Friday, January 19, 2018

ഹൃദയം, ഹൃദയത്തോട് മാത്രമേ..ആരും വന്നു പോകാത്ത ഒരിടത്തെ ചുവരുകളിൽ അല്ല ഞാൻ ഇതൊന്നും എഴുതി വയ്ക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിയ്ക്കൽ വന്നവർ തന്നെയാണോ വീണ്ടും വീണ്ടും വരുന്നത് എന്നറിയില്ല; ഓരോ തവണയും പുതിയ ഒരാളെങ്കിലും വരുന്നുണ്ടോ എന്നും അറിയില്ല.

എഴുതി വെച്ച വാക്കുകൾ ഇഷ്ടമാകുന്നുണ്ടോ എന്നറിയില്ല! മനസ്സ് നിറഞ്ഞാണോ  മടങ്ങാറുള്ളത്? ഒരിത്തിരി സ്നേഹക്കൂടുതലോടെ? നിങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകളിൽ ചിലതെങ്കിലും ഞാൻ പറഞ്ഞു പോകുന്നുണ്ടോ? അതോ, ഇത്രയും വാക്കുകൾ പറഞ്ഞു പോയതിൽ ഒരു വരി പോലും എനിക്ക് പറയാനുള്ളതില്ലല്ലോ എന്ന് നിങ്ങൾ ഖേദിയ്ക്കുന്നുണ്ടോ? 

എന്നെക്കാൾ രഹസ്യസ്വാഭാവം എന്നെ അന്വേഷിച്ചെത്തുന്നവർക്കുണ്ടോ?

ചില നേരങ്ങളിൽ ഞാനൊരു ഒട്ടകപ്പക്ഷി ആകും എന്നേയുള്ളൂ; അതിൽ കൂടുതൽ ഒന്നുമില്ല എനിയ്ക്ക് ഒളിച്ചുവയ്ക്കാൻ.
:-D

എവിടെ നിന്നാണ് എന്നെ തിരഞ്ഞു നിങ്ങൾ എത്തുന്നത്? എവിടെയാണ് ഭൂമിയിൽ നിങ്ങൾ പാർക്കുന്ന ഇടം? ഏത് അക്ഷാംശരേഖാംശങ്ങളാണ് എന്നിൽ നിന്ന് നിങ്ങളിലേക്കുള്ള അകലം നിശ്ചയിക്കുന്നത്?

ഓരോ മുറിയിലും ഓരോ കുടുംബങ്ങൾ താമസിയ്ക്കുന്ന ഒരിടത്താണോ നിങ്ങളും പാർക്കുന്നത്? അതോ നിങ്ങൾ താമസിയ്ക്കുന്ന വീട്ടിൽ അടച്ചിട്ട മുറികളാണോ കൂടുതലും; സമയക്കുറവ് കൊണ്ട് നിങ്ങൾക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത മുറികൾ?

നിങ്ങളുടെ അയൽക്കാർ എങ്ങനെയുള്ളവരാണ്? അവർ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാറുണ്ടോ? അവർ നിങ്ങളുടെ കുട്ടിക്കാലം മുതൽ കൂടെയുള്ളവരാണോ? അതോ ആരെന്ന് ഒട്ടുമറിയില്ലെന്നാണോ!

നിങ്ങളുടെ ചുമരിനോട് ചേർന്ന് കേൾക്കുന്ന ആഘോഷങ്ങളുടെ ശബ്ദം എന്തിന്റേതാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ കേൾക്കുന്ന കരച്ചിൽ ഏത് കുഞ്ഞിന്റേതാണെന്ന്? 

നമ്മൾ അയൽക്കാർ ആണോ? ഒരേ ട്രെയിനിൽ യാത്ര ചെയ്യുന്നവർ?

നിങ്ങൾ യാത്രകൾ ചെയ്യാറില്ലേ? നിങ്ങൾ അതിനെക്കുറിച്ചു എഴുതി വയ്ക്കാറുണ്ടോ? ഉണ്ടെങ്കിൽ അത് എവിടെയാണ്?  ഞാൻ അത് വായിക്കണമെന്ന് നിങ്ങൾ ആഗ്രഹിയ്ക്കാറുണ്ടോ? നിങ്ങളുടെ കഥകൾ ഞാൻ അറിയണമെന്ന്? നിങ്ങൾക്ക് പറയാനുള്ളത് ഞാൻ കേൾക്കണമെന്ന്?

ഇന്ന് ഓരോരുത്തരും അവനവന്റെ കവിതാപുസ്തകമാണ്! 
അവനവന്റെ വേദപുസ്‌തകവും!  
അവനവനെ മാത്രം കേൾക്കുന്ന കോടതി മുറികളിലാണ് ഓരോരുത്തരും ജീവിയ്ക്കുന്നത്! 
ഓരോ ഓർമ്മകളും അവനവനെ അടയാളപ്പെടുത്തുന്ന സെൽഫികളാണ്. എത്ര പേരുടെ കൂടെ നിന്നായാലും ആ ചിത്രത്തിൽ ഓരോരുത്തരുടെയും മുന്നിൽ അവനവൻ മാത്രമേ തെളിയുന്നുള്ളൂ.

