Wednesday, March 22, 2017

മനോന്മണി

വിശാഖം എന്ന രാജ്യത്തെ രാജാവിന്റെ മകളായിരുന്നു മനോന്മണി. എപ്പോഴും ദുഖിതയായിരുന്ന ആ പെൺകുട്ടി. ആഴക്കടലുകളായിരുന്നു അവളുടെ കണ്ണുകൾ.
കാലം കഴിഞ്ഞു പോകെ, ആ രാജ്യത്ത് മഴ പെയ്യാതെയായ്.

എന്താണ് കാരണമെന്ന് രാജാവ് മഹർഷിമാരോട് അന്വേഷിച്ചു.
ദേശത്ത് എത്തുന്ന കാർമേഘങ്ങളെല്ലാം  മനോന്മണിയുടെ കണ്ണുകൾ കണ്ട് മോഹിച്ച് അവളുടെ ഹൃദയത്തിൽ ഒളിച്ചിരിക്കുകയാണത്രെ!
പെയ്യാതെ, പൊഴിയാതെ അവയിങ്ങനെ അവിടെ നിറഞ്ഞു നിൽക്കുകയാണത്രെ!

എന്താണൊരു പരിഹാരമെന്ന് രാജാവ് ഉപായം ആരാഞ്ഞു.

മനോന്മണിയുടെ ഹൃദയം കവരാൻ ഒരു യുവാവ് വന്നെന്നത്തണം. മഹർഷിമാർ പറഞ്ഞു.
പക്ഷേ സ്നേഹം പരസ്പരം പങ്കുവെച്ച് തുടങ്ങുമ്പോൾ തന്നെ ആ യുവാവിന്റെ അവസാനിയ്ക്കാത്ത യാത്ര ആരംഭിയ്ക്കുകയായ്; യാതനകൾ തുടങ്ങുകയായ്. 
കേട്ടറിഞ്ഞ ആരും  മനോന്മണിയെ തേടി വന്നില്ല.
വന്നവരിലൊന്നും അവൾക്ക് പ്രിയം തോന്നിയതുമില്ല.
അങ്ങനെയിരിക്കെ സഹ്യദേശത്ത് നിന്ന് ആനന്ദൻ എന്നൊരു ചെറുപ്പക്കാരൻ മനോന്മണിയുടെ രാജകൊട്ടാരത്തിലെത്തി.
ആദ്യകാഴ്ചയിൽ തന്നെ അവർ പ്രണയികളായ്.

അപ്രതീക്ഷിതമായ് വന്നുചേർന്ന ചില കാരണങ്ങൾ കൊണ്ട് ആനന്ദന്
മറ്റൊരു ദേശത്തേക്ക് യാത്ര പുറപ്പെടേണ്ടതായ് വന്നു.
അയാൾ ഉടൻ തിരിച്ച് വരുമെന്ന് ഉറപ്പിച്ച് മനോന്മണി രാജകൊട്ടാരത്തിൽ തന്നെ കഴിഞ്ഞു.

ആനന്ദന്റെ അവസാനിയ്ക്കാത്ത യാത്രകളുടെ തുടക്കം.
ഗതികെട്ട ഒരു ജീവിതമെന്ന് അയാളെ അറിയുന്ന പലരും കരുതി.
മനോന്മണി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്നു.
മനസ്സ് കൊണ്ട് അയാളുടെ യാത്രകൾ, യാതനകൾ, കാഴ്ചകൾ, അനുഭവങ്ങൾ, ആഹ്‌ളാദങ്ങൾ, അറിവുകൾ എല്ലാം പങ്കിട്ടു.
അവളിലെ ദുഃഖങ്ങൾക്ക്, ഉത്കണഠകൾക്ക്, ഭീതികൾക്ക്, അവയിൽ നിന്നെല്ലാമായ് ഉയർന്നുവന്ന ആയിരമായിരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിത്തുടങ്ങി.
അവസാനിയ്ക്കാത്ത ദേശാടനത്തിനിടയിലും അയാളും സന്തുഷ്ടനായിരുന്നു. തന്നിലേക്ക്  വന്നുചേർന്ന ഓരോ അനുഭവത്തിലും അയാൾ മനോന്മണിയുടെ സ്നേഹം അറിഞ്ഞു.


