Monday, January 15, 2018

മൂട്ട

രണ്ട് എമിറേറ്റ്സുകളിലായ് കിടന്ന വർക്ക് സൈറ്റുകൾക്കിടയിലുള്ള ഓട്ടത്തിലായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയും. നിറയെ ചുവന്ന അക്കങ്ങളുള്ള കലണ്ടറും അതിനിടയിൽ സാൻഡ് വിച്ച് പോലെ ഹർത്താലുകളും പണിമുടക്കുകളും കിട്ടുന്ന ഒരിടത്തുനിന്ന് വരുന്ന ഒരാൾക്ക് പണിയെടുത്താൽ മാത്രം അന്നം (അല്ലെങ്കിൽ നന്നായ് പറ്റിയ്ക്കാനറിയണം !) എന്ന മാനസികാവസ്ഥയിൽ എത്തിപ്പെടാൻ പ്രയാസം തന്നെയാണ്. നാട്ടിൽ നിന്ന് പുതുതായ് വന്ന വെൽഡർമാർ രണ്ട് പേരുടെയും അവസ്ഥ അത് തന്നെയായിരുന്നു.

അതിനിടയിൽ കടങ്ങൾ വീട്ടാൻ കഴിഞ്ഞതിന്റെ, പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ, പുതിയ വീട് വെച്ചതിന്റെ സന്തോഷങ്ങൾ പങ്കിടാൻ വന്നു; കഴിഞ്ഞ കുറെ കാലങ്ങളായ്  ഒപ്പം ഉണ്ടായിരുന്നവർ. പന്ത്രണ്ട് ജോലിക്കാരെ വച്ചുകൊണ്ട് വളരെ ചെറിയ മട്ടിൽ ഒരു കൺസ്ട്രക്ഷൻ  ബിസിനസ്സ് നടത്തികൊണ്ടുപോകുന്നവന്റെ സന്തോഷം ഇതൊക്കെയാണ്. അതല്ലാതെ മറ്റെല്ലാം പ്രാരാബ്ധങ്ങളും.

ചെക്കുകൾ ഒപ്പിട്ട് കൊടുക്കുമ്പോൾ, ബില്ലുകൾ അടച്ചു തീർക്കുമ്പോൾ കമ്പനി മുതലാളി;  അല്ലാത്ത നേരങ്ങളിലൊക്കെ തൊഴിലാളികളുടെ തൊഴിലാളി. :-D  നേരത്തും കാലത്തും വർക്ക്സൈറ്റുകളിൽ എത്താൻ ഒരു ഡ്രൈവറും ഒരു വണ്ടിയും പോരാ എന്നത് കൊണ്ട് വർക്ക് ലോഡ് കൂടുതലുള്ള  ദിവസങ്ങളിൽ ജോലിക്കാരുടെ ഡ്രൈവറും അവർക്ക് ഫുഡ് വാങ്ങിക്കൊണ്ട് വരുന്ന ആളും വേതനമില്ലാതെ പണിയെടുക്കേണ്ടി വരുന്ന ഹെൽപ്പറും ഒക്കെയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളിലായ്, പാതിര കഴിയും തിരിച്ചു വീട്ടിൽ എത്താൻ. മക്കളോടൊപ്പം ഒരുറക്കം ഉറങ്ങിക്കഴിഞ്ഞ ഭാര്യ, ആ ഉറക്കം മാറാതെ അത്താഴം വിളമ്പും. അടുക്കള വൃത്തിയാകാതെ രാത്രി ഉറങ്ങില്ലെന്ന് നിർബദ്ധമുള്ള അവൾ അടുക്കളയിലെ ലൈറ്റ് അണച്ച് കിടക്കാൻ എത്തുമ്പോഴേയ്ക്കും പിന്നെയും വൈകും. വൈകി വരുന്ന ദിവസങ്ങളിൽ കഴുകുന്ന പാത്രങ്ങൾക്ക് ശബ്ദം പതിവിലും  കൂടുതലാകുമോ, അത് കഴുകാൻ പതിവിലും കൂടുതൽ സമയം വേണ്ടി വരുന്നുണ്ടോ, അത് കഴുകുന്നയാൾ കിടക്കുന്നതിന് മുൻപേ കൂർക്കം വലിച്ചു തുടങ്ങുമോ എന്നൊക്കെ ഓർത്ത് കിടക്കും. ഇപ്പോഴൊന്ന് കണ്ണടച്ചതല്ലേ എന്നോർത്ത് അലാറം ഓഫാക്കി എഴുന്നേൽക്കുമ്പോഴേക്ക് നേരം പുലരാറായിട്ടുണ്ടാകും. നേരത്തെ എഴുന്നേറ്റ് ഇറങ്ങിയാലേ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് വലിയ ട്രാഫിക്കില്ലാതെ രക്ഷപ്പെടാൻ കഴിയൂ.