നമ്മൾ മാറിപ്പോയി- എന്റെ കൂട്ടുകാരൻ ഓർമ്മിപ്പിച്ചു.

ഞാൻ പറഞ്ഞു:
മനുഷ്യൻ മാറിയിട്ടില്ല. അവന്റെ ഉപകരണങ്ങളാണ് മാറിയിട്ടുള്ളത്. മുൻപേ കുതിയ്ക്കുന്ന  ഉപകരണങ്ങൾക്ക് പിൻപേ പായുന്ന അവൻ, താൻ മാറിപ്പോയിട്ടുണ്ടെന്ന് സങ്കല്പിയ്ക്കുക മാത്രമാണ്. അടുത്ത ഗ്യാലക്സിയിലേക്ക് ഉച്ച നേരത്ത് പോയി രാത്രി വൈകും മുൻപേ തിരിച്ചെത്താവുന്ന ഒരു പേടകം കണ്ടു പിടിച്ചാലും അവൻ മാറില്ല.

വിശപ്പടക്കാനുള്ള വഴികൾ,
സ്നേഹിയ്ക്കപ്പെടാനുള്ള ആഗ്രഹം.
ഇത് രണ്ടും ചേർന്ന ലൈംഗികത.
ഇത് മൂന്നും കൊണ്ട് മെരുക്കിയെടുക്കാവുന്ന മൃഗം.
അതാണ് എല്ലാകാലത്തും മനുഷ്യൻ.

എന്റെ കൂട്ടുകാരൻ പറഞ്ഞു: 
നീയും മാറിപ്പോയി. മുൻപൊന്നും നീ ഇങ്ങനെ പറയാറുണ്ടായിരുന്നില്ല.

ഞാൻ പറഞ്ഞു: 
ഇല്ല. ഞാൻ അന്നും ഇന്നും ഒരേ മൃഗം. സ്നേഹം കൊണ്ട് എളുപ്പം മെരുക്കിയെടുക്കാവുന്നത്!

എന്നിട്ട്? നീ മെരുങ്ങിയോ? കൂട്ടുകാരൻ ചോദിച്ചു.
എന്നിട്ട്? നീ മെരുങ്ങിയോ? ഞാൻ എന്നോട് തന്നെ ചോദിച്ചു.
നിങ്ങളും ചോദിയ്ക്കുന്നുണ്ടോ?!


ഞാൻ നൃത്തം ചെയ്യാനറിയുന്ന, പാട്ടുകൾ പാടുന്ന, ചിത്രങ്ങൾ വരയ്ക്കുന്ന, ഓട്ടത്തിൽ ഒന്നാമതാകുന്ന കുട്ടി ആയിരുന്നില്ല.

ഒറ്റ ചുവട് കൊണ്ട്, മാസങ്ങൾ എടുത്ത് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളി അതെല്ലാതെയാക്കിയിട്ടുണ്ട് ഞാൻ. ശബ്ദം കുറച്ച് പാടൂ എന്നാലല്ലേ നന്നായ് പാടുന്നവരുടെ പാട്ട് ആളുകൾ കേൾക്കൂ എന്ന് ക്ലാസ്സിലെ മ്യൂസിക് ടീച്ചർ എന്നെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ചിത്രകലാധ്യാപകൻ എന്നെ ഉപദേശിച്ചത് ഭക്ഷണം കുറച്ചു കഴിക്കാനാണ്!
:-)

അതിൽപ്പിന്നെ ഞാൻ അക്ഷരങ്ങൾ ചേർത്തു വയ്ക്കുന്നത് അനുകരിച്ചു. വാക്കുകൾ ക്രമപ്പെടുത്തി വയ്ക്കാൻ പഠിച്ചു. അതാണ് ഇന്നും എന്റെ എഴുത്ത്. പദങ്ങളല്ല; പദക്രമീകരണങ്ങളേ മാറുന്നുള്ളൂ.  ആശയങ്ങൾ അല്ല; ആശയങ്ങൾക്കിടയിൽ തല നീട്ടിപ്പിടിയ്ക്കുന്ന ഓർമ്മകളിലെ മുഖങ്ങളേ മാറുന്നുള്ളൂ- അത്ര മാത്രമേയുള്ളൂ.

പൂക്കളുടെ ചിത്രങ്ങൾ ചിലർ വരയ്ക്കുമ്പോൾ അതിൽ ആകാശത്തിന്റെ നീല ഞരമ്പുകൾ തെളിയും. അതിസൂക്ഷ്‌മമായ, അപൂർവ്വമായ ഒരു പാരസ്പര്യം പോലെ. അത് ഞാൻ ആഗ്രഹിയ്ക്കാറുണ്ട്; അന്വേഷിയ്ക്കാറുണ്ട്- ഓരോ തവണ എഴുതുമ്പോഴും.

പ്രത്യേകിച്ച് ഒരു പരിശീലനത്തിന്റെയും ആവശ്യമില്ലാതെ, പുതിയ ഒരു ഉപകരണം പോലും വാങ്ങാതെ ചെയ്യാവുന്ന ഒരു കല. ഞാൻ ജീവിച്ച ചുറ്റുപാടുകളിൽ ആരായാലും പഠിയ്ക്കും അക്ഷരങ്ങൾ, ആരുടെ പക്കലും ഉണ്ടാകും പേനയും പേപ്പറും പെൻസിലും. പണം മുടക്കേണ്ടതില്ലാത്ത കലയായ്  എന്നിലെ എഴുത്ത് പ്രോത്സാഹിയ്ക്കപ്പെട്ടു. എഴുത്തുമത്സരങ്ങൾക്ക് പോയിത്തുടങ്ങി. സമ്മാനങ്ങൾ കിട്ടി. യാത്രകളും ചെയ്യാൻ കഴിഞ്ഞു. മത്സരങ്ങളിൽ ജയിക്കാനുള്ള എളുപ്പവഴിയായ് കൂടെ പഠിച്ചവരുടെ അച്ഛനമ്മമാരിൽ പലരും അവരെ എഴുതാൻ നിർബന്ധിച്ചു. സമ്മാനങ്ങൾക്ക് അഭിനന്ദിയ്ക്കാൻ കൂടിയ  സഭകൾക്ക് അദ്ധ്യക്ഷനാകാൻ മിക്കപ്പോഴും വിധിയ്ക്കപ്പെട്ട പ്രമുഖന്റെ മകൾ, പിന്നീടൊരിയ്ക്കൽ, വർഷങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ ചോദിച്ചു:

നീ ഇത്രയൊക്കെയേ ആയുള്ളൂ..?... അന്നത്തെ നിന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞങ്ങളൊക്കെ കരുതി .... അന്നൊക്കെ നിനക്ക് സമ്മാനം തന്ന് വീട്ടിലെത്തുന്ന അച്ഛൻ എന്നോട് ആവശ്യമില്ലാതെ ദേഷ്യപ്പെടുമായിരുന്നു..
അമ്മയോട് പോലും കലഹിയ്ക്കുമായിരുന്നു: മക്കളെ ഇങ്ങനെ ഒന്നിനും കൊള്ളാത്തവരായ് വളർത്തുന്നതിന്... അന്നൊക്കെ നീ മരിച്ചു പോകണേ എന്ന് പോലും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.

-സാരമില്ല!
ഞാൻ ചിരിച്ചു; ആകാശത്തോളം കണ്ണു നിറഞ്ഞ് ചിരിച്ചു.
ജീവിതത്തിൽ ഞാൻ ചിരിച്ചതിൽ വെച്ച് ഏറ്റവും സങ്കടം നിറഞ്ഞ ചിരി.

എന്നെ സ്നേഹിയ്ക്കുന്നവർ,
എണ്ണത്തിൽ കൂടുതലായിരിക്കും;
പക്ഷേ അവർ അദൃശ്യരും നിശബ്ദരുമാണ്.
എന്നെ വെറുക്കുന്നവർ ,
എണ്ണത്തിൽ കുറവായിരിക്കും
പക്ഷേ അവർ ഉറക്കെ, വ്യക്തമായ് അത്  പ്രകടമാക്കുന്നു.
ഞാൻ ഓർത്തു.

-സാരമില്ല!
വീണ്ടും അവളോട് പറഞ്ഞു.
-ഞാൻ ഇടയ്ക്കിടെ മരിച്ചു പോകാറുണ്ട്. മുറിച്ചിട്ടാൽ മുറി കൂടുന്ന ചില ജനുസ്സുകളുടെ ദംശനം ഏൽക്കുമ്പോൾ ഇങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വരാറുണ്ടെന്നേയുള്ളൂ !

അവൾക്കത് മനസ്സിലായില്ല. അത് അങ്ങനെയാണ്.  എഴുതുന്നതിലും പറയുന്നതിലും ഞാൻ, എന്നെ ആവോളം കലർത്തുന്നു. അതുകൊണ്ടാവാം അതിൽ പലതും ആർക്കും മനസ്സിലാകാതെ പോകുന്നത്.

ഞാൻ ഓമനിക്കപ്പെട്ട് വളർത്തിയ കുട്ടി ആയിരുന്നില്ല. പരീക്ഷകൾക്ക് വേണ്ടി പഠിയ്ക്കുകയും മാർക്കുകൾ വാങ്ങുകയും ചെയ്ത കുട്ടിയായിരുന്നു. അങ്ങനെ ചെയ്‌താൽ മാത്രമേ വീട്ടിൽ സ്നേഹിയ്ക്കപ്പെടൂ എന്ന് കരുതിയ കുട്ടിയായിരുന്നു. അത് ഒരു തോന്നൽ മാത്രമാകണമേ എന്നാഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ആകുന്നില്ലെന്നറിഞ്ഞ് ഖേദിച്ചിട്ടുണ്ട്. ഭാവിയ്ക്കു വേണ്ടിയാണ് പഠിയ്ക്കുന്നതെന്ന് അവരെന്നോട് പറഞ്ഞു; എനിയ്ക്കത് അന്നന്നത്തെ നിലനില്പിന് വേണ്ടിയായിരുന്നു.
:-(

കുട്ടികൾ അന്യോന്യം മത്സരിയ്ക്കുന്നവരാകുന്നത് അവരുടെ അച്ഛനമ്മമാർക്ക് വേണ്ടിയാണ്. അവർ പരസ്പരം വിദ്വേഷിച്ചു പഠിയ്ക്കുന്നത് അങ്ങനെയാണ്. എന്റെയൊപ്പം പരീക്ഷകൾ എഴുതിയിട്ടുള്ള ആരും എന്നെ സ്നേഹിച്ചിട്ടുണ്ടാവില്ല. അവരുടെ ഉത്തരക്കടലാസുകൾ നോക്കി അവരെ സ്നേഹിയ്ക്കേണ്ടവർ എന്റെ മാർക്കുകൾ വായിച്ചു. ആ സ്നേഹഭംഗങ്ങൾ ഭയന്ന് ഇല്ലാതായ ചില ദേശങ്ങളുണ്ട് എന്റെ ഭൂപടങ്ങളിൽ ഇന്നും. 

