Saturday, April 7, 2018

"വർത്തമാന"രാത്രികൾ - 2

"നമ്മുടെ വാക്കുകളെ നമ്മുടെ പരാജയങ്ങളുമായ് തുലനം ചെയ്ത് അവഗണിയ്ക്കാമെന്ന് ആളുകൾ തീരുമാനിച്ചു തുടങ്ങുന്നിടത്താണ് നാം ആളുകൾ അംഗീകരിയ്ക്കുന്ന വിജയങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്." - ഞാൻ ഖേദിച്ചു.
"ആളുകളെ വിട്ടേയ്ക്ക് !" എന്റെ ഗുരുവും കൂട്ടുകാരനുമായ അവൻ ഓർമ്മിപ്പിച്ചു.

ഒരു പിറന്നാൾ ആഘോഷം കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ, ഞങ്ങൾ. 
അത്താഴം കഴിച്ചാണ് വന്നതെങ്കിലും നേരെ അടുക്കളയിലേക്കാണ് കയറിയത്. പണികൾ ബാക്കിയുണ്ടായിരുന്നു.

'ഏറ്റവും വലിയ അദ്‌ഭുതമായ് തോന്നിയിട്ടുള്ളത് എന്തിനെയാണ്?'
എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും:
'എത്ര കഴുകിയാലും തീരാതെ സിങ്കിൽ ബാക്കിയാവുന്ന പാത്രങ്ങളുടെ എണ്ണം.'

അവൻ ഒരു കസേര വലിച്ചിട്ടിരുന്നു.
'' പറയ്! ചപ്പാത്തി നുണ പറയ്! "

'ചപ്പാത്തി നുണ' ഒരു കോഡ് ആണ്. അമ്മയാണ് അതുണ്ടാക്കിയത്. അച്ഛന് ഡയബെറ്റിക്സ് വന്നതിൽ പിന്നെ വീട്ടിലെ എല്ലാ രാത്രികളിലും ചപ്പാത്തിയായിരുന്നു. ആദ്യമൊക്കെ ഒപ്പം കഴിയ്ക്കാൻ വേവിക്കാത്ത ക്യാരറ്റും ഉള്ളിയും കക്കിരിയും ഒക്കെ ആയിരുന്നു എങ്കിലും പിന്നീട് രുചിയുള്ള പലതരം കറികളായ്.

കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും നല്ല ഓർമ്മകൾ ഉത്സവങ്ങൾക്ക് പോയതോ കളിപ്പാട്ടങ്ങൾ കിട്ടിയതോ കൂട്ടുകാരോടൊപ്പം നടന്നതോ ഒന്നും അല്ല. എല്ലാ നേരവും വയറുനിറച്ചു കിട്ടുന്ന ആഹാരത്തെക്കുറിച്ചുള്ളതാണ്. അന്നൊന്നും ഞങ്ങൾ കലോറിയെന്നോ കാർബോ ഹൈഡ്രേറ്റ്, ആന്റി ഓക്സിഡന്റ് എന്നൊന്നും പറയാറേ ഉണ്ടായിരുന്നില്ല.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരിക്കും. കറി ആദ്യമുണ്ടാക്കി മേശപ്പുറത്ത് വയ്ക്കും. പിന്നെ അമ്മ ചപ്പാത്തി പരത്തി ചുട്ടു തുടങ്ങും. അങ്ങനെ പ്രത്യേകിച്ച് എണ്ണമൊന്നും ഇല്ലാതെ, കറികളുടെ സ്വാദനുസരിച്ചു ഞങ്ങൾ കഴിച്ചു തുടങ്ങും. 

