Sunday, November 19, 2017

ശരികളുടെ നിറം.

അമ്മയുടെ ഫോണിന് മാത്രം ആരും ആവശ്യക്കാർ ഉണ്ടായിരുന്നില്ല. ലേഖ ചേച്ചി അതെന്റെ നേരെ വലിച്ചെറിയുകയായിരുന്നു. 

അമ്മ മരിച്ചുപോയി. ചടങ്ങുകൾ കഴിഞ്ഞു ഞങ്ങൾ- പെൺമക്കളും പേരക്കുട്ടികളും- മാത്രം ബാക്കിയായ രാത്രികളിലൊന്നായിരുന്നു അത്. 

കോളേജിൽ ഒരേ ബാച്ചിൽ ഒന്നിച്ചു പഠിച്ചവരുടെ മൂന്നാമത്തെ ഒത്തുചേരലിനു ശേഷം മടങ്ങി വന്നതായിരുന്നു അമ്മ. അമ്മയായിരുന്നു സംഘാടകരിൽ പ്രധാനി. പിന്നെ അക്ബർ അങ്കിളും ശ്രീനി അങ്കിളും. ഒത്തുചേരലിന്റെ ചിത്രങ്ങൾ, വർത്തമാനങ്ങൾ, വിശേഷങ്ങൾ അക്ബർ അങ്കിൾ അമ്മയ്ക്ക് അയച്ചിട്ടുണ്ട്.
എത്ര സന്തോഷവതിയാണ് അമ്മ ഓരോ ചിത്രത്തിലും!
അമ്മ ആ ചിത്രങ്ങൾ കണ്ടിട്ടില്ല. അവരുടെ ഒത്തുചേരലിനു പങ്കെടുത്ത് മടങ്ങി വന്ന് ഉറങ്ങിയ ആ രാത്രിയ്ക്ക് ശേഷം അമ്മ ഉണർന്നില്ല. 

നിറഞ്ഞ സന്തോഷത്തോടെയാവണം അമ്മ ഉറങ്ങിപ്പോയത്, നിറവോടെ, സ്നേഹത്തോടെ. എല്ലാവരും കൂടെയുണ്ടെന്ന ആഹ്ളാദത്തോടെ.
ഒരു മനുഷ്യന് ഇതിലപ്പുറം മറ്റൊന്നും വേണ്ട എന്ന് അമ്മ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എന്റെ ചേച്ചിമാരെ അത് ആശ്വസിപ്പിക്കില്ല; അവർക്ക് അമ്മയെ കണ്ടു കൊണ്ടിരിയ്ക്കണം- ശ്വസിയ്ക്കുന്ന, കണ്ണ് തുറന്നു പിടിച്ച, ചലിയ്ക്കുന്ന അമ്മയെ.
എനിയ്ക്കോ?
ചിരിയ്ക്കുന്ന, സന്തോഷത്തോടെയിരിക്കുന്ന, ജീവിതത്തെ സ്നേഹിയ്ക്കുന്ന അമ്മയെ.. ഏകാന്തതയും വിഷാദവുമില്ലാത്ത അമ്മയെ.

അമ്മയുടെ ചിട്ടകൾ തെറ്റിച്ചത്‌, ജീവിതം ക്രമമില്ലാതെയാക്കിയത് ഞാൻ സമ്മാനിച്ച ഫോണിലൂടെ അമ്മയിലേയ്ക്ക് വന്ന പഴയതും പുതിയതുമായ സൗഹൃദങ്ങളാണെന്ന് എന്റെ ചേച്ചിമാർ വിശ്വസിയ്ക്കുന്നു; "സമയാസമയം മരുന്നും ഭക്ഷണവും കഴിച്ചു ഒരിടത്ത് വിശ്രമിയ്ക്കേണ്ടതിനു പകരം.." എന്ന് അവർ കയർക്കുന്നു:
"ദാ , ഇദ്  കിട്ടിയപ്പോ  ആണല്ലോ യാത്ര, ഗെറ്റ് റ്റു ഗെതെർ, ഫാമിലി മീറ്റിങ്  ന്നൊക്കെ പറഞ്ഞു ഒരു നിമിഷം അടങ്ങിയിരിയ്ക്കാൻ അമ്മയ്ക്ക് തോന്നാണ്ടിരുന്നത്..  ഞാൻ ബെഡ് റസ്റ്റിനെ പറ്റി പറഞ്ഞോണ്ടിരുന്നത് അമ്മയെ കൊറച്ചു കാലം കൂടി കണ്ടോണ്ടിരിയ്ക്കാനാ..അല്ലെങ്കിലും നമ്മളെ കാര്യത്തിലും നമ്മള് പറേന്ന കാര്യത്തിലൊന്നും ഒരു ശ്രദ്ധേ ണ്ടാവാറില്ലല്ലോ"
ലേഖ ചേച്ചി പരിഭവം പറഞ്ഞു കൊണ്ടേയിരുന്നു. 

കരഞ്ഞു; കലഹിച്ചു.

"നീ ആയിരുന്നില്ലേ ഇവിടെയുണ്ടായിരുന്നത്? നീ ആയിരുന്നില്ലേ നോക്കേണ്ടിയിരുന്നത്? യാത്രകൾ പാടില്ലെന്ന്, ശരീരമനങ്ങരുതെന്ന് നിർബദ്ധം പിടിക്കേണ്ടത്? ഒന്നൂല്ലെങ്കിലും അമ്മ ഇവിടെണ്ടാവ്ന്നത് നിനക്കായിരുന്നില്ലേ സഹായം? "- അവർ എന്നോട് ചോദിയ്ക്കുന്നു.

ലേഖയുടെ ഭർത്താവിന്റെ ബിസ്സ്നസ്സ്, സീമയുടെ കുട്ടികളുടെ ആരോഗ്യം, പ്രിയയ്ക്ക് അടച്ചു തീർക്കേണ്ട ലോൺ, ഭാവിയിലെ അവരുടെ ജീവിതം, പേരക്കുട്ടികളുടെ പഠിപ്പ് - അതൊക്കെ ആലോചിച്ചു വേവലാതിപ്പെട്ട് സ്വയം ജീവിയ്ക്കാൻ മറക്കുന്ന അമ്മയെയായിരുന്നു അവർക്ക് വേണ്ടത്. കട്ടിലിൽ കിടന്ന് മരുന്നുകൾക്കൊപ്പം മക്കളുടെ തീരാത്ത പ്രശ്നങ്ങളുടെ കേൾവിക്കാരി മാത്രമായിരിക്കുക! അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് പേരക്കുട്ടികൾക്ക് കാവൽ നിൽക്കേണ്ട ഒരാൾ മാത്രമായിരിക്കുക!

അടുത്ത് ചേർന്നിരിയ്ക്കുമ്പോഴും കണ്ണുകളിലേക്കല്ലാതെ അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന,  വിഷാദത്തിൽ കവിളുകൾ കറുത്തുപോയ, ചിരി വറ്റിപ്പോയ അമ്മയെ എനിയ്ക്ക് കാണാൻ വയ്യ. മരുന്നുകളുടെ, ചിട്ടകളുടെ ക്രമം മാത്രം ഓർക്കേണ്ടുന്ന അമ്മയേക്കാൾ എനിയ്ക്ക് പ്രിയം ജീവിതത്തിന്റെ രസങ്ങൾക്ക് ക്രമപ്പെടുന്ന അമ്മയെയാണ്.


അറ്റമില്ലാത്ത നീണ്ടു പോയആ ബഹളത്തിനിടയിൽ, കേശു  എന്റെ അടുത്ത് വന്ന്, ചേർന്നു നിന്ന് ചോദിച്ചു:
"അമ്മ, അമ്മമ്മയെ എന്ത് ചെയ്തെന്നാ വല്യമ്മ പറേന്നെ?"

ബാങ്കിലെ ജോലിയിൽ നിന്ന് വിരമിച്ചു നാലോ അഞ്ചോ മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ, ആരോഗ്യപരമായ് സങ്കീർണ്ണതകൾ ഏറെയാണെന്നും വളരെ ശ്രദ്ധിയ്ക്കണമെന്നും ഡോക്ടർ നിർദേശിച്ചത് കൊണ്ട്, പൂർണ്ണ വിശ്രമവും ആഹാരത്തിലെ ചിട്ടകളും മരുന്നുകളുമായ് അമ്മയുടെ ജീവിതക്രമം പെട്ടെന്നൊരു ദിവസം മാറിമറിഞ്ഞു.  ഒരു വർഷത്തോളം ലേഖചേച്ചിയുടെ കർശന നിയന്ത്രണത്തിലായിരുന്നു, അമ്മ. ജയിൽ സൂപ്രണ്ട് എന്ന് ചേച്ചിയ്ക്ക് ഇരട്ടപ്പേര് വീഴുകയും ചെയ്തു.

എന്നോട് പറയും: ' നീയാണ് ഒരല്പം കനിവുള്ള ജയിൽ വാർഡൻ.'
'അതിന് ജയിൽ സൂപ്രണ്ടിന്റെ കയ്യിൽ നിന്ന് പരമാവധി ശിക്ഷ കിട്ടാറുമുണ്ട്' എന്ന് ഞാനും പറയും.

പെൻഷനായി കഴിഞ്ഞാൽ, മുറ്റത്തെ പൂന്തോട്ടം നിറയെ ചെടികൾ വച്ച് പിടിപ്പിയ്ക്കണമെന്നും, കിളിക്കൂട് പണിയണമെന്നും, കോഴികളെ വളർത്തണമെന്നും പച്ചക്കറികൾ നട്ട് പിടിപ്പിയ്ക്കണമെന്നും ചെറിയ ചെറിയ യാത്രകൾ ഒറ്റയ്ക്ക് പോകണമെന്നും ഒക്കെ അമ്മ പദ്ധതികളിട്ടിരുന്നു.

'ആളുകൾക്ക് അസുഖം വരും, ചികിത്സിയ്ക്കും, ഭേദമാകും. എന്താ കാലാകാലം കണ്ടുകൊണ്ടിരിയ്ക്കണം എന്ന് പറഞ്ഞു മനുഷ്യരെ ഉപ്പിലിട്ട് വയ്ക്കാറുണ്ടോ, എവിടെയെങ്കിലും??! '
അമ്മ അസ്വസ്ഥയായിക്കൊണ്ടിരുന്നു.
'മരിയ്ക്കാതിരിയ്ക്കാനാണോ മനുഷ്യൻ ജീവിയ്ക്കേണ്ടത്?' എന്നതായിരുന്നു അമ്മയുടെ ചോദ്യം!

അമ്മയിലേക്ക്,  വിഷാദം പതുക്കെപ്പടരുന്നുണ്ടോ എന്ന ഭയം തോന്നിയ ഞാൻ,  പുതിയ ഒരു ആൻഡ്രോയ്‌ഡ് ഫോൺ വാങ്ങി, ' ബോറടി മാറ്റാൻ ' എന്നു പറഞ്ഞു അമ്മയ്ക്ക് കൊടുത്തു.

'അമ്മടെ കൂട്ടുകാരുമായിട്ട് എപ്പോഴും കോണ്ടാക്ട് ചെയ്യാം, ചാറ്റ് ചെയ്യാം, ഫോട്ടോ ഷെയർ ചെയ്യാം.. വാർത്തകളറിയാം, പാട്ട് കേൾക്കാം..  ആകെ ഒന്ന് ലൈവ്ലി ആയിട്ടിരിയ്ക്കാം.. ഞങ്ങൾക്കും തോന്നുമ്പോ തോന്നുമ്പോ അമ്മയെ കാണാല്ലോ!'

വളരെ പതുക്കെയാണെങ്കിലും അമ്മ, ഇന്റർനെറ്റും ഫെയ്‌സ്ബുക്കും ഉപയോഗിയ്ക്കാൻ പഠിച്ചു. വാട്സപ്പിൽ ഒന്നിച്ചു പഠിച്ചവരുടെ, ജോലി ചെയ്തവരുടെ, അയൽക്കൂട്ടത്തിന്റെ ഗ്രൂപ്പുകളിൽ  അംഗമായ്. ചെറിയ ചെറിയ യാത്രകളും കൂട്ടായ്മകളും  ഒത്തുചേരലുകളുമായ് അമ്മയുടെ ദിവസങ്ങൾ പതുക്കെ പതുക്കെ വീണ്ടും സജീവമായ് തുടങ്ങി.

സുഹൃത്തുക്കളുമായ് യാത്രകൾ പോകുന്നതും ഒത്തുകൂടുന്നതും, പറമ്പിൽ പച്ചക്കറി നടാനും നനയ്ക്കാനും മറ്റും അധ്വാനിയ്ക്കുന്നതും മറ്റും മക്കളുടെ ഇടയിൽ ചർച്ചയായപ്പോൾ 'എന്നെക്കുറിച്ചു അത്രയേറെ ആകുലതകൾ ആർക്കും വേണ്ട !' എന്ന് പ്രതികരിച്ചു:
'വാർദ്ധക്യത്തിലെങ്കിലും സ്വാതന്ത്രരാകേണ്ടതുണ്ട് മനുഷ്യർ!'-എന്ന്."എവിടെയാ എന്തൊക്കെയാ വച്ചതെന്ന് ശ്രദ്ധിയ്ക്കാ പോലും സമയം ല്ല."

അലമാര തുറന്ന്, അമ്മയുടെ നല്ല സാരികൾ 'ഓർമ്മയ്ക്കായി അമേരിക്കയിലേക്കും അബുദാബിയിലേയ്ക്കും' എന്ന് പങ്കിടുന്നതിനിടയിൽ, സാരികളുടെ ഏറ്റവും അടിയിൽ വിരിച്ച ന്യൂസ് പേപ്പറിന്റെയും അടിയിൽ കിടന്ന പഴയ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കയ്യിലെടുത്ത് ചേച്ചി ശകാരിച്ചു:
"രണ്ടായിരത്തിയഞ്ഞൂറ് രൂപ.. ങ്ങനെ അവിടെം ഇവിടെം തിരുകി വെച്ചിട്ട് മറന്ന് പോയ എത്ര പൈസ ണ്ടാവും ഇവിടത്തെ അലമാരകളിലൊക്കെ!"

"അത് അച്ചാച്ചന്റെ പൈസയാ.. " 
അച്ഛൻ മരിച്ച ദിവസം അച്ഛന്റെ പേഴ്‌സിലുണ്ടായിരുന്ന നോട്ടുകളായിരുന്നു അതെന്നും, അത് അതുപോലതന്നെ അവിടെ കിടന്നോട്ടെ എന്നും കഴിഞ്ഞ നവംബറിൽ അമ്മ എന്നോട് പറഞ്ഞിരുന്നു. അന്ന് ഞങ്ങളുടെ ആ സംസാരം എന്റെ മടിയിൽ കിടന്ന് കേൾക്കുന്നുണ്ടായിരുന്ന കേശു വലിയമ്മമാരോട് പറഞ്ഞു: 
"അത് അച്ചാച്ചന്റെ പൈസയാ.... അമ്മമ്മ സൂക്ഷിച്ചു വെച്ചതാ.. മറന്നു പോയതോന്നും അല്ല.." 

"അച്ചന്റെ പെട്ടന്ന്ള്ള മരണമാണ്ന്ന് വെക്കാം.. ഇത് അസുഖാന്ന് അറിഞ്ഞിട്ടും.." ലേഖചേച്ചി വീണ്ടും കരഞ്ഞു തുടങ്ങുന്നു:
"അടങ്ങിയൊതുങ്ങി ഒരിടത്ത് കിടക്കാൻ എത്ര പറഞ്ഞതാ.. സമ്മതിക്കൂലല്ലോ .. നമക്കെന്ത് ചെയ്യാൻ കഴിയും ഓരോരുത്തരും അവനവന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ.."


എന്റെ മുന്നിലിപ്പോൾ അമ്മയുടെ ഫോൺ. അമ്മയുടെ ഫോട്ടോകൾ. 
അമ്മയെടുത്ത ചിത്രങ്ങൾ. സന്തോഷങ്ങൾ. സ്നേഹം.

പങ്കിട്ട അനേകമനേകം സന്ദേശങ്ങൾ:
പരീക്ഷണമായ്  മധുരക്കിഴങ്ങു ചേർത്ത കട്ലെറ്റുണ്ടാക്കിയെന്ന്.. മത്തൻ പായസം വെച്ചു കഴിച്ചെന്ന്.. വറുത്ത ഗോതമ്പു കൊണ്ടുണ്ടാക്കിയ നൂലപ്പമെന്ന്!
പറമ്പിൽ വാഴത്തോട്ടത്തിനടുത്ത്  പടർന്ന ചെണ്ടുമല്ലി നിറയെ പൂത്തെന്ന്.. തനിയെ വളർന്ന കാശിത്തുമ്പച്ചെടികൾ ഇന്നലെ വൈകീട്ട് നനയ്ക്കാൻ മറന്നുവെങ്കിലും വാടിപ്പോയിട്ടില്ലെന്ന്!

പൂച്ച വിറകു പുരയിൽ പ്രസവിച്ചു കിടക്കുന്നെന്ന്..  ദോശ ചുടുന്നതിനിടയിൽ കറിവേപ്പില പറിച്ചു വേഗം വരാമെന്ന് കരുതിയെങ്കിലും പൂച്ചക്കുട്ടിയെ നോക്കി നിന്ന്  തിരിച്ചു വരുമ്പോഴേയ്ക്കും ദോശ കരിഞ്ഞു പോയെന്ന്.. സ്ത്രീകളല്ലേ പണി എളുപ്പത്തിൽ തീർക്കാമെന്ന് കരുതി മൂന്നു ദോശയ്ക്കുള്ള മാവ് ഒന്നിച്ചൊഴിച്ചടച്ചു വെച്ചതായിരുന്നുവെന്ന്.. എന്നാലിന്ന് ദോശ വേണ്ട അവിൽ നനച്ചതാക്കാം എന്ന്!

വരാന്തയിലെ തൂക്കുവിളക്കിലെ കൂട്ടിലേയ്ക്ക് കിളി മുട്ടയിടാൻ തിരിച്ചു വന്നുവെന്ന്.. ആ കിളിക്കൂട് കാരണം തൂക്കുവിളക്ക് വർഷങ്ങളായി ഒന്ന് തൊട്ടു നോക്കുക പോലും ചെയ്യാതെ സൂക്ഷിച്ചു വച്ചിരിയ്ക്കുകയാണെന്ന്.. ആ വിളക്കിങ്ങനെ കിടക്കുന്നത് വീടിന് ഒരു ഐശ്വര്യക്കേടാണെന്ന് ലേഖയും സീമയും പറയുന്നുണ്ടെന്ന്.. 'ഓരോ തവണയും ഒരേ കിളിയാണോ മുട്ടയിടാൻ വരുന്നത്'?'  എന്ന് കേശു ചോദിച്ചെന്ന്.

ബാങ്കിലെ ജോലിയിൽ, ഓരോ ദിവസവും ഗാന്ധിജിയുടെ ചിരിക്കുന്ന മുഖം എത്രയുണ്ടെന്ന് എണ്ണി നോക്കുകയായിരുന്നെന്ന്... എപ്പോഴുമിങ്ങനെ ചിരിച്ചു നിൽക്കാൻ അത്രയും സന്തോഷം മഹാത്മാവിന് ജീവിതത്തിൽ എന്തായിരുന്നെന്ന് അപ്പോഴൊക്കെ ആലോചിയ്ക്കാറുണ്ടായിരുന്നെന്ന്!

വൃദ്ധസദങ്ങളോട് ചേർന്നുള്ള പ്രീസ്‌കൂളുകളെക്കുറിച്ച്, മുത്തശ്ശിക്കഥകളൂം കരുതലുകളും കുട്ടികുസൃതികളും കൗതുകങ്ങളും കലർന്ന തറവാട് പോലെയാകുമതെന്ന്, വിശ്രമിയ്ക്കാൻ അങ്ങനെയൊരിടം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ..
    
വിഷാദരോഗികളെ സുഖപ്പെടുത്താൻ  അവരെ പ്രചോദിപ്പിയ്ക്കുന്ന അനുഭവങ്ങൾ, ഓർമ്മകളുടെ രൂപത്തിൽ തലച്ചോറിലേക്ക്  കൃത്രിമമായ് രേഖപ്പെടുത്തുന്ന ഗവേഷണത്തെക്കുറിച്ച്  വായിച്ചുവെന്ന്.. നാം ജീവിതത്തിൽ ചെയ്യേണ്ടതും അതാണെന്ന്..    ആത്മവിശ്വാസം തരുന്ന, സ്നേഹം നിറഞ്ഞ അനുഭവങ്ങൾ മാത്രമെന്ന് ഓർമ്മകളെ ക്രമപ്പെടുത്തുകയാണ് വേണ്ടതെന്ന്...
  
സങ്കടങ്ങൾക്ക്, മത്സരങ്ങൾക്ക്, താരതമ്യങ്ങൾക്ക് വീതം വയ്ക്കാനുള്ളതാണ് ആയുസ്സ് എങ്കിൽ വാർധക്യത്തിന് മുൻപ്, ഒരാളത് എത്രവട്ടം പരീക്ഷിച്ചു  കഴിഞ്ഞിരിയ്ക്കുന്നു എന്ന്..

കണ്ണുകളിലെ വെളിച്ചം കെടുത്തി വെച്ച് കാവൽ നിൽക്കേണ്ട ഒന്നല്ല ജീവിതം എന്ന്...

എത്ര രസകരമായിരുന്നു അമ്മയുടെ ചിന്തകൾ.
എത്ര മനോഹരമാണ് അമ്മയുടെ വാക്കുകൾ

അക്ബർ അങ്കിളിന്  അമ്മ അയച്ച സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെ:

'സീമ ബാംഗ്ലൂരിൽ ഒരു വീട് കൂടി പുതുതായ് എടുക്കാൻ പ്ലാനുണ്ടെന്ന് പറയുന്നു. അവൾ അമേരിക്കയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നത് തന്നെ വല്ലപ്പോഴുമാണ്. ഇപ്പോൾ തന്നെ അവൾക്ക് നാട്ടിലും ബാംഗ്ലൂരിലും വീടുകൾ ഉണ്ട്. അടച്ചിട്ട വലിയ വീടുകൾ. കെയർ ടെയ്കർ  വന്ന് വല്ലപ്പോഴും വൃത്തിയാക്കി വയ്ക്കും.  ലേഖയുടെ വീടും ഇങ്ങനെ തന്നെ. നിറയെ മുറികളുള്ള അടച്ചിട്ട വീട്. അവർ അബുദാബിയിൽ നിന്ന് വർഷത്തിൽ ഒരു തവണ വരും. അറുപത് ദിവസത്തേയ്ക്ക്. ഞാൻ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീട്ടിലും നിറയെ മുറികളുണ്ട്. എന്നെങ്കിലും ലേഖയും സീമയും പ്രിയയും അവരുടെയൊക്കെ കുടുംബവും ഒന്നിച്ചു വരുമെന്ന് കരുതി കാത്തിരിയ്ക്കുന്ന വലിയ വീട്. ഇങ്ങനെ എത്രയെത്ര കെട്ടിടങ്ങളാണ് ഈ മണ്ണിൽ ! എത്രയെത്ര മരങ്ങളും ചെടിപ്പടർപ്പുകളും കിളികളും വളരേണ്ടയിടമാണ്  ഇതൊക്കെ! 

മനിലയിലെ നോർത്ത് സെമിത്തേരി, ആറായിരത്തോളം ആളുകൾ പാർക്കുന്ന ഇടമായി മാറിയെന്ന വാർത്ത കണ്ടപ്പോൾ ഞാൻ ഈ അടച്ചിട്ട മുറികളെക്കുറിച്ചു, വലിയ വീടുകളെക്കുറിച്ചെല്ലാം ഓർത്തു പോയി.മറ്റൊരിടവും താമസിയ്ക്കാനില്ലാത്തതുകൊണ്ട് ഉണ്ടും ഉറങ്ങിയും കുഞ്ഞുങ്ങളെ വളർത്തിയും ഒരു തെരുവിലെന്നതുപോലെ, വർഷങ്ങളായി മരിച്ചവരുറങ്ങുന്ന മാർബിൾ കല്ലറയ്ക്കു മുകളിൽ വീട് വെച്ചു പാർക്കുന്നു.അവിടത്തന്നെ ജനിച്ചു, വളർന്നു വലുതായവർ- അത്രയും വർഷങ്ങൾ!ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും അദ്‌ഭുതമായിരിയ്ക്കുന്നത് അതിലെ ജീവിതങ്ങളുടെ വൈവിധ്യമാണ്!മനുഷ്യരന്വേഷിയ്ക്കുന്ന സൗഭാഗ്യങ്ങളിലെ ചേർച്ചക്കുറവുകളാണ് !'ഞങ്ങളോടൊരിയ്ക്കലും ഒരുപാടേറെയൊന്നും അമ്മ സംസാരിയ്ക്കാറെ ഉണ്ടായിരുന്നില്ല. ഇവിടെ, ഫോണിലൂടെ, അമ്മ എല്ലാവരോടും നിർത്താതെ മിണ്ടിക്കൊണ്ടിരിയ്ക്കുന്നു. അമ്മയ്ക്ക് കേൾക്കാണെന്നവണ്ണം അവിടെ വിശേഷങ്ങൾ നിറയുന്നു.

ഒരേ പ്രായത്തിലുള്ളവർ, മുത്തശ്ശന്മാരും മുത്തശ്ശിമാരും. എത്ര വിശേഷങ്ങളാണ് ഓരോരുത്തർക്കും പറയാനുള്ളത്! എത്രയെത്ര ഓർമ്മകളും ആകുലതകളും പ്രതീക്ഷകളും! എത്രയെത്ര പ്രാർത്ഥനകൾ! പങ്കുവയ്ക്കലുകൾ, കരുതലുകൾ!!
ക്ലാസ് മുറികളിലെന്നതുപോലെ ദിനം തോറുമുള്ള വിശേഷം പറച്ചിലുകൾ. കളിയാക്കലുകൾ, കുസൃതികൾ, പരിഭവം പറച്ചിലുകൾ, കാത്തിരിപ്പുകൾ! അപ്രതീക്ഷിതമായ തിരിച്ചുവരവുകൾ!!

ഫോണിലൂടെ  സ്നേഹവും കരുതലും ഓർമ്മകളും നിറഞ്ഞ ഒരു ജീവിതം  അവർ ക്രമപ്പെടുത്തുകയായിരുന്നു എന്ന് തോന്നുന്നു. അവസാനിയ്ക്കാത്ത തിരക്കുകളെക്കുറിച്ചു മാത്രം പറയാനുള്ള പ്രിയപ്പെട്ടവരുടെ അസാന്നിധ്യത്തെ; ആരും കൂടെയില്ലെന്ന, ഇനിയൊന്നും ചെയ്യാനില്ലെന്ന മടുപ്പിനെ ഇങ്ങനെയാവണം അവരിൽ പലരും പ്രതിരോധിച്ചത്!ഒരുപക്ഷേ ഒന്നും ചെയ്യാനില്ലെന്ന തോന്നലിൽ ക്ഷയിച്ചു പോയേക്കാവുന്ന ഓർമ്മകോശങ്ങൾ, ജീവൻ പിടിച്ചു നിർത്തിയത് ഇങ്ങനെയാവാം.

ചില സന്ദേശങ്ങൾ കാണുമ്പോൾ തോന്നുന്നു ഇവർക്ക് വേണ്ടിയാണ് അമ്മ പച്ചക്കറിത്തോട്ടം നനച്ചതെന്ന്. ഈന്തപ്പഴം അച്ചാറിട്ടതും വാഴയിലയിൽ പൊതിഞ്ഞു മത്തി മണമില്ലാത്ത വറുത്തതെന്നും! ഇവരോടൊപ്പം വിശേഷങ്ങൾ പങ്കിടാനാണ് ഓൺലൈൻ ന്യൂസ് പേപ്പറുകൾ എന്നും വായിച്ചതും വിവരങ്ങൾ ഓർത്തുവെച്ചതും. 

വളരെക്കാലത്തിനു ശേഷം അമ്മ  പൊട്ടു വെച്ചതും, ചിരിച്ചതും  ചുവന്ന കരയും, ചുവന്ന പൂക്കളുമുള്ള വോയിൽ സാരി കഞ്ഞിവെള്ളം മുക്കി വിരിച്ചിട്ടതും!

അമ്മയുടെ ഫോണിൽ ഇനിയുമേറെ ചെയ്യാനുണ്ടായിരുന്നെന്ന് റിമൈൻഡറുകൾ നിർദേശിയ്ക്കുന്നു.

ചേച്ചിമാരോട് ഇതൊക്കെ പറയണോ എന്ന് ഞാൻ ആലോചിച്ചു.
'വേണ്ട'  എന്ന് അമ്മ മനസ്സിലിരുന്ന് പറഞ്ഞു:
'ചിലർ അങ്ങനെയാണ്; സ്നേഹത്തിനു വേണ്ടി വഴക്കു കൂടും.. ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്- സ്നേഹം കിട്ടാൻ വഴക്കു കൂടുക! വഴക്ക് കൂടുന്നവരെ സ്നേഹിയ്ക്കാൻ ആർക്കാണ് കഴിയുക! അവരുടെ കലഹം അവസാനിപ്പിയ്ക്കാൻ, സ്നേഹമെന്ന ഭാവത്തിൽ ചില സൗജന്യങ്ങൾ അനുവദിച്ചു കൊടുക്കാം എന്നല്ലാതെ!'

ഈ നിമിഷം, 'ഓൺലൈൻ'ആയി അമ്മയെ കാണിയ്ക്കുന്ന ഫോണിലേക്ക്   ഭാഗി എന്ന അമ്മയുടെ കൂട്ടുകാരിയുടെ സന്ദേശം:

"ഇതുപോലെ എപ്പോഴും ഓൺലൈനായിട്ടിരിക്കൂ,സുമീ... നിനക്ക് അയക്കുന്ന മെസ്സേജുകളിൽ നീല നിറത്തിലുള്ള രണ്ട് ശരികൾ എപ്പോഴും കാണണം.-ഞങ്ങൾ അയക്കുന്ന മെസ്സേജുകൾ നിനക്കു കിട്ടിയെന്നും നീ വായിച്ചെന്നും ഉറപ്പുവരുത്തുന്ന രണ്ട് നീല ടിക് മാർക്കുകൾ!  ഞങ്ങൾക്ക് അത് തരുന്ന ധൈര്യം ഒരുപാടേറെയാണ്! "

ഭാഗിയ്ക്ക് ഒരു മറുപടി അയക്കണം.
എന്റെ മനസ്സിലിരുന്ന് അമ്മ, ഒരു സ്മൈലി തിരയുന്നുണ്ട്.   


****************************************************************
സമർപ്പണം:

പ്രിയപ്പെട്ട ഒരാൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാൻ പോലും അനുവാദമില്ലാതെ, വിരസമായ പൂർണ്ണവിശ്രമത്തിന്റെ തടവ് അനുഷ്‍ഠിയ്ക്കുന്ന എൺപത് കഴിഞ്ഞ ഒരമ്മയ്ക്ക് (അവരുടെ കണ്ണിലെ സങ്കടക്കടലിനും കവിളിലേക്ക് പടർന്ന വിഷാദത്തിന്റെ മഷിക്കറുപ്പിനും).. നാല്പത്തിയഞ്ച് വർഷങ്ങളായി കടന്നുപോകുന്ന ദൈനദിന ജോലികൾക്കിടയിൽ ഫെയ്‌സ്‌ബുക്കോ വാട്സപ്പോ നോക്കുന്നതാണ് മീൻ കറിയിൽ ഉപ്പ് കൂടുന്നതിന്റെ, ഉള്ളി കരിഞ്ഞു പോകുന്നതിന്റെ കാരണമാകുന്നതെന്ന് ശകാരം കിട്ടുന്ന എഴുപത് കഴിഞ്ഞ ഒരമ്മയ്ക്ക്.. ഫെയ്‌സ്ബുക്കും  വാട്സപ്പും ജീവിതത്തിന്റെ ഭാഗമായ അനേകം മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും..

ഈ കൗതുകങ്ങൾക്കെല്ലാം  മുൻപേ മരിച്ചു പോയ ഒരമ്മയ്ക്ക്.. 

No comments:

Post a Comment