Tuesday, December 4, 2018

ഇച്ചാപ്പി എന്ന ഉടമ

പഴക്കമുള്ളൊരു കഥയാണ്. 
എന്നാൽ എന്നോളം പഴക്കമില്ല; 
നിങ്ങളോളം ഒട്ടുമില്ല.

എന്നാലും പണ്ട് പണ്ട്, ഒരിടത്ത് ഇച്ചാപ്പി എന്നൊരാൾ ഉണ്ടായിരുന്നു. 
അയാൾക്ക് ആടുകളെ ഇഷ്ടമായിരുന്നു. ഇച്ചാപ്പി അവയെ കെട്ടിയിട്ടൊന്നുമല്ല വളർത്തിയത്. ആ പുരയിടം നിറയെ ആടുകളായിരുന്നു എന്ന് മാത്രം. അത്രയും ആടുകൾ. എണ്ണമറ്റത്രയും. ഇച്ചാപ്പി ഇന്ന ആട്, ഇന്ന നിറം, ഇന്ന രൂപം എന്നൊന്നും ഓർത്തുവച്ചില്ല. ആടുകളല്ലേ എങ്ങനെയിരുന്നാലും ഇഷ്ടം.

അവയെ അങ്ങനെ കണ്ടുകൊണ്ടിരിയ്ക്കുന്നത് തന്നെ രസമല്ലേ!

ഇച്ചാപ്പി ആടുകളെ വളർത്തുന്ന കാര്യം പറഞ്ഞു നടക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും ആടുകൾ അല്ലേ? ഒളിപ്പിച്ചു വയ്ക്കാമോ?!

ചില കച്ചവടക്കാർ വന്നും പോയുമിരുന്നു. ഇച്ചാപ്പി ശ്രദ്ധിച്ചില്ല. ആളുകളല്ലേ അവർക്ക് കൗതുകം കാണില്ലേ? എന്നാലും ആരും കാൺകെ ഒന്നിനെയും എടുത്തുകൊണ്ട് പോകുന്നില്ലല്ലോ.. അവർ ആടുകളെ കണ്ട് പൊയ്ക്കോട്ടേ..

ചിലപ്പോൾ ഒന്ന് ചുറ്റിക്കറങ്ങി വരാമെന്നൊക്കെ കരുതി ഇറങ്ങും. അതിനിടെ ചില ആടുകളെ കച്ചവടക്കാരുടെ അടുക്കൽ കാണുമ്പോൾ ഇച്ചാപ്പിക്ക് തോന്നും അത് തന്റെ ആടായിരുന്നില്ലേ എന്ന്. അങ്ങനെ പുള്ളിയുള്ള ഒരെണ്ണം തന്റെ അടുക്കലും ഉണ്ടായിരുന്നല്ലോ. അങ്ങനെ ഭംഗിയുള്ള ചെവികളുള്ള ഒന്ന് തന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നല്ലോ, ഒരു പ്രത്യേക താളത്തിൽ തലയാട്ടുന്ന ഒന്ന് തന്റെ അടുക്കലും ഉണ്ടായിരുന്നില്ലേ? ...

പക്ഷേ എങ്ങനെ ഉറപ്പിയ്ക്കും?

ഇച്ചാപ്പി ആടുകളെ ഒന്നും സ്വന്തമാക്കിയിരുന്നില്ലല്ലോ..
ഒരു ആടും ഇച്ചാപ്പിയുടെ മാത്രം ആയിരുന്നില്ലല്ലോ..
എന്നാലുമത് ഇച്ചാപ്പിയുടേത് കൂടിയും ആയിരുന്നല്ലോ.

ചില ദേശങ്ങളിൽ ഇച്ചാപ്പി കഥകൾ എഴുതും.
ചില ദേശങ്ങളിൽ ഇച്ചാപ്പി കവിതകൾ എഴുതും.
ചില ദേശങ്ങളിൽ ഇച്ചാപ്പി ക(വി)ഥകൾ എഴുതും.

അന്നേരം ആടുകൾ വാക്കുകളാകും.
ഇച്ചാപ്പിയ്ക്ക് വാക്കുകൾ ഇഷ്ടം.
വാക്കുകൾ  ഇച്ചാപ്പിയുടെ ചുറ്റിലും ചുറ്റി നടക്കും.

ഇച്ചാപ്പി അതൊന്നും പറഞ്ഞു നടക്കാറൊന്നും ഇല്ല. എന്നാലും ചിലരത് കാണും, വായിക്കും.
വാക്കുകളല്ലേ ഒളിപ്പിച്ചു വയ്ക്കാമോ?

കച്ചവടക്കാർ പുസ്തകങ്ങൾ വിൽക്കും.
ചില പുസ്തകങ്ങൾ കാണുമ്പോൾ ഇച്ചാപ്പിക്ക് തോന്നും, ഇത് ഞാൻ പറഞ്ഞതാണോ? ഞാൻ എഴുതിയതാണോ?

പക്ഷേ എങ്ങനെ ഉറപ്പിയ്ക്കും?

ഇച്ചാപ്പി വാക്കുകളെ  ഒന്നും സ്വന്തമാക്കിയിരുന്നില്ലല്ലോ..
ഒരു വാക്കും ഇച്ചാപ്പിയുടെ മാത്രം ആയിരുന്നില്ലല്ലോ..
എന്നാലുമത് ഇച്ചാപ്പിയുടേത് കൂടിയും ആയിരുന്നല്ലോ.


*********************************************************
എന്റെ എല്ലാ കാലത്തേയും സംശയം ഒന്നാണ്. 
എങ്ങനെയാണ് എന്തെങ്കിലും ഒന്നെഴുതിക്കഴിഞ്ഞാൽ
"ഞാനാണാദ്യമായ് ഇങ്ങനെ എഴുതിയതെന്ന്, അതുകൊണ്ടിത് എന്റേതാണ്" 
എന്ന് ആളുകൾക്ക് ഉറപ്പിയ്ക്കാൻ കഴിയുന്നത്?!



No comments:

Post a Comment