Wednesday, April 12, 2017

ശാന്തനു ബ്രോ!

എന്റെ പൊക്കിൾ കുഴിയിൽ ചുണ്ടുകൾ ചേർത്തുറങ്ങി, 
ഒരു പല്ലിയോടൊപ്പം രാത്രിയിൽ വിരഹം പങ്കിട്ടെന്ന് 
പിറ്റേന്നു പുലർച്ചെ സ്റ്റാറ്റസ് ഇടുന്ന കാമുകനുണ്ടായിരുന്നു എനിയ്ക്ക്.

അതിനടിയിൽ ഞാനെഴുതിയ വരികൾ ഇതായിരുന്നു:

നിന്റെ പൊക്കിൾ കുഴിയിൽ 
മുഖം ചേർത്തുറങ്ങി.
ഉണർന്നപ്പോൾ ഞാനൊരു കാട്ടു പല്ലി.
നിന്നിലേക്കെന്ന് കൈകാലുകൾ.
മുറിച്ചിടുന്നു ഓർമ്മ എന്ന വാല്.


'എത്ര രസകരമായ നുണകൾ ചേർത്തുവെച്ചാണ്
 ഓരോരുത്തരും
അവരുടെ പ്രണയപുസ്തകം എഴുതുന്നതെന്ന്'
 അവൻ പറഞ്ഞപ്പോഴൊക്കെ,

'പ്രണയത്തെക്കുറിച്ച് മാത്രമേ
ഞാൻ
നുണ പറയാതിരുന്നിട്ടുള്ളൂ'
-എന്ന് ഞാൻ മറുപടി പറഞ്ഞു.




കാന്താരിമുളകും കല്ലുപ്പും എന്നായിരുന്നു ഞങ്ങളന്യോന്യം വിളിച്ചുകൊണ്ടിരുന്നത്. സംശയിക്കേണ്ട, ഞാൻ തന്നെയായിരുന്നു കാന്താരിമുളക്. എന്നെ ഉമ്മ വയ്ക്കുമ്പോഴെല്ലാം 'എന്തൊരു എരിവാണ് നിനക്കെന്ന്' കണ്ണുകൾ നിറഞ്ഞവൻ അലിഞ്ഞു പോകാറുണ്ടായിരുന്നു. 'നിന്റെ വിയർപ്പു വീണ മധുരപലഹാരങ്ങൾ' എന്ന് അവൻ പങ്കിട്ട എല്ലാറ്റിലും ഉപ്പുരസം തിരിയുന്ന കിറുക്ക് എനിയ്ക്കുമുണ്ടായിരുന്നു.

സുന്ദരമായ പ്രൊഫൈൽ ചിത്രങ്ങളിൽ ഒളിച്ചിരുന്ന കൂട്ടുകാരികൾ അവന്റെ കണ്ണുകളിലെ വിരഹത്തെ അവരുടെ ഹൃദയത്തിലേക്കെടുത്ത്  വെച്ചു. നിന്റെ വിഷാദം ഇത്രമേൽ നീലിച്ചു പോയതെന്തേ എന്നാരാഞ്ഞു. അവരുടെ സ്വപ്നങ്ങളിലെ സ്പാനിഷ് തെരുവുകളിൽ നിന്ന് സൈക്കിൾ ചക്രങ്ങൾ ചവിട്ടി, അവരുടെ സ്നേഹത്തിലേക്ക് അവൻ വന്നുകയറുന്നത് അവർ കാത്തിരുന്നു.

അപ്പോഴൊക്കെ,
'സൈക്കിളോട്ടക്കാരാ, സൈക്കിളോട്ടക്കാരാ
നാം പാർത്ത കുന്നിറങ്ങി 
നീ ചക്രം ചവിട്ടി കടന്നുപോകുമോ?'
-എന്ന് ഞാൻ അവനെ കളിയാക്കി.

അവൻ അവർക്ക് ഏകാകി, യാത്രികൻ, മുറിവുകൾ പേറുന്നവൻ, എഴുത്തുകാരൻ, അവരുടെ സ്വപ്ങ്ങളിൽ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചിടുന്നവൻ, അവർ കാണാത്തിടങ്ങളിൽ അവരെ കാത്തിരിയ്ക്കുന്നവൻ.

 'നീ മിണ്ടിയില്ലെങ്കിൽ
അവസാനിച്ചു പോകുന്ന
ഒരു ഗ്രഹത്തിൽ ചെന്ന് പാർക്കണം'
-എന്നൊക്കെ അവനോട് ആഗ്രഹം പറഞ്ഞവരുണ്ട്.
('അത്യന്തം ഭീകരം തന്നെ' എന്ന് ഞാനതിനെ പരിഹസിയ്ക്കുകയും ചെയ്തിട്ടുണ്ട്!)

നീയെന്ന അറ്റലാന്റിക്കിൽ
ഉറച്ചുപോയ
ഐസ് ബർഗ് ആണ് ഞാൻ!
നിന്നിലൂടെ തുഴയുന്ന നാവികർ 
എന്നെ ഭയക്കേണ്ടതാണ്!

-എന്ന് ഓരോ പുതിയ കൂട്ടുകാരികളുടെ വരവിലും ഞാൻ അവനെ ഓർമ്മിപ്പിച്ചു.

പ്രണയിക്കുന്നവരുടെ കൂട്ടധർണ്ണയെന്ന് അവൻ കണ്ട കിനാവിലൊക്കെയും പാഞ്ഞു ചെന്ന് ലാത്തി വീശി; എന്റെ മാത്രം എന്ന ജ്യാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റു ചെയ്ത് ഹൃദയത്തിലടച്ചു. എന്നിട്ടും കൂട്ടുകാരികൾ അവന് അവകാശം പറഞ്ഞെത്തി. ഓരോരുത്തരും അവന് പാർക്കാൻ ഓരോ കുടിൽ കെട്ടി; അവനോടൊപ്പം ഉച്ചവെയിൽ കാഞ്ഞിരുന്നു.


അവൻ സ്നേഹഭംഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ കണ്ണീർ പൊഴിച്ചൊരു മഴവിൽ പാവാടക്കാരി, അവനു പ്രിയപ്പെട്ടവളായുണ്ട്.
അവൾ വെയിലിലേക്ക് കൈകൾ നീട്ടി,

'നീ വെയിലാകുമ്പോൾ മാത്രം
എനിയ്ക്ക് നിഴലുകൾ ഉണ്ടാകുന്നു'

- എന്ന് അവനോട് പറഞ്ഞു.
ഇടയ്ക്കിടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി അവനു മാത്രം വായിച്ചെടുക്കാവുന്ന സന്ദേശങ്ങള്‍ രചിച്ചു. അവനു കാണാൻ വേണ്ടി അവളെത്തന്നെ അലങ്കരിച്ചു.
നേർത്ത വിരലുകളും നനവുള്ള ചാരക്കണ്ണുകളും ഉള്ള നെറുകമേൽ മുടികെട്ടിവെച്ച  ഒരാളായ് അവനെ അവൾ സങ്കല്പിച്ചു.  അവൻ യാത്രകളെ കുറിച്ചെഴുതിയപ്പോഴൊക്കെ അവിടങ്ങളിൽ ചെന്നു. ഭംഗിയുള്ള ചിത്രങ്ങളെടുത്ത് 'നീയും ഇവിടം ഇതു പോലെയല്ലേ കണ്ടതെന്ന്' അവന്റെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു. പ്രാചീനമായൊരു പുഴ കടന്ന് അവൻ വരുന്നത് സ്വപ്‌നം കണ്ടു.

