Thursday, March 8, 2018

സഖി

തീവ്രമായ പ്രണയം.
കടുത്ത പനി.

ഇതിലാദ്യം വന്നത് ഏതാണെന്നറിയില്ല; ഉണർന്നപ്പോൾ രണ്ടും ഉണ്ടായിരുന്നു.
രണ്ടിനും മുൻപേ വന്നത് നൈനയുടെ മെസ്സെജ്.
അതിൽ നൈന ചോദിയ്ക്കുന്നു:
"പ്രിയപ്പെട്ടവളേ!  എന്റെയൊപ്പം കുറച്ചു ദിവസങ്ങൾ, കുറച്ചധികം ദിവസങ്ങൾ ഒന്നിച്ചു താമസിയ്ക്കാൻ നിനക്ക് സൗകര്യമുണ്ടാകുമോ?" എന്ന്!
അവളുടെ ഗർഭകാലത്തിലേക്കാണ് നൈന, അമലയെ ക്ഷണിച്ചത്. തമ്മിൽ കണ്ടിട്ട് അഞ്ചു വർഷങ്ങൾ ആയി.

അമല ആ സന്ദേശം ഒരിയ്ക്കൽ കൂടി വായിച്ചു; പ്രിയപ്പെട്ടവളേ എന്ന വാക്ക് ഒന്നിലേറെത്തവണയും. ആ വിളിയ്ക്ക് അവളിൽ പ്രണയവും പനിയും പടർത്താനുള്ള തീയുണ്ട്. അവൾക്ക് മാത്രമേ അതിന്റെ ചൂട് അറിയൂ!

ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടണം!
ആ നേരം അമലയ്ക്ക് തോന്നി.
ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടണം എന്നാൽ
പരാതികളില്ലാത്ത ഒരുവളുടെ മടിയിൽ പകൽ കണ്ട് കിടക്കുക എന്ന്!
ഹോസ്റ്റൽ മുറിയിൽ അങ്ങനെ കിടന്നിട്ടുണ്ട്. അതിന്റെ ഓർമ്മകളുണ്ട്, എല്ലാ സൂക്ഷ്മാംശങ്ങളും കലർന്നത്. പ്രിയപ്പെട്ട ഓർമ്മകൾ എന്ന് പറയുമ്പോൾ അമലയ്ക്ക് അതെല്ലാം നൈന കലർന്ന ഓർമ്മകളാണ്; കടലിൽ ഉപ്പെന്ന പോലെ. കടുത്ത പനിയും പ്രണയവും ഒന്നിച്ചു വന്നാൽ, കഥകൾ പറയാൻ അടുത്താരും ഇല്ലാത്തവർ ചെന്ന് കടൽക്കരയിൽ ഇരിയ്ക്കണം.

അന്ന് അമല കടൽക്കരയിൽ വന്നിരുന്നത് നൈനയുടെ അടുക്കലേക്ക് പോകില്ല എന്ന് തീരുമാനിച്ചാണ്; അവിടെ നിന്നു മടങ്ങിയത് പക്ഷേ ഏറ്റവും ആദ്യത്തെ ട്രെയിനിൽ നൈനയുടെ അടുത്തെത്തുക എന്നുറപ്പിച്ചും. അമലയ്ക്ക് നൈന അങ്ങനെയാണ്; ഒരു തിരയെന്നപോലെ, ഓർമ്മപ്രവാഹങ്ങൾ അയച്ച് അവളുടെ അടുക്കലേക്ക് കൊണ്ട് പോയ്ക്കളയും- ചില അരുതുകളുടെ പൂഴിമണ്ണിൽ എത്ര ആഴത്തിൽ ആണ്ടുകിടന്നാലും!

അതിനടുത്ത രാത്രിയിൽ, തീവണ്ടിയിൽ ഉറങ്ങാതെ കിടന്ന്, എന്തെല്ലാം ഓർക്കരുതെന്ന് കൃത്യമായ് ഓർമ്മിച്ച്, നേരം പുലർന്നപ്പോഴേ നൈനയുടെ നഗരത്തിൽ വന്നിറങ്ങി, അവൾക്കിഷ്ടപ്പെട്ടത് എന്തെങ്കിലും സമ്മാനമായി വാങ്ങണമല്ലോ എന്ന് ആലോചിച്ചുറപ്പിച്ച്, അതിന് വേണ്ടി പകൽ മുഴുവൻ നഗരത്തിൽ ചുറ്റിക്കറങ്ങി, അഞ്ചു വർഷങ്ങൾ കഴിഞ്ഞില്ലേ അവളുടെ ജീവിതം തന്നെ മാറിയിട്ടുണ്ടാവില്ലേ, ഇഷ്ടങ്ങൾ മാറിയിട്ടുണ്ടാവില്ലേ എന്ന് സ്വയം വിശ്വസിപ്പിച്ച്, ഒന്നും വാങ്ങിക്കാതെ, ഒരു ടാക്സി പിടിച്ച്, കാത്തുകിടന്ന ഓരോ ട്രാഫിക് ബ്ളോക്കിലും ഇനിയും നേരം വൈകണേ, ഇനിയും നേരം വൈകണേ എന്ന് പ്രാർത്ഥിച്ച്,  നേരം ഇരുട്ടിത്തുടങ്ങിയപ്പോഴാണ് അമല നൈനയുടെ വീട്ടിനടുത്തെത്തിയത്. നൈനയെ അറിയിക്കാതെ വന്നതല്ലേ, മടങ്ങിപ്പോയാലെന്തെന്ന് പക്ഷേ, അപ്പോഴും അമല ചിന്തിച്ചു കൊണ്ടിരുന്നു.

നൈനയുടെ വീട് നിൽക്കുന്ന ആ ലെ ഔട്ട്,  ആദ്യം കാണുകയാണെങ്കിലും അവൾക്ക്  വളരെ പരിചിതമായിരുന്നു. പലവട്ടം കണ്ടതെന്ന പോലെ- അവിടത്തെ വൃത്തിയുള്ള റോഡരികുകൾ, പന്തലിച്ചു നിൽക്കുന്ന മരങ്ങൾ, അടുപ്പിച്ചടുപ്പിച്ച് കൈകൾ ചേർത്ത് നിൽക്കുന്നത് പോലെയുള്ള വീടുകൾ, മതിലുകളിൽ പടർന്നു കയറിയ വള്ളിത്തലപ്പുകൾ. ഇരുട്ടിലേക്ക് നിഴലുകൾ ചേർന്ന മഞ്ഞ നിറം നിറച്ച വഴിവിളക്കുകൾ, അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ. അവളുടെ അപരിചിതത്വത്തോട് അവയൊന്നുറക്കെ കുരച്ചത് പോലുമില്ല.

അമലയെ അവിടെ കൊണ്ട് വിട്ട ടാക്സിഡ്രൈവർ, യാത്ര നീളെ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഓരോ ട്രാഫിക് ബ്ളോക്കിലും അതിന് ചുറ്റുമുള്ള ആരാധനാലയങ്ങളെക്കുറിച്ച്, നല്ല ഭക്ഷണശാലകളെക്കുറിച്ച്, പ്രത്യേകതയുള്ള ചില ആളുകളെക്കുറിച്ച് അയാളിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അതൊരു ആശ്വാസമായിരുന്നു. അതുകൊണ്ട്  അവൾ അതെല്ലാം മൂളിക്കേൾക്കുകയും ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിയ്ക്കുകയും ചെയ്തു. ചിലപ്പോൾ അവൾക്ക് തോന്നാറുണ്ട് അപരിചിതരാണ് അവളോട് കൂടുതൽ സംസാരിയ്ക്കാറുള്ളത് എന്ന്, പരിചയപ്പെടുന്തോറും ആളുകൾക്ക് അവളോട് പറയാൻ ഒന്നുമില്ലാതാകുന്നു.

അയാൾ പറഞ്ഞതനുസരിച്ച്, നൈനയുടെ വീട്ടിൽ നിന്ന് കുറച്ചു ദൂരം മുൻപിലേക്ക് നടന്നാൽ ബസ്റ്റാന്റാണ്, അതിൻെറ മുന്നിൽ തന്നെ ഒരു ഹൈപ്പർ മാർക്കറ്റും ഉണ്ട്. അവിടെ നിന്നും കുറച്ചു ദൂരം മുൻപിലേക്ക് നടന്നാൽ ലേക്ക് ടെമ്പിൾ അടുത്താണ്. ആ വഴിയിലൂടെയും ഹനുമാൻ കോവിലിലേക്ക് പോകാം. ഒരു ചെറിയ കുന്നിന്റെ മുകളിൽ. ഹനുമാൻ സ്വാമിയ്ക്ക് വെറ്റില മാല സമർപ്പിയ്‌ക്കണം എന്നുണ്ടെങ്കിൽ ഇവിടുന്നേ വാങ്ങണം. അതിനടുത്ത് കടകളൊന്നുമില്ല. ഒരിയ്ക്കൽ പോകണം. അത്ര വിശേഷപ്പെട്ട ഇടമാണ്. എങ്കിലും എന്തുകൊണ്ടോ അവിടെ ആളുകൾ എത്തിപ്പെടാറില്ല. അയാൾ ഒരു തവണ പോയിട്ടുണ്ട്. ചില സങ്കടങ്ങൾ തീർന്നു കിട്ടാനുണ്ടായിരുന്നു.

അതോർത്തുകൊണ്ട് അമല ബസ്റ്റാന്റിനടുത്തേയ്ക്ക് നടന്നു. മറ്റൊരു നേരത്തും കാണാൻ കിട്ടാത്ത ഒരു ചന്തമുണ്ട് സന്ധ്യ കഴിയുമ്പോൾ ആളുകളുടെ തിരക്കിന്. ആരെയൊക്കെയോ കാത്തിരിയ്ക്കുന്നുണ്ടെന്ന്, എവിടെയൊക്കെയോ നേരം വൈകാതെ ചെന്നെത്താനുണ്ടെന്ന് ഓർമ്മിപ്പിയ്ക്കുന്ന വേഗത്തിലുള്ള നടത്തം. അതേ തിരക്കാണ് ചെറുവില്പനക്കാരുടെ ഇടയിലും, വാങ്ങുന്നവരുടെ ഇടയിലും. രണ്ട് കൂട്ടർക്കും തിരിച്ചു പോകേണ്ടതുണ്ട്.

ദൂരെ ബസ്സുകൾ നിർത്തിയിട്ടിരിക്കുന്ന ഇടം കാണാറായപ്പോൾ അമല തിരിച്ചു നടന്നു. ആ വഴിയ്ക്ക് ഒരു ചെറിയ കോവിലുണ്ട്. ഒരു പൂജാമുറിയുടെ അത്രയും വലുപ്പമേയുള്ളൂ. ഗണപതിയായിരുന്നു പ്രതിഷ്ഠ. വലിയ വിഗ്രഹം. ഒരാൾ വലുപ്പത്തിൽ. നല്ല കരയുള്ള വെളുത്ത മുണ്ട് ഉടുപ്പിക്കുകയും പൂക്കളും ചന്ദനവും അണിയിക്കുകയും ചെയ്തിരുന്നു വിഗ്രഹത്തിൽ. ഭഗവാനും പൂജാരിയും ഒരേ പ്രായത്തിലുള്ള സുഹൃത്തുക്കളെപ്പോലെ തോന്നി. ഇരുവരും ഒരു യാത്ര കഴിഞ്ഞ് ഇപ്പോൾ വന്ന് കയറിയത് പോലെ. പൂജാരിയുടെ കുടയും തോൽസഞ്ചിയും പോലും ശ്രീകോവിലിന് അകത്ത് ഉണ്ടായിരുന്നു. പൂജാരി അവൾക്ക് പൂവും പഴവും പ്രസാദവും കൊടുത്തു, അതിഥിയെ എന്ന പോലെ സ്വീകരിച്ചു. ദൈവം കന്നടത്തിലും അവൾ മലയാളത്തിലും സംസാരിച്ചു. രണ്ട് പേർക്കും ഹൃദയം നിറഞ്ഞു.

പതുക്കെ പതുക്കെ ആളുകൾ ഒഴിഞ്ഞ് തുടങ്ങിയപ്പോൾ, ഒടുക്കം ദൈവത്തിന്റെയും കൂട്ടുകാരന്റെയും ഇടയിൽ താൻ മാത്രമേയുള്ളൂ എന്നൊരു തോന്നലുണ്ടായപ്പോൾ അമല, വീട്ടിലേയ്ക്ക്, നൈനയുടെ വീട്ടിലേക്ക്, മടങ്ങാമെന്നുറച്ചു.

വാതിൽ തുറന്നത് ജിതേൻ ആണ്. അയാളോടെന്തോ പണ്ട് മുതലേ ഒരിഷ്ടക്കേടുണ്ട് അവൾക്ക്. ആ അനിഷ്ടം അയാളോടല്ല, പകരം അയാൾ കൈകളിൽ പിടിച്ച ലഹരി നിറച്ച ഗ്ലാസ്സിനും അയാളെ ചുറ്റിനിന്ന ഗന്ധത്തോടുമാണ് എന്ന ഭാവം വരുത്തി അമല സ്വയം പരിചയപ്പെടുത്തി.

"വരുമെന്ന് നൈന പറഞ്ഞെങ്കിലും ഇന്ന് എത്തുമെന്ന് പറഞ്ഞില്ല." ജിതേൻ സംസാരിച്ചു തുടങ്ങി:
"കഴിഞ്ഞ തവണത്തെ പോലെ ഒരു ആയയെ നിർത്താം സഹായത്തിന് എന്ന് ഞാൻ പറഞ്ഞതാ.. അവൾക്ക് അവളുടെ കൂട്ടുകാരി തന്നെ വേണം.. "
അയാൾ ഉറക്കെ ചിരിച്ചു:
"ഗർഭിണികളുടെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച്ചു കൊടുക്കണം എന്നല്ലേ!"
"നൈന?"
"നേഹയെ ഉറക്കുന്നു .... അവളെ നേരത്തെ ഉറക്കും ... പ്ളേ സ്‌കൂളിൽ പോവുന്നുണ്ടല്ലോ .. അമല, ഒന്ന് ഫ്രഷ് ആകൂ.. അപ്പോഴേയ്ക്കും നൈന വരും..  എന്നിട്ട് ഒന്നിച്ച് ഡിന്നർ കഴിയ്ക്കാം.."
ജിതേൻ അമലയ്ക്ക് മുറി കാണിച്ചു കൊടുത്തു.

അത്താഴം വിളമ്പുമ്പോഴും നൈന വളരെ കുറച്ചു മാത്രമേ സംസാരിച്ചുള്ളൂ; അമലയും. ജിതേൻ ആണ് നിർത്താതെ ശബ്ദമുണ്ടാക്കിയത്. അയാൾ ഗ്ലാസ്സ് ഉയർത്തി ചിയേഴ്സ് പറഞ്ഞു. നിരത്തി വെച്ച വിഭവങ്ങൾ പരിചയപ്പെടുത്തി:
"ഹൃദയം കറിവെച്ചത്.. കരൾ കുരുമുളകും ജീരകവും ചേർത്ത് വറുത്തത്..നേർത്ത പത്തിരി..  അമല, ഓർഗൻ മീറ്റ് കഴിക്കുമല്ലോ ല്ലേ ?! "
"ഇല്ല .." അമല പറഞ്ഞു. "ഞാൻ വെജിറ്റേറിയൻ ആണ്."
"ഇതാ അടുത്ത വെജിറ്റേറിയൻ! നീ എന്താ കഴിക്കുന്നത്?" അയാൾ നൈനയുടെ പാത്രത്തിലേക്ക് നോക്കി: "ഓ! തക്കാളി ചട്ണി!! അമല വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും കാര്യമായ് ഉണ്ടക്കാമായിരുന്നു ല്ലേ?! "
അയാൾ അങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. നൈനയെക്കൊണ്ട് പലവട്ടം വിളമ്പിയ്ക്കുകയും ധാരാളം കഴിയ്ക്കുകയും ചെയ്തു. അയാളാണോ അയാളിലെ ലഹരിയാണോ  അങ്ങനെ പെരുമാറിയത് എന്ന് അമലയ്ക്ക് മനസ്സിലായില്ല. അത് മാത്രമല്ല; ആഹാരത്തിന്റെ ഗന്ധം പോലും അവൾക്ക് അസഹനീയമായി തോന്നി. ഒരിയ്ക്കലും ഇവിടേയ്ക്ക് വരരുതായിരുന്നു. അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു.

ഉറങ്ങാൻ കിടക്കുമ്പോൾ, കേൾക്കരുതെന്ന് ആഗ്രഹിച്ചിട്ടും ചുവരിനപ്പുറത്ത് നിന്ന് ഉയർന്നു വന്ന ശബ്ദം അവൾ കേട്ടു.
"ഇത്ര കുടിച്ചിട്ട് എന്നെ തൊടരുത് എന്ന് പറഞ്ഞിട്ടില്ലേ?"
"തൊട്ടാൽ?!"
"തൊട്ടാൽ ഒന്നുമില്ല.. നിങ്ങളോടും എന്നോടുമുള്ള വെറുപ്പ് കുറച്ചു കൂടി കൂടും.. മറ്റൊന്നും ഇല്ല.."

ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടണം! 
ആ നേരം അമലയ്ക്ക് തോന്നി.
ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടണം എന്നാൽ അത് തനിക്ക് പ്രിയപ്പെട്ട ഒരുവൾ, ഇല്ലാത്ത ഒരു നിസ്സഹായത ഉണ്ടെന്ന് സ്വയം വിശ്വസിച്ച് അവളെത്തന്നെ എറിഞ്ഞുടയ്ക്കുന്നത് കണ്ട് നിൽക്കേണ്ടി വരിക എന്നല്ല!

പിറ്റേന്ന് പകൽ വളരെ വൈകിയാണ് അമല എഴുന്നേറ്റത്. വൈകി എന്ന് പറയുമ്പോൾ ജിതേൻ ഓഫീസിലേക്കും  നേഹ പ്ളേ സ്‌കൂളിലേക്കും പോയിക്കഴിഞ്ഞ്. ഉണർന്നു വരുമ്പോൾ നൈന വെയിൽ കാഞ്ഞു നിൽക്കുകയായിരുന്നു, ഗെയ്റ്റിനടുത്ത്, പടർന്ന് നിൽക്കുന്ന വള്ളിത്തലപ്പുകൾക്കിടയിലൂടെ വെയിൽ, ഉയർന്നു നിന്ന വയറ്റിലേക്ക് ചാഞ്ഞു വീഴുന്ന വണ്ണം, ഒലീവ് പച്ച കുർത്തിയുടെ താഴത്തെ ബട്ടണുകൾ തുറന്നിട്ട്. മുടി ഉയരത്തിൽ കെട്ടി വെച്ച്. കഴുത്തിലണിഞ്ഞ സ്ഫടികമാലയിൽ തട്ടിത്തെറിച്ച നിറങ്ങൾ കവിളിലണിഞ്ഞ്. വളരെ അലസമായി, എന്നാൽ ഏറ്റവും ഭംഗിയോടെ.

ഒരു സ്ത്രീയെ സ്നേഹിയ്ക്കണം!
ആ നേരം അമലയ്ക്ക് തോന്നി.
ഒരു സ്ത്രീയെ സ്നേഹിയ്ക്കണം  എന്നാൽ അവളെ കണ്ട് കൊണ്ട് സമയം പോകുന്നതറിയാതെ നിൽക്കുക എന്നതാണ്. അവൾ ഉദരത്തിൽ വഹിയ്ക്കുന്ന കുഞ്ഞിനെ വെയിൽ വിരലുകൾ കൊണ്ട് തൊട്ട് നോക്കുക എന്നതാണ്.. അതിന്റെ ചെറു അനക്കങ്ങളിൽ മോഹം പിടഞ്ഞു പോവുക എന്നതാണ്.

അത്രയും ആഗ്രഹങ്ങളെ ചേർത്ത് ഒരു ഫോട്ടോയിലാക്കി അവളെ കാണിച്ചപ്പോൾ, നൈന ചോദിച്ചു:
"എനിയ്ക്ക് ഇത്രേം ഭംഗീണ്ടോ? ഇതെന്റെ പ്രൊഫൈൽ പിക്ച്ചർ ആക്കിയാൽ എങ്ങനെയിരിക്കും?"
അതായിരുന്നു അവരുടെ സംഭാഷണങ്ങളുടെ തുടക്കം.
പിന്നീട് നിർത്താതെ നിർത്താതെ പറഞ്ഞ വിശേഷങ്ങൾക്കിടയിൽ നൈന, അമലയെ ഓർമ്മിപ്പിച്ചു:
"നീയിപ്പോ ഒട്ടും സംസാരിയ്ക്കുന്നില്ലല്ലോ അമ്മൂ.."
"ഞാൻ മുൻപും ഇങ്ങനെത്തന്നെ ആയിരുന്നു.. നീ വർത്തമാനം പറഞ്ഞു തുടങ്ങിയതാ ബാക്കി ആർക്കെങ്കിലും സംസാരിയ്ക്കാനുണ്ടോ എന്ന് ശ്രദ്ധിയ്ക്കാറുണ്ടായിരുന്നില്ലല്ലോ."

