Saturday, March 24, 2018

ഭൂതകാലമില്ലാത്ത പ്രവാചകൻ


അവധി ദിവസം.
നാലുമണി വെയിൽ കൊണ്ട് നടക്കുകയായിരുന്നു ഞങ്ങൾ.

എന്റെ ജീവിതം കുറച്ചു കൂടി 'മെച്ച'പ്പെട്ടതാക്കാനുള്ള, 'സ്വീകാര്യ'മാക്കാനുള്ള, 'ചിലതിനോടെങ്കിലും മധുരമായ് പ്രതികാരം' ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു അവൻ. 
ഒട്ടും കൗതുകം തോന്നാത്ത കാര്യങ്ങൾ.

അതുകൊണ്ട് ഞാനാ ഓറഞ്ച് വെയിൽ നോക്കി നിന്നു. അതൊഴുകി ചെന്ന് വീഴുന്ന മരങ്ങളെയും. നിരയൊപ്പിച്ച് വളരുന്ന മരങ്ങൾ. ഇലപ്പച്ചയും ഓറഞ്ച് വെയിലും നിഴൽക്കറുപ്പും. എന്ത് ഭംഗിയുള്ള നേരമാണ്. എന്തെല്ലാം രസകരമായ കാര്യങ്ങൾ പറയാം. എന്തെല്ലാം കുസൃതികൾ ഓർത്തെടുക്കാം. 
പക്ഷേ ഒന്നുമുണ്ടായില്ല!

പ്രിയമുള്ള ചിലത്, പ്രിയപ്പെട്ട ചിലരിൽ നിന്ന് കേൾക്കാനാഗ്രഹിച്ച്, കാത്തുകാത്തു നിന്ന്, വേരിറങ്ങിപ്പോയ ജീവിതങ്ങളാണ് മരങ്ങൾ; അടുത്തടുത്ത് കാലങ്ങളോളം നിന്നിട്ടും തമ്മിൽ കേൾക്കാതെ. അവരിലൂടെ കടന്നു പോകുന്ന ചിരിത്തിളക്കങ്ങളുടെ നേർത്ത ഓർമ്മകളാണ് വെയിലായ് തെളിയുന്നത്. ഓരോ കാറ്റിലും ഒരേ ചോദ്യങ്ങൾ. ഒരിയ്ക്കലും തൃപ്തിപ്പെടുത്താത്ത ഉത്തരങ്ങൾ.

അവനുമായുള്ള ഒരു പക്ഷേ അവസാനത്തെ സംഭാഷണം ആവും ഇന്നത്തേത്. ഇഷ്ടം തോന്നുന്നവർക്കിടയിലെ ഇഷ്ടങ്ങളും  ഒരുപോലെയാകണെമന്ന നിർബന്ധം കാട്ടുന്നവരിൽ നിന്ന് യാത്ര പറയാറാണ് പതിവ്. സ്നേഹത്തോടെയിരിക്കുമ്പോൾ,  നിറയെ സ്നേഹം ബാക്കിവെച്ചു കൊണ്ട് യാത്ര പറയാതെ പിരിയുക. മനുഷ്യരിൽ നിന്ന്, അവർക്കിടയിൽ ഉണ്ടാകുമന്ന പ്രതീക്ഷകളിൽ നിന്ന്, സ്വതന്ത്രമാകുന്നതിനേക്കാൾ രസകരമായ്  ഒന്നുമില്ല.

കൂട്ടുകാരനോട് അതിനെക്കുറിച്ച് പറയാൻ തുടങ്ങുമ്പോഴാണ് അവിടെ മരങ്ങളോട് ചേർന്ന്, നിഴലുകൾക്കിടയിൽ, ചാരി നിർത്തിയിട്ട സൈക്കിൾ ശ്രദ്ധിച്ചത്. പച്ചനിറത്തിലുള്ള സൈക്കിൾ. ഭംഗിയുള്ള, ഒതുക്കമുള്ള ഒന്ന്. അതിന്റെ മുൻചക്രത്തിനടുത്ത് പാതി കുടിച്ചു വെച്ച സെവൻഅപ്പ് ബോട്ടിൽ. ഓറഞ്ചു വെയിൽ വീണ പച്ചയും തിളക്കവും തന്നെ അതിനും. മനസ്സുകൊണ്ടതിന്റെ ചിത്രമെടുത്തു വെച്ചു.

കൈകളിൽ നിന്ന് താഴെ വീണ് വലിയ ശബ്ദത്തോടെ പൊട്ടിപ്പോയ  ഒരു സെവൻഅപ്പ് ബോട്ടിലിനെക്കുറിച്ച് ഓർമ്മ വന്നു അപ്പോൾ. ഒരു രാത്രിവണ്ടിയ്ക്ക് കാത്തു നിൽക്കുകയായിരുന്നു അന്ന്. അധികമാരും പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്നില്ല. ആ ശബ്ദം കേട്ട് ഒരു പോലീസുകാരൻ അടുക്കലേക്ക് ഓടിവരികയും ചെയ്തു. കുഴപ്പമൊന്നുമില്ലെന്ന് കണ്ട് മടങ്ങുമ്പോൾ ഞങ്ങൾ ചിരിച്ചു. പിന്നീട് തിരിഞ്ഞു നോക്കുമ്പോഴെല്ലാം കൃത്യമായ ഒരകലത്തിൽ അയാൾ എന്നെ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

എന്തൊരു രാത്രിയായിരുന്നു അത്.
( ആ രാത്രി മാത്രമല്ല; എന്തൊരു ദിവസങ്ങളായിരുന്നു അതൊക്കെ!)
വെയിറ്റിങ് റൂമിൽ സംസാരിയ്ക്കാൻ വന്ന രണ്ട് സ്ത്രീകളോട് അനിഷ്ടം തോന്നി പ്ലാറ്റ് ഫോമിൽ വന്നിരുന്നതായിരുന്നു; കൃത്യസമയത്തിനാണെങ്കിലും വണ്ടി വരാൻ ഒരുപാട് നേരം ബാക്കിയുള്ളപ്പോൾ തന്നെ. അതിലും എത്രയോ നേരത്തെ, ഇരുട്ടുന്നതിന് മുൻപേ, വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.

ആ യാത്രയ്ക്ക് തൊട്ടുമുൻപത്തെ തവണ, അതേ വണ്ടിയ്ക്ക് യാത്രപോകാൻ കൊണ്ടു വന്ന് വിട്ടത് ഏട്ടനായിരുന്നു. വീട്ടിൽ നിന്ന് ഒരു അരമണിക്കൂർ കാർ യാത്രയേ വേണ്ടി വന്നുള്ളൂ. അന്ന് ഏട്ടൻ  പറഞ്ഞു.' സുഹൃത്തിന്റെ കമ്പനിയാണ്, എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. അവനോട് തന്നെ ഒരു ഹോസ്റ്റൽ ഏർപ്പാടാക്കാൻ പറഞ്ഞേല്പിച്ചിട്ടുമുണ്ട്. '
ആ പറഞ്ഞതെല്ലാം കളവായിരുന്നു എന്ന് പിന്നീട് അലഞ്ഞ പകലുകൊണ്ട്, ആരും ഉത്തരം തരാതെ മണിമുഴക്കം മാത്രമായ് അവസാനിച്ച ഫോൺ വിളികൾ കൊണ്ട് മനസ്സിലായി. 

അന്ന് മറ്റെന്ത് ചെയ്യണമെന്നറിയാതെയിരിക്കുമ്പോൾ തിരിച്ചുപോകാനുള്ള ഒരേയൊരിടം വീടായിരുന്നു. അങ്ങനെയായിരുന്നു ശീലിച്ചത്; പറഞ്ഞുറപ്പിച്ച ഒരിടത്തേക്കുള്ള യാത്രയല്ലാതെ മറ്റെല്ലാം സാഹസികമാണെന്നും കൂടുതൽ സാഹസികതകൾക്ക് നിൽക്കാതെ പരിചയമുള്ള ഒരിടത്തേക്ക് തിരിച്ചു പോയി കാത്തിരിയ്ക്കുകയാണ് നല്ല കുട്ടികൾ ചെയ്യുക എന്നും! ആ യാത്രയിലാണ് അയാളെ ആദ്യം കണ്ടത്.  തൊട്ടടുത്ത സീറ്റിൽ വന്നിരുന്ന് പെട്ടന്ന് സംസാരിച്ചു തുടങ്ങുകയായിരുന്നു. സംസാരിച്ചു തുടങ്ങുകയായിരുന്നു എന്നല്ല പറയേണ്ടത്; ചിലത് പ്രവചിയ്ക്കുകയായിരുന്നു.

അയാൾ ഇങ്ങനെ പറഞ്ഞു :
'വീട്ടിലേക്കാണോ? ആ വീട്ടിൽ ഇനി നിങ്ങൾക്ക് ആരുമില്ല. ആ വീടും  ഇനി നിങ്ങളുടേതല്ല. അത് മാത്രമല്ല, സങ്കടങ്ങളാണ് ഇനിയങ്ങോട്ട് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്. മിക്കപ്പോഴും മടുപ്പ് തോന്നുന്ന അത്രയും പരാജയങ്ങൾ. ഇനി മുന്നോട്ട് ഒന്നുമില്ലെന്ന് തോന്നുന്ന അത്രയും നിസ്സഹായതയും. അവസാനിപ്പിക്കാം എന്ന് തോന്നുന്ന ഓരോ നിമിഷവും നിങ്ങൾ എന്നെ ഓർക്കണം. നമ്മൾ ഇപ്പോൾ സംസാരിക്കുന്നത് ഓർക്കണം. നിങ്ങൾക്ക് നിങ്ങളോട് തന്നെ പ്രിയം തോന്നുന്ന ഒരു കാലം അത് കഴിഞ്ഞു വരുമെന്നും അപ്പോൾ നമ്മൾ വീണ്ടും കാണുമെന്നും ഞാൻ ഉറപ്പ് തരുന്നത്‌ ഓർക്കണം. ഞാൻ നിങ്ങളോട് പരിചയം കാട്ടി എന്ന് വരില്ല. കാരണം അപ്പോഴേയ്ക്കും ഞാൻ നിങ്ങളെ മറന്ന് കഴിഞ്ഞിരിയ്ക്കും.    ഇതെന്നെല്ല എന്നല്ല; ഒന്നും ഞാൻ ഓർത്തുവയ്ക്കാറില്ല. ആരെയും ഓർത്തുവയ്ക്കാറില്ല. അടുത്തതവണ നമ്മൾ കണ്ടുമുട്ടുമ്പോഴേയ്ക്കും നിങ്ങൾ ജീവിതം കാത്തുവയ്ക്കുന്ന നന്മകളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കും. മനുഷ്യർ  നിങ്ങൾക്ക് പരിചിതരാകും.. അനുഭവങ്ങളോടെല്ലാം നിങ്ങൾക്ക് നന്ദിയുണ്ടാകും.. '

കുറച്ചുകൂടിക്കഴിയട്ടെ, കുറച്ചുകൂടിക്കഴിയട്ടെ  എന്ന് ഓരോ തവണയും കരുതിയത് കൊണ്ട് അന്നേരമായപ്പോഴേക്കും ശരിക്കും വിശന്ന് തുടങ്ങിയിരുന്നു, എനിയ്ക്ക് . വിശപ്പാണ് സംസാരിയ്ക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയത്. ( പിന്നീട് എല്ലാം നേരിട്ട് അനുഭവിച്ചു തുടങ്ങിയപ്പോൾ വിശപ്പിന് പോലും ഇത്ര കൃത്യമായ് ഒന്നും പ്രവചിക്കാൻ കഴിയുമായിരുന്നില്ല എന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്.)

അയാളോട് അതിനിടയിൽ ഞാൻ പേര് ചോദിച്ചിരുന്നു. അതിനയാൾ മറുപടിയും പറഞ്ഞിരുന്നു. പക്ഷെ ആ ഉത്തരം  അരികിലൂടെ അപ്പോൾ വേഗത്തിൽ കടന്നു പോയ വണ്ടിയുടെ ശബ്ദത്തോടൊപ്പം ചേർന്ന് എതിർദിശയിലെവിടേക്കോ പോയി. ആ ശബ്ദം ഒന്ന് ഒതുങ്ങിയിട്ട് വേണമായിരുന്നു ഒന്നുകൂടി ആ പേര് കേൾക്കാൻ.  പാഞ്ഞു പോകുന്ന ബോഗികൾ നോക്കി, അതിൽ പറ്റിപ്പിടിച്ച ജീവിതങ്ങൾ നോക്കിയിരുന്നു. അപ്പോഴേക്കും അയാൾ എഴുന്നേറ്റ് പോയിക്കഴിഞ്ഞിരുന്നു.

ആ റയിൽവേ പ്ലാറ്റ് ഫോമിൽ വെച്ച്, കയ്യിലിരുന്ന ബോട്ടിൽ വലിയ ശബ്ദത്തോടെ വീണ് പൊട്ടുമ്പോൾ, അയാളെക്കുറിച്ചായിരുന്നു ഞാൻ ഓർത്തുകൊണ്ടിരുന്നത്. അയാളുടെ പ്രവചനങ്ങൾ! ഞാൻ യാത്ര തുടങ്ങിയ ദിവസമായിരുന്നു അന്ന്. സ്വീകരിയ്ക്കാൻ എന്നും കാത്തുനിൽകുമെന്ന് കരുതിയിരുന്ന വീട്, കാരുണ്യമില്ലാതെ വാതിലടച്ച ദിവസം. (അതൊന്നും ഓർക്കേണ്ടതില്ല. ആളുകൾ ചിലപ്പോൾ അങ്ങനെയാണ്. അവർക്ക്  ഒരു കെട്ടിടം കൊണ്ട്, മണ്ണ് കൊണ്ട്, പണം കൊണ്ട് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടാകും. എന്നാൽ ഒരു മനുഷ്യജീവിതം കൊണ്ട്, ഒരു കൂടെപ്പിറപ്പിനെക്കൊണ്ട് എന്ത് ചെയ്യുമെന്ന് ഒട്ടും അറിവുണ്ടാവില്ല. മനുഷ്യരാകുന്നതിലെ നിസ്സഹായത അതൊക്കെയാണ്.)

അന്ന് മനസ്സിൽ ഇത്രയും വ്യക്തതകളുണ്ടായിരുന്നില്ല. നിയന്ത്രിയ്ക്കാൻ കഴിയാതെ പോയ ആ അനിശ്ചിതത്വമാണ് ഒരു പച്ച ബോട്ടിലിന്റെ രൂപത്തിൽ താഴെ വീണുടഞ്ഞ് വലിയ ശബ്ദമുണ്ടാക്കിയത്; ആ പോലീസുകാരന്റെ ശ്രദ്ധയാകർഷിച്ചത്; അയാളിലെ നന്മകൾ പങ്കിടാൻ കാരണമായത്. (ആ കഥ പറയുന്നില്ല. അല്ലെങ്കിലും ഒരു കഥയും ഞാൻ ഇന്നേവരെ പറഞ്ഞിട്ടില്ലല്ലോ. പറഞ്ഞതൊക്കെയും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. എഴുതിയതൊക്കെയും അനുഭവങ്ങളോടുള്ള നന്ദിയാണ്. )

ജീവിതത്തിൽ നിറയെ വെളിച്ചമാണെന്ന് ഇപ്പോഴെനിക്ക് ഉറപ്പുണ്ട്. വെളിച്ചം നിറഞ്ഞ വഴികൾ. യാത്ര തുടങ്ങിയാൽ മാത്രം മതി. സ്വാർത്ഥത കൊണ്ട് അന്ധരാകുമ്പോഴും നിസ്സഹായതയുടെ നിഴൽ വീഴുമ്പോഴും ചുറ്റിലും ഇരുട്ട് മാത്രമാണെന്ന് മിക്കപ്പോഴും തോന്നും. അവിടെയാണ് ചിലർ പറഞ്ഞു വെച്ച വാക്കുകളിലെ പ്രകാശം തെളിയുന്നത്. ഒരാളോട് സംസാരിയ്ക്കുമ്പോൾ, അയാൾ എന്നെ ഓർമ്മപ്പെടുത്തിയ പോലെ, വാക്കുകളിലെ വെളിച്ചം കത്തിച്ചു വെക്കണമെന്ന് ഞാൻ ആഗ്രഹിയ്ക്കാറുള്ളത് അതുകൊണ്ടാണ്.

അയാൾ പ്രവചിച്ചതും അങ്ങനെത്തന്നെയാണ്. അതോർക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. ഒരിയ്ക്കൽ കൂടി തമ്മിൽ കാണുമെന്നും അയാളന്ന് പറഞ്ഞുവെച്ചിരുന്നു. ഏതെങ്കിലും ഒരിടത്ത് വെച്ചു അയാൾ കയറി വന്ന്  അടുത്തിരുന്ന് വർത്തമാനം പറയുന്നത് അതിൽ പിന്നെ എല്ലാ യാത്രകളിലും ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നു.

വൈകുന്നേരമായിരുന്നു. നല്ല മഴക്കാറുള്ള ദിവസം. സ്‌കൂളുകളും കോളേജുകളും ഓഫീസുകളും വിട്ട് ആളുകൾ എത്തുന്നതിന് മുൻപേ സ്റ്റേഷൻ കടന്നു പോകേണ്ട എക്സ്പ്രസ് ട്രെയിൻ അന്ന്, മണിക്കൂറുകൾ വൈകി, ഏതാനും നിമിഷങ്ങൾക്കുള്ളിൽ വന്നുചേരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്ന അനൗൺസ്മെൻറ് കേട്ടുകൊണ്ടാണ് പ്ലാറ്റ്‌ഫോമിൽ എത്തിയത്.

ആൾത്തിരക്കും കാറുപിടിച്ച ആകാശവും- അത് രണ്ടും ഇഷ്ടമാണ്. ആൾത്തിരക്കെന്ന് പറയുമ്പോൾ ഒരാൾ പോലും പരിചിതരായ് ഉണ്ടാകരുത്. ആകാശം കറുത്തിരുണ്ട് നിൽക്കുമ്പോൾ മരച്ചില്ലകൾക്കിടയിൽ അലഞ്ഞു തിരിയുന്ന കാറ്റും ഉണ്ടാകണം. നല്ല ഉഗ്രൻ കാറ്റ്.
അന്ന്, അത് രണ്ടും ഉണ്ടായിരുന്നു.

തിരക്കിനിടയിൽ നിന്നുകൊണ്ട് ആകാശം മുഴുവനെടുത്ത് മനസ്സിൽ നിറച്ചു വെച്ചു. കുട്ടിക്കാലം ആ നേരം മനസ്സിൽ നിറഞ്ഞു. കുട്ടിയായിരിക്കുമ്പോൾ, ഇങ്ങനെയുള്ള വൈകുന്നേരങ്ങളിൽ അത്യാഹ്ളാദത്തോടെ മുറ്റത്തിറങ്ങി നിൽക്കും. കുട്ടിക്കാലത്ത്  ഇപ്പോഴത്തേക്കാളും വലുപ്പമുണ്ടായിരുന്നു ആകാശത്തിന്. സന്തോഷം പറയാതെയും പങ്കുവയ്ക്കാൻ കഴിയുന്നൊരാൾ  വീട്ടിനുള്ളിൽ കാത്ത് നിന്നിരുന്നു. ഇപ്പോൾ അത് രണ്ടുമില്ല.

മഴക്കാറിൽ, മനസ്സിലെ പെൺകുട്ടി, ഒരു മയിലായ് മാറിപ്പോകന്നതിനു മുൻപേ വാതിലുകൾ വലിച്ചടച്ചുകൊണ്ട് അതേ വീട് കരുണയില്ലാതെ മുന്നിൽ തെളിഞ്ഞു. ഉപ്പ് വാരിവിതറിയ ഒരു മഴ കണ്ണുകളിലും. ഒഴുകിപ്പോകാൻ ഒരിടവും ഇല്ലാത്തത് പോലെ മനസ്സ് നിറയെ നീർച്ചാലുകൾ.
അങ്ങനെ വെന്ത് നിൽക്കുന്ന ഒരാളുടെ കണ്ണുകളിലെ നനവിലൂടെ പാഞ്ഞു പോയവണ്ണം നനഞ്ഞാണ് ട്രെയിൻ എത്തിച്ചേർന്നതും. കയറേണ്ട കമ്പാർട്ട്മെന്റിൽ നിറയെ വെള്ളമായിരുന്നു. അത് കടന്നു വന്ന വഴികളിൽ മഴ തിമിർത്ത് പെയ്തിട്ടുണ്ടാകണം. നിലത്ത്, ഇരിപ്പിടങ്ങളിൽ എല്ലാം വെള്ളം.

കടലിന് സമാന്തരമായി ഒഴുകുന്ന ഒരു പുഴയാണ് ആ തീവണ്ടി എന്ന് അന്നേരം തോന്നി. ഇരുമ്പിന്റെ മണമുള്ള ഒരു പുഴ. ഒരു പുഴയുടെ ഒത്തനടുവിലൊറ്റയ്ക്കൊരു ഇരിപ്പിടത്തിലിരുന്ന് ഒഴുകിപ്പോവുകയാണ് ഈ യാത്രയെന്ന് സങ്കല്പിച്ചു. അത് മനസ്സിനെ തൃപ്തിപ്പെടുത്തിയെന്ന് തോന്നുന്നു. എന്റെ മനസ്സ് അങ്ങനെയാണ്; അതിന് ഒരു കാരണവുമില്ലാതെ അതിസാഹസിയാകാൻ തോന്നും. അപ്പോൾ സങ്കടങ്ങൾ മാഞ്ഞ്; കാഴ്ച്ചകൾ തെളിയും.

എന്തായിരുന്നു മുന്നിൽ തെളിഞ്ഞു നിന്നത്? ജനാലക്കമ്പിയിൽ, ഇഴചേർത്ത്, മഴ, എനിക്ക് മുത്തുകൾ കോർത്തു കൊടുത്തയച്ചത്. എന്തുകൊണ്ടാണ് മുൻപേ ഒരു കാറ്റും വന്ന് അതിനെ തൊട്ടു നോക്കാതിരുന്നതെന്ന് ഓർത്തു. (ചില നേരങ്ങളിൽ, ഒരു തുണ്ട് കടലാസുപോലും എഴുതി വയ്ക്കാൻ ഇല്ലാത്ത നേരങ്ങളിൽ, മനസ്സിൽ മിന്നിമാഞ്ഞു പോകുന്നതാണ് ഏറ്റവും മനോഹരമായ കവിതകൾ. )

കാറ്റിന് കൊണ്ടുപോകാനുള്ള ആ കവിത ചൊല്ലി അവസാനിച്ചത് ഭയം എന്ന വാക്കിലാണ്. എന്നെ കടന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്ന മുഷിഞ്ഞ വേഷവും പാറിപ്പറന്ന നീണ്ട തലമുടിയും വല്ലാത്തൊരു ഭാവവുമുള്ള ഒരു ചെറുപ്പക്കാരനിൽ കണ്ണുകളുടക്കിയതാണതിന് കാരണം.

അയാളെന്നേയും ശ്രദ്ധിയ്ക്കുന്നുണ്ടെന്ന് തോന്നി. രാത്രിവണ്ടികളിൽ ഒറ്റയ്ക്കായ് പോകുന്ന സ്ത്രീകളെ ഉപദ്രവിയ്ക്കാറുണ്ടായിരുന്ന ഭ്രാന്തനായ ഒരാളെക്കുറിച്ച് കേൾക്കാറുണ്ടായിരുന്നത് ഞാൻ ഓർത്തു.  ഒരു പെൺകുട്ടി അയാളുടെ ആക്രമണത്തിനിടെ കൊല്ലപ്പെട്ടപ്പോഴാണ് അയാൾ പോലീസ് പിടിയിലായതും ആ കഥകളൊക്കെയും പുറത്ത് വന്നതും. അത്ര തന്നെ മനുഷ്യന്റെ നീതി ബോധത്തെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു, അലഞ്ഞു തിരിഞ്ഞു ഭ്രാന്തനെപ്പോലെ നടക്കുന്നു എന്ന് കരുതിയ അയാൾക്ക് വേണ്ടിപ്പോലും വാദിയ്ക്കാനായ് എത്തിയ വിലയുള്ള അഭിഭാഷകരുടെ കൂട്ടം. ഞങ്ങൾ സുഹൃത്തുക്കൾ ഒന്നിച്ചു ചേരുമ്പോൾ ഇത്തരം വാർത്തകൾ ഓർത്തെടുത്ത്, ആവർത്തിച്ച്, യുക്തി തേടി അലഞ്ഞ് ഒരിടത്തും എത്താതെ ഉഴറും.

മനുഷ്യരല്ലേ, ഞാൻ ഓർക്കും:
അവനുൾപ്പെട്ടുകഴിഞ്ഞാൽ ഒന്നിലും യുക്തി കാണില്ല- അവൻ തരുന്ന അനുഭവങ്ങളിൽ അസ്വാഭാവികമായും അപ്രതീക്ഷിതമായും ഒന്നുമുണ്ടാവില്ല. അവന്റെയൊപ്പമാകുമ്പോൾ ജീവിതത്തിൽ എന്തും സംഭവിയ്ക്കാം.

സുഹൃത്തുക്കളുടെ ഇടയിൽ പോലും, പറയുന്നത് അവിവേകമാകാനുള്ള സ്വാതന്ത്ര്യം ഉള്ളിടത്ത് പോലും, ഇതൊന്നും ഉറക്കെ പറയണമെന്ന് തോന്നില്ല എനിയ്ക്ക്. അംഗീകരിയ്ക്കാൻ കഴിയാത്ത യാഥാർത്ഥ്യങ്ങൾക്ക് ശബ്ദം എന്തിനാണ് എന്ന് കരുതും.

കഴിഞ്ഞ ദിവസം, വീണ്ടും ഞങ്ങളീ കഥകൾ ആവർത്തിച്ചു. ഒരു വാർത്തയായിരുന്നു കാരണം.  രാത്രി ഇരുപതോളം ജോലിക്കാരുള്ള കമ്പനി മുതലാളിയും പകൽ പിച്ചക്കാരനുമായ, മാസത്തിൽ ഒരു മില്യണോളം വരുമാനമുണ്ടാകുന്ന ഒരു ഉത്തരേന്ത്യക്കാരനെക്കുറിച്ചുള്ള ചിത്രസഹിതം വന്ന ഒരു വാർത്ത! എത്ര പണമുണ്ടായിട്ടും പിച്ചതെണ്ടുക എന്ന തൊഴിൽ ഉപേക്ഷിയ്ക്കാൻ അയാൾക്ക് കഴിയുന്നില്ല.

'ഇതുപോലെ കോടീശ്വരനായ ഒരു യാചകന്റെ ഒറ്റ മകനായിരിക്കും.. അന്നാ തീവണ്ടിയിൽ നിന്ന് പെൺകുട്ടിയെ കൊന്നിട്ട അയാളും!' കൂട്ടുകാരി പറഞ്ഞു.
'യാചകന്റെ ഒറ്റമകൻ!' വേറൊരാൾ ആവർത്തിച്ചു: 'കോടീശ്വരനായ യാചകൻ, മാന്യമായ ഒരു തൊഴിൽ എന്ന പോലെ പാരമ്പര്യമായി മകന് അത് കൈമാറുന്നു! അയാളെ രക്ഷിച്ചെടുക്കാൻ അദ്യശ്യനായ് ഇരുന്ന് വിലകൂടിയ വക്കീലന്മാരെ ഏർപ്പാടാകുന്നു.. കൊള്ളാം! പഴയ ഒരു സിനിമാക്കഥ! '
'എന്താ മനുഷ്യൻ അങ്ങനെ ചെയ്യില്ല എന്നുണ്ടോ?'
'അങ്ങനെയല്ല... എന്നാലും..!' മറ്റാരോ സംശയിച്ചു.
'പണക്കാരനാണെങ്കിൽ അയാൾ ഇങ്ങനെ ജീവിക്കുമോ?'
'പണമുണ്ടായിട്ടും, കൂടുതൽ പണമുണ്ടാക്കാൻ വിൽക്കുന്ന ഭക്ഷണത്തിൽ വിഷം കലർത്തുന്നവരില്ലേ? അത് ബഹുമാനിക്കപ്പെടേണ്ട തൊഴിലാണോ?വില കുറച്ചു വിറ്റാൽ, വാങ്ങാൻ ഒരു ദരിദ്രനുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് ചീഞ്ഞ മാംസം കളയാതെ സൂക്ഷിച്ചു വെച്ച്, നഷ്ടമില്ലാതെ വിറ്റ്, വീണ്ടും വീണ്ടും പണക്കാരനാകുന്നവൻ.  ആ പണം കൊണ്ട് തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങുന്നവൻ. മറ്റൊരാൾക്ക് വിഷം വിളമ്പുന്ന ഒരാൾ താൻ കഴിയ്ക്കുന്ന ഭക്ഷണത്തിലും വിഷമില്ലെന്ന് ഉറപ്പിയ്ക്കുന്നത് എങ്ങനെയാണ്? വിഷം കഴിച്ചു കഴിഞ്ഞാൽ അയാൾ ദരിദ്രനാണോ ധനികനാണോ എന്നതിന്റെ വ്യത്യാസം എവിടെയാണ്? '

വിഷം വിൽക്കുകയും, വിളമ്പുകയും ചെയ്യുന്നവരോട് ജീവിതത്തിന്റെ വിസ്മയങ്ങളെക്കുറിച്ച് പറഞ്ഞിട്ട് കാര്യമെന്ത്? -ഞാനും ചിന്തിച്ചു.

പിന്നീട് ഞങ്ങളുടെ സംസാരം ആ വഴിയ്ക്കായിരുന്നു.

എന്നെ ഇതെല്ലാം ഓർമ്മിപ്പിച്ച 'വല്ലാത്തൊരു ഭാവമുള്ള' ആ ചെറുപ്പക്കാരൻ അപ്പോഴേയ്ക്കും ഇറങ്ങിപ്പോയിരുന്നു. ആ സ്റ്റേഷനിൽ നിന്ന് ഒരു ചെറിയ കുടുംബം എന്റെ തൊട്ടടുത്ത സീറ്റുകളിൽ വന്നിരുന്നു. ഒരു ഡോക്ടറെ കാണാനുള്ള യാത്രയിലായിരുന്നു അവർ.  അതിലെ ആൺകുട്ടി എത്രയോകാലമായ് ചികിത്സയിലാണ്. അതിന്റെ എല്ലാ പ്രാരാബ്ധവും ആ കുടുംബത്തിൽ കാണാമായിരുന്നു. ഏറ്റവും ചെറിയ പെൺകുട്ടി അവളുടെ ഏട്ടനോട് ചേർന്നിരുന്ന് പുറത്തെ കാഴ്ച്കൾ കണ്ടു. ഇരുട്ട് പിടിച്ചു തുടങ്ങിയ, നിറയെ ഉയർന്ന മരങ്ങൾ വളർന്ന് നിൽക്കുന്ന  ഒരിടത്ത്, ഒരു വലിയ തുരുത്ത് പോലെ ഒരിടത്ത് , ആകാശം നിറയെ പറക്കുന്ന വലിയ തുമ്പികളെ അവൾ ഏട്ടന് കാണിച്ചു കൊടുത്തു.
ഏട്ടൻ അവളോട് പറഞ്ഞു: ' അത് തുമ്പികളല്ല കുഞ്ഞീ; കടവാതിലുകളാണ്!'
പക്ഷികളെന്നാണ് ഞാൻ ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ കരിപുരണ്ട് തുടങ്ങുന്ന ആകാശം നിറയെ, കറുത്ത മരങ്ങൾക്ക് മീതെ, പറക്കുന്നത് പരശതം വവ്വാലുകളാണ്!

കുട്ടികളുടെ ചെറു വർത്തമാനങ്ങൾക്കും അവരുടെ അച്ഛനമ്മമാരുടെ വിഷാദത്തിനും മനസ്സ് കൊടുത്ത് ഞാൻ ഒന്ന് ഉറങ്ങിപ്പോയെന്ന് തോന്നുന്നു. (എന്തൊക്കെയാണ് ഓർത്തതെന്ന് ഓർക്കാൻ കഴിയാത്ത നേരത്തെയാണല്ലോ ഞാനെപ്പോഴും ഉറക്കമെന്ന് വിളിക്കാറുള്ളത്.) അതിനിടയിൽ എപ്പോഴോ വ്യക്തമായ് ഞാനാ ശബ്ദം കേട്ട് തുടങ്ങി. ജെയുടെ  ശബ്ദം. അന്ന്, തിരിച്ചുപോകാൻ ഭൂമിയിൽ ആ വീടല്ലാതെ മറ്റൊരിടവുമില്ലെന്ന് കരുതിയുള്ള മടക്കയാത്രയിൽ, എന്റെ അടുക്കൽ വന്നിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന അയാൾ തന്നെ. അയാൾ പറഞ്ഞ പേര് ഞാൻ കേൾക്കാതെ പോയെങ്കിലും പിന്നീട്  ഓർക്കുമ്പോഴെല്ലാം ഞാൻ ജെ എന്നാണ് അയാളെ വിളിക്കാറുണ്ടായിരുന്നത്.

അയാൾ ആ അസുഖക്കാരനായ കുട്ടിയുടെ അച്ഛനമ്മമാരോട് സംസാരിക്കുകയായിരുന്നു. നിർത്താതെ. കുഞ്ഞിന് രോഗം ഭേദമാകുമെന്നും അവൻ വിസ്മയകരമായ ഒരു ജീവിതം ജീവിക്കാൻ പോവുകയാണെന്നും അയാൾ പറയുന്നത് ഞാൻ കേട്ടു. അത്ര ഉറപ്പോടെ. അത്ര പ്രതീക്ഷയോടെ.അയാളുടെ ശബ്ദത്തിലെ മാന്ത്രികത അവരുടെ ചെറിയ ജീവിതത്തിൽ വലിയ വെളിച്ചം നിറയ്ക്കുന്നുണ്ടെന്ന് എനിക്കും തോന്നി.

പിന്നീടയാൾ ,'എഴുന്നേറ്റോളൂ.. കുഞ്ഞിനെ ഞാനെടുക്കാം' എന്ന് പറയുന്നത് കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. അവർക്ക് ഇറങ്ങാനുള്ള ഇടമായിരുന്നു. ജെ, ആ കുഞ്ഞിനെ എടുത്ത് വാതിൽക്കലോളം ചെന്നു, അവന്റെ നെറ്റിയിൽ ഉമ്മവെച്ച് അച്ഛന്റെ കൈകളിലേക്ക് കൊടുത്തു.  മകനെയല്ല; ജീവിതത്തോടുള്ള പ്രതീക്ഷകളെയാണ് ആ അച്ഛൻ അന്നേരം കൈകളിൽ വാങ്ങിയതെന്ന് എനിക്ക് തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു പോയ്.

ജെ തിരികെ സീറ്റിൽ വന്നിരുന്നപ്പോൾ ഞാൻ പറഞ്ഞു:
'ഇതുപോലെ ഒരിയ്ക്കൽ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട്.'
അയാൾ ചിരിച്ചു:
'ഉണ്ടാകാം..'
'ഇത് പോലെ ഒരിയ്ക്കൽ നമ്മളിങ്ങനെ കണ്ടുമുട്ടുമെന്നും നിങ്ങൾ അന്ന് പറഞ്ഞിരുന്നു.'
അയാൾ അതെയെന്ന് തലയാട്ടി
'നിങ്ങൾക്ക് അതൊന്നും ഓർമ്മയുണ്ടാകില്ലെന്നും പറഞ്ഞിരുന്നു..'
അത് ഒരു ഫലിതം അല്ലാതിരുന്നിട്ടും അയാൾ ഉറക്കെ ചിരിച്ചു.
ഞാൻ ചോദിച്ചു:
'ശരിയ്ക്കും നിങ്ങൾക്ക് അതൊന്നും ഓർമ്മയില്ലേ?'
'ഇല്ല!'
'ഈ കുഞ്ഞിനോട് സംസാരിച്ചതും നിങ്ങൾക്ക് ഓർമ്മയുണ്ടാവില്ലേ?'
'ഇല്ല.'
നിങ്ങൾ എല്ലാവരോടും ഇങ്ങനെ പറയാറുണ്ടോ?'
'എന്ത്? '
'ഇങ്ങനെയുള്ള പ്രവചനങ്ങൾ?!'
അയാൾ ഒന്നാലോചിച്ചു. അൽപനേരം എന്നെ നോക്കിയിരുന്നു. പതിയെ ചിരിച്ചു. സൗമ്യമായ് പറഞ്ഞു:
' എല്ലാവരോടും ഇല്ല. ചിലരെ കാണുമ്പൊൾ ഇങ്ങനെ പലതും മനസ്സിൽ വരും. ചില ചിത്രങ്ങൾ പോലെ.. ചിലരോട് അതൊക്കെ പറയാണമെന്ന് തോന്നും.. അപ്പോൾ സ്വയം  എത്ര പ്രതിരോധിച്ചാലും പറയാതിരിക്കാൻ കഴിയില്ല.  പറഞ്ഞത് എന്തൊക്കെയായിരുന്നു എന്ന് പിന്നീട് ഓർത്തെടുക്കാൻ കഴിയാറുമില്ല ..'
'ഇങ്ങനെ കണ്ടുമുട്ടുന്നതും പറയുന്നതും മാത്രമാണോ നിങ്ങൾ മറന്നു പോകാറുള്ളത്.. '
'അല്ല. എനിയ്ക്ക് ഓർമ്മകൾ കുറവാണ്.. ഓരോന്നും എന്നിൽ നിന്ന് മാഞ്ഞു മാഞ്ഞ് പോകുന്നത് പോലെ.... ഏതൊക്കെയാണ് മറക്കുന്നതെന്ന് നമ്മൾ ഓർത്ത് വയ്ക്കാറില്ലല്ലോ..'
' വല്ലാത്ത ഒരനുഭവമല്ലേ അത്.. നമുക്ക് ഒരു പാസ്ററ് ഉണ്ടെന്ന് അറിയുകയും എന്നാൽ അതിൽ നടന്നത് എന്തൊക്കെയാണെന്ന് അറിയാതെയിരിക്കുകയും? ചിലപ്പോൾ അതുകൊണ്ടായിരിക്കും അല്ലേ  വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ മുന്നിലിങ്ങനെ തെളിയുന്നത്?'
ഞാൻ ചോദിച്ചു:
'ഭൂതകാലമില്ലാത്തൊരു പ്രവാചകനെപ്പോലെ ?'

അയാൾ അതിന് ചിരിയ്ക്കുക മാത്രം ചെയ്തു. ഞാൻ ആലോചിച്ചു: ഞാനൊരു ട്രെയിനിന്റെ എഞ്ചിൻ പോലെ കഴിഞ്ഞ കാര്യങ്ങളെ വലിച്ചു കൊണ്ട് ഓടുന്നു. അയാൾ വർത്തമാനകാലത്തിൽ ഒരു ഗാർഡിന്റെ കമ്പാർട്ട്മെന്റിലെന്നപോലെയിരുന്ന് വരാനിരിക്കുന്ന കാലത്തിന്റെ ശബ്ദം കേൾക്കുന്നു.

'ഇപ്പോഴെന്താ എന്നോട് ഒന്നും പറയാത്തത്?' ഞാൻ വീണ്ടും ചോദിച്ചു.:
'അന്ന് എത്രയാ എന്നോട് സംസാരിച്ചിരുന്നത് എന്നറിയാമോ?'
അയാൾ ചിരിച്ചു:
'ചോദ്യമിടുമ്പോൾ ഉത്തരം എടുക്കാൻ കഴിയുന്ന ഒരു വെന്ഡിംഗ് മെഷീൻ ഒന്നുമല്ലല്ലോ...എല്ലാവരോടും എപ്പോഴും പറയാൻ ഒന്നുമുണ്ടാവില്ല..ആ നേരങ്ങളിൽ മിണ്ടാതെയിരിക്കണം.. '

എനിക്കയാളോട് സംസാരിയ്ക്കണമെന്ന് ഉണ്ടായിരുന്നു. ആദ്യം അയാളെ കണ്ട അന്ന്, സംസാരിച്ചത് മുഴുവൻ അയാളാണ്. എന്താണ് അയാൾ പറയുന്നത് എന്ന് പോലും ആ നേരം എനിക്ക് വ്യക്തമായിരുന്നില്ല.

'ഓർമ്മകളില്ലാത്തത് കൊണ്ടാണ് നിങ്ങൾക്ക് സംസാരിയ്ക്കാനും ഇല്ലാത്തത്!'
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
അയാൾ ശാന്തമായ് ഇരുന്നു. ഭംഗിയുള്ള കൈവിരലുകൾ കോർത്ത് പിടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു:
' നമ്മൾ ഒരിടത്ത് യാത്ര പോവുകയാണ്. പക്ഷേ നമ്മൾ വീടിനെക്കുറിച്ച്, നമ്മുടെ മുറിയെക്കുറിച്ച്, ഓർത്ത് കൊണ്ടേയിരിക്കുന്നു. അപ്പോൾ സത്യത്തിൽ നമ്മൾ യാത്രയിലാണോ അതോ ആ മുറിക്കുള്ളിലാണോ? അതുപോലെ നമ്മൾ ഒരു കൂട്ടുകാരിയുടെ ഒപ്പം കടൽക്കരയിലിരിക്കുന്നു. ആ നേരം ഇത്പോലെ ഒരിയ്ക്കൽ നമ്മുടെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഒരാളെക്കുറിച്ച്, അയാൾ നമുക്ക് തന്നിട്ട് പോയ ചില വേദനകളെക്കുറിച്ച്, നാം ഓർക്കുന്നു.. അപ്പോൾ നമ്മൾ ആരുടെ ഒപ്പമാണ് ആ കടൽത്തീരത്ത് ഇരിക്കുന്നത്? ഒരാളോട് തോന്നുന്ന വെറുപ്പ് കളയാതെ സൂക്ഷിയ്ക്കുകയും ഒരാളോട് തോന്നുന്ന സ്നേഹം അയാൾ അപ്രിയമായൊരു കാര്യം ചെയ്യുന്നത് വരെയോ ഒരു പ്രതീക്ഷ തെറ്റിക്കുന്നത് വരെയോ കൊണ്ട് നടക്കുകയും ചെയ്യുന്നതിനെയല്ലേ മനുഷ്യർക്കിടയിലെ ഓർമ്മകൾ എന്ന് പറയുന്നത്? '

ഞാൻ ചോദ്യങ്ങളില്ലാതെ, ഉത്തരങ്ങളില്ലാതെ അയാളെ കേട്ടിരുന്നു.
വളരെ സൗമ്യമായ് അയാൾ തുടർന്നു :
'ഓരോ ഇടവും പുതുതാണെന്ന് തോന്നൽ ഒരു ശീലമായാൽ ഭൂമിയിൽ പിന്നെ അപരിചിതമായ  സ്ഥലങ്ങളുണ്ടാവില്ല; അപരിചിതരായ ആളുകളും. മനുഷ്യരിലധികവും ഇന്നത്തേക്ക് വേണ്ടിയല്ല; നാളത്തേയ്ക്ക് വേണ്ടിയാണ് ജീവിയ്ക്കുന്നത്! അവരോട്  എല്ലാ സങ്കടങ്ങൾക്കിടയിലും ജീവിതത്തെ സ്‌നേഹിയ്ക്കണമെമെന്ന് പറയുന്നതിനേക്കാൾ കൃത്യമാകുന്ന ഒരു പ്രവചനവുമില്ല.'
'ഓരോതരം ജീവിതങ്ങൾ തീവണ്ടി പോലെ ഭൂമി മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. നാം ഓരോരുത്തരും ഓരോയിടത്ത് വെച്ച് നിശ്ചയിക്കപ്പെട്ട നേരത്ത് അതിൽ കയറിയിറങ്ങുന്നു എന്നേയുള്ളൂ. ചിലർ അതിലോരോന്നിലെത്താനുള്ള കാരണങ്ങൾ ആകുന്നു എന്നും. '

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ കിടന്നു. സൈഡ് ലോവർ ബെർത്തിൽ കാലുകൾ ഒതുക്കി വെച്ച്, കൈകൾ നെഞ്ചിൽ ചേർത്ത് വെച്ച് അധികം വൈകാതെ ഉറങ്ങി.

ഞാനും കിടന്നു.
ഓർത്തു: എന്തൊക്കെയാണ് എന്റെ മനസ്സിലൂടെ എന്നും പാഞ്ഞു പോകുന്നത്? ഇന്നത്തെ കാര്യമെടുത്താൽ, പകൽ മുഴുവൻ ജോലിയുടെ ആവർത്തനമായിരുന്നു. വൈകീട്ട് മഴക്കാറും കാറ്റും നിറഞ്ഞ ആകാശത്തിന്റെ ഉന്മാദം പങ്കിട്ടു. അതിനിടയിൽ പഴയൊരു വീടിനെക്കുറിച്ചോർത്തുള്ള സങ്കടപ്പെയ്ത്തായിരുന്നു. ട്രെയിനിൽ ഇരിപ്പിടം നനഞ്ഞിരിക്കുന്നുവല്ലോ എന്ന നിരാശ. അതിൽ പിന്നെ മഴ കോർത്തുവെച്ച ജനൽകമ്പിയിലൂടെ ഓർത്തെടുത്ത കവിത. അതിനിടയിൽ വൃത്തിയില്ലാത്ത ഉടുപ്പണിഞ്ഞെത്തിയത് കൊണ്ട് മാത്രം സഹജീവിയെ, പഴയ ഒരു വാർത്തയിലെ അക്രമിയോട് സാദൃശ്യപ്പെടുത്തിയപ്പോൾ തോന്നിയ ഭയം . ആ ഭയത്തിലൂടെ ഇറങ്ങിച്ചെന്ന് കൂട്ടുകാരുടെ ഇടയിൽ ഇരുന്ന് ഒരു ക്രമവുമില്ലാതെ എന്തൊക്കെയോ ഓർക്കുകയും പറയുകയും ചെയ്തു. അപ്പോഴേക്കും അസുഖക്കാരനായ കുട്ടിയോടുള്ള അനുകമ്പയായ്. അവന്റെ അനിയത്തിക്കുട്ടിയുടെ കൗതുകങ്ങൾക്ക് ഒപ്പം ചേർന്നു. അതിൽ നിന്നുണർന്നത് ജെയുടെ വർത്തമാനങ്ങളിലേക്ക്.. അയാൾ ആ രാത്രി മുഴുവൻ എന്നോട് സംസാരിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നുണ്ടായിരുന്നു.

നമുക്ക് മറ്റൊരാളോട് തോന്നുന്ന അത്രയും തീവ്രമായ സ്നേഹം, നമുക്ക് നമ്മുടെ ജീവിതത്തോട് തോന്നിയിരുന്നെങ്കിൽ!

എന്റെ മനസ്സ് മിക്കപ്പോഴും ഇങ്ങനെയാണ്. പലതരം കാഴ്ചകൾക്കിടയിലൂടെ അതിവേഗം പാഞ്ഞു പോകുന്ന ഒരു എക്സ്പ്രസ്സ് ട്രെയിൻ! അത് ചിലപ്പോൾ ഒരു മീൻകൊത്തിപ്പക്ഷിയാകും, തിരയനങ്ങാത്തൊരു ശാന്തതയ്ക്ക് ചിലപ്പോൾ കണ്ണടച്ചു കാവൽ നിൽക്കും. അതാണ് എനിക്ക് എന്നിൽ ഏറ്റവും പ്രിയപ്പെട്ട ഇടം. അവിടേക്കുള്ള പാച്ചിലാണ് പക്ഷേ പലപ്പോഴും ബാക്കിയുണ്ടാകുക!ഇപ്പോഴുമതേ!

ജെ - അയാളുറങ്ങുന്നത് എനിക്ക് കാണാം. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തമായ, എളുപ്പത്തിലുള്ള ഉറക്കം. ഓർമ്മകളും സ്വപ്നങ്ങളും ഇല്ലാത്ത ഒരാൾ ഉറങ്ങുന്നത് ഇങ്ങനെയാവണം. എനിയ്ക്ക് അയാളോട് അതിയായ സ്നേഹം തോന്നി. ഉറങ്ങാതെ അയാളെ നോക്കിയിരുന്നാലോ എന്ന് തോന്നി. ഉണരുമ്പോൾ അയാൾക്കിറങ്ങേണ്ടയിടത്ത് ഒന്നിച്ചിറങ്ങുക.. അയാളുടെ ജീവിതത്തിൽ അങ്ങനെ ചേർന്ന് നിൽക്കുക.. അയാൾക്ക് ഓർമ്മയുണ്ടാകണമെന്നില്ലല്ലോ അതിന് മുൻപ് ഞാൻ അയാളുടെ ഒപ്പം ഉണ്ടായിരുന്നില്ലെന്ന്!  പക്ഷേ എത്രകാലം? നിഴലുപോലും കൂട്ടില്ലാതെ ഒറ്റയ്ക്കാവേണ്ടുന്ന ഇരുട്ടുള്ള വഴികളുണ്ടാകും ജീവിതത്തിൽ എന്നുള്ളപ്പോൾ എവിടെയെങ്കിലും ഒരിടത്ത് വെച്ച് ആ യാത്ര മുറിഞ്ഞു പോകും.. എന്റെ അടുക്കലേക്ക് തിരിച്ചു വരണമെന്ന് അയാൾക്ക് ഓർമ്മ കാണില്ലല്ലോ. സ്നേഹിയ്ക്കുന്നവർക്ക് പരസ്പരം ഭ്രമണം ചെയ്യാനുള്ള യാത്രാപഥമാണ് ഓർമ്മകൾ... അതില്ലാത്തവരുടെ വഴികൾ എങ്ങനെയായിരിക്കും? ഓർമ്മയുണ്ടോ എന്ന് ചെന്ന് ചോദിച്ചാൽ ഏത് ഓർമ്മയാണ് മറന്നു പോയെന്ന് പറയുക?!

അങ്ങനെ എന്തൊക്കെയോ എന്തൊക്കെയോ ഓർത്തോർത്ത് ഉറങ്ങിപ്പോയി.
സൂര്യനുദിച്ചുയരുന്ന എവിടെയോ ഒരിടത്തേക്ക്  ഉണർന്നെഴുന്നേറ്റപ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു.

പക്ഷെ ഒരിയ്ക്കൽ കൂടി ഞാൻ ജെയെ കണ്ടു. ഞാൻ ജോലി ചെയ്യുകയും താമസിയ്ക്കുകയും ചെയ്യുന്ന നഗരത്തിൽ വെച്ച്. മൂന്നാമത്തെ തവണ. (അത് അവസാനത്തേത് ആകരുതേ എന്നാണ് പ്രാർത്ഥന.)

ഒരാഴ്‌ചയോളമായ് മടുപ്പിയ്ക്കുന്ന ഒരു പണി. വീതി കുറഞ്ഞതും പൊക്കമേറിയതുമായ ചുവരിൽ ഒരു ഫ്ലാറ്റ് ടിവി, അരികോട് ചേർന്ന്  ഗ്ലാസ്സ് പാനൽ, ഡീക്കോഡർ വയ്ക്കാനുള്ളയിടം, സ്വിച്ചുകൾ, പ്ലാന്റർ ബോക്സ്, അക്വേറിയം, ആകർഷകത്വം, അസാധാരണത്വം ഇതെല്ലാം വേണം വീട്ടുകാരന്. എത്രവട്ടം ചെയ്തിട്ടും തൃപ്തിപ്പെടാത്ത ത്രീ ഡി റെൻഡറിംഗ് ഒരിടത്തുമെത്താത്ത അവസാനിപ്പിച്ച്   ആ ദിവസം ഞാൻ നേരത്തേ താമസിയ്ക്കുന്ന ഇടത്തേക്ക് മടങ്ങി. (താമസിയ്ക്കുന്ന ഇടത്തെയെല്ലാം വീട് എന്ന് പറയാൻ കഴിയണമെന്നത് ഇപ്പോഴും എന്റെ ആഗ്രഹം മാത്രമാണ്.)

പതിവ് തെറ്റിച്ച്, ഒന്ന് രണ്ട് സ്റ്റോപ്പുകൾ മുൻപേ ഇറങ്ങി, ഒരു റസിഡൻഷ്യൻ ഏരിയയിലെ വീതികുറഞ്ഞ, തിരക്കില്ലാത്ത വഴികളിലൂടെ ഞാൻ വീട്ടിലേക്ക് നടന്നു. അനായാസേന. വളരെ പതുക്കെ. സ്ക്കൂൾ കുട്ടികളെ കയറ്റിയുള്ള ഓട്ടോകൾ, അമ്മമാരുടെ സ്‌കൂട്ടികൾ ഒന്നോ രണ്ടോ സൈക്കിൾ യാത്രക്കാർ, സ്‌കൂൾ കുട്ടികളുടെ  മൂന്നോ നാലോ കൂട്ടങ്ങൾ എന്നെ കടന്നു പോയി.

ആ റസിഡൻഷ്യൽ ഏരിയയ്ക്ക് മാത്രമായ്  ഉള്ളതെന്ന് തോന്നിപ്പിച്ച ഒരു ചെറിയ പാർക്കിനടുത്ത് എത്താറായപ്പോഴാണ് ഞാൻ ജെയെ കണ്ടത്. ആഹ്ളാദത്തോടൊപ്പം ഈ മനുഷ്യന് മാത്രം പ്രായമേറുന്നില്ലല്ലോ എന്ന ചിന്തയും നിറഞ്ഞ ചിരിയും എന്റെ മനസ്സിൽ വന്നു. അയാളോടൊപ്പം സ്‌കൂൾ യൂണിഫോമിട്ട ഒരു ചെറിയ പെൺകുട്ടിയുമുണ്ടായിരുന്നു.

' എന്താ ഇവിടെ? ' എന്ന എന്റെ ചോദ്യത്തിന്
' വന്നോ? ' എന്ന മറുപടിയാണ് കിട്ടിയത്.
അയാൾ ആരെയോ പ്രതീക്ഷിയ്ക്കുകയായിരുന്നു; അത് ഞാനായി എന്ന് മാത്രം. എനിക്ക് തോന്നി.

' ആ കുട്ടിയുടെ അമ്മ ഹോസ്പിറ്റലിൽ പോയിരിക്കുകയാണ്. തിരിച്ചു വരാൻ നേരം വൈകിയാൽ സ്‌കൂൾ ബസ്സിറങ്ങുന്ന കുട്ടിയെ കൂട്ടണമെന്ന് അവരുടെ കൂട്ടുകാരിയെ പറഞ്ഞ് ഏല്പിച്ചിരുന്നു. അവരത് മറന്നു പോയെന്ന് തോന്നുന്നു. കുട്ടി ഇവിടെ വന്ന് കളിക്കാറുള്ളതാണ്, .. അമ്മ വരുന്നത് വരെ ഒന്ന് കൂട്ടിരിയ്ക്കുന്നു.. അത്രയേ ഉളളൂ.' -അയാൾ പറഞ്ഞു.

എനിയ്ക്കും തിരക്കൊന്നും ഉണ്ടായിരുന്നില്ല.

കുട്ടി യാതൊരു പരിചയക്കുറവും കാണിച്ചില്ല. അവൾ കളിക്കിടയിൽ ഞങ്ങളെ നോക്കി ചിരിക്കുകയും ഊഞ്ഞാൽ ആട്ടാൻ ഞങ്ങളെ രണ്ട് പേരെയും ക്ഷണിയ്ക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചധികം കുട്ടികൾ പാർക്കിലെത്തി. അവിടത്തെ തിരക്ക് കൂടുകയും ചെയ്തു. 
കുട്ടിയെ ആ പാർക്കിലെ സ്ലൈഡുകളിൽ കളിക്കാൻ വിട്ട്  ഒന്ന് രണ്ട് വട്ടം ഞങ്ങൾ ഒന്നിച്ച് പാർക്കിനെ വലം വെച്ചു.

'എന്നെ ആയിരുന്നോ കാത്തു നിന്നത്?' അതിനിടയിൽ ഞാൻ  ചോദിച്ചു.
'അറിയില്ല;'  അയാൾ പറഞ്ഞു:
' പക്ഷേ മറ്റാരേയും ഞാൻ വിളിച്ചിട്ടില്ല.'
എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അത്യാഹ്ളാദം തോന്നി. ഞാനത് ജെയോട് പറയുകയും ചെയ്തു:
'ഇതുപോലെ ഒരു കുട്ടിയും നിങ്ങളും എല്ലാ ദിവസവും എന്റെ കൂടെ ഉള്ള ഒരു ജീവിതം എത്ര രസ്സായിരിക്കും. ' 

ആ സമയം രണ്ട് സ്ത്രീകൾ  വേഗത്തിൽ നടന്ന് ഞങ്ങളെ കടന്നു പോയി.
അവരുടെ സംഭാഷണത്തിൽ ഞങ്ങൾക്ക് കൂടി കേൾക്കാനായ ഭാഗം ഇങ്ങനെയായിരുന്നു:
' കല്യാണം കഴിഞ്ഞിട്ട് മോൾക്ക് സുഖം തന്നെയല്ലേ?' ഒരാൾ ചോദിയ്ക്കുന്നു.
മറ്റേയാളുടെ മറുപടി ഇങ്ങനെയായിരുന്നു:
' പിന്നേ, അവര് വലിയ തറവാട്ട്കാരല്ലേ .. പിന്നെ അവന് നല്ല ജോലിയും..'

മറ്റൊരാളിന്റെ സംഭാഷണം കേൾക്കുന്നുവെന്ന ലജ്ജയില്ലാതെ ഞാൻ ജെയോട് ചോദിച്ചു:
' സുഖമാണോ എന്ന ചോദ്യത്തിന് ഈ മറുപടി ഒരു ഉത്തരമാണോ? '
അയാൾ ചിരിച്ചു.

 'പണം സമ്പാദിയ്ക്കണമെന്ന് അമിതമായ ആഗ്രഹങ്ങളില്ലാത്ത, പണത്തിന് വേണ്ടി ജീവിതത്തോട് മത്സരിയ്ക്കാത്ത ഒരാളെയാണ് ഞാൻ എല്ലാകാലത്തും എല്ലാവരിലും അന്വേഷിച്ചത്. ഒരുപാട് സമ്പാദിയ്ക്കുന്ന, ധനസമ്പാദനത്തെക്കുറിച്ച് മാത്രം സ്വപ്നം കാണുന്നവരെ പരിചയപ്പെടുമ്പോൾ ഒക്കെ  എനിക്ക് വേണ്ടത് അങ്ങനെ ഒരാളെയല്ലെന്ന് ഉറപ്പിയ്ക്കുകയാണുണ്ടായത്. പിന്നെ അങ്ങനെയല്ലാത്ത, ജീവിതത്തെ ലളിതമായും സമ്പാദ്യത്തെ അപ്രധാനമായും കണ്ട, ഒരാളെ കണ്ടുമുട്ടിയപ്പോൾ, ഒന്നിച്ചു കഴിയാൻ തുടങ്ങിയപ്പോൾ, എനിക്ക് അയാൾ ജീവിക്കാൻ കൊള്ളാത്തവനാണെന്ന് തോന്നിത്തുടങ്ങി.. ആ ബന്ധത്തിൽ പണത്തെക്കുറിച്ച്, സമ്പാദ്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ സംസാരിച്ചുകൊണ്ടിരുന്നത് ഞാനായിരുന്നു! അതാണത്ഭുതം!  അങ്ങനെയാണ് ഞങ്ങൾ അകന്ന് തുടങ്ങിയത്.. വീട്ടുവാടകയെക്കുറിച്ച്, പലചരക്കിനെക്കുറിച്ച്, ചിലവുകളെക്കുറിച്ച് പറഞ്ഞു പറഞ്ഞ് .. നമ്മുടെ ഇഷ്ടങ്ങളോട് ചേർന്ന ഒരാൾ വന്നു ചേരുമ്പോൾ നമ്മുടെ ഇഷ്ടങ്ങൾ തന്നെ മാറിപ്പോകുന്ന പോലെ.. അത്രയും വിചിത്രം! ഒരുപക്ഷേ ഇനിയൊരിയ്ക്കൽ ജോലിത്തിരക്കുള്ള, വീട്ടുവാടകയും ബില്ലുകളും കൃത്യമായ് അടയ്ക്കുന്ന ഒരാളുടെ കൂടെയായിരിക്കുമ്പോൾ, അയാളുടെ വീടിന്റെ ആഡംബരത്തിലിരുന്ന്; അലസരായ് അലഞ്ഞുതിരിയാൻ കഴിയുന്ന ദിവസത്തെക്കുറിച്ച് ഞാൻ സ്വപ്നം കണ്ട് തുടങ്ങുമെന്ന് തോന്നുന്നു..' കൂട്ടുകാരിലൊരാൾ ഒരിയ്ക്കൽ പറഞ്ഞത് ഞാനോർത്തു. 
ജെയോട് അതെല്ലാം ആവർത്തിയ്ക്കുകയും ചെയ്തു.
'നമ്മുടെ ഇഷ്ടങ്ങളും നിലപാടുകളും വല്ലാതെ അല്‌പായുസ്സാകുന്നു അല്ലേ ?' ഞാൻ ചോദിച്ചു:
' ന്യൂസ് ഫീഡുകൾ സ്ക്രോൾ ചെയ്തും ചാനലുകൾ മാറ്റിയും ശീലിച്ച്‌ ഇത് സ്വാഭാവത്തിന്റെ ഭാഗമായത് പോലെ.. അത്ര എളുപ്പത്തിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ..അത്രയും ഓപ്‌ഷനുകളുമുണ്ടല്ലോ ..'

അയാൾ ചിരിക്കുക മാത്രം ചെയ്തു; താൻ ഇതിന്റെയൊന്നും ഭാഗമേ അല്ലെന്ന മട്ടിൽ.


'നിങ്ങൾ മറ്റൊരു ജീവിതം ജീവിയ്ക്കുന്നു;'  കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു; എന്നിട്ട് ചോദിച്ചു:
'എനിയ്ക്ക് അങ്ങനെ ജീവിയ്ക്കാൻ കഴിയുമോ? ഒട്ടും ഭാരമില്ലാത്ത ഒരു ജീവിതം? '
'എപ്പോൾ വേണമെങ്കിലും..' അയാൾ സൗമ്യമായ് മറുപടി തന്നു:
'പക്ഷേ, നിങ്ങളത് ചെയ്യില്ല.'

പിന്നീട് ഒന്നും ഞങ്ങൾ സംസാരിച്ചില്ല.


അതിനിടയിൽ കളിച്ചു മടുത്തിടാണെന്ന് തോന്നുന്നു കുട്ടി, എന്റെ അടുക്കൽ വന്നിരുന്ന് അവളുടെ കഥാപുസ്തകങ്ങളിൽ ഒന്ന് തുറന്ന് എന്നോട് വായിച്ചു കൊടുക്കാൻ പറഞ്ഞു.കഥകൾ പറഞ്ഞുകൊണ്ടിരിക്കെ ജെ പതുക്കെ എഴുന്നേറ്റ് നടന്നു. അയാൾ പോകാനൊരുങ്ങുകയാണെന്ന് എനിക്ക് മനസ്സിലായി. സങ്കടം തോന്നി. എന്നാൽ കുട്ടിയെ ഒറ്റയ്ക്ക് വിടാൻ മനസ്സും വന്നില്ല. ഞാനവളുടെ ബാഗ് തുറന്ന് പുസ്തകങ്ങൾ എടുത്ത് നോക്കി. സ്‌കൂൾ ഡയറിയിലെഴുതിയ അമ്മയുടെ മൊബൈലിലേക്ക് വിളിച്ചു. കൂട്ടുകാരിയെ വിളിച്ചിട്ട് കിട്ടാതെ, ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, നേരം വൈകി, കുട്ടിയെക്കുറിച്ചോർത്ത് വല്ലാതെ പരിഭ്രമിച്ച അവരോട്, സംസാരിച്ചു. അവർ ഇറങ്ങുന്ന ബസ്റ്റോപ്പിൽ കുട്ടിയോപ്പം കാത്തു നിൽക്കാമെന്ന് ഉറപ്പു പറയുകയും ചെയ്തു.

കുട്ടിയോടൊപ്പം ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞങ്ങൾ അന്യോന്യം പരിചയപ്പെട്ടു.
'ഊർമ്മി മാല ' അവൾ പേര് പറഞ്ഞു. അച്ഛനിട്ട പേരാണ്. അമ്മ അവളെ മാലൂന്നെ വിളിക്കൂ. വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ അകലെ എവിടെയോ ജോലി ചെയ്യുന്നു. അമ്മയ്ക്ക് കുറേ ദിവസങ്ങളായ് സുഖമില്ല. അതുകൊണ്ട് ആശുപത്രിയിൽ പോയതാണ്. ഡോക്ടറെ കാണാൻ പോയതാണ്. സ്‌കൂൾ വിട്ട് വരുമ്പോൾ ഷെറിൻ ആന്റി വിളിക്കാൻ വരുമെന്ന് അമ്മ പറഞ്ഞതാണ്. പക്ഷേ കണ്ടില്ല.

ഞങ്ങൾ ഒരു ജ്യൂസ് കടയിൽ കയറി. ഓറഞ്ച് ജ്യൂസും വെജിറ്റമ്പിൾ കട്ലറ്റും കഴിഞ്ഞു. വാങ്ങിച്ച ചോക്ലേറ്റ് അമ്മ വന്നിട്ട് കഴിക്കാമെന്ന് മാറ്റിവെച്ചു.

ഊർമ്മി മൂന്നാംക്ലാസ്സിൽ പഠിയ്ക്കുന്നു. ജിഷ ടീച്ചറെയാണ് അവൾക്ക് ഏറ്റവും പേടി. നാളെ അവൾക്ക് ടീച്ചറുടെ കേട്ടെഴുത്തുണ്ട്. ഞങ്ങൾ പുസ്തകം തുറന്നു. ഒരു വാക്ക് മനഃപാഠമാക്കുന്നതിനിടയിൽ അവളെനിക്ക് ആൾക്കൂട്ടത്തിനിടയിൽ ജെയെ കാണിച്ചു തന്നു. അയാൾ ഞങ്ങളെ നോക്കി ചിരിച്ചു. കൈവീശിക്കാണിച്ചു. ഊർമ്മി അവളുടെ ചോക്റ്റുകളിൽ ഒന്ന് ഓടിപ്പോയ് അയാൾക്ക് കൊടുത്തു. അപ്പോൾ വന്നു ചേർന്ന ബസ്സിൽ അവളുടെ അമ്മയുണ്ടായിരുന്നു. അവരെന്തൊക്കെയോ എന്നോട് പറഞ്ഞു. കെട്ടിപ്പിടിച്ചു. അവരെന്നെ ചേർത്ത് നിർത്തുമ്പോൾ അപ്പോൾ പുറപ്പെട്ട ബസ്സിന്റെ വിൻഡോ സീറ്റിൽ ഞാൻ ജെയെ കണ്ടു. അയാളെന്നെ ശ്രദ്ധിച്ചതേയില്ല. എങ്കിലും എനിയ്ക്ക് സങ്കടം തോന്നിയില്ല. ആരെക്കുറിച്ചാണോ നാം ഓർക്കുന്നത്, അവരുടെ ഒപ്പമാണ് നാമെങ്കിൽ, ഞാൻ അയാളുടെ ഒപ്പമാണ് എപ്പോഴും. ഓർമ്മകളില്ലാത്തൊരാളെക്കുറിച്ച് എപ്പോഴും ഓർമ്മിച്ചുകൊണ്ട്.  ഓർത്തത് എന്താണെന്ന് ഓർക്കുന്ന നേരത്തെല്ലാം അതിൽ ഞാൻ മാത്രമല്ല അയാൾ കൂടി കലരുന്നുണ്ടെന്ന് അറിഞ്ഞു കൊണ്ട്.

"എത്ര നേരമായി ഒരു സൈക്കിൾ നോക്കി നിൽക്കുന്നു! " കൂട്ടുകാരൻ പറഞ്ഞു.
നേരം ഏറെ വൈകിയെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്.
"പോട്ടെ?" ഞാൻ ചോദിച്ചു.
"ഉത്തരം തന്നിട്ട് പോ .. ഞാനാ ചോദിച്ചത് മുതൽ സൈക്കിളും സെവൻഅപ്പ് ബോട്ടിലും നോക്കി നില്കുകയായിരുന്നില്ലേ?"


ഞാൻ പതുക്കെ ചിരിച്ചു. കൈകൾ വീശി.

തിരഞ്ഞെടുത്ത ഓർമ്മകൾ മാത്രമുള്ള ജീവിതം എനിക്ക് വേണം.
അതാണ് കൂട്ടുകാരാ, നീ ചോദിച്ചതിനുള്ള ഉത്തരം.

No comments:

Post a Comment