Sunday, May 27, 2018

ചുവന്ന് പൂക്കുന്ന ചില്ലകളിലെ പെൺപക്ഷികൾ.


സ്വാതി എന്റെ കൂട്ടുകാരിയാണ്.  
ഇന്നലെ അവൾ എന്നെ അന്വേഷിച്ചു വന്നു.

ഞങ്ങൾ ഹോസ്റ്റലിൽ ഒന്നിച്ചുണ്ടായിരുന്നു. വേറെവേറെ മുറികളിൽ. അന്നൊക്കെ  ചില സങ്കടങ്ങൾ സ്വയം താണ്ടിപ്പോകാൻ കഴിയില്ലെന്ന് തോന്നുമ്പോൾ അവൾ എന്റെ മുറിയിൽ വരും. എന്റെ കട്ടിലിൽ കിടന്ന് എന്റെ കെട്ടിപ്പിടിച്ച് ഉറങ്ങും.

കഴിഞ്ഞ ദിവസം ഫോൺ വിളിച്ച്, 'നീ എവിടെയാണ് ? എനിക്ക് നിന്നെ കണ്ടേ പറ്റൂ' എന്ന് ഒറ്റപ്പറച്ചിലായിരുന്നു.

ഞാൻ റെയിൽവെസ്റ്റേഷനിൽ കാത്തു നിന്നു.

അവളിലേക്കെത്തുന്ന ഓർമ്മകളെ ഞാൻ ഞാൻ കാത്തിരിയ്ക്കാറില്ല. കാരണം എനിക്കവളോടുള്ളത് അങ്ങനെ ഒരിഷ്ടമാണ്. അത് എന്നിൽ ബാക്കിയാക്കുക അതികഠിനമായ നിസ്സഹായതയാണ്.  ഒരാളോട് തീവ്രമായ ഒരു അടുപ്പം തോന്നുകയും അത് തോന്നേണ്ട രീതി അങ്ങനെയല്ലെന്ന് നമ്മൾ നമ്മെ തന്നെ ശാസിച്ചു തുടങ്ങുകയും ചെയ്യുന്ന സാഹസികമായ നിസ്സഹായത. അത് അനുഭവിച്ചു കഴിഞ്ഞാൽ മറവിയുടെ ടൂൾ ബോക്സിലെ ആയുധങ്ങൾ എല്ലാം പരീക്ഷിയ്ക്കും, പരാജയപ്പെടും എന്നുറപ്പിച്ചു തന്നെ. മറക്കണമെന്നത് നാം നമ്മോട് തന്നെ പറഞ്ഞ ഒരു നുണയാകുന്നത് കൊണ്ടാകുമത്.  

ഇന്നലെ അതെല്ലാം ഓർത്ത്, അവളെ മറക്കണമെന്നത് എന്നോട്  തന്നെ പറഞ്ഞ നുണ കൊണ്ടുള്ള മുറിവുകളിൽ ഗുൽമോഹറുകൾ പൂത്തു നിൽക്കുന്നതറിഞ്ഞ്,   ഒരു പകൽ പകുതിയോളം ഒരേയിടത്ത് ഞാൻ അവളെ കാത്തിരുന്നു. ഞാൻ അവളെ പ്രേമിച്ചു തുടങ്ങിയത് ഒരു റെയിൽവെസ്റ്റേഷനിൽ വെച്ചാണ് . അന്ന്  അവിടേക്കുള്ള യാത്രയിൽ നീളെ വഴിയിൽ ഗുൽമോഹറുകൾ വളർന്നു നിന്നിരുന്നു. മരങ്ങളിൽ ചിലത് മാത്രം പൂത്തു നിന്നു.
ആ യാത്രയിൽ അവൾ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു:
'ഈ മരത്തിന്റെ പേര് ഗുൽമോഹർ ആണെന്ന് അന്ന് അറിയില്ലായിരുന്നു. ഒരു മരം, അത് ചുവന്ന് പൂവിടുന്നത് പോലും ശ്രദ്ധിച്ചിട്ടില്ല.'
'പിന്നെ?'
'അത് വളർന്ന് നിന്നത് സ്‌കൂളിലെ മൂത്രപ്പുരയ്ക്ക് ചേർന്നാണ്. മേൽക്കൂരയില്ലാത്ത, വെള്ളമില്ലാത്ത, ഉയർന്ന ചുവരുകൾ മാത്രമുള്ള മൂത്രപ്പുര. അതിന്റെ തറ മുഴുവൻ കൊഴിഞ്ഞ, അഴുകിയ ഇലകളായിരിക്കും. ഒരു ദിവസം, ഇടവപ്പാതിയിൽ ഒരു ദിവസം, ഏഴാം  ക്ലാസ്സിൽ പഠിയ്ക്കുന്ന സമയം, ഒരു ഉച്ചയ്ക്ക്, പാഠ പുസ്തകത്തിലല്ലാതെ ചുഴലിക്കാറ്റിനെക്കുറിച്ച് കേട്ടു. ആ പ്രദേശത്ത് ആദ്യമായിട്ടാണത്രെ. കാറ്റ് വീശാൻ തുടങ്ങി. പിന്നെ പതിയെ മഴ വന്നു. എനിക്ക് മൂത്രം ഒഴിക്കാൻ പോകാൻ തോന്നി. ടീച്ചർ കാണാതെ ഇറങ്ങി ഓടി, മഴ നനഞ്ഞ്.. കൊഴിഞ്ഞു വീണ, അഴുകിയ, ഇലകളിൽ നനവും ചുവപ്പും പടർന്നു...  ഈ മരങ്ങളിങ്ങനെ പൂത്ത് നിൽക്കുന്നത് കാണുമ്പോഴൊക്കെ ഞാൻ ആ ദിവസത്തെക്കുറിച്ചോർക്കും. എനിയ്ക്ക് കുട്ടിക്കാലം ക്യാമറയില്ലാതെ എടുത്തുവെച്ച ചിത്രങ്ങളുടെ ആൽബമാണ്. ഇതാണ് അതിലെ ചിത്രങ്ങളിൽ ഒന്ന്. ആ ഒറ്റ നിമിഷം.'

എന്നിലാകെ ചുവന്നൊരു മഴ പെയ്യുന്നുണ്ടെന്ന് എനിയ്ക്ക് ആ നിമിഷം തോന്നി. അത് എന്നെ വിഴുങ്ങുവാനുള്ള ഒരു പ്രളയമാണെന്ന് ഞാൻ ഉറപ്പിച്ചു.
എനിയ്ക്ക് മടങ്ങിപ്പോകാൻ ഒരു കപ്പൽ അന്വേഷിയ്ക്കേണ്ടതുണ്ട്. 

'നിനക്കോ? എങ്ങനെയായിരുന്നു ആദ്യം?'
അവൾ ചോദിച്ചു.
ഞാൻ ഓർത്തു:
'വയറിനുള്ളിൽ എന്തോ വലിയ മുറിവ് പറ്റിയെന്ന് കരഞ്ഞ് ഞാൻ അച്ഛന്റെ അടുക്കലേക്ക് ഓടുകയായിരുന്നു. അച്ഛൻ അപ്പോൾ ഗ്രേസി ആന്റിയെ വിളിച്ചു. ഗ്രേസി ആന്റിയെ ഞാൻ ആദ്യം കാണുന്നത് അന്നാണ്. ആന്റി പറഞ്ഞു: ഇനി ബിന്ദ്യ എന്റെ കൂടെ നിൽക്കട്ടെ. അങ്ങനെ ഞാൻ വീടും സ്‌കൂളും മാറി. നീലയിൽ നിന്ന് തവിട്ട് കളറിലേക്ക് യൂണിഫോമും.ഒരു വർഷമേ ഞാൻ അവരോടൊപ്പം നിന്നുള്ളൂ.. പിന്നീട് ബോർഡിംഗിലേക്ക് മാറ്റണമെന്ന് ഞാൻ നിർബന്ധം പിടിച്ചു.'

'ആരായിരുന്നു ഗ്രേസി ആന്റി?'
സ്വാതി  ചോദിച്ചു.
'എനിക്കും അറിയില്ല.'
ഞാൻ ഓർത്തു.
'അച്ഛനേയും അവരേയും കുറിച്ച് പല കഥകളും കേൾക്കാറുള്ളത് കൊണ്ട് എനിക്കവരെ ഇഷ്ടമില്ലായിരുന്നു.'

എങ്ങനെയായിരുന്നു ആ ദിവസങ്ങൾ?
ജനിച്ചയിടവും ജനിയ്ക്കേണ്ടിയിരുന്ന ഇടവും രണ്ട് വ്യത്യസ്‌ത ധ്രുവങ്ങളിലാണെന്ന് പരാതി പറഞ്ഞു കൊണ്ട് സ്വയം ശിക്ഷിയ്ക്കുക. എന്തെല്ലാം ആഗ്രഹിയ്ക്കരുതെന്ന് ആഗ്രഹിയ്ക്കുന്നുവോ അത് മാത്രം ആഗ്രഹിയ്ക്കുക.

എനിയ്ക്ക് ചിലപ്പോൾ തോന്നും, അത്രയും അടുപ്പമുള്ളവർക്കു പോലും പരസ്പരം മനസ്സ് തീർത്തും മുഴുവനായി വായിച്ചെടുക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് മനുഷ്യർക്കിടയിൽ ഇത്രയും ബന്ധങ്ങൾ നിലനിന്ന് പോകുന്നത്. ഓരോരുത്തരെയും കൃത്യമായ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സ്നേഹിയ്ക്കാനും വെറുക്കാനുമുള്ള കാരണങ്ങൾ ഓരോരുന്നും അത്രമേൽ സങ്കീർണ്ണമായേനെ; ആ ആശയകുഴപ്പത്തിൽ തകിടം മറിഞ്ഞ നാം ജൈവമല്ലാത്ത ഒന്നിനോടെന്നപോലെ  അവരോടെല്ലാം ഇടപഴകിയേനെ.

ചിരികൾക്കിടയിൽ, വാക്കുകൾക്കിടയിൽ, നന്മകളുടെ ഉടുത്തുകെട്ടലുകളിൽ ഓരോരുത്തരും ഒളിപ്പിച്ചു സൂക്ഷിയ്ക്കുന്നത് ഒരാളെയാണ്-  നാം കാരണം വേദനിക്കരുതെന്ന് ആഗ്രഹിച്ചു നാം കരുതലോടെ കാവൽ നിൽക്കുന്നവരെപ്പോലും കാലങ്ങളോളം അസ്വസ്ഥരാക്കാൻ ത്രാണിയുള്ള നമ്മുടെയുള്ളിലെ ഒരു ഉന്മാദിയെപ്പോലെ സത്യസന്ധനായ ആ അപരനെ. ആത്മാവോളം ഏകാന്തമായ ഒരിടത്ത് വെച്ച് മാത്രം നാം അയാളെ മുഖാമുഖം കാണും.  ആരോടും നാം അയാളെക്കുറിച്ച് പറയില്ല. ആ അപരൻ ഒളിച്ചിരിക്കുന്നതാണ് സ്നേഹിക്കപ്പെടാനുള്ള ഏകസാധ്യതയെന്ന്  അത്രയുറച്ച് അതിനകം നാം വിശ്വസിച്ചു കഴിഞ്ഞിട്ടുണ്ടാകും.

ഗ്രേസി ആന്റി കഴിഞ്ഞ മാസമാണ് മരിച്ചത്. അവരുടെ സംസ്‌കാര ചടങ്ങിന് ഞാൻ പോയിരുന്നു, അവിടെ അച്ഛൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരെക്കാലത്തിന് ശേഷം ഞാൻ വീട്ടിലേക്കും പോയി. അച്ഛൻ അടുക്കളയിലായിരുന്നു. ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. അതിനിടയിൽ അച്ഛൻ എന്നോട് പറഞ്ഞു;

'ഒരു സ്ത്രീയുടെ കരുതലും സ്നേഹവും ഒരു പുരുഷൻ അനുഭവിയ്ക്കണം എങ്കിൽ അവർ തമ്മിൽ കല്യാണം കഴിക്കണമെന്നോ ശരീരം പങ്കിടണം എന്നോ എന്തിന് മകളായോ അനിയത്തിയായോ പിറക്കണമെന്നോ ഇല്ല. അത് പലർക്കും മനസ്സിലാവില്ല. അത് മനസ്സിലാവുന്നവർക്ക് ഒരു മനുഷ്യന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും അമൂല്യമായ സ്നേഹം എന്തെന്ന് മനസ്സിലാകും. നിനക്ക് പോകാം. ഒറ്റയ്ക്ക് ജീവിയ്ക്കേണ്ടത് എങ്ങനെ ആണെന്ന് അവളിൽ നിന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.'

'ഗ്രേസി ആന്റി ഒറ്റയ്ക്കായിരുന്നില്ല;'
 ഞാൻ ഉറക്കെ പ്രതിഷേധിച്ചു: 
'എന്നെ ഒറ്റയ്ക്കാക്കാൻ അച്ഛൻ  എന്നും എന്നോട് പറഞ്ഞ കള്ളം മാത്രമാണത്.'

തിരിച്ചുള്ള യാത്രയിൽ അമൂല്യമായ സ്നേഹത്തെക്കുറിച്ചുള്ള അച്ഛന്റെ നിർവ്വചനം ഞാൻ വീണ്ടും വീണ്ടും ഓർത്തു. മറ്റൊരാളായിരുന്നു അത് പറഞ്ഞതെങ്കിൽ ഹൃദയപൂർവ്വം ഞാനത് സ്വീകരിച്ചേനെ. ഇത് ഇല്ല. അച്ഛൻ അത് പറഞ്ഞത് തന്നെ ഈ ദിവസത്തിന് വേണ്ടി പലവട്ടം സ്വയം പറഞ്ഞു പഠിച്ചതിന്റെ വെറും ആവർത്തനം മാത്രമാണ്.

അച്ഛൻ എന്തിനെയോ ഭയപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നി.
'എന്തായിരുന്നു ആ ഭയം?'
എനിക്ക് ചോദിയ്ക്കണം എന്നുണ്ടായിരുന്നു.
'ഭയമില്ലായിരുന്നു എന്ന് പറയണ്ട.
ഭയം അല്ലാതെ മറ്റൊന്നും ജീവിതത്തെ ഇത്രമേൽ വിരസമാക്കില്ല.
ഭയം അല്ലാതെ മറ്റൊന്നും ജീവിതത്തെ ഇത്ര ജീവനില്ലാത്തതായ് മാറ്റില്ല.
എന്തായിരുന്നു അത്? എന്തിനോടായിരുന്നു അത്?'
തിരിച്ചു പോയി അച്ഛനോട് ചോദിച്ചാലോ എന്ന് ഞാൻ കരുതി.
എന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്നും എനിക്കറിയണം.
ഞാൻ തിരിച്ചു പോയില്ല.
ഒന്നും ചോദിച്ചതുമില്ല.

ആരെങ്കിലും പറഞ്ഞ കഥയിലൂടെ പോലും എനിക്ക് എന്റെ അമ്മയെ ഓർമ്മയില്ല; ഒരു കഥയിലൂടെ ജീവിതം തുടരേണ്ടതില്ലെന്ന് എന്റെ അമ്മ നിശ്ചയിച്ചതായിരിക്കണം.


"ഇങ്ങോട്ടുള്ള യാത്രയിൽ ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിരീക്ഷിയ്ക്കുകയായിരുന്നു..  "
-സ്വാതി പറഞ്ഞു തുടങ്ങി:
"അവരിൽ എത്ര പേർ ആരും കാത്തിരിയ്ക്കാനില്ലാത്ത ഒരിടത്തേക്ക് യാത്ര ചെയ്യുന്നുണ്ട് എന്ന്! പെട്ടന്ന് എത്രയോ കാലങ്ങൾ കൂടി ഞാൻ ഇന്നങ്ങനെ ഭവാനിയമ്മയെ ഓർത്തു. ഞാൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവർക്ക് അറുപത് കഴിഞ്ഞിട്ടുണ്ടാകും.. ഞാൻ ഡിഗ്രി കഴിയുമ്പോഴാണ് അവർ മരിയ്ക്കുന്നത്. അത്രയും നാൾ - ഒരു പക്ഷേ അതിനും എത്രയോ മുൻപേ തന്നെ അവർ തനിച്ചു താമസിച്ചു തുടങ്ങിയിരിക്കും... അതിന്റെ കണക്ക് ആരും പറഞ്ഞു കേട്ടിട്ടില്ല. അവർ ഞങ്ങളുടെ അയല്പക്കമായിരുന്നു. നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു അവരുടെ വീടും പുരയിടവും.. ആ മണ്ണിന്റെ മൂല്യം എത്രയുണ്ടെന്ന് അവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട്, ആര് തന്നോട് സ്നേഹം കാണിച്ചാലും, ആര് ഭയപ്പെടുത്തിയാലും, ആര് തന്നെക്കുറിച്ച് കഥകൾ പറഞ്ഞുണ്ടാക്കിയാലും  അത് തന്റെ വീടും സ്ഥലവും തട്ടിയെടുക്കാൻ വേണ്ടിയാണെന്ന് അവർ കരുതി.. മക്കളെപ്പോലും അവർ  കണ്ട വിധം അതായിരുന്നു. പശുവിന് കൊടുക്കാൻ പച്ചപ്പുല്ല് അരിയാൻ വരുന്നവരോട് പുല്ല് പിഴുതെടുത്ത് മണ്ണും കൂടി കൊണ്ട് പോകുന്നു എന്ന് തല്ല് കൂടുന്ന അത്രയും ഭ്രാന്തായിരുന്നു അവർക്ക് സ്വന്തം മണ്ണിനോട് .. ഇങ്ങനെ മണ്ണ് മുഴുവൻ തീർന്ന് പോകുമോ എന്ന് കരുതിയാവണം അവര് ഒരു പശുവിനെ വളർത്താൻ തുടങ്ങി.. മനുഷ്യരിൽ അവർക്ക് എന്നോട് മാത്രമായിരുന്നു അടുപ്പം.. ഞാനും അവിടെ മിക്ക ദിവസങ്ങളിലും പോകും...പെറ്റിക്കോട്ട് ഇട്ടു നടക്കുന്ന സമയത്ത്  ഞാൻ ആ പശുവിന്റെ വയറ്റിൽ തല വെച്ചു കിടന്നിട്ടുണ്ട്...  ഒരു പശുക്കുട്ടിയുണ്ടായപ്പോൾ അതിന് മറ്റാരേയും വേണ്ടാതായ്... ഒരു പശുവിൽ നിന്നാണ് ആദ്യമായ് ഒരാൾ എന്നെ വേണ്ട എന്നു വയ്ക്കുന്ന അനുഭവം എനിയ്ക്കുണ്ടായത്... ആ ദിവസം ഞാൻ കുറേ കരഞ്ഞു.. ഭവാനിയമ്മ എനിക്ക് ഒരു സഞ്ചിയിൽ അവർ സൂക്ഷിച്ചു വെച്ച പൊടിഞ്ഞ ലഡുവും ചുവന്ന ജിലേബിയുടെ കഷ്ണങ്ങളും ഇട്ട് തന്നു.. എന്റെ കരച്ചിൽ മാറി... അത് കഴിഞ്ഞ് ഞങ്ങൾ അവരുടെ  പണപ്പെട്ടിയുടെ കാണാതായ താക്കോല് ആ വീട് മുഴുവൻ തിരഞ്ഞു... 'അരയിൽ കെട്ടിയിടുന്നതാ.. അരയിൽ കെട്ടിയിടുന്നതാ..' എന്നവർ പിറുപിറുത്തു കൊണ്ടേയിരുന്നു.. പക്ഷേ കിട്ടിയില്ല. വീട്ടിലെത്തി ഞാൻ ആരും കാണാതെ അവർ തന്ന മധുരം മുഴുവൻ തിന്നു.. ആ പ്ലാസ്റ്റിക് സഞ്ചിയുടെ ഏറ്റവും അടിയിൽ ഒരു കറുത്ത ചരടിൽ കെട്ടിയ പണപ്പെട്ടിയുടെ കാണാതായ താക്കോലുണ്ടായിരുന്നു..."

കറുത്ത ചരടിൽ കെട്ടി, പൊടിഞ്ഞ ലഡുവും ചുവന്ന ജിലേബിക്കഷ്ണങ്ങളും  ഇട്ടുവെച്ച പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചു വെച്ച താക്കോൽ!
ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരുവളുടെ പണപ്പെട്ടിയുടെ താക്കോൽ!
ക്യാമറയില്ലാതെ എടുത്തുവെച്ച ചിത്രങ്ങളുടെ ആൽബത്തിൽ നിന്ന്.
ഞാൻ ചിരിച്ചു.

"രാത്രിയിൽ ആരോ വന്ന് തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഭവാനിയമ്മ എന്നും പരാതി പറഞ്ഞിരുന്നു. 'ഒരുത്തനും എന്നെ തൊടില്ല -വാക്കത്തിയുണ്ട് എന്റെ കയ്യിൽ. എന്നാലും രാത്രി ഉറക്കം കിട്ടില്ല.' അവർ എന്നോട് പറയും.  'ഭവാനിയമ്മയ്ക്ക് വെറുതെ തോന്നുന്നതാ.. ആരും രാത്രി വരുന്നുണ്ടാകില്ല.. അല്ലെങ്കിലും അവിടെ ആര് വരാനാ?'- ആളുകൾ വിശ്വസിച്ചത് അങ്ങനെയാണ്. പക്ഷേ എന്റെ അമ്മ പറയും: ' ഉണ്ടാകും.. ഒറ്റയ്ക്ക് ഒരു സ്ത്രീ കഴിയുന്നുണ്ടെന്നറിഞ്ഞാൽ അങ്ങനെയാ.. ഞങ്ങളും അന്നൊക്കെ ഉറങ്ങിയത്, വാക്കത്തി തലയുടെ ചുവട്ടിൽ വെച്ചിട്ട് തന്നെയാ' .."
സ്വാതി ഓർമ്മകളിൽ തുടർന്നു:
"അമ്മയുടെ അച്ഛൻ, അമ്മ ജനിയ്ക്കുന്നതിന് ആറുമാസം മുൻപേ മരിച്ചുപോയ്. മൂത്ത രണ്ട് സഹോദരിമാരുണ്ടായിരുന്നു. കുടുംബം നോക്കാൻ മൂന്നാമതായി ഒരാൺകുട്ടി പിറക്കണമെന്ന് അവരെല്ലാം ആഗ്രഹിച്ചിരുന്നു. സ്വാഗതം ചെയ്യപ്പെടാത്ത ഒരിടത്തേക്ക് വന്നെത്തിയത് പോലെ ഒരു തോന്നലനുഭവിച്ചാണ് അവർ വളർന്നത് തന്നെ.  ദാരിദ്ര്യം പിടിച്ചതായിരുന്നു അവരുടെ കുട്ടിക്കാലം. മൂത്തസഹോദരിമാർ കല്യാണം കഴിച്ചു പോയ്. അമ്മയും അവരുടെ അമ്മയും മാത്രമായിരുന്നു വീട്ടിൽ. ആ പുരയിടത്തെ പത്തോ ഇരുപതോ തെങ്ങുകളായിരുന്നു അവരുടെ വരുമാനമാർഗ്ഗം. അതും വിളവെടുക്കാൻ മുൻപേ ആരെങ്കിലും ഒക്കെ വന്നു കട്ടുകൊണ്ട് പോകും. രാത്രികളിൽ തേങ്ങ കട്ടുകൊണ്ട് പോകുന്ന ശബ്ദം കേട്ട് കളളന്മാരെ പ്രാകി, അവരുടെ അമ്മ ഒരാൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിയ്ക്കും.. 
 പിന്നീട് പലപ്പോഴും പലരും ആത്മഹത്യ ചെയ്യുന്ന കഥകളൊക്കെ കേൾക്കുമ്പോൾ അമ്മ എന്നോട് പറയാറുണ്ടായിരുന്നു: ' എനിയ്ക്ക് മരിയ്ക്കാൻ പേടിയാണ്.. മരണത്തെ പേടിയാണ്.. പണ്ടൊക്കെ മരണം എങ്ങനെ ആണെന്നറിയാതെ മരിച്ചു പോയോ എന്ന് പേടിച്ച് ഉറങ്ങിക്കിടക്കുന്ന അമ്മയെ ഞാൻ ഉണർത്തി നോക്കാറുണ്ടായിരുന്നു.  ഇനി ചിലപ്പോ അമ്മ മരിച്ചുപോയാൽ ഞാനെന്ത് ചെയ്യുമെന്ന് വേവലാതി തോന്നും. അപ്പോഴും സഹോദരിമാരെ കല്യാണം കഴിച്ചിടത്ത് പോയി അവരുടെ സഹായത്തിന് കാത്തുനിൽക്കില്ലെന്ന് മനസ്സിൽ ഉറപ്പിയ്ക്കും. മരിയ്ക്കില്ല' :  അമ്മ പറയും: ' ഞാൻ പോയി മഠത്തിൽ ചേരും. ' അന്നും അത് പറയുമ്പോൾ അമ്മയുടെ ശബ്ദം ദൃഢമായിരുന്നു: 'എവിടെയാണ് മഠം എന്നോ എങ്ങനെയാണ് അവിടെ ചേരേണ്ടതെന്നോ അറിയില്ല. എന്നാലും ഒറ്റയ്ക്കായി പോയാൽ ആളുകളുടെ ഔദാര്യത്തിന് കാത്തു നിൽക്കാതെ, മറ്റൊരു ജീവിതം തുടങ്ങും. അത്രയും ഉറപ്പുണ്ടായിരുന്നു, ജീവിയ്ക്കും എന്ന ഉറപ്പ്.' ആരുമില്ലാതായ് പോകുന്ന ദരിദ്രയായ ഒരു പെൺകുട്ടിക്ക് ജീവിതത്തോട് തോന്നിയ ആത്മവിശ്വാസം സ്‌കൂൾ ടീച്ചറും അമ്മയും ഭാര്യയും ഒക്കെ ആയിക്കഴിഞ്ഞ്, എപ്പോഴോ എന്തോ ഒരു സങ്കടത്തിൽ ഒറ്റയ്ക്കായി എന്ന ഒരു തോന്നൽ വന്നപ്പോൾ, അമ്മയ്ക്ക് തോന്നിയില്ല. ജീവിതത്തിന് പകരം അമ്മ മരണം തിരഞ്ഞെടുത്തു. ആത്മഹത്യ! "

സ്വാതിയുടെ അമ്മയെ എനിക്കറിയാം. പഠിയ്ക്കുന്ന സമയത്ത് അവധിയ്ക്ക് വീട്ടിലേക്ക് പോകാൻ മടിച്ച് ഞാൻ അവളുടെ വീട്ടിൽ പോയി താമസിയ്ക്കാറുണ്ട്.  ഇത് പഠിയ്ക്കാനുള്ള സമയമാണ് എന്ന് അവളുടെ അമ്മ എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിയ്ക്കും. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ജോലികൾ പോലും അവർ ചെയ്യും. ഞങ്ങൾ പഠിയ്ക്കുകയും ആഹാരം കഴിയ്ക്കുകയും മാത്രം ചെയ്താൽ മതി. 

എന്റെ അമ്മയെ എനിക്ക് ഓർമ്മയില്ല;
ഗ്രേസി ആന്റിയെ ഓർക്കാൻ എനിക്കിഷ്ടവുമില്ല- 
കുട്ടിക്കാലം എനിയ്ക്ക് ചെറുതായ് പോയ കുപ്പായങ്ങളാണ്;
അതാതിടങ്ങളിൽ ഉപേക്ഷിച്ചു കളഞ്ഞവ.

"ജയേച്ചിയെ ഓർമയുണ്ടോ?"
സ്വാതി ചോദിച്ചു:
"ഹോസ്റ്റലിൽ നമ്മുടെ കൂടെ ഉണ്ടായിരുന്നത്? നമ്മളോട് ഏറ്റവും കൂടുതൽ ആത്മഹത്യയുടെ കഥകൾ പറഞ്ഞത് അവരാണ്. ഓർമയുണ്ടോ?"

"ജയേച്ചി!"
എനിക്കോർമ്മയുണ്ട്:
വാട്സപ്പ് ഇല്ലാത്ത ഒരു കാലത്തെ വാട്സപ്പ് ആയിരുന്നു അവർ. പേടിപ്പിക്കുന്നതല്ലാത്ത ഒരു വിശേഷവും അവിടെനിന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. അവരുടെ വാട്സാപ്പ് നമ്പർ ഉണ്ടായിരുന്നെങ്കിൽ സ്റ്റാറ്റസിൽ ഇപ്പോഴും മരിച്ചു പോയവരുടെ കത്തുകളും  ആത്മഹത്യ ചെയ്തവരുടെ കവിതകളും കാണാമായിരുന്നു.

"ഇപ്പോഴവരെ ഓർക്കാൻ കാരണം?"
ഞാൻ ചോദിച്ചു.

"ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഓർക്കുകയായിരുന്നു."
അവൾ മറുപടി പറഞ്ഞു.

"നല്ലത്!അതിനി പ്രത്യേകിച്ചു ചെയ്യണോ?"
ഞാൻ നിർദയം പരിഹസിച്ചു:
"ചില ജീവിതങ്ങൾ ജീവിയ്ക്കുക എന്നത് തന്നെ ആത്മഹത്യയാണ്. "

അവളത് കേൾക്കാത്തത് പോലെ തുടർന്നു:
"അമ്മ പറയാറുണ്ടായിരുന്നു:  പണ്ട് കോളേജിൽ പോകുന്ന സമയത്തൊക്കെ അമ്മയുടെ കയ്യിൽ ബസ്സ് കൂലി പോലും കാണില്ല. എന്നാലും ധൈര്യമായിട്ട് ഇറങ്ങും. എന്തെങ്കിലും ഒരു വഴിയുണ്ടാകുമെന്ന് ഉറപ്പാണ്. ഇല്ലെങ്കിൽ കടത്ത്കാരനോട് കടം പറയും. ബസ്‌സ്റ്റോപ്പിൽ ആളുകൾ പണം എറിയുന്ന ഒരു നേർച്ചപ്പെട്ടി ഉണ്ട്. അത് നോക്കിനടത്തുന്ന ആളോട്, കടം വാങ്ങും. വിശന്നിരിയ്ക്കും. എന്നാലും എല്ലാ ദിവസവും കോളേജിൽ പോകും. ഓരോ ദിവസവും നാളെ കോളേജിൽ പോകാൻ പറ്റിയില്ലെങ്കിലോ എന്ന് ഓർത്ത്  കൂടുതൽ സമയമെടുത്ത് പഠിയ്ക്കും. അവരുടെ മരണശേഷം, ആളുകൾ അമ്മയുടെ ഭീരുത്വത്തെ പറ്റി, ഉത്തരവാദിത്തമില്ലായ്മയെപ്പറ്റി  പറയുമ്പോൾ ഞാൻ ഇതെല്ലാം ആലോചിയ്ക്കും. കൂട്ടേണ്ടിടത്ത് കുറച്ചും ഹരിക്കേണ്ടയിടത്ത് ഗുണിച്ചും പൂജ്യം മാർക്ക് കിട്ടിയ ഉത്തരക്കടലാസിലേക്കെന്ന പോലെ അവരുടെയും എന്റെയും ജീവിതം ഞാൻ ഇങ്ങനെ നോക്കി നിൽക്കും..കുടുംബജീവിതം, സ്നേഹബന്ധങ്ങൾ, അന്തസ്സ്, പദവികൾ  ഇതെല്ലാം ഒരു മനുഷ്യന്റെ ചിന്തകളെ, ആത്മവിശ്വാസത്തെ അട്ടിമറിയ്ക്കുന്നത് ഓർത്ത് ആശങ്കപ്പെടും"

"എനിയ്ക്ക് ഒരു ഓൺലൈൻ സുഹൃത്തുണ്ട്. പർവീൺ - നീയും കണ്ടിട്ടുണ്ടാകും അവർ എഴുതുന്നത്‍ "
ഞാൻ പറഞ്ഞു:
"അവരെക്കുറിച്ചൊരു കഥയുണ്ട്. സത്യമാണോ എന്നറിയില്ല. അവരിതുപോലെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചു .. അതിന് മുൻപ് അവര് അവരെക്കുറിച്ചൊരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തു.. മരിയ്ക്കാൻ തീരുമാനിച്ചയാൾക്ക് ഒളിച്ചു വെക്കാൻ ഒന്നുമില്ലെന്ന മട്ടിൽ അത്രയും സത്യസന്ധമായിരുന്നു ആ എഴുത്ത്.. ആളുകൾക്ക് അത് മനോഹരമായ ഒരു കഥയായ് തോന്നി.. അന്ന് എഫ്ബിയിൽ നിന്ന് കിട്ടിയ ലൈക്കും ഷെയറും കൂട്ടിവെച്ച് അവരു പുതിയ എഴുത്തുജീവിതം തുടങ്ങി.. പിന്നീടവർ അപരിചിതമായ ഇടങ്ങളിൽ ജോലിയന്വേഷിച്ചെന്ന പോലെ അലഞ്ഞു. .ആളുകളുമായി ഇടപഴകി.. ഓരോദിവസവും എന്നപോലെ പുതിയ ജീവിതം ജീവിച്ചു..
അവർ ഒരിയ്ക്കൽ എഴുതിയിട്ടുണ്ട്
- 'നമുക്ക് ഓരോ നിമിഷവും പുതിയ മനുഷ്യരായ് ജനിയ്ക്കാവുന്നതാണ്. ഗർഭാവസ്ഥയുടെയും ശൈശവാവസ്ഥയുടെയും നിസ്സഹായതകൾ തരണം ചെയ്യാൻ കരുത്തരായിരിക്കണം എന്ന് മാത്രം...
അതിൽ പിന്നെ ഊർജ്ജ്വസ്വലയായ ഒരുവൾ നമ്മുടെയുള്ളിൽ ഉണർന്ന്, തലയുയർത്തി നില്ക്കാൻ നമ്മോട് ആജ്ഞാപിക്കും.
നീ - എന്നിലെ പോരാളി- ഒരു യുദ്ധം ജയിച്ചിരിക്കുന്നു;
എനിയ്ക്ക് ജയിക്കേണ്ടതായ യുദ്ധം.
-എന്ന് അവൾ ഒടുവിൽ  നമ്മോട് പറയുക തന്നെ ചെയ്യും.
അത്രയുമായാൽ പിന്നെ,  അവളുടെ ആത്മവിശ്വാസം കാണാൻ,
അവളിലെ ശാന്തത പങ്കിടാൻ എന്തൊരു രസമാണ്!
ചില വിജയങ്ങൾ അങ്ങനെയാണ്- അവ അത്ര സാധാരണമായിരിക്കില്ല.'  "

"ആഹാ!" 
അവളുടെ കണ്ണുകൾ തിളങ്ങി:
"ഒന്ന് പരിചയപ്പെടണല്ലോ അവരെ, നിന്റെയീ പർവീണിനെ "

"അവരുടെ പെയിന്റിംഗുകളുടെ ഒരു എക്സിബിഷൻ നടക്കുന്നുണ്ട് ടൗണിൽ.. 'ഒരു എസി കാറിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ആ വിൻഡോ ഗ്ലാസ്സിന് അപ്പുറം കണ്ട മരങ്ങളെ കാട് എന്ന് വിളിച്ചു ശീലിച്ചത് പോലെ, നാം പ്രണയങ്ങളേയും അടയാളപ്പെടുത്തുന്നു. കൃത്യമായ ശീലങ്ങളുടെ, ചിന്തകളുടെ അളവുകോണുകളിലൂടെ അവയെ നിർമ്മിച്ചെടുക്കുന്നു.' അവർ പറയുന്നു. പ്രണയങ്ങളുടെ ജ്യാമിതീയ നിർമ്മിതികൾ - അതാണ് തീം. ചിത്രങ്ങൾ കണ്ടാൽ മനസ്സിലായില്ലെങ്കിലും ഡിസ്ക്രിപിഷൻ കേട്ടാ നമ്മളവരെ പ്രേമിച്ചു പോകും.."

"നീയോ? "
അവൾ എന്നെ കളിയാക്കി:
"നീ പ്രേമത്തെക്കുറിച്ചൊക്കെ പറയാൻ തുടങ്ങിയോ?"

"ഇല്ല."
ഞാൻ കണ്ണുകളടച്ചു;
അവിടെ പൂത്ത ഗുൽമോഹറുകൾ കണ്ടു;
അവിടെ പെയ്ത ചുവന്ന മഴ നനഞ്ഞു.
അവിടെ വീശിയടിച്ച ചുഴലിക്കാറ്റിൽ ഉലഞ്ഞു.

ചില മനുഷ്യരിൽ നിന്ന് കരകയറാൻ നാം പഠിച്ച തുഴച്ചിലൊന്നും മതിയാവുകയില്ല.

അതുകൊണ്ട് അവളോട് പറഞ്ഞു :
"ഇല്ല. ഞാൻ ജീവിതത്തിൽ ഇന്നുവരെ പ്രേമത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല."

"എനിക്കൊരു പ്രേമമുണ്ട്";  
അവൾ പെട്ടന്ന്  പറഞ്ഞു:
"ഇന്നലെ അയാൾ മരിച്ചതേയുള്ളൂ ; 
ഇന്നലെ വരെ ഞങ്ങൾ തികച്ചും അപരിചിതരുമായിരുന്നു."

"എനിക്ക് മനസ്സിലായില്ല.." 
ഞാൻ ചോദിച്ചു: 
"നീ ആരെക്കുറിച്ചാണ് പറയുന്നത്?"

"അന്ന് രാത്രിയിൽ വാർത്തകൾ കണ്ട് കൊണ്ടിരിക്കുകയായിരുന്നു. വല്ലാതെ അസ്വസ്ഥത പെടുത്തുന്ന വാർത്തകൾ.. ചില മരണങ്ങളെക്കുറിച്ച് ..എപ്പോഴും എന്നപോലെ ഇടയ്ക്കു വെച്ച് ടിവിയും ലൈറ്റും ഓഫ് ചെയ്ത് കിടക്കാമെന്ന് പറഞ്ഞു.. ഞാൻ അപ്പോഴും ആ വാർത്തയിൽ തന്നെയായിരുന്നു... വല്ലാത്തൊരു അസ്വസ്ഥതയിൽ.. തലപൊട്ടിപ്പോകുന്നത് പോലെയൊരു അശാന്തി... മനുഷ്യനെന്ന ജീവിയുടെ അസാധാരണമായ ആ കഴിവിനെക്കുറിച്ച് .. എനിയ്ക്ക് വെറുപ്പ് തോന്നി..  ഗതികെട്ട് ആത്മഹത്യ ചെയ്ത കൃഷിക്കാരനിൽ നിന്ന്, വിശന്നത് കൊണ്ട് ഭക്ഷണം കട്ടെടുത്തവനെ കെട്ടിയിട്ട മരത്തിൽ നിന്ന്, രോഗിയെ പരിചരിച്ച് അണുബാധയേറ്റ് മരിച്ച നഴ്‌സിന്റെ അവസാനത്തെ കത്തിൽ നിന്ന്.. അതികഠിനമായി നമ്മെ അലട്ടിയ ആ വേദനകളിൽ നിന്ന് ഒരു പത്ത്‌ നിമിഷത്തിന്റെ ഇടവേള പോലുമില്ലാതെ അത്രയും പെട്ടന്ന് ആളുകൾക്ക്  അവരുടെ കിടക്കയുടെ സ്വകാര്യതയിലേക്കും സുഖത്തിലേക്കും മടങ്ങിപ്പോകാൻ കഴിയുന്നത് എങ്ങനെയെന്ന് ശരീരസ്രവങ്ങളുടെ ചേറിൽ കിടന്ന്  ഞാൻ ആലോചിച്ചു.. ആ വെറുപ്പ് അധികരിച്ചു വരുന്തോറും എന്റെ മുന്നിൽ അയാളുടെ മുഖം തെളിഞ്ഞു.. എന്നെ അസ്വസ്ഥപ്പെടുത്തിയ ആ വാർത്തയിൽ മരിച്ചുപോയ അയാളുടെ.. അയാൾ എന്നോട് സംസാരിച്ചു..ക്ഷമിച്ചു..ഞങ്ങൾ സ്നേഹത്തിലായ് ..അടുത്ത ദിവസം ഞാൻ അയാളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു..അയാൾ എഴുതിയതെല്ലാം വായിച്ചു..ഞാൻ കടുത്ത പ്രണയത്തിലുമായ് ....
മരിച്ചു പോയ ഒരാളോട് പ്രണയം..പിറക്കാതെ പോയ ഒരുവന് വേണ്ടി എഴുതുന്ന കവിതകൾ.... ജീവിച്ചിരിക്കുന്നവരോടെന്നതിനേക്കാൾ അതിൽ  സ്വാതന്ത്ര്യവും അഭിമാനബോധവുമുണ്ട്. കഴിഞ്ഞ കുറേ ദിവസം അങ്ങനെയായിരുന്നു.
അതിൽ ഒരു പകൽ ഭർത്താവ് ഫോണിൽ എന്നെ വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: 'പുതിയ വർക്ക് സൈറ്റിലേക്ക് തറയോടുകൾ എടുക്കാൻ വന്നതാണ്. ഒരു പരുപരുത്ത വലിയ കല്ല് കണ്ടപ്പോൾ നിന്നെ ഓർമ്മ വന്നു.. അതിൽ ശരീരം മുഴുവൻ ഉരച്ചെടുത്താൽ നല്ല മാർദ്ദവം കിട്ടും.. രാത്രി വരുമ്പോഴേക്ക് അങ്ങനെ മിനുസപ്പെടുത്തി ബോഡി ക്രീം തേച്ച് നിൽക്ക്. എന്നിട്ട് വേണം  .... '
ഞാൻ ഫോൺ താഴെ വെച്ചു. ഒരേതരം അപമാനം ഒന്നിലേറെത്തവണ സ്വീകരിയ്ക്കുന്നതിന് ഞാൻ എന്നോട് തന്നെ വഴക്കിട്ടു.. അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിയ്ക്കാനും വിശ്വസിയ്ക്കാനും കാരണങ്ങൾ ഉണ്ടെന്നാണ് കരുതിയത്.  അത് കൊണ്ട്.. അതുകൊണ്ട് മാത്രമാണ് ആ നിമിഷം വരെ കൂടെ നിന്നതും. അത് കഴിഞ്ഞുവെന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു. ജീവിതം എളുപ്പമാക്കുന്ന, സ്വയം റിപ്പെയർ ചെയ്യാനറിയുന്ന, എവിടെയും ഫിറ്റാകുന്ന ഒരു ഉപകരണത്തിന്റെ സ്ഥാനത്തേക്ക് ഒരു മനുഷ്യന്റെ പ്രസക്തി മാറിപ്പോകുന്നത് ഓർത്തപ്പോൾ ഉള്ള് പൊള്ളി!
ഇങ്ങനെ പോയാൽ എന്തായാലും രണ്ട് ഓപ്‌ഷനെ എന്റെ മുന്നിലുള്ളൂ.  ഒന്ന് ഡിപ്രെഷനിലായ് സ്വയം പീഢിപ്പിച്ച് ആത്മഹത്യ ചെയ്യുക. രണ്ടാമത്തേത്, അവർക്കൊക്കെ  അനുസരണക്കേടായി തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു കൊണ്ട് ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക.  കൂടെ ജീവിയ്ക്കുന്നവരോട് ചോദിച്ചാൽ ഒന്നാമത്തെ ഓപ്‌ഷനാവും സജസ്റ്റ് ചെയ്യുക. കാരണം അവസാനശ്വാസം വരെ അനുസരണ കാണിയ്ക്കുന്ന സ്ത്രീയാണല്ലോ കുടുംബത്തിന് അഭിമാനം."

എനിയ്ക്ക് ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി.

ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് പറയുന്നവരുണ്ട്. ആത്മഹത്യ എവിടേയ്ക്കുള്ള വഴിയാണ് ?

പർവീൺ ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്:
" ജീവിതം നല്ലതൊന്നും തിരിച്ചു തരുന്നില്ലല്ലോ എന്ന് ഖേദിച്ച് എല്ലാം അവസാനിപ്പിയ്ക്കാമെന്ന് ദിവസങ്ങളോളം ചിന്തിച്ചു കൊണ്ടിരുന്ന സമയമുണ്ട്. ആ ഒരൊറ്റ ചിന്ത മാത്രം; തീപിടിപ്പിക്കുന്നത് പോലെ.
അങ്ങനെയുള്ള ഒരു ദിവസം യാത്ര പോവുകയായിരുന്നു.
ബസ്സിൽ.
പുഴയ്ക്ക് കുറുകെ.
പാലത്തിന് മീതെ.
മഴക്കാലം.
നിറഞ്ഞൊഴുകുന്ന വിസ്താരമേറിയ പുഴ.
അകലെ ഒരു പക്ഷി ഒറ്റയ്ക്ക് പുഴ കുറുകെ കടന്നു പറന്ന് പോകുന്നത് കണ്ടു.
ഒന്ന് ചിറകൊതുക്കാൻ, വിശ്രമിയ്ക്കാൻ ഇടമില്ലാത്ത പുഴയുടെ മധ്യത്തിൽ, ആകാശത്ത് ചിറകടിച്ചു കൊണ്ട് അതെന്നോട് പറയുന്നത് പോലെ തോന്നി:
 " പുഴ തീരുവോളം പക്ഷിയ്ക്ക് പറന്നേ പറ്റൂ. "
മനസ്സിലെ എന്റെ ചോദ്യങ്ങൾക്ക് അതിനേക്കാൾ നല്ല ഒരു ഉത്തരം ഉണ്ടായിരുന്നില്ല. '

ആത്മഹത്യ ചെയ്യരുതെന്ന് മറ്റൊരാളുടെ ഉപദേശം കേൾക്കുകയില്ല, അത് സ്വയം തോന്നുകയാണ് വേണ്ടത്. വഴിതെറ്റിപ്പോയെന്നു എത്രയൊക്കെ ഖേദിച്ചാലും, എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങേണ്ടിവന്നാലും; വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറാവുന്ന വഴികള്‍ തന്നെ ചുറ്റിലും എന്ന് സ്വയം ബോധ്യപ്പെടുകയാണ് വേണ്ടത്.

എനിക്കറിയില്ല അത് എങ്ങനെ അവതരിപ്പിയ്ക്കണമെന്ന്.

പെട്ടന്ന് അവൾ ജ്വലിച്ചു:
"പക്ഷെ ഞാൻ രണ്ടാമത്തെ ഓപ്‌ഷൻ സെലക്ട് ചെയ്തു. അനുസരണക്കേടുകൾ എന്ന് അവർക്കു തോന്നുന്ന എന്റെ സ്വപ്നങ്ങളിൽ തുടരുക എന്ന്... എനിയ്ക്ക് വേണ്ടിയൊരു സിംഹാസനം ഞാൻ പണിയുന്നുണ്ട്. ഒരുനാൾ ഞാനതിൽ കയറിയിരിക്കുക തന്നെ ചെയ്യും.... ഞാൻ - എന്നിലെ പോരാളി- ഒരു യുദ്ധം ജയിച്ചിരിക്കുന്നു; എനിയ്ക്ക് ജയിക്കേണ്ടതായ യുദ്ധം."

അവളും ഞാനും ചിരിച്ചു.

ചിലരിങ്ങനെയാണ് - 
ഞാൻ ഓർത്തു:
ഒരു രക്ഷയുമില്ല!! അവരെ പ്രേമിച്ചുകൊണ്ടേയിരിക്കാൻ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.
:-)

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചേർന്ന് നിൽക്കാവുന്ന അത്രയും കുറഞ്ഞ ദൂരത്തിൽ  ഞങ്ങളിരുന്നു.
ഒരുപാട് നേരം പിന്നെയുമെന്തൊക്കെയോ പറഞ്ഞു.

"ഇന്ന് എനിയ്ക്ക്  ഉറങ്ങണം."
അതിനിടയിൽ അവൾ ഓർമ്മിപ്പിച്ചു:
"ഒരു ദിവസമെങ്കിലും എനിയ്ക്ക്  ഉറങ്ങണം. അതിന് മുൻപ് ഒരാൾ അയാൾക്ക് വേണ്ടിയല്ലാതെ, എനിയ്ക്ക് വേണ്ടി, എന്നെ തൊടണം. തഴുകണം. ഉമ്മകൾ വയ്ക്കണം. എന്നോട് സ്നേഹം മാത്രം തോന്നുന്ന ഒരാൾ. എനിയ്ക്ക് അത് മാതമേ വേണ്ടതുള്ളൂ എന്ന് അറിയുന്ന ഒരാൾ.. എന്നിട്ട് എനിയ്ക്ക് ഉറങ്ങണം. വല്ലാതെ സ്നേഹിയ്ക്കുന്ന ഒരാൾ അടുത്തുണ്ടല്ലോ എന്ന തോന്നലോടെ,  രാജകീയമായ്."

No comments:

Post a Comment