Monday, May 7, 2018

നഗരത്തിന് പുറത്ത്

"വരാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞില്ലേ? ഇങ്ങനെ തിരക്ക് കൂട്ടുന്നത് എന്തിനാ?"
ജാലകത്തിലൂടെ പെൺകുട്ടി, ക്ഷീണിച്ചതെങ്കിലും ഉറച്ച ശബ്ദത്തിൽ അയാളോട് വിളിച്ചു ചോദിച്ചു.
എന്നിട്ട് പിറുപിറുത്തുകൊണ്ടിരുന്നു:
"അല്ലെങ്കിലും വല്ലാതെയിങ്ങനെ തിരക്ക് കൂട്ടുന്നവരെ എനിക്ക് ഇഷ്ടമേയല്ല. ഞാൻ എനിക്കിഷ്ടമില്ലാത്തതൊന്നും ചെയ്യില്ല എന്നറിയില്ലേ "

അയാൾ മറുത്തൊന്നും പറഞ്ഞില്ല.
എത്ര നേരമായി ഇങ്ങനെ കാത്തിരിക്കുന്നു എന്നോ, ഇത്രയ്ക്ക് ഒരുങ്ങാൻ എന്താണുള്ളതെന്നോ ഒന്നും ചോദിച്ചില്ല.
എന്തെങ്കിലും ചെയ്ത് തീർക്കാനുണ്ടാവും. അയാൾ സ്വയം പറഞ്ഞു. 
ചെയ്യട്ടെ. അല്ലെങ്കിൽ യാത്ര നീളെ അത് പറഞ്ഞു കൊണ്ടിരിയ്ക്കും. വഴിയും വേഗവും പിന്നിലേക്ക് ഓടേണ്ട കാഴ്ചകളും മാത്രമല്ല ഒരു യാത്രയ്ക്ക് വേണ്ടത്, യാത്ര ചെയ്യുന്നവരുടെ സൗഖ്യവും കൂടിയാണ്. അയാൾക്കറിയാം.

അയാൾ കഴുത്ത് നീട്ടി ജാലകത്തിനകത്തേയ്ക്ക് നോക്കി. പെൺകുട്ടി തിരക്കിലാണ്. അല്ലെങ്കിലും യാത്ര പോകാൻ അവൾക്ക് ഒട്ടും താല്പര്യമില്ല.  ഇറങ്ങാൻ ഒരുങ്ങുമ്പോഴേയ്ക്കും എന്തെങ്കിലും പറഞ്ഞത് മുടക്കും. പലതവണ അങ്ങനെയാണ് സംഭവിച്ചത്. അവളുടെ ഇഷ്ടമില്ലാതെ കൊണ്ട് പോകാനും തോന്നുന്നില്ല. ആരോടും അങ്ങനെ ഒരു മൃദുലഭാവം തോന്നാത്തതാണ്. എന്നാലും അവളോടെന്തോ ..
" ഇത്തവണ മുടക്കം പറയരുത് " അയാൾ ഓർമ്മിപ്പിച്ചു:
"യാത്ര പുറപ്പെട്ടേ പറ്റൂ."
" വരാം!"പെൺകുട്ടി അക്ഷമയോടെ പറഞ്ഞു.

" സമയമുണ്ട്; എന്നാലും വൈകരുത്."
അയാൾ ഇടനാഴിലൂടെ പതുക്കെ നടന്നു.
ഇന്നെന്തോ പതിവിലേറെ ശാന്തത. എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്ന് തോന്നി. സാധാരണ പതിവില്ലാത്തതാണ്.  ആർക്കും ഒന്നിനും ഒരു തിരക്കുമില്ലാത്തത് പോലെ, എന്തോ ആശുപത്രി ആണെന്ന് പോലും മറന്നുപോകും.

പെട്ടന്ന് ആരോ വിളിച്ചെന്ന് അയാൾക്ക് തോന്നി.
ഇടനാഴിയിലെ നിരത്തി വെച്ച കസേരകളിൽ ഒന്നിലിരിയ്ക്കുന്ന സ്ത്രീയാണ്. പ്രൗഢയായ ഒരു സ്ത്രീ. അയാൾ അടുത്ത് ചെന്നിരുന്നു. ആ സ്ത്രീ സ്വയം പരിചയപ്പെടുത്തി:
"മുന്നൂറ്റിപ്പതിനാലിലെ ആളിന്റെ കൂടെ വന്നതാണ്. നിങ്ങളോ ?"
"ഞാൻ .. ആ മുന്നൂറ്റി ഒമ്പതിലെ പെൺകുട്ടിയില്ലേ , അവളെ യാത്രകൊണ്ട് പോകാൻ .."

"അവൾക്ക് യാത്രയൊക്കെ ചെയ്യാറായോ? തീരെ സുഖമില്ലെന്നാണല്ലോ നഴ്സ് പറഞ്ഞത്.. ഇന്നല്ലെങ്കിൽ നാളെ എന്ന മട്ടിൽ.. എന്നിട്ട് നഴ്സ് പ്രഭേട്ടനെ വഴക്ക് പറയ വരെ ചെയ്‌തു.. പ്രഭേട്ടന്റെ അസുഖമൊക്കെ വെറും തോന്നലാണെന്ന് പറഞ്ഞ്.. ഓരോരുത്തർ ജീവന് വേണ്ടി മല്ലിടുമ്പോൾ, നിങ്ങളിങ്ങനെ ഇല്ലാത്ത അസുഖത്തിൽ മരിച്ചു കിടന്നോ എന്ന് വരെ നഴ്സ് പറഞ്ഞു. "

" എന്റെ എഴുപതാമത്തെ പിറന്നാളായിരുന്നല്ലോ... എല്ലാവരും വന്നിരുന്നു. മക്കളും മരുമക്കളും മക്കളുടെ മക്കളും എല്ലാം.. രണ്ട് ദിവസം മുന്നേ തന്നെ. രാത്രി പ്രഭേട്ടന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.. ഹോസ്പിറ്റലിലേക്ക് വന്നു. അഡ്മിറ്റായ് .. കുഴപ്പമൊന്നും കാണുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.. എന്നാലും ഒബ്‌സർവേഷനിൽ കെടാത്താം എന്ന് .. ടെസ്റ്റും ബ്ലഡ് റിസൾട്ടും ഒക്കെ നോർമ്മലായിരുന്നു. ഇളയ മോന്റെ കൂടെ പഠിച്ച ഒരു കുട്ടി അവിടെ ഡോക്ടറായിട്ടുണ്ട്. അവൻ പറഞ്ഞു: പേടിക്കുകയൊന്നും വേണ്ട ആന്റീ, അങ്കിളിന് പ്രത്യേകിച്ച് കൊഴപ്പം ഒന്നൂല്ല. അല്ലെങ്കിലും ഈ പ്രായത്തിലുള്ള മറ്റാരേക്കാളും ആരോഗ്യം അങ്കിളിനുണ്ട്.. അതങ്ങനെ അല്ലെ വരൂ .. ആന്റീ  അത്രയും ശ്രദ്ധിച്ചല്ലേ അങ്കിളിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.. ചിലപ്പോ പെട്ടന്ന് എന്തെങ്കിലും ടെൻഷൻ വന്നതാകും.. ഭാര്യയുടെ പിറന്നാൾ ആഘോഷിയ്ക്കാൻ എല്ലാവരും കൂടിയതല്ലാതെ വേറെ അപകടം ഒന്നുമുണ്ടായിട്ടില്ല. ഞാൻ മനസ്സിലോർത്തു. "

" മോന്റെ കൂട്ടുകാരൻ ഡോക്ടർ പറഞ്ഞു: ചിലരിങ്ങനെ ഇണ്ടെന്ന് .. കെയറും സ്നേഹോം അറ്റെൻഷനും ഒക്കെ കിട്ടാൻ രോഗിയാണെന്ന് സ്വയം  വിശ്വസിയ്ക്കുകയും കൂടെയുള്ളവരെ വിശ്വസിപ്പിയ്ക്കുകയും ചെയ്യുന്നവര് .. കൂടെയുള്ളവര്  ജീവനെക്കുറിച്ച് ഭയപ്പെടുന്നതും  അവരുടെതായതെല്ലാം മാറ്റിവെച്ച് നെഞ്ചിടിപ്പോടെ ശുശ്രൂഷിയ്ക്കുന്നതും കൂടുതൽ കരുതൽ തരുന്നതും കൂട്ടിരിയ്ക്കുന്നതും ആളുകളുടെ സംഭാഷണവിഷയമായ് അത് മാറുന്നതും ഒരു ഹരമായ് കൊണ്ട് നടക്കുന്നവര്..  അതിന് വേണ്ടി വീണ്ടും വീണ്ടും രോഗിയായി മാറുന്നവര് .. അല്ലെങ്കിൽ, തങ്ങളെ ആരും ഓർക്കുക പോലുമില്ലെന്ന് വെറുതെ തോന്നുന്നവര് .. അങ്കിളിന് കുറെയൊക്കെ ഈ ഒരു കുഴപ്പംണ്ട് .. ഞാൻ മുൻപും പറഞ്ഞിട്ടില്ലേ .. ആന്റി അതോണ്ട് അങ്കിളിനെ ഓർത്ത് ഇത്ര ടെൻഷൻ അടിയ്ക്കുകയൊന്നും വേണ്ട.. ഇതിപ്പോ ആന്റീടെ പിറന്നാളും അതിന്റെ ആഘോഷവും ഒക്കെ ആയതോണ്ട് കുറച്ച് അറ്റൻഷൻ കുറഞ്ഞുപോകുന്നുണ്ടോന്ന് അങ്കിളിന് പേടി തോന്നിയതാവും.."

"പെട്ടന്ന് എനിയ്ക്ക് കബളിയ്ക്കപ്പെട്ടത് പോലെ തോന്നി. ഒരു ദിവസം അല്ല. കഴിഞ്ഞ നാൽപ്പത്തിമൂന്നു വർഷങ്ങളിലെ ഓരോ പകലുകളും ഓരോ രാതികളും.. ഓരോ സെക്കന്റുകളും.. അയാളുടെ ഹൃദയം, ശ്വാസകോശങ്ങൾ, വൃഷണങ്ങൾ, വൃക്കകൾ, മൂത്രസഞ്ചി, മൂലക്കുരു, കുഴിനഖങ്ങൾ- ഓരോന്നും പരിപാലിക്കപ്പെടാൻ ഓരോ തവണയും അയാൾ കണ്ടെത്തുന്ന കാരണങ്ങൾ. അയാളുടെ കഫം തുപ്പിവയ്ക്കാനുള്ള ഡബ്ബകൾ, ഇൻഹെയ്‌ലർ, മരുന്ന് ഡപ്പി... നേർപ്പിച്ച ഓട്സ്, ജീരകവെള്ളം, അളവിന് ഭക്ഷണം പകർന്നു വയ്ക്കാനുള്ള പാത്രങ്ങൾ, വെള്ള ട്രൗസറുകൾ, അലക്കി തേച്ചു വയ്ക്കാറുള്ള കോട്ടൺ മുണ്ടുകൾ, ദേഹത്തു തേയ്ക്കാനുള്ള ചെറുപയർ പൊടി, തിളങ്ങേണ്ട ബാത്റൂം ടൈലുകൾ... അയാളുടെ പ്രഭാതസവാരി, യോഗാസങ്ങൾ, ടിവിയിൽ അയാൾ കാണാറുള്ള ആരോഗ്യപരിപാടികൾ.. അതിൽ തുടങ്ങുന്ന അയാളുടെ സംശയങ്ങൾ... യാത്രകളിൽ ചില്ലുകൾ താഴ്ത്തി വയ്ക്കുമ്പോൾ ശ്വസിയ്ക്കേണ്ടി വരുന്ന പൊടി, ചില്ലുകൾ ഉയർത്തി വയ്ക്കുമ്പോഴുള്ള എസിയുടെ തണുപ്പ്.. "

" ഒരു മനുഷ്യനിങ്ങനെ താൻ മാത്രം മരിച്ചു പോകുമോ മരിച്ചു പോകുമോ  എന്ന് പേടിച്ചു പേടിച്ചു ജീവിയ്ക്കുന്നത്.. ബാക്കിയുള്ളവരെയും പേടിപ്പിക്കുന്നത്, അവർക്കൊന്നും മരണമില്ലാത്തത് പോലെ ജീവിയ്ക്കാൻ സമ്മതിയ്ക്കാത്തത് .... തോന്നുന്നത് മടുപ്പല്ല.. അത് പോലും തോന്നാത്ത അത്രയും മരവിപ്പ്.. ഞാൻ ഡോക്ടറുടെ മുറിയിൽ   നിന്ന് പുറത്തിറങ്ങി.. എന്റെ കൂടെ ശാലിനിയുണ്ടായിരുന്നു.  ശരത്തിന്റെ മോള്. അവള് ഈ വർഷം കോളേജിൽ ചേരും. അവൾ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'അച്ഛനും ഇതുപോലെയാ, ഞങ്ങളെ ഇങ്ങനെ പേടിപ്പിച്ചു നിർത്തും, അച്ചാച്ചൻ രോഗത്തെക്കുറിച്ച് പറഞ്ഞിട്ടാണെങ്കിൽ അച്ഛൻ ജോലിയിലെ അൺസേർട്ടണിറ്റിയെ കുറിച്ച് പറഞ്ഞിട്ട്; എക്സ്പെൻസിനെക്കുറിച്ചും സെയ്‌വിംഗ്‌സിനെക്കുറിച്ചും പറഞ്ഞ്.. അമ്മ എന്തെങ്കിലും ആഗ്രഹങ്ങൾ പറയുമ്പോ, 'എന്റെ അമ്മയ്ക്കൊന്നും ഇല്ലല്ലോ ഇത്രയും ഡിമാൻഡ്സ്, നിനക്ക് മാത്രമെന്താ?' എന്ന് അപ്പൊ അച്ഛൻ ദേഷ്യപ്പെടും. അച്ഛന്റെ ശീലം തന്നെ മോനും.. അത് എക്സിക്യൂട്ട് ചെയ്യുന്നത് വേറൊരു സ്റ്റൈലിലാന്ന് മാത്രം, അല്ലേ? എന്നെങ്കിലും എന്റെ അമ്മയെ സമാധാനത്തോടെ കണ്ടിട്ടുണ്ടോ? പാവം എന്റെ അമ്മ. ഞങ്ങളേം അത് തന്നെ പഠിപ്പിയ്ക്കുന്നു.. അങ്ങനെയുള്ള അമ്മമാര് വളർത്തുന്ന ആൺമക്കൾ അവരുടെ ഭാര്യമാരിൽ നിന്നും അത് തന്നെ പ്രതീക്ഷിയ്ക്കും.. തങ്ങൾക്ക് കൂടി ഒരു സ്‌പേസ് ഉണ്ട് എന്ന് കാണിച്ചു കൊടുക്കുന്ന അമ്മമാരുടെ ആൺമക്കൾ അവരുടെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകൾക്കും ആ സ്‌പേസ് കൊടുക്കും..'  അത് കേട്ടപ്പോൾ എനിക്ക് നിരാശ തോന്നി.. വല്ലാതെ നെഞ്ച് പിടയുന്നപോലെ  ... ഞാനെന്താണ് ചെയ്തത്? സമാധാനമുള്ള ഒരു കുടുംബത്തെ വളർത്തുകയാണ് ഞാനെന്നാണ് ഞാൻ കരുതിയത്.. അതിന് വേണ്ടിയാണ് എല്ലാം ചെയ്തത്... അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ഞാൻ ആലോചിച്ചതേയില്ല ... ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു.. എത്രയോ വർഷങ്ങളായി ഒറ്റയ്ക്ക് എവിടെയെങ്കിലും പോയിട്ട്.. ആശുപത്രികളിൽ പ്രഭേട്ടന്റെ കൂടെ ഇങ്ങനെ ചെക്കപ്പിന് വരുന്നതേയുള്ളൂ.. കുട്ടികൾ അവധിയ്ക്ക് വരുമ്പോൾ ഷോപ്പിംഗ് എന്ന് പറഞ്ഞു പുറത്ത്. എന്നാലും പ്രഭേട്ടന് ഹോട്ടൽ ഭക്ഷണം ഇഷ്ടമില്ലാത്തത് കൊണ്ട് എളുപ്പം തിരിച്ചു വരും. കുട്ടികൾ ഫ്രിഡ്ജിൽ വെച്ച ഭക്ഷണം വിളമ്പുമെന്ന് പേടിച്ച് അവരുടെ വീട്ടിൽ  പോലും അധികമൊന്നും താമസിയ്ക്കില്ല...  തിരക്കിലൂടെ നടക്കുമ്പോൾ പേടി തോന്നി..വീണു പോയെങ്കിലോ എന്നൊക്കെ.. പിന്നെ കുറച്ച് സ്‌കൂൾ കുട്ടികളുടെ പിന്നിലായ് നടന്നു..കുറേനേരം നടന്നു.."

" മോൻ സീരിയൽ കാണാറുണ്ടോ? അത് കാണുമ്പോ ചെലപ്പോ നമ്മള് ചോദിക്കില്ലേ, ഇങ്ങനെയൊക്കെ മനുഷ്യമ്മാര് ഉണ്ടോന്ന്.. മനുഷ്യരായാ ഇങ്ങനെയൊക്കെ ചെയ്യോന്ന് .. നമ്മള് സ്നേഹിച്ചവരോട് അങ്ങനെ ചോദിക്കേണ്ടി വന്നാ സങ്കടം വരില്ലേ?... നമ്മുടെ കൂട്ടുനിൽക്കുന്നവര്, നമുക്ക് വേണ്ടിക്കൂടിയാണ് ജീവിയ്ക്കുന്നതെന്ന് ഒരു തോന്നൽ തന്നിട്ട് നമ്മുടെ ജീവിതം ചോദിച്ചു വാങ്ങുകയായിരുന്നു എന്നൊരു തോന്നലുണ്ടായാ ... നമ്മള് ജീവന്റെ ഭാഗായ് കാണുന്നോരോട്  മനുഷ്യരായാ ഇങ്ങനെയൊക്കെ ചെയ്യോന്ന് ചോദിക്കേണ്ടി വരുമെന്നതിനേക്കാൾ സങ്കടം വേറൊന്നും ഇല്ല.. തിരിച്ച് ചെല്ലുമ്പോൾ ആശുപത്രി മുറിയിൽ എല്ലാവരും കാത്തു നില്പുണ്ടായിരുന്നു.. ഒരു ബർത്ത് ഡേ കെയ്ക്ക്.. ആശുപത്രിക്കിടക്കയിൽ വെച്ച് അത് മുറിച്ചു.. 
വീട്ടിലേയ്ക്ക് പോണം; കുളിയ്ക്കണം- ഇവിടുത്തെ വെള്ളം എന്തോ കട്ടിയുള്ളത് പോലെ.. പ്രഭേട്ടൻ പറഞ്ഞു. 
നിങ്ങളെ രണ്ടുപേരേയും വീട്ടിൽ ഡ്രോപ്പ് ചെയ്ത് ഞങ്ങളപ്പം മടങ്ങും
- മക്കളും പറഞ്ഞു. 
തേങ്ങ പൊതിച്ചു വെച്ചത് ബാക്കിയുണ്ടാകുമോ ?
- മൂത്ത മരുമകൾ ചോദിച്ചു:
എനിയ്ക്ക് ഒരു കുപ്പി നാടൻ കള്ള് വാങ്ങണം. അതൊഴിച്ചുണ്ടാക്കുന്ന വെള്ളേപ്പത്തിന്റെ രുചി, യീസ്റ്റിട്ടാൽ കിട്ടില്ല. ശരത്തേട്ടന് അതാ ഇഷ്ടം..
കണ്ടോ അച്ചമ്മേ, അമ്മ അച്ഛനെപ്പറ്റി മാത്രം പറയുന്നത് എന്ന് ആ നേരം ശാലിനി എന്നെ നോക്കി ചിരിച്ചു. എനിക്കറിയാം അവൾക്ക് ആ കള്ളിന്റെ മണമോ രുചിയോ ഇഷ്ടമല്ല. ആ ദിവസങ്ങളിൽ അവൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കാറും ഇല്ല.
എന്നാ അമ്മ പെപ്പറിട്ട് കൊറച്ച് ചിക്കൻ കൂടി വറുത്ത് താ.. അതാ കോമ്പിനേഷൻ..
-ശരത്തും പറഞ്ഞു. 
എന്നാൽ പോകുന്ന വഴിക്ക് താഴത്തെ പീടികേന്ന് വാങ്ങാം..നല്ല നാടൻ കോഴി കിട്ടും..
നാടൻ എന്നൊക്കെ പറേണ വെറുതെയാ.. അമ്മയ്ക്ക് കൊറച്ച് കോഴികളെ വളർത്തരുതോ...?

അച്ഛന് കോഴിക്കാട്ടത്തിന്റെ മണം പിടിയ്ക്കില്ല..
ദിലീപൻ പറഞ്ഞു:
അങ്ങനെ ല്ലേ  നമ്മള് കോഴികളെ വളർത്തുന്നത് നിർത്തിയത്..

ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു. 
ഈ വർത്തമാനത്തിൽ എവിടെയാണ് ഞാൻ?
എവിടെയാണ് എഴുപതാമത്തെ ജന്മദിനാഘോഷങ്ങൾ?
എഴുപത്  വർഷങ്ങൾ!
ഇതുവരെ എന്താണെന്റെ ജീവിതം?
എങ്ങനെയാണ് ഞാൻ മരിച്ചു പോവുക?
ആരായിട്ട്? "
-അവർ വാക്കുകൾ മുഴുവൻ ഒലിച്ചു പോയത് പോലെ,
ഇരുട്ടില്ലാത്തൊരിടത്തേക്ക് ഇരുട്ടിലേക്കെന്നപോലെ നോക്കിയിരുന്നു.

എന്റെ ജീവിതത്തിൽ ഞാൻ ഇല്ലാതാകുന്നത് പോലെ..
സസൂക്ഷ്‌മം 
എന്നെ 
എന്നിൽ നിന്ന് 
അരിച്ചെടുത്ത് 
കളയുന്നത് പോലെ..
വർഷങ്ങൾ നീണ്ട 
 വേർതിരിക്കൽ പ്രക്രിയ!
-ഇങ്ങനെ അവർ പറഞ്ഞില്ല; പക്ഷേ അയാൾ കേട്ടു.

"മോന് പോകാൻ നേരമായോ ?"
അവർ ഉണർന്നെഴുന്നേറ്റപ്പോലെ ചോദിച്ചു: 
"എനിക്കും എങ്ങോട്ടെങ്കിലും ഒന്നിറങ്ങിപ്പോകണമെന്നുണ്ട്.. മോൻ കൊണ്ടോവോ? "

അതുകൊണ്ടാണ് അവർ വിളിച്ചത് പോലെ തോന്നിയത്. അയാൾ ഓർത്തു.

"കൊണ്ട് പോയാൽ തന്നെ പകുതി എത്തുമ്പോഴേയ്ക്കും പ്രഭേട്ടന് മരുന്ന് കൊടുക്കാൻ നേരമായി തിരിച്ചു പോകണം എന്ന് അമ്മ പറയും.."

"അതെ.. അതേ ഞാൻ ചെയ്യൂ. അതേ ഞാൻ ശീലിച്ചുള്ളൂ "
"അതുകൊണ്ട് വരണ്ട .. .മുറിയിൽ തിരിച്ചു പോയി കിടന്നുറങ്ങൂ.."
അയാൾ സ്നേഹത്തോടെ പറഞ്ഞു.

തിരിച്ചു ചെന്നപ്പോൾ പെൺകുട്ടി പരിഹാസത്തോടെ ചോദിച്ചു:
"എന്താ വൈകിയത്?"
"ഒരു അമ്മയോട് സംസാരിച്ചിക്കുകയായിരുന്നു."
"എന്നിട്ട്?"
"അവരിതുവരെ ആരോടും പറയാത്ത, ഇനിയൊരിയ്ക്കലും ആരോടും പറയാനിടയില്ലാത്ത കുറെ വിശേഷങ്ങൾ പറഞ്ഞു."
"എന്നിട്ട്?"
"എന്നിട്ട് എന്താ.. നമ്മുടെ കൂടെ വരട്ടേ എന്ന് ചോദിച്ചു."
"വരുന്നുണ്ടോ?"
"അങ്ങനെ തോന്നുന്നവർക്കൊക്കെ വരാൻ പറ്റുവോ! എഴുപത് കഴിഞ്ഞെന്നേ ഉള്ളൂ.. മനസ്സ് കൊണ്ട് നിന്റെയത്ര പ്രായം ആയിട്ടില്ല.."

പെൺകുട്ടി ചിരിച്ചു.
"എന്നാൽ വൈകിക്കേണ്ട."
"എടുത്തോ, വേണ്ടതെല്ലാം എടുത്തോ?"
"ഉവ്വ് " അവളൊരു പുസ്തകം നീട്ടിക്കാണിച്ചു: "ഇത് മതി, ഇതേ വേണ്ടു."
അയാൾ ആ പുസ്തകത്തിന്റെ പിൻചട്ടയിലെ ചിത്രത്തിലേക്ക് നോക്കി. നല്ല പരിചയമുള്ള മുഖം.

'ഓരോ മരണങ്ങളും ഒന്നിലേറെ ജീവിതങ്ങളെ കൊന്നുകളയുന്നുണ്ട്.'
അവൾ വായിച്ചു:

എന്നിട്ട് ആ പുസ്തകത്തിനോടെന്നപോലെ പറഞ്ഞു:
'സത്യത്തിൽ മരണത്തെക്കുറിച്ച് ഓർക്കാതെയിരിക്കുന്ന നേരങ്ങളിലേ നമ്മൾ ജീവിയ്ക്കുന്നുള്ളൂ.
അല്ലെങ്കിൽ തന്നെ മാറ്റിവെയ്ക്കപ്പെടുന്ന മരണമാണ് ജീവിതം.

ഓരോ മരണങ്ങളും ഒന്നിലേറെ ജീവിതങ്ങളെ കൊന്നുകളയുന്നുണ്ട്.
ഓരോ മരണങ്ങളും ഒന്നിലേറെ മരണങ്ങളെ ഓർമ്മിപ്പിയ്ക്കുന്നുണ്ട്.

സ്വയം
മരിച്ചു കിടക്കുന്നത് ഓർത്ത് കൊണ്ട് ജീവിയ്ക്കുന്ന ചിലരുണ്ട്,
മരണത്താൽ മോഹിതരായ ചിലരും;
മരണത്താൽ ഭീതിതരായ ചിലരും.
രണ്ടുപേരും
മനോഹരമായ ഒരു യാത്രയിൽ
വിൻഡോസീറ്റിലിരുന്ന് ഉറങ്ങുകയും
അവസാനത്തെ സ്റ്റോപ്പിൽ
എല്ലാവരും എഴുന്നേറ്റ് പോയതിൽ പിന്നെ
കൺമിഴിച്ച് നോക്കുകയും ചെയ്യുന്നവരാണ്!'

അവൾ ഒരു പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് മറ്റൊരു പുസ്തകത്തിലേക്കെന്ന പോലെ നോക്കി.
നഗരത്തിന് പുറത്ത് ഒരാൾ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അതേ പരിചയമുള്ള മുഖം.
അവൾ അത്ഭുതപ്പെട്ടു പോയ്.
അവൾ അവനോട് ചോദിച്ചു:
"മുൻപേ ഇങ്ങ് പോന്നോ ?"
അവൻ വാത്സല്യത്തോടെ, ഹൃദ്യമായ് ചിരിച്ചു:
"കാത്തു നിൽകാമെന്ന് കരുതി, നീ ഒറ്റയ്ക്കാവേണ്ടല്ലോ."
" വെറുതെയല്ല" അവൾ അയാളെ നോക്കി കണ്ണുരുട്ടി: 
"ഇന്ന് പുറപ്പെട്ടെ പറ്റൂ എന്ന് നിർബന്ധം പിടിച്ചത് അല്ലേ .."
അയാൾ സ്നേഹപൂർവ്വം ചിരിച്ചു.
അതെ എന്നോ അല്ലെന്നോ പറഞ്ഞില്ല.
"ഇനിയിപ്പോൾ എന്നെ തിരിച്ചു കൊണ്ടാക്കൂ എന്ന് പറയാനും പറ്റില്ലല്ലോ !"
അവൾ പരിഭവം തുടർന്നു.

"നിനക്ക് ജീവിച്ചിരിക്കുന്നതിനെക്കുറിച്ച് കൂടുതൽ എഴുതാമായിരുന്നു." അവൾ അവനെ ഓർമ്മിപ്പിച്ചു:
"ജീവിതത്തിൽ, മരണത്തേക്കാൾ കൂടുതൽ വാക്കുകൾ ഉണ്ടാവില്ലേ? "

അവൻ ഒന്നും പറഞ്ഞില്ല.
അവളെ ഇങ്ങനെ കേട്ടുകൊണ്ടിരിയ്ക്കുന്നതാണ് ജീവിതം എന്നുറപ്പിച്ചു കഴിഞ്ഞവൻ എന്ത് മറുപടികൾ പറയാനാണ്.
അയാൾ ഓർത്തു.

ഇതാ അയാളോടൊപ്പം ,
ഒരു നഗരത്തിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോയിരിക്കുന്നു.
അവർ മരിച്ചുവെന്ന് ആ നഗരത്തിലുള്ളവരെല്ലാം പറയുന്നു.

ഒരുവളുടെ മരണത്തിൽ
ആത്മഹത്യ ചെയ്തവൻ.
എന്നിട്ടും
അവളോടുള്ള സ്നേഹത്താൽ
ജീവിച്ചിരിപ്പുള്ളവൻ.
-അതാണ് നഗരത്തിന് പുറത്ത് അവരുടെ മേൽവിലാസം.

ഞാൻ ഉറപ്പിയ്ക്കട്ടെ ,
അയാൾ പറഞ്ഞ ഓരോ വാക്കും മരണം എന്ന് തന്നെയാണ്; 
നിങ്ങൾ മറ്റുപലതായ് അത് വായിക്കുക മാത്രമായിരുന്നു.2 comments: