Saturday, June 2, 2018

അദൃശ്യമായ അൽഗോരിതങ്ങൾ


എന്റെ തലയോട്ടി തുളച്ച് ചിന്തകളുടെ ഒന്നിലേറെ ബുള്ളറ്റുകൾ അതിശീഘ്രം പാഞ്ഞു കയറിയിട്ടുണ്ട്. അതിസങ്കീർണ്ണമാണ് അത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ, മുറിവേറ്റയാൾ തന്നെ അത് ചെയ്യേണ്ടിവരുമ്പോൾ പ്രത്യേകിച്ചും.

ഞാൻ ചെയ്യാൻ പോകുന്നത് അതാണ്.

കുട്ടികളുടെ സെമിനാറുകൾ ശ്രദ്ധിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. റോഷന്റെ ഊഴമായിരുന്നു അത്. പലപ്പോഴും അവനെടുക്കുന്ന സെമിനാറുകൾക്ക് ഒരു പ്രത്യേകതയുണ്ട്, അത് ശ്രദ്ധേയമായി തോന്നും എന്നെപ്പോലുള്ളവർക്ക്. മറ്റ് അധ്യാപകർക്ക് അത്, ഒരു മെഷീൻ ലേണിംഗ് ക്ലാസ്സിൽ എടുക്കേണ്ട സെമിനാറുകൾക്ക് വേണ്ട, മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്ത ഒന്നായിരിക്കും. അതുകൊണ്ട് മാർക്കിടുമ്പോൾ ഞങ്ങൾ രണ്ട് കൂട്ടർക്കും കൈവിറയ്ക്കും. ഇത്തരം അവതരണങ്ങൾ മാർക്കിടേണ്ടതില്ലാത്ത ഒരവസത്തിലേക്ക് മാറ്റിവയ്ക്കൂ എന്ന് അവനെ ഓർമ്മിപ്പിയ്ക്കിമ്പോഴൊക്കെ അത് അസാധ്യമെന്ന് എന്നെ കുഴപ്പിയ്ക്കുന്നൊരു മറുപടി തരും.

“What happens when anyone can make it appear as if anything has happened, regardless of whether or not it did?" - technologist Aviv Ovadya warns.
-റോഷൻ ആവർത്തിച്ചു.
അവൻ Generative Adversarial Network (GAN) കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതം ആണ്. "The most interesting idea in the last 10 years in Machine Learning."

"ഒരു GAN- നിൽ, രണ്ട് നെറ്റ്-വർക്കുകൾ ഉണ്ട്. "
-അവൻ അവതരിപ്പിച്ചു:

"ഉദാഹരണത്തിന്, അതിലെ ഒന്നാമത്തെ (Discriminative) അൽഗോരിതത്തിന്, ഒന്നിലേറെ ഫോട്ടോകളിൽ നിന്ന് ഒരു കാറിന്റെ ഫോട്ടോയാണോ അല്ലയോ എന്ന് തരംതിരിയ്ക്കാൻ കഴിയും. രണ്ടാമത്തെ (Generative) അൽഗോരിതത്തിന് കാറിന്റെ പല പല ഫോട്ടോകളിൽ നിന്ന് ഒരു കാർ എങ്ങനെയെന്ന് സ്വയം  പഠിച്ച് മറ്റൊരു കാറിന്റെ ഫോട്ടോ കൃത്രിമമായി ഉണ്ടാക്കി എടുക്കാനും കഴിയും. ചില വരകളും വൃത്തങ്ങളും ചേർത്ത് വരച്ച ചിത്രത്തെ കാർ എന്ന് പറയുന്ന കുട്ടിയിൽ നിന്ന് ഫോട്ടോ എടുത്തത് പോലെ വിശ്വാസയോഗ്യമായ് ഒരു കാറിന്റെ ചിത്രം വരയ്ക്കാൻ കഴിവുള്ള ഒരു കലാകാരനിലേക്കുള്ള വളർച്ചപോലെ. That is GANs can be learned to create worlds eerily similar to our own in any domain: images, music, speech, prose. They are robot artists in a sense, and have both imagination and introspection and their output is impressive -poignant even. "

GAN പ്രോഗ്രാമുകൾ വഴി സൃഷ്ടിച്ച photo-realistic ചിത്രങ്ങൾ കാണിച്ചുകൊണ്ട് അവൻ തുടർന്നു:

"ഉദാഹരണത്തിന് ഇങ്ങനെ കൃത്രിമമായ് ഉണ്ടാക്കിയ ഒരു കാർമോഡലിന്റെ അനേകമനേകം ചിത്രങ്ങൾ വെച്ച് അതി ദുർഘടമായ ഒരു വഴിയിലൂടെ കഠിനമായ കാലാവസ്ഥയിൽ ഒരാൾ യാത്ര ചെയ്യുന്ന വീഡിയോ നമുക്ക് കിട്ടുന്നു. ആ ദുർഘടമായ ഭൂപ്രദേശവും കാലാവസ്ഥയിലെ കാഠിന്യവും ഡ്രൈവറുടെ മാനറിസങ്ങളും അത്രയും സ്വാഭാവികമായ് നമുക്ക് അനുഭവപ്പെടുന്നു. ആ കാറിന്റെ സാങ്കേതിക മികവിനെക്കുറിച്ച് അനേകം അഭിപ്രായങ്ങൾ നാം ആ വീഡിയോയുടെ ഒപ്പം വായിച്ചു പോകുന്നു. ഓരോ അഭിപ്രായങ്ങളുടെയും ഭാഷ വളരെ സ്വാഭാവികമായി തോന്നുകയും ഡിസ്‌പ്ലെ പിക്ചറുകൾ ആ അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പ് തരികയും ചെയ്യുന്നു. നേരിട്ട് കണ്ടില്ലെങ്കിലും ഇങ്ങനെ  ഒരു കാർ മോഡൽ ഉണ്ടെന്ന് ഇതിനകം നാം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ടാവില്ലേ? അതോ എപ്പോഴെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ടുള്ള ഇത്തരം സാധ്യതകളെക്കുറിച്ച് നാം ചിന്തിയ്ക്കാൻ സാധ്യതയുണ്ടോ? അതിനെക്കുറിച്ച് ചിന്തിയ്ക്കുന്നവർ പോലും എന്ത് വിശ്വസിയ്ക്കണം എന്ന ആശയക്കുഴപ്പത്തിൽ ആവില്ലേ? അതിനിടയിൽ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയനായ ഒരു പ്രസിഡൻറ് തന്റെ രഹസ്യകാമുകിയുടെ കൂടെ ഈ കാറിൽ യാത്ര ചെയ്ത് അവധിക്കാലം പങ്കിടുന്ന ഒരു വീഡിയോയൊ അല്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായ് ബാധിയ്ക്കുന്ന ഒരു പോളിസിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു സ്വകാര്യസംഭാഷണമോ പുറത്തു വരികയും അദ്ദേഹത്തിൻറെ സ്വഭാവത്തെക്കുറിച്ച് ലക്ഷക്കണക്കിന് hate messages അതിന് പുറകെ വരികയും ആ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ അത്രയൊന്നും ജനസമ്മതനല്ലാത്ത എതിരാളി നിഷ്പ്രയാസം ജയിക്കുകയും അത് കഴിഞ്ഞ് അതൊരു fake video എന്ന്  അറിയുകയും  hate messages വന്നത് ലക്ഷക്കണക്കിന് fake bot accounts-ൽ നിന്നാണെന്ന് അറിയുകയും ചെയ്യുമ്പോൾ screwed എന്ന ഹാഷ്ടാഗ് കൊണ്ട് നാം ആ അനുഭവത്തെ അതിജീവിയ്ക്കുകയും അല്പകാലം കഴിഞ്ഞ് മറക്കുകയും ചെയ്യുമോ? അതൊരു fake video ആണോ അല്ലയോ എന്നുറപ്പിക്കാൻ പോലും എങ്ങനെയാണ് കഴിയുക? ഏതിനെയാണ് വിശ്വസിയ്ക്കുക? വിശ്വസിയ്ക്കാതിരിയ്ക്കാൻ എന്താണ് കാരണമായി കാട്ടുക? ഇന്ത്യ പോലെ ഒരു രാജ്യത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ഒരു വ്യാജസന്ദേശത്തിന് ഇത്രയൊക്കെ അലങ്കാരങ്ങളുടേയോ കൃത്യതയുടെയോ ആവശ്യം പോലുമുണ്ടോ? രാഷ്ട്രീയവും അധികാരവും മാത്രമല്ല എല്ലാ അറിവുകളും വിവരങ്ങളും വസ്തുതകളും- രോഗപ്രതിരോധമാർഗ്ഗങ്ങളോ, ആഹാരരീതികളോ, മനുഷ്യബന്ധങ്ങളോ, എന്തും ഇത്തരത്തിലാകാം! ഇന്റർനെറ്റും അതിന് ചുറ്റിലും വളർന്നു വരുന്ന വിവരങ്ങളുടെ ഇക്കോസിസ്റ്റവും അത്രയും പ്രകൃതിദത്തവും സ്വാഭാവികവുമായ് തോന്നിപ്പോകുമ്പോൾ അപകടത്തിൽ പെടുന്നത് വവ്വാലോ ബംഗാളിയോ ആരും എന്തും ആകാം.  'ചെന്നായ് വരുന്നേ, ചെന്നായ് വരുന്നേ'  എന്ന് അലറിയ ആട്ടിടയന്റെ കഥയിൽ ഗുണപാഠമായി Reality Apathy എന്ന വാക്ക് നമ്മൾ ഉപയോഗിച്ചിരുന്നില്ല. സംഗതി പക്ഷേ അത് തന്നെയാണ്. ക്രമേണ ഒന്നിനെയും വിശ്വസിയ്ക്കാൻ കഴിയാത്തവനായ്‌, ഒന്നിലും വിസ്മയിക്കാൻ കഴിയാത്തവനായ് മനുഷ്യൻ മാറും. ഒരു വിശ്വസ്തനായ ഡ്രൈവർ വരുന്നു, അയാൾ കൊണ്ടുപോകുന്ന സുഖപ്രദമായ വാഹനത്തിലിരുന്ന് നിങ്ങൾ എത്തിച്ചേരുന്ന ഇടമാണ് ഈ ഭൂമിയിൽ നിങ്ങൾക്ക് ഏറ്റവും അനിയോജ്യമായ വാസസ്ഥാനം, അവിടെ നടക്കുന്നതാണ് ഏറ്റവും യഥാർത്ഥമായ കാര്യങ്ങൾ എന്ന് ധരിയ്ക്കുന്ന ഒരു അന്യഗ്രഹജീവിയെ ഇപ്പോഴേ ഓരോരുത്തരിലും വ്യക്തമായ് കാണാൻ കഴിയുന്നു!  "

മെഷീൻ ലേണിംഗിൽ ക്ലാസ്സിഫിക്കേഷൻ അൽഗോരിതങ്ങൾക്ക് കൃത്യമായ സാമ്പിളുകൾ വേണം, learning process -ന്.
-ഞാൻ ഓർത്തു.
അതിന് ശേഷമാണ് അതൊരു ആപ്ലിക്കേഷനായ് ഉപയോഗിച്ചു തുടങ്ങുക. ഉദാഹരണത്തിന് ഏത് ഒരു കാൻസർ സെൽ ആണ് ഏത് അല്ല എന്ന് കൃത്യമായി ലേബൽ ചെയ്ത സാമ്പിളുകളിൽ നിന്ന് പഠിച്ചെടുത്ത ശേഷം അത് പുതിയ ഒരു രോഗിയുടെ സെല്ലിൽ ക്യാൻസർ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തുന്നു. മനുഷ്യന്റെ വിശ്വാസങ്ങൾ രൂപപ്പെടുന്നതും ഇങ്ങനെ തന്നെയാണ്. അതിന് പരിശീലിയ്ക്കാൻ കൊടുക്കുന്നത് അവ്യക്തതകൾ ആണെങ്കിൽ അത് അവ്യക്തത നിറഞ്ഞ ഔട്ട് പുട്ടുകൾ തരും. ആശയക്കുഴപ്പം സൃഷ്ടിയ്ക്കും. ഓരോരുത്തരും ആശയക്കുഴപ്പത്തിലാണെങ്കിൽ അവൻ പ്രതിനിധീകരിയ്ക്കുന്ന ഇടം എങ്ങനെയായിരിയ്കും?

ഒരു ചിത്രശലഭത്തിന്റെ ചിറകടിയിൽ നിന്നുയരുന്ന കൊടുങ്കാറ്റ്-കൂർപ്പിച്ചൊരു ചിന്തയുടെ ആദ്യത്തെ ബുള്ളറ്റ് എന്റെ തലയോട്ടി തുളച്ചു കയറിയത് ആ താക്കീതിന്റെ  വെടിമരുന്ന് ഗന്ധത്തോടെയാണ്.

മുത്തശ്ശൻ ഉണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ.
ഞാൻ ഓർത്തു:
വാക്കുകൾ കൊണ്ട് ലളിതമായ് അദ്ദേഹം ആ ബുള്ളറ്റുകൾ കണ്ടെടുത്ത്, മുറിവുകൾ ഉത്തരങ്ങൾ കൊണ്ട് ഉണക്കിയേനെ.

"സെമിനാർ ഹാളിലിരുന്ന് മിസ്സും ഉറങ്ങുകയാണോ?"
റോഷൻ അടുത്തു വന്നിരുന്നു.

"അല്ല "
ഞാൻ പറഞ്ഞു:
"ഞാൻ എന്റെ മുത്തശ്ശനെ ഓർക്കുകയായിരുന്നു."

ഇരുപത് വർഷങ്ങളായ് മുത്തശ്ശൻ മരിച്ചു പോയിട്ട്.
അതിനും അഞ്ച് വർഷങ്ങൾക്ക് മുൻപ് മുത്തശ്ശന് ഓർമ്മകളില്ലാതെയായ്.
ഓർമ്മകൾ നശിയ്ക്കുന്നതോടെ ഒരാൾ മരിച്ചു പോകുമെങ്കിൽ മുത്തശ്ശൻ മരിച്ചിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു. ശ്വാസം നിലയ്ക്കുന്നതാണ് മരണമെങ്കിൽ ഇരുപത്. സാന്നിധ്യമനുഭവിയ്ക്കുന്നതാണ് ജീവിതം എങ്കിൽ  മുത്തശ്ശൻ ഇനിയും മരിച്ചിട്ടില്ല.

ഇപ്പോഴും ഒരു പുതിയ പുസ്തകം കിട്ടിയാൽ തുറക്കുന്നത്, ശനിയാഴ്‌ചകളിൽ ഉറങ്ങുന്നത്, ഞായറാഴ്‌ചകളിൽ വൈകി എഴുന്നേൽക്കുന്നത്, മുത്തശ്ശന്റെ മുറിയിലാണ്. അന്നും ഇന്നും കഥകളിലെ, കാലാതീതമായ മനുഷ്യ ജീവിതങ്ങളിലെ, പേരുകൾ മുത്തശ്ശനാണ് എനിയ്ക്ക് പരിചയപ്പെടുത്തി തരുന്നത്. ഒരു എ കെ ഫോർട്ടി സെവൻ വെച്ച് നിറയൊഴിയ്ക്കുന്നത് പോലെ പ്രഹരശേഷി കിട്ടണം ചില നേരങ്ങളിൽ വാക്കുകൾ പറയുമ്പോൾ എന്ന് ഇടയ്ക്കിടെ സംസാരത്തിന്റെ ശൈലിയിലൂടെ ഓർമ്മപ്പെടുത്തുന്നത്. 'ബുദ്ധനോ ബാപ്പുവോ ആയ ഒരാൾ എകെ ഫോർട്ടി സെവൻ എടുക്കുമോ, വാക്കുകൾ നിറയ്ക്കാൻ?' എന്ന് അന്നേരങ്ങളിൽ ഞാൻ തിരിച്ചു ചോദിയ്ക്കും.

അദ്ദേഹത്തിന്റെ ശീലങ്ങൾക്ക് (പ്രത്യേകിച്ച്, ഒരുപാട് ആഗ്രഹങ്ങൾ ഇല്ലാതെ പോകുന്നതിന് അല്ലെങ്കിൽ മിതത്വത്തിന് )ബുദ്ധനോ ബാപ്പുവോ എന്നും പഴികേട്ടു.
-ഞാൻ ഓർത്തു :
കൂടെ താമസിയ്ക്കുന്നവർക്ക് എന്റെ മുത്തശ്ശൻ അതൊക്കെ ആയിരുന്നതുകൊണ്ട്, പണ്ടൊക്കെ എന്റെ വീട്ടിൽ പല ദിവസങ്ങളിലും ബുദ്ധനും ബാപ്പുവും വിചാരണ ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരൻ പരിഹസിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്തു.

സെക്കനൻഡ് ഗാന്ധി എന്ന് ആഞ്ഞിലിയമ്മ സ്വകാര്യമായ് അദ്ദേഹത്തെ വിളിച്ചോമനിച്ചു. പാഞ്ചാലിയ്ക്ക് കൃഷ്ണനെന്ന പോലെയെന്ന് അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞു.

ഞാനാണ് കൃഷ്‌ണൻ.
-ആഞ്ഞിലിയമ്മ ഉറപ്പിച്ചു.

അവ്യക്തത, ആർത്തി, അറിവ്, അഹംബോധം, അനുസരണ -ഇവയാൽ പങ്കുവയ്ക്കപ്പെട്ടിട്ടുള്ള പാഞ്ചാലിയായിരുന്നു അവർക്ക് എന്റെ മുത്തശ്ശൻ!മുത്തശ്ശന്റെ മാഞ്ഞു പോയ ഓർമ്മകളെയെല്ലാം പകർത്തിയെഴുതി സൂക്ഷിച്ചത് അവരായിരുന്നു. ഓർമ്മകൾ നശിച്ച് ശൈശവത്തിന്റെ ശീലങ്ങളോടെ കഴിഞ്ഞ കാലത്ത് ആഞ്ഞിലിയമ്മ മാത്രം അദ്ദേഹത്തെ ശുശ്രൂഷിച്ചു. പാഞ്ചാലിയ്ക്ക് കൃഷ്ണനെന്ന പോലെ, മുത്തശ്ശന്റെ ഓർമ്മകളുടെ അക്ഷയപാത്രത്തിൽ കയ്യിട്ട് ഒരു ചീരയിലത്തുണ്ട് കണ്ടുപിടിച്ച് പലപ്പോഴും അവരെന്നെ വിരുന്നൂട്ടി.


ഒരു മനുഷ്യൻ ദുഃഖത്തെ നേരിട്ടപ്പോൾ ബുദ്ധനും;
ഒരുവൻ അപമാനത്തെ നേരിട്ടപ്പോൾ ബാപ്പുവുമായ്.
-മുത്തശ്ശൻ ഒരിയ്ക്കൽ എന്നോട് പറഞ്ഞു:
ഒരു മനുഷ്യൻ ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ നിന്ന് അവനെ സ്വയം അഴിച്ചെടുത്തപ്പോൾ ബുദ്ധനും;
ഒരുവൻ അവന്റെ നാടിന്റെ സങ്കീർണ്ണതകളിൽ സ്വയം ബന്ധിച്ചപ്പോൾ ബാപ്പുവുമായ്.
ഇന്ത്യയുടെ അത്രയും സങ്കീർണ്ണതകൾ ഗാന്ധിജിയിൽ ഉണ്ടായിരുന്നു.
ഇന്ത്യ ശരിയ്ക്കും ഒരച്ഛന്റെ മകളാണ്.
മനുഷ്യന്റെ ജീവിതത്തിലെ വെളിച്ചമത്രയും ബുദ്ധനിൽ ഉണ്ട്.
ജീവിതം ബുദ്ധന്റെ ബോധിവൃക്ഷമാണ്.


