Tuesday, May 1, 2018

ബുദ്ധിയുള്ള പെണ്ണ്

രണ്ടായിരത്തിൽ, അവർ പന്ത്രണ്ടാമത്തെ ക്ലാസ്സിൽ പഠിയ്ക്കുന്നവരായിരുന്നു. നീലിമയും സിദ്ധാർത്ഥനും.  പത്താം തരത്തിൽ ജില്ലയിൽ ഏറ്റവും കൂടിയ മാർക്ക് വാങ്ങിച്ച കുട്ടികളുടെ ബാച്ചായിരുന്നു അത്. എല്ലാവരും ഒന്നിനൊന്ന് മികച്ചവർ; പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും. 

നീലിമയായിരുന്നു അതിൽ ഒന്നാമത്. പ്രാസംഗിക; സംഘാടക. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്ന ഊർജ്ജസ്വലയായ പെൺകുട്ടി. നീലിമയ്ക്ക് സിദ്ധാർത്ഥൻ സഹപാഠികളിൽ ഒരാൾ മാത്രം. സിദ്ധാർത്ഥൻ, അവളോട് സംസാരിയ്ക്കാറ് പോലുമുണ്ടായിരുന്നില്ല.

അവസാനത്തെ പരീക്ഷ കഴിഞ്ഞ്, കൈമാറാൻ മൊബൈൽ-വാട്സാപ്പ് നമ്പറുകളോ ഇമെയിൽ ഐഡികളോ ഇല്ലാത്ത കാലമായത് കൊണ്ട്, ഇരുവരും അവരവരുടെ ജീവിതങ്ങളിലേക്ക് അടയാളങ്ങൾ ഒന്നും കൈമാറാതെ പിരിഞ്ഞു. 

നീലിമയെ ജീവിതം അതിന്റെ എല്ലാ അവിചാരിതകളോടെയും നിറഞ്ഞു സ്വീകരിച്ചു. സിദ്ധാർത്ഥന്റേത്, അവൾക്ക് ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്ന ഒരു ജീവിതത്തോട് ഒപ്പമെത്താനുള്ള കഠിനവും ഏകാഗ്രവുമായ പരിശ്രമത്തിന്റെ വർഷങ്ങളായിരുന്നു. അവൾ, "തനിയ്ക്ക് എത്തിപ്പെടാൻ കഴിയാത്ത അത്രയും ഉയരത്തിൽ" ആണെന്നതിന്റെ മൗനമായിരുന്നല്ലോ അവനിൽ.

കൃത്യം പത്ത് വർഷങ്ങൾ കഴിഞ്ഞ്, കാലങ്ങളായി കാത്തിരുന്നത് പോലെ സിദ്ധാർത്ഥൻ നീലിമയെ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെ കണ്ടെടുക്കുകയായിരുന്നു. അവൾ അന്ന് ശ്രീനിയുടെ ഭാര്യയും അഞ്ചുവയസ്സുകാരിയുടെ അമ്മയും ആയിരുന്നു. അവരുടെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയവും.

സിദ്ധാർത്ഥൻ അവളോട് അവന്റെ വിശേഷങ്ങൾ പങ്കുവെച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കോളേജിൽ അവൻ ഗവേഷണവിദ്യാർത്ഥിയാണ്. അവൻ അവൾക്കയച്ച ഇമെയിലിൽ പകുതിയിലധികവും തൊട്ടടുത്ത ദിവസം അവനൊരു ഫോറിൻ യൂണിവേഴ്‌സിറ്റിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചു ചെയ്ത വിഷയത്തെക്കുറിച്ചുള്ള വിവരണവും വിശേഷങ്ങളും ആയിരുന്നു. പഴയ പ്രാസംഗികയോട് ചില നിർദേശങ്ങളും ചോദിച്ചിരുന്നു, അവൻ.

നീലിമയാകട്ടെ ഇന്റർനെറ്റ് ഉപയോഗിയ്ക്കാൻ തുടങ്ങിയിട്ട് പോലും മാസങ്ങൾ ചിലത് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ചുറ്റുമുള്ള അറിവുകളുടെ ലോകം അത്രയും മാറിപ്പോവുകയും ചെയ്തിരുന്നു.

പിന്നീടുള്ള കുറച്ചു വർഷങ്ങളിൽ സിദ്ധാർത്ഥൻ, നീലിമയെ പല ദിവസങ്ങളിലും വിളിച്ചു; സംസാരിച്ചു. വിശേഷങ്ങളിൽ പലതും ഗവേഷണ വിഷയങ്ങളും അവൻ പരിചയപ്പെടുന്ന സ്ത്രീ സുഹൃത്തുക്കളുടെ രീതികളെക്കുറിച്ചുമായിരുന്നു. അവൻ അവരിലൊരാളിൽ അവന്റെ ഭാവി ജീവിതപങ്കാളിയെ അന്വേഷിയ്ക്കുന്നുണ്ട്. അതിനെക്കുറിച്ച് അഭിപ്രായമെന്തെന്ന് അവളോട് ചോദിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

തനിക്ക് തികച്ചും അപരിചിതമായ വിഷയങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും കേട്ട് കൊണ്ടിരിക്കുന്നതിനൊടുവിൽ ഒരിയ്ക്കൽ അവൾ അവനോട് ചോദിച്ചു:
ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്?
മൂന്ന്നാല് വർഷങ്ങൾക്ക് മുൻപായിരുന്നു അത്.
മറുപടിയായി അവൻ അവൾക്ക് ഒരു ഇമെയിൽ അയക്കുകയാണ് ഉണ്ടായത്. ഇംഗ്ലീഷിലായിരുന്നു അത്. അതിൽ പല വാക്കുകളുടെയും അർത്ഥം അവൾ ഡിക്ഷ്ണറിയിൽ തിരഞ്ഞു. മനസ്സിലാക്കിയത് ഇങ്ങനെയാണ്:

എനിക്ക് ജീവിതത്തിൽ ആദ്യമായ് ആരാധനയും പ്രേമവും തോന്നിയത് നിന്നോടാണ്. ഒരു സ്ത്രീയോട്  ആരാധനയും പ്രേമവും തോന്നുന്നത് അവൾ ആത്മവിശ്വാസമുള്ളവൾ ആകുമ്പോഴാണ്. അവൾ അറിവുള്ളവൾ ആയിരിക്കുമ്പോഴാണ്. അനേകം വിഷയങ്ങൾ അവളുടെ കൈപ്പിടിയിൽ ഒതുങ്ങുമ്പോഴാണ്. ഉത്തരവാദിത്തങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്ത് കാണിക്കുമ്പോഴാണ്. അവൾ സധൈര്യം ഒരാൾക്കൂട്ടത്തെ അഭിമുഖീകരിച്ച് വിവേകത്തോടെ സംസാരിക്കുമ്പോഴാണ്. അവളുടെ അഭിരുചികൾ വ്യത്യസ്‍തമായിരിക്കുമ്പോഴാണ്. 
നീ എന്ന പെൺകുട്ടി അങ്ങനെയായിരുന്നു.
ബുദ്ധിയുള്ള പെൺകുട്ടി.
ആ പെൺകുട്ടിയെ ഞാൻ ആരാധിയ്ക്കുകയും പ്രേമിയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള നിന്റെ ജീവിതം പങ്കിടണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിന് വേണ്ടിയാണ് ഞാൻ എന്റെ ജീവിതം ചിട്ടപ്പെടുത്തിയത്. അതിനിടയിൽ കണ്ട് മുട്ടിയ ഓരോ സ്ത്രീകളെയും ഞാൻ നിന്നോട് താരതമ്യപ്പെടുത്തി. പക്ഷേ നീ മാറിപ്പോയി. നീ ബുദ്ധിയുള്ള പെൺകുട്ടിയല്ലേ, സ്കൂളിൽ പോലും പോകാത്ത വീട്ടുപണിക്കാരിയുടെ ജീവിതം നീ തിരഞ്ഞെടുത്തത് എന്തിനാണ് എന്നാണ് എനിയ്ക്ക് മനസ്സിലാകാത്തത്! ഇപ്പോൾ എനിയ്ക്ക് തോന്നുന്നത് നിന്നെ മാതൃകയായ് കണ്ടത് തന്നെ ആളുകളെ മനസ്സിലാക്കാനുള്ള എന്റെ കഴിവ് കേടാണെന്ന് ! 

വായിച്ചു കൊണ്ടിരിയ്ക്കേ അതെന്താണെന്ന് ചോദിച്ച ശ്രീനിയോട് അവൾ പറഞ്ഞു:
ബുദ്ധിയുള്ള പെൺകുട്ടികളെ മാത്രം സ്നേഹിയ്ക്കുന്ന ചെറുപ്പക്കാരന്റെ കഥ.
ആ ഇമെയിൽ അയാൾക്ക് കൈമാറിക്കൊണ്ട് അവൾ ചോദിച്ചു:
സിദ്ധാർത്ഥൻ എന്നെ സ്നേഹിച്ചിരുന്നു എന്ന് തന്നെയാണോ ഇതിൽ പറയുന്നത്?

*!*

അന്നത്തെ അത്താഴം  വിളമ്പിക്കഴിഞ്ഞപ്പോൾ, ശ്രീനി അവളോട് ചോദിച്ചു:
"ഈ സാമ്പാറിൽ വഴുതിനിങ്ങ മാത്രല്ലേ ള്ളൂ .. വെണ്ടയ്ക്ക ഒന്നും ഇല്ലല്ലോ.. എനിക്കിഷ്ടം വെണ്ടയ്ക്കയാണ് എന്നറിയില്ലേ ?"
"വെണ്ടയ്ക്ക് വിലക്കൂടുതലായിരുന്നു.. ഇത്തവണ ആ സൂപ്പർമാർക്കറ്റ്കാര് ഓഫർ വെച്ചത് വഴുതിനിങ്ങയ്ക്കും ക്യാരറ്റിനും മാത്രാ.. പിന്നെ നമ്മള് വാങ്ങാത്ത ലൗകിയ്ക്കും കൂസയ്ക്കും."

കഴിഞ്ഞ ആഴ്‍ചയിൽ പല ദിവസങ്ങളിലും കയ്പ്പക്ക കൊണ്ടുള്ള വിഭവങ്ങളായിരുന്നു. ചോദിച്ചപ്പോൾ പറഞ്ഞു:
കയ്പ്പയ്ക്ക് ഓഫറുണ്ടായിരുന്നു..

"ഇന്നൊരു വ്യാഴാഴ്ച രാത്രി ആയിട്ട് നിനക്ക് ചിക്കൻ വാങ്ങായിരുന്നില്ലേ?"
"അതിനും വിലക്കൂടുതലായിരുന്നു.. ഈ ആഴ്ച്ച നോൺവെജിന് ഓഫറുണ്ടായിരുന്നത് സാൽമണിന്റെ തലയ്ക്കും ഫ്രഷ് ക്യാമൽ മീറ്റിനും മാത്രാ.. എന്താ അത് വാങ്ങാണായിരുന്നോ?"
"ഇതിപ്പോ സൂപ്പർ മാർക്കറ്റുകാരൻ ഓഫർ വെക്കുന്നതിന് അനുസരിച്ച് നമ്മള് ഭക്ഷണം കഴിക്കേണ്ടി വരുന്നത് കഷ്ടല്ലേ?"
"മാർക്കറ്റ് ഡള്ളാണ്, ബിസിനസ്സ് നടക്ക്ന്നില്ല, സാലറി പെൻഡിംഗ് -ഇതൊക്കെ കേൾക്കേണ്ടി വരുന്നത് കഷ്ടല്ലേ?"
"എന്നാലും .."
"ഒരു എന്നാലും ല്ല .. വെണ്ടയ്ക്ക് ഓഫറുള്ളപ്പോ സാമ്പാറിൽ വെണ്ട ണ്ടാവും.. മുരിങ്ങയ്ക്ക് ഓഫർ ണ്ടാകുമ്പോ മുരിങ്ങ.. അല്ലെങ്കിൽ ഒരു കറി വെച്ച് അതിനെ സാമ്പാറെന്ന് വിളിയ്ക്കും... "
"അതെന്തിനാ..കറിയ്ക്ക്  അതിലിടുന്ന കഷ്ണങ്ങളുടെ പേരിട്ടാ പോരേ ?"
"അത് പറ്റില്ലാലോ .. നിങ്ങൾക്ക് ദോശയ്ക്ക് സാമ്പാര് നിർബന്ധല്ലേ !"

"അവര് ചിലപ്പോ ഒട്ടും പ്രോഫിറ്റ് ഇല്ലാതേം ഓഫർ വെക്കുന്നതെ നിങ്ങള് അത് വാങ്ങാൻ പോകുമ്പോ വേറെ എന്തെങ്കിലും കൂടെ വാങ്ങുവല്ലോ എന്ന് കരുതീട്ടാ .. നിങ്ങളാണെങ്കിൽ അത് മാത്രം വാങ്ങിച്ച് ഇങ് പോരും.."

"അത് ശരിയാ.. ഒരു പ്രാവശ്യം, നേന്ത്രപ്പഴത്തിന് ഓഫർ വെച്ചപ്പോ അത് വാങ്ങാൻ ആളുകളെ തിരക്ക് കണ്ടപ്പോ ആ മാനേജർടെ സീറ്റിലിരുന്ന ആള് ചോദിയ്ക്കാ, ഇനി ഒരാഴ്‌ച എല്ലാരും ഇതേ കഴിക്കുന്നുള്ളോന്ന് .. ഓഫറിന് വേറെ ഒരു സൂത്രം കൂടി ണ്ട് ..  കഴിഞ്ഞ തവണ മൂന്ന് പാക്ക് ചോക്ലേറ്റ് ബിസ്‌ക്കറ്റിന് ഓഫർ പ്രൈസ് പത്ത് ദിർഹം.. കൊള്ളാവുന്ന പ്രൈസ്.. വാങ്ങിയാലോ എന്നാലോചിച്ച് ഞാൻ അതിന്റെ ഒരു പാക്കറ്റിന് ഓഫറില്ലാത്ത പ്രൈസ്‌ എത്രയാണെന്ന് നോക്കി - മൂന്ന് അൻപത്.. അതുപോലെ ഒരു ദിവസം എണ്ണയ്ക്ക് ഓഫർ പ്രൈസ് പന്ത്രണ്ടൻപത് .. അതിന്റെ ആക്ച്വൽ പ്രൈസ് തന്നെ അത്രേള്ളൂ.. അത് പെട്ടന്ന് ശ്രദ്ധിയ്ക്കാത്തവര് ഓഫർ എന്ന ഒറ്റവാക്ക് മാത്രം നോക്കി രണ്ട് ബോട്ടിൽ എക്സ്ട്രാ വാങ്ങും.. എനിയ്ക്കും പറ്റീട്ട്ണ്ട് അങ്ങനെ ...ആങ് .. സാമ്പത്തിക സ്ഥിതി അനുസരിച്ച് അടുക്കള മാനേജ് ചെയ്യുന്നതും ബുദ്ധിപരമായ ഇടപെടലാണ്. ഒരുതരത്തിൽ ഇതുപോലെ ഒരു മഹാനഗരത്തിൽ ഒരു മിഡിൽക്ലാസ്സുകാരന്റെ ജോലിയില്ലാത്ത ഭാര്യയായ് ജീവിക്കുക സാഹസികമാണ് - അവൾക്ക് എല്ലാ ലക്ഷ്വറിയുടെയും പ്രലോഭനം നേരിടുകയും ഒരു യോഗിയുടെ ആത്മസംയമനം പാലിയ്ക്കുകയും വേണം!"

ഒന്ന് നിർത്തി, പതിവ്, ചെറിയ ചിരിയോടെ അവൾ തുടർന്നു:

"അപ്പോ ഇതുപോലെ ഒരു ഭാര്യയെ ആഗ്രഹിയ്ക്കാത്തവരുണ്ടോ? ആ സിദ്ധാർത്ഥനൊക്കെ ആയിരുന്നെങ്കിൽ ഈ ബുദ്ധി കണ്ട് കെട്ടിപ്പിടിച്ച് ഉമ്മവെച്ചേനെ !"

*!*

അവൾക്ക് സിദ്ധാർത്ഥൻ അന്ന് അയച്ച ആ ഈമെയിലിനെക്കുറിച്ച് ഞാൻ ആലോചിച്ചു. അത് വായിച്ചു കഴിഞ്ഞ് ഞാൻ, അവളോട് ചോദിച്ചിരുന്നു:
-ഇൻസൾട്ടഡ് ആയ പോലെ തോന്നുന്നുണ്ടോ ?

-ഏയ് !
അവൾ പറഞ്ഞു: 
-അപമാനിയ്ക്കപ്പെട്ടത്  പോലെ അല്ല; പക്ഷേ ആക്രമിയ്ക്കപ്പെട്ടത്  പോലെ.. ഒട്ടും വിശപ്പില്ലാത്ത ഒരു സിംഹം എവിടെയോ മേഞ്ഞു നടക്കുന്ന ഒരു മാനിനെ വെറുതെ ആക്രമിയ്ക്കുന്നത് പോലെ വിചിത്രം. 

- നീ ഒരു പെണ്ണായത് കൊണ്ടാണിങ്ങനെ എന്ന് തോന്നുന്നുണ്ടോ നിനക്ക്? ഞാനാണ് നിന്നെ ഇങ്ങനെ ആക്കിയത് എന്ന്?

-ഒരിയ്ക്കലുമില്ല. ഞാൻ പെണ്ണായത് കൊണ്ടോ നീ ആണായത് കൊണ്ടോ അല്ല ഇത്.
അവൾ പറഞ്ഞു:
-ഞാൻ  ഒരാണും നീ  പെണ്ണുമാണെന്ന് വെക്കൂ. ജെൻഡർ മാറിയാലും നമ്മുടെ സ്വഭാവങ്ങളും രീതികളും മാറില്ല. ഞാൻ എഴുതാൻ മാത്രമറിയുന്ന ഒരാണും നീ ജോലി ചെയ്ത് എന്നെ പോറ്റുന്ന പെണ്ണുമായിരിക്കും. എനിക്ക് എഴുത്തിനോടുള്ള പ്രാന്തും നിനക്ക് അത് മനസ്സിലാകാത്തത് കൊണ്ടുണ്ടാകാറുള്ള പ്രാന്തും. നമ്മൾ ഇതുപോലെ കലഹിയ്ക്കും; അദ്‌ഭുതകരമായ് പ്രേമിയ്ക്കും. കുട്ടികളെ വളർത്തും. എന്റെ എഴുത്തിലെ അജ്ഞാത സ്നേഹഭാജനങ്ങളെ ഓർത്ത് നീ ഉറങ്ങാതെയിരിക്കും. വൈകീട്ട് ജോലികഴിഞ്ഞ് നീ വരുമ്പോൾ ഞാനുണ്ടാക്കുന്ന അത്താഴം നമ്മൾ ഒന്നിച്ചിരുന്ന്  കഴിയ്ക്കും. ഇങ്ങനെ ഓരോരുത്തരെക്കുറിച്ച് ആലോചിയ്ക്കുന്നത് കൊണ്ടാണ് കറികളിൽ ഉപ്പ് കൂട്ടുന്നതെന്ന്, ഉള്ളി കരിഞ്ഞു പോകുന്നതെന്ന് മുഖം വീർപ്പിയ്ക്കും. പിന്നെ ഒന്നുണ്ട്, നിന്റെ വിരലുകൾ ഇപ്പോഴത്തേക്കാളും മൃദുവായിരിക്കും, എനിയ്ക്ക് ഇത്ര വേദനിയ്ക്കില്ല.

-നീ ആരോടും ഇടപഴകരുതെന്നോ സുഹൃത്തുക്കളുമായ് അകന്നു നിൽക്കണമെന്നോ സത്യത്തിൽ ഞാൻ ആഗ്രഹിയ്ക്കുന്നതേയില്ല..
ഈർപ്പമുള്ളൊരു ശാന്തത കണ്ണുകളിൽ നിറച്ചു കൊണ്ട് അവളെന്നെ നോക്കി. അത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയാം.
ഞാൻ ഓർമ്മിപ്പിച്ചു:

-പക്ഷേ മിക്കപ്പോഴും, ഞാൻ അങ്ങനെ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ തന്നെ മറന്നു പോകും. നിനക്കറിയില്ലേ, ഒരു ബൈപോളാറുകാരന്റെ കൺഡ്രോൾ ചെയ്യാൻ കഴിയാത്ത മൂഡ് ചെയ്ഞ്ച് ..

-എനിക്കറിയാം. 
അവൾ സമാധാനിപ്പിച്ചു:
- സത്യത്തിൽ ഞാൻ എന്നോട് തന്നെയുള്ള സൗഹൃദത്തിൽ ഭ്രമിച്ചു പോയ ഒരാളാണ്. അല്ലാതെ നിന്നെ തൃപ്തിപ്പെടുത്താനൊന്നും അല്ല ഞാൻ ഇങ്ങനെ കൂട്ടുകാരില്ലാത്ത ഒരാളായത്. അങ്ങനെ ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് പിന്നീട് ഓർത്തെടുക്കാനാണ് ഈ എഴുതി വയ്ക്കുന്നത്. എത്ര ശ്രമിച്ചാലും അത് അവസാനിപ്പിയ്ക്കാൻ കഴിയാത്ത ഒരാളുടെ മനസ്സ് മൾട്ടി പോളറാണ്, അതിന്റെ മരണക്കിണർ കറക്കങ്ങൾ കറങ്ങി പേടി മാറിയ എനിയ്ക്ക് ഒരു ബൈപോളാറുകാരന്റെ, സ്നേഹത്തിൽ നിന്ന് ക്ഷോഭത്തിലേക്കും കരുതലിൽ നിന്ന് കലാപത്തിലേക്കുമുള്ള, ഊഞ്ഞാലാട്ടങ്ങൾ എളുപ്പം കടന്നു പോകാവുന്നതേയുള്ളൂ.. എനിയ്ക്ക് എഴുതാൻ കഴിഞ്ഞാൽ മാത്രം മതി. മനസ്സിലുള്ളത് മാഞ്ഞുപോകാത്ത ഒരിടത്തേക്ക് പകർത്തി വയ്ക്കാനുള്ള സമയം. അത് മാത്രമേ ഞാൻ ചോദിയ്ക്കുന്നുള്ളൂ.
  
                                                           
ചിലപ്പോൾ അവളെഴുതുന്നത് ആളുകൾ വായിച്ചിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിയ്ക്കും. അടുത്ത നിമിഷം അതെല്ലാം എനിക്ക് മാത്രമുള്ളതാണെന്ന് സ്വാർത്ഥനാകും. 
എനിക്കറിയാത്ത ചിലരെ വാക്കുകളിൽ കണ്ടുമുട്ടുമ്പോൾ ഞാൻ തീർത്തും അസ്വസ്ഥനാകും. ഇത്രയൊന്നും സ്നേഹിയ്ക്കപ്പെടേണ്ടവൻ ഞാനല്ലെന്ന് തോന്നും. എനിക്ക് പങ്കിടാൻ കഴിയുന്നതിലും ഏറെ സ്വാതന്ത്ര്യവും സ്നേഹവും അവൾ അർഹിയ്ക്കുന്നുണ്ടെന്ന് തോന്നും.

തോന്നലാണ്..
അറിയാം..
തോന്നലാണെന്നറിയാം..

എന്നാലും അപ്പോഴാണ് എനിയ്ക്ക് ഭ്രാന്ത് പിടിയ്ക്കുക.

അന്നേരങ്ങളിൽ അവളെയല്ല; എന്റെ ഭയത്തെയാണ് ഞാൻ ആക്രമിയ്ക്കാറുള്ളതും. അത് മനസ്സിലാവുക അവൾക്ക് മാത്രമാണ്; എനിക്ക് പോലും ചോര പൊടിയുന്നത് അവളിലാണെന്ന് തോന്നും. 

അവൾ പറയും:
-എനിയ്ക്കും നിനക്കും ചില ഭയങ്ങൾ ഉപേക്ഷിയ്ക്കാൻ കഴിയില്ല- എവിടെയെങ്കിലും എഴുതി വയ്ക്കുന്നതിന് മുൻപ് വാക്കുകൾ മറന്നു പോകുമോ എന്ന ഭയം എനിക്കും ഞാൻ നിന്നെ മറന്നു പോകുമോ എന്ന ഭയം നിനക്കും. അതുകൊണ്ട് ഉണ്ടാകുന്നതാണ് നമ്മുടെ ഇടയിൽ ഈ ബഹളങ്ങളൊക്കെ. അത് കൊണ്ടാണ് നിന്റെയീ ഭ്രാന്തുകളെ ഞാൻ ഇത്ര ഓമനിയ്ക്കുന്നതും!*!*

വളരെ ശാന്തമായ ദിവസങ്ങളായിരുന്നു.
അതിലൊരു രാത്രി ഉറങ്ങാൻ  കിടന്നപ്പോൾ, അപ്പോഴേയ്ക്കും ഉറങ്ങിക്കഴിഞ്ഞ അവരുടെ നാലുവയസ്സുകാരൻ ഉറക്കത്തിൽ അവളെ വിളിച്ചു:
"റൗണ്ടമ്മേ.. റൗണ്ടമ്മേ.."
അവൻ എന്താണ് പറയുന്നത് എന്ന് ഭർത്താവ് അവളോട് ചോദിച്ചു:
"തിരിഞ്ഞു കിടന്ന് അവനെ കെട്ടിപ്പിടിക്കണം എന്നാണ്.."

ആ ദിവസങ്ങളിലെ ശാന്തതയും സ്നേഹവും സന്തോഷവും ഓർമ്മിച്ചെടുത്ത് അവൾ അയാളോട് പറഞ്ഞു:
"അങ്ങനെ  എനിയ്ക്ക് കുറേ പേരുകളുണ്ട്, ദാഹിയ്ക്കുമ്പോ വാട്ടറമ്മ, വിശക്കുമ്പോ ചോറമ്മ .. . അവന് എന്റെ വയറ്റത്ത് ഉമ്മ വയ്ക്കണം എന്ന് തോന്നുമ്പോ ടമ്മിയമ്മ- ദൈവത്തിന് പല പേരുകൾ ഉള്ളത് പോലെ."

അവൾ, അയാളിൽ നിന്ന് കൈകളെടുത്ത് കുഞ്ഞിനെ പൊതിഞ്ഞു.

അയാൾ ഓർത്തു:
പലപ്പോഴും കണ്ടിട്ടുണ്ട്, അവൾ അടുക്കളയിൽ പണിയിലായിരിക്കുമ്പോഴും, വെറുതെ ഇരിക്കുമ്പോഴും, ടിവി കാണുമ്പോഴും ഒക്കെ അവൻ അവളുടെ അടുത്ത് ചെല്ലും. അവൾ ധരിയ്ക്കുന്ന ടി ഷർട്ട് അല്പം പൊക്കി, മൂക്ക് കൊണ്ട് വയറ്റത്ത് ഉരസും.
"ടമ്മിയമ്മേ" എന്ന് വിളിയ്ക്കും.
അതോർത്തപ്പോൾ തന്നെ വല്ലാത്തൊരു അനിഷ്ടം തോന്നി.
"നീയിങ്ങനെ അനാവശ്യമായ ഓരോന്ന് ശീലിപ്പിച്ചിട്ടാണ്.. " 

പെരുത്ത് കയറുന്ന അരിശം.
അയാൾക്കത് നിയന്ത്രിയ്ക്കാൻ കഴിയില്ലെന്ന് അവർക്കിരുവർക്കും മനസ്സിലായി.
ആ രാത്രി അവസാനിച്ചത് അങ്ങനെയാണ്;
അവർ ഇരുവരും ഉറങ്ങാതെ.

രണ്ട് ദിവസങ്ങൾ കഴിഞ്ഞ് അവൾ ചിരിച്ചപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു:
"വേദനിച്ചോ ?" അയാൾ ചോദിച്ചു:
"ഞാൻ എന്തൊക്കെയോ പറഞ്ഞു.. എനിക്ക് തന്നെ ഓർമ്മയില്ല .. നിനക്ക് ഇൻസൾട്ട് ആയി തോന്നിയോ? പേടിച്ചോ നീ?"
"അറിയില്ലേ ഞാൻ അതൊന്നും ഓർത്ത് വയ്ക്കാറില്ലെന്ന് .."

ചില വാക്കുകൾ അവൾ മറക്കാൻ വേണ്ടി മാത്രം കേൾക്കുന്നതാണ്!  അങ്ങനെ ചിലത് കേട്ടിരുന്നു എന്ന് തന്നെ മറന്നു പോകും.
പിന്നെ ഭയവും അപമാനവും-
അവളതിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ചു കഴിഞ്ഞിരിക്കും; അവളിലെ ദയവും ശാന്തതയും, ഭയവും അപമാനവും ആണെന്ന് ആളുകൾ തെറ്റിദ്ധരിയ്ക്കുമെങ്കിലും !

"അല്ലെങ്കിലും നീ ബുദ്ധിയുള്ള പെണ്ണല്ലേ !" അയാൾ പറഞ്ഞു.

"അതറിയില്ല.. പക്ഷേ സ്നേഹമുണ്ട്; നിറച്ചും സ്നേഹം" അവൾ സൗമ്യമായി പറഞ്ഞു.

"എന്നാലും മനുഷ്യപ്പറ്റ് തീരെയില്ല !"
ഭർത്താവ് അവളുടെ മുന്നിൽ തീർത്തും സ്വതന്ത്രനായ്‌:
"ഓഫർ കിട്ടുന്നൂന്ന് കരുതി ഒരാഴ്ച മുഴുവൻ വഴുതിനീം കയ്പ്പയ്ക്കേം മാറി മാറി തീറ്റിച്ച ഒരാൾക്ക് എവിടെയാ മനുഷ്യപ്പറ്റ്!"


*!*
ദിവസങ്ങൾ വീണ്ടും സ്നേഹപൂർണ്ണമായിരുന്നു.
സംഭാഷണങ്ങൾ രസകരവും.

രാത്രിയും സ്നേഹവും പങ്കിട്ട്, എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ അന്നത്തെ പകലിനെക്കുറിച്ചോർത്തു.

രാവിലെ നാട്ടിൽ നിന്ന് ചേച്ചി വിളിച്ചിരുന്നു.
"എന്ത് ചെയ്യുന്നു?"
"ഒന്നൂല്ല ..വെർതെ ഇരിക്കുന്നു.."
"കുട്ടികളൊക്കെ സ്‌കൂളിൽ പോയില്ലേ?"
"പോയി ."
"എങ്ങനേണ്ട് ശ്രീയുടെ ജോലി?"
"ഇങ്ങനെ പോന്നു .."
"ഒരുപാട് പേര് നാട്ടിലേക്ക് തിരിച്ചു വരുന്നുണ്ടല്ലോ.."
"ആ "
"ഞാൻ പഠിപ്പിയ്ക്കുന്ന സ്കൂളിൽ തന്നെ പത്ത് പന്ത്രണ്ട് പേര് അഡ്മിഷൻ വാങ്ങീട്ട്ണ്ട് .. എല്ലാം അവിടെന്ന് വരുന്ന കുട്ട്യേളാണല്ലോ "
"മ് "
"മിനിയേച്ചീന്റെ മോൻ തിരിച്ചു വന്നിട്ടിവിടെ ആണി ബിസിനസ്സ് തൊടങ്ങാൻ പോവ്വാന്ന് കേട്ടു .. തിരിച്ചു വരുന്നോർക്ക് ബിസിനസ്സ്‌ തൊടങ്ങാൻ ലോണ് കിട്ടുന്നോ അതിന്റെ പേപ്പറെന്തൊ ശരിയാവാന്ണ്ടെന്നോ പറേന്ന് .. എന്താ ങ്ങളെ  പരിപാടി?"
"അങ്ങനെ ഒന്നൂല്ല "
"അച്ഛന് ആകെ ടെൻഷനാണ് , നിന്റെ കാര്യം ഓർത്തിട്ട് .."

എന്റെ രണ്ടാമത്തെ പ്രഗ്‌നൻസി ടെസ്റ്റ് പോസറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ  സ്കൂൾ ഫീസിനെക്കുറിച്ച് ഓർത്ത അച്ഛനാണ്!അമ്മയുണ്ടെങ്കിൽ പറഞ്ഞേനെ: അവൾ, അവൾക്ക് കഴിയുന്ന ജീവിതം ജീവിയ്ക്കട്ടെ, അവൾ ആഗ്രഹിയ്ക്കുന്ന സ്നേഹം അനുഭവിയ്ക്കട്ടെ!

ഞാൻ ചേച്ചിയോട് പറഞ്ഞു:
"ഫോൺ വെച്ചോ.. കാശ് കളയേണ്ട ..കൊറേ നേരം ആയില്ലേ?"
"വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തപ്പോ തന്നെ ബുദ്ധിപൂർവ്വം എന്തെങ്കിലും ചെയ്‌ത്‌ തുടങ്ങുന്നതാ നല്ലത്.. ശ്രീയോടും പറയൂ... അവിടത്തെ ഭാവിയൊന്നും അത്ര സെക്യുർ ഒന്നും അല്ലാന്നല്ലേ കേൾക്കന്നെ."
ആ ഉപദേശത്തോടെ സംഭാഷണം അവസാനിച്ചു.

വൈകുന്നേരം കുട്ടികൾക്ക് ഭക്ഷണം വിളമ്പുമ്പോഴാണ് പ്രിയ വന്നത്. അവളും അനുജത്തിയും രണ്ട് അനുജന്മാരും. പ്രിയക്കുട്ടി എന്റെ മകളുടെ കൂട്ടുകാരിയാണ്. അവളെ കുറച്ചു ദിവസമായി സ്‌കൂളിലും കളിക്കുന്നയിടത്തും കാണാറേയില്ലെന്ന് മകൾ അപ്പോൾ പറഞ്ഞെതെയുണ്ടായിരുന്നുള്ളൂ.

"ന്ത് പറ്റി?"  ഞാൻ അന്വേഷിച്ചു.

അവൾക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
"അപ്പേടെ ജോലി പോയി. ഞങ്ങൾ ടിസി വാങ്ങി നാട്ടി പൊവ്വാ .."

വിശേഷങ്ങൾ ചോദിച്ചപ്പോൾ, കഴിഞ്ഞ ആഴ്‌ച്ച അപ്രതീക്ഷിതമായി ടെർമിനേഷൻ ലെറ്റർ കിട്ടുകയായിരുന്നു, പത്തൊൻപത് വർഷങ്ങളായി ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന്; ഒരു മുന്നറിയിപ്പോ സൂചനയോ പോലുമില്ലാതെ. കുട്ടികൾ നാലു പേരും ഇവിടെ പഠിയ്ക്കുന്നുണ്ട്. ഏറ്റവും ഇളയ ഇരട്ടക്കുട്ടികൾ ഈ വർഷം ചേർന്നതാണ്. സ്‌കൂൾ തുറന്നിട്ട്, പുതിയ പുസ്തകങ്ങളും യൂണിഫോമുകളും വാങ്ങിയിട്ട്, ഒരു മാസം പോലും തികഞ്ഞില്ല. നാലു പേരുടെ പുസ്തകങ്ങൾ; യൂണിഫോമുകൾ. അവയുടെ വില എത്ര കൂടുതലാണെന്ന് എനിക്കറിയാം.

"ആന്റിയ്ക്ക് വേണോ?"
അവൾ എന്നോട് ചോദിയ്ക്കുന്നു.
"ഞങ്ങളും എല്ലാം വാങ്ങിക്കഴിഞ്ഞല്ലോ മോളേ !"
എനിക്കതേ പറയാനുള്ളൂ.

ഞാൻ അവർക്ക് കൂടി ഭക്ഷണം വിളമ്പി.
രാവിലെ ശ്രീ, ഓഫീസിലേക്ക് ഇറങ്ങുമ്പോൾ ഓർമ്മിപ്പിച്ചതനുസരിച്ച് അന്ന് രാത്രിയിലേക്ക് ബിരിയാണി ഉണ്ടാക്കിവെച്ചിരുന്നു. കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചു. പാചകം ചെയ്ത ഒരാൾക്ക് എത്ര സന്തോഷം തോന്നുമോ അത്ര സന്തോഷം തരുന്ന ഇഷ്ടത്തോടെ.

"അമ്മയ്ക്ക് ഇപ്പൊ കുക്കിംഗിനുള്ള മൂഡ് ഒന്നുമില്ല; എപ്പോഴും കരഞ്ഞു കൊണ്ടിരിയ്ക്കാ.. നാട്ടിലേക്ക് തിരിച്ചു പോകുന്നതാലോചിച്ച് .. സ്വന്തായി വീടൊന്നും വെച്ചിട്ടില്ലെന്ന് അപ്പയെ എപ്പോഴും വഴക്ക് പറയുവാ..അപ്പയ്ക്ക് സെയ്‌വിഗ്‌സും കൊറവ .. ഞങ്ങൾ ഇത്രേം പേര് ഇവിടെ താമസിയ്ക്കുമ്പോ .. എല്ലാം അപ്പടെ ഒറ്റ ജോലി കൊണ്ടല്ലേ.. അമ്മ അതെല്ലാം മറന്നു പോയത് പോലെ എപ്പഴും ഇപ്പൊ വഴക്കാ .. റിലേറ്റിവ്‌സിന്റെ കൂടെ പോയ് താമസിയ്ക്കേണ്ടി വരുംന്ന് പറഞ്ഞ്.. ഹെൽപ്‌ലെസ്സായി തോന്നുന്നത് കൊണ്ടാ അമ്മ ഇങ്ങനെയൊക്കെ പറേന്നെ എന്നാ അപ്പ പറേന്നെ  "
പ്രിയക്കുട്ടി  പറഞ്ഞുകൊണ്ടിരുന്നു.

"ആന്റീടെ ചിക്കൻ ബിരിയാണിയ്ക്ക് സൂപ്പർ ടെയ്സ്റ്റാ.."
അവളുടെ അനിയത്തി സന്തോഷത്തോടെ ചിരിച്ചു.

ഞാൻ അവരുടെ അച്ഛനമ്മമാരെ പോയി കാണാമെന്ന് കരുതി കുട്ടികളോടൊപ്പം ഇറങ്ങി.
അവരുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നു.
"അറിഞ്ഞല്ലോ.. ജോലി പോയ കാര്യം.."
അയാൾ പറഞ്ഞു:
"പുതിയ ഒന്നിന് ശ്രമിയ്ക്കുന്നുണ്ട്, അറിയാലോ ഇപ്പോഴത്തെ മാർക്കറ്റ് കണ്ടീഷൻ.. അല്ലെങ്കിൽ നാട്ടിൽ തിരിച്ചു പോയിട്ടെന്തെങ്കിലും..."
"തിരിച്ചു നാട്ടിൽ പോയിട്ട് നമ്മളെപ്പോലുള്ളവർ എന്ത് കാണിയ്ക്കാനാണ് .."

അങ്ങനെയാണ് അവരുടെ അമ്മ സംസാരിച്ചു തുടങ്ങിയത്. അവർ അയാളോട് ഒട്ടും ദയ കാണിച്ചില്ല. 'പാരലൽ ആയിട്ട് നാട്ടിൽ ഒന്നും നോക്കിയില്ല എന്ന ബുദ്ധിമോശം, പത്തൊൻപത് വർഷങ്ങളോളം ഒരേസ്ഥാപനത്തിൽ ജോലി ചെയ്തതെന്ന മണ്ടത്തരം, മാനേജ്‌മെന്റ് മാറുന്നതും രീതികൾ മാറുന്നതും മുൻകൂട്ടി കാണാൻ കഴിയാഞ്ഞത് കഴിവ് കേട് ..' അത് മാത്രമായിരുന്നില്ല ആരോപണം. 'അവർ ഒരു കുട്ടി കൊണ്ട് തന്നെ തൃപ്തിപ്പെട്ടതാണ്; മൂന്ന് കുഞ്ഞുങ്ങൾ എന്നത് അയാളുടെ ആഗ്രഹമായിരുന്നു, അതിൽ മൂന്നാമത്തെ പ്രസവത്തിൽ ഇരട്ടക്കുട്ടികൾ ആയത് അപ്രതീക്ഷിതം.'

ഞാൻ ഓർത്തു, എനിക്കെപ്പോഴും കൗതുകമായിരുന്നു അവരുടെ കുടുംബം. അവർ ഒന്നിച്ച് നടക്കാനിറങ്ങുന്നത്. കുട്ടികളുടെ എണ്ണം. അതിലെ ഇരട്ടക്കുട്ടികൾ. അവരുടെ അന്യോന്യമുള്ള സ്നേഹവും കരുതലും ശ്രദ്ധയും.

ഒരു വീടാകുമ്പോ ഇത്രയും കുട്ടികൾ വേണം; കുട്ടികളുടെ അച്ഛന് ഇത്രയും സമയവും - ഞാൻ ശ്രീയോട് പറയാറുള്ളതാണ്.

കുട്ടികളുടെ അമ്മയ്ക്ക് ഇത്രേം ആരോഗ്യവും- ശ്രീ തിരിച്ചു പറയാറുണ്ട്.

മനുഷ്യർ അങ്ങനെയാണ്, അവരെപ്പോഴും തങ്ങളൊഴിച്ച് മറ്റെല്ലാവരും അത്യന്തം സുഖത്തിലും സന്തോഷത്തിലുമാണെന്ന് കരുതിക്കളയും.

ഞാൻ യാത്ര പറഞ്ഞിറങ്ങി.
വാതിലടയ്ക്കുന്നതിന് മുൻപേ അവർ പറഞ്ഞു:
"ജീവിയ്ക്കാൻ സ്നേഹം മാത്രം പോരാ; അതിനിത്തിരി ബുദ്ധിയും കൂടി വേണം."

ഉറക്കത്തിൽ ഞാൻ ആ വാചകം പലവട്ടം കേൾക്കുന്നത് പോലെ തോന്നി.

അന്നു മാത്രമല്ല; എന്നും പലരിൽ നിന്നും കേൾക്കുന്നതാണ് ആ വാചകം. എന്നിട്ടും പൂർണ്ണമായി അത് മനസ്സിലാക്കാൻ കഴിയാത്തത് പോലെ.

സിദ്ധാർത്ഥൻ, അവൻ എനിക്കയച്ച അവസാനത്തെ ഇ മെയിലിൽ, ഇങ്ങനെ എഴുതിയിരുന്നു:
"ജീവിതത്തോട് നിനക്ക് തോന്നുന്നത് ഒരുതരം സ്റ്റോക്ക്ഹോം സിൻഡ്രം ആണ്. അതുകൊണ്ടാണ് അത് നിന്നെ എങ്ങനെ തടവിലാക്കുന്നു എന്നുപോലും ഓർക്കാതെ അതിനെ ഇങ്ങനെ ന്യായീകരിയ്ക്കുന്നത്, ഇങ്ങനെ അന്ധമായ് അതിന് വിധേയായത്. നിന്റെ ബുദ്ധി പോലും അതിന് അടിയറവ് വെച്ചത്."

അതാണ് അവന്റെ അവസാനത്തെ ഇ മെയിൽ. അതിന് ശേഷം അവനെന്നോട് സോഷ്യൽനെറ്റ് വർക്കിൽ പോലും അപരിചിതത്വം നടിക്കാറാണ് പതിവ്. ഒരു തടവ് പുള്ളിയോടെന്നപോലെ എന്നോട് അകലം കാണിക്കുന്ന മറ്റൊരാൾ കൂടി ഉണ്ട്- അച്ഛൻ. മകൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന ആളുകളുടെ ചോദ്യത്തിന് പറയാൻ ഒരു ഉത്തരം ഇല്ലാത്തതാണത്രേ അച്ഛനെ ഇത്ര അസ്വസ്ഥപ്പെടുത്തുന്നത്.

ഞാൻ ആലോചിച്ചു: സ്വാതന്ത്ര്യമുള്ളയിടങ്ങളിൽ പോലും അഴികളിങ്ങനെ പണിഞ്ഞു വെക്കുന്നത് കൊണ്ടാണ് ജീവിതം ഒരു ജയിലറിന്റെ ഭാവത്തോടെ നമ്മെ നേരിടുന്നത്.
ഞാൻ എന്നെത്തന്നെ തിരുത്തി:
അഴികളല്ല; ബാർകോഡുകൾ!
ബുദ്ധി എത്രയുണ്ടെന്ന് അളക്കുന്ന ബാർകോഡുകൾ!
പരിണാമാനന്തരം ബാർ കോഡുകളായ് മാറിപ്പോകുന്ന നാം!!*!*
അവളാണ് എഴുതിയത്.
അയാൾ വായിച്ചു കേട്ടു.
അതിലത്രയും അവരുടെ ജീവിതം.
അപരിചിതമായിരുന്നില്ല, ഒരു വാക്കുപോലും.
ജീവിതം പോലെ അതയാളെ കരയിപ്പിച്ചു.
ജീവിതം പോലെ അതവളെ സ്വതന്ത്രയാക്കി.
അന്നവൾ കുട്ടികളുടെ ഇടയിൽ കിടന്ന്
അവരേക്കാൾ മുൻപേ ഉറങ്ങി.

-എന്നോട് മാത്രമീ അവിശ്വസനീയമായ അനുകമ്പ ?
അയാൾ ചോദിച്ചു.
അവൾ പറഞ്ഞു:
-ആ..അങ്ങനെയല്ലേ പ്രിയപ്പെട്ടവരുണ്ടാകുന്നത്!

അയാൾ അന്ന് ഉറങ്ങാതെ,
ആ വാക്കുകൾ കേട്ടിരുന്നു.
*!*

2 comments: