Sunday, September 23, 2018

ഒരു സാധാരണ പൗരൻ

ബിഷപ്പിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത കാണുകയായിരുന്നു, വെള്ളിയാഴ്ച്ച രാത്രി.
പതിവായി കാണാറുള്ള പരിപാടികൾ എല്ലാം മാറ്റിവെച്ചു എല്ലാവരും അതിനെക്കുറിച്ചുള്ള വാർത്തകൾ മാത്രം കേട്ടുകൊണ്ടിരുന്നു.

"ഇത് നമ്മുടെ പൗരബോധത്തിന്റെ, സാമൂഹികപ്രതിബന്ധതയുടെ  വിജയമാണ്."
അരവിന്ദേട്ടൻ പറഞ്ഞു:
"നിർഭയമായ ജനാധിപത്യ വിശ്വാസത്തിന്റെ വിജയം."

എല്ലാവരും അത് ശരിവെച്ചു.

"വളരെ സാധാരണക്കാരായവർ പോലും- വലിയ സമരപാരമ്പര്യം ഇല്ലാത്തവർ പോലും -കൃത്യമായ സാമൂഹിക ബോധത്തോടെ ഇടപെട്ടു എന്നതാണ് പ്രധാനം."
ബഷീർക്ക ഓർമ്മിപ്പിച്ചു.

"നമ്മുടെ ചെറുപ്പക്കാരുടെ സാമൂഹികബോധം ആ പ്രളയകാലത്തെ അവരുടെ ഇടപെടലുകളിൽ നിന്ന് തന്നെ വ്യക്തമല്ലേ?"
ആൽബിയും ചോദിച്ചു.

കഴിഞ്ഞയാഴ്ച്ച, ഇതേ സമയം നമ്പിനാരായണന്റെ കേസിനെക്കുറിച്ചുള്ള വിശദശാംശങ്ങളുടെ ചർച്ചയായിരുന്നു. അന്ന് പ്രധാനതലക്കെട്ടുകളായ്‌ അടുപ്പിച്ചടുപ്പിച്ച് സ്‌ക്രീനിലൂടെ കടന്നു പോയ മുഖങ്ങളുടെ ശ്രേണി കൗതുകത്തോടെ ഞാൻ മനസ്സിൽ കുറിച്ചു വെച്ചിരുന്നു.
നമ്പി നാരായണൻ 
ബിഷപ്പ് ഫ്രാങ്കോ 
വിജയ് മല്യ -
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവൻ പ്രതിനിധീകരിയ്ക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നിയമവ്യവസ്ഥയുടെ, മൂല്യ ബോധത്തിന്റെ ഒരു കൊളാഷ്! ഞാനത് അപ്പോൾ തന്നെ പറയുകയും ചെയ്തു.

"തങ്ങളുടെ മതവിശ്വാസവും ദൈവവിശ്വാസവും നിങ്ങളുടേതിനേക്കാൾ സത്യസന്ധവും സുദൃഢവുമാണെന്ന് ആ കന്യാസ്ത്രീകൾ അവരുടെ സഭാമേലധ്യക്ഷന്മാർക്ക് തെളിയിച്ചു കൊടുത്ത അത്ര ആർജ്ജവത്തോടെ,  ജനാധിപത്യത്തിന്റെ കരുത്ത് എത്രയുണ്ടെന്ന്  ഭരണനേതൃത്വത്തെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയേണ്ടതാണ്. കുറഞ്ഞ പക്ഷം നേതൃത്വത്തിന്റെ വായാടിത്തത്തെ പൗരന്റെ രാഷ്ട്രീയ ബോധമായ് വ്യാഖ്യാനിച്ചു കളയരുതെന്നെങ്കിലും ഓർമ്മിപ്പിയ്ക്കാൻ കഴിയണം! "
അരവിന്ദേട്ടൻ പ്രഖ്യാപിച്ചു.

" അതെയതെ. . "
വിജയൻ പിറുപിറുത്തു:
"അന്ധമായി അനുസരിയ്ക്കേണ്ടതില്ലാത്ത മതവിശ്വാസം, പക്ഷം ചേരാൻ കഴിയാത്തൊരു രാഷ്ട്രീയനേതൃത്വം - നമ്മൾ അത്രയും സ്വതന്ത്രരായിരിക്കുകയാണ്. ഒരു സാധാരണമനുഷ്യന്റെ നീതി ബോധവും സഹജീവി ഭാവവും കൊണ്ട് മാത്രം വികേന്ദ്രീകൃത വൃത്തങ്ങളിൽ ചേർന്ന് നിൽക്കുന്നവരുടെ ഒരു കൂട്ടമാവുകയാണ്. ഇനി നമുക്ക് പരീക്ഷിച്ചു നോക്കാനുള്ളത്  അങ്ങനെയൊന്നിന്റെ സാധ്യതയാണ്!  "

"എന്നാലൊരു വൈദികൻ എന്നൊക്കെ പറയുമ്പോൾ "
ആൽബി നിരാശയോടെ പറഞ്ഞു:
"മിനിമം സത്യസന്ധതയും അനുകമ്പയും പ്രതീക്ഷിയ്ക്കാവുന്നതാണ് എന്നാണ് ഞാൻ കരുതിയത്!"

"ഒരു കമ്മ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോൾ പണത്തിനും അന്ധവിശ്വാസങ്ങൾക്കും അതീതമായ മൂല്യബോധവും മാനുഷികതയും പ്രതീക്ഷിയ്ക്കാവുന്നത് പോലെ "
വിജയൻ ചിരിച്ചു.

"അതൊക്കെ വെറും വാക്കുകൾ മാത്രമായില്ലേ !"
ബഷീർക്ക തിരുത്തി. അയാൾ സ്ട്രോബറി ജാമെന്ന് ലേബൽ  പോകാത്ത കുപ്പിയിൽ നിറച്ചു വെച്ച അച്ചാർ കോരിയെടുത്ത് പ്ളേറ്റിലേക്കിട്ടുകൊണ്ട് പറഞ്ഞു:
"മനുഷ്യരിപ്പോൾ പഴയ ജാമിന്റെ കുപ്പി കഴുകിയെടുത്ത് അതിൽ നിറച്ചു വെച്ച അച്ചാറു പോലെയാണ്. പുറത്തു കാണുന്ന ലേബലുകൾ കൊണ്ട് ഒരാളെ മനസ്സിലാക്കാൻ കഴിയില്ല; അയാളുടെ നിലപാടുകൾ എന്തെന്ന് പ്രവചിയ്ക്കാനും."

"അഭിവന്ദ്യപിതാവേ എന്ന് കരം മുത്തുമ്പോഴോ  സഖാവെ എന്ന് മുഷ്ടി ചുരുട്ടുമ്പോഴോ ആ അഭിവാദ്യങ്ങൾ സ്വീകരിയ്ക്കുന്നയാൾ ഒരധികാരി ആണെന്നതിനേക്കാൾ നമ്മളിലൊരാളാകണമെന്നാണ് നാം ആഗ്രഹിയ്ക്കുന്നത്. അയാൾ അങ്ങനെയാകാതെ പോകുന്നത് നമ്മുടെ തന്നെ  ദൗർബല്യങ്ങൾ കൊണ്ട് കൂടിയാണ് .. "
അരവിന്ദേട്ടൻ തുടർന്നു.

ഞാൻ എല്ലാം കേട്ട് കൊണ്ടിരുന്നു. പല അഭിപ്രായങ്ങളും എന്റേത് കൂടിയായിരുന്നു.

എന്നാൽ -
ഞാൻ ആലോചിച്ചു.
ഞാൻ മാത്രമാലോചിയ്ക്കുന്നത് ഇതൊന്നുമല്ല.
ഞാൻ ആലോചിയ്ക്കുന്നത് ഇത് മാത്രമല്ല.

വാർത്തകളിലെ വിശദശാംശങ്ങൾ , കുറ്റാരോപിതന്റെ ശരീരഭാഷ...
എന്നിലേക്ക് ചില ഉത്തേജനങ്ങൾ പ്രസരിയ്ക്കുന്നുണ്ട്.
' ആണിന്റെ നാവ് അവന്റെ തുടകൾക്കിടയിലാണ് . അവൻ ഒരു സ്ത്രീയെ സ്നേഹിയ്ക്കുന്നതിന് ഒരു വാചകമെങ്കിലും പറയുന്നതും ഒരുവളെ വെറുക്കാൻ അനേകം നുണകൾ പറഞ്ഞുണ്ടാകുന്നതും അതേ നാവുകൊണ്ടാണ്. '

നളിനിയുടെ പരിഹാസം ഞാൻ ഓർത്തു:
അവൾ ഉറങ്ങിപ്പോകുന്നതിന് മുൻപേ എനിയ്ക്ക് വീട്ടിലെത്തണം.

ചുരുക്കത്തിൽ എന്റെ അനുവാദത്തോടെ ഒരു മൃഗം വാർത്തകളിൽ നിന്ന്, വർത്തമാനങ്ങളിൽ നിന്ന് അതിന് കിട്ടുന്ന സന്ദേശങ്ങളെ കൃത്യമായി സ്വീകരിയ്ക്കുന്നുണ്ട്.

തേനീച്ചക്കൂടെന്ന് പേരിട്ട ചില്ലുകുപ്പിയിൽ നിന്ന് പകർന്നെടുത്ത സ്വർണലായനിയിൽ നിന്നും മീനച്ചാർ തുരുത്തുകളിൽ നിന്നും ഞാൻ ഉണർന്നെഴുന്നേറ്റു.

മനുഷ്യൻ ആദ്യം ഒരു മൃഗമാണ്, അത് കഴിഞ്ഞാണ് അവന് പൗരബോധമുണ്ടാകുന്നത്.

"ഇപ്പോഴാണ് ഓർത്തത് "
ഞാൻ എല്ലാവരോടുമായി പറഞ്ഞു:
"നേരത്തെ കിടക്കണം, നാളെ സൈറ്റിലാണ് പണി."


രാത്രി വൈകിയും ഉറങ്ങാതെയിരുന്ന്, നളിനിയുടെ ഞരക്കങ്ങളിലൂടെ, അവളുടെ എതിർപ്പുകൾ കല്ലിച്ച ഉപ്പുരസത്തിലൂടെ, അറപ്പുകൊണ്ടെന്നപോലെ കയ്ച്ച ഉമിനീരിലൂടെ വിരലോടിച്ചു ഞാൻ ഓർത്തു:
ഈ രാത്രി, ഞാൻ ഒഴിക മറ്റെല്ലാവരും നീതി ബോധമുള്ളവരായിരിക്കും. സഹജീവി സ്നേഹമുള്ളവർ. 
കരുണയും അനുകമ്പയുമുള്ളവർ. 
ജനാധിപത്യവിശ്വാസികൾ. 
അവർക്കിടയിലെ നിർഭയരായ വിരലിലെണ്ണാവുന്നവർ പൊരുതി നേടിയ നീതി മാത്രമേ അവരെ ഈ രാത്രിയിൽ മത്തു പിടിപ്പിക്കുകയുള്ളൂ.

എനിയ്ക്ക്..
എനിയ്ക്ക് മാത്രം..
"നളിനി..ന .."
എന്നിലെ പുരുഷനെ ഉദ്ധരിച്ച് ഞാൻ അലറി: 
"ഇങ്ങനെ കിടന്നുറങ്ങാതെ എണീക്കെടീ ശവമേ .."No comments:

Post a Comment