'മനോന്മണി സന്തോഷവതിയായ് തീർന്നെങ്കിൽ ആനന്ദന് അവളുടെ അടുക്കലേക്ക് തിരിച്ച് വരരുതോ  മുത്തശ്ശാ ' കൊച്ചുമകൾ ചോദിച്ചു.

'അവളുടെ മനസ്സിൽ ചോദ്യങ്ങൾ പക്ഷേ അവസാനിക്കുന്നില്ലല്ലോ കുഞ്ഞേ !'

'അപ്പോൾ ഒരിയ്ക്കലും മനോന്മണിയും ആനന്ദനും ഒന്നുചേരില്ല എന്നാണോ?'

'അവരെപ്പോഴും ഒന്നിച്ചു തന്നെയല്ലേ!' മുത്തശ്ശൻ പറഞ്ഞു:
'ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും എന്ന പോലെ, ഒരു ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരവും ഉണ്ടെന്ന് പറയുന്നത് പോലെ എപ്പോഴും ഒന്നിച്ച്!'

"മനോന്മണി" എന്റെ പേരിന്റെ കഥ പറഞ്ഞു ഞാൻ സ്വയം പരിചയപ്പെടുത്തി:
"മുത്തശ്ശനാണ് എനിയ്ക്ക് പേരിട്ടത്."

"എന്റെ പേര് ആനന്ദൻ എന്നല്ല;"
അവൻ ചിരിച്ചു:
"അബ്രഹാം എന്ന് വിളിച്ചാൽ മതി എന്നെ "

ബോസ്സിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിലായിരുന്നു ഞങ്ങൾ. നിറയെ വിളക്കുകൾ കത്തിച്ചു വെച്ച ഉല്ലാസനൗകയുടെ മുകളിൽ.
അവൻ പെട്ടന്ന് താഴേക്കു പോയി, തിരിച്ചുവരുമ്പോൾ കൈയ്യിൽ കത്തിയ്ക്കാത്തൊരു മെഴുകുതിരി ഉണ്ടായിരുന്നു

"എന്റെ അപ്പാപ്പൻ പറഞ്ഞു തന്ന കഥയാണ്:"
അവന്റെ ഊഴമായിരുന്നു:

"അബ്രഹാം എന്നൊരു സഞ്ചാരിയുണ്ടായിരുന്നു. അയാൾക്ക് വിശേഷപ്പെട്ടൊരു മെഴുകുതിരി കിട്ടി. കത്തിച്ചുവെച്ചാൽ അത് നക്ഷത്രങ്ങളെപ്പോലെ തിളങ്ങും. വെളിച്ചം എല്ലായിടത്തും നിറയും. അതിവിശിഷ്ട്മായ സുഗന്ധം പരക്കും. അയാൾ പലയിടങ്ങളിലും യാത്ര ചെയ്തു. ഒരുപാട് ഇടങ്ങളിൽ വെച്ച് അത് കത്തിയ്ക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. അന്നേരം അയാളുടെ മുന്നിൽ പുണ്യാളൻ പ്രത്യക്ഷപ്പെട്ടു. ഒരിയ്ക്കൽ നീ നിന്റെ പറുദീസയിൽ എത്തും അവിടെ നിന്റെ മെഴുകുതിരിയുടെ പ്രകാശം നിറയും. പുണ്യാളൻ അനുഗ്രഹിച്ചു."

അവൻ കൈയ്യിൽ പിടിച്ച മെഴുകുതി കത്തിച്ചു, എന്റെ മുന്നിൽ വെച്ചു ! 
വളരെ സാധാരണമായ ഒരു മെഴുകുതിരി- എന്നാലും എനിയ്ക്ക് അതിന്റെ പ്രകാശം അതിവിശിഷ്ടമായ് തോന്നി; ഭൂമി മുഴുവൻ അതിന്റെ  സുഗന്ധം പരക്കുന്നതായും.
"അബ്രഹാം അവന്റെ കൂട്ടുകാരിയോട് ചേർന്നിരിക്കുന്നിടമാണ് അവന്റെ പറുദീസ! "

ചില ജീവിതങ്ങൾ തുടങ്ങുന്നത് കഥകളുടെ ആമുഖത്തോടെയാണ്.
ഞങ്ങൾ പരിചയപ്പെട്ടത്, സുഹൃത്തുക്കളായത്, പ്രിയപ്പെട്ടവരായത്, ഒന്നുചേർന്നത് അങ്ങനെയാണ്. ഒരു കഥയുടെ അടുത്തടുത്ത വരികൾ രണ്ടുപേരായി എഴുതിയാലും ഒരാളെഴുതിയത് പോലെ ചേർന്ന് പോകുന്ന അദ്‌ഭുതം പോലെയായിരുന്നു ഞങ്ങളുടെ സൗഹൃദം.