കഴിഞ്ഞ ദിവസം ഭാര്യ ഗൗരവത്തിൽ തന്നെ ചോദിച്ചു: "എന്നാ പിന്നെ അവിടെ എവിടെയെങ്കിലും കെടന്നാ പോരേ? നട്ടപ്പാതിരയ്ക്ക് ഇത്രേം ദൂരം വണ്ടി ഓടിച്ച് വരണോ?"

"ഇവിടെ പതിനെട്ട് മണിക്കൂർ പണിയെടുത്താലും ചെലപ്പോ മതിയാകാതെ വരും."    

"എന്നാ എന്നേം കുട്ടികളേം നാട്ടി കോണ്ടാക്ക്യേ.. ഒന്നിച്ച് നിക്കാന്ന് പറഞ്ഞിട്ട് ഇവിടെ ഇത്രേം പൈസേം ചെലവാക്കിട്ട് എന്ത് കാര്യാന്ന് .. കുട്ട്യേക്ക് ങ്ങളെ ഒന്ന് കാണാമ്പോലും കിട്ട്ന്നില്ല... വീട്ട്ന്ന് വിളിച്ചതിന് .. പ്രഭേച്ചീന്റെ വീട്ട് കൂടല് പറയാൻ.. വന്ന് വന്ന് നാട്ടിലൊരു പുത്യ വീടില്ലാത്തെ നമ്മക്ക് മാത്രാ.. ങ്ങള് കമ്പനി മുതലാളി ആയിട്ടെന്ത്..  ഈട ജോലിക്കാരായ് വരുന്ന ആള്കളാണ് നാട്ടില് നല്ല നെലേല്..  ഈട ചെലവാക്ക്ന്ന റെന്റും സ്‌കൂൾ ഫീസും മതി നാട്ടിൽ അതിനേക്കാൾ നല്ലൊരു വീട് എടുക്കാന് !"

അധികം പ്രകോപിപ്പിയ്ക്കാതെ പറഞ്ഞു നോക്കി:
"നമ്മൾ അതിന് ഒന്നിച്ചു നിൽക്കുന്നില്ലേ.. എന്നും കാണാൻ പറ്റുന്നില്ലേ.. ഈ പ്രഭേച്ചീന്റെ ഭർത്താവ് സത്യേട്ടൻ കഴിഞ്ഞ നാല് കൊല്ലായിട്ട് നാട്ടിൽ പോയിട്ടില്ല.. മൂപ്പര് ഇവിടത്തെ ലേബർ ക്യാമ്പില് പത്ത്പന്ത്രണ്ട് ആളുകൾ ഒന്നിച്ച് നിക്ക്ന്ന മുറീലാണ് താമസിക്ക്ന്നെ ..തിന്നാണ്ടും കുടിക്കാണ്ടും ഇണ്ടാക്കിയ പൈസയാണ് മൂപ്പരെ വീട്ടിലെ നീന്തൽ കൊളോം പരവതാനിം "

"ഭാവിയെക്കുറിച്ച് ചിന്ത ള്ളോര് അങ്ങനെയാന്നാ അച്ചൻ പറേന്നെ "

