Monday, May 1, 2017

പക്ഷികളെ കാണാൻ പോയ ഒരാളെക്കുറിച്ച്

'മൂന്ന് വൃദ്ധരും അവർക്ക് ഒരു രാത്രി കാവൽക്കാരനും!'
ഈയ്യിടെയായ് അമ്മയുടെ പരാതികളിൽ ഒന്ന് ഇതാണ്.

അച്ഛനും അമ്മയും അമ്മാവനും ഇവരാണ് എഴുപത്തിയഞ്ച്, അറുപത്തിയൊൻപത്, അറുപത് വയസ്സുള്ള വൃദ്ധന്മാർ. നാല്പത്തി മൂന്ന് വയസ്സുള്ള രാത്രി കാവൽക്കാരൻ ഞാനും.

ഏതാണ്ട് എല്ലാ ദിവസവും കണ്ടുമുട്ടുന്നവർ, എന്നും ഉറങ്ങിയുണരുന്ന വീട്, ജീവിതത്തിന്റെ ഭാഗമായ് കൂടെയുള്ളവർ, കാലങ്ങളായി പാലിയ്ക്കുന്ന ദിനചര്യകൾ, കടന്നുപോകുന്ന പ്രായം- ഇതിനെക്കുറിച്ചെല്ലാം അമ്മ പരാതികൾ പറഞ്ഞു തുടങ്ങിയത് ഈ അടുത്തകാലത്താണ്. പകൽ കഴിയുന്നതിനു മുൻപേ പിന്മാറുന്ന സൂര്യ തേജസ്സായി മനസ്സിൽ ഇരുട്ട് നിറയ്ക്കുന്നു,  അമ്മയുടെ ഈ 'തോറ്റു കൊടുത്തേയ്ക്കാം' എന്ന ഭാവമാറ്റം.

അങ്ങേയറ്റം സാധാരണമായിരുന്നു അമ്മയുടെ ജീവിതം. പക്ഷെ അതിനെ വളരെ അസാധാരണമായ് സ്നേഹിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്തിരുന്നു ഇക്കാലം വരേയും അമ്മ. ജീവിതം വിരസമാണെന്ന് എനിയ്ക്ക് തോന്നുമ്പോഴൊക്കെ ഞാൻ അമ്മയെക്കുറിച്ച് ഓർക്കുകയും അവർ ജീവിതത്തെ സ്നേഹിയ്ക്കുന്നതു പോലെ സ്നേഹിയ്ക്കണമെന്ന് സ്വയം തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു. 

"എനിയ്ക്ക് ഇഷ്ടമേ അല്ലെന്ന്" അമ്മ ഉറപ്പിച്ച് പറയാറുള്ളത് രാഷ്ട്രീയത്തെ  കുറിച്ച് മാത്രമാണ്.

ഞാൻ കോളേജ് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ 'അത് ഗായത്രിയ്ക്ക് വേണ്ടിയല്ലേ' എന്ന് സമാധാനിച്ചു, അമ്മ.

ഗായത്രിയ്ക്ക് വേണ്ടിയാണെങ്കിൽ രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും പാചകവും വരെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. കോളേജ് മാഗസീനിൽ കഥകളെഴുതി. ആഴ്ചപ്പതിപ്പുകൾ നടത്തിയ മത്സരങ്ങളിലേക്കും കഥകൾ അയച്ചു. വലിയ പ്രോത്സാഹനം ഒന്നുമായ്‌ തോന്നിയില്ലെങ്കിലും ചില പ്രോത്സാഹന സമ്മാനങ്ങൾ ചിലയിടങ്ങളിൽ നിന്നൊക്കെ ലഭിയ്ക്കുകയും എഴുതിയ കഥകൾ ചിലപ്പോഴൊക്കെ അച്ചടിച്ചു വരികയും  ചെയ്തു.

ആ കഥകളിൽ എവിടെയൊക്കെയോ വാക്കുകളുടെ നക്ഷത്രങ്ങൾ തിളങ്ങുന്നു എന്ന് പറഞ്ഞു കൂട്ടുവന്ന ഒരുവളാണ് അതുകൊണ്ട് കൈവന്ന ഏകനേട്ടം.

"എഴുതൂ, ആ നക്ഷത്രങ്ങൾക്ക് വേണ്ടി എഴുതൂ .." എന്നവൾ ഓരോ വട്ടവും ഓർമ്മിപ്പിച്ചു.
ഒരുപാട് കത്തുകൾ എഴുതി. ഫോണിൽ മിക്കപ്പോഴും വിളിച്ചു. രണ്ടുമൂന്നു വട്ടം തമ്മിൽ കണ്ടു.

അവളെ പരിചയപ്പെട്ടപ്പോഴേക്കും ഗായത്രിയുമായ് ഒരു ജീവിതം പങ്കിടാമെന്ന് നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അവളോ പിറക്കാനിരിയ്ക്കുന്ന രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലും. രസകരമായിരുന്നു ആ സൗഹൃദം. കിറുക്കുകൾ നിറഞ്ഞതായിരുന്നു ഞങ്ങളന്യോന്യം പങ്കിട്ട സ്വാതന്ത്ര്യം. 

'ഒരു കഥ വായിക്കുന്നു. അതിലെ ചില കഥാപാത്രങ്ങളോട് സ്നേഹം തോന്നുന്നു. ചിലരോട് അപ്രിയവും. ചില കഥാപാത്രങ്ങൾ നാം തന്നെയല്ലേ എന്ന് തോന്നിപ്പോകുന്നു. ആ കഥ പ്രിയപ്പെട്ടതാകുന്നു.
അതുകൊണ്ട് ദിവസങ്ങൾ കഴിഞ്ഞ് ഒരിയ്ക്കൽ കൂടി കഥയിലൂടെ കടന്നുപോകുന്നു. ചില മാറ്റങ്ങൾ കാണുന്നു. എല്ലാ വാചകങ്ങളും അത് പോലെ തന്നെ. എന്നാൽ ചില സംഭവങ്ങളുടെ, സംഭാഷണങ്ങളുടെ ക്രമം മറ്റൊന്നായിരിയ്ക്കുന്നു. നന്മതിന്മകളുടെ പക്ഷം മാറിമറഞ്ഞതായ് തോന്നുന്നു. ചിലപ്പോൾ  ഓരോ വായനയിലും, വാചകങ്ങളുടെ ക്രമങ്ങൾ മാറിക്കൊണ്ട് കഥ മാറാതെ തന്നെ, കഥയിലെ നമ്മുടെ ഇഷ്ടങ്ങൾ മാറുന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം. 
ദൈവം മനുഷ്യന്റെ കഥയെഴുതുന്നത് ഇങ്ങനെയാണ്. അങ്ങനെ എഴുതുന്നൊരു മാന്ത്രികനെ വേണം. നമ്മുടെ തലയിണക്കടിയിൽ ഓരോ ദിവസവും മാറുന്ന കഥകളുമായ് അയാളുടെ പുസ്തകം വേണം.'
- അവൾ പറയാറുണ്ടായിരുന്നു.

"നിനയ്ക്കിഷ്ടമായില്ലെങ്കിൽ കഥകൾ എത്രവട്ടം വേണമെങ്കിലും മാറ്റിയെഴുതാം." എന്ന് ഞാൻ.
"ഇഷ്ടമില്ലാത്തിടങ്ങൾ മാറ്റിയെഴുതുക- ജീവിതത്തോട് ചെയ്യാൻ കഴിയാത്തതൊക്കെ നമുക്ക് കഥകളോട് ചെയ്യണം."എന്ന് അവൾ.

"എങ്ങനെയാവും നീ എന്നെ ഓർക്കുക?" ആദ്യമായ് കണ്ട് മടങ്ങുമ്പോൾ അവൾ ചോദിച്ചു.
"ഒരു പ്രാന്തത്തി.." ഞാൻ കളിയാക്കി. പിന്നെ സ്നേഹത്തോടെ അവളെ നിർവചിച്ചു :
"വാക്കുകൾ കൊണ്ട് മനസ്സിൽ തൊട്ട് എങ്ങോട്ടോ ഓടിപ്പോകാൻ ആഗ്രഹിച്ച ഒരാൾ.. വാക്കുകളെ വിരലുകൾ എന്നതുപോലെ കൊണ്ട് നടക്കുന്ന ഒരാൾ.. "
"വിരലുകൾ പോലെ വാക്കുകൾ.. അതിഷ്ടമായി " അവൾ ആഹ്ളാദിച്ചു.
പിന്നെ ആവലാതിപ്പെട്ടു:
"വിരലുകളിലെ മുറിവുകൾ എന്ന പോലെ വാക്കുകൾ- അങ്ങനെ തിരുത്തിയെഴുതാം... വാക്കുകൾ, മുറിവുകൾ പോലെ അതിങ്ങനെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിയ്ക്കും.. എന്ത് ചെയ്യണമെന്ന് അറിയുകയുമില്ല! "
"എഴുതൂ ഒരുപാട്," ഞാൻ ഓർമ്മിപ്പിച്ചു:"എനിയ്ക്കുള്ള കത്തുകൾ അല്ലാതെ മറ്റെന്തെങ്കിലും കാര്യമായ്!"


ഗായത്രിയുമായുള്ള വിവാഹത്തിന്റെ അന്നാണ് രണ്ടാമത് കണ്ടത്. പൂർണ്ണിമയും കാർത്തികയെന്നും രണ്ട് പെൺമക്കളും കൂടെയുണ്ടായിരുന്നു.
"ഒരാൾ കൂടി വരും വൈകാതെ .." അവൾ ഗായത്രിയുടെ കൈകൾ പിടിച്ചു: "അപ്പോഴത്തേയ്ക്കും ഇവിടെയും ഉണ്ടാകണം ഒരാൾ.. കുട്ടികളും അവരുടെ കുസൃതികളുമായ് നമുക്ക് ഒരു ദിവസം മുഴുവൻ ഒന്നിച്ചിരിയ്ക്കണം."


ആ വാക്കു പാലിയ്ക്കാൻ അഭയ് ജനിച്ച് ഒരുവർഷം ആകാറായപ്പോൾ അവനെയും കൂട്ടി അവളുടെ വീട്ടിലെത്തി. ഗായത്രിയുണ്ടായിരുന്നില്ല; അല്ലെങ്കിലും ഇതൊക്കെ അവൾക്ക് ' വെയ്സ്റ്റ് ഓഫ് ടൈമായിരുന്നു; ഒരു പണിയും ഇല്ലാത്തവരുടെ പ്രാന്തുകൾ.'
അവളും അവളുടെ മൂന്ന് കുട്ടികളും അഭയ്‌യും ഞാനും- ആ പകൽ മുഴുവൻ കളികളും ബഹളവുമായ് ആസ്വദിച്ചു. രാത്രി അഭയ് അവളുടെ ഒപ്പം സുഖമായ് ഉറങ്ങി. കളിപ്പാട്ടങ്ങളും കുട്ടിക്കുപ്പായങ്ങളും ക്രയോണുകളും ചിതറിക്കിടന്ന ഇരിപ്പുമുറിയിൽ ഞാൻ സന്തോഷം കൊണ്ട് ഉറങ്ങാൻ കഴിയാതെ കിടന്നു. മനസ്സു കൊണ്ട് കുട്ടിയായിപ്പോയ ഏറ്റവും അവസാനത്തെ ദിവസം അതായിരുന്നു.

വിദേശത്തേക്ക് താമസം മാറുകയാണെന്നും പുതിയ മേൽവിലാസം അവിടെയെത്തിയിട്ട് അയച്ചു തരാമെന്നും ഉറപ്പു പറഞ്ഞാണ് പിറ്റേന്ന് പകൽ പിരിഞ്ഞത്. 'ഇതുപോലെ സമയം ഒത്തുവരുമ്പോഴെല്ലാം ഒന്നിച്ചു ചേരണം' എന്ന് പലവട്ടം ഓർമ്മിപ്പിയ്ക്കുകയും ചെയ്തിരുന്നു. പിന്നീടെന്തോ കത്തുകളും വിളികളും ഉണ്ടായില്ല. കത്തുകൾ എഴുതുന്ന ശീലവും ആളുകളിൽ നിന്ന് മാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു കാലവുമായിരുന്നല്ലോ അത്. ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകൾ ഉണ്ടാകില്ലേ...
അന്വേഷിച്ചു ചെല്ലേണ്ടതില്ലെന്ന വാക്ക് ഇന്നുവരെ പാലിയ്ക്കുകയും ചെയ്തു.

ഗായത്രിയ്ക്കാവട്ടെ മറ്റൊരു ജീവിതത്തോടായിരുന്നു പ്രിയം.
താഴ്ന്ന ജീവിതസാഹചര്യങ്ങളുള്ള  ഒരുകൂട്ടം ആളുകളുടെ ഇടയിൽ താമസിച്ച് അവർക്കുള്ള വൈദ്യസഹായവും അവരുടെ കുട്ടികളുടെ പഠനവും ഒക്കെയായി, "ലൈഫിനൊരു മീനിംഗ് " കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അവൾ.
അവളോടുള്ള സ്നേഹത്തിൽ നിന്ന് മുക്തനായിരുന്നില്ലെങ്കിലും, "എപ്പോഴും അവൾ സമാധാനത്തോടെയിരിയ്ക്കട്ടെ " എന്ന പ്രാർത്ഥനകളോടെ തമ്മിൽ പിരിഞ്ഞു.
അഭിയെ കൂടെ അവൾ ഒപ്പം കൊണ്ടുപോയതിൽ പിന്നെയാണ് വീട് ഉറങ്ങിത്തുടങ്ങിയത്.

രക്തത്തിൽ അലിഞ്ഞതുപോലെ വിശ്വസിച്ചുകൊണ്ടിരുന്ന മാനുഷിക മൂല്യങ്ങൾ അവനവന്റെ ജീവിതത്തിൽ  പങ്കിടേണ്ടി വരുമ്പോഴുള്ള സംഘർഷം ഓരോരുത്തരും നിശബ്ദമായ് അനുഭവിച്ചു.

അപ്പോഴും അമ്മ, "അവളുടെ ജീവിതമല്ലേ ; അതിലെ നന്മകളല്ലേ .." എന്ന് സ്വയം സമാധാനിപ്പിച്ചു.

ചില സങ്കടങ്ങൾ വരുമ്പോൾ സംസാരിയ്ക്കാൻ ആരെങ്കിലും അടുത്തുണ്ടാകണമെന്നാഗ്രഹിയ്ക്കും. മനസ്സിൽ അടുപ്പമുണ്ടായിരുന്നു എന്നു കരുതിയ പലരും അവരുടേതായ കാരണങ്ങൾ കൊണ്ട് ഏതൊക്കെയോ അകലങ്ങളിൽ ആയിരിയ്ക്കും, അപ്പോൾ.

ഒപ്പമുണ്ടാകുന്നവരാകട്ടെ, സാധാരണമായ സഹതാപം കാട്ടും; ചിലർ അവർക്കു പരിചയത്തിലുള്ളവരുടെ സമാനമായ അവസ്ഥകൾ ഓർമ്മിപ്പിയ്ക്കും. അതാവട്ടെ അലോസരം മാത്രം ബാക്കിയാകും. അപ്പോൾ സങ്കടങ്ങൾ ഒറ്റയ്ക്ക് നേരിടും. അത് ശീലമായ് കഴിഞ്ഞാൽ പിന്നെ മറ്റൊന്നിനും നമ്മെ ഒരു ആൾക്കൂട്ടത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയുകയുമില്ല.

സ്നേഹം പോലും നാം തനിച്ചനുഭവിച്ചാഘോഷമാക്കും.

നമ്മിൽ നിന്ന് അകന്നുപോയ ചില പ്രിയപ്പെട്ടവർ നമ്മുടെ സങ്കടങ്ങൾ കേൾക്കരുതെന്ന് ഉറപ്പിച്ച് പിന്നീട് നാം സ്വയം നിശ്ശബ്ദരായിരിയ്ക്കും. നമ്മോട് മാത്രമായ് ആർക്കും ഒന്നും പറയാനില്ലെന്ന് നിശ്ചയിക്കും. സംസാരിയ്ക്കാൻ നാം മാത്രം ഉണ്ടായിരുന്ന ചിലരെയും അങ്ങനെ നമ്മൾ മൗനികളാക്കും. അതവരെ ഭ്രാന്തുപിടിപ്പിയ്ക്കുകയും ചെയ്യും.

അമ്മയോട് ചെയ്തതും അത് തന്നെയാണ്. പകൽ മുഴുവനും ആശുപത്രിയും ക്ലിനിക്കും രോഗികളുമായി കഴിഞ്ഞു പോകും. രാത്രി വൈകി വീട്ടിലെത്തും. 'വൃദ്ധസദനത്തിന്റെ രാത്രി കാവൽക്കാരൻ ' മാത്രമായ് അമ്മയ്ക്ക് തോന്നിത്തുടങ്ങിയതും അതുകൊണ്ട് തന്നെയാകും.

ഇനി അങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് അന്ന് ക്ലിനിക്കിൽ നിന്ന് മടങ്ങിയത്. നാലാഴ്ച അവധിയ്ക്ക് അപേക്ഷിയ്ക്കുകയും ചെയ്തു. യാത്രയൊന്നും പോയില്ലെങ്കിലും അമ്മയ്ക്ക് കൂട്ടിരിയ്ക്കണം എന്ന് തോന്നി. പറ്റുമെങ്കിൽ ഗായത്രിയെയും അഭിയേയും ചെന്ന് കാണണം. എല്ലാവര്ക്കും പറയാനുള്ളത് കേൾക്കണം. എല്ലാവരോടും സംസാരിച്ചിരിയ്ക്കണം.

രാത്രി ചെന്നുകയറുമ്പോൾ അമ്മയുടെ ആഹ്ളാദം തന്നെയാണ് വാതിൽ തുറന്നത്.

"കുഞ്ഞു മോൾ വന്നിരിയ്ക്കുന്നു !"
"ഏത് കുഞ്ഞു മോൾ? " ഞാൻ അന്വേഷിച്ചു.
"നീ മെഡിക്കൽ കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ നിന്നെ വിളിയ്ക്കാറും കത്തെഴുതാറും ഒക്കെയുണ്ടായിരുന്ന ഒരു കുട്ടിയുണ്ടായിരുന്നില്ലേ.. അവളുടെ മകൾ !"
"ആര് ??പൂർണ്ണിമയോ??"
"അതെയതെ ..രാവിലെ നീ ഇറങ്ങിക്കഴിഞ്ഞപ്പം വന്നതാ.."
"എന്നിട്ട്??"
"ഉറങ്ങുന്നു..യാത്ര ചെയ്തു വന്നതല്ലേ..നേരത്തെ കെടന്നോളാൻ പറഞ്ഞു.."
"കഴിച്ചോ വല്ലതും?"
"നിറയെ.."
 അമ്മ മേശ നിറയെ വിഭവങ്ങൾ നിരത്തി വെച്ചു :
"മാധേട്ടൻ മാർക്കെറ്റിൽ പോയ് വാങ്ങിച്ചതാ, സുരേന്ദ്രന്റെ ഓട്ടോ പിടിച്ച് .. മൂപ്പരെത്ര കാലമായ് ഒറ്റയ്ക്ക് ടൗണിലൊക്കെ പോയിട്ട്..  "

അമ്മ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു:
"കല്യാണം പറയാൻ വന്നതാ.. നമുക്ക് നാളെ ടൗണിൽ അവളേം കൂട്ടിപ്പോയ് കൊറേ സാധനങ്ങൾ വാങ്ങിച്ചു കൊടുക്കണം ..."
"എവിടെ വേണേലും പോവാം " ഞാനും ഊർജ്ജസ്സ്വലനായ്.

ആറേഴ് വർഷങ്ങളിലെ സൗഹൃദം. പതിനാല് വർഷത്തെ ഇടവേള. അവൾക്ക് എന്നേക്കാൾ നാലഞ്ച് വയസ്സ് കൂടുതലുണ്ടായിരുന്നു. ഒരിയ്ക്കലും പക്ഷെ ചേച്ചി എന്ന് വിളിച്ചില്ല. ഉള്ളിൽ കരുതിവെച്ച കുസൃതികളും കുരുത്തക്കേടുകളും കൊണ്ട് എന്നുമവളെ കുട്ടിയായ് തന്നെ തോന്നി. "മൂന്ന് കുട്ടികളുടെ അമ്മയായ് " എന്ന്‌ അവൾ അവളെത്തന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു എന്ന് മാത്രം.

ഇന്നലെകൾ കൂട്ടിവയ്ക്കാതെയും നാളകൾ കരുതി വയ്ക്കാതെയും ഈ നിമിഷമെന്ന് ജീവിതത്തെ കാണുവാൻ കഴിയണമെന്ന് ആഗ്രഹിച്ച രണ്ടുപേർ, വാക്കുകൾ കൊണ്ട് പരസ്പരം അലങ്കരിച്ച സ്നേഹം. അതായിരുന്നു ഞങ്ങളുടെയിടയിൽ. അതിൽ ചിലപ്പോൾ പ്രണയം പോലും പറഞ്ഞിട്ടുണ്ട്. അത്രയും സ്വാഭാവികമായ് ഒരാൾ മറ്റെയാളിന്റെ കിറുക്കുകൾ നീന്തി കടന്നിട്ടുമുണ്ട്.

അവസാനം കണ്ട് പിരിയുമ്പോൾ പൂർണ്ണിമയ്ക്ക് പത്ത് വയസ്സായിട്ടുണ്ടാകും. കാർത്തികയ്ക്ക് ഏഴോ എട്ടോ. അഭയ്‌ക്കും അരുണിമയ്ക്കും ഒരു വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

"ഡോക്ടറങ്കിളിന് ഒരു മാറ്റവും ഇല്ലല്ലോ " എന്ന് പറഞ്ഞാണ് പൂർണ്ണിമ രാവിലെ മുറിയിലേക്ക് കയറി വന്നത്.

"നിന്നെ കണ്ടാൽ തിരിച്ചറിയാനും കഴിയുന്നില്ല. " ഞാൻ ചിരിച്ചു:
"പറയൂ .. കല്യാണക്കുട്ടിയുടെ വിശേഷങ്ങൾ പറയൂ.."

"ഞാൻ കല്യാണം വിളിയ്ക്കാൻ മാത്രമല്ല.. ഈ പുസ്തകങ്ങൾ തരാൻ കൂടി വന്നതാ.." അവളെനിയ്ക്ക് രണ്ട് കുറിപ്പ് പുസ്തകങ്ങൾ നീട്ടി.

പരിചയമുള്ള, ഏറെ പ്രിയപ്പെട്ട കൈയ്യക്ഷരം.
പെട്ടന്ന് തുറന്നു വന്ന പേജിൽ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്:


'ഒറ്റയ്ക്കായി എന്ന് തോന്നുന്നുണ്ടോ?'


'ഇല്ല .. ഒറ്റയ്ക്കാവില്ലല്ലോ ഒരിയ്ക്കലും.. നീയില്ലെ ?'

 'ഞാനുണ്ടെന്ന് കരുതി ആർക്കും ഒറ്റയ്ക്കാണെന്ന് തോന്നാതിരിക്കേണ്ട !'

ഒരു മിന്നൽ അതിന്റെ നീണ്ട വിരൽ നീട്ടി തൊട്ടതു പോലെ വിറച്ചു പോയി.
അവൾക്ക് മാത്രം എഴുതാൻ കഴിയുന്ന കുസൃതി.

ഞാൻ നിസ്സഹായനായ് ചിരിച്ചു: "അവളെവിടെ?"
ഒന്നോർത്ത് ഞാൻ വീണ്ടും പൂർണ്ണിമയോട് ചോദിച്ചു:
"നിന്റെ അമ്മ എവിടെ ??"

അവളുടെ കണ്ണുകൾ നിറയുന്നുവോ എന്ന് ഭയം തോന്നി. 
അവൾ പുസ്തകങ്ങളിലൊന്ന് തിരികെ വാങ്ങി പേജുകൾ മറിച്ചു :
അതിലൊന്ന് തിരഞ്ഞെടുത്ത് എനിയ്ക്ക് വായിക്കാനായ് നീട്ടി. 

അതിൽ എന്റെ കൂട്ടുകാരി എഴുതിയിരിക്കുന്നു:

പണം സമ്പാദിയ്ക്കുക എന്നത് ഒരു കലയാണ്. മറ്റ് പല കലകളിലും എന്നത് പോലെ ഇതിലും എനിയ്ക്ക് നൈപുണ്യമില്ല!
അയാളോട് പറയാൻ ആഗ്രഹിച്ച ഒരേയൊരു കാര്യം ഇതാണ്.

കൂട്ടുകാരന്റെ ഡിന്നർ പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. കാർ ഓടിച്ചു കൊണ്ട്, കൂട്ടുകാരന്റെ സമ്പാദ്യത്തിൽ അവന്റെ ഭാര്യയുടെ ഓൺലൈൻ ബിസിനസ്സിന്റെ പങ്കിനെക്കുറിച്ച് വിവരിയ്ക്കുകയായിരുന്നു അയാൾ.

"അതൊന്നും എനിയ്ക്ക് മനസ്സിലാവില്ല.." അവൾ പറഞ്ഞു.
"മനസ്സിലാക്കാൻ ശ്രമിയ്ക്കേണ്ടേ ..എന്നാലല്ലേ.." അയാൾ ക്ഷുഭിതനായ്.

അതിനിടയിൽ അവരുടെ മൂത്തമകൾ, അവളുടെ കൂട്ടുകാരികളുടെ അമ്മമാർ നടത്തുന്ന ഓൺലൈൻ ബിസിനസ്സിനെ കുറിച്ച് വിവരിച്ചു തുടങ്ങി. അതിലൊരാൾ ഓൺലൈനിൽ കെയ്ക്ക് ബിസിനസ്സ് ചെയ്യുന്നതു അവൾ ഓർമ്മിപ്പിച്ചു. വലുതാകുമ്പോൾ അങ്ങനെയൊന്ന് തുടങ്ങാൻ  ഇപ്പോഴേ പദ്ധതിയുണ്ടത്രേ!

"നീ അടച്ചു തീർത്ത ബില്ലുകളുടെ മറുവശത്ത്
 ഞാൻ കവിതകളെഴുതും; 
 നീ കാണില്ല.
 നിന്റെ കൈകൾ കോർത്ത് നടക്കുമ്പോഴും 
 മനസ്സിൽ ഞാനൊരു പുസ്തകം വായിക്കുകയാവും
നീ അറിയില്ല. 
നീ എന്നോട്,
ബാങ്കുവായ്പകളെക്കുറിച്ചും പലിശകളെക്കുറിച്ചും 
കച്ചവടത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിയ്ക്കും. 
'ദൈവമേ' എന്ന് മനസ്സിൽ  നിലവിളിച്ചുകൊണ്ട് ഞാനത് കേൾക്കുന്നതായ് നടിയ്ക്കും. 
എനിയ്ക്ക് മനസ്സിലാവാത്തൊരു ഭാഷയാണ് അതെന്ന് നീ ഓർക്കില്ല." 
- പറയണമെന്ന് തോന്നി.
പക്ഷെ, ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. 

ഈ വഴിയിൽ എവിടെയോ ആയിരുന്നില്ലേ  പിങ്ക് നിറമുള്ള പക്ഷികൾ വന്നു നിറയാറുള്ള തുരുത്തും കണ്ടൽ കാടും എന്ന് സംശയിച്ചു. കാലം എത്ര യാത്ര ചെയ്താലും ഈ നഗരത്തിലെ വഴികൾ പഠിയ്ക്കാൻ കഴിയുന്നില്ല.

ഒരു വൈകുന്നേരം ആ പക്ഷിപ്പാടം കാണാൻ പോകണം.

ഓരോ തവണയും പകൽ ആ വഴി കടന്നു പോകുമ്പോൾ,
"ഒന്ന് അവിടം കണ്ടിട്ട് വരാമെന്ന് " കെഞ്ചും.
അയാൾ വെറുതെ മൂളി കേൾക്കും. ഇനി ഒരു പത്ത് വർഷം പറഞ്ഞു കൊണ്ടേയിരുന്നാലും അയാൾ അവിടെ കൊണ്ട് പോകില്ലെന്ന് ഉറപ്പാണ്. കാരണം അയാൾക്ക് അതിനൊന്നും സമയം ഇല്ല. അതയാളുടെ കുറ്റവുല്ല. ഒരു മനുഷ്യനായ് ജീവിയ്ക്കാൻ ഈ ഭ്രാന്തുകളുടെ ആവശ്യമില്ലെന്ന് അയാൾക്ക് നന്നായ് അറിയാം. 


തന്റെ ഈ കൊച്ചുകൊച്ചു കൗതുകങ്ങളൊക്കെ മനസ്സിലാക്കിയിരുന്ന ഒരു കൂട്ടുകാരനെക്കുറിച്ചു ഓർത്തു.
കാലം എത്രയായ്‌ കണ്ടിട്ട്.

ഇത്തവണ നാട്ടിൽ എത്തുമ്പോൾ കാണണം.
ഒരു സന്ധ്യയ്ക്ക് പക്ഷിപ്പാടത്തിനു നടുവിൽ കണ്ണടച്ച് നിന്നതിനെക്കുറിച്ച് അവനോട് പറയണം.
 തുമ്പികൾ പറന്നു നടക്കുന്ന ഒരു തുരുത്ത് കാണാൻ പോയതും പറയണം.

നാം പ്രാന്തുകൾ ഉപേക്ഷിയ്ക്കുമ്പോൾ, 
പ്രപഞ്ചത്തിന് 
അതിന്റെ ചന്തം തന്നെ നഷ്ടമാകുന്നു- 
എന്ന് ഓർമ്മിപ്പിക്കണം.
എനിയ്ക്കും നിനക്കും വേണ്ടി ഞാനെഴുതിയതെന്ന് ഈ കുറിപ്പു പുസ്തകം വായിച്ചു കൊടുക്കണം.

"പ്രാന്തത്തി .." മനസ്സിൽ അവളെ ഓമനിച്ചു.

"എന്നിട്ട് അമ്മയെവിടെ?" ഞാൻ പൂർണ്ണിമയോട് ചോദിച്ചു.

"പക്ഷിപ്പാടത്തിനു നടുവിൽ കണ്ണടച്ചു നിൽക്കുന്നു!"
അവൾ നിർവികാരയായ് പറഞ്ഞു:
"ഒരു വൈകുന്നേരം അതിനടുത്ത് വെച്ച് ഒരു ആക്സിഡന്റ് ഉണ്ടായി. അവിടെയ്ക്ക് പോയതാണോ എന്നറിയില്ല.. തനിച്ചു കാറോടിച്ച് പോയതാണ് . പക്ഷെ അവിടെ നിന്നൊരിയ്ക്കലും തിരിച്ചു വന്നില്ല!"

അവൾ തുടർന്നു:
"എന്റെ അച്ഛന് അമ്മയെ ഭയങ്കര ഇഷ്ടമായിരുന്നു.. അമ്മയ്ക്ക് തിരിച്ചും.. ഞങ്ങളത് ശരിയ്ക്കും  ഫീൽ ചെയ്തിട്ടുണ്ട് .. പക്ഷേ, സ്നേഹത്തിലായിരിക്കുമ്പോഴും അവര് രണ്ട് പേരും അവരുടെ ഇഷ്ടങ്ങളോട് ചേർന്നു പോകുന്നവരെ അന്വേഷിയ്ക്കുകയായിരുന്നു അവരുടെ ജീവിതം മുഴുവൻ... എല്ലാവരും അങ്ങനെയാണോ?" അവൾ എന്റെ അമ്മയോട് ചോദിച്ചു.

അമ്മ കണ്ണുകൾ നിറഞ്ഞു അവളെ ചേർത്തുപിടിച്ചു.

"ഞങ്ങളും അങ്ങനെ ആയിരിയ്ക്കുമോ?"
അവൾ വിവാഹം കഴിയ്ക്കാൻ പോകുന്ന ആളിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു:
"ഞങ്ങൾക്കിടയിലിപ്പോൾ സ്നേഹം അല്ലാതെ മറ്റൊന്നും ഇല്ല..."
അവൾ തുടർന്നു :
"പരസ്പരം മനസ്സിലായില്ലെന്ന് പിന്നിടൊരിയ്ക്കൽ തിരിച്ചറിയുന്നതിനെക്കുറിച്ച് ആലോചിയ്ക്കാനേ കഴിയില്ല .."

"ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല.." അമ്മ സമാധാനിപ്പിച്ചു.

എനിയ്ക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എനിയ്ക്ക്  പ്രിയപ്പെട്ടവൾ  ഇങ്ങനെ എഴുതിയിരിക്കുന്നു:

"നമ്മെ വല്ലാതെ ഇഷ്ടമുള്ളവർ, 
അവർക്ക് ഇഷ്ടമില്ലാത്ത 
നമ്മുടെ ഇഷ്ടങ്ങളെ 
കണ്ടില്ലെന്ന് നടിയ്ക്കും..

അവർക്ക് 
നമ്മോടുള്ള ഇഷ്ടമാണ് 
നമ്മുടെ ഇഷ്ടങ്ങളേക്കാൾ 
വലുതെന്ന് കരുതുന്ന നാം 
അവർ കണ്ടില്ലെന്ന് നടിയ്ക്കുന്നതിനെയൊക്കെയും 
നമ്മുടെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കും...

ഒടുക്കം
എല്ലാവരും തോറ്റുപോകുന്നൊരു 
ഒളിച്ചുകളിയാകുമത്! "

ഇഷ്ടങ്ങളെന്താണെന്നറിഞ്ഞ്,
ഇഷ്ടത്തോടെ വിട്ടുകൊടുത്താലും
ഇഷ്ടക്കൂടുതലുള്ള ചിലർ തനിച്ചാക്കി കടന്നുപോകും!
ഇഷ്ടമുള്ളവരെല്ലാം തോറ്റുപോകുന്നൊരു കളിയാകും അത് -
അവളോട് പറയണം എന്ന് തോന്നി.

അവനവനിൽ നിന്ന് സ്വതന്ത്രരായി, രണ്ട് ജീവിതങ്ങൾ പരസ്പരം തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നുചേരുന്നതിന്റെ രസതന്ത്രം ഇപ്പോഴും അറിയില്ല. ചിലപ്പോൾ തോന്നും ലോകത്തിലെ മഹാദ്‌ഭുതങ്ങളിലൊന്ന് അതാണെന്ന്. ഓരോരുത്തരും അവനവനുവേണ്ടി പരീക്ഷിച്ചു കണ്ടെത്തേണ്ട മാന്ത്രികമായ രസക്കൂട്ട്.

"സ്നേഹത്തിന്റെ സ്വാഭാവികമായ പരിണാമത്തിന് കീഴടങ്ങുന്നതിനേക്കാൾ നല്ലത് "
അമ്മ പറഞ്ഞു:
"അതിന് വേണ്ടിയുള്ള ബോധപൂർവ്വമായ ഇടപെടലുകൾ തന്നെയാണ്.. ചിലരുടെയുള്ളിൽ സ്നേഹത്തിന്റെ ഖനികളുണ്ടാകും. അവനവന് തപസ്സിരിയ്ക്കാൻ മാത്രമാണെങ്കിൽ അതുകൊണ്ട് തൃപ്തിപ്പെടാം. എന്നാൽ രണ്ടുപേരെ വിളക്കിച്ചേർക്കേണ്ട ഒന്നാകണമെങ്കിൽ ആ അയിര് ഒന്ന് സംസ്കരിച്ചെടുത്തേ മതിയാകൂ. കൃത്യസമയത്തുള്ള വാക്കുകൾ, കൂടിച്ചേരലുകൾ, ഓർമ്മപ്പെടുത്തലുകൾ, വികാരപ്രകടനങ്ങൾ.. നിരന്തരമായ പ്രാർത്ഥന കൊണ്ട് ചൈതന്യം നിറയേണ്ട ഒരു വിഗ്രഹമെന്നപോലെയാണ് രണ്ടുപേർക്കിടയിലുള്ള സ്നേഹം.."

"ഈ പുസ്തകങ്ങൾ എനിയ്ക്കാണോ ?" ഞാൻ പൂർണ്ണിമയോട് ചോദിച്ചു.

"ഡോക്ടറങ്കിളിനല്ലാതെ മറ്റാർക്കും അതൊന്നും മനസ്സിലാവില്ലല്ലോ .." അവൾ സങ്കടത്തോടെ ചിരിച്ചു.

ഞാൻ ആ കുറിപ്പ് പുസ്തകം ഒരിയ്ക്കൽക്കൂടി തുറന്നു നോക്കി.

ആ നേരം, പക്ഷികളെ കാണാൻ പോയവൾ എന്നോട് പറഞ്ഞു:

"ജീവിതം മുഴുവൻ, 
എവിടെയാണെങ്കിലും നാം 
മിണ്ടിക്കൊണ്ടേയിരിയ്ക്കും..
അതിനു ശേഷം നാം
ഒന്നും മിണ്ടാതെ 
തമ്മിൽ കണ്ടുകൊണ്ടേയിരിയ്ക്കും.
കണ്ടാലും കണ്ടാലും കൊതിതീരാത്ത
ലിപികളായ് നാം മാറും.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായ് 
തമ്മിൽ കേട്ടുകൊണ്ടേയിരിയ്ക്കും."

പക്ഷികളെ കാണാൻ പോയ്, അക്ഷരങ്ങളായ് മാറിപ്പോയ ഒരാളുടെ കഥയെഴുതിയ പുസ്തകം ഇനിയെന്റെ തലയിണയ്ക്കടിയിൽ ഉണ്ടാകും. ആളുകൾ മരിച്ചു പോകുന്ന കഥകളെഴുതരുതെന്ന് ശാഠ്യം പിടിയ്ക്കാറുണ്ടായിരുന്ന അവൾ, ജീവിതത്തിലേക്ക് തിരിച്ചു വരുന്നതായ് ആ കഥ മാറ്റി എഴുതണം.

'ജീവിതത്തോട് ചെയ്യാൻ കഴിയാതെ പോകുന്നതൊക്കെ കഥകളോട് ചെയ്യണം.'
-ഞങ്ങൾ കഥകളെഴുതിരുന്നത് അതിന് വേണ്ടിയാണ്.
ഇഷ്ടമില്ലാത്തിടങ്ങളെല്ലാം പലവട്ടം തിരുത്തിയെഴുതാൻ!

No comments:

Post a Comment