അപ്പോൾ കമ്മ്യൂണിസ്റ്റോ ?
-ഞാൻ ചോദിച്ചു.
അത് മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തിന് കിട്ടിയ ഏറ്റവും നല്ല പേരായിരുന്നു. മനുഷ്യർ അത് പ്രയോഗിച്ചയിടങ്ങൾ കൊണ്ട് അതിന് നാനാർത്ഥങ്ങൾ ഉണ്ടായി എന്നേയുള്ളൂ.

ജന്മങ്ങളുടെ ദുഃഖത്തിൽ നിന്ന് ബുദ്ധനും
ജനതയുടെ അപമാനത്തിൽ നിന്ന് ബാപ്പുവും
സഹജീവിയുടെ സ്വാതന്ത്ര്യത്തെ ബോധ്യപ്പെടുമ്പോൾ കമ്മ്യൂണിസ്റ്റും
ജനിയ്ക്കുന്നു.
-മുത്തശ്ശൻ പറഞ്ഞു.

ഞാൻ ചോദിച്ചു:
മുത്തശ്ശൻ ഇതൊക്കെയാണോ?
ഒരാൾക്ക് ഇത് മൂന്നും ആകാൻ കഴിയുമോ?

ആരാണ് നമ്മുടെ ജീവിതത്തിന്റെ കഥ പറയാൻ പോകുന്നത് എന്നത് ആശ്രയിച്ചിരിയ്ക്കും അത്.
-മുത്തശ്ശൻ പറഞ്ഞു.
നമുക്കൊഴികെ മറ്റെല്ലാവർക്കും നമ്മുടെ ജീവിതം അവരവർക്ക് തോന്നുന്നൊരു ഇന്റർപ്രറ്റേഷൻ അല്ലേ ?

അൽഷൈമേഴ്‌സ് ബാധിച്ച മുത്തശ്ശൻ ഒരു ബുദ്ധനായ്‌ കഴിഞ്ഞെന്ന് എനിക്ക് തോന്നി.

വീടുപേക്ഷിയ്ക്കാത്ത, ഉള്ളിൽ ഒരു ബോധി വൃക്ഷം വളരുന്ന ബുദ്ധൻ.
ഞാനാ മുറിയുടെ ജനൽകമ്പി പിടിച്ച് എന്റെ ബുദ്ധൻ ധ്യാനിയ്ക്കുന്നത് നോക്കി നിന്നു. എന്റെ ബാപ്പുവിന്റെ പ്രാർത്ഥനകൾ കേട്ടു. കമ്മ്യൂണിസ്റ്റുകാരനു ചുറ്റിലും ഓർമ്മകളുടെ ബലികുടീരങ്ങൾ മാത്രം ബാക്കിയാകുന്നതിൽ വ്യസനിച്ചു.


"ഒരാളുടെ ഓർമ്മകൾ മാഞ്ഞു പോകുന്നതല്ല; അയാളുടെ ഓർമ്മകളിൽ നിന്ന് നമ്മളെ എങ്ങനെ മായ്ച്ചു കളയാം എന്നാണ് ഞാൻ ഈയ്യിടെ ആലോചിക്കുന്നത്."
റോഷൻ പറഞ്ഞു:
"ഞാൻ ഒരു പ്രോഗ്രാം എഴുതിയുണ്ടാക്കാൻ പോകുന്നു. നമ്മൾ ഒരാൾക്ക് മെയിൽ സെൻറ് ചെയ്ത് കഴിഞ്ഞാൽ അയാളുടെ ഇൻബോക്സിൽ നിന്ന് ഇതുവരെ നമ്മൾ അയാൾക്ക് അയച്ച മെയിലുകൾ തിരഞ്ഞു പിടിച്ച ഡിലീറ്റ് ചെയ്തു കളയുന്ന ഒന്ന്."

"നിനക്ക്, നീ ആർക്ക് അയച്ച മെയിലുകളാണ് ഡിലീറ്റ് ചെയ്യേണ്ടത് ?"
ഞാൻ ചിരിയോടെ അന്വേഷിച്ചു.
അവൻ ഒരു ജൂനിയർ പെൺകുട്ടിയുടെ പേര് പറഞ്ഞു.
"അവളുടെ ഓർമ്മയിൽ എന്റെ സ്നേഹമില്ല, പിന്നെ ഇൻബോക്സിൽ മാത്രമായിട്ടെന്തിനാ!" അവൻ ക്ഷോഭിച്ചു.

"ക്ഷോഭിയ്ക്കണ്ട "
ഞാൻ ഓർമ്മിപ്പിച്ചു.
"ക്ഷോഭിയ്ക്കുന്നതല്ല!"
അവൻ എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു:
"മറക്കാൻ പറ്റാഞ്ഞിട്ടാണ് .. പ്രാന്ത് പിടിയ്ക്കുമോ എന്നാണ്!"

"സാരമില്ല "
- അങ്ങനെയേ എനിക്ക് പറയാൻ കഴിയൂ.
"നമ്മളൊക്കെ പഠിയ്ക്കുന്ന മെഷീൻ ലേണിംഗ് ടെക്നിക്കുകൾ തിരിച്ചു നമ്മുടെ തലച്ചോറിൽ ഉപയോഗിച്ചാൽ മതി. ചില ചിന്തകളെ ക്രമീകരിയ്കാനും നിയന്ത്രിയ്ക്കാനും. നമ്മളെങ്കിലും അത് പരിശീലിച്ചു പരീക്ഷിയ്ക്കേണ്ടേ? നമ്മൾ എഴുതിയുണ്ടാക്കുന്ന പ്രോഗാമുകളിൽ ചിലത് നമ്മുടെ നാഡീകോശങ്ങളെ അനുകരിയ്ക്കുന്നതാണെങ്കിൽ, ആ മോഡലുകളിൽ പരീക്ഷിച്ചു വിജയിക്കുന്ന ലേണിംഗ് പ്രോസസ്സുകൾ തിരിച്ച് നമ്മുടെ തലച്ചോറിലും വിജയിക്കേണ്ടതല്ലേ? ഒരു ആന്റി ഡിപ്രസ്സിംഗ് ടെക്നിക് ആയിട്ട്- അതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ."


" മനുഷ്യന്, മനുഷ്യന്റെ ശീലങ്ങളല്ലേ പ്രധാനം? "
-അവൻ തിരിച്ചു ചോദിച്ചു:
"മനുഷ്യർ തന്നെയാണ് പ്രധാനം. അളവുകളും കണക്കുകളും കൃത്യമല്ലെങ്കിലും പരാതികളും പരിഭവങ്ങളും നിറഞ്ഞിരുന്നാൽ പോലും മനുഷ്യർ തന്നെ.  അപ്പുറത്ത് ഒരു മനുഷ്യന്റെ മുഖമോ ശബ്ദമോ കാണാനോ കേൾക്കുവാനോ ഇല്ലായിരുന്നെങ്കിൽ ഈ ശ്വാസം കിട്ടാത്ത പിടച്ചിലോടെ ചെന്ന് ആരെങ്കിലും മൊബൈലിനെയോ ലാപ്ടോപ്പിനെയോ ഇങ്ങനെ ജീവിതത്തിൽ ചേർത്ത് നിർത്തുമായിരുന്നോ?  ഒപ്പമുള്ള ഒരാളിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ പോലും താളം തെറ്റുന്നതാണ് ജീവിതം. അങ്ങനെയെങ്കിൽ എന്തിനെ, ഏതിനെ, എങ്ങനെ വിശ്വസിയ്ക്കണമെന്ന് അറിയാതെയാകുമ്പോൾ മനുഷ്യനെന്ന സാമൂഹിക ജീവിയുടെ നിലനിൽപ് എങ്ങനെയാകും?  ഏതൊക്കെയാവാം അവിടെ ഹാഷ് ടാഗുകൾ - fake information crisis, erosion of trust, realty apathy .. പിന്നെ? "

എനിക്ക് മറുപടിയില്ല.


ഒരു മനുഷ്യന്റെ വിശ്വാസങ്ങളെ ഉറപ്പിയ്ക്കുന്ന ചിന്തകൾ കടന്ന് പോകുന്ന നാഡീവ്യൂഹങ്ങളുടെ നെറ്റ് വർക്കും  അവൻ  ഇടപഴകുന്ന മനുഷ്യരുൾപ്പെട്ട നെറ്റ് വർക്കും തമ്മിൽ സമയബന്ധിതമായ ഒരു mapping function പ്രവർത്തിയ്ക്കുന്നുണ്ട്.  സൊസൈറ്റിയിൽ നിന്ന് അവൻ തിരഞ്ഞെടുക്കുന്ന സാമ്പിളുകളിൽ നിന്ന് അവന്റെ  നിലപാടുകൾ രൂപപ്പെടുകയും ഭൂരിപക്ഷത്തിന്റെ അത്തരം നിലപാടുകളിൽ നിന്ന് സൊസൈറ്റി ക്രമപ്പെടുകയും ചെയ്യുന്ന തുടർച്ചയായ ഒരു പ്രകിയ. ചുറ്റുപാടുകൾക്ക് അനുസരിച്ച് അവന്റെ ശീലങ്ങൾ രൂപപ്പെടുകയും അവയ്ക്ക് മാറ്റങ്ങൾ ഉണ്ടാകുകയും അവന്റെ മനസ്സിൽ വിഗ്രഹങ്ങളും മാതൃകകളും അനുകരണങ്ങളും പിൻഗാമികളും അതികായരും അനുയായികളും തിരിച്ചറിയപ്പെടാത്ത വ്യാജന്മാരും വിശ്വാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും ചെയ്യുന്ന വിധം.


അതിസങ്കീർണ്ണമായ ഈ രണ്ട് നെറ്റ്‌വർക്കുകളും - മനുഷ്യന്റെ ചിന്താലോകവും അവൻ കണ്ണിയായ ജൈവ-അജൈവലോകവും - അന്യോന്യം ക്രമപ്പെടുന്ന ഒരു Generative Adversarial Network (GAN) പോലെയാണ് എന്ന് എനിക്കപ്പോൾ തോന്നി. മനുഷ്യന്റെ വിശ്വാസങ്ങളും സമൂഹത്തിന്റെ രീതികളും കൂടി കലർന്നുള്ള  അതിസങ്കീർണ്ണമായ ഈ നെറ്റ് വർക്കിൽ നിന്ന്  ഒരു അതികായൻ അല്ലെങ്കിൽ വ്യാജനായ ഒരു പിൻഗാമി കൃത്രിമമായ് സൃഷ്ടിയ്ക്കപ്പെടുന്നുണ്ട്. അറിവുകളുടെയും വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും ഇക്കോസിസ്റ്റത്തിൽ, സഹജീവിബോധവും പ്രകൃതിയോട് വിധ്വേയത്വവും കാട്ടുന്നവർ മാത്രല്ല എന്നിരിക്കെ അത് അപകടകരമാണ്. അതിമഹത്തായ  മാനുഷികമൂല്യങ്ങളുടെ, പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിത്തറയുള്ള അറിവുകളുടെ, കരുത്താർന്ന രാഷ്ട്രീയ വിശ്വാസങ്ങളുടെ- ഡൊമൈൻ ഒരു സാധാരണക്കാരന്റെ നിസ്സാരതകളിലേക്ക്, സ്വാർത്ഥതയിലേക്ക്  പരിമിതപ്പെടാനുള്ള നിർഭാഗ്യകരമായ സാധ്യതയാണത്. വ്യാപ്തി വർദ്ധിയ്ക്കുന്നതോടെ  ഈ മായം കലർന്ന അറിവുകൾ, മാതൃകയാക്കേണ്ടുന്ന ഒരു വിശ്വാസമായ് വ്യഖ്യാനിക്കപ്പെടുകയും അറിവിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയും ചെയ്യും. ഭക്ഷണത്തിൽ മായം കലരുന്നതോർക്കുമ്പോഴുള്ള അത്ര ആശങ്കയൊന്നും അറിവുകളിൽ, അറിവുകളായ് മാറിയേക്കാവുന്ന വാർത്തകളിൽ കൃത്രിമത്വം കലരുന്നത്തിൽ ആളുകൾക്ക് ഇല്ലെന്ന് തോന്നുന്നു.

കൃത്രിമമായി ഉണ്ടാക്കുന്ന പഴസത്ത്, രുചിയിലും നിറത്തിലും പ്രകൃതിയുടെ അനുകരണമാവുമെങ്കിലും അതിനെ അപൂർണ്ണമാക്കുന്ന ചിലതുണ്ട്-  
ആ ഫലവൃക്ഷം നനഞ്ഞ മഴ, 
അതിന്റെ വേരിനെ പൊതിഞ്ഞ മണ്ണ്, 
അതിന്റെ ആകാശങ്ങളിലേക്കുയർന്നു നിന്ന ചില്ലകൾ, 
സൗരോർജത്തെ ഉള്ളിലേക്കാവാഹിച്ച ഇലകൾ, 
അതിൽ കൂട് വെച്ച് പാർത്ത കിളികൾ, 
ആ മരത്തോപ്പിൽ ഓടിക്കളിച്ച കുട്ടികളുടെ കുസൃതികൾ, 
പഴക്കച്ചവടക്കാരന്റെ കുടുംബം 
അങ്ങനെയങ്ങനെ ... 
പ്രകൃതിയുടെ ദൃശ്യവും അദൃശ്യവുമായ അനേകം സാന്നിധ്യങ്ങൾ!

മനുഷ്യന്റെ വിവേചനബുദ്ധിയെ ഗണിത വാക്യങ്ങളാക്കി പുനരാവിഷ്കരിക്കുന്നയിടത്തും കൃത്യതയുള്ള ഒന്നായ് വിൽക്കുന്നിടത്തും ഇതേ അപൂർണ്ണതയുണ്ട്. പ്രകൃതിയുടെ ദൃശ്യവും അദൃശ്യവുമായ അനേകം സാന്നിധ്യങ്ങൾ! ആർട്ടിഫിഷ്യൽ എന്ന വാക്ക് തന്നെ  ഒരു മുന്നറിയിപ്പാണ്  - അത് മനുഷ്യന്റെ ചിന്താശേഷിയുടെ അനുകരണമാണെങ്കിൽ ആ താക്കീത് അവന്റെ സ്പീഷിസിന്റെ നിലനില്പിനെ കുറിച്ചു തന്നെയാണ്. 


ഇത്ര അസ്വസ്ഥത വേണ്ട!
മുത്തശ്ശൻ എന്റെ അടുക്കൽ വന്നിരുന്നു.
എന്നിട്ട് സാവധാനം ഓർമ്മിപ്പിച്ചു:
പ്രകൃതിയിലെ എല്ലാറ്റിനും - അത് ഒരു ജലകണികയായിരുന്നാലും മനുഷ്യന്റെ ചിന്തകൾക്കായിരുന്നാലും - ഒരു ചാക്രികക്രമം ഉണ്ട്. അറിവുകളിൽ അവൻ മായം കലർത്തുമ്പോൾ, അത് വേർതിരിച്ചു പുറന്തള്ളാൻ പ്രകൃതി കൃത്യസമയത്ത് സൂചനകൾ തരും. അവന് അത് അനുസരിയ്ക്കാതിരിയ്കാൻ കഴിയില്ല.

ഒരു സംഗീതജ്ഞനിലേക്ക് പെയ്യുന്ന സംഗീതക്ഷരങ്ങൾ, ഒരു എഴുത്തുകാരനെ തേടിവരുന്ന വാക്കുകൾ, ഒരു ശാസ്ത്രകുതുകിയുടെ മുന്നിൽ തെളിയുന്ന ഉത്തരങ്ങൾ, ചിത്രകാരനെ നിറയ്കുന്ന നിറങ്ങൾ, ഒരു സഞ്ചാരിയുടെ മുന്നിലെത്തുന്ന വഴികൾ  -തന്നെ എളിമയോടെ പിന്തുടരുന്ന മനുഷ്യനെന്ന ആരാധകനോട് പ്രകൃതി യഥാസമയം സംവേദിയ്ക്കുന്നത് അങ്ങനെയാണ്. അതിനൊപ്പം, തന്റെ ആരാധകന്റെ  അന്വേഷണങ്ങൾ ഒരിയ്ക്കലും അവസാനിക്കരുതെന്നുറപ്പിച്ച് പ്രകൃതി ചില കൂട്ടിച്ചേർക്കലുകൾ, മായ്ചുകളയലുകൾ കൂടി ചെയ്തു വയ്ക്കുന്നു-   നാമറിഞ്ഞു വരുമ്പോഴേയ്ക്കും ജനിതകഘടന മാറിപ്പോകുന്ന സൂക്ഷ്മാണുക്കൾ, അനുഭവവേദ്യമാകാത്ത ദ്രവ്യാവസ്ഥകൾ, സൂക്ഷ്മകണികകളിലെ ഊർജ്ജവിന്യാസത്തിലെ അനിശിചിതത്വം, ഭൂമിയുടെ ഉൾക്കാമ്പിലെ തീപിടിച്ച അനക്കങ്ങൾ, പലതാളത്തിൽ പെയ്യുന്ന മഴ, പൊരുത്തമില്ലായ്മകൾക്കിടയിലും ഐക്യപ്പെടാൻ സാധ്യമാണെന്ന് തെളിയിക്കുന്ന ജീവിതങ്ങൾ, മനുഷ്യന്റെ  തൃപ്തിപ്പെടാത്ത മനസ്സും പുതിയ ശീലങ്ങളും .. അങ്ങനെയങ്ങെനെ  അദൃശ്യമായ അനേകം അൽഗോരിതങ്ങൾ.. ഒന്നിനെ അറിഞ്ഞു വരുമ്പോഴേക്കും മറ്റൊന്ന്..

എന്നാലും അതിനിടയിൽ മുറിവേൽക്കുന്നവർ നിരവധിയായിരിക്കുമല്ലേ?
-ഞാൻ ചോദിച്ചു.

അതെ!
-മുത്തശ്ശൻ നിസ്സസംശയം പറഞ്ഞു:
കാരണം അവന്റെ ബോധമണ്ഡലവും അവനുൾപ്പെടുന്ന ജൈവമണ്ഡലവും അത്ര സങ്കീർണ്ണമാണ്.  പ്രകൃതിയ്ക്ക് വിധേയമാകാതെ അവയെ പരസ്പരം ക്രമപ്പെടുത്തുക  പ്രയാസവും.  തന്റെ അനുകരണങ്ങൾ പ്രകൃതിയുടെ സൃഷ്ടിയേക്കാൾ മഹത്തരമാണെന്ന് വിശ്വസിയ്ക്കുന്നവരുടെ ജീവിതത്തിൽ മുറിവിനും സൗഖ്യത്തിനും ഇടയിൽ അനേകം തലമുറകൾ വിധേയമാകുന്ന ഒരു ശസ്ത്രക്രിയ അതുകൊണ്ട് തന്നെ കാത്തിരിയ്ക്കുന്നുണ്ട്.

No comments:

Post a Comment