Tuesday, October 24, 2017

മഴു

ഉണ്ണിയേട്ടന് എപ്പോഴും ഒരുപാട് സംസാരിച്ചു കൊണ്ടിരിയ്ക്കണം. ഓഫീസ് വിട്ട് വീട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ, അന്ന് കണ്ടുമുട്ടിയ ആരെയെങ്കിലും കുറിച്ച്, അല്ലെങ്കിൽ രസകരമായ ഏതെങ്കിലും ഫോൺ സംഭാഷണത്തെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച്, കൂടെ ജോലിചെയ്യുന്നവരെക്കുറിച്ച്, ബിസ്സിനസ്സിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.

കേൾക്കാൻ എനിയ്ക്ക് ഇഷ്ടവുമാണ്. സ്പാനിഷ് കാരനായ അന്റോണിയയുടെ യാത്രകളെക്കുറിച്ച്, ഗ്രിഗറിയെന്ന റഷ്യക്കാരന്റെ സാഹസികതകളെക്കുറിച്ച്, അജിത് സിങ് എന്ന നേപ്പാളിയുടെ കൃഷിയിടത്തെക്കുറിച്ച്, അൽത്താഫ് എന്ന പാക്കിസ്ഥാനിയ്ക്ക് അയാളുടെ വീട്ടിലെത്താൻ ദിവസങ്ങളെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച്,  സർദാർ അയാളുടെ പാട്ടുകാരനാകാൻ ആഗ്രഹിയ്ക്കുന്ന മകനെ ബിസിനസ്സ് ചെയ്യാൻ പഠിപ്പിക്കുന്നതിനെക്കുറിച്ച്, എല്ലാം ഞാനറിയുന്നത് ഈ വർത്തമാനങ്ങളിൽ നിന്നാണ്.

പിന്നീട് ഒഴിവുസമയങ്ങളിൽ ഞാൻ ഗൂഗിളിൽ കേട്ടറിഞ്ഞ ദേശങ്ങളിലൂടെ, അതിന്റെ വർത്തമാനത്തിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രകൃതികളിലൂടെയും രുചികളിലൂടെയും അലസമായ് യാത്രകൾ നടത്തും. എന്റെയുള്ളിൽ ഒരു മനുഷ്യൻ അവന്റെ ജീവിതം കൊണ്ട് മാത്രമല്ല അടയാളങ്ങൾ ഉണ്ടാക്കുന്നത്; മറ്റനേകം അറിവുകളിലേക്കുള്ള സൂചകമാണ് ഓരോ ജീവിതവും. അതിനായുള്ള അന്വേഷണങ്ങൾ ആണ് എന്റെ ഒഴിവു സമയത്തെ സജീവമാക്കുന്നത്. അങ്ങനെയാണ് എനിയ്ക്ക് എന്റെ ജീവിതവും പ്രിയപ്പെട്ടതാകുന്നത്, വിരസതകൾ അകന്നു പോകുന്നതും.

പക്ഷേ, ഈയ്യിടെയായ് ഉണ്ണിയേട്ടന്റെ സമയമത്രയും  വാട്സ്ആപ്പ് സന്ദേശങ്ങൾ അപഹരിയ്ക്കുന്നു എന്ന പരാതിയാണ് എനിയ്ക്ക്. വാട്സ്ആപ്പ് ആണ് ഉണ്ണിയേട്ടന്റെ ഇപ്പോഴത്തെ പാഠപുസ്തകവും, വിനോദവും, ദിനപത്രവും, റഫറൻസ് ഗൈഡും!

തന്റെ പ്രിയപ്പെട്ട ഭരണാധികാരിയെക്കുറിച്ചോ, രാഷ്ട്രീയനേതാവിനെക്കുറിച്ചോ, മതവിശ്വാസങ്ങളെക്കുറിച്ചോ വരുന്ന സന്ദേശങ്ങൾക്ക്; ഒട്ടും ആധികാരികമല്ലാത്തതാണെങ്കിലും കൂടി അമിതമായ പ്രാധാന്യവും ശ്രദ്ധയും കൊടുക്കുന്നത്, അത് പങ്കിടുന്നത്, പ്രചോദനമായോ അസ്വസ്ഥതകളായോ മനസ്സിൽ കൊണ്ടു നടക്കുന്നത് ഇപ്പോൾ ഉണ്ണിയേട്ടന്റെ  ഒരു ശീലമായിരിക്കുന്നു.

മിക്ക ദിവസങ്ങളിലും വൈകുന്നേരത്തെ ചായയ്ക്കും വർത്തമാനങ്ങൾക്കും ചെന്നിരിയ്ക്കാറുള്ള റെസ്റ്ററന്റിലെ കൂട്ടുകാരനെക്കുറിച്ച് ഉണ്ണിയേട്ടൻ പറയാറുണ്ട്. ഞാൻ എത്ര ശ്രമിച്ചാലും  അയാൾ ഉണ്ടാക്കുന്ന ചായ പോലെ വരില്ലെന്ന് എപ്പോഴും പരാതിയാണ്. പതിവിലുമേറെ രുചിയോടെ കറികൾ ഉണ്ടാകുമ്പോൾ അതിലൊരു പങ്ക് അയാൾ ഉണ്ണിയേട്ടന് എടുത്തുവയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ 'പെങ്ങൾക്ക്' എന്നുപറഞ്ഞു എനിയ്ക്കായ് തന്നയക്കാറുമുണ്ട്.

അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഈയ്യിടെയായ് രൂക്ഷമാകുന്നുണ്ടോ എന്നാണെന്റെ ഇപ്പോഴത്തെ സംശയം. തന്റെ ആരാധനാപുരുഷനായ ഭരണാധികാരിയെ കൂട്ടുകാരൻ ഇത്രയേറെ അന്ധമായ് വിമർശിയ്ക്കുന്നത് അയാൾ മറ്റൊരു മതത്തിൽ പെട്ട ആളായതുകൊണ്ട് മാത്രമാണെന്ന് ഉണ്ണിയേട്ടനും പറയുന്നു. വാഗ്‌വാദങ്ങൾക്ക് കൃത്യത വരുത്തുവാൻ അവർ ചരിത്രാന്വേഷകരാകുന്നു. പൂർണ്ണമായ സങ്കീർണ്ണതകളോടെ ചരിത്രം മനസ്സിലാക്കുന്നത് തങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്താത്തതുകൊണ്ട് ചില കഥകളെ മാത്രം തിരഞ്ഞെടുക്കുന്നു.

അത് കേൾക്കുമ്പോൾ എന്തൊരു കഷ്ടമാണിതെന്ന് ഞാൻ എന്നോട് തന്നെ പിറുപിറുക്കും. 


വിദ്വേഷിയ്ക്കാൻ കാരണങ്ങൾ തിരയുന്നവൻ, പാഠപുസ്തകങ്ങളിലും, ശവകുടീരങ്ങളിലും, വിശപ്പിലും വൈദ്യത്തിലും അത് കണ്ടെത്തും. കല്ലെറിഞ്ഞു വീഴ്ത്തിയ കാട്ടുമൃഗത്തെ പങ്കിട്ടപ്പോഴും; വിത്ത് വിതച്ച നദിതീരങ്ങൾ, കൃഷിയിടങ്ങളായ് പകുത്തെടുത്തപ്പോഴും തുടങ്ങിയതാണ് മനുഷ്യർക്കിടയിൽ സ്നേഹിയ്ക്കാനും വിദ്വേഷിയ്ക്കാനുമുള്ള കാരണങ്ങൾ. അത് അവസാനിയ്ക്കുകയും ഇല്ല.

ഒന്നിച്ചു നിൽക്കാൻ അവന്    എത്ര കാരണങ്ങളുണ്ടായാലും മതിയാവില്ല; പരസ്പരം വെറുക്കാൻ ഒരൊറ്റ വാക്കു മതി.

ചരിത്രമെടുത്തണിയുമ്പോൾ മനുഷ്യൻ നഗ്നനാകുന്നു- അവന് അവന്റെ സ്വാർത്ഥതയെ, ഭോഗാസക്തികളെ ഒന്നുകൊണ്ടും മറച്ചു വയ്ക്കാനില്ലാതാകുന്നു. ആക്രമണങ്ങളിലും അധിനിവേശങ്ങളിലും പടയോട്ടങ്ങളിലും അത് മാത്രമേ ഉണ്ടായിട്ടുള്ളൂ- ചില മനുഷ്യരുടെ അധികാരമോഹവും സ്വാർത്ഥതയും. പരസ്പരം സംശയാലുക്കളാകാനും അകലം പാലിയ്ക്കാനും  വിദ്വേഷിയ്ക്കാനുമുള്ള വഴികളെല്ലാം പരീക്ഷിച്ചു കഴിഞ്ഞതാണ് മനുഷ്യൻ. നഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയാവുന്നില്ല എന്ന തിരിച്ചറിവിനും ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമേ ഉള്ളൂ എന്ന് തോന്നുന്നു. അല്ലെങ്കിൽ നാം അതേ പരീക്ഷണങ്ങളുടെ പുതിയ രീതികൾക്ക് വിധേയരാകേണ്ടി വരില്ലല്ലോ!

മനുഷ്യൻ എല്ലാകാലത്തും അവനവനു വേണ്ടി തന്നെയാണ് ജീവിച്ചത്. അതിന് കൂടെ നിൽക്കുമെന്ന് അവൻ കരുതുന്നവരെ ഒപ്പം കൊണ്ടുനടക്കുന്നു എന്ന് മാത്രം- അത് ദുർഭരണാധികാരികളെ ആയാലും സാധുജനങ്ങളെ ആയാലും; ശാസ്ത്രമായാലും അന്ധവിശ്വാസങ്ങളായാലും. അവന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്തെല്ലാമാണോ അവിടെയെല്ലാം  അവനൊരു പരാദം പോലെ പറ്റിപ്പിടിച്ചിരിയ്ക്കും. മറ്റൊന്നുകൊണ്ടും തങ്ങളോട്  ചേർന്ന് നിൽക്കില്ലെന്ന് ഉറപ്പുള്ള പ്രജകളെന്ന  മഹാഭൂരിപക്ഷത്തെ വശീകരിച്ചു  ഒപ്പം നിർത്താനുള്ള മാർഗ്ഗം മാത്രമായിരുന്നു എല്ലാകാലത്തും  മതത്തെക്കുറിച്ച്, വിശ്വാസങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ. ഇപ്പോഴും ആ കെണിയിലേക്ക് ഇരകളായ് കുരുങ്ങിക്കൊടുക്കുവാൻ ഒരുക്കമാണ് മിക്കവരും.  ഉണ്ണിയേട്ടൻ ചിലതൊക്കെ ആവേശത്തോടെ പറയുമ്പോൾ അത് ശരിയാണെന്ന് എനിയ്ക്ക് തോന്നും.

ചരിത്രം ചില സൂചകങ്ങൾ മാത്രമെന്ന് തോന്നിത്തുടങ്ങുമ്പോൾ,  ഒരാൾക്ക് ആരുടെയും പക്ഷം പിടിയ്ക്കാനാവില്ല. മനുഷ്യനെ മനസ്സിലാക്കുമ്പോൾ ശരി-തെറ്റുകളെന്ന്  ഒന്നിനേയും  വേർതിരിയ്ക്കാനാവില്ല. ജീവിതത്തെ സ്വീകരിയ്ക്കുമ്പോൾ, ജയപരാജയങ്ങൾ എന്ന് എളുപ്പം വിധി പറയാനുമാവില്ല. ശാസ്ത്രമറിയുന്നവന്, മനുഷ്യൻ ഇരുപത്തിമൂന്നു ജോഡി ക്രോമസോമുകളുള്ള ഒരു സ്‌പീഷിസ്‌ - ആകാശഗോളങ്ങൾ ഒന്നിലെ അന്വേഷണകുതുകിയായ ഒരു ജീവീവർഗ്ഗം. എന്നാൽ ഭൂഗുരുത്വം നിർവ്വചിയ്ക്കുന്ന അത്ര എളുപ്പത്തിൽ അവന് ഭൂമിയിലെ ജീവിതങ്ങളെ നിർവ്വചിയ്ക്കാൻ കഴിയില്ല. ജീവിതത്തിലെ അവസാനിയ്ക്കാത്ത അനിശ്ചിതത്വങ്ങളെ നിർണ്ണയിക്കാനാവില്ല. 

തങ്ങളിലെ അപൂർണ്ണതകളോട്, പരിമിതികളോട് കലഹം തോന്നുമ്പോൾ മനുഷ്യന് ചെന്നിരിയ്ക്കാൻ ഒരിടം വേണം. ഒരു പക്ഷേ മതങ്ങൾ ഉണ്ടായത് പോലും അങ്ങനെയാവണം. പലരുടെ ചിന്തകൾ, പരീക്ഷണങ്ങൾ, വാക്കുകൾ, ശീലങ്ങൾ!   പല ഭാഷകൾ ഉണ്ടായതുപോലെ, രുചികൾ വ്യത്യസ്തങ്ങളായയതുപോലെ. കൈവിട്ടുകളായാൻ തോന്നാത്ത, കാലങ്ങൾ പഴക്കമുള്ള അഭയകേന്ദ്രങ്ങൾ. മനുഷ്യന്റെ ചിന്തകളിലാണ് അതിന്റെ നിർമ്മിതി. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയാൻ കഴിയാത്ത, അതിരുകൾ നിശ്ചിയിക്കാൻ കഴിയാത്ത ഒരു 'ഇമാജിനറി സ്‌പേസ്'.  അതിനെയാണിങ്ങനെ ആദിമകാലം മുതൽ വീതം വെച്ചു കൊണ്ടിരിക്കുന്നത്! ഒരു മൃഗത്തിന്റെ പേര് കൊണ്ട് പോലും മുറിവ് പറ്റുന്ന മറ്റൊരു മൃഗം -മനുഷ്യൻ!

അഭയസ്ഥാനങ്ങൾ അധികാരം നിർണ്ണയിക്കുന്നിടങ്ങളായ് പരിണമിച്ചു പോകുന്നിടത്താണ് അപകടം. മനുഷ്യന്റെ നന്മകൾ ചേർത്തു വെച്ചു പണിതെടുത്ത പ്രസ്ഥാനങ്ങളിൽ പോലും ജനനായകർക്കു പകരം രാഷ്ട്രീയപുരോഹിതർ ഇടം പിടിയ്ക്കുകയും അവർക്ക് അന്ധരായ അനുയായിവൃന്ദങ്ങൾ സ്തുതിപാടുകയും ചെയ്യുന്നിടത്തോളം  മനുഷ്യന് അവനവനോട് തന്നെയുള്ള സമരങ്ങൾ അവസാനിയ്ക്കുന്നില്ല. അപ്പോൾ എത്ര സൗമ്യരാകാൻ ശ്രമിച്ചാലും പണ്ട് ചങ്ക് പൊട്ടിപ്പാടിയ തീപ്പാട്ടുകളിൽ വെന്ത് സ്വരം കടുത്തു പോകുന്നു. 

അവനെ ചേർത്തു നിർത്തുന്ന ഒന്നും ബാക്കിയാവുന്നില്ല. തങ്ങൾക്ക് അന്ധവിശ്വാസങ്ങളില്ലെന്ന ശാഠ്യം തന്നെ ഒരു അന്ധമായ വിശ്വാസമാണ്. മതഭ്രാന്തിനും രാഷ്ട്രീയസങ്കുചിതത്വത്തിനും സമാനമായൊരു സ്വഭാവമുണ്ട്. എല്ലാം കാണാനും അറിയാനും കഴിയുന്നുണ്ടെന്നൊരു തോന്നൽ, തന്റെ തോന്നലുകൾ മാത്രമാണ് ശരി എന്ന മറ്റൊരു തോന്നൽ ആ അന്ധതയ്ക്ക് തരാൻ കഴിയും. ഏകാധിപതികൾ പോലും തനിയെ രൂപപ്പെട്ട് വരികയില്ല. ഏകാധിപതികളാൽ ഭരിയ്ക്കപ്പെടാൻ ആഗ്രഹിയ്ക്കുന്ന ഒരാൾക്കൂട്ടത്തിൽ നിന്ന് അവരിലൊരാൾ തിരഞ്ഞെടുക്കപ്പെടുകയാണ്. ആ ആൾക്കൂട്ടത്തിലെ ഓരോരുത്തരിലുമുണ്ട് തന്റെ സ്വാർത്ഥതകളിൽ തൃപ്തിപ്പെടുന്ന ഒരു ഏകാധിപതി. അതുകൊണ്ടാണ്, ജനങ്ങളാണ് ജനങ്ങളെ ഭരിയ്ക്കുന്നത് എന്ന് കരുതുന്നയിടത്ത്   പോലും  കുഞ്ഞുങ്ങൾ  തീപ്പന്തങ്ങളായ് പച്ചയ്ക്ക് നിന്ന് കത്തുന്നത്. എന്നിട്ടും ആ തീപ്പൊരി  വ്യവസ്ഥിതിയേയും ചുട്ടുചാമ്പലാക്കാത്തത്. ചിലരിൽ മാത്രം അത് നീറിപ്പിടിയ്ക്കുന്നത്. നിസ്സഹായരാണെന്ന പൊള്ളൽ പാട് മാത്രം  ബാക്കിയാകുന്നത്. 

