Saturday, December 23, 2017

ഇപ്പോൾ എന്ത് ചെയ്യുന്നു ?

സാജീദ്ക്കായുടെ കടയിൽ നിന്ന് അച്ഛൻ എനിയ്ക്ക് ആ വൈകുന്നേരം പൊറോട്ടയും അയല മുളകിട്ടതും വാങ്ങിച്ചു തന്നു. ഞാനത് രുചിയോടെ, പതുക്കെ കഴിയ്ക്കുന്ന നേരത്ത് അച്ഛൻ, എനിയ്ക്കും കുട്ടികൾക്കുമായ് വാങ്ങിയ പുസ്തകങ്ങൾ തരം തിരിച്ചു വെച്ചു. അതിൽ എനിയ്ക്ക് വേണ്ടി വാങ്ങിയ പുസ്തകങ്ങളിൽ എന്റെ പേര് എഴുതുകയും, അച്ഛൻ പഠിപ്പിച്ച എന്റെ ഒപ്പ് അച്ഛൻ തന്നെ ഇടുകയും ചെയ്തു. കുട്ടികൾക്കുള്ള പുസ്തകത്തിൽ പേരെഴുതണോ എന്ന ചോദ്യത്തിന്, അവരുടെ പുസ്തകങ്ങളിൽ അവർ തന്നെ പേരെഴുതിക്കോട്ടേ എന്നും അവരുടെ ഒപ്പ് അവർ സ്വന്തമായ് ഇടാൻ പഠിയ്ക്കട്ടെ എന്നും ഞാൻ സൗമ്യമായ് മറുപടി പറഞ്ഞു.

വലിച്ഛന്റെ മകളുടെ കുഞ്ഞിന്റെ ഇരുപത്തിയെട്ട് കെട്ട് കഴിഞ്ഞു മടങ്ങുന്ന വഴിയായിരുന്നു ഞങ്ങൾ. കുട്ടികൾക്ക് അവധിയുള്ളപ്പോൾ മാത്രമാണ് ഞാൻ നാട്ടിലെത്താറുള്ളൂ. അതുകൊണ്ട് തന്നെ കുടുംബത്തിൽ നടക്കുന്ന ഇത്തരം ചടങ്ങുകൾക്ക് സാധാരണ പങ്കെടുക്കാൻ പറ്റാറില്ല. നാട്ടിൽ ഉണ്ടെങ്കിൽ തന്നെ, ശ്രീനിയേട്ടൻ  ഒപ്പമില്ലെങ്കിൽ  "ബസ്സിനും ഓട്ടോയ്ക്കും ഒക്കെ വന്ന് നീ വെറുതെ ബുദ്ധിമുട്ടേണ്ടന്ന്" അച്ഛൻ വിലക്കും. "ഡ്രൈവിംഗ് മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കിൽ നിനക്ക് കാറെടുത്ത് സുഖമായ് യാത്ര ചെയ്തുകൂടായിരുന്നോ? " എന്നും ഓർമ്മിപ്പിയ്ക്കും.

ഇന്ന് രാവിലെ ബസ്റ്റാന്റിൽ അമ്പിളി ജ്വല്ലറിയുടെ മുന്നിൽ കണ്ടു മുട്ടാമെന്ന് തീരുമാനിച്ചപ്പോഴും ഈ ഓർമ്മപ്പെടുത്തലുണ്ടായിരുന്നു.

"നേരത്തെ എത്തിയോ? " ഞാൻ ചോദിച്ചു.
"എത്തി. കുട്ടിയ്ക്ക് സ്വർണ്ണം വാങ്ങെണ്ടെ ?"
അച്ഛൻ ജ്വല്ലറിയുടെ കവറുകളിൽ ഒന്ന് എനിക്ക് തന്നിട്ട് പറഞ്ഞു:
"ഇത് നീ ചടങ്ങിന്റെ സമയത്ത് കുട്ടിയ്ക്ക് ഇട്ട് കൊടു ത്താ മതി !"
"അപ്പൊ അച്ഛനോ?"
"ഞാൻ വേറെ വാങ്ങിച്ചിട്ടുണ്ട്.. സുമീന്റെ കുട്ടിയ്ക്കാകുമ്പോ നമ്മള് രണ്ടാളും കൊടുക്കണം. "
"അങ്ങനെയാണെ ഞാൻ ശ്രീനിയേട്ടനോട് പറയില്ലായിരുന്നോ ഒന്ന് വാങ്ങിത്തരണമെന്ന് ?"
"ഒന്ന്ങ്കില് ഞാൻ വാങ്ങിയ്ക്കണം.. അല്ലെ ശ്രീനി വാങ്ങിയ്ക്കണം.. രണ്ടായാലും കണക്കല്ലേ!"
-ഞാൻ രാവിലെ നടന്ന സംഭാഷണം ഓർത്തു.
ഇവിടെ സാജീദ്ക്കായുടെ കടയിലെ തിരക്കിനിടയിൽ ആ സംഭാഷണം തുടരാൻ സാധ്യതയുണ്ട്.

സാജീദ്ക്ക കട തുടങ്ങിയ കാലം മുതൽക്കേ സഹായത്തിന് നിൽക്കുന്ന അമ്മിണിയേച്ചി ഞങ്ങളെ കടന്നുപോകുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട്, പുരികങ്ങളും കൈവിരലുകളും കൊണ്ട്, ചിരി കൊണ്ട് എന്നോട് ഉത്സാഹത്തോടെ സംസാരിച്ചു കൊണ്ടിരുന്നു. ഞങ്ങൾ കണ്ടിട്ട് കാലം കുറെ ആയി. എന്നിട്ടും ചിരിയും ആംഗ്യങ്ങളും അല്ലാതെ ഞങ്ങൾക്കിടയിൽ ഒരു സംസാരവും നടന്നില്ല. പുറത്തിറങ്ങുമ്പോൾ അവർക്കെന്തെങ്കിലും ടിപ്പ് കൂടുതൽ കൊടുക്കണമെന്ന് ആലോചിച്ചിരിക്കെ അച്ഛൻ എന്നോട് ചോദിച്ചു:

"നിനക്കെന്തെങ്കിലും ഓൺലൈൻ ബിസിനസ്സ് നോക്കിക്കൂടെ.. എത്രയെത്ര സക്സസ് സ്റ്റോറികൾ കേൾക്കുന്നുണ്ട് എല്ലാ ദിവസവും.." 
"നോക്കുന്നുണ്ട് .." ഞാൻ പറഞ്ഞു.
"നോക്കുന്നുണ്ട്!!" അച്ഛൻ ആവർത്തിച്ചു:
"എന്തെങ്കിലും ഒരു വരുമാനമാർഗ്ഗം ഇല്ലാതെങ്ങനെയാ? എല്ലാകാര്യത്തിനും ശ്രീനിയെ  ഡിപ്പെൻഡ് ചെയ്യേണ്ടി വരില്ലേ?"
"അത് ശരിയാണ് "ഞാൻ സമ്മതിച്ചു.
"നിനക്ക് സ്വന്തമായൊരു ജോലി ഉണ്ടായിക്കാണുന്നതായിരുന്നു നിന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം."
"എനിയ്ക്ക് ജോലിയുണ്ടായിരുന്നപ്പോൾ കല്യാണം കഴിച്ച് കുട്ടികളുണ്ടായി കാണുന്നതായിരുന്നു അമ്മയുടെയും അച്ഛന്റെയും ഏറ്റവും വലിയ ആഗ്രഹം! "
എന്നിലെ അച്ചടക്കമുള്ള കുട്ടി മനസ്സിൽ ചിരിച്ചു. 

ഞാൻ കുട്ടിയുമായിരുന്നപ്പോൾ അച്ഛനും അമ്മയ്ക്കും ജോലി തിരക്കായിരുന്നു. അവരിരുവരും പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോഴേയ്ക്കും ഞാൻ പഠനത്തിന്റെ തിരക്കിലായി. ജോലി കിട്ടി ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും കല്യാണം ഉറപ്പിച്ചു. കല്യാണത്തിന്റെ രണ്ട് നാൾ മുൻപേ ജോലി കഴിഞ്ഞു വീട്ടിൽ വന്നുകയറുമ്പോൾ ഊൺ മേശ നിറയെ വിഭവങ്ങൾ നിരത്തി വെച്ച് അമ്മ എന്നോട് പറഞ്ഞു:
"നീ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം നേരത്തും കാലത്തും തരാൻ എനിക്ക് സമയമുണ്ടായിരുന്നില്ല. സമയം ഉള്ളപ്പോൾ അത് കഴിയ്ക്കാൻ നിനക്ക് സമയമില്ല. ഇനി നാളെ കഴിഞ്ഞു നീ വേറെ വീട്ടിലേയ്ക്ക് പോകും. ഇനി ഞാനുണ്ടാക്കുന്നതൊക്കെ നീ എപ്പോഴാ കഴിയ്ക്കാ?"

ഞാനതിന് മറുപടി പറഞ്ഞില്ല.
കാരണം എന്റെ കയ്യിൽ ഫോണും ഫോണിന്റെ അങ്ങേത്തലയ്ക്കൽ ശ്രീനിയേട്ടന്റെ വിശേഷങ്ങളുമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ്  രണ്ട് മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. വിദേശത്തേക്ക് എനിയ്ക്ക് അച്ഛന്റെ ഫോൺ കോൾ. അച്ഛന് പറയാനുണ്ടായിരുന്നത് അമ്മ മരിച്ചു പോയെന്നാണ്! അതിനു തൊട്ടു മുൻപ് എനിയ്ക്ക് വന്ന ഫോൺ കോൾ ഒരു HR മാനേജറുടെതായിരുന്നു.
"ഒരാഴ്ച്ചയ്ക്കുള്ളിൽ ജോയിൻ ചെയ്യാൻ കഴിയുമോ?"  ആ സമയം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു.
എനിയ്ക്ക് ഒരാഴ്ച്ചയെക്കാൾ സമയം വേണമായിരുന്നു. ഒന്നിലധികം വർഷങ്ങൾ!

ഞാൻ അച്ഛനെ നോക്കി ചിരിച്ചു.
അച്ഛൻ ഒരിയ്ക്കലും ആ ചിരി കാണാറില്ല. 
ആ ചിരിയ്ക്ക് പല കഥകളേക്കാൾ കൂടുതൽ ഓർമ്മകൾ പങ്കിടാനുണ്ട്.

അച്ഛൻ എനിയ്ക്കും കുട്ടികൾക്കും വാങ്ങിയ പുസ്തകങ്ങൾ ബാഗുകളിൽ എടുത്തു വെച്ചു. അതിനിടയിൽ  കളിവാക്കുകൾ പോലെ പറഞ്ഞു:
"നിനക്ക് വായിക്കാൻ തോന്നുന്ന പുസ്തകങ്ങൾ വാങ്ങിയ്ക്കാനുള്ള വരുമാനമെങ്കിലും നീ സ്വന്തമായ് ഉണ്ടാക്കണം.   കേൾക്കുന്നുണ്ടോ? "
"നോക്കാം !" ഞാൻ ഭാവഭേദമില്ലാതെ  മറുപടി പറഞ്ഞു.
"ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല.. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന ഒരു ഫയറും ഉള്ളിൽ ഇല്ലാത്ത ഒരാളെ! നീ എന്നെ നിരാശപ്പെടുത്തിയിട്ടേള്ളൂ.. സഞ്ചരിയ്ക്കുന്ന വിജ്ഞാനകോശമാകുന്നതിലും ഒരു ദിവസം മുഴുവൻ ജീവിതത്തെക്കുറിച്ച് സംസാരിയ്ക്കാൻ കഴിയുന്ന തത്വചിന്തകനാകുന്നതിലും ഭേദം വരുമാനമാർഗ്ഗമുള്ള ഒരു വിഡ്ഢിയാകുന്നതായിരുന്നു എന്ന് ആഗ്രഹിയ്ക്കുന്ന ഒരു സമയം ഉണ്ടാകും. ഞാൻ അതിനെകുറിച്ച് ഓർമ്മിപ്പിച്ചു എന്നേയുള്ളൂ."

സാധാരണ ഇതുപോലെ ഒരു സംഭാഷണത്തിന്റെ ഒടുവിൽ  വല്ലാതെ സങ്കടപ്പെടുന്നൊരു കുട്ടി എന്നിൽ വളരാൻ തുടങ്ങും. എപ്പോൾ വേണമെങ്കിലും വീട് വിട്ട് ഓടിപ്പോകാവുന്നൊരു കുട്ടിയുണ്ട് എന്റെയുള്ളിൽ. എനിക്കെപ്പോഴും തോന്നും: അച്ഛനെ തൃപ്തിപ്പെടുത്തുന്ന വിസ്മയങ്ങൾ ഏതെങ്കിലും ഒന്ന് ചെയ്യാൻ കഴിഞ്ഞാൽ വീട്ടിലേക്ക് തിരിച്ചു പോകാമെന്നു കരുതി കാലങ്ങളായ് വഴിവക്കിൽ കാത്തുനിൽക്കുന്ന ഒരു കുട്ടി. അവൾ എന്റെ മനസ്സിന്റെ കണ്ണ് നിറയ്ക്കും. അതിനിടയിൽ എന്റെ വാക്കുകൾക്കിടയിലെവിടെയോ അവൾ  കരയുന്നതിന്റെ ഇടർച്ചകൾ വരേണ്ടതാണ്. ഇത്തവണ അതുണ്ടായില്ല. 

ഞാൻ ഓർത്തു :
എനിയ്ക്ക് പുസ്തകങ്ങൾ വായിക്കാൻ, ചിന്തിയ്ക്കാൻ, സ്വപ്നങ്ങൾ കാണാൻ, വെയിലുകൊണ്ടും ചാറ്റൽമഴ നനഞ്ഞും നടക്കാൻ, പാചകം ചെയ്യാൻ, ഓഫീസിൽ നിന്ന് വരുന്ന ശ്രീനിയേട്ടനെ കാത്തിരിയ്ക്കാൻ, കുട്ടികളുടെ സ്‌കൂൾ വിശേഷങ്ങൾ കേൾക്കാൻ, എഴുതാൻ, ചിത്രങ്ങൾ വരയ്ക്കാൻ, വാഡ്രോബുകൾ വൃത്തിയാക്കി വയ്ക്കാൻ, വെറുതെയിരിക്കാൻ, ഉറങ്ങാൻ, പിണങ്ങാൻ, കുട്ടികളോടൊപ്പം കളിയ്ക്കാൻ, അവർ പുസ്തകങ്ങൾ വായിക്കുന്നത് കേൾക്കാൻ, അവരുടെ ചോദ്യങ്ങൾക്കുത്തരം തിരയാൻ സമയമുണ്ട്. ( സമയമുണ്ട് എന്നതിലാണ് കാര്യം! ഭൂമിയിൽ അങ്ങനെയുള്ളവർ കുറവല്ലേ ഇപ്പോൾ! )

ഞാൻ ചുറ്റിലും നടക്കുന്ന വാർത്തകൾ ശ്രദ്ധിയ്ക്കാറുണ്ട്. ന്യൂസ് ചാനലുകളിലെ ചർച്ചകൾ ബാലിശമാകുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ ടിവി ഓഫ് ചെയ്യാൻ എനിയ്ക്ക് കഴിയാറുണ്ട്. ചില ദുരന്തങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകാറുണ്ട്. ലൈംഗികാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പൊൾ എന്നിൽ അരിശമുണ്ടാകാറുണ്ട്. മതദ്വേഷം പടർത്തുന്നതോ വ്യക്തിഹത്യാപരമായതോ ആയ വാട്സാപ്പ് സന്ദേശങ്ങൾ ഞാൻ എന്റെ ഓർമ്മകളിൽ സെയ്‌വ് ചെയ്യാറോ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യാറോ ഇല്ല.

അത്യാവശ്യമായത് - അങ്ങനെയല്ലാത്തത് എന്ന വേർതിരിവുകളുണ്ടെന്നല്ലാതെ മറ്റ് പിശുക്കലുകളില്ല. (സത്യം :-D) റിസർവ്വ് ബാങ്കിന്റെ വായ്പാനയങ്ങളോ ഓഹരി വിപണിയുടെ ഉയർച്ചതാഴ്ച്ചകളോ എന്നെ അലോസരപ്പെടുത്തുന്നില്ല. എന്നാൽ ബാങ്ക് ലോണുകൾ അടച്ചു തീർക്കാൻ കഴിയണമേ എന്ന്,  അവധിക്കാലത്ത് വിമാനനിരക്കുകൾ കുത്തനെ ഉയർത്തുന്നത് ന്യായമല്ലെന്ന്, കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾക്ക് വില ഇത്ര കൂടുതൽ വേണമായിരുന്നോ എന്ന്, ഇത്രയും വാടകയ്ക്ക് ഇതിനേക്കാൾ സൗകര്യമുള്ള ഒരിടം ആകാമായിരുന്നു എന്ന്, കഴിയ്ക്കുന്ന പഴങ്ങളും പച്ചക്കറികളും കറിപ്പൊടികളും മായം കലരാത്തത് ആകണമേ എന്ന്  ഞാൻ ആഗ്രഹിയ്ക്കാറുണ്ട്.  അതിനർത്ഥം എന്നിലെ സാധാരണത്വം നഷ്ടപ്പെട്ടില്ല എന്നാണ്. വിവേകം ബാക്കിയുണ്ട് എന്നാണ്. പണമുണ്ടാക്കാൻ അറിയില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം എന്നിൽ നോർമ്മലാണ്. പണം കൊണ്ടുള്ള ആവശ്യങ്ങൾ ഇല്ലാതായാൽ പണത്തിന്റെ ആവശ്യം അത്രയും കുറഞ്ഞു കിട്ടുമല്ലോ എന്നതാണ് എല്ലാ കാലത്തും എന്റെ തിയറി.
:-)


അങ്ങനെയിരിക്കെ എനിയ്ക്ക് നിരാശപ്പെടേണ്ടതോ എന്നോട് തന്നെ കലഹിയ്ക്കേണ്ടതിന്റെയോ ആരോടെങ്കിലും മത്സരിയ്ക്കേണ്ടതിന്റെയോ ആവശ്യമില്ല.

എന്തോ ഒരു ത്യാഗം ചെയ്യുന്നു എന്ന ഭാവം എനിയ്ക്കും ഒരു കാലത്ത് ഉണ്ടായിരുന്നു. ഞാൻ, എന്റെ "വിലപ്പെട്ട" സമയമെന്തോ "തീരെ ചെറിയ, അപ്രധാനമായ" കാര്യങ്ങൾ ചെയ്ത് നഷ്ടപ്പെടുത്തുന്നു എന്ന തോന്നലും അലസത കൊണ്ട് ദുർബലയാണ് ഞാനെന്ന കുറ്റബോധവും.

കഴിഞ്ഞ വേനലിൽ ഒരു ഉച്ചനേരത്ത്, പതിവ് പോലെ എന്റെ ഇളയകുട്ടി സ്‌കൂൾ വിട്ട് വരുന്നത് കാത്തു നിൽക്കുകയായിരുന്നു ഞാൻ. നല്ല വെയിൽ. മരങ്ങളൊന്നുമില്ല. ആകെയുള്ളത് ഉയരം കുറഞ്ഞ ഒരു പനയും അതിന്റെ ചുവട്ടിൽ അതിരു പോലെ വളർത്തിയ  കുറ്റിച്ചെടികളും. ഞാൻ അതിന്റെ അടുത്താണ് എന്നും അവളുടെ സ്‌കൂൾ ബസ്സ് കാത്തു നിൽക്കുക. അന്ന് ആ കുറ്റിച്ചെടികളുടെ ഇടയിൽ നിന്ന് ഒരു ചെറിയ പക്ഷിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടു.തൂവലുകൾ മുളയ്ക്കാത്ത, മാംസത്തിന്റെ ചുവപ്പ് നിറം കാണാവുന്ന, ചിറകിന് ബലം വെച്ചിട്ടില്ലാത്ത ഒരു കുഞ്ഞുപക്ഷി.

അത് അതിന്റെ ചിറകുകൾ ഇടയ്ക്കിടെ വിടർത്തി നോക്കി. അതിൽ കൊക്കുകൾ ഉരുമ്മി; അതാണ് തന്റെ ആകാശത്തിലേക്കുള്ള വഴി എന്നതിനറിയാവുന്നത് പോലെ. ഞാനും എന്റെ ചിറകുകളെക്കുറിച്ച്, ആകാശങ്ങളെക്കുറിച്ച്, പറക്കാതെയിരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അദൃശ്യമായ എന്റെ തൂവലുകളിൽ വിരലോടിച്ചു. ഞാൻ സമയത്തെക്കുറിച്ച് വേവലാതിപ്പെടുകയിരുന്നു. എന്റെ നഷ്ടങ്ങളെക്കുറിച്ച്, ഒരിടത്തും രേഖപ്പെടുത്താതെ പോകുന്ന എന്റെ ത്യാഗങ്ങളെക്കുറിച്ച്. 

പെട്ടന്ന് കുഞ്ഞു പക്ഷി ഒരു പ്രത്യേക ശബ്ദത്തിൽ കരഞ്ഞു. അതിന്റെ അമ്മയുടെ ശബ്ദം എവിടെ നിന്നോ അത് കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ ഞാനും. വലിയ ശബ്ദത്തിൽ കടന്നുപോകുന്ന കാറുകളുടെ, ബൈക്കുകളുടെ ശബ്ദത്തിൽ നിന്ന് സസൂക്ഷ്‌മം വേർതിരിച്ചു അവരിരുവരും സംസാരിച്ചുകൊണ്ടിരുന്നു. എവിടെയോ അതിന്റെ അമ്മയെ കേട്ടത് കൊണ്ടാവണം, കുഞ്ഞു പക്ഷി ചിറകുകൾ കൊക്കുകൾ വിടർത്തി. അത് ചിറകിന് പകരം വിശപ്പിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത് ചുണ്ടുകൾ പിളർത്തി മുന്നിൽ കണ്ട ഇലകളിൽ, ചെറിയ മരക്കൊമ്പുകളിൽ  ഏതിനെയെല്ലാം ഭക്ഷണം ആക്കാൻ കഴിയുമെന്ന് നോക്കിക്കൊണ്ടിരുന്നു.
ഞാൻ എന്റെ കുട്ടികളെക്കുറിച്ചാലോചിച്ചു. "ഇന്നെന്താ കഴിയ്ക്കാനെന്ന്" ചോദിച്ചു വന്നു കയറുന്നത്. ഞാൻ വിശ്രമിയ്ക്കുന്നത് കാണുമ്പോൾ വിശക്കുന്നത്. "എന്തിനാ ഭക്ഷണം വെച്ച് തരാൻ മാത്രല്ലേ ഞാൻ" എന്ന് ചില നേരങ്ങളിൽ അവരോട് കയർക്കുന്നത്.

അതിനിടയിൽ അതിന്റെ അച്ഛൻ പക്ഷിയുടെ ശബ്ദം കേട്ടു. അച്ഛനും അമ്മയും പനയുടെ ഓലയിൽ വന്നിരുന്നു. ചെറിയ കുരുവികൾ. കറുപ്പുംവെളുപ്പും തൂവലുകൾ, അച്ഛന് തലയിൽ മഞ്ഞ വരകൾ. അവരെന്നെകുറിച്ചാണെന്ന് തോന്നുന്നു പിറുപിറാ പറഞ്ഞു കൊണ്ടിരുന്നു. മനുഷ്യരെക്കുറിച്ചുള്ള ഭയത്തെക്കുറിച്ച്. ആ കുഞ്ഞിരിയ്ക്കുന്നത് എനിക്ക് തൊട്ടടുത്താണ്. അതിന് ഭയമില്ല; അതിന് ദിവസങ്ങളുടെ പ്രായമേയുള്ളൂ. അപ്പോഴേയ്ക്കും സ്‌കൂൾ ബസ്സും എന്റെ കുഞ്ഞും വന്നു; ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു പോയി.  അവളെ ഭക്ഷണം കഴിയ്പ്പിക്കുമ്പോൾ "വേഗം കഴിയ്ക്ക്, എനിക്ക് വേറെ പണിയുണ്ടെന്ന്" അന്ന് ഞാൻ തിരക്ക് കൂട്ടിയില്ല. 

ഞാൻ ഓർക്കുകയായിരുന്നു. ഞാൻ ഒരു ത്യാഗവും ചെയ്യുന്നില്ല; എന്റെ വിലപ്പെട്ട സമയം പാഴാകുന്നുമില്ല. പ്രകൃതി അതിലെ ജീവജാലങ്ങളോട് ഇതേ ആവശ്യപെടുന്നുള്ളൂ- അതിലെ സൃഷ്ടിയുടെ തുടർച്ചയും പരിപാലനവും അതിനോട് ചേർന്ന് നിൽക്കലും, അതിന് ആവശ്യമുള്ള അത്രയും സമയം തരുന്നുമുണ്ട്. പ്രകൃതിയിൽ നിന്ന് വേറിട്ടൊന്ന് ചിട്ടപ്പെടുത്തുമ്പോഴാണ് മനുഷ്യന് താളം തെറ്റുന്നത്. 

നമുക്കാണ്, മനുഷ്യനാണ്, സമയമില്ലാതെയാകുന്നത്. അതുകൊണ്ടാണ് തൃപ്തിപ്പെടാതെയിരിക്കാനുള്ള കാരണങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്നവരാകുന്നത്. ഒരു തലമുറ അടുത്തതിനെ എന്നപോലെ തുടർച്ചയായി,കർശനമായ് അസംതൃപ്തിയുടെ പാഠങ്ങൾ ശീലിപ്പിയ്ക്കുന്നത്.

"ഇതൊക്കെ ഒരു ജോലി കണ്ടുപിടിയ്ക്കാന് കഴിയാത്തതിന്റെ കാരണമാണോ ?"
അച്ഛൻ എന്റെ മനസ്സ് വായിച്ചതുപോലെ ചോദിച്ചു:
"കുട്ടികൾ വലുതാകുമ്പോൾ നീ അവരെ നോക്കി എന്ന് പറഞ്ഞു അവർ നിനക്ക് വിശിഷ്ടസേവാമെഡൽ തരുമെന്നാണോ പ്രതീക്ഷിയ്ക്കുന്നത്?"
"ഇല്ല. " ഞാൻ തലയാട്ടി: "ജോലി കണ്ട് പിടിയ്ക്കാൻ കഴിയാത്തതിന് ഒരു കാരണമേ ഉള്ളൂ - മടി !"

മറ്റുപലരും അവരുടെ കുഞ്ഞുങ്ങളോട് ചെയ്യുന്നത് പോലെ, അച്ഛൻ എന്നോടും നല്ല വാക്കുകൾ പറയാൻ എപ്പോഴും മടിച്ചു. കുറ്റപ്പെടുത്തലുകളിൽ നിന്ന്, നിഷേധങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഒരു പോരാളിയുടെ വീര്യത്തോടെ ജീവിതത്തെ എതിരിടുന്ന ഒരുവളായിരുന്നു അച്ഛന്റെ സങ്കൽപ്പത്തിലെ മകൾ. അതുകൊണ്ട് മാത്രമാണച്ഛൻ നല്ല വാക്കുകൾ പറയാൻ മടിച്ചത് മനസ്സിലാക്കി വരുമ്പോഴേയ്ക്കും എന്നിലെ ഉത്സാഹവതിയായ പെൺകുട്ടി എങ്ങോട്ടോ ഇറങ്ങിപ്പോയിരുന്നു. മത്സരങ്ങളിലൊന്നിലും കൗതുകം തോന്നാത്ത ഒരുവൾ-  ചേച്ചിയെപൊലെ ഒരുവൾ- അവൾക്ക് പകരം   എന്നിൽ താമസം തുടങ്ങിക്കഴിഞ്ഞിരുന്നു.

അച്ഛൻ സംസാരിച്ചു തുടങ്ങുമ്പോഴൊക്കെ പക്ഷേ സ്ക്കൂൾപെൺകുട്ടി എവിടെ നിന്നെങ്കിലും കയറിവരും.  ഹൃദയത്തോട് ചേർന്നിരിയ്ക്കുന്ന ചേച്ചി പറയുന്നതൊന്നും കേൾക്കാതെ, ഒരിടത്തും നിൽപ്പുറപ്പിയ്ക്കാൻ കഴിയാത്ത ഒരു രക്താണു പോലെ അതെന്റെ ശരീരമാകെ പാഞ്ഞു നടന്ന് തലയിട്ടടിയ്ക്കും. "മകൾ ഇപ്പോൾ എന്ത് ചെയ്യുന്നു? " എന്ന പരിചയക്കാരുടെ പതിവ് ആകാംക്ഷയ്ക്ക് മുൻപിൽ അച്ഛൻ ചൂളിപ്പോകാറുള്ളത് ഓർമ്മിപ്പിയ്ക്കും. അത്രയും മോശമായതൊന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലല്ലോ എന്ന് അരിശവും സങ്കടവും അനുഭവിയ്ക്കും.
:-(

അപ്പോൾ അവളിലെ ചേച്ചി അവളിലെ പെൺകുട്ടിയോട്  പറയും:
ഇപ്പോൾ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ ഒരുത്തരം മതി: തങ്ങളിലേക്ക് വന്നു ചേർന്ന ജീവിതത്തെ സ്നേഹിയ്ക്കുന്നു; ആ സ്നേഹത്തിന്റെ സൗഖ്യം ആവോളം അനുഭവിയ്ക്കുന്നു.അതിൽ കുറഞ്ഞ് ഒന്നുമില്ല; അതിൽ കൂടുതലായും.

"എനിയ്ക്ക് പുസ്തകങ്ങൾ വായിക്കണം. കഥകൾ എഴുതണം .." ചേച്ചിയോ പെൺകുട്ടിയോ ആരോ ഒരാൾ അന്നേരം അച്ഛനോട് പറഞ്ഞു.
"അതാവാലോ .. ഒരു ജോലി കൂടെ ണ്ടാകുമ്പോ അതല്ലേ കൂടുതൽ നല്ലത്.. നല്ല വരുമാനമുള്ള, ഉറപ്പുള്ള ജോലി..അപ്പൊ ഒരു ഹോബി പോലെ എഴുത്തോ വായനയോ എന്താണെങ്കിലും നടത്താലോ.."
"ചിലര് അങ്ങനെ ണ്ടാവും .."ഞാൻ ശാന്തമായ് പറഞ്ഞു:  "എന്റെ മനസ്സിൽ ഇത് മാത്രേ ഉള്ളൂ.."

ഞാനപ്പോൾ ഒരു വാട്സാപ്പ് വീഡിയോ മെസ്സേജ് ഓർക്കുകയായിരുന്നു. അതിലൊരു മുഷിഞ്ഞ വേഷം ധരിച്ച ഒരാൾ, തെരുവിലെ ചുമരുകളിൽ ഒന്നിൽ കരിക്കട്ടയും പച്ചിലകളും ചോക്കുകഷ്ണങ്ങളും കൊണ്ട് ഒരു ചിത്രം മനോഹരമായ് വരച്ചു പൂർത്തിയാക്കുകയാരുന്നു. ആളുകളുടെ ചോദ്യങ്ങൾക്കുത്തരം പറയാതെ, വേഗത്തിൽ, അതിവിദഗ്ധമായി. അത് കണ്ടു നിൽക്കെ എനിയ്ക്ക് തോന്നി, അയാൾക്ക് ആ ചിത്രം വരയ്ക്കാൻ ആ പച്ചിലകളും കരിക്കട്ടകളും പോലും വേണ്ടി വരില്ല എന്ന്. ചായത്തിൽ മുങ്ങിയ വിരലുകളുമായാണ് ചിലർ ജനിയ്ക്കുന്നത്. അവരുടെ ജീവിതം പതിപ്പിച്ചു വയ്ക്കാനുള്ള ചുവരുകളെയാണ് അവർ ഓരോയിടത്തും അന്വേഷിയ്ക്കുന്നത്!

അയാളുടെ ചലനങ്ങൾ ചടുലമായിരുന്നു. ചിത്രം പൂർത്തിയാക്കിയപ്പോൾ ആളുകൾ അയാൾക്ക് ഭിക്ഷ നൽകി. പാരിതോഷികമെന്ന് വീഡിയോയിൽ പറയുന്നു. ചിലർ അയാൾക്കൊപ്പം സെൽഫി എടുത്തു. ഫോട്ടോ ഗാലറികൾ നിറഞ്ഞു പോകുമ്പോൾ മായ്ച്ചു കളയാനുള്ള ഒരു ചിത്രം. എക്കാലവും കളഞ്ഞു പോകാതെ സൂക്ഷിയ്ക്കാൻ തങ്ങൾക്കൊപ്പം നിന്ന ഈ ചിത്രകാരനെ ലോകം അംഗീകരിച്ചിട്ടില്ല. ഞാൻ ആ ചുമരിനെക്കുറിച്ചാലോചിച്ചു. അത് അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ തട്ടിമറിഞ്ഞു പോയ ചായങ്ങളിൽ പതിഞ്ഞ ഒരു ചിത്രം പോലെ അയാളുടെ ആ ദിവസവും മാറിപ്പോയേനേ. അങ്ങനെയുള്ള ദിവസങ്ങളാകും അയാൾക്ക് ഏറെ പരിചിതം. അയാളുടെ ശരീരഭാഷയിൽ അതുണ്ട്.

എന്നിലെ പെൺകുട്ടി അവളുടെ മനസ്സിൽ മുട്ടുകുത്തിയിരുന്നു; നിഴലുകൾ പ്രകാശസ്രോതസ്സിന്റെ മുന്നിലെന്നപോലെ. അതിന്റെ ഉള്ളം പിടഞ്ഞു. പ്രിയപ്പെട്ടവരോട്  നിശബ്ദമായ് പറഞ്ഞു: എഴുതാനുള്ള ആഗ്രഹം ഒരു അനുഗ്രഹമായ് കാണാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വൈകല്യമായെങ്കിലും അതിനെ സ്വീകരിയ്ക്കണം. മുറിച്ചു മാറ്റിയാൽ മരണമാണെന്ന് ഓർക്കണം. എന്തോ ചിലർ ജനിയ്ക്കുന്നത് അങ്ങനെയാണ്.  അവർ മൊസാർട്ടോ  ബീഥോവനോ  ആകണമെന്നില്ല; എന്നാൽ അവരുടെ ഉള്ളിലും ചില സിംഫണികൾ ഉണ്ടാകും. ആ നേരങ്ങളിലാണ് അവർ ജീവിയ്ക്കുന്നത്. ശലഭങ്ങളാകുന്നത്. മറ്റെല്ലാനേരത്തും ഇലകൾ തിന്നു തീർക്കാൻ മാത്രമറിയുന്ന പുഴുക്കൾ! സ്വന്തമായ് ഒരു തൂവാല പോലും തുന്നിയെടുക്കാൻ കഴിയാതെ വെന്തുപോകുന്ന പട്ടുനൂൽ പുഴുക്കൾ!

ഉള്ളിൽ നിറയുന്ന ചായങ്ങളുടെ മഹാസമുദ്രങ്ങളിൽ, വരയ്ക്കാൻ ഇടമില്ലാത്ത ഒരാളുടെ പ്രാണൻ പിടഞ്ഞു പോകുന്നു; എഴുതാൻ ആഗ്രഹിയ്ക്കുന്ന ഒരാൾ എവിടെ എഴുതണമെന്നറിയാതെ മറന്നു പോകുന്ന വാക്കുകളിൽ, മുങ്ങിമരിച്ചു പോകുന്നത് പോലെ. അവരിൽ ചിലർ ലോകത്തിന്റെ ശബ്ദത്തിന് പകരം ചെവികൾ മുറിച്ചു നൽകും. ആളുകളുടെ മനസ്സിൽ മരിച്ചുപോയവന്റെ ചിത്രമായിട്ടായിരിക്കും അവന്റെ മുഖം തെളിയുക!

നിറങ്ങളിൽ ഒഴുകിപ്പോകുന്നവരെ, വാക്കുകളിൽ നിറഞ്ഞു പോകുന്നവരെ  മനസ്സിലാക്കാൻ കഴിയാത്തവരോടൊപ്പം ഭൂമിയിൽ ഇടം പങ്കിടേണ്ടിവരുന്നതിലെ അതിസാഹസികതളെക്കുറിച്ച് അവൾ ഓർത്തു. ഒരേ തീൻ മേശകളിൽ അടുത്തടുത്ത പാത്രങ്ങളിലിരിയ്ക്കുന്ന എരിവുള്ള കറിയും മധുരമുള്ള പുഡ്ഡിംഗും പോലെ അന്യോന്യം നോക്കുന്നവരെക്കുറിച്ച്. തങ്ങളിൽ സ്വാഭാവികമായുള്ള എരിവിനെക്കുറിച്ചും മധുരത്തെക്കുറിച്ചും പരസ്പരം വിശദീകരിയ്ക്കാനാവാതെ മുഖം തിരിയ്ക്കുന്നവരെക്കുറിച്ച്. എന്നിട്ടും ഒരത്താഴത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച്. ഇറങ്ങിപ്പോകാമെന്ന് കരുതിയാൽ എങ്ങോട്ടേയ്ക്കാണ്?!  ജീവിതം പല പാത്രങ്ങളിൽ പകർന്നുവെച്ച  തീന്മേശകളല്ലാതെ ചുറ്റിലും മറ്റെന്താണുള്ളത്?!

അമ്മിണിയേച്ചി കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എടുത്ത് മേശ വൃത്തിയാക്കി. എന്നോട് തലകുലുക്കി ചിരിച്ചു. അച്ഛൻ രണ്ടുപേർക്കും നാരങ്ങ പിഴിഞ്ഞൊഴിച്ചു മധുരം നന്നായ് ചേർത്ത കട്ടൻ ചായ രണ്ടെണ്ണം ഓർഡർ ചെയ്തു.
"നിനക്ക് വേറെ എന്തെങ്കിലും വേണോ? കുട്ടികൾക്ക് എന്തെങ്കിലും വാങ്ങണോ ?" അച്ഛൻ ചോദിയ്ക്കാൻ മറന്നില്ല.
ഞാൻ വേണ്ട എന്ന് പറഞ്ഞു.
"കുട്ടികൾ വലുതായി വരികയല്ലേ? ജോലിയുടെ കാര്യം നീ കാര്യായിട്ട് ശ്രമിയ്ക്കണം.. അല്ലെങ്കിൽ ഈ പഠിച്ചതും പഠിപ്പിച്ചതുമൊക്കെ വെറുതെയാവില്ലേ ? "
 അച്ഛൻ തുടർന്നു:
"എനിയ്ക്ക് പ്രായമായി വരികയല്ലേ? വീട്ടമ്മ എന്നതിനേക്കാൾ എന്തെങ്കിലും ജോലി ഉണ്ടാകുന്നതല്ലേ ഭാവി കൂടുതൽ സുരക്ഷിതമാക്കുക."
ഞാൻ ചിരിച്ചു.
"നോക്കാം .. ഇത്തവണ നോക്കാം.."

ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താൻ കഴിയാത്തവരുമായ് സ്നേഹബന്ധങ്ങളിൽ തുടരുന്നതിനേക്കാൾ വലിയ സാഹസം വേറെയില്ലെന്ന് തോന്നുന്നു.

എന്റെ മനസ്സിലിരുന്ന് ചേച്ചി, അവളുടെ വിരൽ പിടിച്ച സ്‌കൂൾ കുട്ടിയോട് പറഞ്ഞു:
"ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുകയും തൃപ്തിപ്പെടാൻ കഴിയുകയും ചെയ്യുന്ന ഒരു മനസ്സ് തരുന്ന സമാധാനത്തെക്കാൾ വലിയ സുരക്ഷിതത്വമൊന്നും വേറെ ഒന്നിലൂടെയും ജീവിതം വാഗ്ദാനം ചെയ്യുന്നില്ല. നിനക്കതുണ്ട്! നീ സന്തോഷമായിട്ടിരിയ്ക്ക്!"

"നിനക്ക് ഇത്രേം പുസ്തകങ്ങൾ വായിക്കാൻ തന്നതാണ് കുഴപ്പമായതെന്ന് ഏട്ടൻ പറേന്നതിൽ കാര്യണ്ട്ല്ലേ? "
"ഏയ്.. അച്ഛൻ വാങ്ങി വായിച്ചതിന് ശേഷല്ലേ എല്ലാ പുസ്തകങ്ങളും ഞാ വായിക്ക്ന്നത് .. എന്നിട്ട് നമ്മള് രണ്ട് പേരും ഒരുപോലെ ചിന്തിക്കുന്നുണ്ടോ? " 
അച്ഛൻ എന്റെ ബാഗുകളിൽ ഭാരം കൂടിയത് എടുത്ത് എഴുന്നേറ്റു. അമ്മിണിയേച്ചി ഞാൻ കൊടുത്ത ടിപ്പ്, എല്ലാവരുമായ് പങ്കുവയ്ക്കാനിടയുള്ള ഒരു പെട്ടിയിൽ നിക്ഷേപിയ്ക്കുന്നത് ഞാൻ നോക്കി നിന്നു. "നിന്നെ കണ്ടല്ലേ കുട്ടികൾ പഠിയ്ക്കാ .. നിന്നില് ഒരു ജയിക്കാനുള്ള ഫയറുണ്ടെങ്കിലല്ലേ കുട്ടികളിലും അതുണ്ടാവൂ .."
"എന്നിട്ട് ഞാൻ അമ്മെ പോലെയാണോ ?" ഞാൻ ചോദിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു: "മനുഷ്യരുൾപ്പെടുന്ന ഒന്നിലും ഒരു ജനറലൈസേഷൻ സാധ്യമല്ല!"

