Wednesday, November 29, 2017

കഥകളിലെ കഥ നുണക്കഥ.

 'ഒരു കൂട്ടുകാരിയുണ്ട്.

ഇടയ്ക്കവൾ എഴുതും. സാധാരണമായ വാക്കുകൾ ചേർത്തു വെച്ച് അത്രയും അസാധാരണമായ്. കണ്ണുകൾ കൊണ്ടല്ല; ഹൃദയം കൊണ്ടുമല്ല- ജീവിതം കൊണ്ട് വായിക്കാൻ തോന്നും അന്നേരമവളെ.
കഴിഞ്ഞ വൈകുന്നേരം, ചാഞ്ഞു വീണ വെയിലും നിഴലിനും കോഫി മഗ്ഗിനും ഇടയിലേക്ക് അവളുടെ മെയിൽ വന്നു. വളരെ കാലത്തിനു ശേഷം.
ഒരു കുഞ്ഞു കഥയായിരുന്നു അത്.

'എഴുതണം.' ആ കഥയ്ക്കൊടുവിൽ അവൾക്ക് എന്നോട് പറയാനുണ്ടായിരുന്നത് അതാണ്: 'എഴുതാനായ് മാത്രമാണ് ഞാൻ ജനിച്ചത് എന്ന് തോന്നുന്നു.'
'എഴുതൂ.' ഞാനവൾക്ക് മറുപടി അയച്ചു: 'നിന്റെ അനുവാദം ഉണ്ടെങ്കിൽ ഈ കഥ ഞാൻ ഓൺലൈനിൽ പോസ്റ്റ് ചെയ്യാം!'
കാലങ്ങളോളം കാത്തിരുന്ന ഒരു വായനാനുഭവം തന്നു, അവളെഴുതിയ ആ കുഞ്ഞു കഥ. 
അതിന്റെ അത്യാഹ്ളാദത്തിൽ ഒരു സാമ്രാട്ടിനെപ്പോലെയാണ്, ആ രാത്രി ഉറങ്ങാൻ കിടന്നത്.
മണിക്കൂറുകളുടെ വ്യത്യാസം. 
അവളുടെ മെയിലിലേക്കാണ് ഉറക്കമുണർന്നതും. 
ആ പതിവ് നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലുകളിലേയ്ക്ക്.

അവൾ പറയുന്നു:
എഴുതാത്ത അവളെ അവരെല്ലാം നിറഞ്ഞു സ്നേഹിയ്ക്കും. എഴുതുന്നു എന്ന ഒരു തോന്നലുണ്ടാകുമ്പോൾ അവൾ കൂട്ടമായ് ആക്രമിയ്ക്കപ്പെടും!
എന്നെത്തേയും പോലെ ഇത്തവണയും മനസ ദേവിയെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ആക്രണമം - എഴുത്ത് എന്ന് പറഞ്ഞു അവരെപ്പോലെ തോന്നിവാസം കാണിക്കാനാണ് പുറപ്പാട് എങ്കിൽ അത് കുടുംബത്തിന് പുറത്തിറങ്ങിയേ ചെയ്യാൻ പറ്റൂ എന്ന്!
അവളന്ന് അവളുടെ പങ്കാളിയോട് ചോദിച്ചു:
' നിങ്ങൾക്ക് മനസ ദേവിയെ അറിയ്യോ? നിങ്ങൾ അവരുടെ കഥകൾ വായിച്ചിട്ടുണ്ടോ? അവരുടെ പുസ്തകങ്ങൾ കണ്ടിട്ടെങ്കിലുമുണ്ടോ? '
' ഇല്ല- ഞാനെന്തിന് വായിക്കണം!'- അയാൾ ക്ഷോഭിച്ചു: ' ആളുകൾക്ക് അവരെക്കുറിച്ചുള്ള അഭിപ്രായം കേട്ടാൽ പോരേ?! '
ഒരു പെണ്ണിന് മുറിവുകൾ പറ്റാവുന്ന വാക്കുകൾ കൊണ്ട് അവർ മനസ ദേവിയെ വിശേഷിപ്പിച്ചു. അതാണ് അവളെ കരയിച്ചത്.
ഇനി കുറേക്കാലത്തേയ്ക്ക് മൊബൈൽ ഡാറ്റ ഉണ്ടാവില്ല; പുസ്തകങ്ങൾക്ക് പണ്ടേ അനുവാദമില്ല. കയ്യിൽ വരുന്ന പേപ്പർ തുണ്ടുകൾ പോലും നിരീക്ഷണത്തിലായിരിക്കും!   


ഞാൻ മരിച്ചു കഴിയുമ്പോൾ നിങ്ങൾ അയാളോട് പറയണം ;
അങ്ങനെ ഒരുവളായിരുന്നു 
അയാൾക്ക് ഭക്ഷണം വിളമ്പിയത്.
ഉപ്പും മുളകും പാകത്തിനിട്ടത്.
കുഞ്ഞുങ്ങളെ പാലൂട്ടിയത്.
അവർക്കൊപ്പം കളിച്ചതും ഉറങ്ങിയതും.
അയാളുടെ ശരീരത്തിന്റെ താപം പങ്കിടാൻ എപ്പോഴും ഉണ്ടായത്-
അവൾ എഴുതാനാഗ്രഹിച്ചിരുന്നു.
അവൾ വാക്കുകളെ ധ്യാനിച്ചിരുന്നു.
അവളുടേത് മാത്രമായ രാത്രികളിൽ ചെറിമരമായിരുന്നു.
അവൾ ചുവപ്പണിഞ്ഞു സ്വതന്ത്രയായിരുന്നു.
അളവറ്റ സമയമായിരുന്നു അവളുടെ സമ്പാദ്യം.
തിടുക്കമുണ്ടായിരുന്നില്ല ഒന്നിനും 
പക്ഷേ മരിച്ചു പോയിരിക്കുന്നു.

- ആ മെയിൽ അങ്ങനെ അവസാനിയ്ക്കുന്നു.

ഈ കാലത്തും ഇതുപോലെ ജീവിയ്ക്കേണ്ടി വരുന്ന ചിലർ!

സാമ്രാട്ടായ് ഉറങ്ങാൻ പോയ ഒരുവൻ ഉറക്കമുണർന്നത് ഒരു അഭയാർത്ഥിയായാണ്. ആ പാലായനത്തിൽ അവനു ചുമക്കേണ്ടത് ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ തോന്നുന്ന ഒരുവളുടെ നിസ്സഹായതയുടെ ഭാണ്ഡകെട്ടും!'

-ആഴ്ചകൾക്ക് മുൻപ് ഒരു ഓൺലൈൻ സുഹൃത്ത് പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പാണിത്.

മനസ ദേവിയെ മടിയിൽ കിടത്തി, അവരുടെ മുടിയിൽ കൈകൾ ഓടിച്ചു കൊണ്ട് വായിച്ചു കൊടുക്കുകയായിരുന്നു ആ എഴുത്ത്. അവരെ ഞാൻ കളിയാക്കി:
"ഇങ്ങനെ എത്ര പെൺകുട്ടികളാണ് വല്യമ്മ കാരണം എഴുതാൻ കഴിയാതെ പോകുന്നത്! കാണുന്ന തോന്നിവാസം മുഴുവൻ എഴുതിപ്പിടിപ്പിച്ചിട്ട്! "
അവർ മറുപടി പറഞ്ഞു:
"വാല്മീകത്തിനകത്തിരുന്നും മഹാകാവ്യങ്ങൾ എഴുതാം. ഒരു പക്ഷിയുടെ നിസ്സഹായതയിൽ പോലുമുണ്ട് മനുഷ്യന്റെ കഥ. അതിന് ചിലരെ നാം മനസ്സ് കൊണ്ട് ഉപേക്ഷിയ്ക്കണം- സ്നേഹമാണെന്ന് പറഞ്ഞു തടവറകൾ പണിതു കാവൽ നിൽക്കുന്നവരെ. എഴുതാനായ് മാത്രമാണ് ജനിച്ചത് എന്ന തോന്നലുണ്ടാകുമ്പോൾ എഴുതുക തന്നെയാണ് വേണ്ടത്. മാഞ്ഞു പോവുകയോ എന്തിന്റെയെങ്കിലും ഭാണ്ഡവും ചുമന്ന് പലായനം ചെയ്യുകയോ അല്ല. അവനവനിൽ നിന്ന് പലായനം ചെയ്യുന്ന ഒരുവൻ എവിടെ സ്വീകരിയ്ക്കപ്പെടാനാണ്? "

- മടിയിൽ നിന്ന് എഴുന്നേൽക്കാതെ, കണ്ണുകൾ അടച്ചു കിടന്നുകൊണ്ട് വല്യമ്മ തുടർന്നു:
" അതിരുകളില്ലാത്ത അക്ഷരങ്ങൾ കൊണ്ട്, അരുതുകളില്ലാത്ത ജീവിതം എഴുതി കഥാലോകം പണിഞ്ഞ എഴുത്തുകാരിയാണ് മനസ ദേവി എന്നൊക്കെ ആളുകൾ പുകഴ്ത്തും. ഭാര്യയോ സഹോദരിയോ അല്ലാത്ത എഴുത്തുകാരിയെ അവൻ ആരാധിയ്ക്കും. എന്നിട്ട് എഴുതാൻ ആഗ്രഹിയ്ക്കുന്ന അവന്റെ  പെണ്മക്കളോട്, ഭാര്യയോട്, സഹോദരിമാരോട് പറയും- പരീക്ഷകൾ എഴുതാം; ജീവിതം എഴുതരുതെന്ന്! എഴുതിയാൽ നീ എന്റെ സ്നേഹത്തിൽ  നിന്ന് പുറത്ത് നിൽക്കേണ്ടി വരുമെന്ന്.. നിന്റെ അച്ഛനും നിന്നോടങ്ങനെ പറഞ്ഞിട്ടില്ലേ? "

" ഉവ്വ്! " ഞാൻ പറഞ്ഞു: " വല്യമ്മയുടെ അനിയൻ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്! "

ഞങ്ങൾ രണ്ടുപേരും ചിരിച്ചു. 

വല്യമ്മയെ വെറുപ്പായിരുന്നു അച്ഛന്. വല്യമ്മയെ മാത്രമല്ല; വല്യമ്മയുടെ പുസ്തകങ്ങളും. വല്യമ്മയുടെ പുസ്തകങ്ങൾ മാത്രമല്ല; പുസ്തകങ്ങൾ എഴുതുന്ന എല്ലാവരേയും. എഴുത്തുകാരെ മാത്രമല്ല; പുസ്തകങ്ങളേയും! 

എന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സുവരെ ഞാൻ വല്യമ്മയെ കണ്ടിട്ടില്ല. സ്‌കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു ഞാനും അമ്മയും ഒന്നിച്ചിരുന്ന് വായിക്കും.
അമ്മ രഹസ്യമായി എന്നോട് പറയും: 
"ഏച്ചി നമ്മക്ക് എല്ലാർക്കും വേണ്ടിയാ എഴ്‌ത്ന്നേ .. എത്രയോ പേര് പറയണമെന്നാശിക്കുന്ന കാര്യങ്ങള്!"

' ഞാൻ അരുതരുതുകളില്ലാത്ത ഒരു മൃഗമാണെന്ന് അവരോട് പറഞ്ഞേക്കൂ.. '
- ഞങ്ങൾ രണ്ടുപേരും വല്യമ്മയുടെ പുസ്തകങ്ങളിലെ വാക്കുകളിൽ ചിലത് മനഃപാഠമാക്കി, അച്ഛൻ വല്യമ്മയെ വെറുക്കുന്ന നേരങ്ങളിൽ പരസ്പരം പറഞ്ഞു:
' അല്ലെങ്കിലും ഒരു മനുഷ്യൻ എപ്പോഴാണ് മൃഗം അല്ലാത്തത്!  ചില നേരങ്ങളിൽ അവൻ പാഠപുസ്തകങ്ങളിൽ ചിലത് ചുമക്കുന്നു എന്നെല്ലാതെ! ഓരോരുത്തരും ജീവിതത്തിൽ, വാക്കുകളിൽ, ഇണയുടെ ശരീരത്തിൽ അവരവർക്ക് വേണ്ടത് മാത്രം കാണും. അവരർഹിയ്ക്കുന്നത് മാത്രം തിരഞ്ഞെടുക്കും..'
ഇപ്പോഴും ചില അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ ഞാൻ ഈ വരികൾ ഓർക്കും; മനസ്സിൽ പറയും. :-)

ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു എന്റെ ആദ്യത്തെ പ്രണയം. പതിനാല് വർഷങ്ങൾക്ക് മുൻപ്. ആരോടത് തോന്നിയോ അയാളോടത്‌ പറയുന്നതിന് മുൻപേ ഞാൻ ഞാൻ വല്യമ്മയ്ക് എഴുതി. ഞങ്ങൾക്കിടയിലെ ആദ്യത്തെ കത്ത്!

" മഴക്കാലത്ത് വീട്ടിലേയ്ക് വരണം നീ !"
വല്യമ്മ എനിക്കതിന് ഇങ്ങനെ മറുപടി അയച്ചു:

" നഗരത്തിലെ തിരക്കുകൾക്ക് നടുക്കായി, മരങ്ങൾക്കിടയിൽ ഒളിച്ചു പാർക്കുന്ന എന്റെ വീട്ടിലേക്ക്. ഈ നഗരത്തിൽ എല്ലാം പുതിയതും പഴയതും ഉണ്ട്. അലീസ് വെജിറ്റബിൾ സ്റ്റോർ, അലീസ് ന്യൂ വെജിറ്റബിൾ സ്റ്റോർ, ലക്ഷ്മി ഫ്ളവർസ്റ്റാൾ, ലക്ഷ്മി ന്യൂ ഫ്ളവർസ്റ്റാൾ, ഭാരതി ബേക്കറി, ന്യൂ ഭാരതി ബേക്കറി.... അങ്ങനെ അങ്ങനെ ..... എന്റെ വീട് പഴയതുകളുടെ ഇടയിലാണ്; പുതുമകളുടെ മേൽവിലാസത്തിൽ അറിയപ്പെടാനാണ് എനിക്കിഷ്ടമെങ്കിലും.

അലീസ് പഴയ പച്ചക്കറിക്കടയും, ലക്ഷ്മിയുടെ പഴയ    പൂക്കടയും, ഭാരതി ബേക്കറിയും കഴിഞ്ഞാൽ പെൺകുട്ടികൾ മാത്രം പഠിയ്ക്കുന്ന പഴയ സ്‌കൂൾ. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് നിരത്തിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്നവർ, പഴക്കച്ചവടക്കാർ, കത്തികളും കണ്ണാടികളും വിൽക്കുന്നവർ, ലോട്ടറിക്കച്ചവടക്കാർ.  അടുത്ത വളവിൽ കിഴക്കൻ മലകളിലേയ്ക്ക് യാത്ര പോകുന്ന ജീപ്പുകൾ നിർത്തിയിട്ടിരിക്കും. നല്ല ഉശിരുള്ള ആൺകുട്ടികൾ അവരിൽ ഡ്രൈവർമാരായിട്ടുണ്ടാകും.

മഴ മാറി നിൽക്കുന്ന നേരത്താണെങ്കിൽ നീ അതെല്ലാം ശ്രദ്ധിയ്ക്കും. മഴയാണെങ്കിൽ മഴയെക്കുറിച്ച്, നനയാതെ വീട്ടിലെത്തുന്നതിനെക്കുറിച്ച്, കാലിൽ ചളി പറ്റാതെ നടക്കേണ്ടതിനെക്കുറിച്ച് മാത്രം ഓർക്കും. ജീവിതവും അതുപോലെയാണ്. എല്ലായിടത്തുമുണ്ടാകും ചേറ് പിടിച്ച നിരത്തുകൾ. നമ്മുടെ കാലുകളിൽ മാത്രം അത് പുരളരുതെന്ന് കരുതി നടക്കുന്ന ദൂരമത്രയും നാം സർക്കസ്സ് കാട്ടും. ഒരിടത്ത് വെച്ച് ഒരു ചുവട് പിഴച്ചു പോകുമ്പോൾ അതുവരെ കാണിച്ച അഭ്യാസം മുഴുവൻ പാഴായി പോയല്ലോ എന്നൊരു ഇച്ഛാഭംഗം നമ്മളറിയും. അത് ഉള്ളിൽ പല വിത്തുകൾ മുളപൊട്ടുന്നൊരു മിന്നൽപിണരാണ്. അതൊരു സുഖവുമാണ്. അതുവരെ കൊണ്ട് നടന്ന താൻപോരിമയെല്ലാം കഴുകിക്കളയാൻ മുന്നിൽ കണ്ടുകിട്ടുന്ന തെളിവെള്ളം നിറഞ്ഞൊരിടം. അതിനെ അവഗണിയ്ക്കരുത്! ഇതൊരു മുന്നറിയിപ്പല്ല. ഒരെഴുത്തും മുന്നറിയിപ്പുകളല്ല! അത് ജീവിതത്തിലെ ആവർത്തങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്.

നീ വരണം, വീട്ടിലേയ്ക് - ഇനി വരുന്ന മഴക്കാലത്ത്! "


ഞാനെത്തുമ്പോൾ കാലവർഷം മാത്രമല്ല;
വല്യമ്മയുടെ വീട്ടിൽ നിറയെ സന്ദർശകരുമുണ്ടായിരുന്നു.

" വല്യച്ഛന്റെ പേഷ്യന്റ്സ് ആണോ? "
ഞാൻ വേലക്കാരിൽ ഒരാളോട് ചോദിച്ചു.
അല്ലെന്ന് അയാൾ മറുപടി പറഞ്ഞു:
" ഡോക്ടർ വീട്ടിൽ കൺസൾട്ട് ചെയ്യാറില്ല.. അവരൊക്കെ അമ്മയെ കാണാൻ വരുന്നവരാണ്! "

ഈ ഭൂമിയിലെ മുഴുവൻ ഒറ്റപ്പെടലും ഏകാന്തതയും അരിച്ചെടുത്ത്, ശേഖരിച്ചു സൂക്ഷിയ്ക്കുന്ന തേനീച്ചക്കൂടുകൾ പോലെയുള്ള വീടുകളുണ്ട് വല്യമ്മയുടെ കഥകളിൽ. ആ വീടുകളിലൊക്കെ ഞാനിവിടെയാണ്, ഞാനിവിടെയാണ് എന്ന് പറയുന്ന വല്യമ്മയുണ്ട്.

" കഥകളിലെ കഥ, കഥ പറയുന്നവരുടെ കഥയല്ല!
ന എന്ന അക്ഷരം പോലെയാണ് കഥയെഴുത്തുകാർ.
അവർ
നേരിലുമുണ്ട്;
നുണയിലുമുണ്ട്."

മുകളിലത്തെ മുറികളിലൊന്നിൽ ഭംഗിയായി അടുക്കിവെച്ച പുസ്തകങ്ങളും, നിറമുള്ള കുഷ്യനുകളും, പുതുതായ് വിരിഞ്ഞ പൂക്കൾ നിറച്ചു വെച്ച സ്ഫടികപാത്രങ്ങളും, മനോഹരമായ പെയിന്റിംഗുകളും വലിയ ചില്ലുജാലകങ്ങളുമുള്ള ലൈബ്രറിയിൽ വെച്ച് വല്യമ്മ എന്നോട്  പറഞ്ഞു:

"ഒരു കഥ ജനിയ്ക്കുന്നത് അത് എഴുതിത്തുടങ്ങുമ്പോഴല്ല; പകരം അത് ആരെങ്കിലും ഓർമ്മിച്ചു തുടങ്ങുമ്പോഴാണ്. കഥകൾ മാത്രമല്ല മനുഷ്യന്റെ ഭൂതകാലവും രാഷ്ട്രങ്ങളുടെ ചരിത്രവും അതുപോലെത്തന്നെ.. ഏതു വിധത്തിൽ അത് സ്വീകരിക്കപ്പെടുന്നു എന്നതനുസരിച്ച് .. ഏതു വിധത്തിൽ അത് ഓർമ്മിയ്ക്കപ്പെടുന്നു എന്നതനുസരിച്ച് .."

എന്നിട്ട് മനോഹരമായ് ചിരിച്ച്, ഇടത് കയ്യിൽ ധരിച്ച സിംഹത്തിന്റെ മുഖങ്ങൾ കൊത്തിവെച്ച വലിയ വളയിൽ, അതിൽ സിംഹത്തിന്റെ കണ്ണുകളായ ചുവന്ന കല്ലുകളിൽ വിരലൊടിച്ചുകൊണ്ട് അവർ ഓർമ്മിച്ചു: 

" ഒരു സുഹൃത്തുണ്ട് എനിയ്ക്ക്. ഇടയ്കിടയ്ക്ക് എന്നെ കാണാൻ വരാറുണ്ട് ഇവിടെ. ഒരുപാട് പേരുടെ കുടുംബപ്രശ്നങ്ങളൊക്കെ നോക്കി നടത്തുന്ന ഒരാൾ. അവൾക്ക് തന്റെ ജീവിതത്തിലേക്ക് നോക്കാൻ വയ്യ. അസംതൃപ്തിയുടെ അടരുകൾ മുഴുവൻ നിലം പതിയ്ക്കാൻ പോന്ന ഭൂമികുലുക്കമുണ്ട് അവിടെ. അവളോട് സംസാരിച്ചിരിയ്ക്കുമ്പോൾ, ഞാൻ അവൾക്ക് ചെയ്യാൻ ആഗ്രഹമുള്ള എന്നാൽ  ചെയ്യാൻ ധൈര്യമില്ലാത്ത, കുസൃതികൾ ചെയ്യുന്ന ഒരാളായ്‌ മാറും."

" ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് ഞാൻ അവളോട് എന്റെ പ്രണയത്തിന്റെ കഥകൾ പറഞ്ഞു. അവളോട് പറഞ്ഞ കഥയിൽ, എന്റെ കാമുകൻ ബലിഷ്‌ഠമായ ശരീരമുള്ള ഒരു മധ്യവയസ്കനായിരുന്നു.  ഒരു വിമാനയാത്രയിൽ അടുത്തടുത്ത സീറ്റുകളിലിരുന്നാണ് ഞങ്ങൾ ആദ്യം സംസാരിച്ചത്. പുലർകാലെ പൂർവ്വദേശത്തേയ്ക്കുള്ള യാത്ര. ആകാശത്തിലിരുന്ന് ദീർഘനേരം സൂര്യോദയം കണ്ടുകൊണ്ട്; ആ ദൂരമത്രയും നിറങ്ങൾ, കണികകളിൽ നിന്ന് കണികകളിലേക്ക് എന്ന പോലെ, അത്രയും പതുക്കെ,  മേഘങ്ങളിൽ നിന്ന് മനസ്സിലേക്ക് പടരുന്നതനുഭവിച്ച് യാത്ര! ഒരു ലാറ്റിനമേരിക്കൻ യുവ കവിയുടെ പ്രണയകവിതകൾ അയാൾ ആ നേരം മനോഹരമായ് ചൊല്ലി, എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ. വരികൾക്കിടയിലെപ്പോഴോക്കെയോ ഞങ്ങൾ ചുണ്ടുകൾ കോർത്ത് മധുരം പകർന്നു. ആ ചുംബനങ്ങളിൽ ഞങ്ങളിലൊരാൾ സൂര്യനും മറ്റേയാൾ ചുവപ്പണിഞ്ഞ മേഘവുമായിരുന്നു. ആ രാത്രി, അവരോട് ആ കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ അങ്ങനെ ഒന്ന് ഞാൻ അനുഭവിച്ചിട്ടില്ലെന്ന് എനിക്ക് പോലും തോന്നിയില്ല! "

"എന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്ന മറ്റൊരു കൂട്ടുകാരിയോട് ഞാൻ പറഞ്ഞ രഹസ്യകാമുകന് കുറച്ചുകൂടി ചെറുപ്പമായിരുന്നു. കച്ചേരി തീരുന്നിടം ഒന്നിച്ചിരുന്ന്, നക്ഷത്രങ്ങളോടൊപ്പം കണ്ണടച്ച്, നിന്നില്‍ പിറന്ന സംഗീതാക്ഷരങ്ങള്‍ കേട്ട്, നിന്റെ മുഖം മാത്രം സ്വപ്നം കണ്ടുറങ്ങി... എന്ന് എനിക്കയാൾ സന്ദേശങ്ങൾ അയച്ചു. കണ്ടുമുട്ടിയപ്പോൾ, ദർവീഷുകളെക്കുറിച്ച് പറഞ്ഞാണ് അയാൾ സംഭാഷണം തുടങ്ങിയത്. പ്രണയത്തിന്റെ പ്രകാശസ്രോതസ്സിനു ചുറ്റും പരസ്പരം കണ്ടുകൊണ്ട്, കണ്ണടച്ച് ഞങ്ങൾ വളരെ നേരം ഭ്രമണം ചെയ്തു. കടൽ ഒരു സംഗീതോപകരണമാണെന്നും തിരകൾ അതിന്റെ തന്ത്രികളാണെന്നും  മൗനത്തിന്റെ വിരലുകൾകൊണ്ടാണത് മീട്ടേണ്ടത് എന്നും അയാൾ എന്നോട് പറഞ്ഞു. കടലിലേയ്ക്ക് തുറക്കുന്ന ജാലകങ്ങളുള്ള കിടപ്പുമുറിയിലാണ് ഞങ്ങളന്നുറങ്ങിയത്‌. അങ്ങനെയൊരിടത്ത് തന്റെ പ്രണയിയോടൊപ്പം ചിലവിടുന്ന ദിവസങ്ങളെക്കുറിച്ച്  എപ്പോഴും, എന്റെ കൂട്ടുകാരി അതിൽ പിന്നെ സ്വപ്‌നങ്ങൾ കണ്ടു. സാഹിത്യചർച്ചകൾക്കിടയിൽ, കവികളുടെ ഒത്തുചേരലിനിടയിൽ  തിരക്കുകളിൽ നിന്ന് ഇടവേളകൾ എടുത്ത് ഞങ്ങൾ അയാളെക്കുറിച്ച് വിശേഷങ്ങൾ പിറുപിറുത്തു. കണ്ടുമുട്ടിയ പാട്ടുകാരിൽ എല്ലാം അവൾ രഹസ്യമായ് എന്റെ കാമുകനെ തിരഞ്ഞു. അവൾ മാത്രമല്ല ഞാനും! "

"സ്നേഹിയ്ക്കപ്പെടുന്നതിൽ മാത്രമല്ല; സ്നേഹിക്കപ്പെടുന്നുണ്ടെന്ന് വിളംബരം ചെയ്യുന്നതിലുമുണ്ട് സുഖം! ഓരോ കൂട്ടുകാരുടെയും മനസ്സിലെ പ്യൂപ്പകളെ ചിത്രശലഭങ്ങളാക്കാനുള്ള ധ്യാനം- അത് എന്റെ ജന്മവാസനയാണ്!! a story teller; but in a poetic way.. കവിതകളുടെ ഭാഷയിൽ  പറയുന്ന കഥകൾ... അതിനു വേണ്ടി ജനിയ്ക്കുന്ന അനേകം പ്രണയികൾ, ചുംബനങ്ങൾ, ഇണചേരലുകൾ.."

വല്യമ്മ തുടർന്നു:
"ദയയുള്ളവരായിരുന്നു എന്റെ പ്രേമഭാജനങ്ങൾ. സ്ത്രീയിലേക്ക് ഒരു ദേവാലയത്തിലെന്നതുപോലെ കടന്നു വന്നവർ..  ഓരോ സ്ത്രീയും കാത്തിരിയ്ക്കുന്നുണ്ട് തന്റെ ജീവിതത്തിൽ അതുപോലെയൊരാളെ - എനിക്കറിയാം! അങ്ങനെയങ്ങനെ രഹസ്യമായും പരസ്യമായും എഴുതിയും എഴുതാതെയും അനേകമനേകം കഥകൾ. സൂര്യനിൽ നിന്ന് ജനിച്ച മിന്നാമിന്നികളെപ്പോലെ അവ ഏതൊക്കെയോ വർത്തമാനങ്ങൾക്കിടയിൽ തെളിഞ്ഞു കത്തി. ആരുടെയൊക്കെയോ മനസ്സിലെ ഇരുട്ടിൽ പെറ്റുപെരുകി."

വല്യച്ഛൻ പതിവായ് പുസ്തകം വായിക്കാനിരിക്കാറുള്ള വലിയ മരക്കസേരയിൽ വന്നിരുന്ന് അവർ ഇങ്ങനെ തുടർന്നു:

"വാക്കുകൾ കൊണ്ട് നൃത്തം ചവുട്ടുന്ന ഒരുവളെ ഞാൻ പ്രണയിച്ചു.
എന്റെ ഹൃദയ ധമനികളിലാകെ അവളെന്ന മഷി പടർന്നു.
ലോകത്തെ മുഴുവൻ പ്രണയിച്ച അവളെ
എനിയ്ക്കു മാത്രം കേൾക്കാൻ കഴിയുന്നുവല്ലോ എന്ന് ഞാൻ വിസ്മയിച്ചു!
അക്ഷരങ്ങൾക്കിടയിൽ മുറികളൊരുക്കി അവൾ എന്നെ സ്വീകരിച്ചു.
അവളെ, അവളുടെ സ്നേഹത്തെ എന്ന്
വേർതിരിയ്ക്കാനാവില്ല!"

നിറയെ വിളക്കുകൾ കത്തിച്ചു വെച്ച, പ്രൗഢമായ ഒരു പ്രാർത്ഥനാലയമായിരുന്നു എനിക്കവർ. (അത് പറയുമ്പോഴൊക്കെ, അങ്ങനെയല്ല പ്രാചീനമായ ഒരു പർണ്ണശാലയാണ് താനെന്ന് അവർ തിരുത്തും - ഞാനത് സമ്മതിച്ചു കൊടുക്കാറുമില്ല!)  അവരുടെ സമൃദ്ധമായ് വളർന്ന ചുരുണ്ട മുടിയിൽ നിന്ന് അപൂർവ്വമായ തൈലത്തിന്റെ സുഗന്ധം എപ്പോഴും മുറിയിലാകെ നിറയുമായിരുന്നു. അവർ എപ്പോഴും നിറങ്ങൾ നിറഞ്ഞ സാരികൾ ധരിച്ചു. വലിയ മുത്തുകൾ കോർത്ത മാലകളണിഞ്ഞു. അവർ സ്നേഹിച്ച  ഓരോരുത്തരും കരുതി, തങ്ങൾക്കറിയാവുന്നതാണ് മനസാ ദേവി എന്ന്. അത് ശരിയായിരിക്കണം. എന്നാൽ അത് മാത്രം ആയിരിക്കില്ല, അവർ. അങ്ങനെ അവരെ അറിയാൻ ശ്രമിച്ച ഓരോരുത്തരുടെയും അറിവുകൾ ചേർത്തു വെച്ചതും അതിൽ കൂടുതലും.  പറയുകയും പറയാതിരിയ്ക്കുകയും ചെയ്ത ഓരോ വാക്കുകളിലും അവർ ഒളിഞ്ഞിരിയ്ക്കുന്നുണ്ട്; തെളിഞ്ഞു ചിരിയ്ക്കുന്നുണ്ട്, വഴുതി മാറുന്നുണ്ട്, അന്വേഷിച്ചെത്തുന്ന സ്നേഹമുള്ള ഒരാൾക്ക് വേണ്ടി കാത്തിരിയ്ക്കുന്നുണ്ട്.

അവരെന്നും അവരോട് തന്നെ ഗാഢമായ പ്രണയത്തിലായിരുന്നു. അവർക്കെല്ലാതെ മറ്റൊരാൾക്കും അത്ര തീവ്രമായ്, അത്ര വൈവിധ്യങ്ങളോടെ അവരെ സ്നേഹിയ്ക്കാൻ കഴില്ല എന്ന് എനിയ്ക്കും തോന്നാറുണ്ട്. ആരിലേക്ക് സഞ്ചരിച്ചാലും ഒടുക്കം അവനവനിലേക്ക് തിരിച്ചു വരുന്ന ഒരു പെൻഡുലമുണ്ട് അവരുടെയുള്ളിൽ.
അവരുടെ മാത്രമല്ല; പലരുടെയും :-)

എന്റെ തോറ്റു പോയ പ്രണയങ്ങളും മനസ ദേവിയുടെ കഥകളിൽ പലയിടത്ത് സ്മാരകങ്ങളായ് ഉയർന്നു. എനിയ്ക്കു വേണ്ടി അവ ഇങ്ങനെ പറഞ്ഞു:

'നുണകൾ കൊണ്ട് നെയ്തെടുക്കാൻ കഴിയില്ല പ്രണയം. ചിലപ്പോൾ ഒരു ശീലമെന്നവണ്ണം തുളുമ്പിപ്പോകാറുണ്ട് നുണകൾ. എല്ലാ ശീലങ്ങളെയും തകിടം മറിയ്ക്കേണ്ട ഒന്നത്രേ പ്രണയം. പക്ഷേ മനുഷ്യന് അവന്റെ ശീലങ്ങളെക്കാൾ വലുതായ് ഒന്നുമില്ല.'

'അസത്യം ഒരു ചമയമാണ്! അലങ്കരിച്ചുകൊണ്ട് നടക്കേണ്ട ബന്ധങ്ങളിൽ അത് ഉപയോഗിയ്ക്കാം. പ്രണയത്തിലേക്കുള്ള വാതിൽ തുറക്കുന്നതിന് തൊട്ടുമുൻപ് അത് അഴിച്ചു വയ്ക്കണം. എത്ര ആവർത്തിച്ചാലും ചിലർക്കത് മനസ്സിലാവില്ല. അവർ വീണ്ടും വീണ്ടും ആ ചായങ്ങൾ എടുത്തണിയും. പ്രണയത്തിൽ നിന്ന് പല ചുവടുകൾ പിന്നിലേയ്ക്ക് പോവുകയും ചെയ്യും!ഒന്നുമാത്രം പൊട്ടിപ്പോയതുകൊണ്ട് ഉപയോഗശൂന്യമായ് ഷൂ റാക്കുകളിൽ പൊടിപിടിച്ചു കിടക്കുന്ന ചെരുപ്പുകൾ പോലെയാണ് അത്തരം പ്രണയനഷ്ടങ്ങൾ. ഒരിയ്ക്കൽ പ്രിയപ്പെട്ടതായതു കൊണ്ട് വലിച്ചെറിയാനും തോന്നില്ല! '

ചിലപ്പോഴൊക്കെ, എക്സ് എന്ന് അടയാളപ്പെടുത്തേണ്ട പ്രൊഫൈലുകളിലെ അതിഭീകരമായ നിശ്ശബ്ദതയിലൂടെ തുഴഞ്ഞു പോകാൻ തോന്നുമ്പോൾ ഇടയ്‌ക്കൊക്കെ എനിക്ക് കൂട്ടിരിയ്ക്കാൻ വരാറുണ്ട് വല്യമ്മ. എന്നിട്ട് ഇങ്ങനെ പ്രഖ്യാപിയ്ക്കും:
"പുരുഷൻ ഒരാൾക്ക് സ്വന്തമാകുമ്പോൾ അവൻ, അവന്റെ പഴയ കാമുകിമാരെയെല്ലാം ഭയപ്പെടും. സ്ത്രീ ഒരാളുടേതാകുമ്പോഴാണ് അവൾ, അവളുടെ പൂർവ്വകാമുകന്മാരെയൊക്കെ സ്നേഹിച്ചു തുടങ്ങുക!"
"നീ പ്രണയിക്കുക ഒന്നുമല്ല; "
അവർ എന്നോട് പറഞ്ഞു:
"പകരം നീ കുറെ ഇമോഷണൽ സ്ട്രെസ്സ് അന്വേഷിയ്ക്കുക മാത്രമാണ്. പ്രണയിക്കുക ആയിരുന്നുവെങ്കിൽ നീ സ്വാതന്ത്ര്യം അനുഭവിച്ചേനെ. സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തേനേ !"

വല്യമ്മയുടെ കഥകളിലെ ഭർത്താക്കന്മാരെല്ലാം തിരക്കു പിടിച്ചവരായിരുന്നു. വീട്ടിലൊരു നിധിയുണ്ടെന്ന് മറന്നു പോയവർ. എന്നാൽ വല്യച്ഛൻ ഹോസ്പിറ്റലിൽ നിന്ന് എപ്പോഴും കൃത്യസമയത്ത് വീട്ടിൽ വന്നു. വല്യമ്മയുടെ തിരക്കുകൾ ഒഴിയാൻ കാത്തിരുന്നു. വല്യമ്മയ്ക്ക് പറയാനുള്ള കഥകൾ എല്ലാം കേട്ടു. അവരുടെ കുസൃതികളെ സ്വീകരിച്ചു. നിറഞ്ഞ സ്നേഹത്തോടെ അവരെയെന്നും ചേർത്തു പിടിച്ചു.

ഞാനൊരിയ്ക്കൽ അദ്ദേഹത്തോട് ചോദിച്ചു:
"വല്യമ്മയുടെ എഴുത്തുകൾ എപ്പോഴെങ്കിലും വല്യച്ഛനെ വേദനിപ്പിച്ചിട്ടുണ്ടോ? "
" ഒരുപാട് തവണ! " അദ്ദേഹം മറുപടി  പറഞ്ഞു:
" അവൾ കുട്ടികളെക്കുറിച്ചെഴുതിയപ്പോഴൊക്കെ! "

"അവളെന്റെ അയല്പക്കത്തെ വീട്ടിലായിരുന്നു. നീ കേട്ടിട്ടുണ്ടാവില്ലേ? " വല്യച്ഛൻ അവരുടെ കഥ പറഞ്ഞു:

" മുകളിലത്തെ എന്റെ മുറിയിലെ ജനാല തുറക്കുന്നത് അവളുടെ വീടിന്റെ തൊടിയിലേക്കാണ്. അവിടെ എപ്പോഴും ആ പെൺകുട്ടി മാവിന്റെ കൊമ്പിലിരുന്നോ, സപ്പോട്ടയുടെ തണലിലിരുന്നോ, ചെമ്പകത്തിന്റെ പൂക്കൾ പൊട്ടിച്ചോ, മുല്ലപ്പൂക്കൾ കോർത്തെടുത്തോ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിയ്ക്കുന്നത് കാണും. കുട്ടിയായിരുന്നപ്പോൾ മുതൽക്കേ ഇവൾക്ക് ഇത്രയേറെ പറയാനുള്ളത് എന്താണെന്ന് ഞാനോർക്കും. അത് എനിക്കും കൂടി കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നും. അവളും ഞാനും വലുതായപ്പോൾ അവളെ ഒപ്പം കൂട്ടി. എല്ലാ ദിവസവും അവളുടെ കഥകൾ കേട്ടു. അവളെഴുതുന്നത് ഒന്നൊഴിയാതെ സൂക്ഷിച്ചു വെച്ചു."

"ഒരിയ്‌ക്കൽ അവളെന്നോട് പറഞ്ഞു: നമുക്ക് മൂന്ന് കുഞ്ഞുങ്ങൾ വേണമെന്ന്. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും. അവർക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകണമെന്ന്.. ആൺകുട്ടി, അവന്റെ ചേച്ചിമാരെ ഒരുപാട് സ്നേഹിയ്ക്കണമെന്ന്.. ഞാനപ്പോൾ നിന്റെ അച്ഛനെ ഓർത്തു. അനിയൻ, ചേച്ചിയെ ഇത്രയൊന്നും വെറുക്കേണ്ടിയിരുന്നില്ലെന്ന്. വളരെ കാത്തിരുന്ന്  ഒരു രാത്രി, ഞാൻ അവളെ ഓർമ്മിപ്പിച്ചു, കഥകൾ പറഞ്ഞിരിയ്ക്കുക മാത്രം ചെയ്‌താൽ കുട്ടികൾ ഉണ്ടാവുകയില്ലെന്ന്.. ആ രാത്രി അവൾ കഥകൾ പറഞ്ഞില്ല.. എത്ര പുതപ്പുകൾ കൊണ്ട് മൂടി പുതച്ചിട്ടും തണുക്കുന്നുവെന്ന്.. തണുത്ത് വിറയ്ക്കുന്നുവെന്ന് മാത്രം പറഞ്ഞുകൊണ്ടേയിരുന്നു... "
 -വല്യച്ഛൻ പറഞ്ഞു നിർത്തി.

മനസ ദേവിയുടെ കഥകളിൽ ഒരിടത്ത് ഇങ്ങനെ വായിയ്ക്കാം :

'ഒരു പുരുഷൻ സ്പർശിയ്ക്കുന്നു എന്ന തോന്നൽ പോലുമില്ലാത്ത, അത്രയും ദൈവികമായ നിമിഷത്തിൽ ഒന്നിൽ  സ്ത്രീ ഗർഭം ധരിയ്ക്കണം. കൂടിച്ചേരലുകളുടെ, കീഴ്വഴക്കങ്ങളുടെ സങ്കീർണ്ണതകളല്ലാത്ത, അവ്യക്തതകളില്ലാത്ത, പവിത്രമായ ഒരു ജീവൻ അങ്ങനെ ഭൂമിയിൽ പിറക്കണം..'
 ഇന്ദ്രാണി ആഗ്രഹിച്ചു.
വിനായകൻ അവളെ നമസ്കരിച്ചു.
എന്നിട്ട് ചിരിയോടെ പറഞ്ഞു:
' ഓരോ പുരുഷനും ആ നിമിഷം അവന്റെ സ്ത്രീയെ കാണുന്നത് അങ്ങനെ തന്നെയാണ്. അവന്റെ മോക്ഷമാർഗ്ഗം.. അവനിലേക്കെത്തിച്ചേർന്ന ജന്മാന്തരവാഗ്ദാനം.. അതിനടുത്ത നിമിഷം അവനത് മറന്നു പോകുന്നു എന്നേയുള്ളൂ..'


**അനുരാധപുരത്തിന്റെ ഇന്ദ്രാണി- അതായിരുന്നു ആ കഥ.
ഞാൻ ആ കഥ പലയാവർത്തി വായിച്ചിട്ടുണ്ട്.

' ഇണ ചേരുമ്പോൾ അത് മൃഗങ്ങളെപ്പോലെ ആയിരിക്കണം... അതിൽ ഓർമ്മകൾ പോലും പതിയിരിക്കരുത് ....'
-വിനായകൻ അവളോട് പറഞ്ഞു:
' ചിന്തകളിലൂടെ,
അനേകം അരുതുകളിലൂടെ 
അപരിചിതരാകുന്നു നമ്മൾ. 
വരൂ, 
നമുക്ക് മൃഗങ്ങളെപ്പോലെ സ്നേഹിയ്ക്കാം...  '

അതിനെക്കുറിച്ച് വല്യമ്മ ഒരിയ്ക്കൽ എന്നോട് പറഞ്ഞു:
"ഒരു ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിന് എന്റെയൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ എഴുത്തുകാരിയുടെ സഹായി ആയിരുന്നു ആ പെൺകുട്ടി. ഞാൻ അവളോട് അവളുടെ നാടിനെക്കുറിച്ച് ചോദിച്ചു. അനുരാധപുര. അത് ലങ്കയിലെ പുരാതനമായ നഗരസ്ഥാനമാണ്. അവൾ അവിടെയുള്ള ബുദ്ധപ്രതിമകളെക്കുറിച്ചു പറഞ്ഞു. ഒരിയ്ക്കലെങ്കിലും ബോധ് ഗയയിൽ വരണം. അതാണ് അവളുടെ ഏക ആഗ്രഹം. ഇന്ത്യയിൽ നിന്നാണ് ഞാൻ എന്നറിഞ്ഞപ്പോൾ അവളാദ്യം എന്നോട് ബുദ്ധനെക്കുറിച്ചു ചോദിച്ചു. എന്റെ നാട്ടിൽ നിന്ന് ബുദ്ധന്റെ അടുക്കലേക്ക് നിന്റെ നാട്ടിൽ നിന്നുള്ളതിനേക്കാൾ ദൂരമുണ്ട്- ഞാൻ ഉത്തരം പറഞ്ഞു. ഞങ്ങൾ അത്രയേ സംസാരിച്ചുള്ളൂ.ആ രണ്ട് ദിവസമേ കണ്ടിട്ടും ഉള്ളൂ. ഒരിയ്ക്കൽ സഞ്ചാരിയായ എന്റെ സുഹൃത്തിനോട് സംസാരിച്ചിരിക്കുമ്പോൾ ഞാൻ അവളെ ഓർത്തു. സഞ്ചാരിയ്ക്ക് ഞാൻ വിനായകൻ എന്ന് പേരിട്ടു. അവളെ ഇന്ദ്രാണി എന്നും വിളിച്ചു. അയാളോട് അവളെക്കുറിച്ച് പറഞ്ഞു. അവൾ ബുദ്ധനെ പ്രണയിക്കുന്ന പെൺകുട്ടിയാണ്. ബുദ്ധന്റെ അടുക്കലേക്കാണ് അവൾക്ക് പോകേണ്ടതും. അവർ ഒരുപാട് ഇടങ്ങളിൽ യാത്ര ചെയ്തു. ഒരിടത്തും അവൾ ബുദ്ധനെ കണ്ടില്ല. മനുഷ്യനെന്ന് പേരുള്ള കാമനകളുടെ രാജഗൃഹം ബുദ്ധൻ ഉപേക്ഷിച്ചിറങ്ങുന്നത് എങ്ങനെയെന്ന് ആ ദിവസങ്ങളിൽ ഞാൻ ആലോചിയ്ക്കുകയായിരുന്നു. അങ്ങനെയാണ് ആ കഥ എഴുതിയത്.."


'മനുഷ്യന്,'
യാത്ര പറയുന്നതിനിടെ ഇന്ദ്രാണി വിനായകനെ ഓർമ്മിപ്പിച്ചു:
'സ്ത്രീയ്ക്കും പുരുഷനും ഇടയിലുള്ള സ്‌നേഹം ശരീരം തന്നെയാണ്.  അല്ലെങ്കിൽ നമുക്കിടയിലെ ബന്ധമെങ്കിലും മറ്റൊന്നായ് മാറിയേനെ!

ഞാൻ പറയട്ടെ : ഒരുവൾ അവളുടെ കണ്ണുകൾ കൊണ്ട് നിങ്ങളെ അവളിലേക്ക് വാരിയെടുക്കുന്നില്ല എങ്കിൽ നിങ്ങളെ അവൾ അവളുടേതാക്കിയിട്ടില്ല എന്നാണ്.
അവളുടെ കൈകൾ നിങ്ങളെ ചുറ്റിപ്പിടിക്കുന്നുണ്ട് എങ്കിലും 
അവൾക്കും നിങ്ങൾക്കും ഇടയിൽ നൂലുകൾ പോലും അകലമാകുന്നില്ല എങ്കിലും 
നിങ്ങളുടെ കണ്ണുകൾക്ക് അദൃശ്യമായ ഒരു പർദ്ദ അവൾ മൂടിപ്പുതയ്ക്കുന്നുണ്ട് എന്നാണ്.
നിങ്ങളുടെ ശരീരസ്രവങ്ങൾ അവളെ നനയ്ക്കുന്നുണ്ട് എങ്കിലും 
അവളണിയുന്ന ഓരോ വിയർപ്പ് തുള്ളിയിലും അവളിൽ നിങ്ങൾ വിസർജ്ജ്യമാകുന്നുണ്ട് എന്നാണ്.

ആനന്ദമൂർച്ഛ 
എന്നാൽ
അതിന്
പ്രിയനേ
ഉടലുകൾ വേണ്ട എന്ന് 
ഒരിയ്ക്കൽ കൂടി നിന്നോട് ഞാൻ പറഞ്ഞുകൊള്ളട്ടെ. '

ഇന്ദ്രാണി  ജീവൻ പിടയുന്ന അവളുടെ ഉദരത്തിൽ വിരലോടിച്ചു:

' നിന്റേത് ഏകപക്ഷീയമായ അന്വേഷണമാണ്. രണ്ട് ജീവനുകൾ ഒരു പുതിയ ജീവനെ തേടേണ്ടത്  ഇങ്ങനെയല്ല.. മനുഷ്യന്റെ ആകുലതകൾ ഈ ഭൂമിയിൽ അവസാനിക്കാതെ പോകുന്നത് അതുകൊണ്ടാണ്... എനിക്ക് വയ്യ.. ദുഖങ്ങളുടെ കണ്ണികൾ ഇങ്ങനെ അറ്റമില്ലാത്ത ചേർത്തു വയ്ക്കാൻ! അതിന്റെ ഭാരം ചുമക്കാൻ !'


"അതിൽ അരുവി ആറ് എന്ന ഒരു നദിയെക്കുറിച്ച് പറയുന്നുണ്ടല്ലോ.. ഇന്ദ്രാണി മടങ്ങിപ്പോകുന്ന ഇടം?"
ഞാൻ വല്യമ്മയോട് ചോദിച്ചു.

"അനുരാധപുര അതിന്റെ കരയിലാണ്.. ഞാൻ ആ പേരിൽ നിന്ന് ആ ഭൂപ്രദേശം വരച്ചെടുത്തതാണ് .."
വല്യമ്മ ചിരിച്ചു:

"പ്രണയം എന്ന വാക്കിനെ ശരീരം എന്ന് വിവർത്തനം ചെയ്യുന്ന സൗഹൃദങ്ങളിൽ നിന്ന്,  ഇന്ദ്രാണി ആറ് അരുവിയിലേക്കെന്ന പോലെ ഞാൻ പലായനം ചെയ്തു... എന്റെയുള്ളിൽ ഇങ്ങനെ ഒരുപാട് നദികൾ ഒഴുകിപ്പോകുന്നുമുണ്ട്.. അതുകൊണ്ടാണ് ഞാൻ നദികളെ കഥകളിലെല്ലാം വരച്ചിടുന്നത് ..  ഞാൻ തന്നെ അദൃശ്യമായ ഒരു നദിയാണ് .. ഒരു സമുദ്രത്തിന് മാത്രം സ്വീകരിയ്ക്കാൻ കഴിയുന്ന ഒരു നദി .. "

വല്യമ്മ കണ്ണുകളടച്ചു.
ഒറ്റയ്ക്കിരിക്കണമെന്നാണ് അതിന്റെ അർത്‌ഥം.
എനിക്കെന്തോ ആ നേരം വല്യച്ഛന്റെ മുഖം മുന്നിൽ തെളിഞ്ഞു നിന്നു.ഇന്നു രാവിലെ,
" ഒരു കഥ കേൾക്കണം "-വല്യച്ഛനോട് വല്യമ്മ പറഞ്ഞു:
"കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല "

അവരുടെ എഴുത്തുപുസ്തകം വല്യച്ഛൻ വായിച്ചു തുടങ്ങി:

' ചുവന്ന മണ്ണായിരുന്നു ആ പുരയിടത്തിനു ചുറ്റിലും. ഉയരമുള്ള ഭൂമി. അതിരുകളിൽ താഴ്ത്തി വെട്ടിയ വീതി കുറഞ്ഞ പാതകൾ. 

സ്‌കൂളിന് അവധിയുള്ള, വീട്ടിൽ ജോലിക്കാർ മാത്രമുള്ള ദിവസങ്ങളിൽ പെൺകുട്ടിയെ കാണാൻ കൂട്ടുകാരി വരും. അല്ലാത്ത ദിവസങ്ങളിൽ അവളെപ്പോലുള്ളവർക്ക് അവിടെ പ്രവേശനമില്ല. സന്തോഷത്തിന്റെ ദിവസമായിരിക്കും പെണ്കുട്ടിയ്ക്കത്. അവൾ പുതിയ കളികൾ പലതും പഠിയ്ക്കുന്ന ദിവസം. ഒരിയ്‌ക്കൽ കളികളിൽ ചിലത് കഴിഞ്ഞു, അവർ പുസ്തകങ്ങൾ വായിക്കാനിരുന്നു. പെൺകുട്ടിയുടെ കിടക്കയിൽ നിറയെ പുസ്തകങ്ങളായിരുന്നു.

മുരളി മാഷ് തന്നതാ.. മാഷ്ക്ക് എന്നെ ഇഷ്ടാ.. പെൺകുട്ടി പറഞ്ഞു.
മാഷ്ക്ക് എന്നേം ഇഷ്ടാ.. എനിക്കും ബുക്ക് തരും.. എന്നെ മടിയിൽ പിടിച്ച് ഇരുത്തുകയും ചെയ്യും.. -കൂട്ടുകാരിയും പറഞ്ഞു:
എല്ലാരോടും മാഷ്ക്ക് ഇഷ്ടാ..
എന്നിട്ട് അന്നുവരെ കാണാത്ത ഒരു ചിരി ചിരിച്ചു.

പെൺകുട്ടി സങ്കടം കൊണ്ട് തുളുമ്പിപ്പോയി.

മാഷ് ഒരിയ്ക്കലും അവളെ മടിയിൽ പിടിച്ചിരുത്തിയിട്ടില്ല.
പുസ്തകങ്ങൾ തരും. അച്ഛന് സുഖമല്ലേ എന്ന് ചോദിയ്ക്കും. അത്രമാത്രം.
മാഷ്ക്ക് അപ്പൊ അവളെ അത്രയ്ക്ക് ഇഷ്ടോന്നും അല്ല- അവൾ മനസ്സിൽ കരഞ്ഞു. കൂട്ടുകാരിയോട് പറഞ്ഞില്ല.

പിന്നേയും വർഷങ്ങൾ കഴിഞ്ഞാണ് അവളെ ഒന്ന് കാണണമെന്നും ഒന്നിച്ചിരിയ്ക്കണമെന്നും തോന്നിയത്. അപ്പോഴേയ്ക്കും പെൺകുട്ടി വളർന്ന്, നാടറിയുന്ന എഴുത്തുകാരിയായിരുന്നു. കൂട്ടുകാരിയുടെ പുരയിടത്തിനു ചുറ്റിലും അന്ന് ചുവപ്പു നിറമുള്ള മണ്ണ് ഉണ്ടായിരുന്നില്ല. അവൾ കടൽത്തീരത്തിനടുത്തെ ചെറിയ വീടുകളിലൊന്നിലേയ്ക്ക് താമസം മാറ്റിയിരുന്നു. ജീവിതത്തിന്റെ മറുപാതിയോട് ചേർത്ത് അവളേയും ആ നാട്ടിൻപുറം അറിഞ്ഞു.  അവളുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിയ്കുമ്പോൾ ആളുകൾക്ക് ആമുഖമായ് ആ വഷളൻ ചിരി ചിരിയ്ക്കാതെ വയ്യ.

ആ വൈകുന്നേരം അവർ ഒന്നിച്ചു മുറ്റത്തിരുന്ന് സൂര്യസ്തമനം കണ്ടു. രാത്രിയിൽ വിളക്കുകൾ എല്ലാം അണച്ചു, ആരുമില്ലാത്ത ഒരു വീട്ടിൽ എന്നതുപോലെ, ഇരുട്ടിൽ അടുത്തടുത്തിരുന്നു. മണ്ണിൽ കളിച്ചു ചുവന്ന പെറ്റിക്കോട്ടുകളെക്കുറിച്ചു പറഞ്ഞു. സൂര്യോദയങ്ങളും സൂര്യാസ്തമനങ്ങളും ചോക്ക് പെൻസിലുകൾ കൊണ്ട് വരച്ചതോർത്തു. അവരുടെ എല്ലാ ചിത്രങ്ങളിലും വീടും അച്ഛനും അമ്മയും കുട്ടികളുമുണ്ടായിരുന്നു. പറക്കുന്ന കാക്കകളും രണ്ട് ചില്ലകളുള്ള മരങ്ങളും മരങ്ങൾക്ക് തൊട്ടടുത്ത് ചെറിയ പുഴയും പുഴയിൽ രണ്ട് മീനുകളും ഉണ്ടായിരുന്നു.

ഇപ്പോൾ മണ്ണിന് നിറമില്ല! എല്ലായിടത്തും മണ്ണ് പലതായ് വീതം വച്ചു കഴിഞ്ഞിരിയ്ക്കുന്നു. എണ്ണമറ്റ വീടുകൾ, ചുറ്റിലും ഉയർന്നു പൊങ്ങിയ മതിലുകൾ, തറയോടുകൾ പതിച്ച മുറ്റങ്ങൾ, കരിങ്കൽ പാകിയ വഴികൾ.. നിറമെന്താണെന്ന് ഓർത്തുവയ്ക്കാൻ ആരാണിപ്പോൾ മണ്ണിലൂടെ നടക്കുന്നത്?!

 മുരളി മാഷ് തന്ന പുസ്തകങ്ങൾ ഓർമ്മയുണ്ടോ? - എഴുത്തുകാരി ചോദിച്ചു.
 ഇല്ല..- കൂട്ടുകാരി ചിരിച്ചു: മാഷ് എനിയ്ക്ക് തന്നത് പുസ്തകങ്ങളല്ല.. മാഷ് പഠിപ്പിച്ചു തന്നതും ഒരേ പാഠങ്ങളല്ല!
കൂട്ടുകാരി ഓർമ്മയിൽ പരതി :
- മാഷ് ആ പാഠങ്ങൾ പഠിപ്പിച്ചു തരരുതായിരുന്നെന്ന് മാത്രം ആഗ്രഹിയ്ക്കും.. അന്ന് ആ രാത്രി, നനഞ്ഞ തുണി പോലും പുതയ്ക്കാനില്ലാതെ, നിരത്തിൽ മഴ നനഞ്ഞു വിറയ്ക്കുമ്പോഴും അതേ ഓർത്തുള്ളൂ.. മാഷ് അതൊന്നും പഠിപ്പിച്ചു തരേണ്ടിയിരുന്നില്ല എന്ന്! 

കൂട്ടുകാരി വീണ്ടും പറഞ്ഞു:
- നമ്മൾ ഒരേ പുസ്തകങ്ങൾ അല്ല വായിച്ചത്. ആരും ഒരേ പുസ്തകങ്ങൾ വായിക്കുന്നില്ല!

എഴുത്തുകാരി, ആ കഥ പലവട്ടം കേട്ടിട്ടുണ്ട്. അവർ വലിയ പെൺകുട്ടികളായിട്ട് മാസങ്ങൾ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അതിന്റെ സന്തോഷമധുരം അവൾ കൊണ്ടു വന്നപ്പോൾ അവർ വൃത്തിയില്ലാത്ത കൂട്ടരാണെന്ന് പറഞ്ഞു അച്ഛമ്മ അത് കഴിയ്ക്കാൻ സമ്മതിച്ചിരുന്നില്ല.

അവൾക്ക് ഓർമ്മയുണ്ട്: അവൾക്ക് അയൽപക്കത്ത് ആകെയുണ്ടായിരുന്ന കളിക്കൂട്ടുകാരി, നഗ്നയായ്‌ തെരുവിൽ നനഞ്ഞു വിറച്ചുകൊണ്ട് നിന്ന രാത്രിയിൽ അവൾ മഴയുടെ ശബ്ദം കേട്ട് കേട്ട് സുഖമായ് ഉറങ്ങുകയായിരുന്നു. കൂട്ടുകാരിയുടേത് പോലെ ആയിരുന്നില്ല അവളുടെ വീട്, അതിന് അടച്ചുറപ്പുള്ള വാതിലുകളൂം കാവൽക്കാരും ഉണ്ടായിരുന്നു. പക്ഷേ അതിനെക്കുറിച്ച് ആരും പറഞ്ഞില്ല. ' ഓരോതരം ജന്മവാസനകൾ ! '- എല്ലാവരും അവളുടെ കൂട്ടുകാരിയെ കരുണയില്ലാതെ പരിഹസിച്ചു.

മനസ്സിൽ വീണ്ടും വീണ്ടും പെയ്ത ആ മഴയോർമ്മയിൽ, അവൾ പിന്നീട് പല രാത്രികളിലും തണുത്ത് വിറച്ചിട്ടുണ്ട്. ആ ഓർമ്മകൾ മായ്ച്ചു കളയാനാവണം എഴുതുന്നത്.. പല കഥകളായ് ഓർമ്മകളെ പലയിടങ്ങളിൽ ഒളിപ്പിയ്ക്കുന്നത്.. ചിലപ്പോൾ കഥ പറയുന്നവരുടെ കഥയാണ് കഥയിലെ ജീവിതം!

തന്റെ കൂട്ടുകാരിയുടെ, മടിയിൽ കിടന്ന് എഴുത്തുകാരി ആ രാത്രി  ഇങ്ങനെ ഓർത്തു:
-നാം ജീവിതത്തിന്റെ മറുപാതികൾ! നമ്മെ തിരഞ്ഞെത്തിയവരെ രസിപ്പിച്ചു. നീ ശരീരം കൊണ്ട് ചെയ്തത് ഞാൻ വാക്കുകൾ കൊണ്ട് ചെയ്തു. അപ്പോഴും നാം നമ്മോട് മാത്രം കള്ളങ്ങൾ കാണിച്ചില്ല; നുണകൾ പറഞ്ഞില്ല. നാം ആരുടെയും മാതൃകകളായിരുന്നില്ല- അതാണ് നാം അനുഭവിച്ച സ്വാതന്ത്ര്യവും.


" തണുക്കുന്നു "-വല്യമ്മ പറഞ്ഞു.
" പനിയല്ലേ, അതുകൊണ്ടാവും.. " വല്യച്ഛൻ അവരുടെ നെറ്റിയിൽ സൗമ്യമായ് വിരലുകൾ ചേർത്തുവെച്ചു.
അവർക്ക് മാത്രമായ് തമ്മിൽ പറയാൻ അനേകം കാര്യങ്ങൾ ഉണ്ടെന്ന് എനിയ്ക്ക് തോന്നി.

മുറി തുറന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ ഓർത്തു :
'പ്രിയം തോന്നുന്ന ദിനരാത്രങ്ങൾ ചേർത്തു വെച്ചെഴുതിയ വായിച്ചാലും വായിച്ചാലും മതിവരാത്തൊരു പുസ്തകമായ് ജീവിതം മാറിപ്പോകണം.'- വല്യമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അങ്ങനെയൊരു പുസ്തകത്തിന്റെ താളുകളിലൂടെ മൃദുവായ് വിരലോടിയ്ക്കുകയാവണം വല്യച്ഛനിപ്പോൾ.

---------------------------------------------------------------------------------------------**

1 comment:

  1. കഥയിൽ "അനുരാധപുരത്തിന്റെ ഇന്ദ്രാണി" എഴുതിച്ചേർക്കുമ്പോൾ ഞാൻ ടിഡി യുടെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വായിച്ചു തുടങ്ങിയത്. ഇന്ന് അതിൽ അനുരാധപുരത്തെക്കുറിച്ചും ആറ് അരുവിയെക്കുറിച്ചുമൊക്കെ കാണുന്നു. :-)
    ഇന്ദ്രാണി എന്നെ വീട്ടുജോലിയ്ക്ക് സഹായിക്കാൻ നിന്ന ശ്രീലങ്കൻ മധ്യവയസ്കയായിരുന്നു. അനുരാധപുരത്തുകാരി. ബുദ്ധമതവിശ്വാസി. അവൾ വീട് വൃത്തിയാകുന്നതിനിടയിൽ എന്നോട് ബുദ്ധനെക്കുറിച്ച് ചോദിയ്ക്കുകയും അനുരാധപുരത്തെക്കുറിച്ച് പറയുകയും ചെയ്തിരുന്നു. ആ കഥ ഒരിയ്‌ക്കൽ എഴുതാം. ഇവിടെ പറഞ്ഞ കഥ നുണക്കഥ.

    ReplyDelete