Monday, February 5, 2018

ഒരു കാര്യം ചോദിയ്ക്കട്ടെ?

കഴിഞ്ഞ ദിവസം, വളരെ പരിചയമുള്ള ഒരു പ്രൊഫൈലിൽ നിന്ന് എനിയ്‌ക്കൊരു മെസ്സേജ് കിട്ടി.
സുഖമാണോ എന്ന ചോദ്യത്തിനപ്പുറം അയാൾ ചോദിയ്ക്കുന്നു, 
നിങ്ങൾ  എന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്യാറുണ്ട്. നിങ്ങൾക്ക് അവ ശരിയ്ക്കും ഇഷ്ടപ്പെട്ടു തന്നയാണോ?

ഞാൻ ആലോചിച്ചു: കണ്ടു എന്നറിയ്ക്കാൻ ഞാൻ ലൈക്ക് ചെയ്യാറില്ല, ഒരു ലൈക്ക്  കൊടുത്താൽ ഒരു ലൈക്ക് തിരിച്ചു കിട്ടണമെന്ന ബാർട്ടർ സമ്പ്രദായത്തിൽ ഞാൻ കച്ചവടം ചെയ്യുന്നുമില്ല.
ഞാൻ പറഞ്ഞു:
-എന്നാലും എന്റെ ഇമോഷൻ മുഴുവൻ പ്രകടമാക്കണമെങ്കിൽ ഒന്നിലധികം ഭാവങ്ങളെ പ്രകടിപ്പിയ്ക്കണം. നിങ്ങൾ എഴുതിയ വിധം ഇഷ്ടമായി എന്നാൽ നിങ്ങളുടെ അവസ്ഥയിൽ സങ്കടമുണ്ട് എന്ന് പറയാൻ കഴിയണം, പൊട്ടിച്ചിരിച്ചു കൊണ്ട് ഹൃദയം തരുന്നു എന്ന് പറയണമെന്നുണ്ട്. നിങ്ങൾ സൂചിപ്പിച്ച വ്യവസ്ഥിതിയോട് അമർഷമുണ്ട്, എന്നാലും നിങ്ങൾ എന്നെ ഇങ്ങനെ പറഞ്ഞു ചിരിപ്പിച്ചു കളഞ്ഞു, ഇങ്ങനെ ഇങ്ങനെ പലപല ഭാവങ്ങൾ കലർന്ന് വികാരം പ്രകടിപ്പിയ്ക്കണം എന്നുണ്ട്.

-എന്നിട്ട് അതൊന്നും ചെയ്യാറില്ലല്ലോ.
-അങ്ങനെയൊക്കെ കമന്റ് ചെയ്‌താൽ, ഓരോന്നിലും അങ്ങനെ ചെയ്‌താൽ ബോറാകും.
-അങ്ങനെയൊന്നുമില്ല;അത് നിങ്ങൾക്ക് തോന്നുന്നതാണ്.
- ആയിരിക്കും. 
ഞാൻ സമ്മതിച്ചു: 
-ഞാൻ ഒരു കോക്കസ്സിന്റെ പിടിയിലാണ്; നിർഭാഗ്യവശാൽ അതിനെ നിയന്ത്രിയ്ക്കുന്നത് ഞാൻ തന്നെയാണ്.
-ഒരു കാര്യം ചോദിയ്ക്കട്ടെ?
-പറയൂ.
-നിങ്ങൾ എവിടെയാണ് പ്രൊഫൈൽ ഡീആക്ടീവ് ചെയ്ത് ഇടയ്ക്കിടെ പോകുന്നത്?
-അത് മരിയ്ക്കാൻ ഇഷ്ടമില്ലാത്തവരുടെ ആത്മഹത്യ ആണ്. ഞാൻ അതൊരു പത്തു പന്ത്രണ്ട് പ്രാവശ്യം ചെയ്തിട്ടുണ്ട്. ഇനി ഉണ്ടാവില്ല.

അയാൾ ചിരിയ്ക്കുന്ന ഒരു മുഖം മറുപടിയായി അയച്ചു.
എന്നിട്ട് വീണ്ടും ചോദിച്ചു:
-എന്താണ് എന്റെ എഴുത്തിനെക്കുറിച്ച് പറയാനുള്ളത്?

ഞാൻ ആലോചിച്ചു. വീണ്ടും ആലോചിച്ചു.എന്നിട്ട് പറഞ്ഞു;
-നിങ്ങൾ നന്നായി എഴുതുന്നു. വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് കാര്യങ്ങൾ വ്യക്തമാക്കുന്നു. എന്നാലും നിസ്സഹായനും നിർഭാഗ്യവാനും അപ്രശസ്തനും തോറ്റ് പോയവനുമായ് സ്വയം അവതരിപ്പിയ്ക്കുന്നു. വർഷങ്ങളായി അതിൽ  ഒരു മാറ്റവുമില്ല. 
-നിങ്ങൾ ഒരു ഫെമിനിസ്റ്റാണോ?
- എല്ലാ ദിവസവും അല്ല.

അയാൾ ദീർഘിച്ച ഒരു മറുപടി എനിയ്ക്ക് എഴുതുകയാണെന്ന് മനസ്സിലായി.
കുറച്ചു നേരം കാത്തിരുന്നു ഞാൻ സൈൻ ഔട്ട് ചെയ്തു.
പിറ്റേ ദിവസം എന്നെ കാത്തിരുന്ന മറുപടി ഇതായിരുന്നു:

- ഇത്ര വർഷമായിട്ടും തൊഴിൽ കണ്ടെത്താൻ കഴിയാത്ത, വരുമാനമില്ലാത്ത, സ്വന്തമായി വീടില്ലാത്ത ഒരു പുരുഷന്റെ കാര്യം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  അയാളുടെ ഒപ്പം ആരാണുണ്ടാവുക?  വെറുതെയാണെങ്കിലും, ഭക്ഷണം കഴിച്ചുവോ സുഖമായി ഉറങ്ങിയോ എന്ന് അകലെയിരുന്നെങ്കിലും ചോദിയ്ക്കാൻ ആളില്ലാത്ത ഒരുവൻ അവന്റെ നിർഭാഗ്യങ്ങളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും അല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് പറയുക. 

നിങ്ങൾ സ്ത്രീകൾ എങ്ങനെ ആണെങ്കിലും സ്നേഹിയ്ക്കപ്പെടുന്നു. സ്വന്തമായി വരുമാനം ഇല്ലാത്തവരാണെങ്കിലും ഭംഗിയുള്ള വീടുകളിൽ താമസിയ്ക്കുന്നു, രുചികരമായ ഭക്ഷണം കഴിയ്ക്കുന്നു. സിനിമകൾ കാണുന്നു. നല്ല വസ്ത്രങ്ങൾ ധരിയ്ക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. സമത്വത്തെക്കുറിച്ച് പറയുന്നു.

ഞങ്ങൾക്ക് ഏത് രാത്രിയിലും എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. എവിടെക്കിടന്നും ഉറങ്ങാം. എന്നാലും വിശക്കുന്നവന്റെ, തിരിച്ചു കയറി വരാൻ വീടില്ലാത്തവന്റെ, കാത്തിരിയ്ക്കാൻ ആരുമില്ലാത്തവന്റെ സ്വാതന്ത്ര്യം എന്താണെന്ന് കൂടി പറയണം. അവന്റെ ഈ സ്വാതന്ത്ര്യം തുല്യമായി പങ്കിടാൻ ഒപ്പം വരിക ആരാണെന്ന് കൂടി പറയണം. മനുഷ്യനാണെന്നെല്ലാതെ മറ്റൊരു ആത്മവിശ്വാസവും അവനില്ലെന്ന് ഓർക്കണം.

ഒരു പുരുഷന് , അവനെടുത്ത വലിയ വീടിന്റെ, അവന്റെ പക്കലുള്ള കാറിന്റെ, ഭൂമിയുടെ, അവന്റെ തൊഴിലിന്റെ വലുപ്പത്തിലാണ് ഒരു ജീവിതം സ്വന്തമായ് കിട്ടുന്നത്. അതിൽ പിന്നെയാണ് അവനെന്ത് പറയാനുണ്ടെന്ന് കേൾക്കാൻ അടുത്തൊരാൾ വന്നിരിയ്ക്കുന്നത്.. അതൊന്നും ഇല്ലാത്ത, അതൊന്നും ഇല്ലാത്തത് കൊണ്ട് ആരുമില്ലാത്ത, ചിലനേരങ്ങളിൽ സംസാരിയ്ക്കാൻ പോലും ആരുമില്ലാത്ത എന്നെപ്പോലുള്ളവർ, എവിടെയോ ഒരാൾക്കൂട്ടം ഞങ്ങളെ കേൾക്കുന്നു എന്ന് കരുതി, ഇങ്ങനെയൊക്കെ പറയുന്നു. 

ഞങ്ങൾ ഒരു പ്രൊഫൈൽ മാത്രമാണ്. പോസ്റ്റുകൾ എഴുതിയിടാനുള്ളത്.
ഇഷ്ടം, സ്നേഹം, പൊട്ടിച്ചിരി, വിസ്മയം,സങ്കടം, അമർഷം- എല്ലാം കലർന്നൊരു ജീവിതത്തിൽ നിന്ന് ഏതെങ്കിലും ഒന്നെടുത്ത് പങ്കിടാൻ മാത്രമുള്ളത്.
നന്ദി. ഇനി പ്രൊഫൈൽ ഡീ ആക്ടീവ് ചെയ്യരുത്.

No comments:

Post a Comment