ക്യാഷ് കൗണ്ടറിൽ സാജീദ്ക്കാ ഉണ്ടായിരുന്നില്ല; പകരം സമീറായിരുന്നു. അവൻ എന്റെയൊപ്പം പഠിച്ചിട്ടുണ്ട്, യുപി ക്ലാസ്സുകളിൽ. പെരുക്കപ്പട്ടിക മറന്നുപോകാറുള്ളതിന് മാഷ് അവന്റെ വിരൽമുട്ടികളിൽ മരത്തിന്റെ സ്കെയിൽ കൊണ്ട് അടിക്കാറുണ്ടായിരുന്നു. എനിയ്ക്ക് ഒരു തവണ അടി കിട്ടിയിട്ടുണ്ട്. കൂട്ടുപലിശയുടെ വഴിക്കണക്ക് എന്തോ തെറ്റിച്ചതിന്.

"സുഖായിട്ടിരിയ്ക്കുന്നോ?" അവൻ ചോദിച്ചു. എന്നിട്ട് മക്കൾക്കെന്ന് ചോക്ലേറ്റുകൾ എടുത്ത് നീട്ടി.

"സാജിക്ക എവിടെപ്പോയി?" പുറത്തിറങ്ങുമ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു.
"സാജിദ് മരിച്ചു പോയില്ലേ?!" അച്ഛൻ ഓർത്തു.

മരിയ്ക്കുന്ന നേരത്ത് സമീറിനെക്കുറിച്ചോർത്ത് വേവലാതിപ്പെട്ടിട്ടുണ്ടാകുമോ? ഞാൻ മനസ്സിലോർത്തു. സമീറിന് അയാളെ സന്തോഷിപ്പിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ? അയാളുടെ സന്തോഷങ്ങൾ എന്തൊക്കെ ആയിരുന്നിരിക്കും? ഞാൻ കാണുമ്പോഴൊക്കെ അയാൾ ആ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്നു. കാശ് എണ്ണിവയ്ക്കുകയോ വെറുതെ പുറത്തേയ്ക്ക് നോക്കിയിരിക്കുകയോ ചെയ്യുകയായിരുന്നു. അയാൾ ചിരിയ്ക്കാറുണ്ടായിരുന്നോ?  

സമീർ ചിരിയ്ക്കാറുണ്ടായിരുന്നു. കണക്ക് മാഷ് വരാതിരുന്ന പിരീഡുകളിൽ ഒക്കെ. വർത്തമാനം പറഞ്ഞതിന് പെൺകുട്ടികളുടെ ഇടയിൽ ഇരുത്തുന്നത് ശിക്ഷയായിരുന്നപ്പോഴൊക്കെ അവൻ എന്റെ അടുത്ത് വന്നിരുന്നിട്ടുണ്ട്. ഞാൻ പഠിയ്ക്കുന്ന, ക്ലാസ്സിൽ വർത്തമാനം പറയാത്ത നല്ല കുട്ടി ആയിരുന്നില്ലേ?!

ബസ്സിൽ കയറുമ്പോൾ, ഈ മഴയത്ത് ഇത്രയും സാധനങ്ങൾ എടുത്ത് തിരക്കിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് അച്ഛൻ ആവലാതിപ്പെട്ടു.
"ഡ്രൈവിംഗ് പഠിച്ചിരുന്നെങ്കിൽ " എന്ന് ഓർമ്മിപ്പിച്ചു..
"ഒരു രസല്ലേ എടയ്‌ക്കൊക്കെ ഇങ്ങനെ യാത്ര ചെയ്യുന്നേ" ഞാൻ അച്ഛനെ സമാധാനിപ്പിച്ചു.

ഇപ്പോൾ എനിയ്ക്ക് പോകാനുള്ള വഴിയിൽ റയിൽവേ ക്രോസിംഗുകൾ ഇല്ല; മേൽപ്പാലങ്ങളേയുള്ളൂ. കോളജ് വിട്ട് വരുമ്പോഴും ജോലി കഴിഞ്ഞു വരുമ്പോഴും ഒക്കെ വൈകുന്നേരത്തെ ധൃതിയാത്രകൾ റയിൽവേ ക്രോസിംഗുകളിൽ കുടുങ്ങിപ്പോകാറുള്ളത് ഞാൻ ഓർത്തു. ഒരുപാട് നേരം കഴിഞ്ഞിട്ടും തുടരാത്ത യാത്രകളെക്കുറിച്ചുള്ള വേവലാതി. ഇപ്പോൾ അതിന്റെ ആവശ്യം ഒന്നുമില്ലല്ലോ. യാത്രകൾ  സുഗമവും വേഗത്തിലുമാണ്.
ഓരോ ജീവിതത്തിലും എത്രയെത്ര മേൽപ്പാലങ്ങളാണ്. ഓർമ്മകൾ പോലെ കാത്തിരിയ്ക്കുന്ന ക്രോസിംഗുകളും. ഏതൊക്കെയോ തീവണ്ടികൾക്ക് വേഗത്തിലോടിപ്പോകാൻ അവിടെ കാത്തുനില്കുന്നവർ.

അത്രയല്ലേ ഉള്ളൂ!

എന്തിനാണ് അപ്പോഴും ചില അച്ഛനമ്മമാർ അവരുടെയുള്ളിൽ തോറ്റോടി ഒളിച്ചുപാർക്കാനെത്തുന്ന രാജാക്കന്മാർ പരിശ്രമത്തിന്റെ പാഠങ്ങൾ പഠിയ്ക്കാൻവേണ്ടി, അവരുടെ മക്കളുടെ പ്രിയപ്പെട്ട ചിലന്തികൾ കെട്ടിയ വലകളൊക്കെ പൊട്ടിച്ചു കളയുന്നത്?
അവരുടെ ഉള്ളിൽ ചിറകുമുളച്ചു പറക്കാൻ തുടങ്ങുന്ന പക്ഷികളെയെല്ലാം കരിച്ചു കളഞ്ഞ്, അവരോട്  വീണ്ടും വീണ്ടും ഫീനിക്സ് പക്ഷിയുടെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നത്?!

No comments:

Post a Comment