Tuesday, July 4, 2017

വോതോ കഥകൾ

വൊതോ കഥകളിലൊന്ന് ഇതാണ്.

നിശ്ശബ്ദതയെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും, തന്റെ ശിഷ്യന്റെ ചോദ്യത്തിന് ഗുരു  ഇങ്ങനെ മറുപടി പറഞ്ഞു:

"നമുക്ക് കേൾക്കാനും സംവദിയ്ക്കാനുമുള്ള വാക്കുകളെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. ഒരു ആൾക്കൂട്ടത്തിലിരുന്ന് സംഭാഷണങ്ങളിലേർപ്പെടുമ്പോൾ നാം മറ്റൊരാളെ എങ്ങനെ കേൾക്കുന്നുവോ അതുപോലെ നിശ്ശബ്ദരായിരിയ്ക്കുമ്പോൾ നാം കേൾക്കുന്നത് ആ വാക്കുകളാണ്. നമ്മുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, നാം അറിയാനായ് തീവ്രമായ് ആഗ്രഹിച്ച കാര്യങ്ങൾ. അപ്രതീക്ഷിതമായ് ചില അറിവുകൾ നമ്മെ തിരഞ്ഞെത്തുന്നതായ് പോലും നാമറിയും.ഓരോരുത്തരും അവർക്കറിയേണ്ട കാര്യങ്ങളിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത്. പരസ്പരം കാത്തിരിയ്ക്കുന്നതുപോലെ."

"എല്ലാവരും അത് കേൾക്കുന്നതായ് പറയുന്നില്ല. അതെന്തു കൊണ്ടാണ്?" ശിഷ്യൻ വീണ്ടും ചോദിച്ചു:

വൊതോ പറഞ്ഞു:
"ആ വാക്കുകൾ ഒരു ഗൂഢഭാഷയിലാണ്. ശിശുക്കളുടേത് പോലെയൊരു ഭാഷയിൽ. ക്ഷമയോടെ ഏറെക്കാലം ഒപ്പമിരിയ്ക്കുമ്പോൾ മാത്രം അത് കേട്ട് തുടങ്ങും. അത് ഓരോന്നും എന്താണെന്ന് അറിഞ്ഞു തുടങ്ങും."

"എങ്ങനെയുള്ളവർക്കാണ് അത് സാധ്യമാവുക?" ശിഷ്യൻ അന്വേഷിച്ചു.

ഗുരു  ഇങ്ങനെ മറുപടി പറഞ്ഞു:

"അളവറ്റ സമയം സമ്പാദ്യമായ് ഉള്ളവർക്ക്!"

**************************************************************

വോതോ, തന്റെ അടുക്കലെത്തിയ വീട്ടുകാരന്റെ വിഷമങ്ങൾ മുഴുവൻ കേട്ടു. പോംവഴികളും നിർദ്ദേശിച്ചു. വീട്ടുകാരൻ ആവേശത്തോടെ മടങ്ങിപ്പോയി.
ആഴ്ചകൾ കഴിഞ്ഞ അതേ വീട്ടുകാരൻ വോതോയെ കാണാൻ വന്നു.അതേ പരാതികൾ. ഇത്തവണയും ഗുരു പോംവഴികൾ ഉപദേശിയ്ക്കാൻ മറന്നില്ല. മൂന്നാമത്തെ തവണ സന്ദർശിച്ചപ്പോഴും വീട്ടുകാരന് പറയാൻ അതേ പരാതികൾ. 
എല്ലാ തവണയും പല രീതികളിൽ അയാൾ പറഞ്ഞത് ഒരേ പ്രശ്നമാണ്. ഒരു തവണ പോലും ഗുരുവിന്റെ നിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ അയാൾ ശ്രമിച്ചതുമില്ല; പകരം ഓരോ ഒഴിവുകഴിവുകൾ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.

ഇത്തവണ ഗുരു നിശ്ശബ്ദനായിരുന്നു.
അദ്ദേഹം ധ്യാനത്തിലാണെന്ന് കരുതി വീട്ടുകാരൻ തിരിച്ചു പോയി.

ശിഷ്യൻ വോതോയോട് ചോദിച്ചു:
"ഇത്തവണ അങ്ങ് അയാളുടെ പ്രശ്നങ്ങൾ കേൾക്കുക മാത്രമേ ചെയ്തുള്ളൂ.ഒന്നും പറയുകയുണ്ടായില്ല.അത് എന്തുകൊണ്ടാണ്?"

ഗുരു മറുപടി പറഞ്ഞു:
"അയാൾക്ക് പ്രശ്നങ്ങൾക്ക് പരിഹാരമല്ല വേണ്ടത്; പറയാൻ ഒരു പ്രശ്നമാണ് - അങ്ങനെ വരുമ്പോൾ അത് കേട്ടിരിയ്ക്കുകയേ വേണ്ടു."*************************************************************************

വോതോയുടെ കഥയുണ്ട്.

ഒരു നാട്ടുപ്രമാണി ഗുരുവിനെ കാണാൻ വന്നു.
-എല്ലാമുണ്ട് ഗുരോ ; എന്നിട്ടും സങ്കടം ബാക്കി.
മകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. വർഷങ്ങളായി അനിയോജ്യനായ വരനെ കാത്തിരിയ്ക്കുന്നു.
അതിസുന്ദരിയാണ് മകൾ. പൂർണ്ണ ആരോഗ്യവതി. വിദുഷിയും. നാട്ടുപ്രമാണിയുടെ ഏക മകളാണ് അപ്പോൾ പിന്നെ സമ്പത്തിന്റെ കാര്യം പറയുകയും വേണ്ട! അതിനു ചേരുന്ന വരനെ വേണം. എല്ലാം കൊണ്ടും ചേർന്നത്.

- ആഗ്രഹം നടക്കട്ടെ. ഗുരു അനുഗ്രഹിച്ചു.

മാസങ്ങൾ കഴിഞ്ഞു നാട്ടുപ്രമാണി വീണ്ടും വന്നു.

ഗുരു തിരക്കി:
- എന്ത് പറ്റി?അന്ന് ഒരാൾ വന്നിരുന്നല്ലോ ?

- എല്ലാം കൊണ്ടും അനിയോജ്യൻ. എന്നാലും വിശ്വസിയ്ക്കാൻ കൊള്ളുമോ എന്ന സംശയം. അതുകൊണ്ട് വിവാഹം നടന്നില്ല. ആഗ്രഹിയ്ക്കുന്നത് പോലെ ഒരാളെ ലഭിയ്ക്കുമോ?

- ആഗ്രഹം നടക്കട്ടെ. ഗുരു വീണ്ടും അനുഗ്രഹിച്ചു.

മാസങ്ങൾ കഴിഞ്ഞു ദുഖിതനായ നാട്ടുപ്രമാണി വീണ്ടും വന്നു.
ഗുരു തിരക്കി:
- എന്ത് പറ്റി?  ഒരാൾ വന്നിരുന്നല്ലോ ?

- എല്ലാം കൊണ്ടും അനിയോജ്യൻ. വിശ്വസിയ്ക്കാൻ കൊള്ളാവുന്ന ഒരാൾ. എന്നാലും ജീവിതകാലം മുഴുവൻ അയാൾക്ക് ഈ സൗഭാഗ്യങ്ങൾ ഉണ്ടാകുമോ എന്ന സംശയം. അതുകൊണ്ട് വിവാഹം നടന്നില്ല. ആഗ്രഹിയ്ക്കുന്നത് പോലെ ഒരാളെ ലഭിയ്ക്കുമോ?

- ആഗ്രഹം നടക്കട്ടെ. ഗുരു വീണ്ടും അനുഗ്രഹിച്ചു.

നാട്ടുപ്രമാണി മടങ്ങിയപ്പോൾ  ശിഷ്യൻ ചോദിച്ചു:
- ഗുരോ! ഇത്തവണയും അങ്ങ് ആഗ്രഹം നടക്കട്ടെ എന്നനുഗ്രഹിച്ചു. ഇത്തവണ എങ്ങനെയുള്ള ഒരാളെയാണ് വരനായി അയക്കാൻ പോകുന്നത്?

ഗുരു പറഞ്ഞു:


- വരനെ അല്ല; ദുഃഖിയ്ക്കാൻ ഒരു കാരണത്തിനാണ് അയാൾ അന്വേഷിയ്ക്കുന്നത്. അയാളുടെ ആഗ്രഹം നടക്കട്ടെ.

********************************************************************************


വൊതോ ആഴ്ചകളായ് യാത്രയിലായിരുന്നു. പ്രധാനശിഷ്യനായിരുന്നു സന്ദർശകരുടെ ചുമതല.

ഒരു വൈകുന്നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:
"എല്ലാവരുടെയും ദുഃഖങ്ങൾ അങ്ങ് കേൾക്കുന്നു. ഞാനും.അങ്ങേയ്ക്ക് പരിഹാരങ്ങൾ എളുപ്പം നിർദ്ദേശിയ്ക്കാൻ കഴിയുന്നു. എനിയ്ക്കത് സാധിയ്ക്കാത്തത് എന്തുകൊണ്ടാണ്?"

ഗുരു മറുപടി പറഞ്ഞു:
"ദുഖത്തിന് കാരണമായ് പറയുന്നിടത്ത് തന്നെ അതിനുള്ള പരിഹാരമാർഗ്ഗങ്ങളുമുണ്ട്. ദുഃഖത്തിലേയ്ക്ക് മാത്രം നോക്കിയിരിക്കുമ്പോൾ അത് കാണാൻ കഴിയുന്നില്ല എന്നേയുള്ളൂ. ആളുകളുടെ ദുഃഖങ്ങൾ മാറാത്തതും അതുകൊണ്ട് തന്നെ. അവർ അവിടേയ്ക്ക് മാത്രം നോക്കിയിരിക്കുന്നു."


*********************************************************************************

ഗൃഹസ്ഥനായ ഒരാൾ വൊതോയെ കാണാൻ വന്നു. ഗുരുവിനോട് സങ്കടം പറഞ്ഞു:
-ഞാൻ സ്നേഹം കൊടുത്ത എല്ലാവരും, ഒപ്പം ഉണ്ടാകേണ്ട എല്ലാവരും എന്നിൽ നിന്ന് അകന്ന് പോകുന്നു. എന്ത് കൊണ്ടാണത് ഗുരോ?!

വൊതോ കൂടുതൽ ഒന്നും ചോദിച്ചില്ല. സൗമ്യമായി പറഞ്ഞു:-നിങ്ങൾ നിസ്വാർത്ഥമായാണ് സഹായങ്ങൾ ചെയ്തതെങ്കിൽ, നിഷ്കളങ്കമായാണ് സ്നേഹിച്ചത് എങ്കിൽ ആരും എവിടേയ്ക്കും പോകില്ല. ആരെങ്കിലും അകൽച്ച കാണിയ്ക്കുന്നു എങ്കിൽ തന്നെ അത് താൽക്കാലികമായിരിക്കും; അവർക്ക് അവരുടെ തെറ്റു മനസ്സിലാക്കാനുള്ള ഒരല്പം സമയത്തേക്ക്. അങ്ങനെ അല്ല, നിങ്ങളുടെ സ്നേഹത്തിൽ, പ്രവൃത്തിയിൽ അല്പമെങ്കിലും സ്വാർത്ഥത കലർന്നിരുന്നു എങ്കിൽ, മത്സരബുദ്ധി ഉണ്ടായിരിന്നു എങ്കിൽ; നിങ്ങളുടെ സ്വാർത്ഥതയിൽ നിന്ന് അവരെയും നിങ്ങളെത്തന്നെയും മോചിപ്പിയ്ക്കാനുള്ള സമയമാണ് ഇതെന്ന് കരുതുക. ഇനിയുള്ള ജീവിതമാണ് നിങ്ങളുടെ ഉള്ളിലെ നന്മകൾ നിങ്ങൾക്ക് തന്നെ ബോധ്യമാകാനുള്ള കാലയളവ്. ക്ഷമയോടെയിരിക്കൂ!*******************************************************************************
തങ്ങളുടെ നിലനിൽപ് തന്നെ പ്രശസ്തരായവരെ നല്ലത്, നല്ലതെന്ന് കയ്യടിച്ചു കേൾപ്പിയ്ക്കുന്നതാണെന്ന് വിശ്വസിയ്ക്കുന്നവരുടെ കയ്യടിയാൽ ശബ്ദമുഖരിതമായ സർഗ്ഗാത്മകതയുടെ  അരങ്ങ്.

ഒരിയ്ക്കൽ, പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ഒരാൾ വൊതോയെ കാണാൻ വന്നു. അയാൾ ഗുരുവിനോട് സങ്കടം പറഞ്ഞു:
"ഇപ്പോൾ ഉള്ളവരിൽ ഭേദപ്പെട്ട പാട്ടുകൾ എഴുതുകയും പാടുകയും ചെയ്യുന്നുണ്ട് ഞാനെന്ന് എനിക്കറിയാം. എന്നിട്ടും എനിക്കെന്താണ് ആളുകളുടെ ആദരവോ ആരാധനയോ ലഭിയ്ക്കാത്തത്?"

ഗുരു മന്ദഹസിച്ചു.
എന്നിട്ട് പറഞ്ഞു:

"ആളുകളുടെ ആദരവോ ആരാധനയോ അനുഭവിയ്ക്കേണ്ടവർ അതിന് അതീതരായിരിക്കുകയും വേണം. അങ്ങനെ ആയിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ചോദ്യമേ ഉണ്ടാകുമായിരുന്നില്ലല്ലോ. അല്ലാത്തവർക്ക് ആരാധനയും ആദരവും കിട്ടുമ്പോൾ അവരുടെ ശ്രദ്ധയും ചിന്തയും അതിൽ മാത്രമായിരിക്കും; അവരുടെ ജീവിതത്തിന്റെ പാതി സമയം അങ്ങനെ പാഴായിപ്പോകും. ഇപ്പോൾ അങ്ങനെ ഒരു ശല്യമില്ലല്ലോ. അതിൽ ആഹ്ളാദിയ്ക്ക് ! "
*********************************************************************************

No comments:

Post a Comment