മാപ്പ്!

എന്നാലും വാക്കുകൾ കൊണ്ട് മുറിവേറ്റ ഒരാളെ സുഖപ്പെടുത്തുന്ന വിധം ഏതാണ്?

എഴുത്ത് എനിയ്ക്ക് മത്സരിയ്ക്കാനുള്ള ഇടം ആയിരുന്നില്ല. അതെനിയ്ക്ക് സ്നേഹത്തെക്കുറിച്ചുള്ള അന്വേഷണവും ആത്മഭാഷണവും ആയിരുന്നു. എന്റെ എഴുത്തുകൾ വായിക്കാത്ത ഒരാൾക്കും എന്നെ അറിയാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചു.  എന്റെ വിശ്വാസങ്ങൾ എല്ലാം വിചിത്രമാണെന്ന് എന്നെ സ്നേഹിയ്ക്കാൻ നിയമിക്കപ്പെട്ടവർ ഉറച്ചു വിശ്വസിച്ചു. സ്നേഹത്തിൽ നിയമങ്ങളേ ഇല്ല എന്ന് ഞാനും!

മീൻ കഷ്നങ്ങളും ഓറഞ്ചല്ലികളും പുരയിടങ്ങളും ഒരേ തുല്യതയോടെ പങ്കു വയ്ക്കുന്നവർക്ക് പോലും സ്നേഹം പങ്കു വെക്കുമ്പോൾ കൈ വിറയ്ക്കും. അതിന്റെ കാരണമെന്തെന്ന് അവർക്കു പോലും വ്യക്തമാകില്ല. ആണും പെണ്ണും എന്ന വ്യത്യാസം കൊണ്ട് മാത്രമല്ല; മറ്റെന്തൊക്കെയോ സങ്കീർണ്ണതകൾ, അവ്യക്തതകൾ, നിസ്സാരതകൾ. 

അല്ലെങ്കിലും  ഒരേ നിലയിൽ നിൽക്കുന്ന തട്ടുകളുള്ള ത്രാസുകളിൽ ഒരിയ്ക്കലും ജീവിതങ്ങൾ പങ്കിട്ടിട്ടില്ല, ആരും; എവിടേയും.   ജന്മസിദ്ധമായ  കരുത്ത്, ദൗർബല്യങ്ങൾ, അനുഭവിയ്ക്കുന്ന ഭാഗ്യനിർഭാഗ്യങ്ങൾ - എന്താണ് തുല്യമായി, അത്ര കൃത്യതയോടെ ഈ ഭൂമിയിൽ ഇന്നുവരെ വീതം വയ്ക്കപ്പെട്ടിട്ടുള്ളത്?!

അതാലോചിച്ച്, മുൻപ്, ഞാൻ എന്നോട് തന്നെ മത്സരിച്ചിട്ടുണ്ട്; സ്നേഹത്തിന് വേണ്ടി കലഹിച്ചിട്ടുണ്ട്. 
കുട്ടിയായിരുന്നപ്പോൾ മാത്രമല്ല; 
അമ്മയായിരുന്നപ്പോഴും, 
അമ്മയോട് പോലും.

രണ്ടാമതും അമ്മയായ് കഴിഞ്ഞ് ആദ്യത്തെ ആഴ്ചകളിൽ എനിക്ക് കൂട്ടിരുന്നത് കുഞ്ഞാലുവമ്മയായിരുന്നു. വാർദ്ധക്യം ബാധിയ്ക്കാത്തൊരു വൃദ്ധ. കണിശക്കാരി. പിശുക്കി സ്നേഹിയ്ക്കുന്ന ഒരുവൾ. 

ഏഴു ദിവസത്തിനുള്ളിൽ കുഞ്ഞിനെ കുളിപ്പിച്ചു ശീലിയ്ക്കാൻ അവരെന്നോട് ആജ്ഞാപിച്ചു. അമ്മയെയും കുട്ടിയേയും കുളിപ്പിയ്ക്കേണ്ടത് നിങ്ങളുടെ ജോലി അല്ലേ എന്ന് ചോദിച്ചവരോട് അമ്മയെ കുളിപ്പിയ്ക്കാം; കുട്ടിയെ, കുട്ടിയുടെ അമ്മ തന്നെ കുളിപ്പിയ്ക്കണം എന്ന് മറുപടി എയ്തു വിട്ടു. 

ധാരാളം വെള്ളം ഉപയോഗിച്ച് കുഞ്ഞിനെ കുളിപ്പിയ്ക്കാൻ അവർ നിരന്തരം പറഞ്ഞു. അങ്ങനെ ഞാൻ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പിയ്ക്കാൻ കാവൽ നിന്നു. ധാരാളം വെള്ളം ഉപയോഗിച്ച് അവർ കുട്ടിത്തുണികൾ കഴുകി. 

പകൽ കുഞ്ഞുറങ്ങുമ്പോൾ ശബ്ദം ഉണ്ടാകുന്നവരോട് മിണ്ടാതിരിയ്ക്കാൻ ഞാൻ കണ്ണുരുട്ടുമ്പോൾ അവർ പറഞ്ഞു; നന്നായ് ഉറക്കം വരുമ്പോൾ കുഞ്ഞുങ്ങൾ ഏത് ബഹളത്തിനിടയിലും ഉറങ്ങും; അല്ലാത്തപ്പോൾ എത്ര മധുരമായ് താരാട്ടു പാടിയാലും ഉണർന്നിരിയ്ക്കും.

എല്ലാ രാത്രികളിലും അവർ എന്നോട് ധാരാളം സംസാരിച്ചു; സുഖമായി ഉറങ്ങി. കുഞ്ഞ് ഉറങ്ങുമ്പോഴൊക്കെ ഞാനും. ഞാൻ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു.

അമ്മ ചിരുതേയി; കുഞ്ഞാലുവമ്മ അവരുടെ അച്ഛനെക്കുറിച്ച് പറഞ്ഞില്ല.
ചിരുതേയിയമ്മ പല പണികളും എടുത്തു; ആരുടെയോ പുരയിടത്തിൽ   മറച്ചു കെട്ടി പാർത്തു. കുഞ്ഞാലുവും ചെറുപ്പത്തിലേ കൂലിപ്പണിയ്ക്ക് പോയി.

കുഞ്ഞാലുവമ്മയ്ക്ക്  പങ്കജാക്ഷി എന്നൊരു മകൾ ഉണ്ടായിരുന്നു. എന്റെ കുഞ്ഞ് കണ്ണുകളടച്ച് പാല് കുടിയ്ക്കുന്ന നേരങ്ങളിൽ കുഞ്ഞാലുവമ്മ, പങ്കി എന്ന കുട്ടിയെക്കുറിച്ച് പറഞ്ഞു. അവൾ അഞ്ചു വയസ്സ് വരെ കുഞ്ഞാലുവമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടത്രെ. കൂലിപ്പണിയെടുത്തു അവർ മടങ്ങിയെത്തുമ്പോൾ പങ്കി അവരുടെ മാറത്ത് ചാടി വീഴും, മലർത്തിയിട്ട്  ബ്ലൗസിന്റെ ഹുക്ക് തനിയെ അഴിച്ച് പാൽ കുടിയ്ക്കും. ചില നേരങ്ങളിൽ അവരിരുവരും അങ്ങനെ തന്നെ ഉറങ്ങിപ്പോകും.

കുഞ്ഞാലുവമ്മ അവരുടെ ഭർത്താവിനെക്കുറിച്ച് പറഞ്ഞില്ല; പങ്കിയുടെ ഭർത്താവിനെക്കുറിച്ച് പറഞ്ഞു. അയാൾ മുഴുക്കുടിയനായ, പണിയ്ക്ക് പോകാത്ത ഒരാളാണത്രെ! അമ്മയും മകളും പണിയെടുത്ത് കൊണ്ട് വരുന്ന പൈസ എടുത്താണ് പങ്കിയമ്മയുടെ ഭർത്താവ് കള്ള് കുടിയ്ക്കുന്നത്. പങ്കിയമ്മ ടാറിന്റെ പണിയ്ക്ക് പോകും; വാർപ്പ് പണിയ്ക്കും. അവരത്ര കരുത്തുള്ള ഒരാൾ ആ കൂട്ടത്തിൽ ഇല്ല. കുഞ്ഞാലുവമ്മ അഭിമാനത്തോടെ പറയും. കുട്ടിയായിരിക്കുമ്പോൾ നന്നായ് പാലു കുടിച്ചത് കൊണ്ടാണ് അവർക്കീ കരുത്ത്. 

കുഞ്ഞാലുവമ്മയുടെ കഥയിൽ പങ്കിയമ്മയുടെ ഭർത്താവിന് പേരുണ്ടായിരുന്നില്ല.  പങ്കിയമ്മയുടെ മകളുടെ പേര്, മല്ലിക. മല്ലികയെയും അവളെ കെട്ടിച്ചു വിടുമ്പോൾ കൈപിടിച്ചു കൊടുക്കേണ്ട അച്ഛനേയും കുഞ്ഞാലുവമ്മയും പങ്കിയമ്മയും ചേർന്ന് പോറ്റി. പങ്കിയമ്മയുടെ കയ്യിലാണ് ആ കുടുംബത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ. മകളുമായി സംസാരിയ്ക്കാൻ ഞാൻ മൊബൈൽ കൊടുത്തപ്പോഴൊന്നും കുഞ്ഞാലുവമ്മ വാങ്ങിയില്ല. അവർക്ക് പ്രിയം ലാൻഡ് ഫോണായിരുന്നു. അപ്പോഴേ സംസാരിച്ചതായ് തോന്നൂ.. വിശേഷങ്ങൾ മനസ്സിൽ നിറയൂ.

കുഞ്ഞാലുവമ്മ പ്രസവരക്ഷയ്ക്കു പല പല വീടുകളിൽ നിന്നു. ചില വീടുകളിൽ തനിയ്ക്ക് മാത്രമേ മകളേയും മകൾക്ക് പിറന്ന കുഞ്ഞിനേയും ഏറ്റവും നന്നായ് നോക്കാൻ കഴിയൂ എന്ന് വിശ്വസിച്ച അമ്മമാരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും താൻ തന്നെ ശ്രദ്ധിയ്ക്കണമെന്ന് നിഷ്കർഷയുള്ള അത്തരം അമ്മമാരുടെ അടുത്ത് കുഞ്ഞാലുവമ്മ ഒരു കൈസഹായി ആയി. ചില വീടുകളിൽ ഇഷ്ടപ്പെട്ട ജീവിതം സ്വയം തിരഞ്ഞെടുത്തത് കൊണ്ട് മാത്രം വീട്ടുകാർ പുറത്താക്കിയ പെൺകുട്ടികൾ ആയിരുന്നു. എന്ത് ചെയ്യണമെന്ന് ഒന്നും അറിയാത്ത അവർക്ക് കുഞ്ഞാലുവമ്മ കരുത്തും സ്നേഹവും ശാസനകളുമായ്.

എണ്ണമില്ലാത്ത അത്രയും വീടുകൾ. അത്രയും അമ്മമാർ. കുഞ്ഞുങ്ങൾ.

കുഞ്ഞാലുവമ്മ ഒന്ന് നെടുവീർപ്പിട്ടെന്ന് തോന്നി. 
അത് പതിവില്ലാത്തതായതുകൊണ്ട്,
എന്തേ എന്ന് ഞാൻ അന്വേഷിച്ചു.

ആ നെടുവീർപ്പ് മല്ലികയ്ക്കുള്ളതാണ്.
എന്ത് പറ്റി?
പ്ലസ്‌ടു അവസാനത്തെ പരീക്ഷ കഴിഞ്ഞ ദിവസം അവളൊരു ബസ്സ് കണ്ടക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി.
എന്നിട്ട്?
അവളെ ഇനി വീട്ടിൽ കയറ്റില്ലെന്ന് അവളുടെ അച്ഛൻ പറയുന്നു.
നിങ്ങളോ?!
കഴിഞ്ഞ മാസം മല്ലികയ്ക്ക് കുഞ്ഞു പിറന്നിരിയ്ക്കുന്നു. ആ കുഞ്ഞിനെ ഒന്നെടുക്കണം. അതിനൊരു പുതിയ ഉടുപ്പ് വാങ്ങിക്കൊടുക്കണം. അതിന്റെ പേരെന്താണെന്നറിയണം. 
കുഞ്ഞാലുവമ്മ പറഞ്ഞു.

പിന്നെ അവരുടെയും എന്റെയും അനുഭവങ്ങൾ ചേർത്ത് വെച്ച് പറഞ്ഞു:
ആരേയും വെറുക്കരുത്.
നമുക്ക് ചിലത് അനുഭവിയ്ക്കാനുള്ള യോഗം ഉണ്ടാകും. ചിലർ അതിനൊരു നിമിത്തമാകുന്നു എന്നേയുള്ളൂ. ആ അനുഭവങ്ങളുടെ പേരിൽ അതുകൊണ്ട് അവരെ വെറുക്കേണ്ട. അവർ തെറ്റു ചെയ്യുന്നു എന്ന് വിധിയ്ക്കുകയും വേണ്ട. ശരി എന്നൊന്നുമില്ല. ആർക്കും ദോഷം ചെയ്യുന്നില്ലെന്ന നമ്മുടെ മനസ്സിന്റെ ഉറപ്പാണ് നമ്മുടെ ശരി.

നമുക്കൊരാളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞാൽ, അയാൾ നമ്മോട് കാണിയ്ക്കുന്ന അകൽച്ചയും അരിശവും അനിഷ്ടവും അധികാരവും എല്ലാം അയാളിലെ ഭീരുത്വമോ ഭയമോ നിസ്സഹായതയോ കൊണ്ടാണെന്ന് അതിന്റെ കാരണങ്ങളോടെ നമുക്ക് മനസ്സിലായാൽ അയാളെ അയാളെ വെറുക്കാൻ കഴിയില്ല. നമ്മെ ആക്രമിയ്ക്കുന്ന പ്രാണിയെ നാം വെറുക്കാറില്ലല്ലോ, അതിന് ആക്രമിയ്ക്കാൻ അവസരമുണ്ടാകാതെ ജാഗ്രത കാണിയ്ക്കാറല്ലേയുള്ളൂ. അത് ആക്രമിയ്ക്കുന്നത് നമ്മെ ഭയക്കുമ്പോഴോ നാം അതിനെ വേദനിപ്പിയ്ക്കുമ്പോഴോ അതിന്റെ ആഹാരത്തിനോ മാത്രമാണെന്ന് നമുക്കറിയാവുന്നത് കൊണ്ടല്ലേ? ഒരു സാധാരണ പ്രാണി മാത്രമാണ്  പ്രകൃതിയുടെ കണ്ണിൽ മനുഷ്യനും.

ആ വാക്കുകളിലാണ് ഞാൻ ദീക്ഷ എടുത്തത്.  
സ്നേഹം ഭിക്ഷ കിട്ടുമ്പോൾ എല്ലാ നിഷ്‌ഠകളും തെറ്റിയ്ക്കുന്ന ഒരു സന്യാസി പക്ഷേ ഇപ്പോഴും എന്റെയുള്ളിലുണ്ട്. 
എങ്കിലും ആ രാത്രിയിൽ നാമല്ലാത്ത മറ്റാരോ നമ്മിലേക്ക് ദുഃഖങ്ങൾ നിറയ്ക്കുന്നു എന്ന ചിന്ത, ഞാൻ ഉപേക്ഷിച്ചു.  

പിരിഞ്ഞു പോകുമ്പോൾ പറഞ്ഞുറപ്പിച്ച തുകയും ഒരിത്തിരി സ്നേഹക്കൂടുതലും കൈമാറുമ്പോൾ കുഞ്ഞാലുവമ്മ എന്നോട് പറഞ്ഞു:

അവർക്കിപ്പോൾ സ്വന്തമായ് ഒരു പുരയിടമുണ്ട്. അവരും മകളും പണിചെയ്തു സ്വന്തമായ് വാങ്ങിയത്. ഒരു പാറയുടെ മുകളിലോ മറ്റോ. ഒരു കിണർ സ്വന്തമായ് ഇല്ല. പാറ പൊട്ടിച്ചു രണ്ടോ മൂന്നോ തവണ കുഴൽക്കിണർ കുഴിച്ചിട്ടും വെള്ളം കണ്ട് കിട്ടിയില്ല. വെള്ളം ശേഖരിയ്ക്കുകയാണ് ചെറുപ്പം മുതൽ ഈ പ്രായം വരെ അവരുടെ സാഹസികതകളിൽ ഏറ്റവും കഠിനം.

നമ്മിലേക്ക് ഒഴുകിയെത്താറുള്ള ജലസ്രോതസ്സുകളെക്കുറിച്ച്, നമ്മുടെ കിണറുകളെക്കുറിച്ച് നമ്മൾ എപ്പോഴെല്ലാം ആലോചിയ്ക്കാറുണ്ട്?!

ഞാൻ കൊടുത്ത നോട്ടുകെട്ടുകൾ നോക്കി അവർ പ്രാർത്ഥിച്ചു.
സ്വന്തമായ്, നിറയെ വെള്ളമുള്ള ഒരു കിണറിന് വേണ്ടിയാണ് അവരുടെ ഈ അധ്വാനം.അതിന് വേണ്ടിയാണ് അവരീ വിയർപ്പു തുള്ളികൾ കൂട്ടിവയ്ക്കുന്നത്.

കിട്ടിയ പണമത്രയും കിണറിനു വേണ്ടി മാറ്റിവയ്ക്കാനാവില്ല. വേറെയും ആവശ്യങ്ങളുണ്ട്. അത് കുടിച്ചു തീർക്കുന്ന ചിലരുണ്ട്. ഒളിച്ചു വയ്ക്കാൻ കഴിയാത്തതാണ് ചില സമ്പാദ്യങ്ങൾ.

ഞാനും പ്രാർത്ഥിച്ചു.

കുഞ്ഞാലുവമ്മയുടെ കഥയിൽ അവരുടെ അച്ഛന് പേരുണ്ടായിരുന്നില്ല; ഭർത്താവിനോ മകളുടെ ഭർത്താവിനോ മകളുടെ മകളുടെ ഭർത്താവിനോ പേരുണ്ടായിരുന്നില്ല. പേരില്ലാത്ത പുരുഷന്മാരുടെ കഥയിലെ  പെണ്ണാണ്  കുഞ്ഞാലു. അവരുടെ സ്വപ്‍നം, നിറയെ വെള്ളമുള്ള കിണർ സ്വന്തമാക്കുന്നതും.

ജീവിതമെന്ന രാജാവ് നഗ്നനാണെന്ന് ചിലർക്ക് തോന്നാം. അദ്ദേഹം അതിമനോഹരമായ ഒരുത്തരീയം പുതച്ചിട്ടുണ്ടെന്ന് ചിലർക്കും! 
നമുക്ക് മനസ്സിലാകാത്ത കാരണങ്ങൾ കൊണ്ടാണ് ചിലർ ജീവിതത്തിന്റെ കൈകൾ പിടിയ്ക്കുന്നത്.
നമുക്ക് മനസ്സിലാകാത്ത കാരണങ്ങൾ കൊണ്ടാണ് ചിലർ  കൈകൾ പിടിച്ച ജീവിതത്തെ വഴിയിൽ ഉപേക്ഷിച്ചു എങ്ങോട്ടോ ഓടിപ്പോകുന്നത്.
നമുക്ക് പങ്കിടാൻ സമയമില്ലാതാകുന്നതും തിരക്കൊഴിയാത്തതും കാരണങ്ങൾ ഇല്ലാതെ തന്നെയാണ്. കാരണങ്ങൾ ഉണ്ടാക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട് പുഴകളും പാറക്കെട്ടുകളും. ഒരല്പ്പം കൂടി മാർദ്ദവമാകാനുണ്ടെന്ന് ഓർത്തുകൊണ്ടാണ് നാം നമുക്കുള്ളിലൂടെ നിരന്തരം ഒഴുകുന്നത്. കാലുഷ്യവും മത്സരവും പൊടിഞ്ഞു തീരാനുണ്ടെന്ന അറിവിലാണ് നാം തപസ്സിരിയ്ക്കുന്നത്; ഈ ഋതുഭേദങ്ങളെയൊക്കെയും ഉള്ളിൽ വഹിയ്ക്കുന്നത്. 

