Thursday, March 1, 2018

മതിലുകൾ, ദൃശ്യമല്ലാത്തത്!

അനിരുദ്ധൻ, എന്റെ കൂട്ടുകാരനാണ്.
സ്നേഹ, അയാളുടെ ഭാര്യയും.

അവൾ ആദ്യത്തെ തവണ എന്നെ കണ്ടു മുട്ടിയപ്പോൾ മറ്റൊരു ആമുഖവുമില്ലാതെ ഇങ്ങനെ പറഞ്ഞു:
"നിന്നെക്കുറിച്ച് അനി എപ്പോഴും പറയാറുണ്ട്.. നിങ്ങൾക്കിടയിൽ എന്ത് റിലേഷനാണെങ്കിലും എനിയ്ക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ!"

എന്റെ സ്വഭാവത്തിൽ എന്തോ വൈചിത്ര്യമുണ്ട് എന്ന് എനിയ്ക്ക് ഒരു ധാരണയുള്ളത് കൊണ്ട്, "നിങ്ങൾക്കിടയിൽ എന്ത് റിലേഷനാണെങ്കിലും" എന്നതിന്റെ വ്യാപ്തി എന്ത് തന്നെയായാലും അവൾ ആ പറഞ്ഞതിൽ ഞാൻ അമ്പരന്നില്ല. അങ്ങനെ പറഞ്ഞതെന്തേ എന്ന് ഞാൻ അന്വേഷിച്ചതുമില്ല. എങ്കിലും അത് രണ്ടുപേർ, അപരിചിതരായ രണ്ട് സ്ത്രീകൾ, പരിചയപ്പെടുന്ന അസാധാരണമായ ഒരു തുടക്കമെന്ന് ഞാൻ മനസ്സിൽ കരുതി.

പിന്നീട് അനിരുദ്ധനോട് സംസാരിച്ചപ്പോഴൊക്കെ അയാളുടെ ഭാര്യയെക്കുറിച്ച് ഞാൻ പല ചോദ്യങ്ങളും ചോദിച്ചു.  എനിക്ക് മനസ്സിലായത്, അവർക്കിടയിൽ സ്നേഹവും കരുതലുമുണ്ട്. പരസ്പരം വേദനിപ്പിക്കാതെയിരിക്കണം എന്ന തീവ്രമായ മുൻകരുതലുകളുണ്ട്. എന്നാൽ അവർക്കിടയിൽ പത്ത് വർഷങ്ങൾ ഒന്നിച്ചു കഴിഞ്ഞിട്ടും മാറാതെ നിൽക്കുന്ന അപരിചിതത്വമുണ്ട്. അവളിൽ അത് അയാളിലുള്ളതിനേക്കാൾ കൂടുതലാണ്. അയാൾ അങ്ങനെയൊന്നില്ല എന്ന് അയാളെത്തന്നെ വിശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു.

അനിരുദ്ധൻ എന്നോട് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു:
'എനിയ്ക്കും അവളോട് തുറന്ന് സംസാരിയ്ക്കണം എന്നുണ്ട്. അവൾ പറയുന്ന കാര്യങ്ങൾ എനിയ്ക്ക് മനസ്സിലാകുമെന്ന് അവളെ ബോധ്യപ്പെടുത്താൻ പക്ഷേ എനിക്ക് കഴിയുന്നില്ല. നിനക്ക് അതിന് കഴിയും. '
അയാൾ നിർബന്ധിച്ചു:
' നിന്നെപ്പോലെ സംസാരിയ്ക്കാൻ കഴിയുന്ന ഒരാൾക്കേ അതിന് കഴിയൂ.'


അനിരുദ്ധൻ പറഞ്ഞതനുസരിച്ച് സ്നേഹ, പിന്നീട് പല ദിവസങ്ങളിലും എന്നെ കാണാൻ വന്നു. നല്ല സുഹൃത്തുക്കളായി ഞങ്ങൾ ഒരുപാട് സംസാരിച്ചു. അവളെന്നെ ലിയോ എന്ന് വിളിച്ചു. മറ്റാരും എനിയ്ക്ക് അങ്ങനെ ഒരു പേരിട്ടിട്ടില്ല. അനിരുദ്ധൻ അവളെക്കുറിച്ച്, അവരെക്കുറിച്ച് എന്തെല്ലാം എന്നോട് പറഞ്ഞിരിക്കുന്നു എന്ന് അവളെന്നോട് പലവട്ടം അന്വേഷിച്ചു.

ഞാൻ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പറഞ്ഞു:
'നിങ്ങളെ അയാൾക്ക് ഇഷ്ടമാണ്. നിങ്ങൾക്കും അതറിയാമെന്ന്, അയാളെ ഇഷ്ടമാണെന്ന് അയാൾക്ക് ഉറപ്പുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ നിങ്ങൾക്ക് ഇഷ്ടക്കേടുകൾ ഉണ്ടെന്നും.. മുൻപൊന്നും അയാളത് കാര്യമാക്കാറുണ്ടായിരുന്നില്ലെന്ന് അയാൾ തന്നെ പറഞ്ഞു.. ആ ഒരു കാര്യത്തിന് മാത്രം നിങ്ങൾക്ക് പകരം അയാൾ മറ്റൊരാളെ കണ്ടെത്തുന്നതാണ് നല്ലതെന്ന്  അത് ചെയ്യുന്ന നേരത്ത് എല്ലാം നിങ്ങൾ പറയാതെ പറയുന്നുണ്ടെന്ന് അയാൾക്ക് ഇപ്പോൾ തോന്നിത്തുടങ്ങിയിരുന്നു.. അതയാളെ കൂടുതൽ കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നു. അങ്ങനെ ഒരു അവസ്ഥയിൽ നിങ്ങളെക്കൊണ്ട് എത്തിച്ചതിന് ദുരന്തം നിറഞ്ഞ ഒരു ഭൂതകാലം നിങ്ങൾക്കില്ല എന്ന് അയാൾക്ക് ഉറപ്പാണ്.. പിന്നെ ഇത്രയും കാലമായ് എന്ത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് എന്ന ആശയക്കുഴപ്പത്തിലാണയാൾ.. ..'

ആ പറഞ്ഞതൊക്കെയും ശരിയാണെന്ന് സ്നേഹ സമ്മതിച്ചു.
ഞാൻ പറഞ്ഞു:
'എനിക്ക് തോന്നിയത്  നിങ്ങൾക്ക്  gymnophobia ഉണ്ടെന്നാണ്. '
Gymnophobia യെക്കുറിച്ച് ഞാൻ അവളോട് വിശദീകരിച്ചു.

സ്നേഹ എന്റെ കൈകൾ പിടിച്ചു;
'ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് അതി കഠിനമാണെന്ന് എനിക്കറിയാം. ഞാനെന്താണ് ഇങ്ങനെ എന്ന് എനിക്കറിയില്ല! '
'സാരമില്ല!' ഞാൻ പറഞ്ഞു:
'പലർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.. '

പക്ഷേ ഇങ്ങനെ ഒരു മാനസികനിലയിൽ സ്നേഹ എത്തിയത് എങ്ങനെ എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു പക്ഷേ, മനസ്സുകളെ പഠിയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളുടെ കൗതുകം. ഒരു കാരണവുമില്ലാതെ മനസ്സ്, ശരീരത്തിന് ചുറ്റിലും ഇങ്ങനെ ഒരു പ്രതിരോധവലയം തീർക്കുകയില്ല എന്ന ഉറപ്പ്. ഒരു മനസ്സ് അതിന്റെ ഉടമയോട് മാത്രമാണ് അതിന് പറയാനുള്ളതെല്ലാം പറയുക എന്നറിയാവുന്നത് കൊണ്ട് ഞാൻ, അവൾക്ക് സംസാരിയ്ക്കാനുള്ള അവസരങ്ങൾ ഒരുപാടൊരുക്കിക്കൊടുത്തു.

ഒരു വെകുന്നേരം ഒന്നിച്ചിരുന്ന്,  സോഷ്യൽ മീഡിയയുടെ ന്യൂസ് ഫീഡുകളിൽ ഓൺലൈൻ സുഹൃത്തുക്കളുടേതായി വന്ന പോസ്റ്റുകളും മുന്നിൽ തെളിഞ്ഞ വാർത്തകളും  നോക്കുന്നതിനിടെ ഞാൻ  സ്നേഹയോട് പറഞ്ഞു:

'സത്യത്തിൽ ഇതുവഴി മനുഷ്യർ സുഹൃത്തുക്കൾ ആകുന്നതിനേക്കാൾ പരസ്പരം അവിശ്വസിയ്ക്കാൻ ശീലിച്ചു കൊണ്ടിരിയ്ക്കുകയാണ് എന്ന് എനിക്ക് തോന്നുന്നു.. ഏതൊക്കെ വഴികളിലൂടെയാണ് തങ്ങളെ തിരഞ്ഞ് അപകടം വരുന്നതെന്ന് കാത്തിരിക്കുന്നവരാകുകയാണ് എന്ന് തോന്നുന്നു.. ഈ കാഴ്‍ചകളും വാക്കുകളും ഒക്കെ നമ്മുടെ കുട്ടികളും അറിയുന്നുണ്ട് എന്നതാണ് സത്യം... അത് നല്ലതാണോ എന്നതാണ് എപ്പോഴും ഞാനാലോചിയ്ക്കുന്നത്!'

അത് ഞാൻ പറഞ്ഞതും, സ്നേഹ എന്നോട് ചോദിച്ചു:

'ലിയോ, നിനക്ക് ഓർമ്മയുണ്ടോ സൂര്യനെല്ലി കേസ്? നിനക്ക് അന്ന് എത്ര വയസ്സുണ്ടാകും?'

'ഞാനന്ന് ഏഴിലോ  എട്ടിലോ  പഠിയ്ക്കുകയായിരിക്കും.'

'അതെ. ഞാനന്ന് ഒൻപതിൽ പഠിയ്ക്കുകയായിരുന്നു. ഒരു പരീക്ഷക്കാലം...'

സ്നേഹ ഓർമ്മിച്ചു:

'എന്റെ ഓർമ്മയിൽ ആദ്യമായിട്ടായിരുന്നു അതുപോലെ ഒന്ന് .. ഇങ്ങനെയൊക്കെ ഈ ലോകത്ത് സംഭവിയ്ക്കും എന്ന് പറഞ്ഞു ഭയപ്പെടുത്തിയ ആദ്യത്തെ ഓർമ്മ... എനിയ്ക്കും ആ കുട്ടിയുടെ ഏതാണ്ട് ഒരേ പ്രായം.. ഒരുപക്ഷേ കൗമാരത്തിന്റെ ഒരേതരം പരിഭ്രമങ്ങൾ, കൗതുകങ്ങൾ, രസങ്ങൾ.. ആ കാലത്ത് നമ്മളിൽ പലരെയും കാത്ത് ഇഷ്മമാണെന്ന് ആണയിട്ട് ചിലർ ബസ്സിന്റെ വാതിൽക്കൽ നില്കുന്നുണ്ടാകും, പ്രണയത്തിന്റെ ടിക്കറ്റുകൾ മുറിച്ചു തരുന്നുണ്ടാകും, റിയർ വ്യൂ മിററുകളിലൂടെ നമ്മുടെ കൃത്യമായ് പാളിപ്പോകുന്ന നോട്ടങ്ങൾ കാത്ത് ഗിയർ മാറ്റുന്നുണ്ടാകും .. നമുക്ക് പോകാനുള്ള ഇടവഴികളിൽ സൈക്കിൾ ബെല്ലടിച്ചു പിന്നാലെ വരുന്നുണ്ടാകും.. ഉച്ചഭക്ഷണം കഴിച്ചെത്തുന്നത് കാത്ത് പുസ്തകത്തിൽ അക്ഷരത്തെറ്റുകളോടെ കിടക്കുന്ന കത്തുകൾ ഉണ്ടാകും.. അത്തരം അനുഭവങ്ങൾ അപകടത്തിലേക്കുള്ള വാതിൽ കൂടിയാണെന്ന് തോന്നലുണ്ടാക്കിയത് ആ കേസിനെക്കുറിച്ച് പത്രത്തിൽ വന്ന വാർത്തകളായിരുന്നു.. നടുപ്പേജിൽ, ആകാംക്ഷ തോന്നിപ്പിയ്ക്കുന്ന ഭാഷയിൽ ആ കുട്ടിയെക്കുറിച്ച്, അവളുടെ ദുരന്തങ്ങളെക്കുറിച്ച് നിരന്തരം വായിച്ചു കൊണ്ടിരുന്നു.. എനിക്ക് തോന്നുന്ന ചിന്തകളും  കൗതുകങ്ങളും രസങ്ങളും ആ കുട്ടിയുടെ അനുഭവത്തിലേയ്ക്ക് എന്നേയും കൊണ്ടെത്തിയ്ക്കുമെന്ന് ഞാൻ ഭയപ്പെട്ട് തുടങ്ങി.. വീട്ടിൽ ഇതൊന്നും ആരോടും പറയാൻ ഉണ്ടായിരുന്നില്ല.. ആർക്കും ഒന്നും പറഞ്ഞു തരാനും ഉണ്ടായിരുന്നില്ല... ഞാൻ തനിച്ചായിരുന്നു ആ പരീക്ഷക്കാലത്ത് അച്ഛനും അമ്മയും ഓഫീസിൽ പോകുന്ന പകലുകൾ മുഴുവനും.. അവരെന്നെ വീട്ടിനുള്ളിൽ പൂട്ടിയിട്ടാണ് പോവുക.. തിരിച്ചു വരുമ്പോൾ അന്നന്ന് പഠിയ്ക്കാൻ ഏല്പിച്ചു വച്ച പാഠങ്ങൾ മുഴുവൻ ഹൃദിസ്ഥമാക്കിയിട്ടുണ്ടോ എന്ന് മാത്രമാണാന്വേഷിയ്ക്കുക.. അങ്ങനെയുള്ള ദിവസങ്ങളിൽ അപകടകരമാണെന്ന് ഞാൻ തന്നെ സ്വയം വിധിച്ച തോന്നലുകളെ, കൗതുകങ്ങളെ ഓരോന്നിനെയും ഞാൻ മനസ്സിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞു. .. '
'ഇപ്പോഴും ഓർമ്മയുണ്ട് അന്ന് എന്റെ വീട്ടിലുണ്ടായിരുന്ന കുളിമുറിയ്ക്ക് സിമന്റ് തേച്ച നിലമായിരുന്നു. അതവിടെയിവിടെ പൊട്ടി ചെറിയ കല്ലുകൾ ഉയർന്ന് കാണാം.. അവിടെയിവിടെ പായൽ പിടിച്ച പോലെ പച്ച നിറവും.. ആ കുളിമുറിയ്ക്ക് നാരങ്ങാസോപ്പിന്റെയും വെന്തവെളിച്ചെണ്ണയുടെയും മണമായിരുന്നു.. ഉയരത്തിൽ ചെറിയ ജനലുകളായിരുന്നു അതിന്.. വീട്ടിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം, തണുപ്പുള്ളയിടം.. ഞാനവിടെ വളരെ നേരം സമയം ചിലവിടും.. ആ മധ്യവേനലവധിയ്ക്ക്  ആ കുളിമുറി പൊളിച്ചു കളഞ്ഞു. പകരം കിടപ്പ് മുറിയോട് ചേർത്ത് നീല ടൈലും ചുവരിൽ കണ്ണാടിയും ഉള്ള ഒരു പുതിയ കുളിമുറി പണിഞ്ഞു.. പെട്ടന്ന് എനിക്ക് എന്റെ അഭയസ്ഥാനം നഷ്ടപ്പെട്ടത് പോലെ തോന്നി.. പെട്ടന്ന് ചുവരിൽ വന്ന കണ്ണാടികൾ എന്നെ, എന്റെ ചിന്തകളെയും ശരീരത്തെയും കുറിച്ചോർമ്മിപ്പിച്ച് അസ്വസ്ഥപ്പെടുത്തി.. ഞാൻ വലുതായതിൽ പിന്നെ അടുത്തേക്ക് ഞാൻ ചെല്ലുമ്പോഴൊക്കെ അച്ഛൻ, അച്ഛ്ന്റെ വസ്ത്രങ്ങൾ  സ്ഥാനം തെറ്റിക്കിടക്കുകയാണെന്ന മട്ടിൽ ഒരു വെപ്രാളം കാണിയ്ക്കും.. എനിയ്ക്ക് അതൊരു അപമാനമായിട്ടാണ് തോന്നുക.. ഭയപ്പെടാനുള്ള, അപകടപ്പെടുത്താനുള്ള എന്തോ ഒന്ന് എല്ലാ ശരീരങ്ങളിലുമുണ്ടെന്ന് ഞാനന്ന് മുതൽ വിശ്വസിച്ചു തുടങ്ങിയിരുന്നു.. അതൊന്നും ചോദിയ്ക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല.. നല്ല കുട്ടികൾ എപ്പോഴും പരീക്ഷയെക്കുറിച്ചും പാഠപുസ്തകങ്ങളെക്കുറിച്ചും മാത്രമല്ലേ പറയാവൂ! '

മനസ്സിൽ  അമിതപ്രതീക്ഷകൾ നിറഞ്ഞ, ആകാംക്ഷകൾ പങ്കിടാൻ ആരും കൂടെയുണ്ടാകാതിരുന്ന വളരെ അരക്ഷിതമായ ഒരു സമയത്ത്  തന്റെ മുന്നിൽ വന്ന ഒരു ന്യൂസ് റിപ്പോർട്ടിലെ പെൺകുട്ടിയെ; തന്റെയുള്ളിൽ വളരുന്ന കൗതുകങ്ങളിലേക്ക് പ്രതിഷ്ഠിയ്ക്കുകയും അവളുടെ ദുരന്തങ്ങൾ ഒരു കാലത്ത് തനിക്കും വന്നു ചേരുമോ എന്ന് ഭയപ്പെടുകയും അതുകൊണ്ട് സ്വാഭാവികമായി തന്നിലുണ്ടായ മാറ്റങ്ങളെ, ശരീരത്തിന്റെ വളർച്ചയെ അംഗീകരിയ്ക്കാൻ തയ്യാറാകാതെയിരിക്കുകയും അതുമായി ബന്ധപ്പെട്ട എല്ലാത്തിനോടും അപകർഷത തോന്നുകയും ചെയ്തതാണ് സ്നേഹയ്ക്ക് സംഭവിച്ചത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചു പോയാൽ 'ഒരു നല്ല കുട്ടിയുടെ ജീവിതം എന്നന്നേക്കുമായി അവസാനിച്ചു പോകുമെന്നാണ്' അവൾ ചുറ്റിലുമുള്ളവരിൽ നിന്ന് വായിച്ചെടുത്തത്. അങ്ങനെ സംഭവിയ്ക്കാതെയിരിക്കാനുള്ള  മുൻകരുതലായിരുന്നു അവളെടുത്തത്!ഇപ്പോഴും അന്ന് മനസ്സിനും ശരീരത്തിനും ചുറ്റിലും കെട്ടിയ മതിലുകൾ ഒന്നും പൊളിച്ചു കളയാൻ കഴിഞ്ഞിട്ടില്ല, അവൾക്ക്. എനിയ്ക്ക് മനസ്സിലായി.  ഭയത്തിന്റെ വസ്ത്രങ്ങൾ അഴിച്ചു വയ്ക്കാനും കഴിയുന്നില്ല.

'എത്ര കാലമായ് ഞാനതിന് ശ്രമിയ്ക്കുന്നു എന്നറിയാമോ? എന്നാൽ ഇനി അപകടമില്ലെന്ന് എന്റെ മനസ്സോ ശരീരമോ വിശ്വസിയ്ക്കാൻ കൂട്ടാക്കുന്നതേയില്ല..'
-സ്നേഹ പറഞ്ഞു.

'അതിനുള്ള സാവകാശം അനിരുദ്ധൻ തരാതിരുന്നിട്ടാണ്.. '
ഞാൻ ചിരിച്ചു:
'നിങ്ങളുടെ ഭയം ഇല്ലാതെയാകണം എന്ന് ഇപ്പോൾ അയാൾ ശരിയ്ക്കും ആഗ്രഹിയ്ക്കുന്നുണ്ട്! പതുക്കെ പതുക്കെ നമുക്കീ അവസ്ഥയിൽ നിന്ന് പുറത്ത് വരാം...നമ്മിലെ ഭയങ്ങളോട് നാം തന്നെ നേരിട്ട് സംസാരിച്ചു തുടങ്ങുമ്പോഴേ നാം എത്ര ധീരരാണെന്ന് നമുക്ക് തന്നെ മനസ്സിലാകൂ'
ഞാൻ സ്നേഹയെ ചേർത്ത് പിടിച്ചു.. 

'ആദ്യമൊക്കെ അവളുടെ ഭയം എനിക്കൊരു രസമായിരുന്നു. ആ ഭയം കാണുമ്പോൾ ഞാൻ മറ്റെല്ലാം മറക്കും... ഒരു ഉത്തേജനം. അത് കൊണ്ട് അന്നൊക്കെ അങ്ങനെ ആയിരുന്നു... പക്ഷേ ഇപ്പോൾ, ഇത്രയും നാൾ ഒന്നിച്ചു ജീവിച്ചു കഴിഞ്ഞപ്പോൾ അതൊക്കെ ഒരു അപമാനമായി തോന്നുന്നു.. അവൾ ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് പ്രതിരോധിയ്ക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലാകുന്നു .. അതാണ് അതെന്തുകൊണ്ടാണെന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിയ്ക്കുന്നത്. പക്ഷേ ചോദിയ്ക്കാൻ എനിയ്ക്ക് ധൈര്യമില്ല..'
- അനിരുദ്ധൻ എന്നോടൊരിയ്ക്കൽ പറഞ്ഞിരുന്നു.
ഭീരു ആയത് കൊണ്ട് തന്നെയാണല്ലോ ആദ്യകാലങ്ങളിൽ അവളുടെ ഭയം ആസ്വദിയ്ക്കുകയും ഒരു ഉത്തേജനം പോലെ സ്വീകരിയ്ക്കുകയും ചെയ്തത് എന്ന് ഖേദത്തോടെ ഞാനപ്പോൾ അയാളെ ഓർമ്മിപ്പിച്ചിരുന്നു.

ഒരു ചാവേർ തന്നിൽ കെട്ടിവെച്ച സ്ഫോടകവസ്തു എന്ന പോലെ സ്വന്തം ശരീരത്തേയും അതിലെ മാറ്റങ്ങളേയും ആഗ്രഹങ്ങളേയും ചുമന്ന് എവിടെയൊക്കെയോ കുട്ടികൾ ഇപ്പോഴും വളരുന്നുണ്ടാകും.
ഞാൻ ഓർത്തു.
മികച്ച ഒരു പ്രോഗസ്സ് റിപ്പോർട്ട് മാത്രമാണ് തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള അവസാനവാക്കെന്ന് വിശ്വസിയ്ക്കുന്ന അച്ഛനമ്മമാരാകും അവരെ വളർത്തുന്നത്! അവരിലേക്കാണ് നാം അക്രമങ്ങളുടെ, ദുരന്തങ്ങളുടെ, അന്യായങ്ങളുടെ വാർത്തകൾ നിരന്തരം അയക്കുന്നത്.
ചിലപ്പോൾ വളരെ നിസ്സാരമായി, ഒരു കൗതുകത്തിന്,  നാം കൈമാറുന്ന ചില വാർത്തകൾ, കാഴ്‌ചകൾ നമ്മൾ പ്രതീക്ഷിയ്ക്കുക പോലും ചെയ്യാത്ത ഒരാളിൽ, ഒരു പക്ഷേ എവിടെയോ ഉള്ള ഒരു കുട്ടിയിൽ, അപ്രതീക്ഷിതമായ, അവിശ്വസനീയമായ ചില മാറ്റങ്ങൾ ഉണ്ടാക്കാം; ഒരു തിരിച്ചുവരവ് പോലും അസാധ്യമാക്കുന്ന ഒരു മാനസിക നില അവരിൽ രൂപപ്പെട്ടേക്കാം. അതവരുടെ സ്വഭാവങ്ങളുടെ ഭാഗമാകും; ശീലങ്ങളുടെ ഭാഗമാകും.
അതവർ നമുക്ക് തിരിച്ചു തരും.
അതിന്റെ  തുടർച്ചകളുണ്ടാകും..
തുടർച്ചകളുടെ തുടർച്ച!
അത്രമേൽ അശാന്തിയും !


_____________________________________________________________________________
Gymnophobia: An abnormal and persistent fear of nudity. Sufferers of this phobia experience undue anxiety even though they realize their fear is irrational. They may worry about seeing others naked or being seen naked, or both.

No comments:

Post a Comment