ആ പരത്തി ചുടുന്നതിനിടെ, ഞങ്ങൾ നിർത്താതെ സംസാരിയ്ക്കും. പരിചയക്കാരെക്കുറിച്ച്, ബന്ധുക്കളെക്കുറിച്ച്, നാട്ടുകാരെക്കുറിച്ചൊക്കെ. അമ്മയും ഞങ്ങളും.
വിശേഷങ്ങൾ, കഥകൾ, ആരോപണങ്ങൾ, അങ്ങനെയങ്ങനെ .. (അത് നിങ്ങൾക്ക് അറിയാത്തതല്ലല്ലോ.)
അച്ഛൻ നിശബ്ദത പാലിക്കും. അത് കാണുമ്പൊൾ  പതിവുപോലെ അമ്മ ഓർമ്മിപ്പിയ്ക്കും:
"ങ്ങള് ഇതൊന്നും കാര്യാക്കണ്ട .. ഇതൊക്കെ ചപ്പാത്തി പരത്തിച്ചുട്ട് തീരുന്നത് വരെ പറേന്നാട്ടോ .. ചപ്പാത്തി നൊണ .. "
പിന്നെ ഞങ്ങളോട് പറയും: "ഇവിടെന്ന്  എണീറ്റാ അപ്പൊ മറന്നേക്കണം ഇദല്ലാം .. "

ഒന്നും മറന്നിട്ടില്ല; ഇപ്പോഴും ഓർമ്മയുണ്ട്.

ഈ കഥകളൊക്കെ ഞാൻ അവനോട് പറഞ്ഞിട്ടുമുണ്ട്. അതിൽ പിന്നെ
എപ്പോഴെങ്കിലും, ഏതെങ്കിലും വിശേഷങ്ങളുടെ പുറത്ത്, നിരുപദ്രവകരമായ പരദൂഷണം പറഞ്ഞു തുടങ്ങാം എന്നതിന്റെ ഞങ്ങൾക്കിടയിലെ കോഡ് ആണ് 'ചപ്പാത്തിനുണ '.

"ഇന്നെന്ത്‌ പറയാനാ.." ഞാൻ പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിനിടയിൽ പറഞ്ഞു.

ഇന്ന് നിഷയുടെ പിറന്നാൾ ആയിരുന്നു. നിഷയുടെ പതിഞ്ചാമത്തെ പിറന്നാൾ. നിഷ, നേഹ, നിഷാൻ - മൂന്ന് പേരും അവരുടെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുന്നത് വരെ എന്റെ ഫ്ലാറ്റിൽ ആയിരിക്കും. നേഹയ്ക്കും നിഷാനും ഞാൻ ബേബിസിറ്ററും നിഷയ്ക്ക് ഹോംവർക്കുകളിൽ സഹായിക്കുന്ന ആളുമാണ്.

പിറന്നാൾ ആഘോഷമായിരുന്നോ അതോ ആകുലതകളുടെ ഒത്തുചേരലായിരുന്നോ എന്നറിയില്ല; അത്ര വിരസമായിരുന്നു. പരീക്ഷകളെക്കുറിച്ചും മാർക്കുകളെക്കുറിച്ചും മറ്റുകുട്ടികളെക്കുറിച്ചുമാണ് സംസാരിച്ചതേറെയും.

ഞാൻ ആലോചിച്ചു: പരീക്ഷകൾ കുട്ടികളുടെ അഭിരുചി എന്തെന്ന് കണ്ടുപിടിയ്ക്കാൻ വേണ്ടിയല്ലേ? അല്ലാതെ എല്ലാ കുട്ടികളും ഒരേ പോലെ ബുദ്ധിയുള്ളവരാണോ അല്ലയോ എന്ന് ഉറപ്പുവരുത്താനാണോ?

മത്സരങ്ങൾ അഭിരുചികൾ നിശ്ചയിക്കാൻ മാത്രമാണെന്നും ജോലി ചെയ്യേണ്ടത് അഭിരുചികൾക്കനുസരിച്ചാകണമെന്നും നാം വിശ്വസിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ജീവിതം കൊണ്ട് കൂടി ചിരിയ്ക്കാൻ കഴിയുന്ന കൂടുതൽ മനുഷ്യർ നമുക്കിടയിൽ ജീവിച്ചു തുടങ്ങിയേനെ. എല്ലാവരും ഒരേ പുഴയുടെ ഭാഗമാകാനാഗ്രഹിക്കാതെ മഴപോലെ എല്ലായിടവും പെയ്ഡ് നനച്ചേനേ. പല പുഴകൾ ഒഴുകിയേനെ.

വളർത്തുന്ന ഒന്നിൽ നിന്ന് നമ്മൾ ആഗ്രഹിയ്ക്കുന്ന ഫലം കിട്ടണമെങ്കിൽ വളർത്തുന്നത് മരമോ ചെടിയോ ആയിരിക്കണം. ഏതെങ്കിലും ഒരു സസ്യം. ഒരു വളർത്തു മൃഗത്തിൽ നിന്ന് അത് പ്രതീക്ഷിക്കരുത്. ചിന്താശേഷിയുള്ള മനുഷ്യന്റെ കാര്യമാണെങ്കിൽ പ്രത്യേകിച്ചും.

ഒരു മൃഗത്തിന്റെ സ്വാതന്ത്ര്യം പ്രകൃതിദത്തമാണ്. അത് പങ്കിടുകയേ സ്നേഹമുള്ളവർക്കിടയിൽ ചെയ്യാനുള്ളൂ.

നിഷയുടെ അമ്മ എന്റെ വർത്തമാനങ്ങളിൽ തീർത്തും അസംതൃപ്‌തയായിരുന്നു. ഇങ്ങനെ ചിന്തിക്കുന്ന ഒരാളാണോ കുട്ടികളെ പഠനത്തിൽ സഹായിക്കാറുള്ളത് എന്ന ഭാവം. കൂടുതൽ പഠിപ്പിയ്ക്കുന്ന, കൂടുതൽ പരീക്ഷകൾ  നടത്തുന്ന, കൂടുതൽ നല്ല ട്യൂഷൻ ടീച്ചർക്ക് കൊടുക്കാൻ കൂടുതൽ പണം കിട്ടുന്ന കൂടുതൽ നല്ല ജോലിയിലേക്ക് മാറേണ്ടതിന്റെ കൂടുതൽ ആവശ്യകതയെക്കുറിച്ച് അവർ കൂടുതൽ ബോധവതിയായ് എന്ന് തോന്നുന്നു.

അവർ പറഞ്ഞു.
"കുട്ടികൾക്ക് എപ്പോഴും ഫ്രീയായി രക്ഷപ്പെട്ട് നടക്കാൻ തന്നെ ആയിരിക്കില്ലേ ഇഷ്ടം. നമ്മൾ വേണ്ടെ അവരുടെ പുറകെ നടന്നു ശരിയാക്കാൻ. വെറുതെ വിടരുതവരെ .."

അവസാനത്തെ വാക്ക് ഒരല്പം പരുഷമായിരുന്നു. ഞാൻ മനസ്സിൽ ആവർത്തിച്ചു:
'വെറുതെ വിടരുതവരെ! നമ്മുടെയൊക്കെ മക്കളായി ജനിച്ചത് കൊണ്ട് എൻകൗണ്ടർ സ്പെഷലിസ്റ്റുകളെപ്പോലെ അവരെ വിടാതെ പിന്തുടർന്ന് ഒറ്റവെടിക്കവരുടെ കുട്ടിക്കാലത്തെ കൊന്നുകളഞ്ഞേക്കണം!'

മാറി ചിന്തിക്കുകയേ വേണ്ട. സങ്കീർണ്ണമായ നിർണ്ണയങ്ങളുടെ ഭാഗമായി വന്നവർ, അതേ പരീക്ഷണങ്ങൾ ആവർത്തിയ്ക്കുന്നു. കൂടുതൽ ലോഡ്; കൂടുതൽ സങ്കീർണ്ണതകൾ, കൂടുതൽ .. കൂടുതൽ.. മത്സരങ്ങൾ..
മറ്റൊന്നുമില്ല!
മാറ്റമൊന്നുമില്ല!!

ഞാൻ, ഉറക്കെ, എന്റെ രീതിയിൽ ചിന്തിച്ചു :

ഒരു മത്സരമാണെങ്കിൽ അതിന് വ്യക്തമായ ഒരു ഫിനിഷിംഗ് പോയന്റും വേണം. മനുഷ്യന്റെ ജീവിതത്തിൽ ഏതാണ് ആ ഫിനിഷിംഗ് പോയന്റ്? വളരെ അടുത്തെത്ത് തോന്നുന്ന ഓരോയിടത്തും അതിനപ്പുറത്ത് ഒരു ലാപ്പ് കൂടി ഉണ്ടാകുന്നുണ്ട്. ദിവസങ്ങൾക്കപ്പുറത്തേക്ക്, തലമുറകൾക്കപ്പുറത്തേക്ക് അത് മാറിമാറിപ്പോകുന്നുണ്ട്. അപ്പോൾ എങ്ങനെയാണ്, എവിടെയാണ്, ആരിലാണ് ജയപരാജയങ്ങളുടെ ആ നിർണ്ണയം നടക്കുന്നത്? നാം ജയിച്ചാൽ പോരാ, നമ്മുടെ മക്കളും ഒന്നാമതാവണം, പിന്നെ മക്കളുടെ മക്കളുടെ ജയപരാജയങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ട് തുടങ്ങാം.

കഴിഞ്ഞ തവണ സ്‌കൂൾമേറ്റ്സ്ന്റെ റീയുണിയനിൽ പങ്കെടുത്തിരുന്നു. അതിൽ രണ്ട് സുഹൃത്തുക്കൾ അവരുടെ മക്കളുടെ വിശേഷങ്ങൾ പങ്കുവെച്ചത് ഓർക്കുന്നു. ഒരു മാറ്റവുമില്ല. സ്‌കൂളിനെക്കുറിച്ച്, മത്സരങ്ങളെക്കുറിച്ച്, ജയങ്ങളെക്കുറിച്ച് തന്നെ.  ഇവരിരുവരും പഠനകാലത്ത് യുദ്ധഭടന്മാരെപ്പോലെ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിലൊരാൾ പത്താംതരത്തിലെ പരീക്ഷയ്ക്കിടയിൽ മറ്റെയാളിന്റെ പേന കട്ടെടുത്തിട്ട് പോലുമുണ്ട്. യുദ്ധമുറകളിലൊന്ന്. അവരാണിപ്പോൾ മക്കളുടെ മത്സരങ്ങളെ താരതമ്യം ചെയ്യുന്നത്.
അടുത്ത ലാപ്പ്.
ഓടട്ടെ !
-കേട്ടിരിയ്ക്കേ ഞാൻ മനസ്സിൽ ഓർത്തു.

"എന്തായിരുന്നു ആ കെയ്ക്കിന്റെ  ഇഷ്യൂ ?" - എന്റെ ഓർമ്മകൾക്കിടയിൽ അവൻ അന്വേഷിച്ചു.

ഇന്ന് നിഷ സ്വന്തമായ് ഒരു കേക്കുണ്ടാക്കിയിരുന്നു. പാകം ശരിയാകാത്തത് കൊണ്ട് കഷണങ്ങളാക്കി മുറിച്ചെടുക്കുമ്പോഴേയ്ക്കും പൊടിഞ്ഞു പോയി. എങ്കിലും രുചിയുണ്ടായിരുന്നു. കഴിച്ചു തീരുന്ന നേരമത്രയും അവളുടെ അമ്മ പിറുപിറുത്തു കൊണ്ടിരുന്നു:

"പിറന്നാളല്ലെന്ന് വെച്ച് സമ്മതിച്ചതാ.. എനിക്കതിപ്പൊ ഇരട്ടി പണിയായ്.. എത്ര പാത്രങ്ങളാ എടുത്ത് നിരത്തിവെച്ചത്... .. ഇൻഗ്രീഡിയൻറ്സ്ന്ന്  പറഞ്ഞ് എന്തൊക്കെയാ വാങ്ങിച്ചത്!..വെർതെ സമയോം പൈസേം കളയാൻ.. പഠിയ്ക്കണ്ട നേരത്താ.. വീഡിയോ നോക്കി കെയ്ക്ക് ണ്ടാക്കാഞ്ഞിട്ടല്ലേപ്പൊ!"

'എല്ലാറ്റിന്റെയും പാകം തെറ്റിപ്പോകുന്നു ' എന്ന് നിഷയുടെ കണ്ണുകൾ പറഞ്ഞു.
'പാകം തെറ്റുന്നു എന്നല്ലേ ഉള്ളൂ.. അല്ലാതാരും വിശന്നിരിക്കുന്നില്ലല്ലോ !!' എന്ന് ഞാൻ സമാധാനിപ്പിച്ചു.

അതിനിടയിൽ നേഹ അവൾ നിറം കൊടുത്ത ഒരു ക്യാൻവാസ് അവളുടെ അച്ഛനെ കാണിക്കാൻ ചെന്നു.
"വരയ്ക്കുന്നുണ്ടെങ്കിൽ ഇങ്ങനെയൊക്കെ വരയ്ക്കണം!"
അയാൾ മറ്റൊരു വീഡിയോ തിരഞ്ഞെടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു. അത് അവളെപ്പോലെ ഒരു കുട്ടി "വർണ്ണങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന" ഒരു കാഴ്‍ചയായിരുന്നു.

"ഇതും ഒരു വിസ്മയം അല്ലെ? അവൾ ആദ്യം നിറം കൊടുത്ത ക്യാൻവാസ്." ഞാൻ ചോദിച്ചു.
"എന്ത് ചെയ്താലും ഭംഗിയായി എന്ന് പറഞ്ഞു കഴിഞ്ഞാൽ എങ്ങനെയാണ് ഇവരൊക്കെ പെർഫെക്ഷനിലേക്ക് വരിക?" അയാൾ തിരിച്ചു ചോദിച്ചു:
"നമ്മളെക്കാൾ മിടുക്കന്മാരുണ്ട് എന്നറിഞ്ഞിരിക്കുമ്പോഴല്ലേ നമ്മൾ കൂടുതൽ കൂടുതൽ നന്നാവാൻ ശ്രമിയ്ക്കുക?"

കൂടുതൽ.. കൂടുതൽ..

ഞാൻ ഒന്നും പറഞ്ഞില്ല.
എത്ര കൂടുതൽ വേണം നമുക്കൊന്ന് തൃപ്തിപ്പെടാൻ!

കുട്ടികൾ എല്ലാ ദിവസവും എന്റെയൊപ്പം ഉണ്ടാകാറുണ്ടെങ്കിലും അവരുടെ അച്ഛനമ്മമാരോടൊപ്പം ഞങ്ങൾ  ഇത്രയും സമയം ചിലവിട്ടത് ആദ്യമായിട്ടായിരുന്നു. അവരുടെ അച്ഛൻ ആ സമയമത്രയും മൊബൈൽ സ്‌ക്രീനിൽ നിന്ന് മുഖമെടുത്തതേയില്ല.

പ്രിയപ്പെട്ടവരിലേക്ക് ചെന്ന് കയറാൻ ആളുകൾക്കിപ്പോൾ  ലോഗിൻ ചെയ്യേണ്ടി വരുന്നു! അടുത്ത് ചേർന്നിരിക്കുന്നവരോട്  'മിണ്ടാതെയിരിക്ക്'; 'ശല്യപ്പെടുത്താതെയിരിക്ക്'- എന്നാവർത്തിയ്ക്കുന്നു! നമ്മുടെ കൗതുകങ്ങളെയെല്ലാം സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന കാഴ്ചകളും വിശേഷങ്ങളുമായ് താരതമ്യപ്പെടുത്തി  നമ്മുടെതായ ഒന്നിലും തൃപ്തിപ്പെടാൻ കഴിയാത്തവരായി മാറിപ്പോയിരിക്കുന്നു നമ്മൾ! 

"നീ വല്ലാതെ ഫിലോസഫിക്കൽ ആകുന്നു. നിസ്സാരമായ കാര്യങ്ങളെപ്പോലും വാക്കുകൾ കൊണ്ട് പെരുപ്പിച്ച് കാട്ടുന്നു."
 അവൻ വീണ്ടും ഓർമ്മിപ്പിച്ചു:

" നീ നിന്നിൽ ഉണ്ടാക്കിയെടുത്ത കുറെ നിസ്സഹായതകളുണ്ട്. നീ അത് നിനക്ക് പ്രിയപ്പെട്ടവരിലും ആരോപിയ്ക്കുന്നു. കുട്ടികളിൽ പ്രത്യേകിച്ചും. അത് നല്ലതല്ലോ. കുട്ടികളോട് ഇത്ര ഫിലോസഫി പറയരുത്. ഫിലോസഫി കളിക്കളം വിട്ടവരുടെ രാഷ്ട്രീയമാണ്. കുട്ടികളോട് കളിക്കാനാണ് പറയേണ്ടത്.. ആക്രമിയ്ക്കാനും പ്രതിരോധിയ്ക്കാനും ഒരുപോലെ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്."

'സ്വന്തം ചിന്തകളിൽ
സ്വയം തടവിലായവർ അനുഭവിയ്ക്കുന്ന 
സ്വാതന്ത്ര്യമാണ് തത്വചിന്ത! - ഞാൻ ആശ്വസിച്ചു.
അവൻ ചിരിച്ചു.

കുട്ടികൾ നിരാശപ്പെടുന്നത് സ്വാഭാവികമാണ്. അതെനിക്കറിയാം. എന്നാലും അവരിലേക്ക് തുള്ളിമരുന്ന് പോലെ നിരന്തരം നിസ്സഹായത പകർന്നു കൊടുക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു. അത് കൊണ്ടല്ല,  ഒരു ആൾക്കൂട്ടത്തിനിടയിലെ മത്സരങ്ങളിൽ ജയത്തിലും തോൽവിയിലും ഒപ്പം ആരെങ്കിലും ഉണ്ടാകും. തോറ്റവർക്ക് അംഗബലം കൂടും. വീട്ടിൽ, തോറ്റുകൊണ്ടേയിരിക്കുമ്പോൾ ഒറ്റയ്ക്കാണ്. മത്സരിയ്ക്കുന്നത് ഏതോ ഒരു കാഴ്ചയോടും. ആരോ ഒരാളോട്. അതാണ് എന്നെ വിഷമിപ്പിയ്ക്കുന്നത്. തൃപ്തിപ്പെടുത്തേണ്ടതും അനുസരിയ്ക്കേണ്ടതും ഒരു തിരഞ്ഞെടുപ്പിന് പോലും സാധ്യതയില്ലാത്ത സ്നേഹബന്ധങ്ങളെയും.

വീട്ടിൽ അച്ഛനമ്മമാർ വിധികർത്താക്കളായ് വരുന്ന മത്സരങ്ങളിൽ തനിയെ പങ്കെടുത്ത് ജയിക്കുന്നതിനേക്കാൾ അതിസാഹസികമായി കുട്ടികൾക്ക് വേറെ ഒന്നുമില്ല. ഒന്ന് കഴിഞ്ഞ്, അടുത്തതിൽ അവരെ തൃപ്തിപ്പെടുത്താമെന്ന് കരുതി കാത്തിരുന്ന് കൊഴിഞ്ഞു തീരുന്നതാണ് അവരുടെ കുട്ടിക്കാലം.

"ഫിലോസഫി മാത്രാണോ ഞാൻ കുട്ടികളോട് പറയാറുള്ളത് ?" ഞാൻ ചോദിച്ചു.
"ഞാനവരുടെ കുട്ടിക്കാലം പങ്കിടാൻ ആഗ്രഹിയ്ക്കുന്നു എന്നേയുള്ളൂ."


കുറച്ചെന്തോ ഓർത്തിരുന്ന് ഞാൻ ചോദിച്ചു:
"നിഷാൻ ഫുഡ് കഴിയ്ക്കുന്നതിനിടെ "ആന്റീ, Can I മതി? ന്ന് ചോദിച്ചത്  ഓർമ്മയില്ലേ? എന്തൊരു ഓമനത്താണ് അവനത് പറഞ്ഞു കേൾക്കാൻ. എന്നാലവന്റെ അച്ഛന്റേം അമ്മേടെം റിയാക്ഷൻ കണ്ടിരുന്നോ? അത്രയും അപമാനം തോന്നേണ്ടുന്ന ഒരു തെറ്റ് അവൻ ചെയ്ത പോലെ. അവൻ മാത്രമല്ല; ഞാനും.."

കുട്ടികളോട് ഇംഗ്ളീഷിൽ സംസാരിയ്ക്കുന്നതിനിടയിൽ ഞാൻ ചില മലയാളം വാക്കുകൾ പറഞ്ഞു പോകും. അതിലൊന്നാണ് ഫുഡ് കഴിക്കുന്നതിനിടെ മതിയോ എന്ന് ചോദിക്കുന്നത്. അതുകൊണ്ട് ആഹാരം കഴിച്ചവസാനിപ്പിക്കട്ടെ എന്ന നിഷാന്റെ ചോദ്യമാണ് Can I മതി?
അതുപോലെയാണ് Dont അടി me! 
ചില കുസൃതികൾ നിർത്താൻ ഞാൻ അടി എന്ന് പറയുമ്പോഴുള്ള മറുപടിയാണത്: Dont അടി me!
:-D

"അവന് മൂന്ന് വയസ്സ് കഴിഞ്ഞതല്ലേയുള്ളൂ. ഒരു മനുഷ്യന് ഒരാൾക്കൂട്ടത്തോട് അയാളുടേത് മാത്രമായ ഒരു ഭാഷയിൽ സംസാരിയ്ക്കാൻ കഴിയുന്നത് ഈ വയസ്സിലൊക്കെയല്ലേ? അതിലെ കുട്ടിത്തം ആസ്വദിയ്കയല്ലേ വേണ്ടത്?  "

അവന്റെയൊപ്പം നടക്കാൻ ഇറങ്ങിയ ഒരു ദിവസം ഞാൻ ഓർത്തു.
Why do we have zebra crossing? why don't we have lion crossing? I want lion crossing!!
അവൻ ചോദിച്ചു കൊണ്ടിരുന്നു.
എന്തൊരു ഓമനത്തമായിരുന്നു അതിനൊക്കെ!

അവിടെയുണ്ടായിരുന്ന സീബ്രകൾ എല്ലാ മൃഗങ്ങളിലും കറുപ്പും വെളുപ്പും നിറങ്ങൾ മാത്രം കണ്ടു. അവർക്കിക്കിടയിലേക്ക് അന്നേരം അവൻ സിംഹക്കുട്ടിയെപോലെ വന്നു നിന്നു.

ഇന്ന് നടന്നത് നിഷയുടെ പിറന്നാൾ ആഘോഷമായിരുന്നില്ല.
ഞാൻ ഓർമ്മിച്ചു:
അത് എന്റെ പിരിച്ചു വിടലായിരുന്നു. 
നിഷാനും നേഹയ്ക്കും പുതിയ ബേബി സിറ്റർ.
നിഷയ്ക്ക് കൂടുതൽ പഠിയ്ക്കാൻ ട്യൂഷൻ സെന്റർ .

അപ്പോഴാണ്, നമ്മുടെ വാക്കുകളെ നമ്മുടെ പരാജയങ്ങളുമായ് തട്ടിച്ചു നോക്കി തള്ളിക്കളയാമെന്ന് ആളുകൾ തീരുമാനിച്ചു തുടങ്ങുമ്പോഴാണ്, ഞാൻ ആളുകൾ അംഗീകരിയ്ക്കുന്ന വിജയങ്ങളെക്കുറിച്ച് ഓർത്തു പോയത്.

അന്നത്തെ രാത്രി കടലു പോലെയായിരുന്നു.
വാക്കുകളായിരുന്നു തിരകൾ.
ഞങ്ങൾ അപൂർവ്വമായ ഭാഷയിൽ സംസാരിച്ചു കൊണ്ടിരുന്നു.
സങ്കടം നിറഞ്ഞാൽ എനിക്കങ്ങനെയാണ്..
ഒന്നും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയില്ല...

.

No comments:

Post a Comment