Thursday, February 1, 2018

വൺസ് ഇൻ എ ബ്ലൂ മൂൺ :-)

മരുഭൂമിയിലും ചൂടുള്ള വെയിൽ കഷ്ണങ്ങൾ തിരഞ്ഞു നടക്കാൻ തോന്നുന്ന  ചില വൈകുന്നേരങ്ങളുണ്ട്. അങ്ങനെയുള്ള വൈകുന്നേരങ്ങളിൽ വെയിൽ കൊണ്ടിരിയ്ക്കാൻ എനിയ്ക്ക് ഒരു മരചുവട്ടുണ്ട്. അവിടേയ്ക്ക് ഈ ദിവസങ്ങളിൽ വെയിൽ ആവോളം വന്നു വീഴും. ആ വെയിൽ വഴിയിൽ വിരലുകളായ് ഉയർന്നു നിൽക്കുന്ന വലിയ കെട്ടിടങ്ങളില്ല. ഒരു ചിത്രത്തിലേതെന്നതുപോലെ നോക്കി നിൽക്കാൻ തോന്നുന്ന മരച്ചുവട്. അതിന്റെ തായ്ത്തടി വളഞ്ഞ്, മറ്റേതോ ചെടി വളർന്നു നിൽക്കുന്നത് പോലെ ഇലകളുള്ള, ഉയരം വളരെ കുറഞ്ഞ, ചില്ലകൾ നിറഞ്ഞതാണ്. ഭംഗിയുള്ള പച്ച.

അതിന്റെ ചുവട്ടിൽ മറ്റാരെയെങ്കിലും കാണാൻ ഇടയായാൽ എന്നിലെ കുശുമ്പിയായ പ്രണയിനി കലഹം തുടങ്ങും. മുഖം വീർപ്പിച്ചു നിൽക്കും. മറ്റൊരു മരത്തിനടിയിലും ചെന്നിരിയ്ക്കാൻ തോന്നാതെ, വിസ്‌തൃതമായ ആ പാർക്ക് മുഴുവൻ നടന്ന്, ഇരുട്ടിൽ ആ മരത്തെ ഉപേക്ഷിച്ചു മടങ്ങും.  അത് അറിഞ്ഞതുകൊണ്ടാണോ എന്ന് അറിയില്ല; കുറച്ചു ദിവസങ്ങളായി മരം, എനിക്ക് അതിന്റെ ചുവട്ടിൽ ഇരിപ്പിടം പിടിച്ചു വയ്ക്കാറുണ്ട്. ഞാൻ അതിനോട് ചേർന്നല്ല ഇരിയ്ക്കാറുള്ളത്; മുഖാമുഖം എന്നവണ്ണം. എന്നിട്ട് അതിന്റെ ചില്ലകൾക്കിടയിലൂടെ സൂര്യൻ നിറം മാറുന്നതും മേഘങ്ങൾ അതണിയുന്നതും നോക്കി നോക്കി ഇരിയ്ക്കും.

പാർക്കിലേക്കുള്ള വഴിയാണ് ആ മൈതാനത്തിലേയ്ക്കും. പാർക്കിനു മൂന്ന് ഭാഗങ്ങൾ ഉണ്ട്. നടുവിൽ കുട്ടികൾക്ക് കളിയ്ക്കാനുള്ള ഇടം. അതിന് വലിച്ചു കെട്ടിയ ഉറപ്പുള്ള കൂടാരത്തിലേതെന്നതുപോലെ മേൽക്കൂരയുണ്ട്. അമ്മമാർക്ക് അവരുടെ കുട്ടികൾ  കളിയ്ക്കുന്നത്  നോക്കിയിരിയ്ക്കാനുള്ള മരബെഞ്ചുകളും. മരച്ചുവട്ടിൽ ഇരിയ്ക്കാൻ ഇടം കിട്ടാത്ത ദിവസങ്ങളിൽ ഞാൻ കുറച്ചു നേരം അമ്മമാർക്കുള്ള ആ ബെഞ്ചിൽ ചെന്നിരിയ്ക്കാറുണ്ട്. അല്ലെങ്കിൽ സിസോ കളിയ്ക്കാൻ കൂട്ടുകാരില്ലാത്തവരുടെ കുഞ്ഞുപങ്കാളിയാകും. ഒരു കുട്ടിയായ് ആ ദിവസങ്ങളിൽ വീട്ടിലേക്ക് മടങ്ങും. പാർക്കിന്റെ ഒരുവശത്ത് പൂക്കൾ വളർത്തിയ ഇടങ്ങളോട് ചേർന്ന് കുടുംബങ്ങൾ ഒത്തുചേരും. മറുവശത്ത് ഉയരത്തിൽ നെറ്റ് ഇട്ട കളിക്കളമാണ്. വലിയ ആൺകുട്ടികളും പുരുഷന്മാരും മാത്രം കളിയ്ക്കുകയും ആർപ്പു വിളിയ്ക്കുകയും ചെയ്യുന്ന സ്ഥലം. പാർക്കിന് ചുറ്റിയുള്ള റോഡിന്റെ മറുവശത്ത് മൂന്നു നിലകളുള്ള കെട്ടിടങ്ങളാണ്. അതിന്റെ താഴത്തെ നിലകളിൽ സൂപ്പർമാർക്കറ്റുകളും സലൂണുകളും റസ്റ്ററന്റുകളും.

എന്റെ മരച്ചുവടിനടുത്ത് നിന്ന് നോക്കിയാൽ ഒരു പെറ്റ് ഷോപ്പ് കാണാം. വളർത്തുമൃഗങ്ങൾക്കുള്ള ആഹാരസാധനങ്ങളും കുഞ്ഞു വീടുകളും കളിക്കോപ്പുകളും വിൽക്കുന്ന ഒരിടം.  തങ്ങളിൽ പണക്കാരായവരുടെ പഞ്ഞിക്കിടക്കകളിലേയ്ക്കും പാക്കറ്റ് ഫുഡിലേയ്ക്കും കണ്ണാടിച്ചില്ലിലൂടെ നോക്കി, അലഞ്ഞു തിരിയുന്ന പൂച്ചകൾ അതിന്റെ പുറത്ത് വിശ്രമിച്ചു. കൊഴുത്തുരുണ്ട പൂച്ചകളായിരുന്നു അവയിൽ എല്ലാം. ഗാർബേജുകളിൽ നിന്ന് മൃഷ്ടാന്നം ഭക്ഷിച്ചും ബോഗൻ വില്ലകൾ ഭംഗിയായ് വെട്ടിനിർത്തിയിട്ടിരിയ്ക്കുന്നതിനിടയിൽ വിസർജ്ജിച്ചും അവർ സ്വതന്ത്രരായി വിഹരിച്ചു. ആവോളം വെയിലും പ്രാണവായുവും ആസ്വദിച്ചു. ചൈനയിൽ നിന്നുള്ള ഒരു വിഭാഗം, ഇവിടേയും അവയെ പിടിച്ചു കൊണ്ട് പോയി ഭക്ഷിക്കാറുണ്ടെന്ന് എന്റെ കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞിട്ടുണ്ട്. ( അത് കേട്ടുകൊണ്ടിരുന്ന മറ്റൊരുവൾ അയ്യേ എന്ന് ശർദ്ദിച്ചു കാണിച്ചു. എന്നിട്ട് തന്റെ പ്‌ളേറ്റിലേക്ക് കണവത്തോരൻ വിളമ്പികൊണ്ട് ചോദിച്ചു: "പോർക്ക് വരട്ടി വെച്ചത് ഇത്രയും വേഗം തീർത്തോ?" :-D )

പെറ്റ് ഷോപ്പിലെ കൂടുകളിൽ കിളികളും ഭംഗിയുള്ള പളുങ്ക് പാത്രങ്ങളിൽ മീനുകളും ഉണ്ടായിരുന്നു.  കഴുത്തിൽ തുകൽ ബെൽറ്റ് കെട്ടിയ നായ്ക്കൾ ഉടമസ്ഥരോടൊപ്പം വന്ന് തങ്ങൾക്കുള്ള പാക്കറ്റ് ഫുഡും ഫ്ളാറ്റിന്റെ ചുമരുകൾക്കുള്ളിൽ ടിവി കണ്ട് കിടക്കാനുള്ള പഞ്ഞിക്കിടക്കകളും ചെറിയ കളിക്കോപ്പുകളും വാങ്ങിച്ചു മടങ്ങിപ്പോയി. അവരിൽ ചിലർ അലസരായി കിടക്കുന്ന പൂച്ചകൾക്ക് നേരെ കുരച്ചു. ഭംഗിയായ് അലങ്കരിച്ച പക്ഷിക്കൂടുകളിൽ മുഖമുരസി. മീനുകളെ നോക്കി നിന്നു. ഷോപ്പ് നടത്തിപ്പുകാരായിരുന്ന ഫിലിപ്പിനോകൾ ഒഴിവ് സമയങ്ങളിൽ പുറത്തിട്ട കസേരകളിൽ ഇരുന്ന് പുകവലിയ്ക്കുകയോ ഭംഗിയായ് ചീകിയിട്ട ചായം തേച്ച മുടിയിലൂടെ വിരലോടിച്ചു കൊണ്ട് മൊബൈലുകളിൽ മുഖം പൂഴ്ത്തി ഇരിയ്ക്കുകയോ ചെയ്തു.

വെയിൽ ചായും തോറും ആകാശം പക്ഷികൾ കൊണ്ട് നിറയാൻ തുടങ്ങും. പക്ഷികൾ, മേഘങ്ങൾ പോലെ ആകാശത്ത് കൂട്ടമായ് നിറയും. ചിലർ വിമാനത്തിന്റെ ആകൃതിയിൽ ദൂരേയ്ക്ക് ദൂരേയ്ക്ക് എന്നവണ്ണം പറന്നു പറന്നു പോകും. ചില പക്ഷിക്കൂട്ടങ്ങൾക്ക് ഗോളാകൃതിയാകും. അവർ ഒരേയിടത്ത് ഭ്രമണം ചെയ്തു കൊണ്ടിരിയ്ക്കുകയാണോ അതോ ഗോളാകൃതിയിൽ പറന്നു പറന്നകലുകയാണോ എന്ന് ഞാൻ വിസ്മയിക്കും. ചില പക്ഷിക്കൂട്ടങ്ങളിൽ ഒരുപാട് പേരുണ്ടാകും. ചിലതിൽ വിരലിൽ എണ്ണാവുന്നത്. എന്നാൽ ഒറ്റയ്ക്ക് ഒന്നു പോലും പറന്നു പോയില്ല. അതിരുകളില്ലാത്ത ഒരിടത്ത് ആരും ഒറ്റയ്ക്കാവില്ലെന്ന് എനിയ്ക്ക് തോന്നും.

സാധാരണ സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ഞാൻ മുറിയിലേക്ക് മടങ്ങുകയാണ് പതിവ്. വെയിൽ നിറം മാറ്റാത്തതും പക്ഷികൾ പറക്കാത്തതുമായ ആകാശം നിശ്ചലമാണ്. നിശ്ചലമായ ഒന്നിന് ഓർമ്മകളേ പങ്കുവയ്ക്കാനുണ്ടാകൂ. എഴുതാൻ വാക്കുകൾ കിട്ടാതെ വരുമ്പോൾ മാത്രം ഞാൻ ചെന്നെത്തി നോക്കുന്ന ഇടമാണത്, അത്രയൊന്നും പ്രിയപ്പെട്ടതല്ലാത്തത്. ഞാൻ ഇയ്യിടെയായി ഓർമ്മകളിൽ ചൂണ്ടയിടാറില്ല; അതിനിടയാക്കുന്ന ഒരിടത്തും ചെന്നിരിയ്ക്കാറുമില്ല.

അന്നും മടങ്ങാൻ ഒരുങ്ങിയതായിരുന്നു ഞാൻ.
പക്ഷേ അതിന് മുൻപേ അയാൾ എന്റെ അടുക്കലേയ്ക്ക് വന്നു.

