Friday, April 13, 2018

"വർത്തമാന"രാത്രികൾ -4

ഒരു കാലത്ത് കേൾക്കാൻ ഹൃദ്യമായ ഒരു വാക്കുകൊണ്ട് അഭിസംബോധന ചെയ്യപ്പെട്ടിരുന്ന ഒരുവൻ, ആ രാത്രി ഓർമ്മകളിൽ പൂത്തു ചുവന്നു. മിന്നൽ പിണരേറ്റത് പോലെ വിറച്ചു.

കേട്ടിരിക്കുമ്പോൾ എനിക്ക് തോന്നിയത് ഇങ്ങനെയാണ് :

അവർക്ക്-
ഒരു കാലത്ത് ആ പേരിനാൽ വിളിക്കപ്പെട്ട അവർക്ക്-
എത്ര സൗമ്യരാകാൻ ശ്രമിച്ചാലും
പണ്ട്
ചങ്ക് പൊട്ടിപ്പാടിയ
തീപ്പാട്ടുകളിൽ വെന്ത്
സ്വരം കടുത്തു പോകുന്നു.

അവൻ നഷ്ടങ്ങൾ എന്ന വാക്ക് ഉച്ചരിച്ചതേയില്ല.
ആ വാക്കുകൊണ്ട് കൂടുതൽ അപമാനിക്കപ്പെടാവുന്നതാണ്, വർത്തമാനങ്ങൾക്കിടയിൽ അടയാളപ്പെടുത്തിയ കാലവും അതിൽ കടന്നുപോയ  ജീവിതങ്ങളും എന്ന് ഓർമ്മിപ്പിച്ചു.

ഒരു മാത്രയിൽ പന്തീരായിരം വാക്കുകൾ കേൾക്കുന്നത് പോലെ തോന്നി എനിക്ക്. കൂടുതലും ഒപ്പം നടന്നവർക്ക് മാത്രം മനസ്സിലാവുന്ന ഗൂഢഭാഷ്യം.
ചരിത്രം അത്ര വ്യക്തമായ് അറിയില്ലെങ്കിലും അതിന്റെ സങ്കീർണ്ണതകളെ, സാധ്യതകളെ മനസ്സിലാക്കാൻ കഴിഞ്ഞു. ചിന്തകളിൽ ഒരല്പം സാവകാശം കാട്ടുന്ന ആർക്കും അത് മനസ്സിലാവുന്നതേയുള്ളൂ.

കേട്ടിരുന്നു:

മനുഷ്യന്റെ ഭയങ്ങളിൽ നിന്നും ഭോഗാസക്തികളിൽ നിന്നുമാണ് ഇതുവരെയും ദൈവങ്ങളും നായകന്മാരും ഉണ്ടായിട്ടുള്ളത്. നമ്മെ നിരന്തരം തോൽപ്പിച്ച് കളയുന്നതും അത് തന്നെയാണ്- അവർ മനുഷ്യരിൽ നിന്ന് വേറിട്ട് നിൽക്കുന്നത്! നിർഭാഗ്യവശാൽ, മനുഷ്യരോട് അവർ തമ്മിലുള്ള വൈജാത്യങ്ങളെക്കുറിച്ചാണ് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രതിനിധികൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. നാമറിയാതെ നമ്മെ ചാവേറുകളായി മാറ്റുന്നതും അത് തന്നെയാണ്. നമുക്കിടയിൽ സമാനതകൾ ഇല്ലെന്ന് ധരിച്ചുവച്ചിരിക്കുന്നത്

വിദ്വേഷിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒരുവന്റെ ദൈവമേ വിദ്വേഷിയ്ക്കാൻ കല്പിയ്ക്കുകയുള്ളൂ. വിദ്വേഷിയ്ക്കുന്നയിടത്ത്, കലഹിയ്ക്കാൻ ആഗ്രഹിയ്ക്കാത്തവന്റെ ദൈവമുണ്ടാകില്ല.

ഞാനോർത്തു:
ഒരു കുഞ്ഞിന് മുറിവേൽക്കുമ്പോൾ, 
ഒരുവന് നീതി നിഷേധിക്കപ്പെടുമ്പോൾ, 
ദേശങ്ങളിൽ കലാപങ്ങൾ ഉണ്ടാകുമ്പോൾ, 
പുഴകൾ വറ്റുമ്പോൾ -
അങ്ങനെ ഒന്നിനോടും നീയോ ഞാനോ നമുക്ക് പ്രിയപ്പെട്ടവരോ നാം സുഹൃത്തുക്കളാക്കിയവരോ യോജിയ്ക്കുന്നതായ് കണ്ടിട്ടില്ല.

അങ്ങനെയാണെങ്കിൽ പിന്നെ നമുക്കിടയിൽ ഇല്ലാത്ത ആരുടെ ഭോഗാസക്തിയാണ് ഈ വാർത്തകൾക്ക് കാരണമാകുന്നത്? നീയും ഞാനും നമുക്കറിയാവുന്നവരും അവർക്ക് അറിയാവുന്നവരും എന്നിങ്ങനെ നീളുന്ന ആ ശ്യംഖലയിൽ എവിടെയാണ് ഈ കേൾക്കുന്ന വിലാപങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാകുന്ന ആ ആൾ വരുന്നത്?? 


നാം കാംക്ഷിയ്ക്കുന്ന സമാധാനം അയാൾക്ക് കൂടി പങ്കിട്ട് കൊടുക്കാൻ കഴിയാതെ അയാളുടെ അസ്വസ്ഥതകൾ നാം സ്വീകരിയ്‌ക്കേണ്ടതായ് വരുന്നത് എന്തുകൊണ്ടാണ്?

നിങ്ങൾ അവരിലൊരാളല്ല; 
ഞാനും അവരിലൊരാളല്ല;
നമുക്ക് പ്രിയപ്പെട്ടവർ/പരിചിതരായവർ/
അവർക്ക്   പ്രിയപ്പെട്ടവർ/പരിചിതരായവർ/
ഓരോരുത്തരും പറയുന്നു;
ഞങ്ങൾ അവരിലൊരാളല്ല.
അപ്പോൾ 
എണ്ണത്തിൽ കൂടുതൽ അങ്ങനെയുള്ളവരല്ല.
എന്നിട്ടും 
ദിനം പ്രതി 
എന്തുകൊണ്ടാണ് 
അവർ പെരുകുന്നത്?
അവർ ബാക്കിയാകുന്ന ക്രൂരതകൾക്ക് കാഠിന്യമേറുന്നത്?


എന്തുകൊണ്ടാണ് 
ഇരകളും വേട്ടക്കാരുമായ് 
ദേശവും കാലവും 
വിഭജിക്കപ്പെടുന്നത്?
ഇരകളിലും വേട്ടക്കാരിലും പോലും
എന്റേത്, നിന്റേത്
എന്ന 
വിഭജനങ്ങൾ ഉണ്ടാകുന്നത്?
അന്യായങ്ങളിൽ പോലും 
യോജിപ്പുകളും വിയോജിപ്പുകളൂം 
ന്യായീകരണങ്ങളും 
നിരാകരണങ്ങളും 
ഉണ്ടാകുന്നത്?

ഒരുവനെ
അവന് "തന്റേതല്ലാത്ത ഒരു ദൈവം" ഉണ്ടായത് കൊണ്ട്
അവൻ " താഴ്ന്ന ജാതിയിൽ" ആയത് കൊണ്ട്
അവൻ പ്രണയിച്ചത് കൊണ്ട്,
അവൻ നഗരങ്ങളിൽ ജനിയ്ക്കാത്തത് കൊണ്ട്
അതുകൊണ്ട്
ഇതുകൊണ്ട്.....
കൊന്നുകളയുന്നത്
 "തന്റെ ദൈവത്തെ പ്രീതിപ്പെടുത്തുമെന്ന്"
കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയാൽ പിന്നെ
ഒരു രാഷ്ട്രം
ഭൂപടത്തിൽ പുകഞ്ഞു തുടങ്ങുന്നു.
ഉണങ്ങാത്ത മുറിവുകളാൽ
നിലവിളിച്ചു തുടങ്ങുന്നു.

ഒരു രാഷ്ട്രം ശൂന്യമാകാൻ അണ്വായുധങ്ങൾ വേണമെന്നില്ല; പരസ്പരം അവിശ്വസിയ്ക്കുന്ന അയല്പക്കങ്ങൾ ഉണ്ടായാൽ മതി! ആ അവിശ്വാസത്തെ വിശ്വാസമായി ശ്വസിക്കുന്ന ഒരാൾക്കൂട്ടം ഉണ്ടായാൽ മതി. 

അതിരുകൾ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ പ്രാണനുകളുണ്ട്, കാവൽ നിൽക്കാൻ .
എന്നാൽ അകം അത്ര സുരക്ഷതമല്ലെന്ന് തോന്നുന്നു.

അവസാനം കേട്ട ആ വാർത്തയിലെ മുഖം മുന്നിൽ തെളിഞ്ഞു നിൽക്കെ ... (അങ്ങനെ എഴുതാൻ വയ്യ! കാരണം എഴുതി പൂർത്തിയാക്കുന്നതിന് മുൻപേ മറ്റൊരു മുഖം കൂടി മുറിവേറ്റവരുടേതായ് മുന്നിൽ എത്തുന്നു. ) 
ഓരോ വാർത്തയിലേയും പദക്രമീകരണങ്ങൾ കണ്ടുകൊണ്ടിരിക്കെ, 
ഒരു രാഷ്ട്രത്തിന്റെ ഒറ്റുകാരെ ഞാൻ കാണുന്നു. 

അതിസൂക്ഷ്മമായി ഒരായുധം- അത്യന്തം സംഹാരശേഷിയുള്ള ഒരായുധം;  അതിന്റെ ഓരോ ഭാഗവും ഓരോയിടത്തായ്, അതിഗൂഢമായ്, അത്യന്തം കൃത്യതയോടെ- നിർമ്മിച്ചെടുക്കുന്നത് പോലെ അനുഭവപ്പെടുന്നു. 

മറ്റൊരു വാർത്ത. 
മറ്റൊരു കുഞ്ഞ്.
മറ്റൊരു പ്രാണൻ.
 എന്റെ രാഷ്ട്രം!

കുഞ്ഞുങ്ങളെക്കുറിച്ചെന്നപോലെ ഞാൻ രാഷ്ട്രത്തെക്കുറിച്ചോർത്തും ഭയപ്പെടുന്നു- ഒരേ പോലെ, അത്ര ആഴത്തിൽ, അത്ര നിസ്സഹായതയിൽ. :-(

പ്രിയപ്പെട്ട ഒരാൾക്ക്, എപ്പോഴും ഒപ്പമണ്ടാകണെമെന്ന് ആഗ്രഹിയ്ക്കുന്ന ഒരാൾക്ക്, വിഷം നാവിൽ വെച്ചു കൊടുക്കുന്നത് പോലെ, 
ഓരോ ജീവനും പ്രതിരോധിച്ചാൽ മാത്രം തടയാവുന്ന ഒരു സാംക്രമികരോഗം പടർന്നു പിടിയ്ക്കുന്നത് കണ്ടു നിൽക്കുന്നത് പോലെ,
അണുബാധയുള്ള രക്തം സ്വീകരിയ്ക്കുകയും മറ്റൊരാൾക്കത് പകർന്നു നൽകുകയും ചെയ്ത പോലെ 
അത്രയും നിസ്സഹായമായ അവസ്ഥ അനുഭവിയ്ക്കുന്നു!

അതിനെ പ്രതിരോധിയ്ക്കാൻ കഴിവുള്ളത് ഒരാശയത്തിന് മാത്രമാണ്!
വിശക്കുന്നവനോട്, വിളകൾ കരിഞ്ഞു പോയവനോട്, കിടപ്പാടമില്ലാത്തവനോട്  രോഗിയോട്, മുറിവേറ്റവനോട്, ഒറ്റപ്പെട്ടവനോട്, ദുർബലനോട്, സംവദിയ്ക്കാൻ കഴിയുന്ന- ഒരാശയം. അങ്ങനെയൊരു ആശ്രയത്തെക്കുറിച്ച് ഓർത്തു! എത്ര തലമുറകളുടെ യാതനകൾക്കൊടുവിലാണ് അതിന് അതർഹിയ്ക്കുന്ന അത്രയും കരുത്തുണ്ടായത്?!

എന്നിട്ട്.. 
എന്നിട്ട്.. 

നിസ്സാരമായ, താത്കാലികമായ ചില സന്തോഷങ്ങൾ, സുഖാനുഭൂതികൾ- വേണ്ട എന്നുറപ്പിയ്ക്കാൻ ആ ആശയവും മനുഷ്യന്റെ ഒപ്പം നിൽക്കുന്നില്ല. 

മനുഷ്യർക്കിടയിലെ സമാനതകളെക്കുറിച്ചല്ല; വൈജാത്യങ്ങളെക്കുറിച്ചുള്ള ബോധം തന്നെ അതും വ്രണം പോലെ ബാക്കിയാകുന്നു. ഏറ്റുപറയുന്നു!  ആ വൈജാത്യങ്ങൾ ചില സ്വാർത്ഥതകൾ നിറവേറ്റിക്കിട്ടാനുള്ള വഴികളായ് തന്നെ അവശേഷിപ്പിയ്ക്കുന്നു. 

ഒരു മനുഷ്യന്റെ ദൈവം അവൻ തന്നെയാണ്- ഭയങ്ങളിൽ നിന്ന്, ഭോഗാസക്തികളിൽ നിന്നവനെ മോചിപ്പിയ്ക്കുന്നവൻ.
അവന്റെ നായകനോ, അവനെ ഒരു സാമൂഹ്യജീവിയായ് ചേർത്തു നിർത്തുന്നവനും.

മനുഷ്യന് ദൈവത്തെ മാത്രമല്ല; ഒരു നായകനേയും വേണം.

ആരായിരുന്നു നിങ്ങളുടെ നായകൻ? 
നിങ്ങൾക്ക് അത്യന്തം പ്രിയമായ, നിങ്ങളിലെ സാമൂഹ്യജീവിയെ കൃത്യമായ് പ്രതിഫലിപ്പിയ്ക്കുന്ന, ഒരാശയത്തെ ഹൃദ്യമാം വിധം ഒരാൾക്കൂട്ടത്തോട്  സംവദിയ്ക്കുകയും അത് അനേകമേകം പേരുടെ-തലമുറകളുടെ - വിശ്വാസമാക്കി ബലപ്പെടുത്തുകയും ചെയ്ത ആ ഒരാൾ?

എവിടെയാണ് ഇപ്പോൾ അയാൾ?
എങ്ങനെ അയാൾ നമുക്ക് അപരിചിതനായ്?
അയാൾ എന്തുകൊണ്ടാണിപ്പോൾ ഭൂരിപക്ഷംപേരുടെ- അതിസമ്പന്നൻ അല്ലാത്തവന്റെ, അധികാരമില്ലാത്തവന്റെ, ഭാഷ സംസാരിയ്ക്കാത്തത്?
എന്നിട്ടും എന്തുകൊണ്ടാണ് അയാൾ അന്ധമായ് വിശ്വസിയ്ക്കപ്പെടുന്നത്?

നമ്മുടെ കൂടെ പങ്ക് പറ്റി അയാൾ എങ്ങനെ നമുക്ക് യോജിച്ചുപോകാൻ കഴിയാത്ത ഒരാൾക്കൂട്ടത്തെ സൃഷ്ടിച്ചു? നാം വിയോജിയ്ക്കുമ്പോഴും അവരെങ്ങനെ നമ്മുടെ വിശ്വാസങ്ങളുടെ പ്രതിനിധികളായ് ചമഞ്ഞ് നമ്മെത്തന്നെ അഭിമുഖീകരിയ്ക്കുന്നു? ഏതോ ഒരു പാവനമായ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ദുർഘടങ്ങൾക്കിടയിൽ, ബങ്കറുകളിൽ പോരാളികൾ എന്നത് പോലെ,  ന്യായീകരണങ്ങൾ പുതപ്പിച്ച് ഇപ്പോഴും നാം അവരെ ഒളിച്ചുപാർപ്പിയ്ക്കുന്നത് എന്തിനാണ്?  

നിനക്കറിയില്ല;
ഒറ്റപ്പെട്ടു പോയവന്റെ നിസ്സഹായതയേക്കാൾ ദയനീയമാണ് ഒരു സാമൂഹ്യജീവിയുടെ നിസ്സഹായത.

No comments:

Post a Comment