രണ്ട് വർഷങ്ങൾ അങ്ങനെ. നാളെ ഉച്ചയ്ക്ക് മുൻപ് അവൻ തിരിച്ചു പോകുന്നു. രണ്ടുമൂന്ന് ആഴ്ചകൾ കഴിഞ്ഞു മലേഷ്യയിൽ പുതിയ ജോലിയിൽ ചേരുന്നതിനിടയിൽ ഇന്ത്യയിൽ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം.

യാത്രപറച്ചിൽ ആഘോഷമാക്കാൻ ഞങ്ങൾ അതിരാവിലെ പുറത്തിറങ്ങി. പക്ഷികൾ ആകാശം നിറയുന്ന സൂര്യോദയങ്ങളാണിവിടെ. എത്ര കണ്ടാലും മതിവരാത്ത തിളക്കമുള്ള മേഘങ്ങൾ. ഹൃദയത്തിലല്ലാതെ മറ്റൊരിടത്തും എടുത്തു വച്ചിട്ടില്ല ഞങ്ങൾ അതിന്റെ ഓർമ്മച്ചിത്രങ്ങൾ.
ഒരു ഇറ്റാലിയൻ ബ്രെയ്ക്ക്ഫസ്റ്റിൽ തുടങ്ങി. പകൽ മുഴുവൻ ഒരു അറബ്‌ മ്യുസിയത്തിൽ. ഉല്ലാസ നൗകകളിൽ ദീപങ്ങൾ തെളിയുന്നത്  കണ്ടുകൊണ്ട് ആദ്യം കണ്ടുമുട്ടിയ ക്രീക്കിൽ. അത് കഴിഞ്ഞു പഞ്ചാബികളുടെ പ്രാർത്ഥനാലയത്തിലും പിന്നെ, നാനാതരം ഉപ്പിലിട്ടതുകൾ വാങ്ങിയ്ക്കാൻ പ്രശസ്തമായൊരു  ലെബനീസ് കടയിലും. ഒരു അറ്റ്ലസിന്റെ പേജുകൾക്കിടയിലൂടെ രണ്ട് കുഞ്ഞുറുമ്പുകൾ എന്നവണ്ണം നടന്നുപോകാൻ എളുപ്പമാണ് ഈ നഗരത്തിൽ.

ആർത്തിപിടിച്ച്, ഉപ്പിലിട്ടത് കഴിയ്ക്കുന്നതിനിടയിലാണ് അവനോട് ഞാൻ പറഞ്ഞത്:
"ഇന്നാണ് ആദ്യത്തെ സോണോഗ്രാഫി ടെസ്റ്റ്-  8.30 ആണ് അപ്പോയ്ന്റ്മെൻറ്."
അവനത് അത്ര ശ്രദ്ധിച്ചോ എന്നറിയില്ല.
കൂടുതൽ ചോദ്യങ്ങൾ അവനിൽ നിന്ന് ഉണ്ടായതുമില്ല.

അഭിനന്ദനങ്ങൾ പറഞ്ഞുകൊണ്ടാണ് കന്നട കലർന്ന മലയാളത്തിൽ സംസാരിച്ച ഡോക്ടർ തുടങ്ങിയത്.
"ഇതാണ് നിങ്ങളുടെ  21 weeks പ്രായമുള്ള കുഞ്ഞ് !"

അവൻ ബോധം കെട്ട് വീണുവോ എന്ന് ഞാൻ പാളി നോക്കി.
എനിക്ക് കേൾക്കേണ്ടത് അവന്റെ ഹൃദയമിടിപ്പാണ്. മുത്തശ്ശിക്കഥയോളം പഴക്കമുള്ള  ഓട്ടമത്സരത്തിൽ തോറ്റ മുയലിന്റെ ഭാവമുണ്ടോ അവന്റെ മുഖത്തിനെന്ന് സംശയിച്ചു.
മുത്തശ്ശൻ പറയാറുണ്ടായിരുന്നു:
"അന്ന് ഒരുമിച്ച് ഓടിയ മുയലിനും ആമയ്ക്കും ജെൻഡർ ഡിഫറൻസും ഉണ്ടായിരുന്നു. മുയൽ ഒരു ആണും ആമ ഒരു പെണ്ണും ആയിരുന്നു. വേഗത്തിലങ്ങു സ്നേഹിച്ചു ജയിക്കാമെന്ന അവന്റെ ആത്മവിശ്വാസത്തെ അവളെന്നും  തോൽപിച്ചു കൊണ്ടേയിരുന്നു. അവനൊന്ന് ഉറങ്ങിയെഴുന്നേറ്റു ചിന്തിച്ചു തുടങ്ങുമ്പോഴേക്കും അവൾ ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിട്ടുണ്ടാകും, ജീവിതത്തിൽ."

'റീത്തയുടെ മെഡിസിൻ പഠനത്തെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും, പഠനം കഴിഞ്ഞാൽ അവരൊരുമിച്ച് മലേഷ്യയിലുള്ള അവളുടെ കുടുംബത്തോടോപ്പം അവിടെ സ്ഥിരതാമസം ആക്കുമെന്നും'  അബ്രഹാം എന്നോട് പറഞ്ഞിരുന്നു.
" അതിനെന്താ  നിനക്ക് എപ്പോൾ വേണമെങ്കിലും എന്റെ സ്നേഹത്തിൽ നിന്ന് സ്വതന്ത്രനായ്‌ക്കൂടേ "
എന്ന് ഞാൻ അപ്പോഴെല്ലാം അവനെ പ്രോത്സാഹിപ്പിച്ചു.
റീത്ത അവന്റെ ഭാര്യയാണ്. അവളിപ്പോൾ ഇൻഡോറിൽ മെഡിസിന് പഠിയ്ക്കുന്നു.

ഒരു വൈകുന്നേരം ഓഫീസ് വിട്ടു വന്ന് ഗ്രീന്‍ ടീയും ഇ-പേപ്പറുകളും മധുരമില്ലാത്ത ബിസ്കറ്റുകളുമായ്
ബാൽക്കണിയിൽ ഒന്നിച്ചിരിയ്ക്കുകയായിരുന്നു ഞങ്ങൾ.

"മുൻപൊക്കെ രുചിയ്ക്ക്, ഇഷ്ടങ്ങൾക്ക് അനുസരിച്ചായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. ഇപ്പോഴത്  കലോറി അളന്നും ആന്റിഓക്സിഡന്റുകളുണ്ടോ എന്ന് നോക്കിയുമാണ്."
പലദിവസങ്ങളിലെന്നത് പോലെ അന്നും ഞാനങ്ങനെ പരാതി പറഞ്ഞിരിക്കണം.
"നാം കാർബോ ഹൈഡ്രറ്റുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അത്താഴം വിളമ്പുന്നവരായിരിയ്ക്കുന്നു. "
- എന്ന് അവനും പറഞ്ഞിരിക്കണം 

നാലഞ്ച്  പൂച്ചട്ടികളും പക്ഷികൾ തടവിലില്ലാത്ത ഒരു കിളിക്കൂടും വിൻഡ് ഛൈയിംസിന്റെ നിലയ്ക്കാത്ത ശബ്ദവും  രണ്ട് മരക്കസേരകളും ചേർന്ന ഞങ്ങളുടെ ബാൽക്കണി. രാത്രിയിലെ ഇരുട്ടിനപ്പുറത്ത് അടുത്ത കെട്ടിടത്തിലെ മുറികളിൽ പലതുകളിലായ് വെളിച്ചം തെളിഞ്ഞു തുടങ്ങും. അവരറിയാതെ അവരുടെ ജീവിതം ജാലകങ്ങളിലൂടെ കാഴ്ചകളാകും. ഒരു വലിയ ചതുരത്തിലെ ചെറിയ ചെറിയ ചതുരക്കള്ളികളിൽ അവിടെയിവിടെയായ് അടുക്കളകൾ, ഇരിപ്പ് മുറികൾ, കർട്ടണുകളിലെ നിറങ്ങൾ കൊണ്ട് വരച്ചിട്ട കിടപ്പ് മുറികൾ - ഇന്ത്യക്കാരന്റെ, ആഫ്രിക്കന്റെ, ഫിലിപ്പിനോയുടെ, ചൈനക്കാരന്റെ! അക്ഷാംശ രേഖാംശങ്ങളില്ലാത്ത ഒരു ഭൂപടം! 


ധ്രുവനക്ഷത്രങ്ങളിൽ ഇരുന്ന് മനുഷ്യകുലത്തിലേക്ക് നോക്കുന്ന രണ്ടുപേരായ് ഞങ്ങൾ സ്വയം സങ്കല്പിയ്ക്കും. മനുഷ്യൻ- അവന്റെ ചരിത്രം, അവനിലെ കലാപങ്ങളും കാലുഷ്യങ്ങളും. അവനുണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ, അവന്റെ പലവിധമായ കാമനകൾ , അവന് ഉപേക്ഷിയ്ക്കാൻ കഴിയാതെ പോകുന്ന സ്നേഹസാമീപ്യങ്ങൾ- അതിനെക്കുറിച്ചെല്ലാം അങ്ങനെ സംസാരിച്ചുകൊണ്ടിരിയ്ക്കും. സ്ത്രീയും പുരുഷനും സ്നേഹവും സ്വാതന്ത്ര്യവും - എന്നും ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു.

അന്ന് പക്ഷേ ഞാൻ അതൊന്നും ഓർത്തില്ല.
ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് പറഞ്ഞില്ല.
അതിർത്തികളില്ലാത്ത രാഷ്ട്രങ്ങളിലേക്ക് നോക്കി നിന്നില്ല!

പകരം ബാൽക്കണിയിലെ  വിൻഡ് ഛൈയിംസിന്റെ നിലയ്ക്കാത്ത ശബ്ദം  കേട്ടുകൊണ്ടിരുന്നു.
എന്നിലേക്ക്, എവിടെ നിന്നില്ലാതെ, കുട്ടികൾ ഓടി വന്നു കയറിയിരുന്നു.

കുഞ്ഞുങ്ങൾ ...
കുഞ്ഞുങ്ങൾ ..
എന്നിലാകെ കുഞ്ഞുങ്ങൾ നിറഞ്ഞു.

ഞാൻ അതിനെക്കുറിച്ച്  മുത്തശ്ശനോട് പോലും പറഞ്ഞില്ല;
 എന്നോട് പോലും അനുവാദം ചോദിച്ചില്ല.

"എന്നിൽ പിറക്കേണ്ട നിന്റെ ആദ്യത്തെ കുഞ്ഞെന്ന്"  അവനോട് മാത്രം സ്വകാര്യം പറഞ്ഞു.
അവൻ  ആ നേരം റീത്തയുടെ 'ഗ്രാജുഷേൻ സെറിമണിയുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകൾ ലൈക്ക്' ചെയ്യുകയായിരുന്നു.ഇതെല്ലാം ഓർമ്മയിലുണ്ടായിരുന്നിട്ടും സോണോഗ്രാഫി കഴിഞ്ഞു മടങ്ങുമ്പോൾ,
 "എപ്പോൾ സംഭവിച്ചു ഇതെന്ന് ?"
അവന്റെ ചോദ്യത്തിന്,
"ആ !"
എന്ന് അങ്ങേയറ്റത്തെ നിഷ്കളങ്കത അഭിനയിച്ചു.

"നിനക്ക് പേടി തോന്നുന്നില്ലേ?"
അവൻ ചോദിച്ചു:
"ഇങ്ങനെ ഒരു കുഞ്ഞിനെയൊക്കെ പ്രസവിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് ഒട്ടും പേടി തോന്നുന്നില്ലേ?"

"പേടിയുണ്ടാക്കുന്ന ഒരിടത്തേക്ക് തിരിച്ചു പോകേണ്ട എന്നതാണ് എന്റെ ഏറ്റവും വലിയ ധൈര്യം "

ആജ്ഞകളും അനുസരണയുമാണ് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരേയൊരു വഴിയെന്ന് വിശ്വിസിച്ചിരുന്ന ഒരു വീട്ടിൽ നിന്ന് മുത്തശ്ശനാണ് എന്നെ രക്ഷിച്ചത്. എന്റെ പതിമൂന്നാമത്തെ വയസ്സിൽ.  മുത്തശ്ശി അപ്പോഴേയ്ക്കും കിടപ്പിലായ് കഴിഞ്ഞിരുന്നു. മുത്തശ്ശൻ ഞങ്ങൾക്ക് വേണ്ടി പാചകം ചെയ്തു. വീട് വൃത്തിയാക്കി. പുസ്തകങ്ങൾ വായിച്ചു തന്നു. മുത്തശ്ശിയ്ക്കും എനിയ്ക്കും നെറ്റിമേൽ എന്നും വലിയ പൊട്ടുകൾ വച്ചു. 

"രുചികൊണ്ടല്ല വിശപ്പുകൊണ്ട്  ഭക്ഷണം കഴിക്കണമെന്ന്"
തത്വം പറയുമ്പോഴും,
"ഉപ്പുമാവും പാൽചായയും മുത്തശ്ശിയുടെ പാകത്തിന് ആയില്ലെന്ന് " സങ്കടപ്പെടും;
"അന്ന് നീ വെച്ച തക്കാളിക്കറിയെന്ന് " ഏതൊക്കെയോ മൺകലത്തിൽ നിന്ന് ഓർമ്മകളുടെ വേവു നോക്കും.

മുത്തശ്ശി മരിച്ചപ്പോൾ എന്നെ ബോർഡിംഗ് സ്‌കൂളിലാക്കി എങ്ങോട്ടോ പോയി, മുത്തശ്ശൻ .

"ആരും ചോദിയ്ക്കാനും പറയാനുമില്ലാത്തതിന്റെ സ്വാതന്ത്യ്രം! അതിന്റെയൊരു  സുഖം ഒന്ന് വേറെ തന്നെയാ!" എന്ന് കൂട്ടുകാരികൾ അസൂയപ്പെട്ടു.

ഒറ്റയ്ക്കാണെന്ന് പക്ഷേ, ഒരിയ്ക്കലും എനിയ്ക്ക് തോന്നിയിരുന്നില്ല.

മുത്തശ്ശൻ പറയാറുണ്ടായിരുന്നു:
"ഒന്ന് കണ്ണടച്ച്, ചുറ്റിലും തിരക്ക് പിടിച്ച് പായുന്ന അനേകം മനുഷ്യരെക്കുറിച്ച്  ചിന്തിച്ചു നോക്കൂ- നമ്മളോടൊപ്പം യാത്രചെയ്യുന്നവർ, നമുക്ക് വേണ്ടി റോഡുകൾ പണിയുന്നവർ, നാം കഴിയ്ക്കാൻ പോകുന്ന ആഹാരത്തിനു വേണ്ടി കൃഷി ചെയ്യുന്നവർ, നമ്മുടേതായി മാറുന്ന വസ്ത്രങ്ങൾ തയ്ക്കുന്നവർ, നമുക്ക് പാടി കേൾക്കാനൊരു പാട്ടെഴുതുന്നവർ-ആരെല്ലാമുണ്ട് നമ്മളിലേക്ക് ചേർന്ന് നിൽക്കുന്നവർ!! അപ്പോൾ പിന്നെ നമ്മൾ എങ്ങനെയാണ്  ഒറ്റയ്ക്കാവുക?"


"എവിടെയായാലും   മനുഷ്യനെ ചേർത്തുകെട്ടുന്ന അനേകമനേകം അദൃശ്യമായ ചരടുകൾ."
അബ്രാഹാമും പറയാറുണ്ട്:
"എന്നിട്ട് പരസ്പരം അറിഞ്ഞു കഴിയുമ്പോൾ, ഒരുവനെ അവന്റെ അധീനതയിലല്ലാത്ത നിറം, ഗോത്രം, ദേശം, പൂർവ്വ ചരിത്രം എന്നിവ കൊണ്ട്  തരംതിരിക്കാനും അധിക്ഷേപിയ്ക്കാനും കഴിയുന്ന ജീവിവർഗ്ഗം."


അങ്ങനെ കേട്ടിരിയ്ക്കുമ്പോൾ എനിയ്ക്കവൻ എന്റെ മുത്തശ്ശനാണെന്ന് തോന്നും. മറ്റു ചിലപ്പോൾ ഞാൻ അവന്റെ അമ്മയും. ചില നേരങ്ങളിൽ ഞാൻ എന്റെ കാമുകന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ്.
പറുദീസകൾ ഉണ്ടാകുന്നതും അങ്ങനെയാണ്: സ്നേഹിയ്ക്കുന്നവർ തങ്ങൾ അമാനുഷികരല്ലെന്ന് അന്യോന്യം മനസ്സിലാക്കുമ്പോൾ,
സ്നേഹം പങ്കുവെച്ച് ആരുടെയൊക്കെയോ ഉള്ളിൽ മെഴുകുതിരികളായ് സ്വയം ഉരുകുമ്പോൾ,
അവന്റെ ചോദ്യങ്ങൾക്കൊക്കെ അവളൊരു ഉത്തരമാകുമ്പോൾ,
അവന് ഉത്തരം പറയാൻ അവളൊരു ചോദ്യമാകുമ്പോൾ!"ഒരു ഡ്രിക്സ് കഴിച്ചാലോ ?"  അവൻ അപേക്ഷിച്ചു.
പിറക്കാൻ പോകുന്ന കുഞ്ഞിനു വേണ്ടി, ഒരിയ്ക്കലും മടങ്ങിവരവുണ്ടാകില്ലെന്നുറപ്പിച്ചു കൊണ്ടുള്ള നാളത്തെ യാത്രയ്ക്ക് വേണ്ടി, രണ്ട് വർഷം പരസ്പരം പങ്കിട്ട സ്നേഹത്തിനും കരുതലിനും ശരീരങ്ങൾക്കും വേണ്ടി, എണ്ണം തെറ്റിത്തുടങ്ങിയപ്പോൾ അവ്യക്തമായ മറ്റനേകം കാരണങ്ങൾക്ക് വേണ്ടി അവനെത്തന്നെ ഗ്ലാസ്സുകളിൽ പകർന്ന് ലഹരി ചേർത്ത് കുടിച്ചു.
ചൈനീസ് പുതുവർഷത്തിന്റെ അലങ്കാരങ്ങൾ അഴിച്ചു വയ്ക്കാത്ത കൗണ്ടറുകളിലിരുന്ന്,
"നിനക്ക്?"  എന്ന അവന്റെ ചോദ്യത്തിന്
"എനിയ്ക്കിതൊക്കെ തന്നെ വീര്യം കൂടിയ ലഹരിയല്ലേ" എന്ന് എന്നിലെ സ്ത്രീ വിജയം ആഘോഷിച്ചു.
ഒരു പെണ്ണിന്റെ ആത്മവിശ്വാസത്തെക്കാൾ സങ്കീർണ്ണമായ പ്രശ്നമൊന്നും പുരുഷൻ ഒരിയ്ക്കലും എവിടേയും അഭിമുഖീകരിയ്ക്കുന്നില്ല എന്ന് മുത്തശ്ശൻ പറയാറുള്ളത് ഓർത്തു.

'ഇതാ കരുത്തരുടെ ഒരു പ്രതിനിധി!' മനസ്സിൽ അവനെ വെല്ലുവിളിച്ചു:
'വിരഹത്തെ, വിഷാദത്തെ, വിപ്ലവത്തെ, വിജയാഘോഷങ്ങളെ- ഒന്നിനെയും അതിന്റെ തനിമയിൽ, അതിന്റെ തീവ്രതയിൽ സ്വബോധത്തോടെ അനുഭവിച്ചറിയാനുള്ള ധൈര്യം ഇപ്പോഴും കൈവന്നിട്ടില്ല. '

ഒരുവന്റെ സ്വാതന്ത്ര്യം, അവനുവേണ്ടി ഗ്ലാസ്സുകളിൽ പകർന്നു വച്ച ലഹരിയിൽ അവസാനിയ്ക്കുന്നു. 
ഞാൻ വിശ്വസിയ്ക്കുന്നത് അങ്ങനെയാണ്!

അവനോട് ഇനി സംസാരിച്ചിട്ട് കാര്യമില്ല.
ആൽക്കഹോളിൽ കുതിർന്ന ബ്രൈയിൻ സെൽസിൽ  പതിയുന്ന അവ്യകത ചിത്രങ്ങളായിരിക്കും ഇനി അവന്  ഞാനും എനിയ്ക്ക് അവനുമായ് പങ്കിടാനുള്ളതും.

വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ഒന്നുരണ്ട് എക്‌സിറ്റുകൾ ഞാൻ മനഃപൂർവ്വം തെറ്റിച്ചു. അവൻ സ്വബോധത്തിലായിരുന്നെങ്കിൽ ഈ രാത്രി മുഴുവൻ നഗരം ചുറ്റി ഞാൻ ഡ്രൈവ് ചെയ്തേനേ !

എനിയ്ക്കിതൊക്കെ കോശങ്ങളിൽ കൊത്തിവയ്‌ക്കേണ്ട ഓർമ്മകളാണ്.
അവന് ഒരു പക്ഷേ അങ്ങനെ ആയിരിക്കില്ല. ഇന്നത്തെ ദിവസം ഓർമ്മകളിൽ നിന്ന് മാഞ്ഞു പോകുന്നതാകും അവന്റെ ജീവിതം എളുപ്പമാക്കുക.
പല ജീവിതങ്ങൾ അല്ലേ ! ഒരു പാഠപുസ്തകത്തിന്റെ പകർപ്പെടുക്കുന്നത് പോലെ എല്ലാം ഒരുപോലെ ആവില്ലല്ലോ !

വീട്ടിൽ മടങ്ങിയെത്തി, ആ രാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ സംസാരിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും അപ്പാപ്പനും ഇടയിൽ കിടന്ന് സുഖമായ് ഉറങ്ങി, രാവിലെ അവൻ വന്ന് വിളിയ്ക്കുന്നത് വരെ.

"ശലഭമേ, നീ എന്നിൽ നിന്ന്  സ്വതന്ത്രനാകുന്നു."
ഞാൻ കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കൈകൾ വീശി  യാത്ര പറഞ്ഞു.
അത്രയും ശാന്തമായിരുന്നു എന്റെ മനസ്സ്.

"രാത്രി മുഴുവൻ മഴ പെയ്തെന്നും, മനോന്മണിയുടെ ആകാശത്ത് സൂര്യതേജസ്സ് നിറഞ്ഞുവെന്നും" തുടങ്ങുന്ന പുതിയ ഒരു കഥ മുത്തശ്ശൻ പറഞ്ഞു തുടങ്ങി.

"അവനവനിൽ കത്തിച്ചുവെച്ച മെഴുകുതിരിയ്ക്കാണ് ലോകം മുഴുവൻ പ്രകാശം പരത്താൻ കഴിയുക" എന്ന് അപ്പാപ്പൻ പറഞ്ഞു.

"കോൺഫിഡൻസ് ആണ് ഹീറോയിസം" എന്നും "അവരുടെതാണ് പറുദീസ" എന്നും പുണ്യാളനും പറഞ്ഞു.

"ഒരു മുപ്പത് വർഷം പിന്നിലോട്ട് പോയി, ഒരു ഇടവപ്പാതിക്ക്, കറണ്ട് പോയ സമയത്ത്, മണ്ണണ്ണ വിളക്ക് കത്തിച്ച് വെച്ച്, മൂക്ക് വിടർത്തി ആ മണം വലിച്ചെടുത്ത്, ചോറ് വെന്ത് തിളച്ചുവരുന്നതിലേക്ക് തേങ്ങ ചിരകിയിട്ട്, ഒരിത്തിരി ചക്കപ്പുഴുക്കും കുറച്ച് കൂർക്ക ഉപ്പേരിയും കൂട്ടി ഒരു പാത്രത്തിൽ വിളമ്പി കഴിയ്ക്കുന്ന ഒരു സുഖമുണ്ടല്ലോ. അതാണ് പുണ്യാളാ പറുദീസ" എന്ന് ഞാനും പറഞ്ഞു.

അതൊന്ന് പുനരാവിഷ്കരിയ്ക്കേണ്ടത് എങ്ങനെയാണ് എന്നത് മാത്രമാണ് ഇപ്പോഴെന്റെ പ്രശ്‍നം. ഒരു പഴയ ഓട്ടു പിഞ്ഞാണത്തിൽ, മരക്കയ്യിൽ കൊണ്ട്, സ്നേഹമുള്ള ആരോ വിളമ്പി വെച്ച  പറുദീസ!

No comments:

Post a Comment