Monday, June 25, 2018

ഒരു യാത്ര പോകണം.

ചില യാത്രകൾ വേണം.

ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന ഒരാളുടെ കൂടെ, സുരക്ഷിതത്വവും സന്തോഷവും സ്നേഹവും ആസ്വദിച്ച് ഒരുപാട് യാത്രകൾ ചെയ്യണം. അയാൾക്കല്ലാതെ മറ്റൊരാൾക്ക് തരാൻ കഴിയാതെ പോകുന്ന ഊർജ്ജപ്രവാഹം ഒരാളിൽ തിരിച്ചറിയുമ്പോഴാണ്‌ അയാളെ നാം വീണ്ടും വീണ്ടും തേടിപ്പോകുന്നത്. അങ്ങനെ ഒരാളിലേക്ക് യാത്ര ചെയ്യാനുണ്ടായിരിക്കുക എന്നത് ഒരു ഭാഗ്യവും.

സ്നേഹിക്കുന്ന ഒരാളിനെ ഒപ്പം കൂട്ടി അയാളോടോപ്പം പങ്കിടുന്ന യാത്രയാണ്‌ എന്റെ സ്വാതന്ത്ര്യം. സ്വകാര്യമായ ഒരിടത്ത് ഒന്നിച്ചിരിക്കുന്നതിനേക്കാൾ ഒരാൾക്കൂട്ടത്തിനിടയിലൂടെ, മുറികൾക്ക് പുറത്ത് പ്രിയപ്പെട്ടവനോടൊപ്പം സന്തോഷഭരിതരായ് ഒന്നിച്ച് നടക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്. വാതിലുകൾ തുറന്നിട്ട് ഒപ്പം നടക്കുന്നു, അന്നേരങ്ങളിൽ എന്റെ ജീവിതവും.

മഴക്കാറുള്ളൊരു ആകാശത്തിനു ചുവട്ടിൽ, കാട്ടിലൂടെ.
ആകാശം പലനിറങ്ങളിലായ് മാറുമ്പോൾ, നദിക്കരയിലൂടെ.
വളരെ ദൂരം നടക്കണം.

യാത്ര പറയാനൊരുങ്ങുമ്പോഴൊക്കേയും ഒരിയ്ക്കലുമതിനു കഴിയില്ലെന്ന് വിസ്മയിപ്പിക്കുന്ന പ്രണയത്തിന്റെ കടൽത്തീരത്ത് വാക്കുകളിൽ തിരയടിച്ച് വളരെ നേരം ഇരിക്കണം.

കുന്നോളം കുസൃതികൾ.
കടലോളം കാഴ്ചകൾ.
അതിന്റെ ഓർമ്മത്തിരകളിൽ ശംഖുപോലെ വാക്കുകൾ ഉള്ളിൽ നിറച്ചു, പുറമെ നിശബ്ദം...

അതിനായ് ചില ദിവസങ്ങൾ വേണം.

എന്നും നമ്മെ കണ്ടുകൊണ്ടിരിക്കുന്ന, നമ്മുടെ ചുറ്റിലുമുള്ള, നമ്മുടെ സാമീപ്യം അനുഭവിയ്ക്കുന്ന ആളുകളുടെ ശ്രദ്ധയാകർഷിക്കാത്ത ചില ദിവസങ്ങൾ. മറ്റാരുടേയും കണക്കിൽ പെടാത്ത ദിവസങ്ങൾ. ഒരു തടവുപുള്ളി, അയാൾ ജയിലിനകത്താണെന്ന് ലോകം മുഴുവൻ വിശ്വസിയ്ക്കുകയും അയാളുടെ കാവല്ക്കാർ അതുറപ്പാക്കുകയും ചെയ്യുന്ന നേരത്ത്; അയാളെക്കുറിച്ച് ധാരണകളൊന്നുമില്ലാത്ത മറ്റേതോ ദേശത്ത് ആഹ്ളാദഭരിതനായ് അലഞ്ഞു തിരിയുന്നതുപോലെ ആയിരിക്കണമത്. സ്വാതന്ത്ര്യത്തിന്റെ ആ ആഘോഷത്തിനൊടുവിൽ പഴയ വേഷത്തിലേക്ക്, കെട്ടുപാടുകളിലേക്ക്, ജീവിതത്തുടർച്ചയിലേക്ക് നിർഭയരായ് നാം അതില്പ്പിന്നെ മടങ്ങിപ്പോകുന്നു.

ആ ദിവസങ്ങൾ ചില സ്വകാര്യങ്ങൾ തരണം. മറ്റാർക്കും ഊഹിക്കാൻ പോലും സാധ്യമല്ലാത്ത ചില സ്വകാര്യങ്ങൾ. അത് ഒരു കുന്നോളം കൂട്ടിവയ്ക്കണം, നമ്മുടെ ഉള്ളിൽ. സ്നേഹത്തോടെ നമ്മെ അടയാളപ്പെടുത്തി വയ്ക്കാൻ പോന്ന കൊച്ചു കൊച്ചു കുസൃതികൾ.

ഏറെയൊന്നും യാത്രകൾ ചെയ്യാത്ത ഒരുവൻ, അവന്റെ ഓരോ യാത്രയിലും ഒരു ഭ്രൂണാവസ്ഥയെ പ്രാപിക്കുന്നു.
അവൻ പ്രകൃതിയുടെ ഗർഭത്തിൽ നിന്ന് നദിയായ് പിറക്കുന്നു.

അങ്ങനെ ഒരു യാത്ര പോകണം.
ഒരു നദിയുടെ ഒഴുക്കു പോലെ മുഖവുരകൾ വേണ്ടതില്ലാത്ത യാത്ര.

ഒരിടത്തേക്ക് എന്നതിനേക്കാൾ ഒരാളിലേക്ക് അങ്ങനെ ഒരു യാത്ര പോകാനുണ്ടായിരിക്കുക എന്നത് എത്ര സുഖകരമായിരിക്കും.
:-)

2 comments: