Sunday, April 22, 2018

"വർത്തമാന"രാത്രികൾ -5

ഓരോന്ന് എഴുതി, വെറുപ്പ് സമ്പാദിക്കേണ്ട; ആരുടെയും.
-പ്രിയപ്പെട്ട ഒരാളുടെ ഓർമ്മപ്പെടുത്തലാണ്.

വെറുപ്പ് ഒരു സമ്പാദ്യം അല്ല.
ഞാൻ ഓർത്തു.
അതുവഴി
ജീവിതത്തിന്റെ കടക്കാരൻ ആവുക മാത്രമാണ്.
ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് മീതെ സ്വയം നിർമ്മിച്ചെടുക്കുന്ന തടവറയാണ് വെറുപ്പ്; അത് ഒരാശയത്തോടായിരുന്നാൽ പോലും.

അവർ വെറുക്കാൻ പഠിപ്പിക്കുന്നു; വെറുക്കാൻ പറയുന്നു എന്നത് കൊണ്ട് അവരെ വെറുക്കൂ
 - എന്ന് നിരന്തരം ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നവരുണ്ട്.
ഇരുപക്ഷത്തേയും വികാരജീവികളുടെ സമാനതകളെക്കുറിച്ച് അപ്പോൾ ഓർക്കുന്നു; കണ്ണിനു പകരം കണ്ണ് എന്ന പോലെ തോന്നുന്നു.

പരസ്പരം വെറുക്കേണ്ടതില്ലാത്തവർക്ക് ഒന്നിച്ചു ചേരാനുള്ള ഒരിടം, സമാനതകളോടെ സ്വീകരിയ്ക്കപ്പെടുന്ന ഒരിടം, ഒരുക്കി; ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കാൻ കെല്പ്പുള്ളവരുടെ കൂട്ടം, അത് ചെയ്യാതെ;  വ്യത്യാസങ്ങളെക്കുറിച്ചോർമ്മിപ്പിയ്ക്കുന്നത്, വെറുപ്പ് ശീലമാക്കിയവരുടെ കൂട്ടത്തെക്കുറിച്ച് വെറുപ്പോടെ പറയുക മാത്രം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അദ്‌ഭുതപ്പെടുന്നു!

എല്ലാറ്റിനെയും സസൂക്ഷ്മം തരംതിരിക്കുന്ന ഒരാൾക്ക് വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ കഴിയുന്നത് എങ്ങനെയാണ്? വെറുപ്പോടെ ഒന്നിനെക്കുറിച്ച് ചിന്തിക്കാതെയിരിക്കുന്നതും വെറുപ്പിനെ പ്രതിരോധിയ്ക്കുന്നതിന് തുല്യമാണ്.

മുൻപൊക്കെ ഭരണാധികാരികളോ അത്രമേൽ പ്രശസ്തരായ, സാമൂഹിക പ്രസക്തിയുള്ള നേതാക്കളോ, പ്രസ്ഥാനങ്ങളോ പറയുന്ന വാക്കുകൾ, എണ്ണത്തിൽ കുറഞ്ഞ മാധ്യമങ്ങളിലൂടെ, സമയമെടുത്ത്, പൊതുസമൂഹത്തിൽ എത്തുകയായിരുന്നു പതിവ്. അപ്പോൾ ഒരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയിൽ ഏറെ ജാഗരൂകരായിരിക്കേണ്ടതിന്റെ കൂടുതൽ ഉത്തരവാദിത്വം അവരുടേതായിരുന്നു.  എന്നാൽ ഇന്ന്, ആരുമതുവരെ അറിഞ്ഞിട്ടു പോലുമില്ലാത്ത, ഒരു പക്ഷേ വ്യാജമായ, ഒരു പേരിൽ നിന്ന് പോലുമുണ്ടാകുന്ന അഭിപ്രായം എല്ലാവരിലേക്കും പടർന്നു പിടിയ്ക്കാനും പലതായ് വ്യാഖ്യാനിക്കപ്പെടാനും ചിലപ്പോൾ അസാധാരണമായ് സ്വീകരിയ്ക്കപ്പെടാനും, അപകടകരമായ് പലരെയും സ്വാധീനിയ്ക്കാനും സാദ്ധ്യതകൾ ഏറെയായത്കൊണ്ട് ഒരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയിൽ ഓരോരുത്തരും നേരിട്ട് പങ്കാളിയാവുന്നുണ്ടെന്ന തോന്നലാണെനിയ്ക്ക്.

എനിക്ക് രാഷ്ട്രീയം ഉണ്ട്.
മതവിശ്വാസമുണ്ട്.
ഒരു കോമൺസെൻസുള്ള ഇന്ത്യാക്കാരന്റെ രാഷ്ട്രീയവും മതവിശ്വാസങ്ങളും.

ഏതെങ്കിലും ഒരു വ്യക്തിയെ പ്രതിനിധീകരിയ്ക്കുന്ന പക്ഷം ചേരുക എന്നതല്ല എന്റെ രാഷ്ട്രീയവും മതവും.

വിവേകപൂർവ്വം നിലപാടുകൾ രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നവരോടൊപ്പം നിൽക്കാൻ ആഗ്രഹിയ്ക്കുന്നു. ഹൃദ്യമായില്ലെങ്കിലും അപക്വമായ് മാറരുത് ഒരു അഭിപ്രായപ്രകടനവും എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.

നിങ്ങൾ പ്രശസ്തനോ അപ്രശസ്തനോ എന്നല്ല;
നിങ്ങൾ സ്വാർത്ഥനോ സത്യസന്ധനോ എന്നല്ല;
നിങ്ങളുടെ വാക്കുകൾ മൂർച്ചയുള്ളതോ ഹൃദ്യമാണോ എന്നതിലുമല്ല;
നിങ്ങളുടെ മതവിശ്വാസമോ രാഷ്ട്രീയവിശ്വാസമോ വ്രണപ്പെട്ടുവോ ഇല്ലയോ എന്നതല്ല;
വർഗ്ഗീയത ഒരു മതവും വെറുപ്പ് ഒരു രാഷ്ട്രീയ വിശ്വാസവും ആകരുത് എന്നാണ്.
അത്രമേൽ സങ്കീർണ്ണമായ, വൈവിധ്യമാർന്ന, ചരിത്രവും കഥകളും വിശ്വാസങ്ങളും രീതികളും നിറഞ്ഞ ഒരു ദേശത്ത് എന്തും ആയുധമാണ്; എന്തും!

വെറുപ്പ് തോന്നുന്നില്ല ഒന്നിനോടും. 
അതിനർത്ഥം സ്നേഹം പരിശീലിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു എന്നാണ്.

-ഈ കെട്ടകാലത്തോ?
അതാണ് ചോദ്യം .

-അതെ. 
എന്ന് ഉത്തരം.
കെട്ടകാലം എന്ന് അടയാളപ്പെടുത്തി മുന്നിലേക്കെത്തുന്ന വാർത്തകളുടെ അവതരണത്തിനിടയിൽ അങ്ങനെയൊന്നിനോടുള്ള വിയോജിപ്പ് കൂടി പ്രകടമാകുന്നവരുടെ എണ്ണക്കൂടുതലാണ് ആ പ്രത്യാശയ്ക്ക് കാരണം.

-ഭൂരിപക്ഷം എന്ന വാക്ക് അപ്രസക്തമാകുന്നുണ്ടോ എന്നാണ്.
വീണ്ടും ഭയം.

-ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരികൾ ആ ദേശത്തിന്റെ ഒറ്റുകാരാകുന്നിടത്ത് അതിലെ ജനങ്ങൾ നീതി നിർവ്വഹിച്ചു തുടങ്ങും.

-അത് കേൾക്കുമ്പോൾ പോർവീര്യം തോന്നിപ്പിയ്ക്കുന്ന ഒരു വാഗ്ദാനം മാത്രമാണ്. പലതായി ചിതറിപ്പോകുന്ന ഒരു ജനതയുടെ നീതിബോധവും പലതായിരിക്കും. "

ഇത് എന്റെ മനസ്സിൽ തന്നെയുണ്ടായ അങ്ങോട്ടുമിങ്ങോട്ടുമുള്ള പറച്ചിലാണ്.

തോന്നലുകളുടെ രേഖപ്പെടുത്തൽ. എത്രമാത്രം പക്വമാണെന്നോ ബാലിശമാണെന്നോ അറിയില്ല. ഭാവനയിൽ അല്ലാതെയുള്ള, വസ്തുതാപരമായ ഒരു എഴുത്തിന്, ഒരുപാട് കാര്യങ്ങൾ അറിയേണ്ടിയിരിക്കുന്നു; ചരിത്രവും വർത്തമാനവും ഒരുപോലെ. അത്ര ആഴത്തിൽ മനുഷ്യനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒട്ടും അന്ധമല്ലാതെ; ഒട്ടും പക്ഷം ചേരാതെ. ഒറ്റയ്ക്ക് എന്നാൽ സഹവർത്തിത്വത്തോടെ.

അതുവരേയ്ക്കും
ഓടകളിലേയ്ക്ക് സ്വീകരിയ്ക്കപ്പെടുന്നൊരു
പ്രവാഹം
ആകുന്നതിനേക്കാൾ
നിശബ്ദമായ്
ഒഴുകിപ്പോകുന്ന
ഒരു നീരുറവയെ
ഞാൻ എന്നിൽ കാണാൻ ആഗ്രഹിയ്ക്കുന്നു;
ഏറ്റവും
ആഴത്തിൽ ചെന്നെത്താൻ കഴിയുന്ന
മഴത്തുള്ളികൾ കൊണ്ട്
നിറഞ്ഞു പോകുന്ന
ഒരു ഉറവ.

അങ്ങനെയാണോ എന്ന് ചോദിച്ചു നോക്കാൻ ഇന്നിവിടെ ആരുമില്ല; വർത്തമാനങ്ങളുടെ അഞ്ചാമത്തെ രാത്രി ഞാൻ തനിച്ചാണ്.

മറുപടികൾക്ക് ചോദ്യവും ചോദ്യങ്ങൾക്ക് ഉത്തരവും തരുന്നവൻ യാത്രയിലാണ്. ഒരു പ്രാചീനന്റെ യാത്രയിൽ പ്രകൃതിയല്ലാതെ മറ്റു വാർത്താവിനിമയ ഉപാധികൾ ഒന്നുമില്ല. അതുകൊണ്ട് ലോകത്തിൽ എവിടെയാണെങ്കിലും നമ്മൾ ഒന്നിച്ചാണെന്ന വാഗ്ദാനത്തിലേക്ക്, പ്രണയമെന്ന പാസ്സ്‌വേർഡ്‌ കൊണ്ട് ലോഗിൻ ചെയ്ത് കയറുന്നവളാകുന്നു ഞാൻ.

പ്രണയം.
എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അതാണ്.
എക്കാലവും.

എന്നാൽ
'ഭൂമി മുഴുവൻ കത്തുമ്പോൾ
ഒരു വിത്തിനുള്ളിൽ
ഒന്നുചേർന്ന് ചാരമാകുന്ന
പ്രണയികളെക്കുറിച്ച്'
ഓർത്ത്
തീ പിടിയ്ക്കാറില്ല
എനിക്കിപ്പോൾ.

പ്രണയം എന്നതിനേക്കാൾ ഹാർമണി എന്ന വാക്കിനോട് പ്രിയം തോന്നുന്നു ഇപ്പോൾ: സഹജീവിക്കൾക്കിടയിൽ അന്യോന്യം പങ്കുവയ്ക്കാവുന്ന സഹൃദയത്വത്തോട്; വേദനയും വിശപ്പും മറ്റെല്ലാ വ്യത്യസങ്ങളേയും മായ്ച്ചുകളയുമെന്ന യാഥാർഥ്യത്തോട്. ഒന്നു തണുക്കാൻ പോലും സാവകാശം കിട്ടാതെ ചൂടിന് മേൽ ചൂട് പിടിയ്പ്പിയ്ക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്നവരിലൊരാൾക്ക് അതിനേ കഴിയൂ.

ഇത് "വർത്തമാന രാത്രി"കളിൽ അഞ്ചാമത്തേതും അവസാനത്തേതുമാണ്. ഇങ്ങനെയല്ലാതെ മറ്റൊന്നായി എനിയ്ക്ക് ജീവിയ്ക്കാനുള്ള ഇടം മാറുമ്പോൾ മാത്രമേ ഇനിയൊന്ന് കൂടി എഴുതേണ്ടതായി വരൂ. അല്ലെങ്കിൽ ഇതുവരെ എഴുതിയതിന്റെ ആവർത്തനങ്ങൾ. അവനവന്റെ ഓർമ്മകളെത്തന്നെ ഓർമ്മിച്ചു നോക്കുന്നത് പോലെ അപ്രധാനവും വിരസവും ദുഃഖകരവും.


No comments:

Post a Comment