ശിക്ഷകൾ ഭയന്ന് പാലിയ്‌ക്കേണ്ടുന്ന ജീവിതക്രമമല്ല മനുഷ്യസ്നേഹം.

അറിവുള്ള അധ്യാപകർ, അവിവേകികളായ വിദ്യാർത്ഥികൾ, അവരുടെ പേരിലറിയപ്പെടുന്ന സ്‌കൂൾ, അവർക്ക് വേണ്ടി പണം മുടക്കാൻ തയ്യാറായ രക്ഷിതാക്കൾ, വിലയ്ക്ക് വാങ്ങാൻ കഴിയുന്ന വിധികർത്താക്കൾ, ഓരോന്നിനും വിധിയെഴുതുന്ന കാണികൾ -ഇവരെല്ലാം ചേർന്ന് നടത്തുന്ന യുവജനോത്സവം. ഒരു ദേശത്തിന്റെ ഭരണവ്യവസ്ഥയെ അങ്ങനെയൊന്നിനോട് ഉപമിയ്‌ക്കേണ്ടിവരുന്നത്  ആരുടെ ഗതികേടാണ്?! 

ദൈവങ്ങളെക്കുറിച്ച് പറയുന്നിടത്ത് മാത്രമാണോ അന്ധവിശ്വാസങ്ങളുണ്ടായിട്ടുള്ളത്? അല്ലെന്ന് ഞാൻ പറയും. അത് രാഷ്ട്രീയത്തിലുണ്ട്, അധികാരത്തിലുണ്ട്, കലകളിലുണ്ട്-  ദുർബലനായ ഒരുവനെതിരെ സംഘടിയ്ക്കാൻ കാരണമാകുന്ന, ഭയപ്പെടുത്തുന്ന വിഗ്രഹങ്ങൾ ഉള്ളിടത്തെല്ലാം അന്ധവിശ്വാസങ്ങളുമുണ്ട്; ഭയമുള്ളിടത്തെല്ലാം- അത് ജീവിച്ചിരിയ്ക്കുന്ന വിഗ്രഹങ്ങളാണെങ്കിലും മിത്തുകളിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്നതാണെങ്കിലും. 

ഒരു വീഡിയോ എഡിറ്റ് ചെയ്‌തെടുക്കുന്ന ലാഘവത്തോടെ , മനുഷ്യവംശത്തിന്റെ ചരിത്രം ചില സംഭവങ്ങളിലും വ്യക്തികളിലും മാത്രമൊതുക്കി പുനർനിർമ്മിയ്ക്കുമ്പോൾ, അത് അനായാസേന പങ്കിടുമ്പോൾ, അത് പരസ്പരം സംശയിക്കാനും വെറുക്കാനുമുള്ള കാരണങ്ങളാകുമ്പോൾ; കുറഞ്ഞ പക്ഷം കുട്ടികളെയെങ്കിലും കരുതലോടെ വളർത്തേണ്ടതുണ്ട്. പരസ്പരം വിദ്വേഷിയ്ക്കാൻ കാരണമാകുന്ന വിശ്വാസങ്ങളിൽ  രാകിമിനുക്കി, മൂർച്ച കൂട്ടി വയ്ക്കുന്ന വാക്കുകളിൽ തട്ടി  ഒരിയ്ക്കലും ഉണങ്ങാത്ത മുറിവുകളുണ്ടാവുക കുഞ്ഞുങ്ങളിലാണ്. ഭൂമിയിൽ അവസാനിയ്ക്കാത്ത ചോരപ്പുഴകൾ ഒഴുകിത്തുടങ്ങുന്നത് ഈ മുറിവുകളിൽ നിന്നാണ്. 

അജ്ഞതയേക്കാൾ, അറിവുള്ളവരുടെ സ്വാർത്ഥത അപകടം പിടിച്ചതാണ്. നിങ്ങളുടെ ശബ്ദം വേറിട്ട് കേൾക്കുന്നു എന്ന് തോന്നുന്നയിടത്ത്, അർത്ഥമില്ലാത്ത ആരവം മുഴക്കി അതിലെ വാക്കുകൾ ഓരോന്നും പൊട്ടിച്ചു കളയുന്ന ആൾക്കൂട്ടത്തിലെ ഓരോരുത്തരിലും ആ അപകടകാരിയുണ്ട്. നിർഭാഗ്യവശാൽ അവരുടെ ശബ്ദമാണ് മുഴങ്ങിക്കേൾക്കുന്നത്; അനുകരിയ്ക്കപ്പെടുന്നത്. ഓർത്തു വയ്‌ക്കേണ്ടതില്ലാത്ത വാക്കുകളാണ് പലവട്ടം ആവർത്തിയ്ക്കപ്പെടുന്നത്. വിവേകത്തോടെ സംസാരിയ്ക്കുന്നവർക്ക്  കേൾവിക്കാരെ കണ്ടെത്താൻ കഴിയാതെ വരുന്നു. വാക്കുകളിൽ പകുതിയാണ്, ചിലതിൽ ഏറെ ചേർത്താണ് കൈമാറുന്നത്. പങ്കിടാൻ പണം മുടക്കേണ്ടതില്ലാത്ത വാർത്താ കൈമാറ്റങ്ങളിൽ പുനരാലോചനകളില്ല. പ്രസക്തമാണോ പൂർണ്ണമാണോ എന്ന ചിന്തകൾ വരുന്നില്ല.  ഓരോ കാലവും അവരർഹിയ്ക്കുന്നത് മാത്രമേ കേൾക്കൂ. ചിലരൊക്കെ കാലത്തിന് പിൻപിലും മുൻപിലുമായ് നിശബ്ദരാക്കപ്പെടുന്നത് അതുകൊണ്ടാണ്.

അത്താഴത്തിനിടെ ഞങ്ങൾക്കിടയിലെ സംഭാഷണങ്ങൾ പോലും തുടങ്ങുന്നത് ഇങ്ങനെ ചില സന്ദേശങ്ങളെക്കുറിച്ചോ വീഡിയോ ക്ലിപ്പുകളെയോ വാർത്താശകലങ്ങളെയോ കുറിച്ച് പറഞ്ഞാണ്. ചിലതിലെല്ലാം മതത്തിന്റെ, വിശ്വാസങ്ങളുടെ, അകലങ്ങളുടെ താരതമ്യങ്ങളുടെ നിറം  പുരണ്ടിട്ടുണ്ടാകും. ഒരു കീടം, ഒരു മുഴുവൻ പ്രാണിവർഗ്ഗത്തെ പ്രതിനിധീകരിയ്ക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ചിലത്! നിരുപദ്രവമെന്ന് ഒറ്റനോട്ടത്തിൽ തോന്നും. അതിവിദഗ്ദമായ് വിഷം അളന്ന് ചേർത്തിട്ടുണ്ട് ആ സന്ദേശങ്ങളിൽ എന്ന്    നിക്ഷപക്ഷമതിയായ് നിൽക്കണമെന്ന് ആഗ്രഹിയ്ക്കുന്ന ഏതൊരാൾക്കും  മനസ്സിലാകും.

ഒരു സർവ്വവിജ്ഞാനകോശം പോലെ വാട്സ്ആപ്പ് സന്ദേശങ്ങൾ വീടുകളിലെത്തുന്നു. അച്ഛനമ്മമാരെ പഠിപ്പിയ്ക്കുന്നു; കുട്ടികളെയും!! രാഷ്ട്രത്തെക്കുറിച്ചായാലും ശാസ്ത്രമോ ലൈംഗികതയോ ആഹാരരീതികളോ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളോ - എന്തിനെക്കുറിച്ചായാലും മുതിർന്നവരുടെ അബദ്ധധാരണകളുടെ ഇരകളാകരുത് കുട്ടികൾ.

'വസ്ത്രം ഒരുവന് എത്ര പ്രധാനമാണോ അത്രയും പ്രാധാന്യമുണ്ട് അവന്റെ വിശ്വാസങ്ങൾക്കും. വസ്ത്രധാരണത്തിനുള്ള അഭിരുചികൾ  വിഭിന്നമാകുന്നത് എത്ര അപ്രധാനമാണോ അത്ര അപ്രധാനമാണ് അതിലെ വ്യത്യാസങ്ങളും. നമുക്ക് പ്രിയമല്ലാത്ത വസ്ത്രം ധരിച്ച ഒരാളോട് നാം യുദ്ധം ചെയ്യാറൊന്നുമില്ല. നമുക്കിഷ്ടമില്ലാത്ത ഭക്ഷണം കഴിയ്ക്കുന്ന ഒരാളോട് നമുക്ക് വിയോജിപ്പുകൾ പ്രകടമാക്കാം; എന്നാൽ അയാളെ അപകടകാരിയായ് വെറുക്കുക പതിവില്ല! എന്നാൽ ഭക്ഷണത്തിൽ വിഷം കലർത്തുന്ന ആളെ നാം മാറ്റി നിർത്തുക തന്നെ ചെയ്യും; അയാൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം വിളമ്പിയാലും. വസ്ത്രങ്ങൾ കഴുകിയെടുക്കുന്നത് പോലെ, വെള്ളം ശുദ്ധീകരിച്ചെടുക്കുന്നത് പോലെ അവനവനിലേക്ക് എത്തുന്ന വാക്കുകളെയും ചിന്തകളെയും സൂക്ഷമതയോടെ തിരഞ്ഞെടുക്കുക  എന്നേയുള്ളൂ. '
-സംഭാഷണങ്ങൾക്കിടയിൽ ഞാൻ കുട്ടികളോട് പറയും.

അത് പറയേണ്ടത് എന്റെ ഉത്തരവാദിത്ത്വമാണ്.

എന്റെ വാക്കുകൾ എത്രമാത്രം കുട്ടികൾക്ക്  മനസ്സിലാകുന്നുണ്ട് എന്നെനിയ്ക്കറിയില്ല. മൂത്തമകൾ സാമൂഹ്യശാസ്ത്രം പഠിച്ചു തുടങ്ങുന്നതേയുള്ളൂ. ചില വരകളും ശബ്ദങ്ങളും ഒരു കൂട്ടം ആളുകൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ട് പല ഭാഷകൾ രൂപപ്പെട്ടെന്ന് എന്നെ പഠിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് രണ്ടാമത്തവൾ. വിശപ്പും പുഞ്ചിരിയുമാണ് എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന ഭാഷയെന്ന് ഏറ്റവും ഇളയവൾ.

ചില സംഭാഷണങ്ങൾക്കിടെ മറുപടി ഇല്ലാതെയിരിക്കുമ്പോൾ ഞാൻ ഓർക്കും:

മരമില്ലാതാകുമ്പോൾ, മഴയില്ലാതാകുമ്പോൾ, തണലില്ലാതാകുമ്പോൾ, വെള്ളമില്ലാതാകുമ്പോൾ, വേനൽ കനക്കുമ്പോൾ മരങ്ങളെക്കുറിച്ച്, മരം വെട്ടുകാരെക്കുറിച്ച്, കാടുകളെക്കുറിച്ച് ഓർക്കുന്നവരാണ് നാം. ശാന്തമായ്, സ്വഛന്ദമായ് ഒരു ജീവിതം ഒഴുകിപ്പോകുമ്പോൾ അതിന്റെ മൂല്യമറിയാത്തവർ.


മരങ്ങളുടെ ശബ്ദം
അധികമാരും കേൾക്കുകയില്ല; എന്നാൽ 
മരത്തിൽ മഴു വീഴുന്ന ശബ്ദം
എല്ലാവരും കേൾക്കും;
മനസ്സിലത്
മുഴങ്ങി കേൾക്കും.
പിനീട് നമുക്ക് കേൾക്കാൻ ശബ്ദമൊന്നും ബാക്കിയുണ്ടാവില്ലല്ലോ :-(

ഉണ്ണിയേട്ടാ, നാമിരിയ്ക്കുന്ന തണൽ വൃക്ഷങ്ങളുടെ തായ്ത്തടികൾ നാമറിഞ്ഞു കൊണ്ട് തന്നെ മുറിഞ്ഞു തുടങ്ങുന്നുണ്ടോ?

മഴു വീഴുമെങ്കിൽ വെടിയാം പ്രാണൻ
മഴുവായ് മാറാൻ കഴിയില്ല നിശ്ചയം.
-എന്നൊരു പ്രാർത്ഥന മാത്രം.

ഉണ്ണിയേട്ടൻ കേൾക്കുന്നുണ്ടോ?

:-)

No comments:

Post a Comment