരയിൽ!

അവൾ പൊതിഞ്ഞെടുത്തു കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിയ്കുമ്പോൾ കാരണമൊന്നുമില്ലാത്തൊരു അപരിചിതത്വം അല്ലെങ്കിൽ പഴക്കമേറിയ ദിനചര്യ പോലെയൊരടുപ്പം, ഏതോ ഒന്ന് തങ്ങൾ അനുഭവിയ്ക്കുന്നുണ്ടെന്ന് അവർക്ക് തോന്നി. പല വാക്കുകളും പറഞ്ഞെന്നു കരുതി പറയാതെ പോകുന്നത് അതുകൊണ്ടാകണം.

'ഇവിടെയാണ് മണി കിടക്കാറുള്ളതെന്ന് തോന്നുന്നു.'
ഏറ്റവും അലങ്കോലമായി കിടന്ന കിടപ്പു മുറി നോക്കി അവൾ പറഞ്ഞു: 'എന്തായാലും ഞാൻ ഇവിടെ കിടക്കുന്നില്ല.'
എന്നിട്ട് അടുത്ത മുറിയിൽ കടന്ന് വാതിലടച്ചു.

അയാൾ ചിരിച്ചു.
കഥകളിലായാലും ജീവിതത്തിലായാലും ചില നേരങ്ങളിൽ ചില കാര്യങ്ങൾ മാത്രമേ സംഭവിയ്ക്കൂ എന്ന് നമുക്ക് ചില മുൻവിധികളുണ്ട്. ചിലരാണെങ്കിൽ അത് തെറ്റിയ്ക്കണമെന്ന് ബോധപൂർവ്വം ആഗ്രഹിയ്ക്കുന്നവരും. അവർ എല്ലായിടത്തും അതിനുള്ള സാധ്യതകൾ മാത്രം തിരഞ്ഞുകൊണ്ടിരിയ്ക്കും.
:-)

പിറ്റേന്ന് അയാൾ ഉണർന്നെഴുന്നേറ്റത് ഉച്ചയാകാറായപ്പോഴാണ്.
' നേരത്തെ എഴുനേല്ക്കാഞ്ഞത് നന്നായി '
അവൾ ചിരിയോടെ പറഞ്ഞു:
'എന്തൊരു പൊടിയും വെയ്സ്റ്റുമായിരുന്നു ഇവിടെ നിറയെ.  മണി-കുപ്പയ്ക്കുള്ളിലെ മാണിക്യം എന്നൊരു നാടകം സംവിധാനം ചെയ്യുകയായിരുന്നു ഇത്രയും നേരം ഞാൻ.'


'പതിവ് പോലെ ഉറങ്ങിയതിന്റെ ക്ഷീണം മാറ്റാനൊന്ന് കിടക്കുന്നോ?' ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു: 'അപ്പോഴേക്കും മറ്റേ മുറിയും കൂടി ഒന്ന് അടുക്കിപ്പെറുക്കി തുടച്ചിടട്ടെ.'

അയാൾ ലാപ്ടോപ്പും മെയിലുകളും തുറന്നിരുന്നു. ആലോചിച്ചത് അവളെക്കുറിച്ചായിരുന്നു. എല്ലാ ദിവസവും ഒന്നിച്ചു താമസിക്കാനുള്ള ഒരിടം, ഒരു യാത്ര കഴിഞ്ഞു വന്ന് ഒരുക്കിവയ്ക്കുന്നത് പോലെയാണ് അവളതെല്ലാം ചെയ്യുന്നത്. പറഞ്ഞു വരുമ്പോൾ അഞ്ചോ ആറോ ദിവസങ്ങൾ കഴിഞ്ഞാൽ രണ്ടുപേർക്കും രണ്ടിടത്തേയ്ക്കായ് മടങ്ങിപ്പോകേണ്ടതുമാണ്.

' പിന്നെ, എന്തിനാ ഈ സാഹസം?'
'മറ്റൊന്നുമല്ല; എനിക്ക് വേണ്ടിയാണ്.' അവൾ വിളിച്ചു പറഞ്ഞു: 'എങ്കിലേ ഇനിയുള്ള ദിവസം എനിയ്ക്ക് സ്വസ്ഥമായ് ഇരിക്കാൻ കഴിയൂ.. സ്വന്തം വീട്ടിലെന്നപോലെ നിന്റെ കൂടെ സ്വസ്ഥമായ്..'

പണിയൊക്കെ ഒതുക്കി വിശ്രമിയ്ക്കാൻ അവൾ ഒപ്പമിരിയ്ക്കുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
'ഇത് മണിയുടേതാണെന്ന് തോന്നുന്നു.' അവളാ പഴയ ഫോട്ടോ ആൽബങ്ങളിലൊന്ന് പൊടി തുടച്ചയാൾക്കെടുത്തു കൊടുത്തു.
'മണിയുടേതാണെങ്കിൽ '
അയാൾ പറഞ്ഞു:
'ഞങ്ങളുടേത് കൂടിയാണ്. ഞങ്ങളിൽ ഒരാളെങ്കിലുമില്ലാത്ത ഒരു ഫോട്ടോ പോലും ഉണ്ടാകാൻ ഇടയില്ല.'

