Monday, June 11, 2018

ചിലർ എഴുതാത്തത് കൊണ്ടല്ലേ ...

കൂട്ടുകാരി വിളിച്ചു.
രക്ഷാകർത്താവ് കൂടിയാണ്.
അതുകൊണ്ട് അവളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയണം.
:-)

ചോദ്യം ഇതായിരുന്നു.
" ഇപ്പോൾ അടുപ്പിച്ചടുപ്പിച്ച് എഴുത്തിലെല്ലാം മരണം എന്ന വാക്ക് കാണുന്നു. എന്താ നീ  നിന്റെ മരണപുസ്തകം സൂക്ഷിച്ച ഗ്രന്ഥപ്പുരയിലേക്ക് തിരിച്ചു പോകുന്നുണ്ടോ? "

*************!!!**************
മുൻപൊക്കെ മിക്കപ്പോഴും ഇങ്ങനെ തോന്നാറുണ്ടായിരുന്നു.
അനാവശ്യമായ ഭയം. എന്തിനെന്നറിയാത്തൊരു ഉത്കണ്ഠ.
ഒരു അന്യഗ്രഹജീവിയെപ്പോലെ എല്ലാറ്റിനോടും തോന്നുന്ന അപരിചിതത്വം.
അന്ന് അറിയാമായിരുന്നില്ല, depression ഒരു ലഹരി ആണെന്ന്. അത്രയും നിശബ്ദമായൊരു കെണിയാണെന്ന്. അത്രമേൽ അതിൽ അപകടം പതിയിരിക്കുന്നു എന്ന്. കുപ്പിച്ചില്ല് പോലെ തകർത്ത്, കടലാസ് കഷ്ണം പോലെ എരിയിച്ചു കളയുന്ന ഒന്ന്. തിരിച്ചറിയുന്നതിനു മുൻപേ അത് നമ്മെ ആകർഷിച്ചു കൊണ്ടുപോകും; എല്ലാ വേദനകളും തന്ന് അതിൽ തടവിലാക്കും.

ശീലത്തിന്റെ ഭാഗമായ് പോകുന്ന അവിശ്വാസം.
എല്ലാത്തിനുമൊടുവിൽ ബാക്കിയാവുന്ന ശൂന്യതാബോധം, നിരാശ! 
സ്നേഹങ്ങളെക്കാളേറേ സ്നേഹഭംഗങ്ങളെക്കുറിച്ച് കേട്ടുപഴകിയ ഒരാളിൽ സ്വഭാവികമായുണ്ടാകുന്ന പ്രതിരോധങ്ങൾ, മുൻകരുതലുകൾ. സ്നേഹിക്കപ്പെടാനുള്ള എത്രയെത്ര സാധ്യതകളെ ആണത് ഇല്ലാതാക്കിയത്! 

എത്രപേരാണ്‌ അവരിലെ സ്നേഹം പങ്കിടാതെ അങ്ങനെ ഉപേക്ഷിച്ചു കളഞ്ഞിട്ടുണ്ടാകുക. യാതൊരു അനുകമ്പയും ഇല്ലാതെ തോല്പിക്കാൻ കാത്തിരിക്കുന്ന ഒന്നാണ് ജീവിതമെന്ന് പറഞ്ഞും അറിഞ്ഞും ശീലിച്ചവർ. കുരിശിനോടൊപ്പമല്ലാതെ ക്രിസ്തുവിനെ കാണാൻ കഴിയാതെ പോകുന്നവർ.
യുദ്ധഭൂമിയിൽ നിന്നു മാത്രം കൃഷ്ണന്റെ ശബ്ദം കേട്ടുപഴകിയവർ. വാതിലുകൾ തുറന്ന് ദുരിതങ്ങളിലേക്ക് നടന്നുപോയ ഗൗതമനെ പിന്തുടർന്നവർ. ദൈവങ്ങളെപ്പോലും ആവോളം സ്നേഹിച്ച് ശീലിച്ചിട്ടില്ല നമ്മൾ.

അന്ന് പുസ്തകങ്ങളായിരുന്നു ആ ലഹരി ആവോളം നിറച്ച സിറിഞ്ചുകൾ. ഉള്ളുപിടിച്ചുലച്ചു കളയുന്ന കഥകൾ നിറഞ്ഞ പുസ്തകങ്ങൾ. കഥകളിൽ നിറഞ്ഞ ഏകാന്തത കോശങ്ങളിലേയ്ക്കും പടർന്നു. നഷ്ടങ്ങളും സ്നേഹഭംഗങ്ങളും അനുഭവിച്ചു. വന്നുചേരാനുള്ള യാതനകൾക്ക് വേണ്ടി കാത്തിരിക്കുന്നവളാക്കി. വിഷാദങ്ങൾ നിറഞ്ഞ, നഷ്ടങ്ങൾ നിറഞ്ഞ എഴുത്തുകൾ മാത്രം തിരിഞ്ഞ് പിടിച്ച് വായിച്ചു. ഒരു addiction  ആണെന്നു പോലും അറിയാതെയുള്ള വിചിത്രമായ emotional manipulations!

കടലോളം കരുണയുണ്ട്, നന്മകളുണ്ട്. പ്രേമമുണ്ട് -സഹജീവികളോടെല്ലാം. പക്ഷേ സ്വന്തം നാഡീകോശങ്ങളോട് കാണിക്കില്ല അതൊന്നും.
വൈകാരിക വിഭ്രാന്തികളുടെ ചാട്ടവാറിനടിച്ച് കൊന്നുകളയുന്നു അതിനെ!


അത്രയേറെ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു അന്നൊക്കെ. അവളുടെ പ്രിയപ്പെട്ട എഴുത്തുകാർ, ജീവിതത്തെ തണ്ണിമത്തന്റെ കഷ്ണങ്ങൾ പോലെ മുറിച്ചു വെച്ചു കൊടുത്തു അവളുടെ വേനലിലേക്ക്. വാക്കുകളുടെ സിംഹക്കൂട്ടിലേക്ക് റോമൻ അടിമയെപ്പോലെ അവൾ കയറിചെന്നു. എല്ലാ പ്രഹരവും ഏറ്റെടുത്തു. അതിന്റെ നോവിലും നീറ്റലിലും ഒരു ലഹരിയിലെന്നതുപോലെ അലഞ്ഞു. വീണ്ടും വീണ്ടും അതന്വേഷിച്ചു ചെന്നു. അതിന്റെ കൂർത്ത പല്ലുകളിൽ നിന്ന് വിഷാദത്തിന്റെ കൊടിയവിഷം നെഞ്ചിലേക്കെടുത്ത് ക്ലിയോപാട്രയെന്ന് കിരീടമണിഞ്ഞു.

ആ വീട് അതി പുരാതനമായ ഒരു ഗ്രന്ഥാലയം ആയിരുന്നു. അവിടെയാണവൾ മരണത്തിന്റെ പുസ്തകം എഴുതി സൂക്ഷിച്ചത്. അന്ന് മരണത്തിന്റെ രാജസിംഹാസങ്ങളെക്കുറിച്ച് എഴുതി മരണം സ്വയം വരിച്ച ഒരുവളുടെ വരികളോളം മൂർച്ചയും തിളക്കവുമുണ്ടായിരുന്നു അവളുടെ എഴുത്തിനും. മരണത്തിന്റെ മദപ്പാടിൽ അതിലെ വാക്കുകൾ ജീവിതം വിരിഞ്ഞു നിന്ന വല്ലികളെയെല്ലാം തല്ലിക്കൊഴിച്ചു. ഓരോയിടത്തും ഉറച്ച കാല്പാടുകൾ വീഴ്ത്തി. 

ജീവിതത്തെ അത്രയേറെ പ്രിയമായിരുന്ന അവളുടെ ഇരട്ടസഹോദരി ആത്മഹത്യ ചെയ്ത ദിവസം ആ പുസ്തകം വായിച്ചിരുന്നതായ് അവൾ പിന്നീടറിഞ്ഞു.
ഇവൾക്ക് ഇതെന്തിന്റെ.. എന്ന് എല്ലാവരും ചോദിച്ചു.

'ഏറ്റവും ആഘോഷമായ നിമിഷം തിരിച്ചു പോകണം, എല്ലാ ഉത്സവങ്ങളെയും പിന്നിലുപേക്ഷിച്ച്, അത്യന്തം ആഹ്‌ളാദത്തോടെ' എന്ന് ഒരിയ്ക്കൽ എഴുതിവെച്ച വരികളിൽ വീണ് ഞാൻ നൊന്തുപിടഞ്ഞു.
അന്നാണ്  ഇനി ഒരിയ്ക്കലും മറിച്ചു നോക്കില്ലെന്നും കൂടുതൽ എഴുതി ചേർക്കില്ലെന്നും ഉറപ്പിച്ച് ആ പുസ്തകം ഉപേക്ഷിച്ചത്.

നീ ജീവിതത്തെക്കുറിച്ചെഴുത്.
അവളുടെ കൂട്ടുകാരി പറഞ്ഞു.
പ്രണയത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും എഴുത്.
ഇതാ, ഇയാളെ പോലെ.

അവൾ അയാളുടെ പുസ്‌തകം ആദ്യമായ് അന്ന് മറിച്ചു നോക്കി.

പെട്ടന്ന് ഒരു വെയിൽ വീണതുപോലെ തോന്നി.
പുനരാലോചനയിലേക്ക്, പ്രതീക്ഷകളിലേക്ക് കൊണ്ടു ചെന്നെത്തിച്ച നേർത്ത വൈദ്യുതപ്രവാഹം.
അയാളുടെ എഴുത്തുകൾ അവൾക്ക് വേദപുസ്തകമായത് അങ്ങനെ ആണ്‌. 
തന്റെ വേദപുസ്തകത്തിന്റെ എഴുത്തുകാരനാണ്‌ ഒരാളുടെ ആദ്യ പ്രണയി.

‘എന്തിനാണ്‌ എഴുത്തുകാരാ നീ,
വാക്കുകളിലൂടെ വിഷാദത്തിന്റെ കയങ്ങൾ സൃഷ്ടിക്കുന്നത്?'
അന്നുവരെ അവൾക്ക് പ്രിയപ്പെട്ടവരായിരുന്ന എഴുത്തുകാരോടൊക്കെ അവൾക്ക് പറയാൻ തോന്നി:
'വിഷമാണെന്നറിയാതെ വീണ്ടും വീണ്ടും അത് കുടിച്ചു വറ്റിക്കാൻ മോഹിപ്പിക്കുന്നത്? ഇതല്ലാതെ മറ്റൊരു ജീവിതമില്ലെന്നുറപ്പിച്ച് കാലത്തെ മരവിപ്പിച്ച് നിർത്തുന്നത്! നഗരങ്ങൾ കത്തിയെരിയുമ്പോൾ പറുദീസയിലെ പ്രണയസല്ലാപങ്ങളെക്കുറിച്ച് കഥകൾ പറഞ്ഞിരിക്കാനാവില്ല നിങ്ങൾക്ക്. അറിയാം. എങ്കിലും വേദനകൾ പങ്കിടുമ്പോഴൊക്കെ പ്രത്യാശയുടെ വാതിലുകൾ കൂടി അവിടെ തുറന്ന് വയ്ക്കണം. മരണത്തെക്കുറിച്ച് പറയുമ്പോൾ, മരണത്തോടെ അവസാനിക്കുന്നില്ല ജീവിതമെന്നുകൂടി ഓർമ്മിപ്പിക്കൂ. സ്നേഹഭംഗങ്ങളെക്കുറിച്ച് പറയുമ്പോൾ അതിനെപ്പോലും കീഴടക്കുന്ന മനസ്സുകളെക്കുറിച്ച് പറയൂ. 

മുറിവുകളുണക്കുന്ന;
ക്ഷമാപൂർവ്വം കാത്തിരിക്കാൻ പഠിപ്പിക്കുന്ന,
തോൽവികളെപ്പോലും ജയിപ്പിക്കുന്ന,
മറവികളെ അതിജീവിയ്ക്കുന്ന 
സ്നേഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കൂ.
അത് ഊർജ്ജസ്വലമായൊരു വർത്തമാനകാലവും ഭാരമില്ലാത്തൊരു ഭൂതകാലവും ആഹ്ലാദഭരിതമായൊരു ഭാവികാലവും കൈമാറുന്നെന്ന് ഓർമ്മിപ്പിക്കൂ!'

എല്ലാം ഒരു ശീലത്തിന്റെ ഭാഗമാണ്‌-
സ്നേഹമായിരുന്നാലും നിരാശയായിരുന്നാലും പങ്കുവയ്ക്കലായിരുന്നാലും തകർത്തെറിയുന്നതായിരുന്നാലും.
പോരാളിയാകുന്നതും പിന്തിരിഞ്ഞോടുന്നതും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും  പരിശീലനത്തിന്റെ ഭാഗമാണ്‌.

വാക്കുകൾ അതിന്റെ പാഠശാലകളായിരിക്കണം-
ശീലങ്ങളുടെയും പരിശീലനങ്ങളുടെയും.
ഒരോ വാക്കും അത്രയും ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ്‌.
കാരണം ചില മനസ്സുകളുണ്ട്, വാക്കുകളിലെ അമ്ളഗുണത്തിനൊപ്പം നിറം മാറാൻ കാത്തു നില്ക്കുന്ന ലിറ്റ്മസ് പേപ്പറുകൾ.

അസ്വസ്ഥകൾ പെരുക്കുമ്പോൾ ഒന്നൊഴിയാതെ എല്ലായിടവും കലാപഭൂമിയാകുന്നു.
നമ്മെ അതിന്റെ കേന്ദ്ര ബിന്ദുവാക്കുന്നു.
മനസ്സ് ശാന്തമായിട്ടിരിക്കുമ്പോൾ പ്രപഞ്ചവും ശാന്തമാകുന്നു.

അങ്ങനെ ഒരു പരിശീലനത്തിന്റെ ഫലമെന്നോണം, ലോകം കീഴ്മേൽ മറിഞ്ഞിരിക്കുകയാണെന്ന് തോന്നുമ്പോഴൊക്കെ കണ്ണുകളടയ്ക്കും; ശ്വാസം ക്രമപ്പെടുത്തും.

ലോകമല്ല കീഴ്മേൽ മറിഞ്ഞത്, തന്റെ മനസ്സാണെന്ന് ചെറുചിരിയോടെ തിരിച്ചറിയും. തന്റെ കലാപഭൂമിയെ പ്രിയപ്പെട്ടവരുറങ്ങുന്ന ഇടമായ് ചിട്ടപ്പെടുത്തും. കുട്ടികളുടെ കളികളും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരിടമായ് അവിടം മാറും. ക്ഷമാപൂർവ്വം കാത്തിരുന്നാൽ നമ്മളാഗ്രഹിക്കുന്ന ഒന്നിലേക്ക് ജീവിതം ക്രമപ്പെടും.

എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരു പാട്ടെങ്കിലും ചിട്ടപ്പെടുത്തും.
അതിനവർ അവരുടെ ജീവിതത്തിന്റെ സംഗീതം കൊടുക്കും.
അപ്പോൾ കേൾക്കാൻ സുഖമുള്ള ഒരു പാട്ട് പരസ്പരം പങ്കിടൂ.
-അയാളുടെ പുസ്തകം അവളോട് പറഞ്ഞു.

എനിക്കിപ്പോൾ സ്നേഹത്തെക്കുറിച്ച് ചോദ്യങ്ങളേയില്ല, 
ഞാൻ കൂട്ടുകാരിയോട് പറഞ്ഞു.
എനിക്ക് അയാളോട് പ്രേമം തോന്നുന്നുണ്ടോ എന്നാണ്.

ഒരു എഴുത്തുകാരനോട് വായനക്കാരിലൊരാൾക്ക് തോന്നുന്ന പ്രത്യേകമായ ഒരിഷ്ടം. ഒരു പക്ഷേ എഴുത്തുകാരൻ അത് അറിയുന്നതു പോലും ഉണ്ടാകണമെന്നില്ല. എന്നാലും ചിലത് അയാൾ എനിക്ക് വേണ്ടി മാത്രമായ് എഴുതുന്നു എന്ന് ഞാൻ മനസ്സിലുറപ്പിയ്ക്കാറുണ്ട്. അതിന്റെ സ്വകാര്യത എനിക്ക് സ്വാതന്ത്ര്യത്തോടെ ചേക്കേറാൻ ഒരിടം ഒരുക്കി തരുന്നു. എപ്പോൾ വേണമെങ്കിലും ചെന്ന് കയറാൻ ഒരിടം. അതാണ് അദ്‌ഭുതം. ഈ ഭൂമിയിൽ, മനുഷ്യകോടികളുടെ ഇടയിൽ, സ്വന്തമായ് അങ്ങനെ ഒരിടം വേണം എല്ലാവർക്കും.

ഒരു സൂര്യകാന്തിപ്പാടത്തിന് നടുവിൽ നിന്ന് സൂര്യനോട് പ്രണയം പറയുന്ന ഒരാളായി തോന്നുന്നു നിന്നെ!
-കൂട്ടുകാരി കളിയാക്കി.

വിരിയുന്ന ഒരോ സൂര്യകാന്തിപ്പൂവും ഭൂമിയിലേക്ക് എത്തുന്ന ഒരോ കിരണവും തന്നെ മാത്രം തിരഞ്ഞാണെന്ന്, തനിക്ക് മാത്രമായുള്ളതാണെന്ന് വിശ്വസിച്ചു കൊള്ളും.
-ഞാൻ പറഞ്ഞു:
എനിയ്ക്ക് സ്നേഹം ഒരാളിലുള്ള തപസ്സാണ്‌. ആ ധ്യാനത്തിലൂടെ സ്നേഹമായ് തന്നെ മാറിപ്പോകലാണ്‌. ചുറ്റിലും വന്നുചേരുന്നവരിലേക്ക് പങ്കിടുന്ന കരുതലും കരുണയും സമയവുമാണത്.

നമ്മിലേക്ക് എത്തിച്ചേരുന്ന എല്ലാറ്റിലും സ്നേഹമുണ്ട്.
കൂട്ടുകാരി ഓർമ്മിപ്പിച്ചു :
എല്ലാവരിലുമുണ്ട്. പലരിൽ നിന്നായ് പലകാലങ്ങളിൽ അത് വന്ന് നമ്മളിൽ നിറയും. അതിന്‌ ഇങ്ങനെ ഒറ്റക്കാലിൽ നിന്ന് തപസ്സ് ചെയ്യുകയൊന്നും വേണ്ട. വളരെ independent ആയി, വളരെ relaxed  ആയി നമ്മളിലേക്ക് വഴി തുറക്കുന്ന ജീവിതത്തിലൂടെ അങ്ങ് സഞ്ചരിച്ചാൽ മതിയാകും.

**************!!!!******************

"അയാൾ എന്തെങ്കിലും ഒന്നെഴുതിയിട്ട് എത്ര കാലമായ് "
ഞാൻ കൂട്ടുകാരിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു:
"ഞാൻ അയാളെ അന്വേഷിച്ചിറങ്ങിയതായിരുന്നു, എഴുത്തിന്റെ ചുവരുകൾക്കിടയിൽ എല്ലാം സാധാരണമായ് തോന്നി. ഇടയ്ക്ക് വല്ലപ്പോഴും ഒറ്റവരിയിലമ്പുകൾ കൊള്ളും. എന്നാലും രക്ഷപ്പെടാൻ അസാമാന്യമായ മെയ് വഴക്കം ഒന്നും വേണ്ട. ഒരു ദിവസം എല്ലാവരും ഒരു അശ്വാഭ്യാസിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. അയാൾ തൊട്ടുമുന്നിലത്തെ നിമിഷം മരണത്തിന്റെ ഉശിരൻ കുതിരയെ സ്വയം ഓടിച്ചു പോയത്രേ! "

"അപ്പോൾ അതാണ് "
കൂട്ടുകാരി പറഞ്ഞു:
"മരണത്തിന്റെ കൈപുസ്തകം ഒളിപ്പിച്ച ഗ്രന്ഥപ്പുരയിലേക്ക് ഒരു മടങ്ങിപ്പോക്ക് !"
ആത്മാർത്ഥതയുടെ ഐസ്‌ക്യൂബുകൾ രണ്ടെണ്ണം അധികമിട്ട് തണുപ്പിച്ച വാക്കുകൾ എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു:
"ഒരിയ്ക്കൽ കൂടി ചെന്നുകയറിയാൽ പിന്നെയൊരിക്കലും ഇറങ്ങിപ്പോകാൻ തോന്നാത്ത ചില ഇടങ്ങളുണ്ട് ഭൂമിയിൽ. അത് നമ്മുടെ നാശത്തിനായിരുന്നാലും നന്മയ്ക്ക് ആയിരുന്നാലും, അങ്ങനെ ഒരിടം ഒരിയ്ക്കൽ ഉപേക്ഷിച്ചാൽ പിന്നെ തേടിപ്പോകാത്തതാണ്‌ നല്ലത്!"

(സംഭാഷണം തുടരാനും അവസാനിപ്പിയ്ക്കാനും കഴിയാത്ത ഒരു പോയന്റിൽ ഇങ്ങനെ ദിവസങ്ങളോളം നില്കുകയാണ് ഞാൻ. ഇങ്ങനെയൊക്കെ സംഭവിച്ചത്  ചിലർ എഴുതാത്തത് കൊണ്ടല്ലേ... )


No comments:

Post a Comment