"ആകാശം എന്ന ഒറ്റവാക്ക് കൊണ്ട് അവിടെ നാം കണ്ട നിറങ്ങളെയെല്ലാം ഓർത്തുവയ്ക്കാൻ കഴിയില്ല!"
ഇങ്ങനെ പറഞ്ഞാണ് അയാൾ സംഭാഷണത്തിന് തുടക്കമിട്ടത്. 
"അതിന് ഒരു ചിത്രത്തിലേക്ക് അത് പകർത്തിവയ്ക്കണം. ഒരു ക്യാമറയിലേക്കല്ല; ക്യാൻവാസിലേക്ക് - നമ്മിലതെങ്ങനെ പ്രതിഫലിച്ചു എന്നുകൂടി ഓർത്ത് വയ്ക്കാൻ! "
"ആഹാ!" എന്ന് ഞാൻ നിറഞ്ഞു ചിരിച്ചു.
കവിതകൾ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന ഒരാൾ കേൾക്കുന്നതിലെല്ലാം, കവിതയുണ്ടാകുമെന്ന് എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞത് ഞാൻ ഓർത്തു. 


അയാൾ എന്റെ കൈകൾ പിടിച്ചു, അയാളിലേക്ക് ഞാൻ നീട്ടിപ്പിടിച്ച കൈകൾ. നീണ്ട വിരലുകൾ. ഭംഗിയുള്ള നഖങ്ങൾ.

മുൻപ് രണ്ട് തവണ അയാളെ കണ്ടത് ഞാൻ ഓർക്കുന്നു. അയാൾ ഒരു ആഫ്രിക്കൻ വ്യാപാരിയാണ്. ഞാൻ ജോലി ചെയ്യുന്ന ലോജിസ്റ്റിക് കമ്പനിയിൽ ഞങ്ങളുടെ കമ്പനിയുടെ പേമെന്റ് റ്റെമ്സ് ആൻറ് കണ്ടീഷൻസിനെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു അയാൾ. പിന്നീട് അയാളെ കണ്ടത് അവധി ദിവസങ്ങളിൽ ഒന്നിലാണ്. ഗാലറികളും എക്സിബിഷൻ സെന്ററുകളും സ്റ്റുഡിയോകളും ധാരാളമായി ഉള്ള നഗരഭാഗത്തു വെച്ച്. ഒരു പകൽ അവിടെ ചിലവഴിക്കണമെന്ന് കരുതിയതായിരുന്നു ഞാൻ. പക്ഷേ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും അവധിയായിരുന്നു അന്ന്.

അവിടെ കണ്ടുമുട്ടിയ സെക്ക്യൂരിറ്റി ഓഫീസറോട് സംസാരിച്ചു കൊണ്ട് പുറത്തിട്ട ഇരിപ്പിടങ്ങളിൽ ഒന്നിലിരുന്നു. അവിടെയുള്ള ഓരോ കെട്ടിടങ്ങളും അതിന്റെ നിർമ്മിതിയിൽ വിഭിന്നങ്ങളായിരുന്നു. ചിലതിലെ കണ്ണാടി ചുമരുകൾക്കുള്ളിലൂടെ ഞാൻ അകം കണ്ടു. ഒരിടത്ത് ചില്ലു കഷ്ണങ്ങൾ വാരിവിതറിയ കറുത്ത ചുമരുകൾ ഉള്ള ഒരു പിരമിഡ് ആകൃതിയിലുള്ള കെട്ടിടം. അത് രാത്രിയിൽ അത്യാകർഷകമായി മിന്നിത്തിളങ്ങുമെന്ന് ഞാൻ ഓർത്തു. ചായം കോരി ഒഴിച്ച ഷീറ്റുകൾ കൊണ്ട് മുൻവശം അലങ്കരിച്ച കെട്ടിടത്തിന്റെ മുന്നിൽ, വെയിൽ വീണു തിളങ്ങിയ നിറങ്ങളിൽ കണ്ണുകൾ ഒഴുകിപ്പോകുമ്പോഴാണ് സെക്യൂരിറ്റി ഓഫീസർ എന്റെ അടുക്കലേക്ക് വന്നത്. വന്നപ്പോൾ തന്നെ അയാൾ ഇന്ത്യയെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ യൂണിവേഴ്സിറ്റികളെക്കുറിച്ച്. എനിയ്ക്ക് അവയെക്കുറിച്ച് കൂടുതലായി ഒന്നുമറിയില്ലെന്ന് ഞാൻ പറഞ്ഞുവെങ്കിലും അയാൾ കേട്ടതായി നടിച്ചില്ല.

കെനിയക്കാരനായ അയാൾ ഇവിടത്തെ യൂണിവേഴ്‌സിറ്റിയിൽ സ്കോളര്ഷിപ്പോടെ ഗവേഷണം നടത്തുന്നു. രക്തകോശങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങളെക്കുറിച്ച്. കെനിയയിലേക്കു ആറുമാസത്തിലൊരിയ്ക്കൽ പോയി അയാൾ ക്ലിനിക്കൽ ഡാറ്റ ശേഖരിയ്ക്കുന്നു. ഇന്ത്യയിൽ തന്റെ ഗവേഷണത്തിനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് അയാൾ വിശ്വസിയ്ക്കുന്നു. അയാൾ സംസാരിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയൊക്കെയാണ്.

"എന്നിട്ട് നിങ്ങളിവിടെ ഒരു സെക്യൂരിറ്റി ഓഫീസറായിട്ട് എന്ത് കൊണ്ട്?" ഞാൻ ചോദിച്ചു.
"ഇതെന്റെ പാർട്ട് ടൈമം ജോബാണ്.. മാനസികമായി തളർന്ന് ഉറക്കം അന്വേഷിയ്ക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ശാരീരിക അദ്ധ്വാനം ചെയ്ത് തളർന്നുറങ്ങുന്നതാണ്. ഇവിടെ ആണെങ്കിൽ എല്ലായിടത്തും ചിത്രങ്ങളും ശില്പങ്ങളും അതിന്റെ ആസ്വാദനവും വില്പനയും.. അത് എന്റെ മനസ്സിനെ സ്പർശിക്കുകയെയില്ല... അതുകൊണ്ട് മാനസികമായ ഒരു ഇടപെടലും എനിക്കിവിടെയില്ല.. ഉല്ലാസത്തോടെ ഇരിയ്ക്കാൻ ഇവിടെ എനിയ്ക്ക് കഴിയുന്നു! മറ്റ് സെക്യൂരിറ്റി ഓഫീസർമാരോടൊപ്പം താമസിയ്ക്കുന്നു. ഞങ്ങൾക്കിടയിൽ സംസാരിയ്ക്കാൻ ഗവേഷണവിഷയങ്ങളോ യൂണിവേഴ്‌സിറ്റി കാര്യങ്ങളോ ഇല്ല. സുഖമായി ഉറങ്ങുന്നു... സ്കോളര്ഷിപ്പുകൊണ്ട് പഠിയ്ക്കുകയും ജോലിയിൽ നിന്നുള്ള പണം വീട്ടിലേയ്ക്ക് അയക്കുകയും ചെയ്യുന്നു..."

അതിനിടയിൽ അയാൾ, പേഴ്സിൽ വെച്ച കുടുംബത്തിന്റെ ഫോട്ടോ കാണിയ്ക്കുകയും കെനിയയിലെ കൃഷിയിടങ്ങളെക്കുറിച്ച് ഓർക്കുകയും ചെയ്തു. അന്നേരമാണ് ആ വ്യാപാരി ഞങ്ങളുടെ അടുത്തേയ്ക്ക് നടന്നു വന്നത്. അവിടെയുള്ള സ്റ്റുഡിയോകളിലൊന്നിനെക്കുറിച്ച് അയാളന്വേഷിച്ചു. അത് ഇന്നും തുറന്നു പ്രവർത്തിയ്ക്കുന്നുണ്ടെന്നും വർക്ക് ഷോപ്പുകളിലൊന്ന് അവിടെ നടത്തുന്നുണ്ടെന്നും സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

"പണമടച്ച് ക്യാൻവാസുകൾ ഒന്ന് വാങ്ങി ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുത്ത് എത്രനേരം വേണമെങ്കിലും ഇരുന്ന് നിങ്ങൾക്ക് ഒരു ചിത്രം വരച്ചു പൂർത്തിയാക്കാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അവിടെ പ്രദർശിപ്പിയ്ക്കുകയോ സ്വന്തമായ് തിരികെ കൊണ്ട് പോവുകയോ ചെയ്യാം.
കൂടുതൽ പണത്തിന് കൂടുതൽ വലിയ ക്യാൻവാസ്! "- റിസപ്‌ഷനിസ്റ്റായ യുവാവ് പറഞ്ഞു.

ആളുകൾ കുറവായിരുന്നില്ല അവിടെ. കുട്ടികളുടെ കൗതുകങ്ങളായിരുന്നു ഏറെയും. ഗൗരവക്കാരിയായ ഒരു സ്ത്രീ ഇടയ്ക്കിടെ ക്യാൻവാസുകൾക്ക് മുൻപിൽ നിന്ന് സെൽഫികളെടുക്കുകയും അവർ വാങ്ങിയ വലിയ ക്യാൻവാസ് ഒരു മേശയുടെ മുകളിൽ എടുത്ത് വെച്ച്, ചെറിയ ചെറിയ കപ്പുകളിൽ ചായങ്ങൾ നിറച്ച്, ക്യാൻവാസിലേയ്ക്ക് ഒഴിച്ച്, ചുറ്റിയ്ക്കുകയും ചെയ്തു. അവരുടെ അടുത്ത് മൂന്ന് ക്യാൻവാസുകൾ ഉണ്ടായിരുന്നു. അവർ ഒരേസമയം മൂന്നിലും ഇതേ വിധം നിറങ്ങൾ പകർന്നുകൊണ്ടിരുന്നു. അതും മറ്റ് ചിത്രരചനകളും ചുവരിൽ പ്രദർശിപ്പിച്ച സൃഷ്ടികളും കുറച്ചധികം സമയം നോക്കി നിന്ന്; നിറങ്ങൾ എങ്ങനെ ഒഴുകിപ്പരന്നാലും ആകർഷകമാകുന്നെന്നും മനസ്സിനെ പ്രതിഫലിപ്പിയ്ക്കുന്ന വാക്കുകളാകുന്നെന്നും എന്നാലതിന് ഒരു പരിഭാഷകന്റെ ഇടനില ആവശ്യമുണ്ടെന്നും ഓർത്ത് ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങി. ഒന്നിലധികം പേർക്ക് ഒന്നിലേറെക്കവിതകളാകാവുന്നതാണ് ഒരു ചിത്രം.

പിന്നീട് ആ വ്യാപാരിയെക്കുറിച്ച് ഓർക്കുന്നത് തന്നെ അയാളെ ഇപ്പോൾ കണ്ടപ്പോഴാണ് .

"കോപനൊ ഇഥാൻ"- അയാൾ സ്വയം പരിചയെപ്പെടുത്തി.
ചൈനയിൽ നിന്ന് കളിപ്പാട്ടങ്ങൾ കയറ്റിറക്കുമതി ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. അത്രയും എനിയ്ക്ക് മുൻപേ അറിയാം; ഇടയ്ക്ക് മറന്നു പോയെങ്കിലും.
കവിത നിറഞ്ഞ വരികൾ ഒന്നു പറഞ്ഞു, ഇന്ന് ചന്ദ്രനുദിയ്ക്കുന്ന നേരത്ത് എന്നെ തിരഞ്ഞു ഈ മരച്ചുവട്ടിൽ എത്തിയത് എന്തിനാണെന്നാണ് എനിക്കറിയേണ്ടത്.

"ഇന്ന് സൂപ്പർ മൂൺ !" അയാൾ ആകാശത്തേക്ക് നോക്കി പറഞ്ഞു:"സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ! ഭൂമി മുഴുവൻ വിളക്കുകൾ കത്തിച്ചു വെച്ച്  ജീവിയ്ക്കുന്നവർ, രാത്രികളിൽ ആകാശത്തൊരു വിളക്ക് തെളിയാറുണ്ടെന്ന് ഇപ്പോൾ മറന്നു പോകുന്നു."
എന്നിട്ടയാൾ  ഇരുപതോളം നിലകളുള്ള കണ്ണാടിക്കൂട്ടിലേക്ക് വിരൽ ചൂണ്ടി. 
"ഞാൻ താമസിയ്ക്കുന്നത് അവിടെയാണ്. അതിന്റെ മട്ടുപ്പാവിൽ നിന്ന് നമുക്കൊന്നിച്ച് ആകാശം കാണാം! "

മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചപോലെയാണ് ഞങ്ങൾക്കിടയിൽ കാര്യങ്ങൾ നടക്കുന്നത് എന്ന തോന്നലിൽ അയാളുടെ ആതിഥേയത്വം സ്വീകരിയ്ക്കാൻ ഞാൻ എനിയ്ക്ക് അനുമതി നൽകി.

വളരെ നേർത്ത ചുവപ്പ് രാശി പടർന്ന് നിൽക്കുന്നതും നിഴലും നിഴൽ മാഞ്ഞു പോകുന്നതും വെളിച്ചം നിറയുന്നതും മേഘങ്ങൾ ഒഴുകിപ്പരക്കുന്നതും  ഞങ്ങൾ നോക്കി നിന്നു; അനേകം മുഖങ്ങളണിഞ്ഞു ഒരു കഥ പറഞ്ഞു പൂർത്തിയാക്കുന്നത് പോലെ. അതേ ആവേശത്തോടെ കേട്ട് നിൽക്കുന്നത് പോലെ.

വെളിച്ചമെല്ലാം അസ്തമിച്ചു എന്ന് തോന്നിയാലും, ചിലത് ആ വെളിച്ചം പ്രതിഫലിപ്പിച്ചു കൊണ്ട് മുന്നിൽ തെളിയും. 
എല്ലായിടത്തും ഒരിയ്ക്കലും ഒരേ സമയം  ഒരുപോലെ ഇരുട്ടാകുന്നില്ലല്ലോ !
- അങ്ങനെയെന്തോ അയാൾ  പറഞ്ഞു.

വലുപ്പമല്ല; വെളിച്ചം. 
വെളിച്ചമാണ് നിറഞ്ഞത്.
വെളിച്ചത്തിന്റെ തെളിച്ചം.

അത്രയും ഉയരത്തിൽ ഇത്രയും നിലാവിൽ ഇത് ആദ്യമാണ്. ഏറെ പരിചിതരാണെങ്കിലും ആദ്യമായ് മുഖാമുഖം കാണുന്നത് പോലെ. അത്രയും അടുത്തടുത്ത്. ഇനിയൊന്ന് തൊട്ടുനോക്കുക കൂടിയേ വേണ്ടു.

കണ്ണാടിക്കൂട്ടിന്റെ മട്ടുപ്പാവിൽ നിന്ന് 
എന്നിലെ പെൺകുട്ടി,
നിലാവിന്റെ പ്രകാശവൃത്തത്തിലേക്ക് കൈകളുയർത്തി.
അവളുടെ നിഴൽ,
അവളുടെ പെൺജീവിതത്തെക്കാൾ വലുതായ്!
അവളെക്കാൾ വളർന്നു;
അവളുടേതായതെല്ലാം!
അളവുകളിലൊതുങ്ങാത്തൊരവൾ!!
- അതാണ് ആ നേരത്തെ എന്റെ അനുഭവം. അതിനപ്പുറം അത് പറയണമെങ്കിൽ വാക്കുകൾ മതിയാവില്ല. അതിന്റെ നിറവോടെ ഞാൻ നിന്നു. ഒന്നും സംസാരിയ്ക്കാതെ, കുറച്ചകലെ മാറി അയാളും.

കുറച്ചേറെ കഴിഞ്ഞപ്പോൾ ഞങ്ങൾ മടങ്ങി. പതിനൊന്നാമത്തെ നിലയിലായിരുന്നു അയാളുടെ സ്റ്റുഡിയോ ഫ്ലാറ്റ്. പ്രതീക്ഷിച്ചതിലും വലുപ്പമുണ്ടായിരുന്നു അതിന്. ഭംഗിയായി ഒരുക്കിവെച്ചയിടം. അയാൾ ഒരു ചിത്രകാരൻ കൂടിയാണെന്ന് അപ്പോൾ അറിഞ്ഞു. ഒരു ശില്പം പോലെ ഒരുക്കിവെച്ച നിറങ്ങൾ നിറച്ച ബോട്ടിലുകൾ, ബ്രഷുകൾ, പെൻസിലുകൾ, ചിത്രരചനയ്ക്കുള്ള മറ്റ് സാമഗ്രികൾ, ചായം തെറിച്ച ഏപ്രണുകൾ, എപ്പോഴോ നിറങ്ങൾ മറിഞ്ഞു വീണു മുഖം മൂടികളണിഞ്ഞു നിൽക്കുന്ന ബൂട്ടുകൾ. ഞാൻ എല്ലായിടവും സമയമെടുത്ത് ആസ്വദിച്ചു, അയാൾ ഇതുവരെ വരച്ച ചിത്രങ്ങളും കണ്ടു.

എനിയ്ക്ക് വിസ്മയിക്കാനുള്ള ഊഴമായിരുന്നു അടുത്തത്.  അയാൾ "ബ്ലൂമൂൺ!" എന്ന് പരിചയപ്പെടുത്തി മുൻപിലേക്ക് എടുത്തു വെച്ച, ഏറ്റവും അവസാനമായി വരച്ച ചിത്രം. അതിലെ വരകളെ, നിറങ്ങളെ ഇങ്ങനെ വായിക്കാം:
കണ്ണാടിക്കൂട്ടിന്റെ മട്ടുപ്പാവിൽ നിന്ന്
പെൺകുട്ടി,
നിലാവിന്റെ പ്രകാശവൃത്തത്തിലേക്ക് കൈകളുയർത്തി.
അവളുടെ നിഴൽ,
അവളുടെ പെൺജീവിതത്തെക്കാൾ വലുതായ്!
അവളെക്കാൾ വളർന്നു;
അവളുടേതായതെല്ലാം!
അളവുകളിലൊതുങ്ങാത്തൊരവൾ!!


"എനിയ്ക്ക് വേണ്ടിയാണോ ഇത് വരച്ചത്?"
-ഞാൻ അദ്‌ഭുതത്തോടെ ചോദിച്ചു.
"നമുക്ക് വേണ്ടി.. ഈ ദിവസം നമ്മൾ ഒന്നിച്ചുണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് "
-അയാൾ ഗൗരവത്തോടെ മറുപടി പറഞ്ഞു.

അയാൾ ജനലരികിൽ ഒരുക്കിവെച്ച ചെറിയ തടിമേശയിൽ അത്താഴം എടുത്തു വെച്ചു. പച്ചക്കുരുമുളകും ഇഞ്ചിയും വെണ്ണയും ചേർത്ത് പാചകം ചെയ്ത കോഴിയും അറബിക് റൊട്ടിയും ഒലീവ് എണ്ണ ഒഴിച്ച അല്പം മധുരമുള്ള സാലഡും റെഡ് വൈനും. ഭക്ഷണത്തിനിടെ ഞങ്ങൾ അധികം സംസാരിച്ചില്ല. ഇടയ്ക്ക് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ചന്ദ്രനുദിയ്ക്കുന്നതിന് എതിർദിശയിലാണ് ഈ മുറി എന്നയാൾ പറഞ്ഞു. കൗതുകകരമാണ് ചന്ദ്രന്റെ യാത്രാപഥമെന്ന്, ഉദയാസ്തമങ്ങളുടെ ആകാശകോണുകൾ എന്ന്  അയാൾ ഓർത്തു.
"രാത്രി യാത്ര ചെയ്യുമ്പോൾ പക്ഷേ നമുക്ക് കൂട്ട് വരുന്നത് പോലെ തോന്നും."
എനിയ്ക്കറിയാവുന്നത് അത്രമാത്രം. :-)

അത്താഴം കഴിഞ്ഞിരിക്കെ  അയാൾ സംസാരിയ്ക്കാൻ തുടങ്ങി:
അയാളുടെ ചൈനായാത്രകളെക്കുറിച്ച്. ചൈനീസ് ഭാഷയിൽ നിന്ന് അയാൾ തർജ്ജിമ ചെയ്ത ചില കവിതകളെക്കുറിച്ച്. നൂറിലധികം വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്ന ഒരു ചൈനാക്കാരനെക്കുറിച്ചും അയാളുടെ പുസ്തകങ്ങളെക്കുറിച്ചും. ആ കവിതകൾ  -താനെഴുതിയത് എന്ന പോലെ തോന്നുന്ന  ആ കവിതകൾ - ഒരിയ്ക്കൽ കൂടി വായിക്കാനും അന്ന് മനസ്സിൽ തെളിഞ്ഞ നിറങ്ങൾ പകർത്തിവയ്ക്കാനുമാണ്  വീണ്ടും ജനിച്ചിരിയ്ക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ടെന്ന്!! ആ പുസ്തകങ്ങൾ എവിടെ ലഭിയ്ക്കുമെന്നും ഉൾവിളി ഉണ്ടായതിനെക്കുറിച്ച്. അതിൽ പലതുമാണ്  അയാൾ ക്യാൻവാസിൽ പകർത്തിയതെന്ന്.. 

എനിക്ക് ആശ്ചര്യമോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം കുറച്ചധികം ദിവസങ്ങളായി എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളായിരുന്നു ഇവയിൽ പലതും. എന്റെ മനസ്സിലും ചില ചിത്രങ്ങൾ നിറങ്ങളൂറി തെളിയും. കണ്ണടച്ചാൽ വ്യക്തമായി കാണുകയും ചെയ്യാം. എന്നാൽ അത് വീണ്ടും ഓർമ്മിച്ചെടുക്കാൻ, ഒരു പ്രതലത്തിൽ രേഖപ്പെടുത്തിവയ്ക്കാനുള്ള അദ്‌ഭുതവിദ്യ അറിയില്ല. എനിയ്ക്ക് തോന്നും എന്നിൽ ഇപ്പോൾ തെളിയുന്ന ചിത്രങ്ങൾ പകർത്തി വയ്ക്കാൻ മാന്ത്രികതയുള്ള വിരലുകളുമായ് ഞാൻ ഇനിയും ഒരിയ്ക്കൽ കൂടി ജനിയ്ക്കുമെന്ന്.

"ഈ ദിവസം നിങ്ങൾ ഇവിടെ സന്ദർശിയ്ക്കുമെന്നും നിങ്ങളോടോന്നിച്ച് ഞാൻ അത്താഴം കഴിക്കുമെന്നും നമ്മുടെ പഴയ ജിവിതത്തെകുറിച്ച് ഞാൻ നിങ്ങളോട് പറയുമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു."
അയാൾ പറഞ്ഞു.

നമ്മുടെ പഴയ ജീവിതം!

എന്തായിരുന്നിരിക്കണം ഞങ്ങളുടെ ആ പഴയ ജീവിതം? ഞങ്ങളുടെ ദേശത്ത് വലിയ വലിയ കാവൽ മതിലുകൾ ഉയർന്ന് നിന്നിരിയ്ക്കണം. ഞങ്ങൾ അടുത്തടുത്ത കുടിലുകളിൽ താമസിച്ച് കഥകൾ പറയാറുണ്ടായിരിക്കണം. ഞങ്ങൾ ചെറു നൗകകൾ തുഴയുകയും മീൻ പിടിയ്ക്കുകയും ചെയ്തിരിക്കണം. കരകവിഞ്ഞൊഴുകിയ നദിയിൽ ഞങ്ങളുടെ വിളകൾ കുതിർന്നു പോയത് കണ്ട് കണ്ണീരൊഴുക്കിയിരിക്കണം. അതിരുകൾ കടന്ന് കലഹിച്ചൊഴുകിയ പുഴ, അതിന്റെ  വീട്ടിലേക്ക് തിരിച്ചുവരുന്നത് കാത്തിരുന്നിട്ടുണ്ടാവണം. ഒച്ചുകളേയും ഉരഗങ്ങളേയും ഭക്ഷിച്ചിരിയ്ക്കണം.

എനിക്കോർമ്മയില്ല. അങ്ങനെയൊക്കെ ഉണ്ടായി എന്ന് അയാൾ പറഞ്ഞതുമില്ല. അങ്ങനെയാണെങ്കിൽ, ആ  രണ്ട് പേരാണ് കേപ് ടൗണിലും കേരളത്തിലുമായ്  ജനിച്ച്, അദ്‌ഭുതങ്ങളുടെ നഗരങ്ങളിൽ ഒന്നിൽ വെച്ച് മുൻപ് എപ്പോഴോ പറഞ്ഞുറപ്പിച്ചു വെച്ചത് പോലെ ഒരു രാത്രി, വിശേഷപ്പെട്ട ഒരു രാത്രി, ഒന്നിച്ചിരിക്കുന്നത്!

കോപനൊ ഇഥാൻ- ഒരു കളിപ്പാട്ടവ്യാപാരി. സഞ്ചാരി. ചിത്രമെഴുതാനറിയുന്ന വിരലുകളുള്ള ഒരാൾ.  വൈൻ ഗ്ലാസ്സുകളുടെ തിളക്കത്തിനിടയിലൂടെ ഞാനയാളെ നോക്കി. അയാൾക്ക് എന്നേക്കാൾ ഓർമ്മകളുണ്ട്. രക്തം വാർന്നൊഴുകുന്നത് പോലെ അതയാളിൽ പ്രവഹിയ്ക്കുന്നു. ഈ വിശേഷപ്പെട്ട ദിവസം ഞാൻ അത് പങ്കിടുന്നു.

കഴിഞ്ഞു പോയതിൽ ലജ്ജിയ്ക്കുകയോ; വരാനിരിയ്ക്കുന്നതിനെ ഭയപ്പെടുകയോ പ്രതിരോധിയ്ക്കാൻ ശ്രമിയ്ക്കുകയോ ചെയ്യാത്ത ഒരുവന് വന്നു പോയതും വരാനിരിയ്ക്കുന്നതും കടന്നു പോകുന്നതുമായ ജീവിതം വരച്ചു വെച്ച ക്യാൻവാസുകളുടെ  തുടർച്ച പോലെ മുന്നിൽ കാണാൻ കഴിയുന്നു. അതങ്ങനെയാണത്രെ !

അയാളെ കേട്ടിരിയ്ക്കുമ്പോൾ ഭ്രാന്ത് എന്ന് ഞാൻ മനസ്സിൽ പോലും പറഞ്ഞില്ല. കേൾക്കുമ്പോൾ പ്രാന്ത്.. എന്നാൽ പറയാതിരിയ്ക്കാൻ കഴിയാത്ത ഭ്രാന്ത്.. സുന്ദരമായ ഭ്രാന്ത്, നിലാവും നിറങ്ങളും പലജന്മങ്ങളും നിറഞ്ഞത്. അതിരുകളില്ലാത്തത്. കാലാതീതം. മനോഹരമായ ഭ്രാന്തുകൾ പറയുന്നവർ  ഭ്രാന്തുകളുടെ ദൈവങ്ങളാകും.

ഇഥാൻ, നീ ഇന്നെനിയ്ക്ക് അങ്ങനെയാണ്. :-)

ഞാൻ തുറമുഖങ്ങൾ ഒന്നിൽ ജോലി ചെയ്യുന്നു. ഒരു നാവികനെ പ്രണയിക്കുന്നു. അയാൾ ഈ നഗരത്തിലുള്ളപ്പോൾ പലപ്പോഴും, എങ്ങനെയാണെന്നറിയില്ല, ഞങ്ങൾ രണ്ടുപേരും മാത്രമായുള്ള ലിഫ്റ്റ് യാത്രകൾ ഉണ്ടാകും. ഒരു കടലിലേക്കെന്നവണ്ണം അയാൾ ലിഫ്റ്റിലെ കണ്ണാടികളിലേക്ക് നോക്കി നിൽക്കും. ഭ്രമിപ്പിയ്ക്കുന്ന ഏകാന്തത, രണ്ട് മഴത്തുള്ളികളിലാക്കി വെച്ചത് പോലെയാണ് അയാളുടെ കണ്ണുകൾ. കത്തിക്കാതെ പിടിച്ച ചുരുട്ടിന്റെ സുഗന്ധം അയാളെ പൊതിഞ്ഞു നിൽക്കും. ഞരമ്പുകൾക്കിടയിൽ വള്ളിപ്പടർപ്പുകൾ പോലെയുള്ള പച്ചകുത്തലുകൾ.

നാവികൻ എന്നെ ശ്രദ്ധിച്ചിട്ടേയില്ല. എനിക്ക് വേണ്ടി മാത്രമായ് ഒന്ന് ചിരിച്ചിട്ടും കൂടിയില്ല. എന്നിട്ടും അയാളെ പ്രണയിക്കുന്നു.

എന്റെ രാപ്പകലുകളുടെ ദൈർഘ്യം എത്രയെന്ന ചോദ്യത്തിന്
നീ എന്ന നദി ഈ ഭൂമി മുഴുവൻ ചുറ്റി;
എന്നിൽ പതിക്കാനുള്ള അത്രയും നിമിഷങ്ങൾ
എന്ന് എനിക്ക് അയാളോട് പറയണമെന്നുണ്ട്.
-ഞാൻ പറഞ്ഞു;
ഇഥാൻ അത് കേട്ടിരുന്നു.

എന്നിട്ട് ഒരു പഴയ ചൈനീസ് കവിത തിരഞ്ഞെടുത്ത് എനിക്കും അയാൾക്കും മനസ്സിലാകുന്ന ഭാഷയിൽ ഇങ്ങനെ വായിച്ചു:

നിശബ്ദമായ പ്രണയം
അതിമനോഹരമാണത്.
അതിസാഹസികവും.
ഒരു പൂ വിരിഞ്ഞു കൊഴിയുന്നത്,
ഒരു ചില്ലയറിയാതെ പോകുന്ന പോലെ-
സൗമ്യം, ചിലപ്പോൾ.
ഒരു വിത്ത് കാലങ്ങൾ കഴിഞ്ഞ്
ഒരു മരമായി വളർന്നു പന്തലിക്കുന്നത് പോലെ-
വിസ്മയം, ചിലപ്പോൾ.

ഞാൻ യാത്ര പറഞ്ഞു. പിരിയുന്നതിനു മുൻപ്  പുളിക്കുന്ന ചെറികളുടെ ചാറ് നിറച്ച, കൊക്കോ എൺപത്തിയഞ്ചു ശതമാനം ചേർത്ത ചോക്ലേറ്റ് ബാറുകൾ ഞങ്ങൾ പങ്കിട്ടു, കുട്ടികളെപ്പോലെ കഴിച്ചു. ചുണ്ടുകളിൽ ഹൃദയങ്ങളുടെ നുറുങ്ങുകൾ പോലെ പൊടിഞ്ഞ ചോക്ലേറ്റും പഴച്ചാറിന്റെ കടുത്ത ചുവപ്പും പരസ്പരം വിരലുകൾ കൊണ്ട് ഒപ്പിയെടുത്തു. എന്തൊരു ചവർപ്പും പുളിപ്പും കയ്പുമാണ് ഈ ചോക്ലേറ്റ്ബാറുകൾക്ക് എന്ന് ജീവിതത്തെക്കുറിച്ചെന്ന പോലെ പറഞ്ഞു.

ബ്ലൂമൂൺ എന്നുപേരിട്ട് അയാൾ വരച്ച ആ ചിത്രം എന്റെ ഓഫീസ് അഡ്രസ്സിൽ അയക്കുമെന്ന് അയാൾ പറഞ്ഞു. എപ്പോഴെങ്കിലും എനിയ്ക്ക് സമയം കിട്ടുന്ന സമയങ്ങളിൽ ഒന്നിൽ ഒന്നിച്ചു ചൈനയിൽ പോയിവരാമെന്നും.

"ആ ചൈനീസ് കവിതകളുടെ തർജ്ജിമയോ?" ഞാൻ ചോദിച്ചു.
"അത് എനിയ്ക്ക് മാത്രം വായിക്കാനുള്ളതാണ്; ഓർമ്മകൾ പുതുക്കാൻ. " അയാൾ ചിരിച്ചു.

എന്റെ മനസ്സിലുമുണ്ട്, മറ്റാരും വായിക്കാതെ പോകുന്ന അനേകം അനേകം വാചകങ്ങൾ. കവിതകൾ എന്ന് ഞാൻ ഓമനിയ്ക്കുന്നവ. ഞാൻ എഴുതി വയ്ക്കുന്നുണ്ട് അതെല്ലാം; ഒരിയ്ക്കൽ കൂടി ഭൂമിയിൽ വന്ന് വായിച്ചു നോക്കാൻ. ശരിയാണ്. ഞാൻ മനസ്സിൽ പറഞ്ഞു: കണ്ണടച്ചാൽ എന്നിൽ തെളിയുന്ന നിറങ്ങളെല്ലാം ഓർമ്മയ്ക്കായി പകർത്തിവയ്ക്കാൻ ഒരിയ്ക്കൽ കൂടി ഞാൻ വരും; ഓർമ്മകൾ പുതുക്കും.

"അറിയാമോ ?" അയാൾ എന്നോട് ചോദിച്ചു:
"ഞാൻ ഈ പുസ്‌തകം നിങ്ങളുടെ ഓഫീസ് ടേബിളിൽ മറന്നു വെച്ചിട്ടുണ്ട്, അന്ന്. തിടുക്കപ്പെട്ട് അതെടുക്കാൻ തിരിച്ചു വന്നപ്പോൾ നിങ്ങൾ സീറ്റിൽ ഉണ്ടായിരുന്നില്ല."

ഞാൻ ഓർക്കുന്നില്ല; ചിലർ  പലതും മറന്നു പോകുന്നു: ഓർമ്മകൾ പോലും. ചിലർ ഓർമ്മകളെ ശേഖരിച്ചു സൂക്ഷിയ്ക്കുന്നു. മറക്കേണ്ടത് പോലും ഓർത്തുവയ്ക്കുന്നു. ചിലരുടെ ഓർമ്മകളിൽ നിന്ന് ചിലരുടെ മറവികളിലേക്കുള്ള പാലങ്ങളിലൂടെയാണ് ജീവിതമെന്ന പേരുള്ള നദിയെ നാം മുറിച്ചു കടക്കുന്നത്!

" പിന്നീട് എപ്പോഴും ഈ പുസ്തകം തുറന്നു വയ്ക്കുമ്പോൾ ഞാൻ നിങ്ങളെ കാണും. നിങ്ങളോട് സംസാരിച്ചിരിയ്ക്കുന്നത് പോലെ തോന്നും." - അയാൾക്ക് വർത്തമാനം പറഞ്ഞവസാനിപ്പിയ്ക്കണം എന്നില്ലാത്തത് പോലെ തോന്നി.

ഞാൻ യാത്ര പറഞ്ഞിറങ്ങി.
അയാൾ അവസാനമായി എന്നപോലെ പറഞ്ഞു:
"കഴിഞ്ഞ തവണയും നാം പിരിഞ്ഞു പോയവരാണ്. ഒന്നിലധികം തവണ  ഒരുമിച്ചു ചേർന്നാലും ഒന്നു ചേരാതെ"

ഒറ്റയ്ക്ക് കണ്ണാടിലിഫ്‌റ്റ് ഇറങ്ങുമ്പോൾ ഞാൻ മനസ്സിലെഴുതി:

തണുത്ത വെളിച്ചം നിറച്ച
വൃത്താകൃതിയിലുള്ള 
വെളുത്ത ജനൽ തുറന്ന്
പെണ്ണ്
മനുഷ്യരെ ചേർത്തുറക്കുന്ന
മേൽക്കൂരകളെ നോക്കി
മനസ്സിൽ പിറുപിറുത്തു:
ഞാൻ പഴയ ഒരാത്മാവാണ്.
മരങ്ങൾക്കിടയിലൂടെ
നിഴലുകൾ വീഴുന്ന
ഹ്രസ്വയാത്രകൾക്ക്
അത് 
ഒരു മനുഷ്യന്റെ
പേരും
ശരീരവും
ദുഃഖവും
പ്രണയവും
എടുത്തണിയുന്നു.

No comments:

Post a Comment