Saturday, April 7, 2018

"വർത്തമാന"രാത്രികൾ -3


ഒരു കഥ കേട്ടു.
ഒരു മനുഷ്യൻ അയാൾക്ക് ജനിച്ച കുഞ്ഞുങ്ങളെ കുരങ്ങുകളായ് വളർത്തിയ കഥ. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് പോയ അയാൾ ഗുരുവിനെ കാണാൻ വന്നു. ഗുരു അയാളോട് ചോദിച്ചു:
'കുരങ്ങുകളെപ്പോലെ അവർ നിങ്ങളുടെ ഒപ്പം ഇപ്പോഴും ഉണ്ടാകണം എന്നാണ് നിങ്ങൾ ആഗ്രഹിയ്ക്കുന്നത്. മറ്റൊന്നുമല്ല. കുരങ്ങുകളായ് വളർത്തിയത് കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങൾ കുരങ്ങുകളായെന്ന് വിശ്വസിയ്ക്കാമോ?  കുരങ്ങുകളെപ്പോലെ അവരെ പരിശീലിപ്പിച്ചത് കൊണ്ട് അവർ അതുപോലെ പെരുമാറുമെന്ന് പ്രതീക്ഷിയ്ക്കാമോ? മനുഷ്യരെപ്പോലെ ജീവിയ്ക്കാൻ ആഗ്രഹിച്ച് അവരിപ്പോൾ മനുഷ്യരായിട്ടുണ്ടാകാം.. നിങ്ങൾക്ക് അവരുടെ ജീവിതം അസ്വീകാര്യമായ് തോന്നുന്നത് അത് കൊണ്ടുമാകാം..'

അന്നത്തെ രാത്രി ആ  കഥ പറഞ്ഞാണ് തുടങ്ങിയത്; എന്നത്തേയും പോലെ ടിവി ഓഫ് ചെയ്ത്, മൊബൈലുകൾ മാറ്റിവെച്ച്. രാത്രിയെ പകുത്തെടുക്കാൻ ആ നിറഞ്ഞ വെളിച്ചമെല്ലാം അണച്ച്.
രണ്ട് പേർക്ക് കണ്ണുകളിൽ നോക്കി വർത്തമാനം പറഞ്ഞിരിക്കാൻ തുറന്നിട്ട ജനലിലൂടെ അകത്തേക്ക് നീളുന്ന നേരിയ വെട്ടം മതി.
അത്രയേ  വേണ്ടു.
ഒരാൾ പറയുമ്പോൾ മറ്റേയാൾ കേൾക്കുക; പറയുന്നതും കേൾക്കുന്നതും ഒരേയാളാണെന്നത്ര ശ്രദ്ധയോടെ!

കഥ അപൂർണ്ണമായിരിക്കെ ഞാൻ പറഞ്ഞു:
'ഞാൻ ഇങ്ങനെയായിരുന്നു. കുരങ്ങിനെപ്പോലെ പരിശീലിപ്പിക്കപ്പെപ്പെടുമ്പോഴെല്ലാം മനുഷ്യനെപ്പോലെ ജീവിക്കാനാഗ്രഹിച്ചു!'

പൊട്ടിച്ചു കളഞ്ഞ കണ്ണാടികളിൽ നിന്ന് ഞാനെന്റെ മുഖമിങ്ങനെ പെറുക്കിയെടുക്കുകയാണ്.

പരസ്പരം നന്നായി അറിയുന്നത് കൊണ്ട് എന്റെ കൂട്ടുകാരൻ അതിന് മറുപടി പറഞ്ഞില്ല. അങ്ങനെ അല്ലെന്നോ ആണെന്നോ പറഞ്ഞില്ല.

ഏറെ നേരം ആലോചിച്ച് ഞാൻ  ദൈവങ്ങളെക്കുറിച്ച് പറഞ്ഞു:
മിത്തുകളിലും മതപഠനശാലകളിലും കഥകളിലും ആരാധനാലയങ്ങളിലുമുള്ള ദൈവങ്ങളെക്കുറിച്ചല്ല.
ഓരോ മനുഷ്യനും ദൈവത്തെപ്പോലെ തോന്നുന്ന മറ്റൊരു മനുഷ്യനുണ്ട്. അങ്ങനെയുള്ളവരെക്കുറിച്ച്.

ആരെയോ പിന്തുടരാൻ ആഗ്രഹിയ്ക്കുന്നുണ്ട്, അപൂർവ്വം ചിലരല്ലാത്ത എല്ലാവരും. അതാരെ എന്ന തിരഞ്ഞെടുപ്പിലാണ് കാര്യം. നമുക്ക് സ്നേഹിയ്ക്കാനും അനുസരിയ്ക്കാനും കൈവിട്ടു പോകാതെ ഒപ്പം നിർത്താനും തോന്നുന്ന നമ്മുടെ ദൈവത്തെ.. മനുഷ്യനായ ആ ദൈവത്തെ.
അങ്ങനെ ഒരു ദൈവത്തെ തിരഞ്ഞെടുക്കുമ്പോഴാണ് ശ്രദ്ധിയ്‌ക്കേണ്ടത്..

നിനക്കത് ആരായിരുന്നു?
-അവൻ ചോദിച്ചു.

നിനക്ക് അറിയാമല്ലോ !
-ഞാൻ പറഞ്ഞു.

സ്നേഹവും അനുസരണയും - വേർതിരിയ്ക്കാൻ കഴിയാതെ കിടന്നിരുന്നു, എന്റെയുള്ളിൽ. ഉപ്പും മണലും പോലെ. സ്വയം ബാഷ്പീകരിച്ചു തീരുമ്പോഴേയ്ക്കും രണ്ടും രണ്ടാണെന്ന് എനിയ്ക്ക് അറിയാൻ കഴിയുന്നു.

അപ്പോൾ ദൈവം?
-അവൻ ചോദിച്ചു.

ഒറ്റയ്ക്ക്!
-ഞാൻ പറഞ്ഞു.

-എന്നാൽ അത് ദൈവമായിരുന്നില്ല.
അവൻ പറഞ്ഞു:
-ദൈവം ഒറ്റയ്ക്കാവില്ല. സ്വാതന്ത്ര്യവും അഭയവും നൽകുന്ന ആരും ഒറ്റയ്ക്കാവില്ല.
ഭരണാധികാരികൾ ഒറ്റയ്ക്കാവും. അവിടെ വിശ്വാസവും അധികാരവും തമ്മിലൊരു ക്രയവിക്രയം നടക്കുന്നുണ്ട്. അതിൽ തോറ്റുപോകുമ്പോൾ രാജാവും പ്രജയും വേർപെട്ട് പോകുന്നു.

ഞാൻ പറയട്ടെ!
-അവൻ പറഞ്ഞു:
ജീവിതത്തിൽ രണ്ട് കാര്യങ്ങളെ ചെയ്യേണ്ടതായുള്ളൂ:

ഓരോരുത്തർക്കും ഒരു നിയോഗം ഉണ്ടാകും. അവർ മാത്രം ചെയ്ത് പൂർത്തിയാക്കേണ്ടുന്ന എന്തെങ്കിലും ഒരു കാര്യം. അത് ഒരു ബ്രഹ്മാണ്ഡകാര്യം ആകണം എന്നൊന്നുമില്ല; ഒരുപാട് പേരെ ബാധിക്കുന്നതോ അവരുടെ ശ്രദ്ധയാകർഷിയ്ക്കുന്നതോ എവിടെയെങ്കിലും അടയാളപ്പെടുത്തപ്പെടുന്നതോ ആയ ഒന്നും. അത് ഒരു കുഞ്ഞു കാര്യമാകാം. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലേക്ക് ഒരിത്തിരി നേരത്തെ ഇടപെടൽ മാത്രമാകാം. ഒരുപക്ഷെ ഒരു ഓർമ്മ പോലും അവശേഷിപ്പിയ്ക്കാത്ത ഒന്ന്. പക്ഷേ എന്താണതെന്ന് സ്വയം വ്യക്തമാവുക എന്നതാണ് ഒന്നാമത്തെ കാര്യം. അത്രമേൽ തൃപ്തിപ്പെടുത്തും നമ്മെ അത്.  നമ്മെ വന്ന് മൂടുന്ന അസംതൃപ്‌തികളിൽ നിന്നെല്ലാം നമ്മെ കൈപിടിച്ചു കയറ്റും അത്. അതാണ് ഒന്നാമത്തെ കാര്യം.

നമുക്ക് ചെയ്ത് തീർക്കേണ്ട കാര്യങ്ങളിൽ എല്ലായിടത്തും, ഈ വളവിൽ അല്ലെങ്കിൽ അതിനടുത്ത വളവിൽ എന്ന് പറയുന്നത് പോലെ, സ്വാർത്ഥത എന്ന് പേരുള്ള ഒരു സുന്ദരി നമ്മെ കാത്തു നിൽക്കുന്നുണ്ട്. നമ്മുടെ കൗതുകങ്ങൾ അവളുമായ് എങ്ങനെ പങ്കുവയ്ക്കുന്നു എന്നതാശ്രയിച്ചാണ് രണ്ടാമത്തെ കാര്യം. അവൾ കൊതിപ്പിയ്ക്കുന്നതിനനുസരിച്ച്,  ഒരാളുടെ നിസ്സഹായത നമ്മുടെ സന്തോഷങ്ങളായ്, സുഖങ്ങളായ് മാറ്റാൻ നമുക്ക് തോന്നുന്നുണ്ടോ ഇല്ലയോ എന്നത്. തീർത്തും സാധാരണമായ ഒരു കാര്യമാണ്. പക്ഷേ അവൾക്ക് കീഴടങ്ങുന്നത് നമ്മിലെ അസാധാരണത്വത്തെ മുഴുവൻ ശൂന്യമാക്കിക്കളയും.

ആ രാത്രിയിൽ ഞങ്ങൾ പിന്നീട് അധികമൊന്നും സംസാരിച്ചില്ല. ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടാകുമ്പോഴും അപൂർണ്ണമായ് തോന്നുമ്പോഴുമാണ് ഞാൻ കൂടുതൽ വാക്കുകൾ നിറച്ചതിനെ പൂർണ്ണമാക്കുവാൻ ശ്രമിക്കാറുള്ളത്.

ഇന്നത് വേണ്ട.

കണ്ണടച്ചു കഴിഞ്ഞപ്പോഴേ ഉറങ്ങി.
എപ്പോഴോ എഴുന്നേറ്റു.
അപ്പോഴും ഉണർന്ന് കിടക്കുന്ന അവനോട് ഞാൻ പറഞ്ഞു:

ഉള്ളം കയ്യിൽ ഒരു സൂര്യനെ എടുത്ത് വെച്ചത് പോലെ;
ഒരു ഊർജ്ജം എനിക്ക് അനുഭവിയ്ക്കാനാകുന്നു.
അതിന്റെ താപം എന്നെ തളർത്തുന്നോ അതിന്റെ ഭാരമെന്ന ഭയപ്പെടുത്തുന്നോ ഇല്ല.
അതേസമയം കൈവിരലുകൾ പോലെ എന്നോട് ചേർന്നു നിൽക്കുന്ന ചിലരെ  അത് അസ്വസ്ഥപ്പെടുത്തരുതെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു; ആ ഒരു സമ്മർദ്ദം മാത്രം അനുഭവിയ്ക്കുന്നു. ഇടയിൽ തെളിയുന്ന തീവ്രമായ പ്രകാശം ചിലപ്പോൾ രണ്ടുപേരെ പരസ്പരം കാണാതെയാക്കാം.

എനിക്ക് നിന്നെ കാണാൻ കഴിയുന്നുണ്ടല്ലോ.
-അവൻ പറഞ്ഞു.

ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഇങ്ങനെയാണ്:
അവനോടുടുള്ള പ്രണയത്തിന്റെ വാതിലിലൂടെ;
അന്ന്
അവന്റെ
വാക്കുകളുടെ വേനൽ മഴയിൽ
ഞാൻ
നനഞ്ഞു നിന്നു.
ഒരു മഴവില്ല് കൊണ്ട്
അന്ന്
ആകാശം രണ്ടായ് പകുക്കപ്പെട്ടിരുന്നു,
പിന്നീടുള്ള
പകലിരവുകളിൽ
എന്നിൽ
പ്രളയമായിരുന്നു.
അക്ഷരങ്ങളുടെ മഹാപ്രളയം.

No comments:

Post a Comment