"ഒന്നിച്ച് താമസിയ്ക്കുന്നതും കുട്ടികള് വളരുന്നതും കളിയ്ക്കുന്നതും കണ്ടോണ്ടിരിയ്ക്കാൻ പറ്റുന്നതിലും ഒരു സുഖല്ലേ..  ഒരു വലിയ കെട്ടിടം നാട്ടുകാരെ കാണിയ്ക്കാൻ കെട്ടിവയ്ക്കുന്നതിനേക്കാൾ സുഖണ്ടാവില്ലേ അതിന്.. നമുക്കാണെങ്കിൽ ഒന്നിച്ചു നിൽക്കാനുള്ള ഒരു സാഹചര്യം ദൈവം സഹായിച്ചിട്ട് ഇപ്പൊണ്ട്.. എത്ര ആളുകള് അതാഗ്രഹിയ്ക്കന്ന്ണ്ട്.. സന്തോഷായിട്ടിരിക്ക്.. ഇത്രയൊക്കെ ആയില്ലേ.. വീട് നമുക്ക് എടുക്കാം.."

"ഈട വാറ്റും ആട ജിഎസ്ടി.. എനി  എപ്പ എട്ക്കാനാന്ന്! "

രണ്ട് ആഴ്ചകൾക്ക് മുൻപേ, ഗോപൻ സാറിനെ കണ്ടിരുന്നു. പണ്ട് ജോലിചെയ്തിരുന്ന കമ്പിനിയിൽ സീനിയർ പ്രൊജെക്ട് എഞ്ചിനീയറായിരുന്നു, അദ്ദേഹം. ഇപ്പോൾ അതിനേക്കാൾ ഉയർന്ന നിലയിൽ. ഉയർന്ന ശമ്പളം. കൺവെർഷൻ റേറ്റ്  നോക്കിയാൽ ഭീമമായ തുക. ഏക മകന്  പ്രശസ്തമായ എംഎൻസി കമ്പനിയിൽ  കഴിഞ്ഞ വർഷം ജോലി കിട്ടി. വീട്ടിൽ ഭാര്യ തനിച്ച്. അൻപത്തിയഞ്ച് കഴിഞ്ഞ അദ്ദേഹം ഇവിടെ എക്‌സിക്യൂട്ടീവ് ബാച്ചിലേഴ്‌സിനൊപ്പം ജീവിയ്ക്കുന്നു. വീട്ടുവാടക കുറഞ്ഞ നഗരഭാഗത്ത്, മുൻപത്തതിനെക്കാൾ ചിലവുകൾ ചുരുക്കി. പാർക്കിംഗ് സ്ലിപ്പിന് പണം മുടക്കേണ്ടെന്ന് കരുതി, പാർക്കിംഗ് ഫീസ് ഇല്ലാത്ത കച്ച പാർക്കിങ്ങിൽ വണ്ടി നിർത്തി ഏതാണ്ട് ഒന്നരകിലോമീറ്ററോളം നടന്നാണ് അദ്ദേഹം മീറ്ററിംഗ്‌ പോയന്റിൽ എത്തിയത്. വർഷങ്ങളായ ശീലമാണ് അദ്ദേഹത്തിനത്. സംസാരത്തിനിടെ അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങളാണ്. 

അദ്ദേഹം പറഞ്ഞ വാചകങ്ങളിൽ ഒന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല:
"സ്നേഹിയ്ക്കപ്പെടുന്ന ബാച്ചിലർ ആയിട്ടിരിക്കാനാണ് മിക്ക പുരുഷന്മാരും ആഗ്രഹിക്കുക..അതിനിടയിൽ അടച്ചു തീർക്കേണ്ട പലിശയാണ് ബാക്കി റിലേഷനുകൾ എല്ലാം..."
ചിലരോട് സംസാരിയ്ക്കുമ്പോൾ എന്തിനു വേണ്ടിയാണ്  ആളുകൾ ജീവിയ്ക്കുന്നത് എന്നൊക്കെ നമുക്ക്  തോന്നിത്തുടങ്ങും. പിന്നീട് അവരോട് സംസാരിച്ചാലും അവരെ കേൾക്കാൻ തോന്നില്ല.     


വർക്ക് സൈറ്റുകളിൽ ഒന്ന് ഇന്നലെയും രണ്ടാമത്തേത് ഇന്നു വൈകുന്നേരത്തോടെയും ഹാൻഡോവർ ചെയ്യാൻ കഴിഞ്ഞു. രണ്ട് ടൂർണ്ണമെന്റുകൾ ഒന്നിച്ചു ജയിച്ചതിന്റെ ആഹ്ളാദമായിരുന്നു എല്ലാവരിലും. 

വൈകുന്നേരം മടങ്ങുമ്പോൾ ബിഹാറിൽ നിന്നുള്ള വിനോദ് സിങ് ലീവ് സാലറിയെക്കുറിച്ച് ഓർമ്മിപ്പിച്ചു. എയർ ടിക്കറ്റിന്റെ റീഎബേഴ്‌സ്മെന്റും വേണം. അയാൾ ഇത്തവണയും നാട്ടിൽ പോകുന്നില്ല. നാലു പെൺമക്കളിൽ രണ്ടുപേരുടെ കല്യാണം കഴിഞ്ഞു. അതിന്റെ കടങ്ങൾ വീടി കൊണ്ടിരിയ്ക്കുന്നതേയുള്ളൂ. മിടുക്കിയായ മൂന്നാമത്തെ മകൾ ദന്തഡോക്ടറാകാൻ പഠിയ്ക്കുന്നു. ഗ്രാമത്തിലൊരു ദന്താശുപത്രി- അതാണ് അയാളുടെയും മകളുടെയും സ്വപ്‌നം. ഇങ്ങനെ പല്ലുതേക്കാതെയും നനക്കാതെയും കുളിയ്ക്കാതെയും നടന്നാൽ ആശുപത്രി ഉദ്ഘാടനത്തിന് മറ്റാരേയും വിളിക്കേണ്ടി വരില്ലെന്ന് പകുതി കളിയായും പകുതിയിലധികം കാര്യമായും പറഞ്ഞു. അതിന് വയറുകുലുക്കി ചിരിച്ച് അയാൾ പോയി. ഇന്ന് ഓവർടൈമെടുക്കാനില്ലാത്തതിന്റെ ക്ഷീണം, ബംഗാളി മാർക്കറ്റിലെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മുട്ട ഓലെറ്റിനും സർദാക്കന്മാർ ട്രൈലറുകളുടെ അടിയിൽ വെച്ചൊഴിച്ചു കൊടുക്കുന്ന ലഹരിക്കും ഇടയിൽ ഇരന്നു നടന്നു തീർക്കുമെന്ന് ആ പോക്ക് കണ്ടപ്പോഴേ തോന്നി.

മലയാളിയായ റോബിൻ പറഞ്ഞു:
"എന്ത് മനുഷ്യനാ സാറേ!"

വിനോദ് സിങിനെക്കുറിച്ച് മുൻപും പരാതിയുണ്ടായിരുന്നു. അയാൾ ലേബർ ക്യാമ്പ് മുഴുവൻ, പണിയെടുത്തിട്ടും സമയത്തിന് സാലറി കിട്ടാത്തയാളായ് പരാതി പറഞ്ഞു നടക്കുന്നു എന്ന്.   ഓരോ ദിവസവും  ഓരോത്തരോട് കഥനകഥകൾ പറഞ്ഞു അവരുടെ അത്താഴവും ലഹരിയും പങ്കിട്ടു കഴിയ്ക്കുന്നു. ചോദിച്ചപ്പോൾ തേയ്ക്കാത്ത പല്ലുകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു:
"സങ്കടം പറയുമ്പോ അതിൽ ശരിയ്ക്കും സങ്കടം വേണ്ടേ സാബ്.." ഒരാൾക്ക് അയാൾ പിശുക്കി ചിലവാക്കുന്നത് പങ്കിടാൻ തോന്നിപ്പിക്കുന്ന അത്രയും സങ്കടം!
 "എന്ത് മനുഷ്യനാ സാറേ!" റോബിൻ അന്നേരവും പറഞ്ഞു.

റോബിന്റെ ആവശ്യം, അവനു വിസ ക്യാൻസൽ ചെയ്യണം. കഴിഞ്ഞവർഷം ഒരു മെഡിക്കൽ എമർജൻസി എടുത്ത് നാട്ടിൽ പോയതാണ്. സൗദിയിൽ നഴ്‌സായ ഭാര്യയും അവധിയ്ക്ക് നാട്ടിൽ എത്തിയിരുന്നു. അപ്പോഴുണ്ടായ എമർജൻസി സന്തോഷത്തിന് ഇപ്പോൾ രണ്ടുമാസം പ്രായമായിരിക്കുന്നു.  ഗുണിച്ചും ഹരിച്ചും നോക്കിയാൽ കൂടുതൽ മെച്ചപ്പെട്ട ശമ്പളം ഭാര്യയ്ക്കാണ്. മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഭാര്യ  തിരിച്ചു പോകും. റോബിൻ വീട്ടിൽ ഇരുന്ന് കുട്ടിയെ നോക്കണം. മൂന്നോ നാലോ വർഷം കഴിഞ്ഞ്, ഭാര്യ ജോലി മതിയാക്കും. അപ്പോഴേക്ക് ആവശ്യത്തിന് സമ്പാദിക്കാനും കഴിയും.

"അന്നേരം സാറെന്നെ മറക്കരുത് .. വിസ ശരിയാക്കിത്തരണം.."
"എന്റെ റോബിനെ! " എന്ന് എഴുന്നേറ്റ് നിന്ന് കൈകൂപ്പാൻ തോന്നി.
"നാലോ അഞ്ചോ കൊല്ലം കഴിഞ്ഞിട്ടുള്ള കാര്യല്ലേ.. അപ്പോഴേക്ക് ആരൊക്കെ എന്തൊക്കെയാകുമെന്ന് ആർക്കറിയാം!"

പത്തനംതിട്ടക്കാരി കത്രീനയുടെ മകനെ പാചകത്തിൽ തോല്പിയ്ക്കാൻ ലേബർ ക്യാമ്പിൽ വേറെ ആളില്ല. അതിന്റെ രുചിയറിഞ്ഞ കൂട്ടുകാരിൽ ചിലർ " നമ്മൾ പണിയെടുത്താലേ നമുക്കൊരു വിലയുണ്ടാകൂ " എന്നോർമ്മിപ്പിച്ച് റോബിനെ  പിരിഞ്ഞു പോകാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അതിനിടയിലാണ് ഭാര്യ വിളിച്ചത്:
"ങ്ങള് ന്നും വൈകോ?"

കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ വൈത്തീശ്വരൻ കൂടെ വന്നു. അവന് ആയിരം ദിർഹം അഡ്വൻസായി വേണം. കുളുമുറിയിൽ കാലുവഴുതി വീണ ചേച്ചിയെ ഭർത്താവ് വീട്ടിൽ കൊണ്ടാക്കിയിരിക്കുന്നു. നന്നായി സമ്പാദിയ്ക്കുന്ന അനിയനുള്ളപ്പോൾ ആശുപത്രി ചിലവ് താൻ വഹിയ്ക്കുന്നത് എന്തിനാണെന്നാണ് അയാളുടെ ചോദ്യം! വൈത്തിയുടെ നെഞ്ചിൽ ഒരു പൂണൂൽ ഒഴുകുന്നുണ്ട്. അന്നം തേടിയിറങ്ങിയവന്റെ കരുത്തോടെ അവനതിൽ ഇടയ്ക്കിടെ വിരലോടിയ്ക്കാറുണ്ട്. ആ കരുത്തിന്റെ പൂർവ്വ ചരിത്രം മുഴുവൻ അവൻ കണ്ണുകളിൽ എഴുതിവെച്ചിട്ടുമുണ്ട്.

വീട്ടിൽ എത്തിയപ്പോൾ ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ഭാര്യ കുട്ടികൾ ഇരുവരുടെയും ഇടയിലിരുന്ന് കാർട്ടൂൺ കാണുന്നു. വാതിൽ തുറന്ന് അകത്ത് കയറുന്നതിനു മുൻപേ ഇളയകുട്ടി ഓടിവന്നു. കഴുത്തിൽ തൂങ്ങി. ചുമലിൽ ഇരുന്നു. അവളുടെ കളിക്കൂട്ടുകാരൻ കയ്യൊടിഞ്ഞ് പ്ലാസ്റ്റർ ഇട്ടതും അവൾക്ക് ഒരു കൈകൊണ്ട് ലോലിപ്പോപ്പ് പൊട്ടിച്ചു കൊടുത്തതുമായ കഥ ഭാര്യ മുതിർന്നവരുടെ ഭാഷയിൽ തർജ്ജിമ ചെയ്തു കേൾപ്പിച്ചു. ആ സ്നേഹപ്രകടനം കഴിയാൻ കാത്തു നിന്ന മൂത്തമകൾ പതുക്കെ, വളരെ പതുക്കെ കെട്ടിപ്പിടിച്ചു. അവൾ മുതിർന്നു കഴിഞ്ഞതിൽ പിന്നെ ആദ്യമായ്.  ഇതിപ്പോൾ എന്തിനെന്ന് ഒരമ്പരപ്പ് തോന്നിക്കുന്നവണ്ണം! 

അവൾക്ക് റിപ്പോർട്ട് കാർഡ് കിട്ടിയിരിക്കുന്നു. ഭാര്യ പരിഭാഷപ്പെടുത്തി.
പക്ഷേ അത് മാത്രമല്ല കാര്യം: ക്ലാസ്സിൽ പകുതിപ്പേർക്കും ഒരു പേപ്പറിന്റെ മാർക്ക് അറിയാനുണ്ട്. ചിലർക്ക് മൂന്നോ നാലോ വിഷയങ്ങളുടെ. സ്‌കൂൾ ഫീസ് അടയ്ക്കാത്ത മാസങ്ങളുടെ അത്രയും പേപ്പറുകൾ മാർക്ക് പറയാതെ പിടിച്ചു വച്ചിരിയ്ക്കയാണ്. അവരുടെ പേര് ക്ലാസ്സിൽ വായിക്കുകയും ചെയ്തു. നല്ല മാർക്ക് കിട്ടിയതിനല്ല; ഫീസ് കൃത്യസമയത്ത് അടച്ചതിനുള്ള നന്ദിയായിരുന്നു ആ കാത്തിരിപ്പും കെട്ടിപ്പിടുത്തവും. അവളുടെ കൂട്ടുകാരി അദിതിയുടെ അച്ഛൻ ഫീസ് അടച്ചിട്ടില്ല.
"അവൾ ക്ലാസ്സിലിരുന്ന് കരയുകയായിരുന്നു. പിന്നെ സ്നേഹയും. സതീഷ് അങ്കിളിന്റെ മോളില്ലേ?!"

സതീഷ് കഴിഞ്ഞ മാസം ആദ്യം വിളിച്ചപ്പോൾ പറഞ്ഞിരുന്നു:
" നാല് മാസത്തെ ശമ്പളം പെൻഡിങ്‌ ആണ് ഭായ്.. ചിലവിന് പത്തോ നൂറോ എഴുതി എടുക്കാം.. ഈ അക്കാദമിക് ഇയർ ഒന്ന് കഴിഞ്ഞുകിട്ടിയാ കുട്ടികളെ നാട്ടിൽ പഠിപ്പിക്കാൻ പോവ്വാ.. നമ്മടെ ഒരു ഡിപ്പാർട്‌മെൻറ് മൊത്തം പോയി. മറ്റു ഡിപ്പാർട്ട്‌മെന്റിൽ നിന്നൊക്കെ ഓരോരുത്തർക്കും കിട്ടുന്നുണ്ട് ടെർമിനേഷൻ ലെറ്റർ.. എന്റെ കാര്യത്തിനും വലിയ ഉറപ്പൊന്നും ഇല്ല.. തല്ക്കാലം ഒരു മൂന്ന് നാലായിരം അഡ്ജസ്റ്റ് ചെയ്യാനുണ്ടാവോ?..വീട്ടിന്റെ റെന്റ് ചെക്കും രണ്ട് കുട്ടികളുടെ സ്‌കൂൾ ഫീസും ഉണ്ട്."

"എവിടെന്നാണ് ഭായ് ? ഞാൻ തന്നെ ക്രെഡിറ്റ് കാർഡ്‌ന്നൊക്കെ എടുത്തിട്ടാണ് മാനേജ് ചെയ്യ്ന്നെ. ന്നാലും പറ്റുമോന്ന് നോക്കട്ടെ.."
അതിന് ശേഷം തുറക്കാതെയിട്ടതാണ് അവൻ അയക്കുന്ന വാട്സാപ്പ് മെസ്സേജുകൾ.
ഫീസ് അടച്ചിട്ടില്ലാത്ത കുട്ടികളും ഉറങ്ങാതെ ഇന്നവരുടെ അച്ഛന്മാർ ഓഫീസ് വിട്ട് വരുന്നതും കാത്തിരുന്നിട്ടുണ്ടാകും. ആരും മനഃപൂർവ്വം ആയിരിക്കില്ല.
എല്ലാവരിലും ഭീതിയുണ്ട്; അനിശ്ചിതത്വം ഉണ്ട്. ചിലപ്പോൾ തോന്നും പ്രാരാബ്ധമാണ് മനുഷ്യജന്മത്തിന്റെ സ്ഥായീഭാവമെന്ന്. അതറിഞ്ഞു തുടങ്ങുന്നിടത്താണ് കുട്ടിത്തം അവസാനിയ്ക്കുന്നത്. എന്നാലത് അവസാനിച്ചിട്ടില്ലാത്തവരുടെ ഒപ്പമിരുന്ന്, കുട്ടിയായ് കളിച്ച് (തോറ്റ്) ഉറങ്ങാൻ കിടന്നു.

കിടന്നും കുറച്ചുനേരം കളിച്ച് കുട്ടികൾ ഉറങ്ങി. അവരുടെ സന്തോഷത്തിൽ ചിരിച്ച്, അതിൽ കിടന്ന് ഭാര്യയും. നല്ല ക്ഷീണമുണ്ടെങ്കിലും ഉറക്കം വന്നില്ല.  സതീഷിന്റെ വാട്സാപ്പ് മെസ്സജ്..അതിന് മറുപടികൾ അയക്കാൻ ഇല്ലാത്തത്  .. വീടിന്റെ റെന്റ്, വെയർ ഹൌസ് റെന്റ്, ലൈസൻസ് റിന്യൂവൽ, പുതിയ വിസകൾ എടുക്കാനുള്ള ചിലവ്, ജോലിക്കാരുടെ സാലറി, കുട്ടികളുടെ ഫീസ്, നാട്ടിൽ അയച്ചു കൊടുക്കേണ്ട പണം...ബാങ്ക് ലോൺ .. ഇൻഷുറൻസ്.. ഇനിയും എന്തൊക്കെയോ കൂടി ഉണ്ടായിരുന്നല്ലോ. 

അതിനിടയിൽ എന്തോ കടിയ്ക്കുന്നെന്ന് ചെറിയകുട്ടി ഉറക്കത്തിൽ പറഞ്ഞു. ഉറക്കത്തിനിടയിൽ ചൊറിഞ്ഞു തുടങ്ങുകയും ചെയ്തു.'

അപ്പോഴാണ് ഓർത്തത്, കാറിലിരിയ്ക്കുമ്പോൾ ചൊറിയുന്നുണ്ടായിരുന്നു. ഒരു തോന്നലിൽ തടഞ്ഞപ്പോൾ ഷർട്ടിന്റെ കോളറിന്റെ അടുത്ത് അതിരിയ്ക്കുന്നുണ്ട്. മൂട്ട. ഒന്നുകൂടി വിശദമായ് തിരഞ്ഞപ്പോൾ കാറിന്റെ സീറ്റിലൂടെ കടന്ന് പോകുന്നുണ്ട് രണ്ടെണ്ണം വേറെയും. ലേബർ ക്യാമ്പുകളിലെ വിയർപ്പിനും അംഗസംഖ്യയ്ക്കും ഇടയിൽ നിന്ന് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിച്ചിറങ്ങിയ പോരാളികളാണ്. ദിവസവും കുളിച്ച് ചന്ദനപ്പൊട്ട് വയ്ക്കുന്ന വൈത്തീശ്വരനും ദിവസങ്ങളോളം കുളിയ്ക്കാത്ത വിനോദ് സിങും ഉൾപെടുന്ന അനേകം മനുഷ്യശരീരങ്ങളിൽ നിന്ന് പുതിയ ഭക്ഷ്യസ്രോതസ്സുകൾ അന്വേഷിച്ചിറങ്ങിയവർ. അവരെയിങ്ങനെ പകൽ വെളിച്ചത്തിൽ മുന്നിൽ കണ്ടാൽ ഉറപ്പിയ്ക്കാം ഒന്നുങ്കിൽ ആദ്യമെത്തിയവരാണ്; അല്ലെങ്കിൽ കട്ടിലിൽ, കിടക്കയിൽ, സോഫയിൽ, കർട്ടനുകളിൽ നമുക്ക് അദൃശ്യമായിരിക്കുന്ന, കണ്ടാൽ അറപ്പു തോന്നുന്ന അസംഖ്യം അംഗങ്ങളുള്ള കോളനികളുടെ പ്രതിനിധികളാണ്. പ്രവാസികൾ ആയവരാണ്. ചിലപ്പോൾ പുറത്താക്കപ്പെട്ടവരാണ്. നന്നായി പണിയെടുക്കുന്നവരുടെ ചോര തന്നെയാണവരിലും ! 

വീട്ടിൽ എത്തിയാൽ  തുണികളഴിച്ച് വിശദമായ് പരിശോധിക്കണമെന്ന്  ഉടനെ സോപ്പുവെള്ളത്തിൽ ഇടണമെന്നൊക്കെ ആലോചിച്ചതാണ്.  പക്ഷേ കുട്ടികളുടെ വിശേഷങ്ങൾക്കിടെ അത് മറന്നു പോയി. 

ജോലിക്കാരെ കാറിൽ കയറ്റേണ്ടിയിരുന്നില്ല എന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. അവിടെ നിന്നാണല്ലോ മൂട്ടകൾ യാത്ര പുറപ്പെട്ടിട്ടുണ്ടാവുക! ആ നിമിഷം തന്നെ അങ്ങനെ തോന്നിയതിൽ പശ്ചാത്താപവും തോന്നി. വൃത്തിഹീനമായ ഇടുങ്ങിയ മുറികളിലെ അസൗകര്യങ്ങളിൽ അവർ ജീവിയ്ക്കാൻ തയ്യാറാകുന്നത് കൊണ്ടാണ്, ഇടംവലം ഭാര്യയേയും കുഞ്ഞുങ്ങളെയും കിടത്തി മറ്റുചിലർക്ക് ഉറങ്ങാൻ കഴിയുന്നത്. അവരുടെ മുറികളിൽ നിന്ന് ഉണ്ടാക്കിയതാണ് കണിശക്കാരിയായ ഭാര്യ വൃത്തിയാക്കി, വീണ്ടും വൃത്തിയാക്കി വയ്ക്കുന്ന ഈ മുറികളും. മകൾ കെട്ടിപ്പിടിയ്ക്കാൻ കാരണമായ സ്‌കൂൾ ഫീസിന്റെ പിന്നിലും അവരുടെ രാപ്പകൽ അദ്ധ്വാനം തന്നെയാണ്.  

ഇവിടെ ഒരു മനുഷ്യനും ഒറ്റയ്ക്ക് ജീവിയ്ക്കാൻ കഴിയില്ല. ഇവിടെയെന്നല്ല എവിടെയും. എല്ലായിടത്തും അവന് ആരെങ്കിലുമൊക്കെ ഉണ്ട്.

എഴുന്നേറ്റിരുന്നു.

അഴിച്ചു വെച്ച കുപ്പായങ്ങളിൽ നിന്ന്, മുഷിഞ്ഞ ഷൂസിൽ നിന്ന് മൂട്ടകൾ ഇറങ്ങി വരുന്നുണ്ടാകുമോ?  അവ ചുമരിലൂടെ, കർട്ടനുകളിലേയ്ക്കും സോഫയിലേയ്ക്കും കിടക്കയിലേക്കും യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുമോ? രാത്രി മുഴുവൻ അത് കുട്ടികളെ കടിക്കുമോ?

ഒന്ന് ലൈറ്റിട്ട് നോക്കിയാലോ?

വേണ്ട!

ചിലപ്പോൾ ഭാര്യയ്ക്ക് ശ്വാസം മുട്ടാൻ തുടങ്ങും; അല്ലെങ്കിൽ എല്ലാറ്റിനും ബാധമാകുന്ന ഒരു പ്രശ്നപരിഹാരം തരും:
"..എന്നേം കുട്ടികളേം നാട്ടി കോണ്ടാക്ക്യേ.."

:-D

No comments:

Post a Comment