Wednesday, December 6, 2017

അവസാനിയ്ക്കാത്ത കഥകളിൽ ഒന്ന്.


ഹൃദയത്തിൽ സൂക്ഷിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഓർമ്മകൾക്കെല്ലാം ഇരുപുറം നിൽക്കുന്നവരെ ഇനിയൊരിയ്ക്കലും കാണുകയുണ്ടാവില്ലെന്ന അറിവോടെ അഭിമുഖീകരിയ്ക്കുമ്പോൾ പറയാൻ ആഗ്രഹിയ്ക്കുന്ന വാക്കുകൾ ഏതൊക്കെയാവും? കേൾക്കാനാഗ്രഹിയ്ക്കുന്ന വാർത്തകൾ ഏതൊക്കെയാവും? എത്ര നേരം അവരൊന്നിച്ചുണ്ടാകണമെന്ന്, എത്ര നേരം അവരെ ചേർത്തുപിടിയ്ക്കണമെന്ന് മോഹിച്ചു കൊണ്ടേയിരിയ്ക്കും?

സ്നേഹിയ്ക്കപ്പെടണമെന്ന, സ്വീകരിയ്ക്കപ്പെടണമെന്ന ആഗ്രഹത്തേക്കാൾ മനുഷ്യജീവിതത്തെ ചുട്ടുപൊള്ളിയ്ക്കുന്ന കാട്ടുതീ മറ്റേതാണ് ?!അതെന്നിൽ പടരുന്നത് ഞാനറിയുന്നു.

എനിക്ക് പറയാൻ, കേൾക്കാൻ വാക്കുകൾ ഏറെയുണ്ട്. ഞാൻ കേൾക്കുന്നത് പക്ഷേ, എന്നും എന്നെ വാക്കുകൾ കൊണ്ട് നിറയ്ക്കാറുള്ള എന്റെ പ്രിയപ്പെട്ടവരുടെ- നകുലസഹദേവന്മാരുടെ - മൗനം. കഠിനമായ നിർവ്വികാരതയിൽ, അവർ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. എല്ലാറ്റിനേയും സ്വീകരിയ്ക്കാൻ സന്നദ്ധയാകുമ്പോൾ, നീയുമായി പങ്കിടാൻ ഒന്നുമില്ലെന്ന നിസംഗഭാവത്തോടെ ജീവിതം  മുഖം തിരിഞ്ഞു നിൽക്കുന്നത് പോലെ, നീ അത്രമേൽ അപ്രസക്തയായ് കഴിഞ്ഞെന്ന് ദയവൊട്ടുമില്ലാത്ത അതെന്നെ ഓർമ്മിപ്പിക്കുന്നു. അനുഗ്രഹത്തിന് പോലും കാത്തു നിൽക്കുന്നില്ല അവരെന്ന് തോന്നി. ഒന്നും പങ്കിടാനില്ലാത്തവരായ് കഴിഞ്ഞതു പോലെ ഞങ്ങൾ, കുറച്ചു നേരം അന്യോന്യം നോക്കി നിൽക്കുക മാത്രം ചെയ്തു.

അർജ്ജുനൻ ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞു. അല്ലെങ്കിലും അയാൾ മതിമറന്ന് സംസാരിയ്ക്കാറുള്ളത് കൃഷ്ണനോട് മാത്രമാണ്. കൃഷ്ണൻ, ഭീഷ്മപിതാമഹൻ, ഗുരുദ്രോണർ, അഭിമന്യു - അർജ്ജുനൻ ഹൃദയത്തിൽ ഇടം നൽകിയത് ഇവർക്ക് മാത്രമാണ്. എനിക്കറിയാം. ദ്രൗപദി പോലും അവിടെ പ്രതീക്ഷയോടെ കാത്തുനിന്നിട്ടേയുള്ളൂ. മരണം വരേയും അവൾക്ക് ആ കാത്തുനില്പ് തുടരേണ്ടിയും വരും. സവ്യസാചിയ്ക്ക് ലക്ഷ്യഭേദനം വരെയേയുള്ളൂ എല്ലാറ്റിലും കൗതുകം. അത് കഴിഞ്ഞാൽ ഏറ്റവും അമൂല്ല്യമായ ഒന്നുപോലും അയാൾക്ക് സർവ്വസാധാരണമാകുന്നു.

ദ്രൗപദിയെ ഒരു അഗ്നിഗോളം എന്നതു പോലെ അഭിമുഖീകരിച്ചു.

അവളെക്കുറിച്ചുള്ള കഥകൾ ആദ്യം കേട്ട നാൾ മുതൽ, അവളുടെ സാമീപ്യം ഞാൻ അനുഭവിയ്ക്കാറുള്ളത് അങ്ങനെയാണ്. അർജ്ജുനൻ എന്ന ഖാണ്ഡവനത്തിലെ വിശപ്പടങ്ങാതെ അലയുന്ന അഗ്നി. കൃഷ്ണന്റെ മുന്നിൽ മാത്രമാണവൾ ഒരല്‌പം സൗമ്യയാകാറുള്ളതെന്ന് തോന്നും. മറ്റെല്ലാവരോടും അവൾ ദയ കാണിച്ചു എന്ന് മാത്രം.

'എന്റെ സ്നേഹം ജയിക്കാനാണെങ്കിൽ, ബാക്കിയുണ്ട് ഇനിയുമെത്രയോ രാജസൂയ യജ്‌ഞങ്ങൾ ' എന്ന വെല്ലുവിളിയുണ്ട് യുധിഷ്‌ഠിരനെ നേരിടുന്ന അവളുടെ കണ്ണുകളിൽ. 'എന്റെ പ്രിയപ്പെട്ടവന്റെ ഭിക്ഷയാണ് നീ അനുഭവിയ്ക്കുന്നതൊക്കെയും' എന്നവൾ അയാളോട് പറയാതെ പറയുന്നു. എനിയ്ക്കത് കേൾക്കാം. ഓരോ നിമിഷവും കേൾക്കാം. അത് എല്ലാ ധർമ്മചിന്തകൾക്കിടയിലും ഒരു തുള്ളി വിഷമായ് അയാളിൽ ബാക്കിയാവുന്നത് അയാൾ പോലും അറിയുന്നുണ്ടാവില്ല. പക്ഷേ, അവരുടെ അവസാനത്തെ യാത്രയിൽ അതയാൾ അവളോട് പറയും. എനിയ്കത് ഉറപ്പാണ്. അയാളിലെ നിസ്സഹായത അന്നേ അതയാളെക്കൊണ്ട് പറയിപ്പിക്കൂ.

കാമ്പല്യത്തിലെ സ്വയംവരത്തലേന്ന്, പാഞ്ചാലകുമാരിയുടെ കഥകൾ കേട്ടുകിടന്ന അഞ്ചിൽ നാലുപേരും അവളെ മാത്രം സ്വപ്‍നം കണ്ടാണുറങ്ങിയതെന്ന് എനിക്കറിയാം. അർജ്ജുനൻ മാത്രമാകും അന്നും ലക്ഷ്യഭേദനം ചെയ്യേണ്ട മീനിന്റെ കണ്ണിനൊപ്പം കറങ്ങിക്കൊണ്ടിരുന്നത്. അയാളെന്നും അങ്ങനെയാണ്. ആളുകളെ അദ്‌ഭുതപ്പെടുത്തുന്ന അസ്ത്രവിദ്യയാണ് അയാളുടെ ജീവൻ. ആ അദ്‌ഭുതങ്ങളിലാണ് അയാളുടെ അസ്തിത്വം. ആ വിസ്മയങ്ങളുടെ ഞാണുകളാണ് അയാൾ തന്നിലേക്ക് കെട്ടിയിടുന്ന ബന്ധങ്ങളെല്ലാം. മറ്റെല്ലാം അയാൾക്ക് നൈമിഷികമായ കൗതുകങ്ങൾ മാത്രം..

'തികച്ചും വിഭിന്നരായ മൂന്ന് പേരുടെ ബീജങ്ങളെ സ്വീകരിച്ച ഒരുവൾ!' ഒരിയ്ക്കലൊരു പരിഭവത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചിരുന്നു ദ്രുപദപുത്രി എന്റെ മുന്നിൽ. പങ്കുവയ്ക്കപ്പെട്ട് പോയ ഒരുവളായതുകൊണ്ടാകും അർജ്ജുനനെ പൂർണ്ണമായി സ്വന്തമാക്കാൻ കഴിയാതെ പോയതെന്ന് നിരാശയുണ്ടായിരുന്നു ആ ശബ്ദത്തിൽ.
അന്നേരം അവൾ എന്നിലാകെ കത്തിപ്പടർന്നു:
'മൂന്നു പേർക്ക് സ്വയം പങ്കിട്ടു കൊടുത്ത ഒരാൾക്കേ ഒരു പെണ്ണിനെ അഞ്ചു പേർക്കിടയിൽ പങ്കുവയ്ക്കാമെന്ന് ആലോചിയ്ക്കാൻ പോലും കഴിയൂ. അത്രയും സ്വാഭാവികമായ് അത് അനുവദിയ്ക്കാൻ കഴിയൂ. അങ്ങനെ ഒരാൾക്കേ സ്ത്രീയുടെ മനസ്സിനേക്കാളും വിലയുണ്ട് പറഞ്ഞുപോയ പാഴ്വാക്കുകൾക്കെന്ന ശാഠ്യത്തിന് കൂട്ടുനിൽക്കാൻ കഴിയൂ. . '

' അങ്ങനെയെങ്കിൽ ' ഞാൻ മനസ്സിൽ ചിരിച്ചു.
ആരോപണങ്ങളിൽ എനിയ്ക്ക് ഒട്ടും അസ്വസ്ഥത തോന്നിയില്ല. 
'മൂന്നല്ല; നാല്- നിനക്ക് അഞ്ച്. ഒന്നിൽ കൂടുതലായാൽ മറ്റെല്ലാം സമം! ആഹ്ളാദിയ്ക്കേണ്ട നിമിഷങ്ങളാണ് കാരണങ്ങൾ കൊണ്ട് വ്യത്യസ്തമാകുന്നത്; വേദനകൾ എല്ലാം സമം!'

അതിവിശിഷ്ടമായ ഒരു യജ്ഞമെന്നതുപോലെയായിരുന്നു ഓരോ ഗർഭധാരണവും; ഓരോ ഗർഭകാലവും. അത്രമേൽ ഏകാഗ്രമായ്, ആത്മസമർപ്പണത്തോടെ.  ചിലപ്പോൾ തോന്നും ഒരു പടയൊരുക്കമായിരുന്നു എല്ലാമെന്ന്. ഒരിടത്ത് യാഗാഗ്നിയ്ക്കരികിൽ ഇഷ്ടദേവതയെ ആവാഹിച്ചെന്നപോലെ തന്നിലേക്ക് വരുന്ന പുരുഷൻ, മറ്റൊരിടത്ത് മൺകുടങ്ങൾ പോലെ ഗർഭം വഹിയ്ക്കാൻ നൂറ്റൊന്ന് സ്ത്രീകൾ! മുൻപ്‌ പലപ്പോഴും ദുര്യോധനപക്ഷം പരിഹാസങ്ങൾ എയ്തുകൊള്ളിയ്ക്കുമ്പോഴൊക്കെ ഞാനോർക്കും: ഭാരതയുദ്ധം നടക്കുക ഒരു രാജാവിന്റെ ബീജത്തിൽ പിറന്ന നൂറുപേർക്കും മറ്റൊരു രാജാവിന്റെ ഭാര്യമാരുടെ അണ്ഡങ്ങളിൽ  പിറന്ന അഞ്ചുപേർക്കും ഇടയിലുള്ള മത്സരത്തിലാവുമെന്ന്

പല കഥകളിൽ മൂർച്ചകൂട്ടി വയ്ക്കുന്ന ആയുധങ്ങളാകുന്നു കുലവധുക്കൾ! പോർക്കളത്തിലേക്ക്, ഒരു രാജസിംഹാസനത്തിലേക്ക് സഞ്ചരിയ്ക്കുന്ന ഒരു ബീജത്തിന്റെ ഇടത്താവളം മാത്രമായ സ്ത്രീശരീരങ്ങൾ- ഒരു യോദ്ധാവിനെ സ്വീകരിയ്ക്കാൻ സജ്ജമായ ശിബിരങ്ങൾ! മറ്റെല്ലാം കഥകളാണ്. പറയാൻ മിടുക്കരായവരുടെ അവതരണത്തിലൂടെ മാറിമറിയാം,  കാലം അതുൾക്കൊള്ളുന്ന രീതികൾ.

ദ്രൗപദി തൊഴുത് നിന്നത് എനിയ്ക്കും അവൾക്കുമിടയിലെ ഓർമ്മകളുടെ കാർമേഘങ്ങളെയാണെന്ന് തോന്നി. അഞ്ചു പുത്രന്മാർക്ക് തുല്യമായ് ഭാഗിച്ചു കൊടുത്ത ഭിക്ഷയായ് അവളെ കണ്ടതു മുതൽ അഞ്ചു പുത്രന്മാരുടെ ജഡങ്ങൾക്കരികെ വിലപിയ്ക്കുന്ന അമ്മയായ് അവൾ മാറിപ്പോയതു വരെ ഓർമ്മകളുടെ മഹാപ്രളയം ഞങ്ങൾക്ക് നീന്തിക്കടക്കാനുണ്ട്, പരസ്പരം മനസ്സിലാക്കി എന്ന് ഒരു സാന്ത്വനമായെങ്കിലും പറയാൻ. ഹസ്തിനപുരിയിലെ ദ്രൗപദിയെന്ന രാജാമാതാവ് കൂടിയാണ് ആ രാത്രിയിൽ ഇല്ലാതായത്. ഹസ്തിനപുരിയിലെ ദ്രൗപദിയുടെ കഥ അവളോട് കൂടി അവസാനിയ്ക്കുന്നു. പകരം അവിടെ സുഭദ്രയെന്ന വൃക്ഷത്തിന്റെ വേര് ബാക്കിയായിരുന്നു. അതിനവൾക്ക് കൃഷ്ണനോട് ക്ഷമിയ്ക്കാൻ കഴിയില്ല. അത് അവനുമറിയാം. വാക്കുകളുടെ ഇന്ദ്രജാലക്കാരന് ഭേദിയ്ക്കാൻ കഴിയാതെ പോയ ചോദ്യങ്ങളിൽ നിന്ന് എനിയ്ക്കത് ഊഹിയ്ക്കാം.

'എന്നിൽ പിറന്ന കുഞ്ഞുങ്ങളുടെ പ്രാണന് കാവൽ നിന്നില്ലല്ലോ' എന്ന അവളുടെ വേദനയാണ് ഗാന്ധാരീവിലാപത്തെക്കാൾ കൃഷ്ണന്റെ ഉള്ളുലച്ചിട്ടുണ്ടാവുക. ആ നോവ് കൊണ്ട്  വിഷം പുരട്ടിയൊരു   അസ്ത്രം അവനും തനിയ്ക്കായ് ബാക്കി വച്ചിട്ടുണ്ടാകും. തന്റെ കഥകളിലെ ചില ഏടുകൾ വിഴുങ്ങാൻ ആർത്തലച്ചുവരുന്ന തിരമാലകളെ അവനും കാത്തിരിയ്ക്കുന്നുണ്ടാകാം. നിക്ഷ്പക്ഷമതികൾക്ക് നിർണ്ണയിക്കാനാവില്ല അനശ്വരമായ നായകത്വം.

ഉപപാണ്ഡവരുടെ മരണവാർത്തയറിഞ്ഞപ്പോൾ, വാരാണവതത്തിലെ കാട്ടാളത്തിയുടെയും അഞ്ചുമക്കളുടെയും നിസ്സഹായമായ നിലവിളിയാണ് മനസ്സിൽ ആദ്യം മുഴങ്ങിയത്. അന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു അത്. എങ്കിലും കുരുതി കൊടുത്തത് ഒരു ശത്രുതയുമില്ലാത്ത ആറു മനുഷ്യരെ. ഭക്ഷണം ആഗ്രഹിച്ചെത്തിയ നിരായുധരായ ആറു പേർ.  അരക്കില്ലം പണിതപ്പോൾ കൗരവർക്കും അതേ തോന്നിയിട്ടുണ്ടാകുള്ളൂ- ഹസ്തിനപുരിയുടെ സിംഹാസനത്തിലേയ്ക്ക് വഴിയൊരുക്കാൻ നിസ്സാരമായ ജീവിതങ്ങളുടെ കുരുതി. ഞങ്ങൾ ആ കാട്ടാളത്തിയേയും മക്കളേയും കണ്ടത് പോലെ അവർക്ക് ഞങ്ങളെയും കാണാവുന്നതാണ്. സ്വന്തം ജീവിതമാകുമ്പോൾ, തനിക്ക്  പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കഥകളാകുമ്പോൾ നന്മ തിന്മകളെക്കുറിച്ച്, ധർമ്മാധർമ്മങ്ങളെക്കുറിച്ച്, ചതിയേയും വഞ്ചനയേയും കുറിച്ചും നാം ഓർക്കുന്നു എന്ന് മാത്രം.

അർജ്ജുനൻ മറ്റെല്ലാവരിൽ നിന്നും അകന്ന് ഏകാകിയായ് നിന്നു. അന്യോന്യം കണ്ണുകളിടയാതിരിയ്ക്കാൻ ഞങ്ങൾ ശ്രദ്ധിയ്ക്കുന്നുണ്ടെങ്കിലും, എനിയ്ക്ക് കാണാം.  പിതാമഹനും ആചാര്യനും അഭിമന്യുവും മരിച്ചു വീണ കുരുക്ഷേത്രത്തിൽ നിന്ന് അയാൾക്കിനിയും മടങ്ങിവരാനായിട്ടില്ലെന്ന് തോന്നുന്നു. കർണ്ണന് വേണ്ടി അയാൾ വേദനിയ്ക്കില്ല. എനിക്കറിയാം. അനേകം അസ്ത്രങ്ങളുടെ മതിലുകളുണ്ട് അവർക്കിടയിൽ. ഒരിയ്ക്കലും അവസാനിയ്ക്കാത്ത മത്സരങ്ങളുണ്ട്. അവരുടെ ജനനം തന്നെ അങ്ങനെയാണ്, പരസ്പരം സ്നേഹിയ്ക്കാതിരിയ്ക്കാൻ കാരണങ്ങൾ അവർക്കിടയിൽ വന്നുകൊണ്ടേയിരിയ്ക്കും. ഇപ്പോൾ കർണ്ണന് വേണ്ടി പൊഴിയ്ക്കുന്ന കണ്ണുനീർ, മരിച്ചുപോയ ഒരുവന് വേണ്ടിയുള്ള സർവ്വസാധാരണമായ ഔപചാരികതയാണ്. യുധിഷ്‌ഠിരനൊഴികെ മറ്റെല്ലാവരുടെയും മനസ്സിൽ അതങ്ങനെ തന്നെയാണ്. യുധിഷ്‌ഠിരന് സ്വയം തോറ്റുകൊടുക്കാൻ ഓരോ വട്ടവും ഓരോ കാരണങ്ങൾ വേണം. ഇത്തവണ അത് കർണ്ണവധമാണെന്ന് മാത്രം. തന്റെ ജീവിതം, തന്റെ സഹോദരങ്ങൾ, താനണിഞ്ഞിരിയ്ക്കുന്ന രാജമകുടം- എല്ലാം കർണ്ണന്റെ ദയയായ് കണ്ടു തുടങ്ങിയിട്ടുണ്ട് അയാൾ. 

നാലുജീവനുകൾ ഭിക്ഷയായ് നേടിയില്ലായിരുന്നെങ്കിൽ മറ്റൊന്നാകുമായിരുന്നോ ഭാരതയുദ്ധം? അറിയില്ല. ആരുടെ സാമർത്ഥ്യത്തെയാണ് ഞാനും അവിശ്വസിച്ചത്?

വഴിപോക്കരെപ്പോലെ കയറിവന്ന രക്തബന്ധങ്ങൾ, ജീവശ്വാസം പോലെ ചേർന്ന് നിന്ന സൗഹൃദത്തേക്കാൾ ശ്രദ്ധയർഹിക്കുന്നുണ്ടെന്ന് കർണ്ണൻ  കരുതി. എന്നിലേക്ക് വന്നു ചേർന്ന ആയുധമായിരുന്നു അയാളുടെ മനസ്സിന്റെ ചാഞ്ചല്യം. ഞാനത് പ്രയോഗിച്ചു എന്ന് മാത്രം. അതും ഒരു യുദ്ധതന്ത്രമാണ്. യുദ്ധത്തിനൊരുങ്ങുമ്പോൾ എല്ലാ വഴികളിലൂടെയും സജ്ജമാവുക എന്നേയുള്ളൂ. കർണ്ണനും ചെയ്യേണ്ടിയിരുന്നത് അതാണ്. യുദ്ധസന്നദ്ധനായ ഒരാൾക്ക് തൻ്റെ പക്ഷത്തിൻ്റെ സുരക്ഷയേക്കാൾ വലുതായ് ഒന്നുമുണ്ടാകരുത്; മഹാദാനശീലനെന്ന കീർത്തി പോലും.

ദുര്യോധനന്റെ തോൽവി ഉറപ്പിച്ചത് അന്നാണ്- നാലനുജന്മാരെ വധിയ്ക്കില്ലെന്ന് കർണ്ണൻ വാക്കു തന്ന അന്നു മുതൽ. ഒരു വാക്കു കൊണ്ട് മൂർച്ചയില്ലാതായ്‌പ്പോയ അസ്ത്രമാണ് തന്റെ ഏറ്റവും വലിയ കരുത്തായ് ദുര്യോധനൻ കൊണ്ടുനടന്നത് എന്ന് അയാളുടെ പരാജയം. തന്നെ മാത്രം വിശ്വസിച്ച ഒരു കൂട്ടുകാരന്റെ ആസന്നമായ തോൽവിക്ക് കാരണമാകുന്നുവെന്ന ചിന്ത കർണ്ണനെ ചുട്ടെരിച്ചിട്ടുണ്ടാകും. അതുവരെ അയാൾ കടന്നുപോയ എല്ലാ വേദനകൾക്കും അപ്പുറമായിരിക്കും അത്. യുദ്ധത്തിനൊടുവിൽ ജീവൻ ബാക്കിയാകണമെന്ന് ഒരിയ്ക്കലും അയാളാഗ്രഹിച്ചിട്ടുണ്ടാവില്ല.

എൻ്റെ മക്കളിൽ ഏറ്റവും ശാപഗ്രസ്തനായ് അയാൾ മാറിപ്പോയതെന്തേ എന്ന് ഒരിയ്ക്കൽ ഞാൻ കൃഷ്ണനോട് ചോദിച്ചിരുന്നു.

അവൻ പറഞ്ഞു:

"തന്നിലേക്ക് വന്ന അപമാനങ്ങളെയെല്ലാം അയാൾ സ്വീകരിച്ചു. ഒരു പോരാളി അയാളുടെ അസ്ത്രങ്ങളെ എന്നപോലെ അവയോരോന്നും രാകിമിനുക്കി, കാലുഷ്യത്തിന്റെ വിഷം തേച്ച് ഓർമ്മകളുടെ ആവനാഴിയിൽ  എന്നും നിറച്ചു സൂക്ഷിച്ചു. തനിയ്ക്ക് തന്നെയാണ് അവയിൽ നിന്ന് ദംശനമേൽക്കുന്നതെന്നറിഞ്ഞിട്ടും അയാളത് ഉപേക്ഷിച്ചില്ല. അയാൾ കലഹിയ്ക്കുകയായിരുന്നു, അയാളോട് തന്നെ. ആ കലഹം മതി ഉള്ളിലെ സൂര്യതേജസ്സിനെപ്പോലും നിഷ്പ്രഭമാക്കാൻ! സകല നന്മകളെയും ചുട്ടെരിയ്ക്കാൻ!  തൻ്റെ ജീവിതാവസ്ഥകൾ എന്ത് തന്നെയായാലും, അത്  ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ കഴിയാത്ത ഒരാൾ തോറ്റുപോകുന്നു. "

"ഉപേക്ഷിയ്ക്കപ്പെട്ട, എൻ്റെ മകൻ പിന്നെ എങ്ങനെ ആകണമായിരുന്നു?"
എനിയ്ക്ക് ആ ചോദ്യം ചോദിക്കാതിരിയ്ക്കാൻ കഴിയില്ല.

"ഗോത്രം, കുലം, പൈതൃകം തുടങ്ങിയ സാധാരണ വിഷയങ്ങളെ അസാധാരണമായ് സ്വീകരിച്ചുകൊണ്ട് അമാനുഷികനാകാമായിരുന്നു. മനുഷ്യകുലത്തിന് മാതൃകയായ് മാറാൻ കഴിയുമായിരുന്ന ഓരോ അവസരത്തിലും അയാൾ  പിൻവാങ്ങുകയാണ് ചെയ്തത്; സ്വയം അപമാനിച്ചുകൊണ്ട്. നമുക്കുള്ളിലെ മമതയല്ലാതെ മറ്റൊന്നും അതിനയാൾക്ക് മാപ്പ് നൽകില്ല. മറ്റെല്ലാ നക്ഷത്രങ്ങളേയും നിഷ്പ്രഭമാക്കാൻ പോന്ന സൂര്യനായ് മാറാൻ കഴിയുമായിരുന്ന ഒരുവൻ, അവൻ്റെ ആകാശത്തെക്കുറിച്ചു വിലപിച്ച് ഇരുട്ടിനെ സ്വീകരിച്ചത് പോലെയാണയാൾ ജീവിച്ചത്. മഹാമന്ത്രങ്ങളോ അസാധാരണക്കാരായ ഗുരുക്കന്മാരോ ഇല്ലാതെ തന്നെ അജയ്യനാകാമായിരുന്ന ഒരുവൻ അവനവനെ അവിശ്വസിച്ച്, മറ്റേതൊക്കെയോ ശക്തികളെ ആശ്രയിച്ചു നടന്നതിന്റെ ഫലമാണത്- മരണം വരെ അയാളെ പിന്തുടർന്ന അപകർഷത! അവ്യക്തകൾ നിറഞ്ഞ മനസ്സായിരുന്നു അയാളുടെ ശാപം. ചതുപ്പ് നിറഞ്ഞ ആ രണഭൂമിയിലാണ് അയാളുടെ ജീവിതത്തിന്റെ രഥചക്രങ്ങൾ ആണ്ടു പോയത്.  അതാണയാളെ തോല്പിച്ചത്. അതാണ് ആ തോൽവികളെ ആദരവിനു പകരം സഹതാപം അർഹിയ്ക്കുന്നതാക്കിയത്. കാരണം എന്ത് തന്നെയായിരുന്നാലും, പക്ഷം ചേർന്ന ഒന്നിലേക്ക് പൂർണ്ണമായി സമർപ്പിയ്ക്കാൻ കഴിയാത്ത ഒരുവൻ ഒരിടത്തും ജയം അർഹിയ്ക്കുന്നില്ല."

"അതുകൊണ്ട് " അവൻ പറഞ്ഞു നിർത്തി:
"അയാൾ സ്വയം തിരഞ്ഞെടുത്ത ദുരിതങ്ങളിൽ നിന്ന് അയാളെ യാത്രയാക്കുക."

എൻ്റെ മനസ്സിൽ അനേകം ഓർമ്മകൾ തെളിഞ്ഞു വന്നു. അതിൽ ഗോക്കളെ മേച്ചു നടന്ന ഒരുവന്റെ ചിരി മായാത്ത മുഖമുണ്ട്, അവൻ  നേരിട്ട പാലായനങ്ങളും അവഹേളനവുമുണ്ട്. പെരുവിരൽ മുറിഞ്ഞ നിഷാദനുണ്ട്. അവൻ്റെ സമരങ്ങളുണ്ട്.  നിലപാടുകളിൽ ഉറച്ചു നിന്ന വികർണ്ണനും യുയുത്സുവും ഉണ്ട്. ഒരേസമയം രണ്ടുപക്ഷം ചേരാതെ നിന്നവർ. അവ്യക്തതകളെ അതിജീവിച്ചവർ. ജീവിതത്തിലെ അപൂർണ്ണതകളെ ഹൃദയപൂർവ്വം സ്വീകരിച്ച് പൂർണ്ണരായ അനേകം പേർ.   എന്തിന് ദുര്യോധനൻ പോലും. അവിടെ കർണ്ണനില്ല; ഭീഷ്മപിതാമഹനുമില്ല.

ചിലരിലെ ആത്മബലം, ചിലരിലെ അപകർഷത.
ചിലർ കൃഷ്ണനാകുന്നത്, ചിലർ കർണ്ണനും!
ചിലർ ശിഖണ്ഡിയാകുന്നത്! ചിലർ ഭീഷ്മരും !

ചിലപ്പോൾ തോന്നും മനുഷ്യന്റെ നിസ്സാരതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ് ജീവിതം എന്ന്. ചിലപ്പോൾ തോന്നും മനുഷ്യന്റെ ആത്മവീര്യത്തെക്കുറിച്ചുള്ള വിജയഗാഥകളാണ് ജീവിതം എന്ന്.

അവയിൽ മുറിവുകളിൽ ഓരോന്നിനേയും ഞാൻ നമസ്കരിയ്ക്കുന്നു.
അവയിൽ പാഠങ്ങളിൽ ഓരോന്നിനേയും ഞാൻ സ്വീകരിയ്ക്കുന്നു.
അതിലെല്ലാറ്റിനോടും നന്ദിയുള്ളവളാകുന്നു.
അവസാനിയ്ക്കാത്ത കഥകളിൽ ഒന്നൊന്നായ് എന്നിലെ ഓരോ ഓർമ്മകളും മാറിപ്പോകുന്നു.

നമുക്ക് കാവൽ നിൽക്കുന്നു എന്ന് കരുതുന്നവരിലെ അവ്യക്തതകൾ, നിസ്സഹായതകളുടെ മൂർച്ചയുള്ള ഖഡ്ഗങ്ങളാണ്. നാമറിയാതെ നമ്മിലത് ആഴത്തിലുള്ള മുറിവുകളുണ്ടാക്കും. ജീവന്റെ കത്തിയമരുന്ന ശിബിരത്തിൽ നമുക്ക് മുന്നിലുള്ള  എല്ലാ വഴികളും അടച്ച് അത് നമ്മുടെ പ്രാണനെ അഗ്നിയ്ക്ക് വിട്ടുകൊടുക്കും. അനേകം കൈകളുള്ള ജലജീവിയെപ്പോലെയാണ് ചിലരിലെ സ്നേഹം. ചില മായാലോകങ്ങൾ സൃഷ്ടിച്ച് അത് നമ്മെ നിരന്തരം ഭ്രമിപ്പിയ്ക്കും. നാം ഒഴുകിപ്പോകാൻ ആഗ്രഹിയ്ക്കുന്ന ഇടങ്ങളിൽ നിന്ന് അതിന് അനുവദിക്കാതെ നമ്മെ വരിഞ്ഞു മുറുക്കും.

സ്വയം സങ്കല്പിച്ചെടുത്ത നിസ്സഹായതകളോടുള്ള സമരമായിരുന്നു എന്നും പിതാമഹന്റേത്! അദ്ദേഹം എപ്പോഴും മനസ്സിൽ ഒരു ശിഖണ്ഡിയെ അഭിമുഖീകരിച്ചു. ഓരോ തവണയും അതിനോട് സന്ധി ചെയ്ത അദ്ദേഹത്തെ കാത്തുകിടന്നത് ഏകാന്തതയുടെ ഗംഗാതടങ്ങളാണ്, അസ്വാതന്ത്ര്യത്തിന്റെ  കുരുക്ഷേത്രങ്ങളാണ്, വിധേയത്വത്തിന്റെ ശരശയ്യകളാണ്. ഭൂഷണമല്ലാതിരുന്നിട്ടും ഓരോ തവണയും അദ്ദേഹം എടുത്തണിഞ്ഞ സാങ്കല്പികസങ്കീർണ്ണതകൾ കൊണ്ട് നെയ്തെടുത്ത ഉത്തരീയങ്ങൾ.  ഈ സങ്കീർണ്ണതകളാണ്, ദൗർബല്യങ്ങളാണ് ഹസ്തിനപുരിയെ എന്നും അതിന്റെ ദുർഭാഗ്യങ്ങൾക്ക് വിട്ടുകൊടുത്തതും.

ശകുനി എന്നതാണ് ആ ദുർഭാഗ്യത്തിന്റെ പേര്. ശകുനി, ദുര്യോധനൻ, കർണ്ണൻ- മൂവരെക്കുറിച്ചും ഒന്നിച്ചു കേൾക്കുമ്പോൾ ഓർക്കും. നന്മ തിന്മകളെ തിരിച്ചറിയാൻ കുലമേതെന്നോ വംശമേതെന്നോ അമ്മയാരെന്നോ അറിയേണ്ട. അസ്വീകാര്യമായ ഒന്നിനെ ഉപേക്ഷിയ്ക്കുകയോ പ്രതിരോധിയ്ക്കുകയോ വേണം. നല്ല സൗഹൃദങ്ങളെ തിരഞ്ഞെടുക്കുന്ന രാജഹംസങ്ങളാകാവുന്നതാണ് ആർക്കും.  കർണ്ണൻ അത് ചെയ്യുന്നില്ല.

ആദ്യം കണ്ടപ്പോൾ തന്നെ തീവ്രമായൊരു വികർഷണം തോന്നിയിരുന്നു ശകുനിയോട്. അയാളുടെ അണ്ഡാകൃതിയിലുള്ള മുഖം, രോമം കൊഴിഞ്ഞ ശിരസ്സിൽ അവിടെയിവിടെയായ് തേരട്ടകൾ പോലെ നീണ്ടും ചുരുണ്ടും നാലഞ്ച് മുടിയിഴകൾ. ചിരിയ്ക്കുമ്പോൾ പല്ലുകൾ പകിടകൾ നിരത്തി വെച്ചതുപോലെ തോന്നും. അയാളുടെ മുഖത്ത് നോക്കുമ്പോഴൊക്കെ ആ ചിരി കാണേണ്ടി വരരുതേ എന്ന് പ്രാർത്ഥിയ്ക്കും. ഗാന്ധാരി ജ്യേഷ്ഠത്തിയെ കാണാനെത്തുമ്പോഴെക്കെ അയാൾ കാരണമില്ലാതെ എന്നേയും സന്ദർശിയ്ക്കും. എനിയ്ക്ക് മാത്രം കേൾക്കാവുന്ന വാക്കുകൾ കൊണ്ട് വ്രണങ്ങളുണ്ടാക്കും. മറ്റൊരിയ്ക്കലും തോന്നിയിട്ടില്ലാത്ത പോലെ തീവ്രമായ് ജയിച്ചു കാണിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുക അപ്പോഴൊക്കെയാണ്. കേട്ട് ശീലിച്ച നന്മകളിൽ തപസ്സിരിയ്ക്കുമ്പോഴും  അയാളോട് മാത്രം ക്ഷമിച്ചില്ല. അയാളോടുള്ള സമരങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്തതുമില്ല. അയാളുടെ നിയമങ്ങൾ അനുസരിയ്ക്കേണ്ടി വരുന്ന ഹസ്തിനപുരിയെക്കാൾ ശപിയ്ക്കപ്പെട്ടതായ് മറ്റൊന്നും ഉണ്ടാകില്ല.

മനസ്സ്  എപ്പോഴും ഓർമ്മിപ്പിയ്ക്കാറുണ്ടായിരുന്നു: ഒരു ഭാഗ്യം കെട്ട രാജ്യത്തിന്റെ കാവൽക്കാരാണ് നാം. നാം മത്സരിയ്ക്കുന്നത് നമ്മുടെ നിര്ഭാഗ്യങ്ങളോടാണ്. എപ്പോൾ വേണമെങ്കിലും എയ്ത് വീഴ്‌ത്താൻ ലാക്കുനോക്കി നിൽക്കുന്ന അവയോടാണ് നമ്മുടെ അവസാനിയ്ക്കാത്ത യുദ്ധം. ഗത്യന്തരമില്ലാതെ നമുക്ക് ചെയ്യേണ്ടി വരുന്ന പാലായനങ്ങളോട്, കടന്നു പോകേണ്ടി വരുന്ന അപമാനങ്ങളോട്, ശകുനിയെപ്പോലുള്ള അനഭിമതരായ അതിഥികളോട്.. ഹസ്തിനപുരിയെ ശിഥിലമാക്കുക എന്ന ശകുനിയുടെ ഗൂഢലക്ഷ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ആദ്യം പങ്കുവെച്ചത് വിദുരരുമായാണ്. വിദുരരോട് സ്നേഹമായിരുന്നോ?! അറിയില്ല.

മകൾ, വളർത്തുമകളായ് വീടുപേക്ഷിച്ച കാലത്തെവിടെയോ എനിയ്ക്ക് നഷ്ടമായ കളിപ്പാട്ടങ്ങളിലൊന്നിന്റെ പേരാണ് സ്നേഹം. ആളുകൾ പിന്നീട് സ്നേഹത്തെക്കുറിച്ച് പറയുന്നിടത്തെല്ലാം , എനിയ്ക്ക് ശീലിയ്ക്കേണ്ടതില്ലാത്ത യുദ്ധതന്ത്രമെന്ന് കരുതി മനസ്സ് കൊടുക്കാതെ കേട്ടുനിൽക്കും.

വിദുരർ ഒരു തണൽ പോലെയായിരുന്നു. സമാനതകൾ ഏറെയുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. അന്നു മുതൽ ഇന്നു വരെ ഹസ്തിനപുരി എനിയ്ക്ക് അനുവദിച്ചു തന്ന ഒരേയൊരു സൗജന്യം അതാണ്. ഇത്രയും ദൃഢചിത്തനായ്, സൗമ്യനായ്‌, അനേകം മുഖങ്ങളില്ലാതെ ഒരാൾക്കെങ്കിലും ഈ ഭൂമിയിൽ ജീവിയ്ക്കാൻ കഴിയുന്നല്ലോ എന്ന മഹാദ്‌ഭുതം. വ്യക്തമായിരുന്നു ജീവിതലക്ഷ്യം. ശാന്തമായിരുന്നു അതിലേക്കുള്ള അദ്ദേഹത്തിൻറെ യാത്ര. ആകർഷിച്ചത് അതാണ്. മനസ്സുകൊണ്ട് വിധേയത്വം തോന്നിയതും അതുകൊണ്ടാണ്. മഹാരാജാവിനോടൊപ്പം വിദുരർ സംസാരിച്ചിരിയ്ക്കുന്നത് ഇപ്പോഴും ഓർത്തെടുക്കാം. മഹാരാജാവിന് അതിൽ പലതും മനസ്സിലാകാറുണ്ടോ എന്നെനിയ്ക്ക് സംശയം തോന്നും. സൗന്ദര്യാരാധകനായ ഒരു വേട്ടക്കാരൻ മാത്രമായിരുന്നു അദ്ദേഹം. എപ്പോഴും ഒരു ജേഷ്‌ഠത്തിയോടെന്നതുപോലെ അകലം പാലിച്ചിരുന്നു എന്നിൽ നിന്ന്. ഒരു വിദുഷിയോടെന്ന വണ്ണം എന്റെ വാക്കുകൾക്ക് കാതോർത്തു. അത്രമാത്രം- ആ വാക്കിനുള്ളിൽ ഒതുങ്ങിപ്പോകുന്നു അദ്ദേഹത്തോടൊപ്പം ഞാൻ പങ്കിട്ട ജീവിതം.

മഹാരാജാവിനും മാദ്രിയ്ക്കും ഇടയിൽ പ്രണയം ജീവനുള്ളതായിരുന്നു. ഒരാൾ മറ്റെയാളുടെ പാതിയെന്ന് തോന്നിയിരുന്നു. രണ്ടുപേർക്കിടയിലുള്ള എപ്പോഴും സ്നേഹം ജീവനുള്ളതായിരിക്കണം. അത് ഓർമ്മകളുടെ അവശിഷ്ടമാകരുത്. ഞങ്ങൾക്കിടയിൽ അങ്ങനെ പോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ എന്നിൽ പ്രണയത്തിന്റെ സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിയ്ക്കണം അപ്പോഴേയ്ക്കും. ഹസ്തിനപുരിയുടെ ആകാശം അതിനുള്ളതായിരിക്കില്ല.

ഒരു പന്ത്രണ്ട് വയസ്സുകാരിയുടെ കൗതുകങ്ങളെ പ്രണയമെന്ന് വിളിക്കാമോ എന്നറിയില്ല. എന്നാൽ ആ കൗതുകങ്ങളെക്കാൾ മനോഹരമായ മറ്റൊന്നും പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. പ്രതീക്ഷിച്ചതുപോലെ കഠിനമായിരുന്നു ദുർവ്വാസാവ്‌ മഹർഷിയുടെ ആശ്രമത്തിലെ രീതികൾ. പക്ഷേ അപ്രതീക്ഷിതമായൊരു ആഹ്ളാദം ആരുമറിയാതെ എനിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു അവിടെ.

മറ്റെല്ലാവരേക്കാളും മുൻപേ അയാൾ ഉണരും. സൂര്യനെപ്പോലെ എന്നെ ഉണർത്തും. പൂക്കളും പൂജാദ്രവ്യങ്ങളും ശേഖരിയ്ക്കാൻ വെളിച്ചമായ് കൂടെ വരും. കുഞ്ഞോളങ്ങളിൽ വെയിൽ വീഴുന്നത് ഞങ്ങളൊന്നിച്ച് കാണും. ഇലകളിൽ വീണ ജലകണങ്ങളെ മരതകങ്ങളാക്കി അയാളെനിയ്ക്ക് ഉള്ളം കയ്യിൽ വച്ചു തരും. പൂക്കളിൽ അത്രമാത്രം ചിരികൾ ഒളിച്ചിരിപ്പുണ്ടെന്ന്, ഇലകൾ കണ്ണാടിയാകുന്നത്, നിഴലുകൾക്കും ജീവനുണ്ടെന്ന്, പക്ഷികൾ സ്നേഹത്തെക്കുറിച്ചേ പാടാറുള്ളൂ എന്ന്, പുഴകളിൽ തിരതല്ലുന്നത് ഉല്ലാസമാണെന്ന് അയാൾ പറഞ്ഞു കൊണ്ടേയിരിക്കും. അത്രയും കൂടുതലായ് എന്നോട് മിണ്ടിപ്പറഞ്ഞിരുന്ന ഒരാളും ഈ ഭൂമിയിൽ ഇന്നു വരെ വേറെയുണ്ടായിട്ടില്ല. ലോകം മുഴുവൻ കൂടെയുണ്ടാകണമെന്ന്  ആഗ്രഹിയ്ക്കാൻ നാം അമാനുഷികരൊന്നുമല്ല. എന്നാൽ ഒരാൾ വേണം. ഹൃദയം കാണുന്നതറിയാൻ.. കണ്ണുകൾ പറയുന്നത് കേൾക്കാൻ.. വിരലുകൾ കൊണ്ട് ഒപ്പമുണ്ടെന്ന് പറയാൻ.

പകൽ കാണാവുന്ന അകലത്തിൽ അയാളുണ്ടാകും. രാത്രികളിൽ, സുഖമായ് ഉറങ്ങൂ എന്ന് സ്വപ്നങ്ങൾ തന്ന് ദൂരെ മാറി കാവൽ നിൽക്കും. അയാളെന്ന പേരറിയാത്ത നക്ഷത്രത്തിലേക്കുള്ള കീഴടങ്ങലുകളായിരുന്നു അതിൽ പിന്നെ എന്റെ സൂര്യോദയങ്ങൾ. ഒരു നൂറായിരം പ്രാവശ്യം  മാംഗല്യസൂത്രം, അയാളെ ഓർത്ത് ഞാൻ സ്വയം അണിഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ നിന്റേതെന്ന് തോന്നുന്നില്ലയോ എന്ന് കണ്ണുകൾ കൊണ്ട് അയാളോട് ചോദിച്ചിട്ടുമുണ്ട്!

മനസ്സ് അത്രയും സ്നേഹം നിറഞ്ഞതും സ്വതന്ത്രവും ആയതുകൊണ്ടാവണം, മഹർഷിയുടെ പരീക്ഷണങ്ങളെ എളുപ്പം അതിജീവിച്ചത്. ഒരു പക്ഷേ ഹൃദയത്തെ ഒളിച്ചു വയ്ക്കാൻ എന്റെ കണ്ണുകൾക്ക് കഴിയുന്നുണ്ടെന്ന് ഞാനറിഞ്ഞതും അപ്പോഴാവണം. ഒരു മധ്യഹ്നത്തോടെ അതീവ സന്തുഷ്ടനായ് അനുഗ്രഹങ്ങൾ ചൊരിഞ്ഞു ദുർവാസാവ് മഹർഷി മടങ്ങിപ്പോകുമ്പോൾ എനിയ്ക്ക് പേരറിയാത്ത എന്റെ നക്ഷത്രത്തെക്കുറിച്ച് മാത്രമേ ഞാൻ ഓർത്തുള്ളൂ. വിരഹമെന്ന അസ്ത്രം അത്രയും മൂർച്ചയുള്ളതാണെന്ന എന്റെ ആദ്യത്തെ അനുഭവം.

മഞ്ഞ വെയിൽ നിറഞ്ഞ, ആളുകളെല്ലാമൊഴിഞ്ഞ ആശ്രമത്തിൽ ഞാൻ കാത്തിരുന്നു. അയാൾ വന്നു. ഞങ്ങളുടെ നിഴലുകളാകണം ആദ്യം ചേർന്നിരുന്നത്. ചുണ്ടുകളായ് മാത്രം മാറിപ്പോയിരിക്കണം പിന്നീട്. അന്നത്തെ സന്ധ്യാവന്ദനം അന്യോന്യം കാതിൽ പറഞ്ഞ പ്രണയസങ്കീർത്തനങ്ങൾ. ഒരാൾ മറ്റേയാൾക്ക് ദൈവമായ് വളരുകയാണ്. ജീവിയ്ക്കുകയാണെന്ന് ആദ്യമായ് തോന്നിയത് അന്നാണ്. ആ രാത്രി മുഴുവൻ തോരാതെ മഴ പെയ്തു. ഞങ്ങൾ അന്യോന്യം മഴയും മിന്നലുമായ്; മരവും കാറ്റുമായ്. മഴയിലെവിടേയ്‌ക്കോ മിന്നൽ പോലെ,മരത്തിന്റെ ചില്ലകളിൽ നിന്ന് കാറ്റെന്ന പോലെ അയാൾ ഇറങ്ങിപ്പോവുകയും ചെയ്തു.

മാസങ്ങൾ പലത് കഴിഞ്ഞാണ് വർഷകാലം വന്നത്.  വിരഹം കൊണ്ട് മുറിവേറ്റ വേനലായിരുന്നു അതുവരെ. തൊട്ടടുത്തുണ്ടായിട്ടും ഒരപരിചിതനെപ്പോലെ അകലം പാലിയ്ക്കുന്ന സൂര്യൻ.  നെഞ്ചിൽ അയാളുടെ പരുപരുത്ത വിരലുകളുടെ സ്പർശനം  തിരയും. തിരഞ്ഞു പോകുമ്പോൾ അമ്മ തന്നയച്ച പുഷ്യരാഗവും ഓർമ്മകളും കോർത്ത ഏകാവലിയിൽ വിരലുകൾ ഉടക്കി നിൽക്കും. തനിച്ചായിരുന്നു ഈ ഭൂമിയിൽ. സന്ദർശകർ ഉണ്ടായിരുന്നില്ല എനിയ്ക്ക്. മുത്തശ്ശിയുടെ പ്രായമുള്ള ധാത്രി മാത്രം മനസ്സിലാകാത്ത എന്തോക്കെയോ പിറുപിറുത്ത് എന്റെ കൂടെ നിന്നു. അവരുടെ അവസാനിയ്ക്കാത്ത ആവലാതികൾ കേട്ട് കേട്ടാണ് ഉറങ്ങിപ്പോകാറുള്ളതും.

ഒരു ദിവസം ഉണർന്നെഴുന്നേറ്റത് സൂര്യൻ ഉദിക്കില്ലെന്ന് തോന്നിയ പകലിലേക്കാണ്. പിന്നീടുള്ള പകലുകളിൽ പലതും വെയിൽ വീഴാത്തതായിരുന്നു. എപ്പോഴും ഇരുണ്ട് നിന്ന ആകാശം. തോരാതെ പെയ്യുന്ന മേഘങ്ങൾ, മരങ്ങൾ, മേൽക്കൂരകൾ. എങ്ങോട്ടോ ഒലിച്ചു പോകുന്ന മൺപാതകൾ, ഒഴുകിയകന്നു പോകുന്ന പ്രവാഹങ്ങൾ.. ആലസ്യത്തിലാണ്ട കുതിരപ്പന്തികൾ, ഉപേക്ഷിയ്ക്കപ്പെട്ടതുപോലെ രഥങ്ങൾ, പൊളിഞ്ഞു വീഴാറായിരിക്കുന്നു ദുർവ്വാസാവ് മഹർഷിയ്ക്കു വേണ്ടിപ്പണിത പർണ്ണശാലയും. ഒരു ശബ്ദമേ എന്റെ കാതുകളിൽ നിറഞ്ഞുള്ളൂ: ഒഴുകിയകന്നു പോകുന്ന ജലപ്രവാഹങ്ങളുടെ- മഴയുടെ, പുഴയുടെ...കാത്തുസൂക്ഷിയ്ക്കാൻ തോന്നാത്ത ഓർമ്മകളുടെ. എല്ലായിടവും ആളൊഴിഞ്ഞതു പോലെ തോന്നി. എല്ലാവരും തനിച്ചാണെന്ന്.  എല്ലാം ഒഴുകിയകന്നു പോവുകയാണെന്ന്... എവിടെയോ ഏതോ ഒരമ്മയുടെ ഗർഭപാത്രത്തിൽ കണ്ണുകളടച്ചുറങ്ങുകയാണ് സൂര്യനും.

ഒരു ഉദയത്തിലാണ് കുഞ്ഞു പിറന്നത്. ചുവന്നു തുടുത്തൊരു പകലിലേയ്ക്ക്. വെയിലിലേക്ക് കൈകാലുകൾ കുടഞ്ഞുകളിച്ച്  ആ പകൽ മുഴുവനും അവൻ എന്റെയൊപ്പമുണ്ടായിരുന്നു.  സന്ധ്യാനേരം മലകൾക്കിടയിലേക്ക്, മരങ്ങൾക്കിടയിലേക്ക്, നദിക്കരയിലേക്ക്  ധാത്രിയോടൊപ്പം നടന്നു.

' എല്ലാവരും പിരിയും.' എന്റെ ഭ്രാന്ത് എന്നോട് പിറുപിറുത്തു:
'നാം ഇന്നേ പിരിയുന്നു.. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്ന പ്രതീക്ഷകൾ പോലുമില്ലാതെ.. '
'എല്ലാവരും തനിച്ചാണ്, മരണത്തിലും ജനനത്തിലും .. .. നാം എല്ലാ കാലവും തനിച്ചാണ്.. മരണത്തിലും ജനനത്തിലും ..  ജീവിതത്തിലും..'
മറുകരെ, നദിയുടെ ഓളങ്ങളിൽ രണ്ട് നക്ഷത്രങ്ങൾ അസ്തമിയ്ക്കുന്നത് നോക്കി നിന്നു.

ഇനി ഇരുട്ടാണ്.
ഞാൻ , ഞാൻ മാത്രമെന്ന് കരുതിക്കഴിഞ്ഞാൽ പിന്നെ പ്രകാശമെവിടെ?!

സ്വാർത്ഥതയല്ലാതെ അദൃശ്യമായ മറ്റെന്ത് അസ്വാതന്ത്ര്യമാണ് ഒരാൾക്കുള്ളത്?! സ്വാർത്ഥതയല്ലാതെ ഹൃദയസാമ്രാജ്യങ്ങളുടെ അധിപതിയാകാൻ അയോഗ്യമാക്കുന്ന അന്ധത മറ്റെന്താണ്?! ഹസ്തിനപുരിയിൽ അനുഭവിയ്ക്കേണ്ടി വന്ന ഏകാന്തതയ്ക്കിടയിലാണ് ഈ ഓർമ്മകളുടെ ഭാരം എന്തെന്ന് അറിഞ്ഞത്. മഹാരാജാവ് പാലിച്ച അകൽച്ച പോലും ഒരർത്ഥത്തിൽ സ്വയം രക്ഷപ്പെടാനുള്ള ഒരു വാതിലായിരുന്നു എനിയ്ക്ക്. അവഗണന പോലും അതർഹിയ്ക്കുന്നുവെന്ന ആത്മനിന്ദയോടെ സ്വീകരിച്ചു.

സാരഥിയില്ലാതെ എങ്ങോട്ടെന്നില്ലാതെ അതിവേഗം ഓടിപ്പോകുന്ന രഥത്തിൽ കരയാൻ പോലും കഴിയാതെ പോകുന്ന ഒരു ബാലികയുടെ ദൈന്യത, പുറകിലേക്ക് മാഞ്ഞുപോകുന്ന പ്രിയപ്പെട്ട കൊട്ടാരം, ജലപ്പരപ്പിന് മീതേ നിർത്താതെ കരഞ്ഞു ഒഴുകിയകന്നു പോകുന്ന കുഞ്ഞ് .. ഈ കാഴ്ചകളിലേക്ക് ഉറക്കം ഞെട്ടിയുണരാനുള്ളതായിരുന്നു പിന്നീടുള്ള രാത്രികൾ. കഴിയുമെങ്കിൽ ആ കാലങ്ങളിലേക്ക് തിരിച്ചു ചെന്ന് മറ്റൊരു ജീവിതം ക്രമപ്പെടുത്താൻ കഴിഞ്ഞെങ്കിലെന്ന് വ്യാമോഹിയ്ക്കാനുള്ളതായിരുന്നു പകലുകൾ.

യുധിഷ്‌ഠിരന്റെ നിസ്സഹായത അതുകൊണ്ട് തന്നെ എളുപ്പം എനിയ്ക്ക് മനസ്സിലാകും. എന്നും അയാൾ തന്നോടു തന്നെ യുദ്ധം ചെയ്യുന്ന ഒരാളാണ്. ആ യുദ്ധത്തിൽ നിരന്തരം തോറ്റുപോകുന്ന ഒരാളാണ്. അയാൾ എനിയ്ക്ക് എപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. ഒരു ഘട്ടത്തിൽ ജീവിതത്തിൽ ഞാൻ കടന്നുപോയ  നിരാകരണങ്ങളുടെ, നിസ്സഹായതയുടെ, നിരാശയുടെ പ്രതിഫലനം. അവൻ ഗർഭസ്ഥശിശുവായിരിക്കെ അവന്റെ അമ്മ അനുഭവിച്ച അധൈര്യം, അസ്വസ്ഥതകൾ. എന്റെ മനസ്സന്ന് ഭയം നിറഞ്ഞതായിരുന്നു. എപ്പോഴും എല്ലാവരിൽ നിന്നും എങ്ങോട്ടോ ഓടിപ്പോകണമെന്ന് തോന്നും. അപ്പോഴൊക്കെ സാരോപദേശങ്ങളും ധർമ്മചിന്തകളുമായ് വിദുരർ  കാവൽ നിന്നു - അമ്മയ്ക്കും പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനും; അത്രയും കരുതലോടെ ഞാൻ പോലും എനിയ്ക്ക് കൂട്ടിരുന്നിട്ടുണ്ടാവില്ല  ഒരിയ്ക്കലും. അവനെ ഹസ്തിനപുരിയുടെ ഭാവിസാമ്രാട്ടെന്ന് സ്വപ്നം കണ്ടത് അദ്ദേഹമാണ്.  ആ സ്വപ്നത്തെ ഞാൻ വഹിച്ചു എന്നു മാത്രം. 

കുഞ്ഞു പിറന്നപ്പോൾ ഒരു ഭാരമൊഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു എന്നിൽ. എനിയ്ക്ക് ഭയപ്പെടേണ്ട എല്ലാ ഓർമ്മകളിൽ നിന്നും രക്ഷപ്പെട്ടുവെന്ന തോന്നൽ. എല്ലാത്തിൽ നിന്നും സ്വാതന്ത്രയായതു പോലെ.

കാറ്റ് പോലെ സ്വതന്ത്ര. 

ഞാനനുഭവിച്ച ആ സ്വാതന്ത്ര്യമായിരിക്കണം ഭീമസേനനിൽ ഇത്രയും കരുത്തായ് മാറിയത്. ചങ്ങലകൾ പൊട്ടിച്ചറിഞ്ഞ ഒരു പ്രാചീനനെ അയാളിൽ കാണാം. ഒന്നിനേയും ഭയമില്ലാത്ത ഒരുവനെ. അസാമാന്യമായ പ്രഹരശേഷിയുള്ള പ്രചണ്ഡമായ ഒന്നിനെ. എന്നിലെ കരുത്തും ഞാനറിഞ്ഞത് അവനിലൂടെയാണ്. 

ധർമ്മചിന്തകളിൽ സ്ഫുടം ചെയ്ത് യുധിഷ്ഠിരനും ധനുർവിദ്യകൊണ്ട് അർജ്ജുനനും അമാനുഷികരാകുമ്പോൾ, ഞങ്ങൾ നകുലസഹദേവന്മാർക്കൊപ്പം ഹൃദയവേദനകളും നിരാശകളും പ്രതിഷേധങ്ങളും സ്വപ്നങ്ങളും പങ്കിടുന്ന സാധാരണ മനുഷ്യരായിരുന്നു. എന്നെ, എന്നിലെ ജയമാഗ്രഹിയ്ക്കുന്ന പെണ്ണിനെ, ചില നേരങ്ങളിൽ ഒരു തത്വചിന്തകൊണ്ടും സമാധാനിപ്പിയ്ക്കാൻ കഴിയാത്ത അവളിലെ മനുഷ്യനെ, അവൾക്ക് ഉപേക്ഷിയ്ക്കാൻ കഴിയാത്ത സ്വപ്നങ്ങളെ, അവളെ പിന്തുടരുന്ന ഭാഗ്യനിർഭാഗ്യങ്ങളെ, ഭയങ്ങളെ, കേൾക്കാൻ ഒരാൾ - അതായിരുന്നു എന്നും അവൻ. എന്നിലെ കനലുകളെ എന്നും  ഊതിയൂതി ജ്വലിപ്പിച്ച വായുപുത്രൻ! 

ദ്രൗപദി മടങ്ങിയപ്പോൾ അവൻ മുന്നിൽ വന്നു തൊഴുതു. അവനെന്നെ ചേർത്ത് പിടിയ്ക്കുമെന്ന് ഞാൻ കരുതി. എന്തോ അതുണ്ടായില്ല. ചിലത് ഞാൻ അർഹിയ്ക്കുന്നില്ലെന്ന് പറയാൻ അവനും ആഗ്രഹിയ്ക്കുന്നുണ്ടാകും. വിചിത്രമാണ്, ജീവിതം മനുഷ്യനെ എതിരിടാൻ നിർമ്മിയ്ക്കുന്ന സൈന്യവ്യൂഹങ്ങൾ. കർണ്ണനെ ഉപേക്ഷിച്ചപ്പോൾ, മകനെ ഉപേക്ഷിച്ച അമ്മയാവുക മാത്രമായിരുന്നില്ല - മക്കൾക്ക്, ലോകത്തിന്  മനസ്സുകൊണ്ട് ഉപേക്ഷിയ്ക്കാനുള്ള അമ്മയായ് മാറുക കൂടി ആവുകയായിരുന്നു എന്ന് ഇപ്പോഴറിയുന്നു.

ഭീമസേനൻ യാത്ര പറഞ്ഞപ്പോൾ യുധിഷ്‌ഠിരൻ മുന്നിൽ പ്രാർത്ഥനകളോടെ, നിറകണ്ണുകളോടെ നിന്നു. അയാളുടെ മനസ്സിലെ പ്രശ്‍നോത്തരികൾ അവസാനിയ്ക്കില്ല. ചിലപ്പോൾ അയാളോട് പറയണം എന്ന് തോന്നും: നാം കൂടി ഭാഗമായ് കഴിഞ്ഞാൽ, ശരികളായി മാറിപ്പോകുന്ന തെറ്റുകളേയുള്ളൂ, അല്പപ്രാണികളായ മനുഷ്യരുടെ ഇടയിൽ.ഒരു നിമിഷത്തിന്റെ മാത്രം ശരികളായിരിക്കും ചിലത്. അതിനെ കാലം എങ്ങനെ വ്യാഖ്യാനിയ്ക്കുമെന്നോർത്ത് സ്വയം കലഹിയ്ക്കാതിരിയ്കുക.  നമ്മിലേക്ക് വന്നുചേരുന്നതൊക്കെയും ഹൃദയപൂർവ്വം സ്വീകരിയ്ക്കുകയേ നമുക്ക് ചെയ്യാനുള്ളൂ; നന്ദിയോടെ എല്ലാറ്റിന്റേയും ഭാഗമാവുക മാത്രം!  

അയാളോട് പറയാൻ ഏറെയുണ്ട്. സംസാരിയ്ക്കണമെന്ന്  പക്ഷേ എനിയ്ക്ക് തോന്നിയില്ല. എങ്ങനെയാണ് അയാളെ ആശീർവദിയ്‌ക്കേണ്ടത്?
ദീർഘായുസ്സായിരിക്കട്ടെ എന്നോ?!
അനേകമനേകം മരണങ്ങളിലൂടെ കടന്നു പോയ ഒരാൾ അയാളുടെ മരണത്തെ എത്രവട്ടം അതിജീവിച്ചു കഴിഞ്ഞിരിയ്ക്കുന്നു ഇതിനകം. അല്ലെങ്കിലും ഒരാളുടെ ജീവിതം അയാളുടെ തന്നെ മരണവും ജനനവും കൊണ്ട് നിറഞ്ഞതല്ലേ!

ആരും ഇനി യാത്ര പറയാനില്ല. 
ഇനി ആരും ഉപേക്ഷിയ്ക്കാനുമില്ല.
പ്രിയപ്പെട്ടവരല്ലാത്തതായ് ആരുമില്ല.

ഹസ്തിനപുരിയോടുള്ള എന്റെ വാക്ക് പാലിച്ചിരിയ്ക്കുന്നു. ഇനി എന്നെ കാത്തിരിയ്ക്കുന്ന ഇടങ്ങൾ എവിടെയാണെങ്കിലും നിർഭയായ്, അഭിമാനത്തോടെ എനിയ്ക്ക് കടന്നു ചെല്ലാം.


ജീവന്റെ ഓരോ കണികയേയും  
ഓരോ ജീവിതമുഹൂർത്തങ്ങളെയും 
ഓരോ വികാരങ്ങളേയും 
ഓരോ അനുഭവങ്ങളേയും 
ഞാൻ ആരാധിയ്ക്കുന്നു. 
എന്റെ ദേവതാ സങ്കല്പം അതാണ്.

കൃഷ്ണൻ ദ്വാരികയിലേക്ക് തിരിച്ചു പോയ ദിവസം ഞാനോർക്കുന്നു . യാത്ര പറഞ്ഞിറങ്ങവെ പതിവില്ലാതെ അവൻ വീണ്ടും   മടങ്ങി വന്നു. ദീർഘമായ് ആലിംഗനം ചെയ്തു. എന്നെ ഏറ്റവും അടുത്തറിഞ്ഞത് അവനാണെന്നെനിക്കറിയാം. അവൻ എന്റെയും മകനാണ്. അവൻ ജീവിച്ചത് എനിക്ക് വേണ്ടിക്കൂടിയാണ്. നാം എന്നെന്നേക്കുമായ് യാത്ര പറയുകയാണെന്നാണോ അവൻ ഓർമ്മിപ്പിച്ചത്? അല്ല. അവൻ മധുരമായ് ചിരിയ്ക്കുകയായിരുന്നു. ഒരിയ്ക്കലും ആർക്കും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയാത്ത ഞങ്ങളുടെ കഥകളിലൂടെ, ഇനിയും ഏറെത്തവണ കാലാകാലങ്ങളിൽ ഞങ്ങൾ കണ്ടുമുട്ടുമെന്ന വാഗ്ദാനമാണത്.


'എന്തിനായിരുന്നു യുദ്ധം? അതിൽ എവിടെയായിരുന്നു ധർമ്മം?' എത്രയാവർത്തിച്ചിട്ടും തൃപ്തിയാകാത്തതു പോലെ അഞ്ചുപേരിൽ ആരോ ഒരാളുടെ ചോദ്യം, അപ്പോഴും.

'കരുണയർഹിയ്ക്കുന്ന ഒരമ്മയ്ക്ക് വേണ്ടിയായിരുന്നു യുദ്ധം. അവരനുഭവിച്ച അവഗണനയ്ക്കും അപമാനങ്ങൾക്കും അനാഥത്വത്തിനും പ്രായശ്ചിത്തമായ്.. ആത്മബലിയുണ്ടതിൽ. സ്നേഹബന്ധങ്ങളുടേയും രക്തബന്ധങ്ങളുടേയും സമർപ്പണമുണ്ടതിൽ. ഒരമ്മയ്ക്ക് വേണ്ടിയാകുമ്പോൾ യുദ്ധത്തിൽ  ചെയ്തതൊക്കെയും ധർമ്മം.'
അവൻ അങ്ങനെയാണോ പറഞ്ഞത്? ഒരുപക്ഷേ ഞാൻ കേട്ടത് അങ്ങനെ ആയതാവാം. 
കൺമുൻപിൽ പടരുന്ന കാട്ടുതീയും പറയുന്നത് അതാണ്.  

എന്നെ സ്വീകരിയ്ക്കാൻ സന്നദ്ധമായിരിക്കുന്ന അഗ്നിയെ
തീയാളുന്നതിന്റെ ഗന്ധം എന്നിലെത്തിയ്ക്കുന്ന വായുവിനെ
എനിക്കുമുമ്പേ അഗ്നിയെ പ്രണമിച്ച മരങ്ങളെ
ഈ വേനലിനെ നെയ്തെടുത്ത സൂര്യനെ
ചാരം മൂടിയ മണ്ണിലേക്ക് പെയ്യാനിരിക്കുന്ന മഴയെ
ആ മഴയിൽ കിളിർക്കാൻ പോകുന്ന പുൽനാമ്പുകളെ
വളർന്നു പന്തിലിക്കേണ്ട മരങ്ങളെ
അതിൽ പിറക്കാനിരിയ്ക്കുന്ന പക്ഷികളെ
ജീവനെ
ജീവിതങ്ങളെ
അതിലേക്ക് നിറയേണ്ട അനുഭവങ്ങളെ
ഞാൻ നമസ്കരിയ്ക്കുന്നു.

പ്രണാമം !

1 comment:

  1. ഭാരതം എഴുത്തുകാരെയും വായനക്കാരെയും മോഹിപ്പിച്ച് കൊണ്ടേയിരിക്കും , ഒരിക്കലും വ്യാഖ്യാനിച്ച് തീരാത്ത കഥാപാത്രങ്ങളുടെയും കഥാസന്ദര്ഭങ്ങളുടെയും രത്നഗർഭ. പെരുന്തച്ചന്റെ കുളം പോലെ ഭീമനിൽ നിന്നും പാഞ്ചാലിയിൽ നിന്നും ഭിഷ്മരിൽ നിന്നും പിന്നെ ഇതുപോലെ കുന്തിയിൽ നിന്നും ഒക്കെ വിഭിന്ന ദൃഷ്ടികോണുകളിൽ കാണാം ഭാരതം, ജീവിതം പോലെ തന്നെ. ഭാരതം (ജീവിതം) ചിന്തിച്ചു ചിന്തിച്ചു തീപിടിച്ച ഒരു മനസ്സിന്റെ ഗരിമയുള്ള സർഗ്ഗസൃഷ്ടിയാണ് ഈ കഥ. വലിയൊരു പ്രയ്തനം . അഭിന്ദനങ്ങൾ !

    ReplyDelete