മുന്തിരിക്കുല പോലെ തോന്നുന്ന എന്തോ ഒരു പേരുള്ള ഒരുവളായിരുന്നു രണ്ടാമത് വന്നത്. അവനെ ഏകാകിയെന്ന് ഓമനിച്ചു. ആരെയോ കാത്തിരിയ്ക്കുന്ന ഒരാളാണവനെന്നുറപ്പിച്ച് അവൻ കാത്തിരിയ്ക്കുന്ന ആ ഒരാളാകാൻ മത്സരിച്ചു. അവളുടെ സ്വപ്നത്തിലെ അവന് കറുത്ത നിറമായിരുന്നു. അതിനേക്കാൾ ഭംഗിയുള്ള ഒരാളെ സങ്കല്പിയ്ക്കാനേ കഴിയില്ലെന്നവൾ ആണയിട്ടു. ഇത്രയും മുറിവുകൾ ഞാൻ മുൻപൊരാളിലും കണ്ടിട്ടില്ലെന്ന് അവളവനെ ചേർത്തുപിടിച്ചു. അവന്റെ പിന്കഴുത്തിനു പലപ്പോഴും ജമന്തിപ്പൂക്കളുടെ മണം വരാറുണ്ടത്രേ!

'നിന്റെ നിഘണ്ടുവിൽ ഏകാകി എന്നതിന്റെ അർത്ഥം എന്താണെന്ന്?' എന്റെ മടിയിൽ കിടന്ന് അവളുടെ വിരലിൽ പിടിയ്ക്കുന്ന അവനോട് ഞാൻ ആ നേരം കലഹിച്ചു. 


'കാറ്റുപോലെ അലഞ്ഞു തിരഞ്ഞു നടക്കുന്ന' ഒരാളായ അവനെ സ്നേഹിച്ചാണ് മൂന്നാമത്തെ പെൺകുട്ടി വന്നത്. ചിരിയ്ക്കുമ്പോൾ കുട നിവർത്തുന്നത് പോലെയെന്ന് അവളുടെ ഫോട്ടോകൾ കാണുമ്പോഴെല്ലാം തോന്നും.
എത്രയായിരം പ്രണയമാണിങ്ങനെ
മഞ്ഞു പോലെ
പൊഴിഞ്ഞു  വീഴുന്നത്!

സിനിമയിലും പുസ്തകത്തിലും കവിതയിലും കാണാത്ത പ്രണയമൊന്നും ബാക്കിയില്ല. എന്നാലും ഇതുവരെയില്ലാത്തൊരു പ്രണയത്തെ കാത്തിരിയ്ക്കുന്നവരാണ് നമ്മളിലേറെയും.
മൂന്ന് പേരും ഓരോ സമയങ്ങളിലായ്, മൂന്നിടത്ത് അവൻ എത്തുമെന്ന് കരുതി വളരെ നേരം കാത്തുനിന്നു. 'കാത്തുനിൽക്കുന്ന സ്റ്റേഷനുകളിൽ നിർത്താതെ പാഞ്ഞു പോകുന്ന പ്രണയമെന്ന്' ഒടുക്കം സങ്കടപ്പെട്ടു. 

ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളുടെ
പ്രണയിനിയായിരുന്നു ഒരിയ്ക്കൽ;
 ഇപ്പോൾ ഒറ്റയ്ക്കിരുന്ന് 
പ്രണയ നഷ്ടങ്ങളെക്കുറിച്ച് പുസ്തകം എഴുതുന്നു.
-ആവേശം കാണിച്ച കൂട്ടുകാരികൾക്ക് ഞാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

അവർ കേട്ടില്ല; തമ്മിലടിയ്ക്കുന്ന പെണ്ണാടുകള്‍ ആയിരുന്നല്ലോ ഞങ്ങൾ.
ഒരു പുരുഷന് വേണ്ടി യുദ്ധംചെയ്യുന്ന പെണ്ണുങ്ങളെക്കാള്‍ ഹൃദയശൂന്യരായ്, പരസ്പരം വിശ്വാസമില്ലാത്തവരായ് മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല.

