Saturday, December 16, 2017

ഒരാമുഖം.

നമുക്കുള്ളിൽ ഇല്ലാത്ത ഒരാളെ മറ്റൊരാളിൽ നമുക്ക് കാണാൻ കഴിയില്ല എന്ന് പറയാറുണ്ടോ?

എനിക്ക് തോന്നിയിട്ടുണ്ടങ്ങനെ.
ആ തോന്നൽ മനസ്സിൽ വെച്ചു തന്നെയാണ് ഞാൻ, കഥാപാത്രങ്ങളിൽ നിന്ന് എന്നിൽ കഥയായ് വളർന്നവരെക്കുറിച്ച് എഴുതാൻ തുടങ്ങുന്നത്.
(എന്റെ) പുനരാഖ്യാനങ്ങൾക്ക് മുഖം നൽകാനൊരുങ്ങുന്നത് .


***********


(1) ഗംഗ

ഒരു സ്വപ്നത്തിൽ നിന്നല്ല തുടക്കം. പക്ഷേ എഴുതിത്തുടങ്ങിയത് ഒരു സ്വപ്നത്തിൽ നിന്നാണ്. എപ്പോഴും ശിവന്റെയമ്പലങ്ങളിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ മനസ്സിൽ ചോദിയ്ക്കും: ആരായിരുന്നു ഗൗരീശാ, നിനക്ക് ഗംഗ എന്ന് ?! അങ്ങനെയൊരിയ്ക്കലാണ് ഒരു സ്വപ്നം കണ്ടത്. നിലാവും നിഴലുകളും നീല നിറവും ചേർന്ന രാത്രി, പാറക്കൂട്ടങ്ങൾക്കിടയിലൂടെ ചിതറിത്തെറിച്ചു വരുന്ന ജലപ്രവാഹത്തിൽ ആകെ നനയുന്ന ധ്യാനനിമഗ്നനായ യോഗി. പൊട്ടിച്ചിരിച്ച്, കലപിലയെന്ന് വിശേഷങ്ങൾ പറഞ്ഞു ഒഴുകി അകലുന്ന നദി പോലെയൊരു പെണ്ണ്. അവളുടെ കാഴ്ചയിൽ അവന്റെ ജടയോട് ചേർന്ന് അർദ്ധചന്ദ്രക്കല. 

സ്വപ്നം അവിടെ തീർന്നു. പക്ഷേ ഒരു ഉത്തരം എന്നപോലെ വാക്കുകൾ നിറഞ്ഞു. 

ഓരോ അണുവിലും ജീവിതത്തിന്റെ ഉത്സാഹം നിറഞ്ഞവൾ. അനുഭവങ്ങളെ അന്വേഷിച്ചിറങ്ങുന്നവൾ, എന്നാൽ അതിലൊന്നിനോടും ഏറേനേരം ഒട്ടിച്ചേർന്നിരിക്കാത്തവൾ, എല്ലാറ്റിൽ നിന്നും ഒഴുകിയകന്നു പോകുന്നവൾ.  ഗംഗ- നദിപോലെ ഒരു പെണ്ണ്.

മൗനത്തിന്റെ മഹാശിലയിൽ നിന്ന് വാക്കുകളുടെ മഹാനദി എല്ലാവരിലേക്കുമായ് ഒഴുകിപ്പരക്കുന്നതുപോലെ, അവളിലെവിടെയോ താനുണ്ടെന്ന് അറിഞ്ഞ ശങ്കരനും. അർത്ഥഗാംഭീര്യമാർന്ന മൗനത്തെ പ്രതിഫലിപ്പിയ്ക്കുന്ന വാക്കുകളുടെ മഹാനദിയായ് അവൾ.
(2) രാധ

രാധ, എനിക്കെന്നും ദൈവത്തിന്റെ ദൈവമായിരുന്നു. എന്റെ പ്രിയപ്പെട്ടവന്റെ ദൈവം.

വിരഹിണിയായ രാധയെ എനിക്കറിയില്ല. അത്രമേൽ പ്രണയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഒരാൾ  വിരഹിണിയാകുന്നത് എങ്ങനെയാണ്?! ഒരു അമാനുഷികനെ അങ്ങനെയാക്കിത്തീർത്ത ആത്മവീര്യത്തിന്റെ ഉറവിടം- അതായിരുന്നു എനിയ്ക്ക് രാധ. അവരന്യോന്യം ഓരോ മാത്രയിലും ആ പ്രണയം അനുഭവിയ്ക്കുന്നു; പരസ്പരം ഊർജ്ജസ്രോതസ്സുകളാകുന്നു.

ലോഭമോഹങ്ങളില്ലാത്ത, സ്വാർത്ഥതയില്ലാത്ത ഒരുവളിൽ പ്രണയം വിരഹവും വേദനകളുമായ് മാറില്ല; അങ്ങനെയല്ലാത്ത ഒരുവളെ പ്രണയിക്കുന്നവൻ അമാനുഷികനാവുകയുമില്ല.   നമ്മുടെ ശീലങ്ങളിലെ സാധാരണത്വം അവളിൽ ആരോപിയ്ക്കരുത്; ദൈവികത്വം അവനിലും !(3) കുന്തി

കുന്തിയെക്കുറിച്ചല്ല ചിന്തിച്ചു കൊണ്ടിരുന്നത്; കർണ്ണനെക്കുറിച്ചാണ്. ശിവാജി സാവന്തിന്റെ കർണ്ണൻ വായിച്ച് തകർന്ന് കരഞ്ഞ ദിവസങ്ങൾ ഓർമ്മയിലുണ്ട്  :-D

ഒരിയ്ക്കൽ പറഞ്ഞത് പോലെ, "നിരാശയും ഒരു ലഹരിയാണ്‌ ചിലർക്ക്. അവർ ആ ഉന്മാദം  അന്വേഷിച്ച് ഇറങ്ങും. അതനുഭവിയ്ക്കാൻ കാരണങ്ങൾ തിരയും."- ഞാൻ ഈ ലഹരിയ്ക്കായ് ഈ പുസ്തകം ഉപയോഗിച്ചിട്ടുണ്ട്. (ഗ്രന്ഥകാരൻ എന്നോട് ക്ഷമിയ്ക്കട്ടെ!) 

ഒരു മനുഷ്യന്റെ നിസ്സഹായതയാണെന്നെ കരയിപ്പിച്ചത്. പഠിച്ച വിദ്യകളൊന്നും പ്രയോജനപ്പെടുത്താൻ കഴിയാതെ പോട്ടെ എന്ന ഗുരുശാപം എന്നെ വല്ലാതെ പിടിച്ചുലച്ചിട്ടുണ്ട്. അതേ ശാപം പേറുന്ന ഒരു കർണ്ണൻ എന്നിലുമെവിടെയോ ഉണ്ടെന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.  :-(

ആ സംശയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ് എന്റെ പ്രിയപ്പെട്ടവൻ ഓർമ്മിപ്പിച്ചത്: 
"അയാൾ കലഹിയ്ക്കുകയായിരുന്നു, അയാളോട് തന്നെ. ആ കലഹം മതി ഉള്ളിലെ സൂര്യതേജസ്സിനെപ്പോലും നിഷ്പ്രഭമാക്കാൻ! സകല നന്മകളെയും ചുട്ടെരിയ്ക്കാൻ!  തൻ്റെ ജീവിതാവസ്ഥകൾ എന്ത് തന്നെയായാലും, അത്  ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ കഴിയാത്ത ഒരാൾ തോറ്റുപോകുന്നു. അപകർഷതയും അവ്യക്തകളും  നിറഞ്ഞ മനസ്സായിരുന്നു അയാളുടെ ശാപം. ചതുപ്പ് നിറഞ്ഞ ആ രണഭൂമിയിലാണ് അയാളുടെ ജീവിതത്തിന്റെ രഥചക്രങ്ങൾ ആണ്ടു പോയത്. അത് തന്നെയാണ് എല്ലാവരിലും തോറ്റു എന്നൊരു തോന്നലുണ്ടാക്കുന്നത്." 

അങ്ങനെയാണ് കുന്തിയിലെത്തിയത്. അവരുടെ ഗർഭപാത്രത്തിൽ കണ്ണുകളടച്ചുറങ്ങിയ സൂര്യൻ. അസ്തമനസൂര്യനൊപ്പം അവർ ഒഴുക്കിക്കളഞ്ഞ ആ കുഞ്ഞ് . അതായിരുന്നു മുന്നിൽ തെളിഞ്ഞ ചിത്രം. ആ ഓറഞ്ചും മഞ്ഞയും ചുവപ്പും നിറഞ്ഞ ആകാശം. ഇരുണ്ട് തുടങ്ങുന്ന നദീതീരത്തിൽ നിന്ന് അവർ മടങ്ങുന്നത് - കണിശമായ നിലപാടുകളിലേയ്ക്ക്, കർക്കശ്യത്തിലേക്ക്. (4) അർജ്ജുനൻ 

കുട്ടികളുടെ മഹാഭാരതം ആണ് ഞാനാദ്യം വായിച്ച 'തടിച്ച' പുസ്തകം. 
അർജ്ജുനനായിരുന്നു മഹാഭാരതത്തിന്റെ 'കുട്ടിവായന'യിൽ എന്റെ നായകൻ.

കർണ്ണൻ ജേഷ്‌ഠനാണെന്ന് കുന്തി പറഞ്ഞറിഞ്ഞ അർജ്ജുനന്റെ  മനസ്സിൽ നിറഞ്ഞതായ് തോന്നിപ്പിയ്ക്കുന്ന ചില ഓർമ്മകൾ, ചിന്തകൾ. അതിൽ കൂടുതൽ ഒന്നുമില്ല ഇവിടെ എഴുതിയതായി.  വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. മറ്റൊന്നും ഓർമ്മയില്ല ഈ എഴുത്തിനെക്കുറിച്ച്.

എന്റെ മനസ്സിലാദ്യമൊക്കെ ഒരു ഭീതിയുണ്ടായിരുന്നു. മനസ്സിലേക്ക് വരുന്ന വാക്കുകളെല്ലാം അപ്പപ്പോൾ തന്നെ എടുത്തുപയോഗിച്ചാൽ ഒരു ശൂന്യത പിന്നിലത് അവശേഷിപ്പിച്ചേക്കുമോഎന്ന് !

ആ ഭയം ഈ എഴുത്തിൽ കാണാം. 
അർജ്ജുനനെക്കുറിച്ച് എഴുതുമ്പോഴും ഭയം!
എന്തായിരുന്നു ജപിയ്ക്കേണ്ടിയിരുന്ന ആ പത്തു നാമങ്ങൾ?!


(ആഞ്ജലിക- 10/06/2010)

(5) ഋഷ്യശൃംഗൻ

മഴ, ഋഷ്യശൃംഗനെക്കുറിച്ചും ഓർമ്മിപ്പിക്കാറുണ്ട്. വൈശാലി എന്ന സിനിമയുടെ സൗന്ദര്യവും മനസ്സിലുണ്ട്. വൈശാലി മലയാളസിനിമയുടെ ഭാഗമാണ്. ഇതിഹാസങ്ങളിൽ ഋഷ്യശൃംഗൻ മാത്രമേയുള്ളൂ.. അവിടെ അവൾക്ക് പേരില്ല. അങ്ങനെയാണ് ഓർമ്മ. 

 മനസ്സിൽ ആദ്യം എഴുതിയ വാചകം ഇതാണ് :
"സ്ത്രീയെ കാണാതിരുന്നത്, അറിയാതിരുന്നത്, സ്പർശിക്കാതിരുന്നത്, മാത്രമായിരുന്നു ഋഷ്യശൃംഗന്റെ യോഗ്യതയെങ്കിൽ അതിവിടെ അവസാനിക്കുന്നു. "
(6) കുഞ്ചുണ്ണൂലി


ഒരു സ്വപ്നത്തിൽ നിന്നോ മനസ്സിലേക്ക് കയറിവന്ന ഒരു വാചകത്തിൽ നിന്നോ അല്ല എഴുതിയത്. അടവുകൾ പയറ്റിത്തെളിഞ്ഞിട്ടില്ലാത്ത, വാക്കുകൾക്ക് മൂർച്ചയില്ലാത്ത ഒരു കുഞ്ചുണ്ണൂലിയ്ക്ക് വേണ്ടി.

അവൾക്ക് വേണ്ടിയാണ് എഴുതിയത്. അതുകൊണ്ട് പ്രതിഷേധത്തിന്റെ ഒരു ചവർപ്പുണ്ട് എഴുത്തിന് എന്ന് തോന്നുന്നു.

സമർപ്പിയ്ക്കുന്നത് കഥയിൽ വാക്കുകളുടെ ഏകാഗ്രതയുടെ കരുത്ത് കാട്ടിത്തന്ന, മനസ്സിൽ ഗുരുസ്ഥാനത്തുള്ള പുസ്തകങ്ങൾക്കും അക്ഷരങ്ങൾ പഠിച്ച് തുടങ്ങുന്ന വയസ്സിൽ '24 വടക്കൻ പാട്ടുകൾ' എന്ന നീലച്ചട്ടയിൽ ചുവപ്പ് നിറത്തിൽ ചേകവനെ  വരച്ചു വെച്ച പുസ്തകം ഈണത്തിൽ വായിച്ചു തന്ന അച്ഛനും. 

(7) സുഭദ്ര 

"ബാലികയായിരുന്നപ്പോൾ കൗമാരത്തിന്റെ കൗതുകങ്ങൾ എന്നെ നിരന്തരം ശല്യപ്പെടുത്തി.
കൗമാരമാകട്ടെ യൗവ്വനത്തിന്റെ പൂക്കൾ വർഷിച്ചു.
യൗവ്വനത്തിൽ മനസ്സിന്‌ തത്ത്വചിന്തകൊണ്ട് തപസ്സനുഷ്ഠിച്ച് ഒരു മുത്തശ്ശിയെപ്പോലെ ജീവിയ്ക്കേണ്ടി വന്നു.
ഒടുവിൽ മധ്യവയസ്സിൽ മരിച്ചവന്റെ സ്വാതന്ത്ര്യമനുഭവിച്ചു."

പ്രായത്തിനേക്കാൾ കൂടുതൽ വളർന്ന ശരീരവും ചിന്തകളും വാക്കുകളുമുള്ള ഒരുവളെ എനിക്കറിയാം; അവളെ അവളുടെ പ്രിയപ്പെട്ടവർ സ്വീകരിച്ച രീതികൾ ഏതൊക്ക എന്നും. അവളെക്കുറിച്ചെഴുതാൻ ഞാൻ സിവിയുടെ മാർത്താണ്ഡവർമ്മ വായിക്കുകയായിരുന്നു.

:-)

"ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാൻ ഒരോരോ കാരണങ്ങൾ:

ഈ നിമിഷം,
അല്ലെങ്കിലതിനടുത്ത നിമിഷം,
അതുമല്ലെങ്കിൽ അതിനുമടുത്ത നിമിഷം 
അതെന്താണെന്ന് തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് ജീവിയ്ക്കുന്നത്:
ചിലർക്ക് ഒരു വെളിപാടുപോലെ 
ചിലർക്ക് യാതനകളിലൂടെയുള്ള ആത്മശുദ്ധീകരണത്തിലൂടെ
തന്റെ നിയോഗമിതാണെന്ന വിസ്മയമറിയാനാകുന്നു.
ആ വിസ്മയമനുഭവിയ്ക്കുന്നവർ ഭാഗ്യവാന്മാർ.

ഒരോരുത്തർക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാനും മരിയ്ക്കാനും ഒരോരോ കാരണങ്ങൾ. "സുഭദ്ര അവളുടെ തന്നെ മനസ്സാണോ വായിച്ചത്; അതോ അവളെക്കുറിച്ച് എഴുതാൻ ആഗ്രഹിച്ച ഒരുവളുടെയോ ?! 
;-)

(8) ക്ലാര 

മലയാളിയുടെ മഴയുടെ മറ്റൊരു പേരാണ് ക്ലാര.


ബ്ലോഗില്ലാത്ത കാലത്ത് ഡയറികൾ എഴുതിയിട്ടൂണ്ട്. ഡയറിയിൽ ക്ലാരയെക്കുറിച്ചല്ല ജയകൃഷ്‌ണനെക്കുറിച്ചാണ് എഴുതിയത് എന്നാണോർമ്മ. അവളോട് "ഞാനാ മദർ സൂപ്പീരിയർ'' എന്ന് പറയുന്ന, കാലം തെറ്റിപ്പെയ്ത മഴയിൽ ക്ലാരയുടെ ടെലിഗ്രാം പിടിച്ചു നിൽക്കുന്ന, അവളുടെ ശബ്ദം തോർന്ന ടെലിഫോൺ റിസീവറിൽ ഒന്നുകൂടി ചെവിയോർക്കുന്ന ജയകൃഷ്ണൻ. എനിക്കന്നൊക്കെ ഒരു ജയകൃഷ്നനെ വേണമായിരുന്നു. :-D

എന്നിട്ട് കിട്ടിയോ എന്ന് ചോദിക്കരുത്.
ക്ലാരയല്ലാത്ത ഒരുവൾക്ക് ജയകൃഷ്ണനെ കണ്ടുപിടിയ്ക്കാൻ കഴിയില്ല;
രാധയിലേക്ക് മടങ്ങിപ്പോകാനില്ലാത്ത ഒരാൾ ജയകൃഷ്ണൻ ആവുകയുമില്ല!ഈ കഥയിൽ ക്ലാര ഇല്ല.

ജയകൃഷ്ണനും ഇല്ല.

ഇരുവരും ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം മാത്രമേ ഉള്ളൂ.അല്ലെങ്കിലും ഒരു മഴയും രണ്ട് തവണ പെയ്യുന്നില്ലല്ലോ.

No comments:

Post a Comment