ഒഴുക്കിൽ പെട്ടു പോയ കുഞ്ഞൻ ഉറുമ്പും നമ്മുടെ ഉള്ളിലുണ്ട്, ആ പ്രാണന് വേണ്ടി ഒരില കൊത്തി എറിഞ്ഞു കൊടുക്കുന്ന പ്രാവും പ്രാവിന്റെ പ്രാണന് ലാക്ക് നോക്കുന്ന വേടനും നമ്മൾ തന്നെയാണ്. 

കുഞ്ഞിലയിൽ കയറി ജീവൻ തിരിച്ചു കിട്ടിയ ഉറുമ്പ് വേടന്റെ കണങ്കാൽ ലക്ഷ്യമാക്കി വരുന്നതും വേടൻ കൊണ്ട് വരുന്ന മാംസം ഭക്ഷിയ്ക്കാൻ വിശക്കുന്ന ഒരു കുടുംബം കാത്തിരിക്കുന്നതും നമ്മൾ അറിയുന്നുണ്ട്. 

ഏതിലേക്ക് എത്ര ദൂരം എന്നതേ അറിയാത്തതായ് ഉള്ളൂ.. 

ഏറ്റവും ആദ്യം മനസ്സിൽ  തെളിയുന്ന ജീവിയുടെ ശരിയാണ് നാം ആ നേരങ്ങളിൽ ജീവിയ്ക്കുന്ന ജീവിതത്തിന്റെ ശരി. 

അങ്ങനെയല്ലേ?

സ്നേഹത്തിന്റെ വാതിലുകൾ തുറന്നിട്ടാണ് ഞാൻ എന്നിലേക്ക് തിരിച്ചു വന്നത്.

നിങ്ങളിലേക്ക് വന്ന സ്നേഹത്തെയെല്ലാം നിങ്ങൾ സ്വീകരിച്ചുണ്ടോ?
നിങ്ങൾ പങ്കിടാൻ തയ്യാറായ സ്നേഹനിമിഷങ്ങൾ ആരെങ്കിലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടോ? അതുകൊണ്ട് നിങ്ങൾ അവരെ വിദ്വേഷിച്ചിട്ടുണ്ടോ?

സ്വാതന്ത്യ്രം, സ്നേഹത്തിന്റെ എല്ലാ അർത്ഥങ്ങളേയും പൂർണ്ണമാകുന്നു എന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നത് കൊണ്ട് നിങ്ങളുടെ സ്നേഹത്തിൽ തടവിലാകുന്നതിൽ ആഹ്ളാദിയ്ക്കുമായിരുന്ന ചിലരെ നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞിട്ടുണ്ടോ?

കൂട്ടിലകപ്പെടുമ്പോൾ മാത്രം
പറന്നു നടക്കാനൊരു ആകാശമെന്ന്
സ്വപ്‍നം കാണുന്ന പക്ഷികളുണ്ട് .
പറന്നുയരുമ്പോൾ പക്ഷെ
തന്റെ സ്വാതന്ത്ര്യം കൊണ്ട്
എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാകുന്നവർ.

നിങ്ങൾ അങ്ങനെ ഒരു പക്ഷിയാണോ? 
അല്ലെങ്കിൽ നിങ്ങൾ അങ്ങനെ ഒരു പക്ഷിയെ സ്നേഹിച്ചിട്ടുണ്ടോ?

നിങ്ങളോട് ഏറ്റവും അധികം സ്നേഹത്തെക്കുറിച്ച് പറഞ്ഞത് ആരാണ്?
ആരെക്കുറിച്ചുള്ള ഓർമ്മയാണ് നിങ്ങളെത്തന്നെ സ്നേഹമായ് മാറ്റിക്കളയുന്നത്? എപ്പോഴാണ്  നിങ്ങളിൽ ജയപരാജയങ്ങൾ ഇല്ലാതാകുന്നത്?

ഷെയർ ചെയ്യാത്ത, ഫോർവേർഡുകൾ അല്ലാത്ത, നിങ്ങൾക്ക് വേണ്ടി മാത്രമായ് ഒരാൾ എഴുതിയ ഒരു സ്നേഹസന്ദേശം നിങ്ങൾ വായിച്ചിട്ട് കാലമെത്രയായ്‌ ?!

ഹൃദയം, ഹൃദയത്തോട് മാത്രമേ  ഇത്രയും ചോദിക്കൂ . ..
ഇത്രയും പറയൂ.

No comments:

Post a Comment