ചില വരികൾ അപരിചിതരോട്, ആമുഖമില്ലാതെ സ്നേഹം പ്രഖ്യാപിയ്ക്കാനുള്ള ചില വഴികളാണ്. എന്നിൽ നിനക്കോ, നിനക്ക് എന്നിലോ അവകാശമുണ്ടെന്ന് തെറ്റായ് തോന്നിപ്പിക്കലാണ്. അതിൽ കവിതയും സ്നേഹവും ഇല്ലെന്ന് വിവേകം ഉള്ളവർക്ക് അറിയാം. ആർക്കും ഒരാളെ മാത്രമായ് സ്നേഹിയ്ക്കാൻ കഴിയില്ലെന്നു ഞാൻ പഠിച്ചത് എന്നിൽ നിന്ന് തന്നെയാണ്. പങ്ക് വയ്ക്കാതെയിരിയ്ക്കാൻ കഴിയാത്തതായ് ഒന്നേയുള്ളൂ- സ്നേഹം!

ശാന്തനുവിന്റെ കൂട്ടുകാരികളേ,
എന്റെ പേര് ജൂലിയ!

എത്ര മത്സരിച്ചാലും അവന്റെ സ്നേഹത്തിൽ എന്നെ ജയിക്കാൻ നിങ്ങൾക്കാവില്ല! കാരണം  ഒരാളെ അയാളെക്കാൾ കൂടുതലായ് മറ്റാരും സ്നേഹിയ്ക്കില്ല എന്നത് തന്നെ. 

ലളിതമായ് പറഞ്ഞാൽ, ശാന്തനു ഞാൻ തന്നെയാണ്.
ഒരു ഫെയ്ക് ഐഡി ! മറ്റൊരു ജീവിതം!!

ഒരേസമയം
ഒന്നിലധികം ജീവിതങ്ങൾ
ജീവിയ്ക്കുന്നവരെയാണ്
ഞങ്ങളുടെ ഈ ലോകത്ത് 
മനുഷ്യരെന്ന് വിളിക്കാറുള്ളത്!

കാന്താരിമുളക് ഞാൻ. കല്ലുപ്പും ഞാൻ തന്നെ. എന്റെ പൊക്കിൾ കുഴിയിൽ ചുണ്ടുകൾ ചേർത്തുറങ്ങിയതും ഞാൻ, കാട്ടുപല്ലിയായ് പിറ്റേന്ന് ഉണർന്നെഴുന്നേറ്റതും ഞാൻ. 
എന്നിൽ 
നിന്നെ ഒളിപ്പിച്ചു വെച്ചയിടം 
ഏതാണെന്ന് 
മറന്നുപോയത് കൊണ്ട് മാത്രം 
ഞാൻ തോറ്റുപോയ 
നിധിവേട്ട.
-അതാണിത്!

ആ ജീവിതത്തിൽ ഞാനും നിങ്ങളും എഴുതിയിട്ടുള്ള സ്റ്റാറ്റസുകളുടെ, കമന്റുകളുടെ ക്രമപ്പെടുത്തലാണ് ഇത്രയും നേരം നിങ്ങൾ വായിച്ചത്. ജൂലിയ എന്ന ഞാനും ശാന്തനു എന്ന ഞാനും തമ്മിലുള്ള സംഭാഷണങ്ങളാണത്അതിനിടയിൽ വന്നുപോകുന്ന നിങ്ങളുടെ വർത്തമാനങ്ങളാണത്. 

മഴവിൽ പാവാടക്കാരീ, മുന്തിരിക്കുട്ടീ, കുട നിവർത്തുന്നതുപോലെ ചിരിച്ചവളേ- 


എഴുതാത്ത ഒരു പേജെടുത്ത്
നിന്റെ പേരെഴുതുന്നു;
അത് കവിതയായ് മാറുന്നു.
കവിത എഴുതിയിടത്ത്
നിന്റെ പേരെഴുതുന്നു;
അത് നിന്നോടുള്ള പ്രണയമായി മാറുന്നു!

