Wednesday, November 1, 2017

ആയിരം വർഷങ്ങൾ!!

"പ്രണയത്തിൽ ഞാൻ ഏകാഗ്രനായിരുന്നു;
അവളോട് ചേർന്നിരിയ്ക്കുമ്പോഴെല്ലാം ഞാൻ 
ദൈവത്തേയും  കേട്ടു;
അന്നേരങ്ങളിൽ, 
അവനു പറയാൻ ഏറെയുണ്ടായിരുന്നു."

'ദൈവം നിന്നേയും അന്വേഷിയ്ക്കുന്നു' എന്ന  കവിതാപുസ്തകത്തിലേതാണ് ഈ വരികൾ. 


എനിയ്ക്ക്, വിശ്വവിഖ്യാതമായ പ്രണയകാവ്യങ്ങൾ ഒന്നും വായിച്ചിട്ടില്ലാത്ത എനിയ്ക്ക്, എന്നോട് പ്രണയം പറഞ്ഞവളോടായ് പറയാൻ മനസ്സിൽ തോന്നുന്ന ഏറ്റവും സാധാരണമായ വാക്കുകൾ പോലും മനോഹരമായ പ്രണയഗീതങ്ങളായ് മാറിപ്പോകാറുള്ള എനിയ്ക്ക്, എന്റെ പ്രിയപ്പെട്ടവൾ തന്നതായിരുന്നു ബാബയുടെ കവിതാപുസ്തകം. 


ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള നൂറോളം കവിതകൾ. പ്രണയവും ദൈവവും - ഒരേ അനുഭവത്തിന്റെ രണ്ട് പേരുകൾ പോലെ, എത്രയറിഞ്ഞാലും പറഞ്ഞാലും കൊതി തീരാത്ത പോലെ.

അവളുടെ മുത്തശ്ശൻ ഏതോ പഴയ പുസ്തകത്തിൽ നിന്ന് പകർത്തിയെഴുതിവെച്ചതായിരുന്നു അതിലെ വാക്കുകൾ. എനിക്കു വേണ്ടി അവളത് ഒരു പുതിയ പുസ്തകത്തിലേക്ക്, അവളുടെ മണമുള്ള ഡയറിയിലേക്ക്, എഴുതിയെടുത്തു.

ബാബാ ആയിരം വർഷങ്ങൾക്ക് മുൻപേ അവളോട് ചോദിയ്ക്കുന്നു:


"നീ കരുതുന്നുണ്ടോ 
ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?
നീ കരുതുന്നുണ്ടോ 
ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന്?
നീ കരുതുന്നുണ്ടോ 
ഓരോ തവണയും നാം ജനിച്ചത് 
ഓരോതരം പ്രാണികളായിട്ടാണെന്ന്?

ഒരിയ്ക്കലുമില്ല;
വാക്കുകൾക്കിടയിലാണ് നാം
ഓരോ തവണയും 
കണ്ടുമുട്ടാറുള്ളത്.
ഇത്തവണ അതിങ്ങനെയല്ലെന്ന് 
ആർക്കുറപ്പിയ്ക്കാൻ കഴിയും!"

രാത്രികളിൽ ആ കവിതാപുസ്തകം മറിച്ചു നോക്കും.  എല്ലാവരും ദൈവത്തെ തേടിയലഞ്ഞപ്പോൾ  തന്നെ തിരഞ്ഞെത്തുന്ന ദൈവത്തിനു വേണ്ടി എന്നും സ്വയം ഒരുങ്ങി കാത്തുനിന്നവൻ.
ഏറ്റവും സാധാരണമായ ജീവിതത്തിൽ, അസാധാരണമായ് ദൈവത്തെ അനുഭവിച്ചവൻ; താൻ ആ അനുഭവങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് നന്ദിയോടെ അറിഞ്ഞവൻ; ഓരോ നിമിഷവും താഴ്മയോടെ ആ വിസ്മയങ്ങളെ കാത്തുനിന്നവൻ! ക്രമമില്ലാത്ത ഒരു ആൾകൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിലിരുന്നും തന്റെ ഗാനം ശ്രുതിമധുരമായ് പാടി മുഴുമിപ്പിച്ചു നടന്നു പോയ ഒരാൾ.

"മരണമോ?
അല്ല; ജീവിതമാണ്
ദൈവവുമായ് ചേരാൻ
ഏറ്റവും മികച്ച സമയം.
എന്റെ മരണശേഷം അവനും
ഏകാകി ആകുന്നുവല്ലോ!"

- എന്താവും ബാബയെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്? 
വർഷങ്ങളായി അദ്ദേഹം ഉറങ്ങുന്നത് എവിടെയായിരിക്കും? 
ചില ചോദ്യങ്ങൾ മനസ്സിൽ വരും.


അങ്ങനെയിരിക്കെ ചരിത്രം ബാബയുടെ കഥകൾ അടയാളപ്പെടുത്തിയ ദേശത്തേയ്ക്ക് ഒരു യാത്ര തരപ്പെട്ടു. മണ്ണോട് ചേർന്നുനിൽക്കുന്ന  തന്റെ പ്രാചീനതകൾ പങ്കിടാൻ കിഴവൻ ഒരുപക്ഷേ ക്ഷണിച്ചതുമാകാം.

അതുകൊണ്ട് കൃത്യമായ സഞ്ചാരപഥങ്ങൾ നിശ്ചയിച്ചിരുന്നില്ല യാത്രയ്ക്ക്. ഏതിന്റെയൊക്കെയോ ഒപ്പം നടന്നു. ആരുടെയൊക്കെയോ യാത്രകളുടെ ഭാഗമായ്. കഥകൾ പങ്കിട്ടു.' എഴുതിക്കഴിഞ്ഞ വാക്കുകൾ ചേർത്ത് വയ്ക്കാൻ പറ്റിയ ഇടങ്ങളിൽ എത്തിച്ചേരുകയല്ല '; ബാബാ മനസ്സിലിരുന്ന് പറയുന്നത് പോലെ തോന്നി: 'എത്തിച്ചേരുന്ന ഇടങ്ങൾക്ക് പറയാനുള്ളതെല്ലാം കേൾക്കുക. എല്ലാ കഥകളും എല്ലാ മനുഷ്യരുടെയും ആകണമെന്നില്ല. അതിൽ ചിലത് എന്റേത് കൂടിയാകും. നീയത് അറിയാതെ പോകില്ല.'

ചിലതെല്ലാം സാധാരണമായ കാഴ്ചകളായിരുന്നു. എല്ലാവരും ഒരേ കാഴ്ചകൾ അല്ല കാണുക എന്നിരുന്നാലും പുതുമകൾ അവകാശപ്പെടാനില്ലാത്തത്. തിരക്കു പിടിച്ച ഗലികൾ, വില്പനശാലകൾ, പ്രാർത്ഥനാലയങ്ങൾ, ശവകുടീരങ്ങൾ, സംഗീതസഭകൾ, ആൾക്കൂട്ടം, ആചാരങ്ങൾ, ആഘോഷങ്ങൾ. കാലങ്ങളായ് ആളുകൾ വാക്കുകളിലേയ്ക്കും ക്യാമറകളിലേയ്ക്കും പകർത്തിക്കഴിഞ്ഞതാണീ ചിത്രങ്ങൾ. പലയിടത്തും, കഥകൾ പൂർണ്ണമായി അറിയാൻ കഴിഞ്ഞവരല്ല അത് പങ്കുവയ്ക്കാൻ തല്പരരാകുന്നത് എന്നും തോന്നി. പലയിടങ്ങളിലും കച്ചവടമാണ് മുഖ്യം. എന്തും വിൽക്കാൻ കഴിയുന്നു! എവിടെയും കെട്ടിയിടാൻ കഴിയുന്നു ആഗ്രഹങ്ങളുടെ ചരടുകൾ. എത്ര കുരുക്കുകളാണ് അവയിലോരോന്നിലും!!

ബാബാ ഉറങ്ങുന്നത് ഇവിടെയൊന്നും ആവില്ലെന്ന് ഉറപ്പിച്ചു. 
ഒരാൾ വന്നുകയറും, അവിടെയ്ക്കുള്ള മേൽ വിലാസവുമായ്; അതുവരെ കാത്തിരിയ്ക്കുക. ഞാൻ മനസ്സിലുറപ്പിച്ചു. 
ദൈവത്തെ കാത്തിരുന്നവനെ അന്വേഷിയ്ക്കുമ്പോൾ അല്ലെങ്കിലും തിരക്കുകൂട്ടുന്നത് എന്തിന്?

ചില നേരങ്ങളിൽ ഒരാൾ നമ്മുടെ അരികിലേക്ക് വരും.
ഒരു പക്ഷേ തികച്ചും അപരിചിതനായ ഒരാൾ.
ഇനിയൊരിയ്ക്കലും കണ്ടുമുട്ടാൻ ഒരു സാധ്യതയുമില്ലാത്ത ഒരാൾ.
ചിലപ്പോൾ കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് കൂട്ടിരിയ്ക്കാൻ വന്നവരാകും.
മറ്റുചിലപ്പോൾ എന്നും കണ്ടുമുട്ടുന്ന ആളുകളിൽ ഒരാളായിരിക്കും അത്.
പലപല കാര്യങ്ങൾ, പലപ്പോഴായി ഇതിനു മുൻപും നമ്മോട് പറഞ്ഞിട്ടുള്ള ഒരാൾ.
ചിലപ്പോൾ എന്നും ഒന്നും മിണ്ടാതെ നമ്മെ കടന്നു പോകുന്ന ഒരാൾ.
ആ ഒരാൾ നമ്മുടെ അടുത്തെത്തും.
ചിലതറിയാൻ നമുക്ക് സമയമാകുമ്പോൾ,
അത് സ്വീകരിയ്ക്കാൻ നാം സന്നദ്ധരായിരിക്കുമ്പോൾ, 
അത്ര കൃത്യമായ് നമ്മിലേക്കത് പകരാൻ 
നമ്മെ അന്വേഷിച്ചവരെത്തും.

എന്റെ മുന്നിൽ അങ്ങനെ വന്നു നിന്നയാൾ ഒരു സൈക്കിൾ റിക്ഷാക്കാരനായിരുന്നു. മുൻപ് രണ്ട് മൂന്ന് തവണ അയാൾക്കൊപ്പം സവാരി ചെയ്തിട്ടുണ്ട്. ബാബയെക്കുറിച്ചു അയാളോട് അന്വേഷിച്ചിട്ടുമുണ്ട്. അന്നൊന്നും മറുപടിയില്ലാതിരുന്നയാൾ അന്ന്, ഞാൻ വിളിയ്കാതെ തന്നെ എന്റെ മുന്നിലെത്തുകയായിരുന്നു; എനിയ്ക്കു പോകേണ്ട സ്ഥലത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്.


വിചാരിച്ചത് പോലെയൊരിടത്ത് തന്നെയായിരുന്നു ബാബയുടെ ഉറക്കവും. ചെറിയ ചെറിയ കെട്ടിടങ്ങൾക്കിടയിൽ. അശ്രദ്ധമായ്, എന്നാൽ വൃത്തിയോടെ. മൈലാഞ്ചി ചെടികളിൽ നിന്ന്  ഇലകൾ കൊഴിഞ്ഞു വീഴാവുന്ന ഒരിടത്ത്. പെയ്യുമ്പോൾ മഴത്തുള്ളികൾ നിറയാവുന്നൊരിടത്ത്. 
അതെന്നും വൃത്തിയാകാൻ വന്ന സ്ത്രീ പറഞ്ഞു: അവരുടെ കുടുംബം കാലങ്ങളായ് അത് ചെയ്തുപോരുന്നു. അതിൽ കൂടുതലൊന്നും അറിയില്ല.


മടങ്ങുമ്പോൾ റിക്ഷാക്കാരൻ മൂളി:

"ദുഖമോ?
ദൈവമേ,
നീ അടുത്തു വരുന്നില്ലല്ലോ എന്നതല്ല ദുഃഖം.
അടുത്തു ചേർന്നിരുന്നിട്ടും 
അതറിയാതെ പോകുന്നത് ദുഃഖം.
അത് നിന്നേയും സങ്കടപ്പെടുത്തുന്നുവല്ലോ
എന്നത് ദുഃഖം."

അയാൾ, 'ദാദ' എന്ന് വിളിച്ചുകൊണ്ട് കയറിച്ചെന്ന വീട്ടിൽ എന്നെ കൊണ്ടുചെന്നാക്കി റിക്ഷാക്കാരൻ മടങ്ങി.

ദാദ എന്നെ കാത്തിരുന്നത് പോലെ സ്വീകരിച്ചു. കുളിച്ചുവന്ന് ഭക്ഷണം ഒരുമിച്ചു കഴിയ്ക്കാമെന്ന് ക്ഷണിച്ചു. പതിനാല് - പതിഞ്ചു വയസ്സുള്ള പെൺകുട്ടി അവളുടെ രണ്ട് അനുജന്മാർക്കും മുത്തശ്ശനും എനിയ്ക്കും ഭക്ഷണം വിളമ്പി. കഴിയ്ക്കുന്നതു മുൻപ് അവർ പ്രാർത്ഥിച്ചു. അവരുടെ പ്രാർത്ഥന എന്താണെന്നോർത്ത് ഞാൻ കണ്ണടച്ചിരുന്നു. അതായിരുന്നു എന്റെ പ്രാർത്ഥന.

ലളിതമായിരുന്നു ഭക്ഷണം. അതുകഴിഞ്ഞു മധുരവും പുളിയും ചേർന്നു നിന്ന എന്തോ ഒന്ന് കഴിയ്ക്കാൻ തന്നു. അത് കഴിച്ചു കൊണ്ട് പുറത്തിരുന്ന എന്റെ അടുത്ത് കുട്ടികൾ കളിയ്ക്കാൻ വന്നു. സംഭാഷണത്തിനിടെ കൗതുകത്തിന്, ആഹാരത്തിനു മുൻപ് അവർ  പ്രാർത്ഥിച്ചത് എന്താണെന്ന് ചോദിച്ചു. അവർ അതിനു പറഞ്ഞ മറുപടി എനിയ്ക്കു വ്യക്തമായില്ല. അത് കേട്ട് വന്ന മൂത്ത പെൺകുട്ടി പറഞ്ഞു: ' ആഹാരം വിളമ്പുമ്പോൾ അത് വിളയിച്ച കർഷകന്റെ വീട്ടിൽ കുഞ്ഞുങ്ങൾ വിശന്നുറങ്ങേണ്ടി വരരുതേ എന്ന് പ്രാർത്ഥിയ്‌ക്കാൻ അബ്ബാ എന്നും പറയും.'

ഒരു പിടച്ചൽ ഞാനനുഭവിച്ചു. 
ഒരിയ്ക്കലും ഓർക്കുക പോലും ചെയ്യാത്തൊരു പ്രാർത്ഥന.

പുറത്തിട്ട  ബെഞ്ചുകളിലൊന്നിൽ കിടന്ന് ഉറങ്ങാം എന്ന് പറഞ്ഞപ്പോൾ ദാദ സമ്മതിച്ചു. ഞാനതേ ചെയ്യുമായിരുന്നുള്ളൂ എന്നദ്ദേഹം പ്രതീക്ഷിച്ചത് പോലെ. ഉയരമുള്ള ഒരിടത്തായിരുന്നു അവരുടെ വീട്. ചുറ്റിലുമുള്ള വീടുകൾ നിരനിരയായ് കാണാം. മിതമായ് മാത്രം വിളക്കുകൾ കത്തിച്ചു വെച്ച വീടുകൾ. ശാന്തമായിരുന്നു അവിടെ നിറഞ്ഞു നിന്ന വായു. 


കണ്ണടച്ചു കിടന്നു.നക്ഷത്രങ്ങൾ കോർത്തുവെച്ച ഒരു രാത്രിയിൽ, വിളക്കുകളെല്ലാം കെടുത്തിവെച്ച്  ഒരു ദേശം മുഴുവൻ  ഉറങ്ങിപ്പോയ നേരത്ത്, ഒരു വശം ചരിഞ്ഞു അലസമായ് കിടക്കുന്ന പെണ്ണിന്റെ വിരലുപോലെ കായലിലേക്ക് നീണ്ടു കിടന്ന മൺതിട്ടകളിൽ ഒന്നിലിരുന്ന്, അവൾ തന്റെ പ്രിയപ്പെട്ടവനോട് ഇങ്ങനെ ചോദിച്ചു:

"ഈ ഭൂമിയിൽ,

മറ്റൊന്നും ഇല്ലാത്തതു പോലെ
മറ്റൊരറിവും നേടാനില്ലാത്തതുപോലെ
നാം ഇരുവരല്ലാതെ,
മറ്റൊരാളുമില്ലാത്തതു പോലെ
നാം 
പ്രണയത്തെക്കുറിച്ച് മാത്രം
പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്
എന്തുകൊണ്ടാണ്? "

കുസൃതി നിറഞ്ഞ വലിയ കണ്ണുകളായിരുന്നു,അവളുടേത്. 
അവന്റേത് പീലികൾ നിറഞ്ഞു നനവൂറിയതും.

ആ ദേശത്ത് ഏറ്റവും നന്നായ് മൈലാഞ്ചി ചിത്രങ്ങൾ വരയ്ക്കാൻ അറിയുന്നവളായിരുന്നു അവൾ. അവൾക്ക് മൈലാഞ്ചിയുടെ മണമായിരുന്നു. അവന് സുഗന്ധം ചാലിച്ച മഷിയുടെ ഗന്ധവും. പല ദേശങ്ങളിൽ അവന്റെ വാക്കുകൾ നിറഞ്ഞു. ഉത്സാഹം നിറഞ്ഞതായിരുന്നു അവന്റെ ശബ്ദം. ആളുകൾക്കെല്ലാം പ്രിയമേറിയതും.


അവൻ മുടി വളർത്തി അലസമായ് നീട്ടിയിട്ടു. അവൾ,  കഴുത്തിൽ അവന്റെ ഇടംകൈ അണിഞ്ഞു. അവളുടെ കാലിൽ, നേർത്ത കൊലുസുകളിൽ അവൻ കാൽവിരലുകൾ കോർത്തു കിടന്നു.
അവളുടെ മുടിപോലെ, അവളിലേക്ക് നീണ്ടു കിടന്ന അവന്റെ മുഖരോമങ്ങളിൽ, അവളുടെ വിരലുകൾ മീനുകളാകവേ, മൃദുവായ ഒരു സംഗീതോപകരണം പോലെ അവളെ തന്റെ വിരലുകൾക്കിടയിൽ ചേർത്തു നിർത്തി; അവൻ.


പിന്നീട്, 'ദൈവം നിന്നെയും അന്വേഷിയ്ക്കുന്നു' എന്ന കവിത ചൊല്ലി:


"ആളുകൾ അറിയാനാഗ്രഹിയ്ക്കുന്നു:
ഞാൻ ഏതിന്റെ വിശ്വാസിയാണെന്ന്.
വിശ്വാസങ്ങളെ തിരഞ്ഞു പോകേണ്ടതില്ല.
എനിയ്ക്കത് എന്റെ ചിന്തകൾ തന്നെയാണ്.

എന്നെ തിരഞ്ഞെത്തുന്ന ദൈവം;
അവനെ സ്വീകരിയ്ക്കാൻ 
എന്നും സ്വയം ഒരുങ്ങി കാത്തിരിയ്ക്കുന്ന ഞാൻ.

അവനെ കാണാതെ പോകരുതെന്ന് കരുതി  
എന്റെയുള്ളിലേക്ക് എന്നും നോക്കിയിരുന്നു.
അവനെ കേൾക്കാതെ പോകരുതെന്ന് കരുതി 
ഞാനെന്റെ ഹൃദയത്തോട് 
എന്നും  ശാന്തമാകുവാൻ പറഞ്ഞു.
എന്നും എന്റെ വാക്കുകളെ തുടച്ചു വെച്ചു;
ദൈവത്തിന്റെ ഇരിപ്പിടമാണത്.

പ്രണയത്തിൽ ഞാൻ ഏകാഗ്രനായിരുന്നു;
അവളോട് ചേർന്നിരിയ്ക്കുമ്പോഴെല്ലാം 
ഞാൻ ദൈവത്തേയും  കേട്ടു;
അവനു പറയാൻ അന്നേരങ്ങളിൽ ഏറെയുണ്ടായിരുന്നു.
പ്രണയത്തിന്റെ സ്വരം ശ്രുതി മധുരമായിരുന്നു;
അന്നേരങ്ങളിൽ, ദൈവം പാടിക്കൊണ്ടേയിരുന്നു."

മുൻപും അവനത് ചൊല്ലിയിട്ടുണ്ട്; പലപല കാവ്യസദസ്സുകളിൽ, പല ദേശങ്ങളിൽ.  എന്നാൽ അന്ന്, അന്നുവരെ അപൂർണ്ണമായൊരു കവിതയായിരുന്നു അതെന്ന് ഓർമ്മിപ്പിയ്ക്കും മട്ടിൽ  അവൻ ഈ വരികൾ കൂടെ ചേർത്തു :

"ദൈവം ആരെയാണ് അന്വേഷിയ്ക്കാത്തത് ?

അവനെ സ്വീകരിച്ചു കഴിഞ്ഞ ഒരുവൻ,
അവനു പ്രിയപ്പെട്ട പ്രണയത്തെക്കുറിച്ചെല്ലാതെ 
പിന്നെ മറ്റെന്തിനെക്കുറിച്ച് പറയാൻ!
പ്രണയം: ദൈവത്തിന്റെ ദൈവം."

അവൾക്ക് മാത്രമുള്ളതായിരുന്നു അവസാനത്തെ വരികൾ. 


തലമുറകൾ കൈമാറേണ്ടുന്ന കവിതാപുസ്തകങ്ങളിൽ അതുണ്ടാകില്ല.
അപൂർണ്ണമായ് എഴുതിവെച്ച  കവിതയാവട്ടെ, അവസാനിയ്ക്കാത്തൊരു കാത്തിരിപ്പു പോലെ തോന്നിപ്പിയ്ക്കും. സാരമില്ല, കവിയ്‌ക്ക് അയാളുടെ പ്രണയിനിയോട് മാത്രമായ് ചിലത് പറയാനുണ്ട്.. 

- ഒരു പൂർവ്വസ്‌മൃതിയെന്ന കണക്കെ ഞാൻ കണ്ടുകൊണ്ടിരുന്നു..
'ഉറങ്ങിയില്ലേ?! ഉറങ്ങിയില്ലേ?!' എന്ന് ദാദ അടുത്തിരുന്ന് ചോദിയ്ക്കുന്നു.
'ഭൂമി മുഴുവൻ പ്രകാശം നിറയുന്നത് കണ്ടുകൊണ്ടിരിയ്ക്കുന്ന ഒരാൾക്ക് ഉറങ്ങാൻ കഴിയുന്നത് എങ്ങനെ?!' എന്ന്  അദ്ദേഹം തന്നെ മറുപടിയും പറയുന്നു.

അവൾ, 
എനിയ്ക്കു വേണ്ടി കവിതാപുസ്തകം പകർത്തിയെഴുതിയവൾ,
അടുത്തുണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായിരുന്നു:

നീ കരുതുന്നുണ്ടോ 
ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?
നീ കരുതുന്നുണ്ടോ 
ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന് ?
നീ കരുതുന്നുണ്ടോ 
ഇത്തവണ അതിങ്ങനെയല്ലെന്ന് ?
നീയും ഞാനുമല്ലെന്ന് !

അല്ലെങ്കിൽ "അവൾ അടുത്തുണ്ടായിരുന്നെങ്കിൽ" എന്ന് എന്തിനാണ് പറഞ്ഞത് ?!!!
അവൾ എപ്പോഴാണ് അടുത്തില്ലാതെയിരിക്കുന്നത്!
:-)

No comments:

Post a Comment