അതിനിടയിലാണ് അയാൾക്ക് ഫോൺ വന്നത്.
'എടുക്കൂ'- അവൾ പറഞ്ഞു.
' വേണ്ട..' അയാൾ അശ്രദ്ധയോടെ  പറഞ്ഞു:
' എടുത്തുകഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും സംസാരിച്ചവസാനിപ്പിയ്ക്കാൻ സാധ്യതയില്ല.'
' എന്നാലും എടുക്കൂ.' അവൾ നിർബന്ധിച്ചു:
'അല്ലെങ്കിൽ പിന്നെ നുണ പറഞ്ഞൊളിച്ചിരിയ്ക്കുന്നത് പോലെയൊരു സങ്കടം തോന്നും എനിയ്ക്ക്.'

അടുത്ത മുറിയിലെ, ബാൽക്കണിയിലേക്ക് തുറക്കുന്ന വാതിൽ തുറന്ന്, അവൾ മഴ നോക്കി നിന്നു. പകൽ മുഴുവൻ നിറഞ്ഞു പെയ്തിട്ടും നിർത്താതെ രാത്രിയിലും തുടരുന്ന മഴ.
നന്നായൊന്നു നനയാൻ ഒരു മഴ പോലും നമ്മുടെ കാലത്ത് പെയ്തിട്ടില്ലെന്ന് പരിഭവം കേട്ട് നിറഞ്ഞ  അതേ മഴ.
അത് വിളിയ്ക്കുന്നുണ്ട്: 
നിങ്ങൾക്കു വേണ്ടിയാണ് ഈ പെയ്യുന്നത് എന്ന് പറയുന്നുണ്ട്.
രാത്രിയാണെന്ന് ഓർമ്മിപ്പിയ്ക്കുന്നുണ്ട്, 
പവിഴമല്ലിപ്പൂക്കളുടെ മണം നിറയ്ക്കുന്നുണ്ട്.

അന്യോന്യം മണം പങ്കിടുന്ന മഴയും മരവും.
വഴിവെളിച്ചത്തിന്റെ തെളിച്ചം പങ്കിടുന്ന തുള്ളികളും ഇലകളും.
അവളോർത്തു:
എന്തുകൊണ്ടാവണം ഇത്രയും നേരം അത് ഓർക്കാതെയിരുന്നത്?
എന്തിനെന്ന്, എവിടേക്കെന്ന് ചോദ്യങ്ങളില്ലാതെ, വിലക്കുകളില്ലാതെ; മഴ പെയ്യുന്ന ഒരു രാത്രി, മരങ്ങൾക്കിടയിലൂടെ നടക്കണമെന്ന് ഓർമ്മ വെച്ച നാൾ മുതൽ ആഗ്രഹിച്ചത് ഇത്രയും നേരം ഓർക്കാതെയിരുന്നത്?
ഒരു പക്ഷെ നാളത്തെ പകൽ വെയിൽ നിറഞ്ഞതാവാം. 
ഇനിയുള്ള ദിവസങ്ങളിൽ മഴ പെയ്തില്ലെന്നും വരാം.
കാലങ്ങളായി അതാണ് പതിവ്.
അപ്പോൾ, മഴ എല്ലാം ഒരുക്കിവെച്ച് വിളിയ്ക്കുന്ന ഈ രാത്രി ഇറങ്ങി ചെല്ലാതിരിയ്ക്കുന്നതെങ്ങനെ?

നോക്കുമ്പോൾ അയാൾ അപ്പോഴും ഫോണിൽ സംസാരിയ്ക്കുകയാണ്.
പതിവ് മൂളലുകൾ, കുറച്ച് വാക്കുകൾ..
എന്നാലും അവൾക്കറിയാം, അയാളോട് സംസാരിയ്ക്കുന്ന ആർക്കും തങ്ങളുടെ വാക്കുകൾ പെട്ടന്നൊന്നും പറഞ്ഞവസാനിപ്പിയ്ക്കാൻ തോന്നില്ല.

അവൾ മുറി തുറന്നിറങ്ങി. 
മണി പറഞ്ഞിരുന്നു: മൂന്നാമത്തെ നിലയാണ്. ലിഫ്റ്റ് മിക്കപ്പോഴും വർക്ക് ചെയ്യണമെന്നില്ല. കയറുന്നതും ഇറങ്ങുന്നതുമാവും ഇവിടെ ഏറ്റവും പ്രയാസം.

സാരമില്ല, വിളിയ്ക്കുന്നത് മഴയല്ലേ!
ഇലകളിലൂടെ 
മരങ്ങളിലൂടെ 
വഴികളിലൂടെ 
വിളക്കുകളിലൂടെ 
വീടുകളിലൂടെ 
കുടകളിലൂടെ 
കടന്നുപോകുന്നവരിലൂടെ 
മിണ്ടിപ്പറഞ്ഞിരിയ്ക്കാമെന്ന് വിളിയ്ക്കുന്ന മഴ.

അതെല്ലാം കേട്ട് ഏറെ അലഞ്ഞു മടങ്ങുമ്പോൾ ഓർത്തു:
ഇതാണോ ഓർമ്മവെച്ച നാൾ മുതൽ ആഗ്രഹിച്ചത്?
മഴയിൽ, രാത്രി ഒറ്റയ്ക്കുള്ള ഈ നടത്തം.
അല്ല; ഒരിയ്ക്കലുമല്ല.
എവിടെയോ വായിച്ച കവിതയിലെന്നപോലെ ,
വരും വരുമെന്നു കരുതിയ ആ കൈത്തലം ഒരിക്കലും വരാത്തതെന്താണ്‌?

മഴകൊണ്ടാണോ നനയുന്നതെന്നുറപ്പിയ്ക്കാൻ കഴിയാതെ നിറയുന്നുണ്ട് കണ്ണുകൾ.

തിരിച്ചു നടക്കുമ്പോൾ വഴിയോരം നിർത്തി, ലൈറ്റും വൈപ്പറുമിട്ട്, വിറച്ചുകൊണ്ടിരുന്ന കാറുകളിലൊന്ന് അവളെ വല്ലാതെ പേടിപ്പിച്ചു. ഒരു സുഹാസിനി-മമ്മൂട്ടി ചിത്രത്തിൽ, മഴയിൽ നിർത്തിയിട്ട കാറിനുള്ളിൽ സുഹാസിനിയുടെ വിരലുകൾ കരയുന്ന ചിത്രം മനസ്സിൽ വന്നു. ആ ചിത്രം പുറത്തിറങ്ങുമ്പോൾ അവൾ ജനിച്ചിട്ടും കൂടിയുണ്ടാവില്ല, എന്നിട്ടും ടിവിയിൽ ആ ചിത്രം കണ്ടപ്പോൾ താൻ ജനിച്ചതും അങ്ങനെ ഒരു നിമിഷമാകാനേ ഇടയുള്ളൂ എന്നവൾക്ക് തോന്നിയിരുന്നു.
കാറ്റിന്റെ കൈകളിലെ മഴയുടെ വിരലുകൾ കൊണ്ട്, ചക്രങ്ങളുണ്ടായിരുന്നിട്ടും ചലനമില്ലാതെയായിപ്പോയ ഒന്നിനെ, ഒരു നിമിഷമൊന്ന് ചുറ്റിപ്പിടിച്ച് എങ്ങോട്ടോ ഒലിച്ചു പോയ മറ്റൊന്നിനെക്കുറിച്ചുള്ള ഓർമ്മകൾ- അവളെ ഭൂമിയിലേക്കാവാഹിച്ച സ്ത്രീയും പുരുഷനും. അതുകൊണ്ടാണ് മഴ എല്ലാ കാലത്തും അവളെ ഒറ്റയ്ക്കാക്കിക്കളയുന്നത്. ഒരുപോലെ, ഒരു ജനനത്തിലെന്നപോലെ, ആഹ്‌ളാദവും കരച്ചിലും അവളിൽ നിറയ്ക്കുന്നത്.

വല്ലാത്തൊരു നീറ്റൽ. അതുകൊണ്ടാവണം ഭയവും.
അപ്പോൾ ഓർത്തു, എവിടെയോ വായിച്ചിട്ടുണ്ട്: നമ്മുടെ മനസ്സിൽ ആ ചിന്തകളൊക്കെ നിറയുമ്പോൾ അഭയം തരാൻ മനസ്സുണ്ടായിരുന്നവർ പോലും അപകടകാരികളാകും.. ആ ചിന്തകൾ അനുഭവങ്ങളാകും.
ആ ചിന്തകൾ...
മനസ്സ് ...
മനസ്സാണ് എല്ലാം.

അതുകൊണ്ട് മറ്റെല്ലാം മായ്ച്ചു കളയാൻ, എപ്പോഴെങ്കിലും എഴുതാൻ, ഒരു കഥ ഓർത്തെടുത്ത്, വേഗത്തിൽ നടന്നു.അവൾ കഥകൾ പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. ഒറ്റയ്ക്കാവുക എന്നാൽ ഭയം പോലും കൂട്ടിനുണ്ടാകരുത് എന്നാണ്.

തിരിച്ചു വന്നപ്പോഴും അയാൾ ഫോണിലായിരുന്നു.
എങ്കിലും ഇത്രനേരമായും അയാൾക്ക് വർത്തമാനം നിർത്താൻ കഴിയാത്തത് ആരോടായിരിക്കും?
ആരായിരിക്കും അയാളോടിന്ന് മഴയെക്കുറിച്ച് പറയുന്നുണ്ടാവുക?
എന്താണ് അവർക്കിടയിലെ ആ മഴ പെയ്ത് തോരാത്തത്?!

പിറ്റേദിവസം വൈകിയെഴുന്നേറ്റത് അവളാണ്. വൈകിയെന്ന് പറയുമ്പോൾ ഒരു പകൽ മുഴുവനും അവളുറങ്ങിപ്പോയി.
അടച്ചിട്ട വാതിലിനിപ്പുറം ചേർന്ന് നിന്ന് അയാൾ അസ്വസ്ഥയോടെ ആലോചിച്ചു: അവൾക്കിനി പനിക്കുന്നുണ്ടാകുമോ? ഇന്നലത്തെ രാത്രി ആ മഴയെല്ലാം നനഞ്ഞ് ..
എങ്കിലും വാതിലിനു മുട്ടി അവളെ വിളിയ്ക്കാനോ ഉണർത്താനോ അയാൾക്ക് തോന്നിയില്ല.
ഉറങ്ങുകയാവും.
അവൾക്കത് പതിവുള്ളതാണ്.
ചിലപ്പോൾ എഴുതുകയാവാം.
പ്രണയത്തെക്കുറിച്ച് എഴുതുന്നയിടത്തെല്ലാം മഴയെക്കുറിച്ചുകൂടി പറഞ്ഞിട്ടുള്ളവരാണവർ.

കോഫി ടേബിളിൽ, ഇന്നലെ രാത്രി അവൾ പറിച്ചുവെച്ച മഴയും പവിഴമല്ലിയുടെ പൂക്കളും. അതവിടെ വയ്ക്കാൻ കഴിഞ്ഞ രാത്രിയിൽ അവൾ മുറിയിൽ വന്നപ്പോൾ അയാൾ ഫോണിൽ സംസാരിയ്ക്കുകയായിരുന്നു. അതിനിടയിൽ ചുണ്ടിൽ കൈവെച്ച് ശബ്ദമുണ്ടാകരുതെന്ന് പറഞ്ഞത് അവളെ വേദനിപ്പിച്ചിട്ടുണ്ടാകുമോ?
അയാൾ സ്വയം ശാസിച്ചു:
ഒരാണിന്റെ ശബ്ദലോകത്തെയാകെ തകർത്തുകളയാനുള്ള നിശബ്ദത ആയുധമായ് അണിയാൻ കരുത്തുള്ള ഒരുവളോട് മിണ്ടരുതെന്ന് ആജ്ഞാപിയ്ക്കരുത്. അവളത് അക്ഷരംപ്രതി അനുസരിച്ചുകളയും! 

അവൾ എഴുന്നേറ്റ് പുറത്തു വന്നപ്പോൾ, മുഖവുരയൊന്നുമില്ലാതെ അവളോട് പറഞ്ഞു:
' വേഗം റെഡിയാകൂ.. നമുക്ക് പുറത്തു പോയി ഭക്ഷണം കഴിച്ച്, ഒന്ന് നടന്ന്, ഒരു സിനിമയും കണ്ട് മടങ്ങിവരാം.'

അന്ന് ഏറെയും സംസാരിച്ചത് അയാളായിരുന്നു. നന്നേ ചെറുതായ് പാറിയ ചാറ്റലിലും കനത്ത മഴയിൽ ഒരു കുടയിലെന്ന പോലെ അത്രയും ചേർന്ന് നിന്ന് അവർ നഗരമൊന്ന് പ്രദക്ഷിണം ചെയ്തു.  ആ പകൽ മുഴുവനും മണിയുടെ ഫോട്ടോ ആൽബം മറിച്ചു നോക്കുകയായിരുന്നത് കൊണ്ട് അയാൾക്ക് പറയാൻ ഓർമ്മകൾക്കും വാക്കുകൾക്കും ക്ഷാമമുണ്ടായിരുന്നില്ല.

വീട്ടിലെത്തിയപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു.
'കിടന്നോളൂ' അയാൾ പറഞ്ഞു:
' പുലർച്ചെ ഒരിടം വരെ പോകാം.. '

മലയുടെ മുകളിലെ ക്ഷേത്രത്തിലേക്കായിരുന്നു അയാൾ കൊണ്ടുപോയത്. പ്രാചീന ക്ഷേത്രം. സൂക്ഷിച്ചു കയറേണ്ട കൽപ്പടവുകൾ. തിരിച്ചു വരാൻ തോന്നാത്ത ഒരിടം.

'ഓർമ്മകൾ..' അയാൾ പറഞ്ഞു:
'നമ്മളിവിടെ കുടിലു കെട്ടി പാർത്തിട്ടുണ്ടാകും ഒരു കാലത്ത്, മരവുരിയും മാൻതോലുമണിഞ്ഞ്.'
അനേകം പടികകളിറങ്ങി ചെല്ലേണ്ട ഒരു കുളത്തിനരികെ നിൽക്കുമ്പോൾ അയാൾ വീണ്ടും ഓർമ്മിച്ചു:
'അന്ന് ഇതൊരു ചെറിയ ജലാശയമായിരുന്നു. നമ്മളിവിടെ നീന്തിക്കുളിയ്ക്കാറുണ്ടായിരുന്നു.'
' നീന്തലറിയാത്ത നമ്മളോ?!'
'അത് നമ്മളിത്രയും ജന്മങ്ങളൊക്കെ കടന്ന് വന്നപ്പോഴേയ്ക്കും മറന്നു പോയതല്ലേ?'

തിരിച്ചു വരുമ്പോൾ പുഴ തുടങ്ങുന്നയിടത്ത്, 'ഇവിടെയിറങ്ങി, നടന്നാലോ ' എന്നവൾ അയാളോട് പറഞ്ഞു. ഡ്രൈവറോട് പാലത്തിനപ്പുറം കാത്തു നിൽക്കാമോ എന്നന്വേഷിച്ചു.
വർഷങ്ങളോളം മെലിഞ്ഞ്, മണലണിഞ്ഞ് മയങ്ങിയ പുഴ,  വിരൽകൊണ്ട് തൊട്ടുനോക്കാവുന്നയത്ര ഉയർന്ന് പരന്നൊഴുകുന്നതിലൂടെ നടന്നു. മധ്യത്തിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലുമേറെ ശക്തിയിൽ കാറ്റു വീശി. കുട പറന്നു പോയി. മഴ കനത്തു.

അയാൾ പറഞ്ഞു:
'നീന്തലറിയാത്ത രണ്ടുപേർ ഒരു പുഴ നീന്തിക്കടക്കണമെന്നാഗ്രഹിച്ചാൽ അതിങ്ങനെയാവും. '
അവൾ പിറുപിറുത്തു:
'ഇന്നാണ് കാറ്റിനെയും മഴയേയും പുഴയേയും ആദ്യമായ് നേർക്ക് നേരെ കണ്ടത്.. ഇപ്പോഴാണ് നമ്മൾ അടിമുടി പ്രാചീനരായത്. '

'ചില നേരങ്ങളിൽ എനിയ്ക്ക് 
ഹവ്വയാകണമെന്ന് തോന്നും.'
- അവൾ മുൻപെപ്പോഴോ തമ്മിൽ പങ്കുവെച്ച കുസൃതികളിലൊന്ന് ഓർത്തെടുത്ത് പറഞ്ഞു:
' നിനക്ക് മാത്രമുള്ളതാണ്
ആദം എന്ന പേര്.'
;-)

പാലത്തിനപ്പുറത്ത്  ടാക്സി കാത്തുകിടന്നിരുന്നു. കാറിന്റെ അകം നനഞ്ഞു പോകുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും അവരുടെ ഈ ഭ്രാന്ത് ടാക്സിഡ്രൈവറും ആസ്വദിച്ചു. അയാൾ പറഞ്ഞു :
'.. എത്ര കാലം കൂടിയിട്ടാ ഇങ്ങനെയൊരു മഴക്കാലം വന്നത്! പുഴയിങ്ങനെ നിറഞ്ഞത്!! എന്റെ വീട്ടിനടുത്ത് ചെറിയ വെള്ളച്ചാട്ടം പോലെ ഒന്നുണ്ട്. ഇത്തവണത്തെ മഴയ്ക്ക് അത് വീണ്ടും നിറഞ്ഞു. ഇന്നലെ ഞാൻ മക്കളേയും കൂട്ടി അവിടെ പോയി കുളിച്ചു. ഇന്നലെ ചേട്ടൻ വിളിയ്ക്കുമ്പോ ഞാൻ അവിടെയായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോ ആരും കാണാതെ അവിടെ കുളിയ്ക്കാൻ പോകാറുണ്ടായിരുന്നു. ആരെങ്കിലും കണ്ടുപോയാൽ നല്ല തല്ലും വഴക്കും കിട്ടും. ഇപ്പൊ നമ്മള് തന്നെ കുട്ടികളെ അവിടെ കൂട്ടി പോയി, അവരു കളിയ്ക്കുന്നത് കണ്ട് നിൽക്കുന്നു. ഒപ്പം കളിയ്ക്കുന്നു.. അതാണ് നമ്മുടെ പേരന്റസും നമ്മളും തമ്മിലുള്ള വ്യത്യാസം..  അല്ലേ! '

വഴിയിലൊരിടത്ത്, വയലുകൾക്കരികിലൂടെ കല്ലുകൾ പാകിയ നനഞ്ഞു നീണ്ടു കിടന്ന ഒരു വഴിക്കപ്പുറം കണ്ട ഒരു ചെറിയ പീടിക കാണിച്ചു ഡ്രൈവർ വണ്ടി നിർത്തി:
' അവിടെ പശുവിന്റെ പാൽ കറന്നൊഴിച്ച നല്ല ചായ കിട്ടും.. പിന്നെ ബജിയും മുറുക്കും.. കഴിച്ചിട്ടു വരൂ.. ഞാൻ ഇവിടെ കാത്തു നിൽക്കാം.'

അവിടെ എത്തിയപ്പോൾ അവരെപ്പോലെത്തന്നെ എവിടെ നിന്നോ മഴയേയും കൂട്ടി വന്ന കുട്ടികളുടെ ചെറിയ സംഘം. അതിലൊരു തീപ്പൊരി അകലേക്ക് വിരൽ ചൂണ്ടി:
'റയിൽവേ ട്രാക്കിനപ്പുറം പാടത്ത് നിറയെ മീനുകൾ വന്ന് നിറഞ്ഞിട്ടുണ്ട്... വരുന്നോ? നല്ല രസമാണ്'

അവർ ചൂണ്ടിയ ദിശയിൽ വഴിയെന്ന് തോന്നിച്ച ഒരു പച്ച വര മാത്രം.
'വേണ്ട!'
അവൾ പറഞ്ഞു:
' തളർന്നു.. ഇനിയും  നീന്താൻ വയ്യ.'

അപ്പോഴേയ്ക്കും അയാൾ കുട്ടികളുടെ കൂടെ കൂടിയിരുന്നു.
'വരൂ'
അയാൾ വിളിച്ചു:
' വഴുതി വീണാലും കുഴപ്പമില്ല, നനയും- അത്രയല്ലേ ഉള്ളൂ.. ഇതിൽ കൂടുതൽ ഇനി എന്ത് നനയാനാണ്!'

റയിൽവേ ട്രാക്കിനടുത്തെത്തിയപ്പോൾ അവരെക്കാൾ മുൻപേ എന്ന് ചുവന്ന നിറത്തിലുള്ള ഒരു തീവണ്ടി. അത് കടന്നു പോകാൻ കാത്തു നിൽക്കെ  വേഗം വേഗമെന്ന് ആ നേരം ഡ്രൈവർ വിളിച്ചു.
അയാൾ പരിഭ്രമത്തോടെ പറഞ്ഞു:
'വേഗം മടങ്ങാം. എനിയ്ക്ക് എളുപ്പം തിരിച്ചു പോകണം. ഡാമിന്റെ ഷട്ടറുകൾ തുറന്നത്രെ ... എല്ലായിടത്തും വെള്ളമാണ്.. വീടിനകം വരെ..'

വീട്ടിൽ മടങ്ങിയെത്തി, ഒന്നിച്ചുറങ്ങേണ്ട പ്രാചീനതയുടെ ഗുഹാമുഖത്ത് ചായക്കപ്പുകൾ തീപിടിപ്പിച്ച്, ചൂടുപറ്റിയിരിക്കുമ്പോൾ അയാളുടെ ഫോണിൽ നിറഞ്ഞു കിടന്ന മിസ്ഡ് കോളുകളിൽ ഒന്ന്- ഏറ്റവും കൂടുതൽ അയാളെ അനേഷിച്ചു കൊണ്ടിരുന്ന ആ നമ്പർ- ഡയൽ ചെയ്ത് അവൾ തന്നെ അയാൾക്ക് കൊടുത്തു. അതിനിടയിൽ വിരൽ തട്ടിയാവണം അറിയാതെ ഉറക്കെയായിപ്പോയ ഫോണിൽ ഒരു കുഞ്ഞു കരച്ചിൽ അവളും വ്യക്തമായ് കേട്ടു:
' ഡാഡീ .. വേഗം തിരിച്ചു വാ ഡാഡി '
അടുത്തത് കുറച്ചുകൂടി മുതിർന്ന കുട്ടിയുടെ ചോദ്യമായിരുന്നു:
'ഡാഡീ.. എവിടെയാ? ഇവിടെ മാളു ടിവി നോക്കി ഫ്ലഡിന്റെ ന്യൂസ്സൊക്കെ കണ്ട് ഡാഡിയെ കാണണമെന്ന് പറഞ്ഞ് കരയാ .. ഡാഡി എപ്പഴാ വരാ..'
അതിനടുത്തത് അകം കലങ്ങിയ ഒരു സ്ത്രീയായിരുന്നു:
'ഏട്ടൻ എവിടെയാ? എത്ര നേരായി വിളിക്കുന്നു.. അവിടെ മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ സ്ഥലത്തൊക്കെ വെള്ളം കയറുകയാണെന്ന് ന്യൂസിൽ കണ്ടല്ലോ.. എയർപോർട്ടും അടച്ചിട്ടിരിക്കുവാന്ന്.. എപ്പോഴാ തിരിച്ചു വരാ.. എങ്ങനെയാ തിരിച്ചു വരാ..? ..'

എത്ര ചോദ്യങ്ങളാണ് !
എന്തൊരു പ്രളയമാണിത് !
എന്താണ് ഈ മഴയൊന്ന് പെയ്ത് തീരാത്തത്?

ആകെ നനഞ്ഞ്, കാറ്റിലുലഞ്ഞ് ആ രാത്രിയിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ അയാൾ ആലോചിച്ചു: എതിരാളി നിസ്സഹായനാണെന്നറിയുമ്പോൾ എല്ലാം തട്ടിപ്പറിച്ചാലും മതിയാകാത്ത കരുത്തോടെ ചുറ്റിലും വട്ടമിട്ടു പറക്കുന്ന ഈ കഴുകൻ മഴ. അതിൽ ഒരു നദി കരകവിഞ്ഞൊഴുകുന്നു.

എങ്കിലും സങ്കടപ്പെടുന്നത് എന്തിനാണ് ? എങ്ങനെയാണ് നദിയ്ക്ക് അതിരുകൾ ഉണ്ടാകുന്നത്? ആരാണ് അത് നിശ്ചയിക്കുന്നത്- അതിന്റെ അരികുകൾ കടം വാങ്ങിയ മനുഷ്യരോ......?

ജീവിതം ഇങ്ങനെയാണ്. അതിന്റെ സ്വാഭാവികമായ ഒഴുക്കിനെ ആർക്കും ഇഷ്ടമാവില്ല.. അതിന്റെ വഴി തിരിച്ചു വിടാമെന്ന് മോഹിച്ച്   അവർ ബന്ധങ്ങളുടെ വലിയ തടയണകൾ കെട്ടും, വാക്കുകളുടെ മൺ വെട്ടികൾ കൊണ്ട് ഇഷ്ടമുള്ളയിടത്തേക്ക് പല ചാലുകൾ കീറും.. ഒരു നാൾ അതിനെയെല്ലാം തകർത്തത് ഭ്രാന്ത് പിടിച്ചപോലെ അത് ഒഴുകും. മറ്റെല്ലാം അതിൽ ഒലിച്ചു പോകും.. 

പിറ്റേന്ന് പകൽ പ്രളയമായിരുന്നു- ദുരിതങ്ങളുടെ, നിസ്സഹായതയുടെ, വാർത്തകളുടെ, ഫോൺ വിളികളുടെ .. 

കുട്ടികൾ കരഞ്ഞു:
പേടിയാവുന്നു ..ഡാഡീ.. വേഗം തിരിച്ചു വാ..

ഭാര്യ പറഞ്ഞു:
ഇവിടെ കൊടും ചൂടാണ്.. ചുട്ടുപൊള്ളുന്ന വെയില്.. എന്നിട്ടും മുങ്ങിപ്പോകുന്നത് പോലെ ശ്വാസം മുട്ടുന്നു.. ഏട്ടൻ അടുത്തുണ്ടായിരുന്നെങ്കിൽ..

ഭാര്യയുടെ അച്ഛൻ വിളിച്ചു:
നീ എന്താ വരാത്തത്? നിനക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ബാങ്കിൽ നിന്ന് വിഡ്രോ ചെയ്ത പൈസ വീട്ടിലുണ്ട്.. ഞാനതെടുത്ത് എവിടെ പോകാനാണ്..? ഇവിടേയും വെള്ളം കയറി വരില്ലെന്നാരു കണ്ടു ?! നീ എപ്പോഴാ വന്ന് അത് എടുത്തോണ്ട് പോവുക?


വൈകുന്നേരം  ഫോണിലേക്ക് നോക്കി അയാൾ നെടുവീർപ്പിട്ടു:
' ചാർജ്ജില്ല ; കറന്റുമില്ല - അവര് പവർ ഓഫാക്കിയെന്ന് തോന്നുന്നു.'

'പക്ഷേ വെള്ളമുണ്ട് '
അവൾ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
' ഞാൻ കഴിയുന്നയത്ര പിടിച്ചു വയ്ക്കട്ടെ.'


വെയിലിനു വേണ്ടിയുള്ള  ധ്യാനമായിരുന്നു ആ രാത്രിയിലെ ഉറക്കം.
ഉണർന്നെഴുന്നേറ്റപ്പോൾ പകൽ വന്നെങ്കിലും വെയിൽ തെളിഞ്ഞില്ല.

 ഫോൺ വെച്ച് നീട്ടി അവൾ പറഞ്ഞു:
'എന്നെ ആരും വിളിക്കാനില്ല. ഇത് കയ്യിൽ വെച്ചോളൂ.. ചാർജ്ജ് നിൽക്കും.. ആവശ്യം കഴിഞ്ഞാൽ പ്ലെയിൻ മോഡിൽ ഇട്ടു വെച്ചാ മതി .. '
അയാൾ ഒന്നോ രണ്ടോ ഫോൺ കോളുകൾ തിരക്കിട്ട് ചെയ്യുന്നതിനിടെ അവൾ പെട്ടിയാകെ തിരഞ്ഞ്, ഒരു നീല ജുബ്ബയെടുത്ത്,  അതുമാത്രമണിഞ്ഞ്, കിടക്കയിൽ വന്നിരുന്നു. അയാളുടെ അസ്വസ്ഥതകൾക്കിടയിൽ അത്യന്തം ശാന്തമായി വാക്കുകൾ നിറച്ചു:


' ഇപ്പോൾ നീ കടലിനപ്പുറത്തെ നിന്റെ മുറിയിലായിരുന്നെങ്കിൽ നിന്റെ തീരങ്ങളെയാകെ നനയ്ക്കുന്ന നദിയെന്ന് എന്നെ നീ വിളിച്ചേനെ... ഇവിടെയല്ലാതെ മറ്റൊരിടത്താണ് ഈ പ്രളയമെങ്കിൽ, പ്രളയം തുഴഞ്ഞു പോകുന്ന പ്രണയത്തിന്റെ പായ്‌വഞ്ചികളിൽ നാമിരിക്കുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞേനെ... ഇപ്പോൾ  ഈ പകലുകളത്രയും ഒന്നിച്ചിരുന്നിട്ടും പ്രളയകാലത്ത് വഴിമാറിയൊഴുകുന്ന പുഴ പോലെ നമ്മൾ അന്യോന്യം തൊടാതെ കിടക്കുന്നു.. മരങ്ങൾ മുഴുവൻ പിഴുതുകഴിഞ്ഞ മലയൊന്ന് മുടിയാകെക്കൊഴിഞ്ഞ തലയോട്ടി പോലെ പൊട്ടിച്ചിതറുന്നത് ഉള്ളിലറിയാൻ കഴിയുന്നു....   എത്രയായാലും ... നമ്മളീ പ്രളയത്തിൽ മുങ്ങിച്ചത്തു പോയിരിക്കുന്നു ഡിയർ. ചില മരണങ്ങൾ  ഇങ്ങനെയാണ് - നഷ്ടങ്ങളെക്കുറിച്ച് ഓർത്തു കൊണ്ടേയിരിക്കാൻ പ്രാണൻ മാത്രം  അത്  ബാക്കിയാകും.'

പിറ്റേന്ന് പുലരും മുൻപേ അവൾ യാത്ര പറഞ്ഞു.
'എങ്ങോട്ടേയ്ക്ക് ?'
അയാൾ ചോദിച്ചു.

'അറിയില്ല.'
അവൾ പറഞ്ഞു: 'എല്ലായിടവും ഇപ്പോൾ ഒരുപോലെയല്ലേ? ചുറ്റിലും വെള്ളം!'


'നീ എന്താ ആത്മഹത്യ ചെയ്യാൻ പോകുന്നോ?'
'ഇല്ല.'
അവൾ പെട്ടെന്ന് ഒരു നേർത്ത ചിരി എടുത്തണിഞ്ഞു. അതിന്റെ മൂർച്ചകൊണ്ട് മുറിഞ്ഞു നിൽക്കുമ്പോൾ അയാൾ കേട്ടു:
'ഒരു സ്ത്രീ അവളുടെ പ്രണയം ഉപേക്ഷിയ്ക്കുന്നു എന്നതിനർത്ഥം അവൾ ആത്മഹത്യ ചെയ്യുന്നു എന്നല്ല. നിനക്കത് മനസ്സിലാവില്ല.'

അവർക്കിനി പരസ്പരം മനസ്സിലാവില്ല. 
അതിനൊപ്പം വരുന്ന മറ്റൊരു പ്രളയവുമില്ല.


നുണകളുടെ മാലിന്യങ്ങൾ തിരികെയേൽപിച്ച്, ഒരു നദി കയറിയിറങ്ങിപ്പോയത് പോലെ, അയാൾ ബാക്കിയാകുന്നു. ഏഴാമത്തെ രാത്രിയിലെ മഴ താണ്ടുന്നു; ഓർമ്മകളുടെ വിഷപ്പാമ്പുകൾ എവിടെയെല്ലാമോ ഒളിച്ചു പാർക്കുന്ന ഒരു പഴയ പാർപ്പിടം പോലെ ഒറ്റയ്ക്ക്

No comments:

Post a Comment