നീ  അവനു വേണ്ടി കാത്തു നിന്ന കടൽപ്പാലത്തിൽ, മരത്തണലിൽ, റയിൽവേ സ്റ്റേഷനിൽ ഒക്കെ അവൻ വന്നിട്ടുണ്ട്. നിന്നെ  അവൻ കണ്ടിട്ടുണ്ട്. നീ  കാത്തുനിന്ന ഇടങ്ങളിൽ  വന്നു ചേർന്ന്, മറ്റെവിടെയോ പോകാനുള്ള വഴി ചോദിച്ച് മിണ്ടിയിട്ടുണ്ട്. നിന്റെ പ്രണയത്തിന്റെ ചൂടിൽ വിയർത്തു പോയിട്ടുണ്ട്.  

പലദേശങ്ങളിലെ പൊടിയണിഞ്ഞ, ഇരുമ്പിന്റെ മണമുള്ള കുപ്പായമിട്ട ഒരാളായിരുന്നില്ല അവൻ. ഉയരം കുറഞ്ഞ്, മെല്ലിച്ച് , കണ്ണടയ്ക്കിടയിലൂടെ കണ്ണുകളിൽ നോക്കുന്ന ഈ ഞാൻ. 


നാം പറഞ്ഞുറപ്പിച്ചതുപോലെ,
കടൽപ്പാലത്തിനരികെ നിന്ന് നമുക്ക് സൂര്യാസ്തമനം കാണേണ്ടേ? മരത്തണലിൽ നിന്ന് ഇളനീർ കുടിച്ചു തലേരാത്രി വായിച്ചു എന്ന് പറഞ്ഞ പുസ്തകങ്ങളെക്കുറിച്ച് സംസാരിയ്ക്കേണ്ടേ?
സുഖമില്ലെന്നൊരു കള്ളം പറഞ്ഞ് തീവണ്ടിത്തിരക്കിൽ എന്റെ മടിയിൽ തലവെച്ചു കിടക്കേണ്ടേ?
-എനിയ്ക്ക് ഓരോരുത്തരോടും ചോദിയ്ക്കാൻ തോന്നും.
നാം ഇന്ബോക്സുകളിൽ പങ്കിട്ട രഹസ്യങ്ങൾ നിന്നെ നോക്കിയിരിക്കെ ഞാൻ ഓർത്തെടുക്കും.

രഹസ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണം;

അത് നമ്മുടെ സ്വപ്നങ്ങളുടെ ചിറകുകളാണ് 

ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് എല്ലാവരും അവർക്കിടയിലെ സാമ്യതകളെക്കുറിച്ച് പറയും; 'നീ  എന്റെ ഹൃദയം പറയുന്നത് എഴുതുന്നു' എന്നൊക്ക ആവർത്തിക്കും- തനിച്ചു കാണുമ്പോൾ പക്ഷേ, തമ്മിലെത്ര അകലമുണ്ടെന്നളക്കും. നമ്മളിൽ പലരും അങ്ങനെയാണ് .

ആരാധിച്ചു തുടങ്ങുമ്പോഴേക്ക് ഉടഞ്ഞു പോയ വിഗ്രഹങ്ങൾ എന്ന് നമ്മളന്യോന്യം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ, ഓരോ ഉയർത്തെഴുന്നേല്പിലും നമ്മൾ ആദ്യം ചെയ്യുക അതുവരെ ജീവിച്ച ജീവിതങ്ങൾ മറക്കുക എന്നതാണ്! 

സ്‌കൂൾ യൂണിഫോമിൽ ഒളിച്ചിരുന്ന പെൺകുട്ടിക്കാലത്ത്; എന്റെ കൂട്ടുകാർക്ക് വേണ്ടി, എന്റെ കൂട്ടുകാരികൾക്ക് പ്രണയലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തെറ്റൊന്നും അല്ലല്ലോ അത്; അവരിലൊരാളെ സ്നേഹം കൊടുത്ത് ദേവത ആക്കുകയല്ലേ ഞാൻ ചെയ്തത്! ആദ്യത്തെ ബെഞ്ചുകളിലായിരുന്നു എന്നും ഇരുന്നത്. ഒന്നു തിരിഞ്ഞു നോക്കിയാൽ നാണം കൊണ്ട് കൊണ്ട് ചുവന്നുപോയ മുഖങ്ങൾ കാണാം. ഇന്നും കണ്ണടച്ചാൽ അത് മനസ്സിൽ തെളിയും.  ഇരുപക്ഷവും ചേർന്ന് 'ആരുടെതെന്ന് നിനക്കും എനിയ്ക്കും അറിയാത്ത ആ കത്തുകൾ' ഞാൻ തന്നെ വായിച്ചിട്ടുണ്ട്. 

ഇന്ന് അത്ര ബുദ്ധിമുട്ടില്ല; ഒന്നിലേറെ ജീവിതങ്ങൾ എളുപ്പം ജീവിയ്ക്കാം. ഒരുപോലെ കവിത എഴുതുന്നവർ എന്നൊരു സാമ്യത ആരോപിയ്ക്കപ്പെടാൻ സാധ്യത ഉണ്ടെന്നേ ഉള്ളൂ. ഞാൻ എന്നെത്തന്നെ കോപ്പിയടിയ്ക്കുകയാണ്; പലരും മുൻപെന്നോ എഴുതിയ കവിതയുമായ് അതിന് സാമ്യതയുണ്ട്. അതുകൊണ്ട് ഞാൻ, എന്റെ ജീവിതമായ്  ആരോ എന്നോ എഴുതിവെച്ച  കവിത കോപ്പിയടിയ്ക്കുകയാണ്!

സത്യമായിട്ടും പെണ്‍കുട്ടികളുടെ കഥകള്‍ കേള്‍ക്കാന്‍ തുറന്നതല്ല, ശാന്തനുവിന്റെ പ്രൊഫൈല്‍. ചില ചങ്ങാതിമാരോട് ആണ്‍കുട്ടികളെപ്പോലെ ഇടപഴകാന്‍ വേണ്ടിയുള്ളതായിരുന്നു. പെണ്‍കുട്ടിയായ് കാണുമ്പോള്‍ അവരില്‍ പലരും കാണിയ്ക്കുന്ന കരുതലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി. അതിലാരെങ്കിലും ഒരാളോട് പ്രണയത്തിലാകാനുള്ള സാധ്യത ഒഴിവാക്കാന്‍. 

അതിനിടയില്‍  മുറിവുകള്‍ പേറിയ ഏകാകിയുടെ ഒറ്റവരി കവിതകളില്‍ ഹൃദയമുടക്കി ചിലർ കടന്നു വന്നു എന്ന് മാത്രം. ഒരാളിലെ പെണ്‍ജീവിതത്തോട് കലാപമുണ്ടാക്കുകയും അവളിലെ തന്നെ പുരുഷമുഖത്തെ നെഞ്ചിലേറ്റുകയും ചെയ്ത കൂട്ടുകാരികള്‍!

ഒരാളുടെ അല്ല, എല്ലാവരുടേയും ഹൃദയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചിലര്‍, അത് കിട്ടാതെ വരുമോ എന്ന് ഭയന്ന് ആരുടെയും ആരുമാകാതിരിയ്ക്കാന്‍ സ്വയം സജ്ജമാക്കും. അലസനും അലഞ്ഞുതിരിയുന്നവനും അപരിചിതനുമാണെന്ന് നടിയ്ക്കും. അങ്ങനെ ഒരു നാട്യം ജൂലിയയുടെ ശാന്തനു എപ്പോഴും കൊണ്ടു നടന്നിരുന്നു. ഗ്രൂപ്പുകളില്‍, കൂട്ടായ്മകളില്‍ അരൂപിയായിരുന്നു അവന്‍. ചെന്നുകയറി പിടികൊടുക്കാന്‍ കഴിയില്ലല്ലോ. പകരം ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളെന്ന് ആവര്‍ത്തിയ്ക്കും.

വിരസമായ സത്യസന്ധതയ്ക്കിടയില്‍, കഴിഞ്ഞ രാത്രി മഴ നനഞ്ഞ് ചുരമിറങ്ങിയതിനെക്കുറിച്ചും നല്ല കക്കയിറച്ചി കഴിച്ചതിനെക്കുറിച്ചും അവള്‍ക്കൊപ്പം സ്പാനിഷ് തെരുവുകളില്‍ സൈക്കിള്‍ ചവുട്ടിയതിനെക്കുറിച്ചും രസകരമായ നുണകള്‍ ജനിയ്കും. കുസൃതികളും കുരുത്തക്കേടുകളും കൂട്ടിവെച്ച് അവയിലൂടെ സാഹസികരാകും.

ഒരു ഫലിതം പറഞ്ഞ് ചിരിപ്പിയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് നാലഞ്ച് വരികളിൽ പ്രണയം ക്രമപ്പെടുത്താൻ; മൂർച്ചയുള്ള മൂന്ന് നാല് വാക്കുകൾ എയ്തു കൊള്ളിയ്ക്കാൻ, ഒറ്റവരിയിലെ  മുറിവുകൾ കൊണ്ട് നീറാൻ! 

ചിലർ അവരുടെ ഭയങ്ങളോട്, ഭീരുത്വത്തോട് സമരം ചെയ്യുന്ന രീതി അതാണെന്ന് കരുതിയാൽ മാത്രം മതി. അല്ലാതെ വല്ലാതങ്ങ് ഹൃദയത്തിൽ എടുത്തവയ്ക്കണ്ടതില്ല അതൊന്നും.

രസകരമായിരുന്നു ആ 'ബ്രോ ജീവിതം.'

പലരും അവരുടെ ഫോട്ടോപ്രദര്‍ശനത്തിന്, പുസ്തകപ്രകാശനത്തിന്, ട്രൈക്കിങ്ങിനായിട്ട്, മരം നടാൻ ഒക്കെ ക്ഷണിയ്ക്കും. ചിലയിടങ്ങളില്‍ പോകും. ആരുമറിയാതെ ആഘോഷങ്ങളുടെ ഭാഗമാകും. ചില ഫോട്ടോകള്‍ എടുത്ത് വയ്ക്കും. ടൈം ലൈനില്‍ അത് പങ്കിട്ട് ചിലരെ അദ്ഭുതപ്പെടുത്തും.

യാത്രകളെ കുറിച്ച്, പുസ്തകങ്ങളെയും സിനിമകളെയും കുറിച്ച്, മരണത്തെയും ജീവിതത്തെയും കുറിച്ച് ഇഷ്ടമുള്ളതെല്ലാം എഴുതി. ചില ചര്‍ച്ചകളില്‍ തലവെച്ചു കൊടുത്തു. ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞു കിടക്കാനാകാത്ത മലയാളിയായി മലര്‍ന്നു കിടന്ന്‌ മുകളിലേക്ക്‌ ചളിപിടിച്ച രാഷ്ട്രീയം തുപ്പുക പോലും ചെയ്തു. ചിലരുടെ ഇഷ്ടവും ഇഷ്ടക്കേടും രുചിച്ചു.

ചില ഭ്രാന്തുകൾ അങ്ങനെ മാറിക്കിട്ടും. പുതിയ ചിലത് കണ്ടെത്താനുള്ള സാധ്യതകൾ തെളിയുകയും ചെയ്യും.

മറ്റു ചിലപ്പോള്‍ വല്ലാതെ മടുക്കും. നന്നായി പണിയെടുത്ത് ജീവിയ്ക്കാമെന്ന് ഉറപ്പിയ്ക്കും. ഭൂമി മുഴുവനും നടന്ന് മരങ്ങൾ നടണമെന്ന് ഒക്കെ തോന്നും.

മറ്റു ചിലപ്പോള്‍ അക്കൌണ്ട് ഡീ ആക്ടിവെറ്റാക്കി ആത്മഹത്യ ചെയ്യും. ആ മരണാവസ്‌ഥ അധികനാൾ നിൽക്കില്ല.
'നിനക്കുവേണ്ടിയെന്ന'  ആമുഖത്തോടെ ഓരോവട്ടവും പുനര്‍ജനിയ്ക്കും:

ഞാൻ, 
നിന്നെ സ്നേഹിക്കാതിരുന്ന ദിവസങ്ങളിലൊന്നും 
ഈ ഭൂമിയിൽ 
ജീവിച്ചിരിപ്പില്ലായിരുന്ന 
ആ ഒരാൾ.
-എന്ന് ആരുടെയെങ്കിലും സ്നേഹത്തിനുവേണ്ടി യാചിയ്ക്കും. ആരെങ്കിലും ഒരാൾക്ക് അത് തന്നോടാണെന്ന് തോന്നണം! 


ഇനി പരിചയപ്പെടണം എന്നുണ്ടോ എന്നെ?

റയിൽവേസ്റ്റേഷൻ റോഡിലുള്ള ആ ചെറിയ പുസ്തകക്കടയില്ലേ, അവിടെ വന്നാൽ മതി. അത് എന്റെ കടയാണ്. ചിലപ്പോഴൊക്കെ കട അടച്ചിട്ടുണ്ടാകും. അടുത്ത ചിലയിടങ്ങളിലേക്ക് യാത്ര പോകുന്നതാണ്.

ഇൻഡോനേഷ്യൻ ദ്വീപുകളിലും യൂറോപ്യൻ നാടുകളിലും സഞ്ചരിയ്ക്കണം എന്നാണ് ആഗ്രഹം. സ്പെയിനിലൂടെ സൈക്കിളോടിയ്ക്കുക, ബാലിയിൽ വീട് വെച്ചു താമസിയ്ക്കുക. ഓരോ നാട്ടിലും ചെന്ന് അവരുടെ ഭാഷയിൽ സംസാരിയ്ക്കുക.

താൽക്കാലമിപ്പോൾ  ഒരു ബസ്സിലോ ലോക്കൽ ട്രെയിനിലോ  അടുത്ത എവിടെയെങ്കിലും ചെല്ലും. എവിടെയാണെന്ന് പെട്ടെന്നാർക്കും മനസ്സിലാകാത്ത ആംഗിളുകളിൽ ആ പ്രദേശത്തിന്റെ ചിത്രങ്ങൾ എടുത്ത് മടങ്ങും. ചില വാക്കുകളിൽ ഒളിപ്പിച്ച് അവ ശാന്തനുവിന്റെ യാത്രകളാക്കും.
അത് കണ്ട്  ഒരസാധാരണയിടമെന്ന് ആർക്കെങ്കിലും തോന്നും.

'ബ്രോ, അടുത്ത തവണ നമുക്കൊന്നിച്ചൊരു ട്രിപ്പ് പോണം!!' എന്ന് ആ  ചങ്ങാതി പറയുകയും ചെയ്യും! 

എന്നാലും കാണണം എന്നുണ്ടെങ്കിൽ, ഒരു ദിവസം നമ്മൾ കണ്ടുമുട്ടാതിരിയ്ക്കില്ല. കണ്ണടയ്ക്കിടയിലൂടെ ഞാൻ നിന്റെ കണ്ണിൽ നോക്കാതിരിയ്ക്കില്ല. സംസാരിച്ചു തുടങ്ങുമ്പോൾ കുറച്ചധികം വിക്കുണ്ടോ എന്ന് തോന്നും. ഒരു ജീവിതകാലം മുഴുവൻ സംസാരിയ്കേണ്ടവരാണ് നമ്മളെങ്കിൽ ആ വിക്ക് ഒരു നിമിഷം കൊണ്ട് മാറും. അല്ലായെങ്കിൽ, ഞാനങ്ങനെ വിക്കിക്കൊണ്ടേയിരിക്കും. 
:-)

അപ്പോൾ എങ്ങനെയാണ് ബ്രോ, ഇന്നൊരു ഒരു ബോട്ടിംഗ് ആയാലോ? തണുത്ത ബിയർ കുടിച്ച് പാതിരാ വരെ അലഞ്ഞാലോ?
അല്ലെങ്കിൽ അവൾക്ക് ഒരു മഴ കൊണ്ട് കൊടുക്കാൻ വേനലിന്റെ ബസ്സ് പിടിച്ച് പോയാലോ?! 
;-)

1 comment: