Tuesday, April 3, 2018

"വർത്തമാന"രാത്രികൾ -1


ചില രാത്രികളങ്ങിനെയാണ്‌ , സംസാരിച്ചു സംസാരിച്ചു എവിടെയൊക്കെയോ ചെന്നെത്തും.
ഒരു ചോദ്യത്തിലാവും തുടക്കം;
എന്നാൽ അവസാനിപ്പിക്കുക ചോദ്യത്തിനുള്ള ഉത്തരത്തിലായിരിക്കില്ല. :-)

അങ്ങിനെ ഒരു ദിവസം വളരെ അപ്രതീക്ഷിതമായ് ആ ചോദ്യമുണ്ടായി:
 എന്തിനാണ്‌ എപ്പോഴും സ്നേഹത്തെക്കുറിച്ച് പറയുന്നതെന്ന്;
ഇത്രയേറെ ആവർത്തിക്കാൻ അതിലെന്താണെന്ന്?

എന്നിട്ട് ഒരു ഭൂപടമെടുത്ത് വെച്ച്,
ഈയൊരു നിമിഷം മാത്രം നോക്കിയാൽ;
എവിടെയെല്ലാം കലാപങ്ങളുണ്ടാകുന്നെന്ന്,
ആരെല്ലാം പരസ്പരം ആക്രമിക്കുന്നുണ്ടെന്ന്,
ആരെല്ലാം ഇരയും വേട്ടക്കാരനും ആകുന്നുണ്ടെന്ന്,
ആരെല്ലാം മറവ് ചെയ്യപ്പെടുന്നുണ്ടെന്ന്
ആലോചിയ്ക്കാൻ പറഞ്ഞു.

വീടില്ലാതാകുന്നവർ,
വഴക്കു കൂടുന്നവർ,
വിശക്കുന്നവർ,
വിയർപ്പൊഴുക്കുന്നവർ എന്നിങ്ങനെ
ലോകം പലതായ് മാറിപ്പോകുന്നില്ലേ
പലനിറങ്ങളായ് ചിതറിപ്പോകുന്നില്ലേ
എന്ന് ആവർത്തിച്ചു ചോദിച്ചു.

' വ്രണങ്ങളെ മുറിവുകൾ കൊണ്ട് ഉണക്കാൻ കഴിയില്ലെന്ന' ഒരു വാചകം എനിയ്ക്ക് മനസ്സിൽ തോന്നി;
സ്നേഹമില്ലെന്ന് തോന്നുമ്പോഴല്ലേ അതിനെക്കുറിച്ച് കൂടുതലായ് പറയേണ്ടത്.
അതിനെ പൂർണ്ണമാക്കുന്ന നിസ്വാർത്ഥതയെക്കുറിച്ച് ചിന്തിക്കേണ്ടത്?

'മേല്ക്കൂരയില്ലാത്തിടങ്ങളും സ്നേഹം കൊണ്ട് വീടുകളായ് മാറുന്നുവെന്നും.' ഞാൻ ഓർത്തു.

വിദ്വേഷത്തിന്റെ
നിരാശയുടെ
ധാർഷ്ട്യത്തിന്റെ ഭാവം വിട്ട്;
സ്നേഹത്തിന്റെ വാക്കുകൾ, പങ്കുവയ്ക്കലുകൾ നല്കിക്കൂടേ എന്ന് ആലോചിച്ചു പോയി.
എന്റെ മനസ്സ് പതിവിലുമേറേ ശാന്തമായിരുന്നു.
ആരുടേയോ പ്രാർത്ഥന അനുഭവിയ്ക്കുകയായിരുന്നിരിക്കണം ഞാൻ;
ഒരു ധ്യാനത്തിന്റെ, തപസ്സിന്റെ ഭാഗമാകുന്നതുപോലെ.


ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഞങ്ങൾ.
നഗരം ഉറങ്ങിത്തുടങ്ങിയ സമയം.
തണുത്തു തുടങ്ങിയ നിലാവ്‌.
വിരലുകൾ കോർത്ത് പിടിച്ചു ഞങ്ങൾ-
ഒരിയ്ക്കൽ സ്നേഹിതരായിരുന്നവർ.

പ്രണയത്താൽ കാറ്റും കോളും വർഷിച്ചവർ.
പ്രണയത്താൽ കരയായും കടലായും മാറിപ്പോകുന്നവർ.
പ്രണയത്തിന്റെ കണ്ണുകൾ കൊണ്ട്
മുളപൊട്ടിയ വിത്തുകളിൽ പോലും ഘോരവനങ്ങൾ കണ്ടവർ.
പ്രണയത്തിന്റെ വിരൽത്തുമ്പാൽ തൊട്ട്
മൺതരിയിലെ മരുഭൂമികൾ താണ്ടിയവർ.
മഞ്ഞുതുള്ളിയ്ക്കുള്ളിൽ ഹിമാലയമായ് ധ്യാനിച്ചിരുന്നവർ.

അത്ര ഭീകരായിരുന്നു ഞങ്ങൾ. :-)


ആ ഞങ്ങളിലൊരാളാണ്‌
'ഇത്ര തീവ്രമായ് പരസ്പരം ആഗ്രഹിക്കാൻ
എന്ത് ആകർഷണമാണനുഭവിച്ചത് 'എന്ന് ചോദിച്ചത്.
'കാത്തുകാത്ത്
ഒന്ന് കണ്ടുമുട്ടുന്നതു വരെ
ഒന്ന് ചേർത്തുപിടിയ്ക്കുന്നത് വരെ
ഒരിയ്ക്കലും പിരിഞ്ഞു പോകില്ലെന്നുറപ്പിച്ച്
ഒന്നാകുന്നതു വരെ;
അതുകഴിഞ്ഞാൽ പിന്നെ,
അടുത്തതെന്തെന്നറിയാതെ
രണ്ടുവാക്കുകളുടെ വൻകരകളിൽ
മൗനത്താൽ ചുറ്റപ്പെട്ട്
അന്യോന്യം നോക്കിയിരിക്കുന്ന
ഒരുപക്ഷേ അകന്നു പോയേക്കാവുന്ന
അനേകമനേകം പേരിൽ ഒരാളായ് പോകില്ലേ?'
 എന്ന് ചോദിക്കുന്നത്.

ശാന്തമായിരുന്നു എന്റെയുള്ളം.
അലകളൊടുങ്ങിയത്.
അതുകൊണ്ടാണ്‌ പതിവിനു വിപരീതമായ് ഞാൻ മറുപടികളുടെ ഊഴമെടുത്തത്.

അവസാനത്തെ മാസത്തിന്റെ പാതി പിന്നിട്ട രാത്രി, അത്രയും മനോഹരമായിരുന്നു .
തുടർച്ചകളുടെ തുടക്കമെന്ന് അടയാളപ്പെടുത്താനുള്ള ദിവസത്തിലേക്ക് എത്താറായിരിക്കുന്നു.

എനിക്ക് മറുപടി പറയാൻ കഴിഞ്ഞു.
ഒരോരുത്തരും അവരനുഭവിച്ച സ്നേഹത്തെക്കുറിച്ചാണ്‌ പറയുന്നത്.
എല്ലാവരിലും അതേ സ്നേഹമാണെന്ന് കരുതിപ്പോകുന്നത്.
അതിലവർക്ക് കിട്ടിയ മുറിവുകളെയും സ്നേഹചുംബനങ്ങളെയും ചേർത്തുവയ്ക്കുന്നു.
ആ മുൻധാരണകളോടെ എല്ലാ ബന്ധങ്ങളിലും ഇടപെടുന്നു.