അമല അവളെ കേട്ടിരുന്നു.
ഒരു സ്ത്രീയെ സ്നേഹിയ്ക്കുക എന്നാൽ അവൾക്ക് നമ്മോട് മാത്രമായ് പറയാൻ ചില വിശേഷങ്ങൾ ഉണ്ടാവുക എന്നതാണ്; ആ വർത്തമാനം പറഞ്ഞവസാനിപ്പിയ്ക്കാൻ അവൾ മറന്നു പോവുക എന്നതാണ്. അവൾ സ്വകാര്യമായ് വയ്ക്കണം എന്നാഗ്രഹിയ്ക്കുന്ന കാര്യങ്ങൾ നമുക്ക് പോലും വീണ്ടെടുക്കാൻ കഴിയാതെ നമ്മിൽ നിന്ന് തന്നെ മാഞ്ഞുപോവുക എന്നാണ്!

"എത്ര കാലായ് ഒരേ പിക്ച്ചര്? ഈ തവിട്ട് പുള്ളികളുള്ള പിങ്ക് തവള!"
അതിനിടയിൽ അമലയുടെ പ്രൊഫൈൽ പിക്ച്ചറിൽ നോക്കി, നൈന ചോദിച്ചു:
" .. എന്തിനാ ഇത് തന്നെ ?"
"ഇത് ഗാബിയാണ് " അമല പറഞ്ഞു:
"റിയോ -ടുവിലെ.. ആനിമേഷൻ മൂവി ല്ലേ? അത്.. ഗാബി ഒരു വിഷത്തവളയാണ്.. ആ മൂവിയിലെ വില്ലൻ പക്ഷിയുടെ കാമുകി.. പക്ഷേ വിഷത്തവള ആയതുകൊണ്ട് ഗാബി അതിന് ഇഷ്ടം തോന്നുന്ന ആരേയും തൊടില്ല.. അതിന്റെ ശരീരത്തിൽ മുഴുവനും വിഷമാണ് ..ഈ വിഷം അതിലെ നായകൻ പക്ഷിയെ കൊല്ലാനായി കരുതി വെച്ചതാ ..അവസാനം നായകന് പകരം വില്ലൻ പക്ഷിയുടെ ഉള്ളിൽ അറിയാതെ ഈ വിഷം ചെല്ലും .. അപ്പൊ സങ്കടം സഹിക്കാതെ ഗാബിയും അതിന്റെ ശരീരത്തിൽ നിന്ന് വിഷം എടുത്ത് കഴിക്കും .. രണ്ടുപേർക്കും അപകടം ഒന്നും പറ്റില്ല.. അപ്പോ അതിലെ ഒരു ചെറിയ പക്ഷി പറയാണ്.. ഗാബി ഒരു വിഷത്തവള അല്ല; അത് ഒരു കോമൺ മിസ്റ്റേക്ക് ആണ് എന്ന് .. ആ സമയം ഗാബി പറയും:
 ' എന്റെ അച്ഛനമ്മമാർ എന്നെ വിശ്വസിപ്പിച്ചത് ഞാൻ ഒരു വിഷത്തവള ആണെന്നാണ്..അതുകൊണ്ട് ഇഷ്ടം തോന്നുന്നവരുടെ അടുത്തുനിന്നെല്ലാം  മാറിനിൽക്കണം എന്നാണ്.. '.
ആ നിമിഷം, ആ ഡയലോഗ് കേട്ടിരിക്കുമ്പോൾ എനിയ്ക്ക് തോന്നി ഞാനാണ് ഗാബി എന്ന്.. എന്നേയും വിശ്വസിപ്പിച്ചത് വിഷമുള്ള സ്നേഹമാണ് എന്റേതും എന്നാണ്.. "
"ഞാനും ഇങ്ങനെയാണോ തോന്നിപ്പിച്ചത് അമ്മൂ " നൈന പരിഭവിച്ചു.
"അല്ല.", അമല തലയാട്ടി.
പക്ഷേ നിന്നോടുള്ള എന്റെയിഷ്ടം എങ്ങനെയുള്ളതായിരുന്നു എന്ന് നീ അറിഞ്ഞാൽ നിനക്കും ഇങ്ങനെയേ തോന്നൂ... എപ്പോഴും എന്നപോലെ വാക്കുകൾ ഇടറിപ്പോകുന്ന ഒരു നീറ്റൽ അമല അനുഭവിച്ചു. അവൾക്ക് കരയാതിരിയ്ക്കാൻ കഴിഞ്ഞില്ല; നൈനയ്ക്കും!
അത്രയും സങ്കടങ്ങളുണ്ടായിരുന്നു. അത്രയും നിരാശകളും അപമാനങ്ങളും!

ഏറെ നേരം കരഞ്ഞ് , അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞ്, ഒരു പ്രളയത്തിനൊടുവിൽ, അവരന്യോന്യം ഒരു ചിരി തെളിച്ചു വെച്ചു.

ഒരു സ്ത്രീയെ സ്നേഹിയ്ക്കുക എന്നാൽ അവളെ ഒരു ചിരിയ്ക്കും കരച്ചിലിനുമിടയിലെ ദ്വീപുകളിലൊന്നിൽ  പാർക്കാൻ അനുവദിയ്ക്കുക എന്നതാണ്!
ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടുക എന്നാൽ അവളുടെ ചിരിമഴയിലും കണ്ണീരിലും നിശബ്ദം നനയുക എന്നതാണ്.
ഒരു സ്ത്രീയായ് സ്നേഹിയ്ക്കപ്പെടുക എന്നാൽ  കണ്ണീരിലും ചിരിയിലും നനഞ്ഞ മണ്ണായ് മാറുക എന്നതാണ്.

നൈന അമലയോട് പറഞ്ഞു:
"എനിയ്ക്ക് ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാൻ എപ്പോഴും തോന്നും.. പിന്നെ തനിച്ചായി പോകുമോ എന്ന് ഭയന്ന്.."
"തനിച്ചാകുന്നതിൽ ഭയപ്പെടാൻ ഒന്നുമില്ല.." അമല പറഞ്ഞു:"എന്നാലും ആരുമില്ല എന്ന തോന്നൽ സുഖം തരില്ല.."
"നീയില്ലേ ? അപ്പൊ ആരും ഇല്ലാതാകുന്നില്ലല്ലോ"

സ്നേഹിയ്ക്കപ്പെടുക എന്നാൽ ആ മിന്നൽ പിണരിനെ ഉടലിൽ വഹിയ്ക്കുക എന്നാണ്. ശ്വാസം അടക്കിപ്പിടിച്ചു പച്ചയ്ക്ക് നിന്ന് കത്തുക എന്ന് തന്നെയാണ്.
നേഹ പ്ളേ സ്‌കൂളിൽ നിന്ന് തിരിച്ചു വരുന്ന നേരത്തേക്ക് ഒരു ഒരു അലാറം സെറ്റ് ചെയ്തു വെച്ച് അവർ ഒന്നിച്ചു കിടന്നു. ഉറങ്ങിപ്പോകുമോ എന്നറിയാൻ കണ്ണിൽ നോക്കിക്കിടന്നു.
അതിനിടയിൽ ഓർത്തു:
 സ്വപ്നങ്ങൾ പങ്കിടാൻ കഴിയാത്തവരോടൊപ്പം
കിടക്ക പങ്കിടരുത്
ചിന്തകൾ പങ്കിടാൻ കഴിയാത്തവരോടൊപ്പം
ഊർജ്ജവും.
ഇതൊന്നും ഇല്ലാതെ പങ്കിടുന്നത് ജീവിതവുമല്ല!

നൈന ചോദിച്ചു:
"ഞാൻ വരട്ടേ? നമുക്ക് പോകാം?"
"പോകാം."
അമല പറഞ്ഞു. 

"പോകാം.. ദൂരെ ഒരിടത്തേക്ക് യാത്ര പോകാം നമുക്ക് ?.." നേഹ തിരിച്ചു വന്നപ്പോൾ നൈന അവളോടും പറഞ്ഞു. അവളുടെ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും എടുത്തു വെച്ചു. നൈനയ്ക്ക് യാത്രയ്ക്കായി കരുതാൻ അത് മാത്രമേയുള്ളൂ. ആ വീട്ടിൽ മറ്റൊന്നും അവളുടേതല്ല. 

ജിതേൻ വന്നപ്പോൾ കുറഞ്ഞ വാക്കുകളിൽ അവർ യാത്ര പറഞ്ഞു.
പിരിഞ്ഞു. 

പിന്നീടുള്ള ദിവസങ്ങളിൽ അമലയ്ക്ക് ,
ഒരു സ്ത്രീയെ സ്നേഹിയ്ക്കുക എന്നാൽ, 
അവളാഗ്രഹിയ്ക്കുന്ന ഒരു യാത്രയിൽ അവളോടോന്നിച്ചിരിക്കുക എന്നാണ്.
അവൾ വിശ്രമിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന നേരത്ത് അവളോടൊപ്പം വിശ്രമിയ്കുക എന്നാണ്;
ഇഷ്ടമില്ലാത്ത ഗന്ധങ്ങൾ അവളിൽ നിറയ്ക്കാതിരിക്കുക എന്നാണ്;
അവളുടെ ആഗ്രഹങ്ങളെ വിരലുകളിലേക്ക് പകർത്തി അവളെ സ്പർശിയ്ക്കുക എന്നതാണ്;
ഒരു സ്ത്രീയെ സ്നേഹിയ്ക്കുക എന്നാൽ അവൾ ഏത് സ്പർശനം എപ്പോൾ ആഗ്രഹിയ്ക്കുന്നു എന്ന് അറിയുക കൂടിയാണ്.
അവളൊരു കുഞ്ഞിനെ ഉദരത്തിൽ വഹിയ്ക്കുന്നത് കണ്ടുകൊണ്ടിരിയ്ക്കുക എന്നാണ്;
അവർക്ക് വെയിൽ കായാൻ പ്രഭാതങ്ങളിലേക്ക് ഒരു ജനൽ തുറന്നിടുക എന്നാണ്;
നാലുമണി വെയിലിൽ അവർക്കൊപ്പമിരിക്കുന്ന മരത്തണലാവുക എന്നാണ്;
ആ കുഞ്ഞിനോടൊപ്പം അവളുടെ ഉള്ളിൽ വളരുക എന്നാണ്;
സുഖമുള്ള ഭാരം അവളുടെ ചലനങ്ങൾ പതുക്കെയാക്കുന്നതിന്റെ കൗതുകം പങ്കിടുക എന്നാണ്;
ജനൽ വാതിലുകൾ മുഴുവൻ തുറന്നിട്ടാലും മതിയാകാത്ത ചില രാത്രികളിൽ അവൾക്കുറങ്ങാൻ പ്രാണവായു ആവുക എന്നാണ്;
അവളിലെ ആലസ്യത്തിൽ അലിഞ്ഞു പോവുകയും കുഞ്ഞിന്റെ പിടപ്പായ് അവളെ ഉണർത്തുകയും ചെയ്യുക എന്നാണ്;
അവളെക്കാൾ മുൻപേ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങുക എന്നാണ്;
അതിനെ ചേർത്ത് അവളുറങ്ങുമ്പോൾ ആ സ്നേഹം അനുഭവിക്കുക എന്നാണ്;
അവളും കുഞ്ഞും ഉറങ്ങാത്ത രാത്രികളിൽ ഉറക്കം വരുന്നില്ലെന്ന് കള്ളം പറഞ്ഞ് കൂട്ടിരിക്കുക എന്നാണ്;
പാലൂട്ടുന്നതിന് ഉടുപ്പുകൾ ഒതുക്കി വയ്കുമ്പോഴയ്ക്കും അത്യാഹ്ളാദം കാട്ടുന്ന കുഞ്ഞിന്റെ കൊതിയിൽ പങ്കു ചേരുക എന്നാണ്.

ഒരു സ്ത്രീയായ് സ്നേഹിയ്ക്കപ്പെടുക എന്നാൽ 
അവളുടെ ജീവിതം സ്വീകരിക്കപ്പെടുക എന്നാണ്.
ഒരു സ്ത്രീയെ സ്നേഹിയ്ക്കുക എന്നാൽ 
അവളുടെ ജീവിതം ജീവിയ്ക്കുക എന്നാണ്!
ഒരു സ്ത്രീയാൽ സ്നേഹിയ്ക്കപ്പെടുക എന്നാൽ
അവളെ സ്നേഹിയ്ക്കുക എന്ന് മാത്രമാണ്!

No comments:

Post a Comment