Friday, September 29, 2017

വെളിച്ചം നിറച്ചൊരു വൈകുന്നേരം .

' ഭൂതകാലത്തിലേക്ക് യാത്ര പോകരുത്.
അത് നിങ്ങളുടെ സന്ദർശകനായി വന്നേക്കാം;
ഒരു സഹജീവിയോട് കാണിയ്ക്കുന്ന ദയവ് മാത്രം അതിനോടും കാണിയ്ക്കുക.
ഒന്നോ രണ്ടോ വാക്കുകൾ മാത്രമതിനോട് പറഞ്ഞു നിങ്ങളിൽ നിന്നതിനെ  സ്നേഹപൂർവ്വം യാത്രയാക്കുക. '

ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന ദിവസങ്ങളിൽ, ഏറെ സ്വസ്ഥമായ് ഇരിയ്ക്കാൻ കഴിയുന്നുണ്ടെന്ന് കരുതി ഭൂതകാലത്തിൽ നിന്ന് മടങ്ങിവരാൻ  ഞങ്ങളിലൊരാൾ മടിയ്ക്കുമ്പോൾ, മറ്റേയാൾ ഓർമ്മിപ്പിയ്ക്കാറുള്ള വാചകങ്ങളാണിത്. മിക്കപ്പോഴും ഈ വാചകങ്ങൾ പറഞ്ഞു മുഴുമിപ്പിയ്ക്കാൻ അനുവദിയ്ക്കാതെ കേൾക്കുന്നയാൾ അടുത്ത വരി പറയും:

'സ്വാതന്ത്രരാകുക!
ആഘോഷിയ്ക്കുക, ആ സ്വാതന്ത്യ്രം!'
ഒരു നാടകത്തിലെ സംഭാഷണം എന്നത് പോലെ അന്ന് ഞാനിത് പറയാറുണ്ടായിരുന്നു എന്ന് മാത്രം. ഞാനെപ്പോഴും എൻ്റെ തടവിലായിരുന്നു.

ഒരു ഇടയൻ അവൻ്റെ ആട്ടിൻപറ്റങ്ങളെ എന്നത് പോലെ ഓർമ്മകളെ പരിപാലിച്ചിരുന്നു പണ്ട്. അവ മേഞ്ഞു നടന്ന് ആത്മവിശ്വാസത്തിന്റെ അവസാനത്തെ പുൽനാമ്പു പോലും ഭക്ഷിച്ച് കടന്നുപോകുമ്പോൾ വരണ്ടുണങ്ങിയ ഒരിടമായ് മാറിപ്പോകും. ഇപ്പോൾ അങ്ങനെ അല്ല. ഭൂതകാലത്തിലേക്ക് ചെറുയാത്രകൾ നടത്തേണ്ടി വരുമ്പോൾ, ഒരു നാൾ ഓർമ്മപ്പറ്റങ്ങളെ മേച്ചു നടന്ന താഴ്വാരങ്ങളും കുന്നിൻ ചരിവുകളും ഇതായിരുന്നെന്ന് കണ്ട് മടങ്ങുന്നു എന്ന് മാത്രം. സ്വയം സ്വതന്ത്രമാകുന്നതിലെ സൗഖ്യം എന്തെന്ന്  അനുഭവിച്ചറിയാനായത് ഈ അടുത്തകാലത്താണ്. നല്ല ചിന്തകളുടെ പച്ചപിടിച്ച താഴ്വാരമായ്, വർത്തമാനകാലമാണ് ഇപ്പോഴെനിക്കെന്റെ  പണിയിടം.

ആ ആത്മവിശ്വാസത്തിലാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം രൺദീപിനെ ചെന്നുകാണാൻ എനിയ്ക്ക് ധൈര്യം കിട്ടിയതും. അതിന് മനസ്സിൽ ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചുകൊണ്ടിരുന്നു. ഇപ്പോൾ അതിൻ്റെ  ശീലങ്ങളിൽ ഒന്നാണ്.

അത്യാഹ്ളാദത്തോടെയിരിയ്ക്കാൻ അതെന്നെ അനുവദിയ്ക്കുന്നു. ഇങ്ങനെ ഒരു വൈകുന്നേരത്തിനു വേണ്ടി ഏറെക്കാലമായ് കാത്തിരിയ്ക്കുകയാണെന്നത് പോലെ അയാളെന്നെ സ്വീകരിച്ചു. ആ ഓഫീസ് മുറി മുൻപത്തെ പോലെ തന്നെ; പുതുമകൾ ഉണ്ടായിരുന്നെങ്കിലും  പരിചിതം എന്ന് തോന്നി. 

മുളച്ചിന്തുകൾ ഭംഗിയായ് ചേർത്തുവെച്ചുണ്ടാക്കിയ വലിയ ഫ്രെയിമിൽ അടുക്കിവെച്ച അയാൾ വരച്ച ചിത്രങ്ങളിലെ മുഖങ്ങളിൽ ഒന്നിലേക്ക്  ചൂണ്ടി ഞാൻ സംഭാഷണം ആരംഭിച്ചു:

''ആരാണിത്?- അവർ പൊട്ടിച്ചിരിയ്ക്കുകയാണോ, അതോ ഒരു നിലവിളി അമർത്തിപ്പിടിച്ചിരിയ്ക്കുകയാണോ? "

"എനിയ്ക്കും അറിയില്ല" അയാൾ കൈമലർത്തി: "എൻ്റെ ജീവിതത്തിലേക്ക് ചേർന്ന് നിൽക്കുമെന്ന് ഞാൻ കരുതിയ സ്ത്രീകൾ എല്ലാം എന്നിൽ നിന്ന് മാഞ്ഞു പോയത് ഇങ്ങനെ ഒരു മുഖം എന്നിൽ ബാക്കിവെച്ചാണ്.."

"ഞാനും ?"
- ആ ചോദ്യം ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല എനിയ്ക്ക്.

"നീയല്ല! നീ മാഞ്ഞു പോയവരിൽ പെടില്ലല്ലോ. മറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിലാണല്ലോ നീ.."

"ആണോ!"
ഞാൻ അദ്‌ഭുതം അഭിനയിച്ചു: 
"അത് ബോധപൂർവ്വം ആയിരിക്കില്ല."

"അതെ! അത്രയും കൺട്രോളിലുള്ള ഒരു അബോധമനസ്സ് അസാധാരണക്കാരുടെ ലക്ഷണമാണ്!!"

അതിനേക്കാൾ നല്ലൊരു മറുപടിയില്ലെന്ന് ഞാൻ പൊട്ടിച്ചിരിച്ചു.


ഈ നഗരത്തിൽ, ഞാൻ ജോലി ചെയ്ത മൂന്നാമത്തേയും അവസാനത്തേതുമായ ഇടമാണിത്. ഗ്രാഫിക്സ് ഡിസൈനിംഗും അഡ്വെർടൈസിംഗും- അക്കാലത്തെ എൻ്റെ കൗതുകവും അദ്ദ്‌ഭുതവും.

ഫ്‌ളാഷിൽ ഞാൻ ചെയ്ത ഒരു സ്റ്റോറി ബോർഡ് അയാൾക്കിഷ്ടപ്പെട്ടു. ഇന്റർവ്യൂവിൽ ഞങ്ങൾ അതിനെക്കുറിച്ചാണ് സംസാരിച്ചത്. ഒരു കുഞ്ഞു കഥയായിരുന്നു അത്.- കാലാകാലങ്ങളായ് തോറ്റുപോയി എന്ന് കരുതുന്നവരോട് ആളുകൾ പറഞ്ഞ കഥയിൽ നിന്ന് കടമെടുത്തത്.

"അസാധാരണമായ കഥ! എത്രവട്ടം കേട്ടാലും പിന്നേയും നമ്മൾ തോറ്റുപോയവരായ് തന്നെ തുടരും." അയാൾ പറഞ്ഞു:
"നായകർ വിജയികളാകുന്നിടത്ത് കഥകൾക്ക് പോലും വിരാമമാകുന്നു. അപ്പോൾ തോറ്റുപോകുന്നവരാണ് ജീവിതം അവിരാമമായ് മുന്നോട്ട്  കൊണ്ടുപോകുന്നത്."

സംസാരത്തിനിടയിൽ ഞങ്ങൾ, അന്നത്തെ  ഈ സംഭാഷണവും ഓർത്തെടുത്തു.

"ഇപ്പോൾ എന്ത് തോന്നുന്നു? ജയിച്ചെന്നോ തോറ്റെന്നോ?!" അയാൾ ചോദിച്ചു.

ഒരു മത്സരത്തിന്റെയും ഭാഗമല്ലാത്ത ഒരാൾ തോൽവികളെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. അയാൾ, അയാൾക്ക് ചെയ്യാനുള്ളത് ചെയ്തു കടന്നു പോകുന്നു എന്നല്ലാതെ. അങ്ങനെ ഒരാൾക്ക് എല്ലാം അനുഭവങ്ങൾ മാത്രമായ് മാറുകയാണല്ലോ. അതിന്റെ ഒരു സൗഖ്യം ആവോളം അനുഭവിക്കുന്നു.
അതുകൊണ്ട് എൻ്റെ മറുപടി ഇതാണ്.

"എനിയ്ക്ക് തന്നെ മാർക്കിടുന്നതൊക്കെ നിർത്തി." ഞാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു: "നിങ്ങളോ ? സുഖമായിരിക്കുന്നോ ?"

വലിയ ബഡ്‌ജറ്റിലുള്ള പ്രോജക്ടുകളുടെ ഭാഗമാകുന്നതിനെക്കുറിച്ച്, അമ്പരപ്പിയ്ക്കുന്ന പരസ്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച്, അസാധാരണമായ ലോഗോകൾ സൃഷ്ടിക്കാൻ കഴിയുന്നതിനെക്കുറിച്ച് അയാൾ കണ്ടിരുന്ന സ്വപ്നങ്ങളെക്കുറിച്ച് എനിക്കറിയാം.

തൻ്റെ നഷ്ടങ്ങളോടും സങ്കടങ്ങളോടും ഇടവേളകളില്ലാതെ അയാൾ  മത്സരിച്ചു കൊണ്ടിരുന്ന ഒരു കാലത്താണ് ഞാൻ അയാൾക്കൊപ്പം ജോലി ചെയ്തത്. 

അധികം ജോലിക്കാർ ആരുമില്ലാത്ത ആ ഓഫീസ് മുറിയിൽ ഞങ്ങൾ മാത്രം അവസാനിയ്ക്കാത്ത ചർച്ചകളുടെ, ഭൂതകാലത്തിലേക്കുള്ള ഇടവിട്ടുള്ള യാത്രകളുടെ, വലിയ വലിയ സ്വപ്നങ്ങളുടെ, അനേകമനേകം കഥകളുടെ ഇരു കരകളായ്. 

സംസാരിച്ചിരിയ്ക്കാൻ ഒരാളെന്നതാണോ എൻ്റെ ജോലിയെന്ന് ചിലപ്പോഴൊക്കെ ഞാൻ അരിശം കൊണ്ടിട്ടുണ്ട്. എനിയ്ക്കും അത് മത്സരമായിരുന്നു, എന്നോട് തന്നെയുള്ള.

കലഹങ്ങളുടെയും പരാജയങ്ങളുടെയും മാത്രം കണക്കെടുക്കാനുണ്ടായിരുന്ന കാലം. എന്നിലുള്ളത് നിരാശ കലർന്ന മത്സരമായിരുന്നെങ്കിൽ, അയാളുടേത് പ്രതീക്ഷകളും പരിശ്രമങ്ങളും നിറഞ്ഞു സൗമ്യമായ ഒന്നായിരുന്നു എന്ന വ്യത്യാസം മാത്രം.

"ഇതൊരു കെട്ട കാലം.. പക്ഷേ അതു മാറും ഒരിയ്ക്കൽ.. അന്നും നീ എന്റെയൊപ്പം ഉണ്ടാകണം.." 
പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രോജക്ട് കൈവിട്ടു പോയതിനെക്കുറിച്ച്‌ അയാൾ പറഞ്ഞു തുടങ്ങിയത് അങ്ങനെയായിരുന്നു. അയാൾ എന്നോട് പറഞ്ഞ വാചകങ്ങളിൽ ഏറ്റവും മനോഹരമായ് എനിയ്ക്ക് തോന്നേണ്ടിയിരുന്ന ഒന്ന്. പക്ഷെ, അന്ന് ഞാനത് സ്വീകരിച്ചത് അങ്ങനെയല്ല.
നിരാശയും കലഹങ്ങളും നിറഞ്ഞ ഒരു മനസ്സ് ഒന്നിന്റെയും സൗന്ദര്യം അംഗീകരിയ്ക്കില്ല; പ്രത്യേകിച്ചും തോൽവികളുടെ.

"ഇപ്പോൾ അങ്ങനെയല്ല. ഈ വാചകങ്ങൾ ഓർത്തെടുക്കുമ്പോഴെല്ലാം എനിയ്ക്ക് സന്തോഷം തോന്നും. നന്ദിയോടെ, സ്നേഹത്തോടെ നിങ്ങളെ ഓർക്കും." :ഞാൻ  അയാളോട് പറഞ്ഞു.


സംസാരിയ്ക്കുന്നതിനിടയിൽ ഭംഗിയുള്ള ചെറിയ ഒരു പെട്ടി തുറന്ന്, ഒരു പെൻഡന്റ്  അയാൾ എനിയ്ക്ക് കാണിച്ചു തന്നു.
"ഈ ബോക്സ്  ഞാൻ ഡിസൈൻ ചെയ്തതാണ്. പെൻഡന്റ് മെഹ്ദി എന്ന ഗ്രാഫിറ്റി ആർട്ടിസ്ററിൻ്റെ  ഡിസൈനും....അറിയാമോ ഈ അറബിക് അക്ഷരങ്ങൾ ഒരു കവിതയാണ് ! "
അത് അയാൾ ഇങ്ങനെ വായിച്ചു:
"നിന്നെ അണിയുമ്പോൾ അതിസുന്ദരിയാകുന്ന അവൾ " 

സുന്ദരമായൊരു കവിത മാലയിൽ കോർത്ത് ഒരിയ്ക്കൽ എനിയ്ക്കും  കഴുത്തിലണിയണമെന്ന് കൊതിയോടെ ഞാൻ പറഞ്ഞു. എനിയ്ക്ക് വേണ്ടി മാത്രം എഴുതിയതാവണം ആ  കവിത.

ആരെഴുതാൻ  എന്ന് ഞാൻ മനസ്സിൽ ചിരിച്ചു!

"ഷനായ എന്ന അയാളുടെ കൂട്ടുകാരിയ്ക്ക് വേണ്ടിയാണ് മെഹ്ദി ഓരോ പെൻഡന്റും ഡിസൈൻ ചെയ്യുന്നത്. അവൾക്ക് വേണ്ടി എഴുതുമ്പോഴാണ് അയാളുടെ വരികൾ കവിതകളാകുന്നത്."

അയാൾ തുടർന്നു:
"അവരും ഒരു ഗ്രാഫിറ്റി ആർട്ടിസ്റ്റാണ് ..മെഹ്ദി വരകൾ പഠിച്ചത് അവരിൽ നിന്നാണ്."

അയാൾ മൊബൈൽ എടുത്ത് ചില ഫോട്ടോകൾ കാണിച്ചു തന്നു. ഷനായ സിദ്ദിഖിയുടെ ചിത്രങ്ങളും വരകളും.


ഒരു തകർന്ന തെരുവിലെ കെട്ടിടത്തിലെ പൊളിഞ്ഞ ചുവരുകളിൽ ഒന്നിൽ, അവർ ചിത്രങ്ങളാക്കിയ അക്ഷരങ്ങളെ അയാൾ ഇങ്ങനെ തർജ്ജിമ ചെയ്തു:
"ഏറ്റവും നന്മയുള്ള വാക്കുകൾ എഴുതപ്പെടേണ്ടയിടം മനുഷ്യന്റെ ഓർമ്മകളാണ്."

അയാൾ വിവരിച്ചു:
"ആ മതിലിനപ്പുറത്തെ ചെറിയ കെട്ടിടത്തിലാണ് ആ രാജ്യത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞ വിപ്ലവത്തിൻ്റെ ആദ്യത്തെ തീ പടർന്നത്. ഒരു പഴക്കച്ചവടക്കാരനായ യുവാവിൻ്റെ ശരീരത്തിൽ അയാൾ സ്വയം കൊളുത്തിയ തീ. അധികാരികളോടുള്ള പ്രതിഷേധം അങ്ങനെ പ്രകടമാക്കാനാണ് നിർഭാഗ്യവശാൽ അയാൾ തീരുമാനിച്ചത്. ഷനായയുടെ സഹോദരനായിരുന്നു ആ യുവാവ്. ആ ദിവസത്തെക്കുറിച്ച് ഗൂഗിൾ സെർച്ച് ചെയ്ത് നോക്ക് - നീ  നിൻ്റെ  പിറന്നാൾ കെയ്ക്ക് മുറിക്കുന്നുണ്ടാവും അന്ന്! സ്വയം തീ കൊടുത്ത് ഒരാൾ ഭരണകൂടത്തോട് പ്രതിഷേധിയ്ക്കുമ്പോൾ അയാൾ കൊണ്ടുകൊടുക്കുമെന്ന് ഉറപ്പുപറഞ്ഞ നീല പർദ്ദയിൽ നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിയ്ക്കാൻ കാത്തിരിയ്ക്കുന്ന ഒരുവൾ, സ്ട്രോബറികൾ നിരത്തിവെച്ച ചോക്ലേറ്റ് കെയ്ക്ക് മുറിച്ച് പിറന്നാളാഘോഷിയ്ക്കുന്ന വേറൊരാൾ! അവൾക്കൊരു പിറന്നാളാശംസ നേരുന്നതെങ്ങനെ എന്ന് ചിന്തിക്കുന്ന മറ്റൊരുവൻ. നിർഭയരും ഭീരുക്കളും കലാപകാരികളും കച്ചവടക്കാരും സ്വപ്നജീവികളും ഇങ്ങനെ അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന ആകാശഗോളമാകുന്നു ഭൂമി!"


എൻ്റെ ഇഷ്ടങ്ങൾ മറന്നുപോയിട്ടില്ല നീയെന്ന കൗതുകത്തിൽ മറച്ചുവയ്ക്കാത്ത അമ്പരപ്പോടെ ഞാൻ കേട്ടിരിയ്‌ക്കെ, അയാൾ കുസൃതിയോടെ തുടർന്നു :

"ഒരു കാലത്ത് മനുഷ്യാവകാശങ്ങൾ നിഷേധിയ്ക്കപ്പെട്ട, കലാപങ്ങൾ നടന്ന, ആളുകൾ അധികമില്ലാത്ത തെരുവുകളും ഭയം ഒഴിഞ്ഞു പോകാത്ത അതിരുകളും ഉള്ള ഒരു നാട്ടിൽ; ഉപേക്ഷിക്കപ്പെട്ട ചുവരുകളിൽ ചിത്രങ്ങൾ വരച്ചു മനുഷ്യരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിയ്ക്കുന്നൊരാൾ!അയാൾക്ക് വേണ്ടിയെന്ന് ലോകത്തിലെ  ഏറ്റവും സുന്ദരമായ നഗരങ്ങളിലൊന്നിലെ ശീതികരിച്ച മുറികളിൽ ഇരുന്ന് കവിതകൾ കൊണ്ട്   അവൾക്കണിയാനെന്ന് സങ്കല്പിച്ച് ആഭരണങ്ങൾ പണിയുന്ന മറ്റൊരാൾ, അയാളുടെ സൃഷ്ടികളെ സമർത്ഥമായി വിറ്റുകാശാക്കുന്ന മൂന്നാമതൊരാൾ !"


"അഞ്ജലി," അയാൾ വിളിച്ചു.
സമയം സൂചിപ്പിച്ച് അയാൾ ചോദിച്ചു:
"നമുക്കെന്നാൽ വീട്ടിലേക്ക് പോയാലോ? "

ഞാൻ ചിരിച്ചു.
ഇതേ ചോദ്യമാണ് രൺദീപിനും എനിയ്ക്കും ഇടയിലെ പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് തൊട്ടുമുൻപുണ്ടായത്.

അന്ന് അയാൾ വീട്ടിലേക്ക് ക്ഷണിയ്ക്കുമ്പോൾ, അത്രയും നാൾ ഞാൻ ഭയന്നിരുന്ന ഒന്ന് അയാളെന്നിൽ നിന്ന് ആവശ്യപ്പെടുകയാണെന്ന് ഉറപ്പിയ്ക്കുകയായിരുന്നു ഞാൻ. അതിനു മറുപടി പറയാതെ, യാത്ര പോലും പറയാതെ   അയാളിൽ നിന്ന്,  ആ വൈകുന്നേരം ഞാൻ അപ്രത്യക്ഷയായ്. 

"എന്തിന് ? " അയാൾ ചോദിച്ചു.
"അറിയില്ല. ഒരു പക്ഷെ , ഞാൻ എന്നെത്തന്നെ ഭയന്നതാവണം.. ആ രാത്രി പക്ഷേ എനിയ്ക്ക് കഠിനമായ് പനിച്ചു. ആശുപത്രിയിലുമായ് .. "
"ഇപ്പോഴാണെങ്കിലോ?" സ്വാഭാവികമായ് ആ ചോദ്യം അയാളിൽ നിന്നുണ്ടായി.
"ഇപ്പോഴാണെങ്കിൽ "ഞാൻ പറഞ്ഞു:"'പനിയ്ക്കില്ല!" 


"ഞാനൊരു പാർട്ടിയ്ക്കിടയിൽ നിന്ന് ഇറങ്ങിയതാണ്. നവീൻ്റെ   കൂട്ടുകാരിലൊരാളുടെ.. നമുക്ക് അവിടം വരെ നടക്കാം."  ഞാൻ കെട്ടിടത്തിൻ്റെ   പേരു പറഞ്ഞു:
"ജീവൻ വെടിഞ്ഞ അനേകം പ്രാണികളെ വറുത്തെടുക്കുന്നതിൻ്റെ, മദ്യത്തിൻ്റെ  ഗന്ധം പെരുകി വന്നപ്പോൾ അവിടെ നിന്ന് പുറത്തിറങ്ങണം എന്നേ കരുതിയുണ്ടായിരുന്നുള്ളൂ  എന്തുകൊണ്ടോ നടന്നു നടന്ന്  ഇവിടെ എത്തി."

തലയ്ക്ക് വെളിവും കാലിന് ഉറപ്പുമുള്ള ആരുമുണ്ടാവരുതെന്ന് ശഠിക്കുന്ന ആറാംതമ്പുരാനാവും പാർട്ടിക്കിടയിൽ  ഓരോരുത്തരും എന്നത് കൊണ്ട് ആരും എന്നെ അന്വേഷിയ്ക്കില്ല; എനിക്കുറപ്പാണ്. കുട്ടികൾക്ക്‌ വിലക്കുകളില്ലാതെ ഇഷ്ടപ്പെട്ട ഭക്ഷണം മാത്രം കഴിയ്ക്കാനും ഇഷ്ടമുള്ളിടത്തോളം കാർടൂണുകൾ കാണാനുള്ള ഇടവേളയാണ് എന്നതുകൊണ്ട് അവരും എന്നെ കാത്തിരിയ്ക്കില്ല.

എന്നിട്ടും ഞാൻ ഇങ്ങനെ പറഞ്ഞു:
"കുട്ടികൾ ഉറക്കം പിടിയ്ക്കുന്നതിന് മുൻപ് എനിക്കെത്തണം .."

" ഈ കഴിഞ്ഞ സമ്മറിൽ മെഹ്ദിയൊന്നിച്ച് മുബൈ പോയി.. അവൻ്റെ   ഒരു ആർട്ട് എക്‌സ്ബിഷൻ ഉണ്ടായിരുന്നു." നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു:
"നിൻ്റെ കേരളത്തിലും.. .. കേരളത്തിലൂടെ യാത്ര പോകുമ്പോൾ നിന്നെ ഓർത്തിരുന്നു.."
"അപ്പോൾ മാത്രം?" ഞാൻ പരിഭവിച്ചു.
"എപ്പോഴും ഓർക്കാൻ മാത്രമുള്ള ഓർമ്മകൾ ഒന്നും നീയെനിക്ക് തന്നിട്ടില്ലല്ലോ." അയാൾ നിർദയം പരിഹസിച്ചു.

"മെഹ്ദിയോടൊന്നിച്ചുള്ള ആ യാത്ര നീളെ അയാൾ ഷനായയെ കുറിച്ചും ഞാൻ സുമിത്രയെക്കുറിച്ചും സംസാരിയ്ക്കുകയായിരുന്നു." അയാൾ തുടർന്നു :
"ചില യാത്രകളിലാണ് നമ്മുടെ ജീവിതം ആരുടെ ചുറ്റിലുമാണ് ഭ്രമണം ചെയ്യുന്നതെന്ന് നമുക്ക് തന്നെ മനസ്സിലാവുക."

സുമിത്ര അയാളുടെ ഭാര്യയാണ്. ബിസിനസ്സിൽ നഷ്ടം മാത്രം അനുഭവിച്ച കെട്ടകാലത്ത് കുഞ്ഞുങ്ങളെയുമെടുത്ത് അയാളിൽ നിന്ന് അവർ ഇറങ്ങിപ്പോയതാണ്. ആ കഥ ഞാൻ പലവട്ടം കേട്ടിട്ടുണ്ട്.

"കുട്ടികൾ ഇപ്പോൾ എങ്ങനെയിരിക്കുന്നുവെന്നോ അവർക്ക് പറയാനുള്ളതെന്ത് എന്നോ എനിക്കറിയില്ല.. പക്ഷെ  സ്വാതന്ത്ര്യത്തോടെ അവർ എൻ്റെ വീട്ടിലേക്ക് വന്നുകയറുന്നതാണ് ഇപ്പോഴത്തെ എൻ്റെ  പ്രിയപ്പെട്ട സ്വപ്നം .. " 

"സമീപ്യമായിരിക്കില്ല, അകലെ നിന്നുള്ള നിശബ്ദമായ പ്രാർത്‌ഥനകളും സജീവമായ ഓർമ്മകളും മാത്രമാവും ചില ജീവനുകളെ നിലനിർത്തുന്നത്. ആ അപൂർണ്ണതകളെപ്പോലും സ്വീകരിയ്ക്കാൻ സന്നദ്ധമാകുന്നതോടെ നാം സ്വസ്ഥരാകും. എൻ്റെ അനുഭവം." അയാൾ പറഞ്ഞു.

"പൂർണ്ണ സമർപ്പണത്തോടെ സ്നേഹിയ്ക്കുമ്പോൾ അപൂർണ്ണതകൾ അവസാനിയ്ക്കുന്നു. അല്ലെങ്കിലും സ്നേഹം ചേർത്തുവെച്ചാൽ പൂർണ്ണമാകാത്തത് എന്താണ്! "എവിടെയോ വായിച്ച വരികൾ ഓർത്തെടുത്ത് ഞാനും പറഞ്ഞു.

"വളരെക്കാലം  ഇതിനെക്കുറിച്ച് ആലോചിച്ചു." അയാൾ തുടർന്നു :
"പതുക്കെ അത് ശീലമാക്കിത്തുടങ്ങി.. നഷ്ടങ്ങളോട്, സങ്കടങ്ങളോട് കലഹിയ്ക്കാതിരിയ്ക്കുക.. പതുക്കെ പതുക്കെ, ആഹ്‌ളാദത്തോടെ ശാന്തമായ്  ഇരിക്കാൻ കഴിയുന്നത് നമ്മുടെ സ്വഭാവമാകുന്നു.. നമ്മുടെ ശരീരം ഇമ്മ്യൂണിറ്റി ഗെയ്ൻ ചെയ്യുന്നത് പോലെയാണത് ..  "

"ഞാനും ഇങ്ങനെ ചിലത് ആലോചിക്കാറുണ്ട്." ഞാൻ പറഞ്ഞു:
"പരിശീലിച്ചു തുടങ്ങുന്നതേയുള്ളൂ. ഒരുപക്ഷെ ഇങ്ങനെ വന്നു കാണാൻ തോന്നിയതും ആ പരിശീലനത്തിൻ്റെ ഭാഗമായിട്ടാവണം."

അയാൾ എന്നെക്കുറിച്ച് കൂടുതലായ് അന്വേഷിയ്ക്കുകയായിരുന്നെങ്കിൽ സംഭാഷണം എനിയ്ക്ക് വിരസമായ് തോന്നിയേനെ. വാർത്തകളോ സിനിമയോ വിഷയമായിരുന്നെങ്കിൽ ഒരു പ്രത്യേകതയുമില്ലാത്ത അതിഥിയായ് ഞാൻ മാറിപ്പോയെന്ന് ഖേദിച്ചേനെ. വലിയ പ്രോജക്ടുകളെക്കുറിച്ചോ ബിസിനസ്സിനെക്കുറിച്ചോ പരസ്യചിത്രങ്ങളെക്കുറിച്ചോ മാത്രം സംസാരിച്ചിരുന്നുവെങ്കിൽ എനിയ്ക്ക് അത് സാധാരണമായ് തോന്നിയേനെ. അയാൾ സങ്കടങ്ങളോ നഷ്ടങ്ങളോ പങ്കുവയ്ക്കുകയായിരുന്നെങ്കിൽ അതെന്നെ അസ്വസ്ഥമാക്കിയേനെ. ഏത് കഥകളോടും അക്ഷോഭ്യയായ് ഇരിയ്ക്കാൻ മാത്രം എൻ്റെ സാധന പൂർണ്ണമായിട്ടില്ല; അശാന്തിയിൽ നിന്ന്   കരകയറാനുള്ള വഴികളിൽ ചിലത് പരിശീലിയ്ക്കുന്നുണ്ടെങ്കിലും. 

കുറച്ചുകാലമായ് എനിയ്ക്കും പ്രിയമായ് തോന്നുന്ന കാര്യങ്ങൾ തന്നെ അയാൾ സംസാരിച്ചതധികവും. ഒരു വൈകുന്നേരം അവിചാരിതമായ്  ഇങ്ങനെ സജീവമാവുകയാണല്ലോ എന്ന വിസ്‌മയത്തിന് ഞാൻ എന്നെത്തന്നെ പൂർണ്ണമായ് സമർപ്പിച്ചു.
എപ്രകാരം ആഗ്രഹിച്ചുവോ അതുപോലെ അയാളെന്നെ സ്വീകരിച്ചതിലാണ് നിറവ്.

ഞാൻ ഇത് അയാളോട് പറഞ്ഞു.

"യാത്രകൾ നമ്മുടെ തീരുമാനം ആണെങ്കിലും, ഒരു സൈൻ ബോർഡ് വേണം നമുക്ക്. ആ സൈൻ ബോർഡുമായി നമുക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കൂടി കഴിഞ്ഞാൽ അത് വിസ്മയം.. !"
അയാൾ തുടർന്നു :
"മെഹ്ദിയാണ് ഇപ്പോഴെന്റെ  സൈൻ ബോർഡ്! . അയാളുടേത് ഷനായയെക്കുറിച്ചുള്ള പ്രാർത്ഥനകളാണ്. അവൾക്ക് അവളിലെ അഗ്നിയെ കെടാതെ സൂക്ഷിയ്ക്കാൻ മറ്റൊരു കാരണമാവും പറയാനുണ്ടാവുക! ഒരുപക്ഷേ എല്ലാ പ്രാണനുകൾക്കിടയിലൂടെയും പല ദിശകളിലേയ്ക്കുമായ് ഈ ദിശാസൂചികൾ  ഒരു ശ്രേണി പോലെ കടന്നുപോകുന്നുണ്ടാകും, തങ്ങളിലേക്കുള്ള വാതിലുകൾ എല്ലാമടച്ച് സ്വയം തടവിലായവരിലൊഴികെ.."

ഒന്നാലോചിച്ച് അയാൾ തുടർന്നു:
"നിനക്ക് അത് ആരാണ്?"

ഉത്തരം എനിക്കറിയാം.
മനസ്സിൽ ആ മുഖം വ്യക്തമായ് കാണാം  എനിയ്ക്ക്.
മഴ ചാറി നിന്ന യാത്രകൾ- വർഷങ്ങളായി വരണ്ടുണങ്ങിയ പുഴകളെ നിറഞ്ഞൊഴുകുന്ന പ്രവാഹങ്ങളാക്കിയ സംഭാഷണങ്ങൾ.
ഈ നിമിഷമൊന്ന് കണ്ണടച്ചാൽ എല്ലാം തെളിയും എൻ്റെയുള്ളിൽ.
അതെന്നെ ഒരു ദീപമായ് ജ്വലിപ്പിയ്ക്കുന്നു.
എന്നിൽ നിറയുന്ന ആത്മവിശ്വാസത്തിൻ്റെ സ്രോതസ്സാവുന്നു.

"യാത്രകൾ നമ്മുടെ തീരുമാനം ആണെങ്കിലും, ഒരു സൈൻ ബോർഡ് വേണം നമുക്ക്. ആ സൈൻ ബോർഡുമായി നമുക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കൂടി കഴിഞ്ഞാൽ അത് വിസ്മയം.. !" -അയാൾ പറഞ്ഞ വാക്കുകൾ ഞാൻ ആവർത്തിച്ചു.

"എങ്കിലും എൻ്റെ  കഥ പിന്നീട് പറയാം."
ഞാൻ പറഞ്ഞു:
"ആ ക്യാൻവാസിനടിയിൽ എഴുതിയത്  തിരുത്തണം. ഭൂതകാലത്തിലേക്ക് ഇടയ്ക്കൊക്കെ യാത്രയാവാം. നാം സ്നേഹത്തിലായിരുന്നെന്ന് ഓർമ്മപ്പെടുത്തി, ഒരു കൂട്ടുകാരനെ സന്ദർശിയ്ക്കുന്നത് പോലെ ഇടയ്ക്കൊക്കെ അവിടം ഒന്ന് കണ്ട് മടങ്ങാം...."

അയാൾ സ്നേഹത്തോടെ എൻ്റെ കൈകൾ പിടിച്ചു.

ഞങ്ങൾക്ക് യാത്ര പറയേണ്ടതുണ്ട്.

ഇങ്ങനെ മുൻകൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചയുടെ, കഥ പറഞ്ഞിരിയ്ക്കലുകളുടെ രസം ഒന്ന് വേറെത്തന്നെയെന്നുറപ്പിച്ച്  ഞങ്ങൾ ഫോൺ നമ്പറുകൾ, ഇ -മെയിൽ ഐഡി , സോഷ്യൽ നെറ്റ് വർക്കുകളിലേക്കുള്ള ഇൻവിറ്റേഷൻ ഒന്നും കൈമാറിയില്ല. 

പക്ഷേ ഇനി ഒരുപാടു തവണ നാം കണ്ടുമുട്ടാനിടയുണ്ടെന്ന്, നമുക്ക് പങ്കിടാൻ വിശേഷങ്ങൾ ഏറെയുണ്ടെന്ന് മനസ്സുകൊണ്ട് വാഗ്ദാനം ചെയ്തു, രണ്ടുപേരും.

വീടിൻ്റെ വാതിൽ തുറന്ന്, ഇനിയും അവസാനിച്ചിട്ടില്ലാത്ത പാർട്ടിയുടെ ബഹളത്തിലേക്ക് നിശബ്ദമായ് ചേർന്ന് നിൽക്കുമ്പോൾ  ഞാൻ ഓർത്തു :

ചില സൗഹൃദങ്ങളെക്കാൾ വീര്യം കൂടിയ ലഹരി മറ്റൊന്നില്ല;
ഒരു പാത്രത്തിൽ പകർന്നുവെച്ചത് പങ്കിടാനുമാവില്ല.

മെഹ്ദിയുടേതായ് രൺദീപ്  പറഞ്ഞ വരികൾ ഞാൻ മറക്കില്ല:

നമ്മെ തനിച്ചാക്കിയവർ 
നമ്മുടെ ഉള്ളിലെ കരുത്താണ് തെളിയിച്ചത്.
നമ്മിലേക്ക് തിരിച്ചുവരുന്നവർ 
നമ്മുടെ ഉള്ളിലെ സ്നേഹത്തിൻ്റെ കരുത്താണ് തെളിയിക്കുന്നത് .

:-)

No comments:

Post a Comment