സ്നേഹത്തെക്കുറിച്ചുള്ള വാചകങ്ങൾ ആവർത്തനങ്ങളായ് തോന്നിപ്പോകുന്നുവെങ്കിൽ
പലരും ഉപയോഗിച്ചുപയോഗിച്ച് പുതുമയില്ലാതായ് പ്പോയെന്ന് ഉറപ്പിച്ചുവെങ്കിൽ
വ്യാജമായ ഒന്നായി നിങ്ങളുടെ ഉള്ളിലത് മാറിപ്പോയി എങ്കിൽ
മുറിവുകളെയാണ്‌
മുഖം മൂടികളെയാണ്‌
 സ്നേഹമെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നത് .
:-(

അങ്ങനെയെങ്കിൽ
നമുക്ക് പ്രാചീനരാകാം.
കഥകളിൽ നിന്ന് കഥകളിലേക്കെന്ന് പിന്നോട്ട് നടക്കാം
എല്ലാം നമ്മളിൽ തുടങ്ങുന്നുവെന്ന് ആദ്യത്തെ കോശമാവാം.

പ്രപഞ്ചത്തിലെ ആദ്യത്തെ കഥയാണ്‌ നാം പറയാൻ പോകുന്നതെന്ന ഉറപ്പിൽ
സ്നേഹത്തിന്റെ പൂർണ്ണതകളെക്കുറിച്ച് നല്ല കഥകൾ കൈമാറാം;നമ്മിലാവട്ടെ തുടക്കം.
:-)

'സ്നേഹത്തെക്കുറിച്ച് ഇത്രയേറേ തത്വങ്ങൾ നാം തമ്മിൽ പങ്കുവയ്ക്കുന്നു എങ്കിൽ എവിടെയോ അതിന്റെ കുറവ് നമ്മളനുഭവിയ്ക്കുന്നുണ്ട് എന്നർത്ഥമാവില്ലേ?
പരസ്പരം വിശദീകരിക്കേണ്ടതായ് അത് മാറുമ്പോൾ നമുക്കു തന്നെ വ്യക്തതയില്ലാത്ത ഒന്നാണതെന്നാവില്ലേ?' വീണ്ടും ചോദ്യം.

എന്തിനാണെപ്പോഴും സ്നേഹത്തെക്കുറിച്ച് പറയുന്നത് എന്നല്ലേ.
അത് ഒരു ഓർമ്മപ്പെടുത്തലാണ്‌.
അവനവനിൽ തന്നെയുള്ള നന്മകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.

സ്നേഹം ഒരു പങ്കുവയ്ക്കലാണ്‌.
ചിലർക്ക് സ്നേഹം ആജ്ഞകളും അനുസരണയും മാത്രമാണ്‌.
ചിലർക്ക് കണ്ടുമുട്ടലും
കാത്തിരിപ്പുമാണ്‌.
ചിലർക്കൊക്കെ അന്യഗ്രഹജീവികളുടെ ഭാഷയുമാണ്‌.
:-)

ഞങ്ങൾ സുഹൃത്തുക്കളെക്കുറിച്ച് ഓർത്തു.
ഒരാൾക്ക്, “ തന്നെ അമ്മയാക്കിയവനോടുള്ള സ്നേഹമാണ്‌. കുട്ടികൾ ഇടനിലക്കാരായ് വർത്തിക്കുന്ന വളരെ പ്രായോഗികമായ ഒത്തുപോകൽ.”
ചിലർക്ക്, “ ഞങ്ങൾക്കിടയിൽ സ്നേഹമുണ്ടെന്ന് തോന്നുന്നു.”
മറ്റൊരാൾക്ക്, “ എന്റെ കൈകളിൽ പിടിച്ച് ഒരിയ്ക്കലും എന്നെ ഉപേക്ഷിച്ചു പോകല്ലേ എന്ന് ആദ്യമായ് കേണ ഒരാളോടുള്ള ദയയാണത്..പല കലഹങ്ങൾക്കൊടുവിലും ഈ വാചകം ഓർത്തെടുത്ത് ആവർത്തിയ്ക്കുന്ന ഒന്നായിരിക്കുന്നു ജീവിതം.”

“നിനക്ക്?” എന്റെ കൂട്ടുകാരൻ ചോദിച്ചു.

വേണമെങ്കിൽ അവനെ ഈ നിമിഷമൊന്ന് കെട്ടിപ്പിടിക്കാം;
വേണമെങ്കിൽ എന്നല്ല വേണം ;-)
ഒരുപാട് മറുപടികൾക്ക് പകരമാകുമത്.

ഞങ്ങളിലൊരാൾ ഭൂഖണ്ഡങ്ങളിലൊന്നായ് മാറിപ്പോകുന്നു;
മറ്റേയാളതിനെ വലയം ചെയ്ത മഹാസമുദ്രവും.
ആ നിമിഷത്തിലൊരു കവിത ഓർത്തുപോകുന്നു;
അത് ജീവിതമാകുന്നു.
:-)
 നമുക്ക്
നമ്മളായ് തോന്നുന്ന ചിലരെ
ചേർത്ത് പിടിയ്കാൻ
നാം എടുക്കുന്ന തീരുമാനമാണ് ജീവിതം. 

സ്നേഹിക്കുക എന്നത് ഒരു ശീലമാണ്‌.
ആ ശീലത്തിനൊടുവിൽ
സ്നേഹിക്കപ്പെടുന്നത് നമ്മെ കിരീടമണിയ്ക്കുകയില്ല;
സ്നേഹഭംഗങ്ങൾ നമ്മിൽ വ്രണമാകുകയുമില്ല.

എല്ലാദിവസവും സ്നേഹം നിറഞ്ഞ വാക്കുകൾ എഴുതിവെച്ച ഒരു നോട്ട്പുസ്തകം;
നന്മകളുടെ മഷിപുരണ്ട തെളിച്ചമുള്ള അക്കങ്ങൾ അടയാളപ്പെടുത്തിയ ഒരു കലണ്ടർ;
പങ്കുവയ്ക്കാൻ അനന്തമായ സമയമുള്ള  ഒരു ഘടികാരം -
ഇതൊക്കെയായ് മാറിപ്പോകുന്നു നമ്മൾ.
:-)

നീ അനുഭവിച്ച സ്നേഹത്തെക്കുറിച്ചാണ്‌ നീ പറയാൻ പോകുന്നത്.
നീ അന്വേഷിച്ച സ്നേഹത്തെയാണ്‌ നീ കണ്ടുമുട്ടാനൊരുങ്ങുന്നത്.
എന്നാൽ
നീ അനുഭവിച്ച സ്നേഹഭംഗങ്ങൾക്ക് പകരം സ്നേഹം കൊടുക്കുവാനൊരുങ്ങുമ്പോൾ
നിന്നെ തിരഞ്ഞെത്തിയ സ്നേഹത്തെ തന്നിലേക്കെന്ന് ചേർത്തു നിർത്തുമ്പോൾ
അത് ദൈവികമാകുന്നു.

ദൈവം സ്നേഹത്തിന്റെ ഇടനിലക്കാരനാണ്‌;
കൗശലങ്ങളുടേതല്ല.
വിലപേശി ഉറപ്പിക്കാൻ ഒരു കച്ചവടവും ദൈവം ചെയ്യുന്നില്ല.
നിന്റെയുള്ളിലെ സ്നേഹം,
നീ പങ്കുവയ്ക്കുന്ന സ്നേഹവാചകങ്ങൾ
നിന്നെ ദൈവമാക്കുന്നു.
നിന്നിലെ മുറിവുകൾ മാഞ്ഞു പോകുന്നു.
മുഖം മൂടികളഴിഞ്ഞ്
എല്ലായിടവും തെളിവായ് കാണുന്നു.

“ എന്നാലിവിടെയിതാ രണ്ട് ദൈവങ്ങൾ,” എന്റെ കൂട്ടുകാരൻ ചിരിച്ചു:
“ നഗരമുറങ്ങുന്ന നേരം നോക്കി അലസരായ് നടക്കാനിറങ്ങുന്നു. അവരെ കടുങ്കാപ്പിയും ചോക്ലേറ്റും മണക്കുന്നു."

:-) :-)


( ഇന്നല്ല;
എപ്പോഴോ എഴുതിയത് :-D)

No comments:

Post a Comment