Saturday, March 4, 2017

അമ്മ,അരുണ,അനിയത്തി

ലോകത്തോട് മുഴുവനും കലഹിച്ചാണ് അനിയത്തി സംസാരിച്ചു തുടങ്ങിയത്. അത്രയ്ക്ക് അരിശത്തോടെയിരിക്കുമ്പോൾ അവൾ അങ്ങനെയാണ് - കേൾക്കുന്നവർക്ക് തുടക്കത്തിൽ ഒന്നും മനസ്സിലാവില്ല; ആരോടാണ്, എന്തുകൊണ്ടാണ് ഈ ദേഷ്യം എന്നൊന്നും. 

പറഞ്ഞു പറഞ്ഞു വന്നപ്പോൾ, ദേഷ്യത്തിന് കാരണമായിരിക്കുന്നത് അച്‌ഛൻ അവൾക്ക്  അയച്ച ചില മെസ്സേജുകൾ.

"ആ ഇഷ്യൂ ഇല്ലേ ഏട്ടാ.. കുറച്ച് ദിവസങ്ങളായി എല്ലാവരുടെയും സംസാരവിഷയം."

"അതിന് അച്ഛനുമായിട്ടെന്താ?"

"ചില വൾഗർ ചിത്രങ്ങളും ജോക്കുകളും എനിയ്ക്കും കിട്ടി; അതും അച്ഛൻ അയച്ചിട്ട്! ഇത് ആദ്യത്തെ തവണയൊന്നും അല്ല. മിക്കദിവസങ്ങളിലും ഉണ്ടാകാറുണ്ട്! ഇതൊക്കെ ഞാൻ എൻജോയ് ചെയ്യുന്നു എന്ന്  അച്ഛൻ കരുതുന്നത് തന്നെ എനിയ്ക്കുള്ള ഇൻസൽട് ആണ് .. സങ്കടം വരികയാ എനിയ്ക് ."

അപ്പോൾ ആ സങ്കടത്തിന്റെ ഇടിവെട്ടിപ്പെയ്യലാണിത്. 
പാവം!

"അപ്രസക്തമായത് അവഗണിയ്ക്കാനാണ് ഒരു സാമൂഹ്യ ജീവി ആദ്യം പഠിക്കേണ്ടത്. ആര് എന്ത് അയച്ചാലും, എഴുതിയാലും, പറഞ്ഞാലും നമ്മുടെ ഒരു basic instinct ഉണ്ടല്ലോ, അതിന് ചേർന്നു പോകുന്നതേ നമ്മൾ മനസ്സിലേക്ക് എടുക്കൂ.  ഓർത്തുവയ്ക്കു- അതൊരു pron video ആണെങ്കിലും, health tips ആണെങ്കിലും, മതപ്രഭാഷണമാണെങ്കിലും, ചാനൽ ചർച്ചയാണെങ്കിലും എന്താണെങ്കിലും. "
ഞാൻ പറഞ്ഞു തുടങ്ങി, കുറെ കാര്യങ്ങൾ അവളോട് പറയാനുണ്ടായിരുന്നു എനിയ്ക്ക്:

"മറ്റൊരാളിന്റെ കോമൺ സെൻസ് അളക്കാൻ സ്വയം ഒരു പരീക്ഷണവസ്തു ആകേണ്ടതുണ്ടോ? പണ്ട് സ്‌കൂളിൽ പോകുമ്പോൾ 'അയാൾ എന്നെ നോക്കി', 'ഒരു കണ്ണ് ഇറുക്കി കാണിച്ചു' എന്നൊക്കെ വന്ന് നീ പരാതി പറയുമ്പോൾ 'നീ അങ്ങോട്ടും നോക്കിയത് കൊണ്ടല്ലേ ഇത്രയും കണ്ടത്' എന്ന് അച്ഛൻ ചോദിക്കാറുള്ളത് ഓർമ്മയില്ലേ? "

" വിഡിയോ എഡിററിംഗും സൗണ്ട് മിക്‌സിംഗും തുടങ്ങി എന്തും  ഉണ്ടാക്കാനുള്ള ഇൻഫോർമേഷനും ആപ്ലിക്കേഷനും  വരെ നമ്മുടെ ഇന്‍റെർ നെറ്റിലുണ്ട്, അതൊക്കെ മനസ്സിലാക്കി ചെയ്യാൻ അറിയുന്നവരുണ്ട്, അവരിൽ പലരും നേരിടുന്ന അതിഭീകരമായ തൊഴിലില്ലായ്മയുണ്ട്, അവരുടെ നൈസർഗികമായ കൗതുകങ്ങൾ ഉണ്ട്.. മനുഷ്യന്‍റെ നഗ്നതയെക്കുറിച്ചുള്ള ചിലരുടെ അബദ്ധധാരണകൾ ഉണ്ട്.. അതിലെല്ലാം ഉപരി തങ്ങൾ ചുമക്കുന്ന വിഴുപ്പ് ചുറ്റിലുമുള്ള എല്ലാവരും ചുമക്കുന്നു എന്ന തോന്നലും- ഇതെല്ലാം ഈ ലോകത്ത് ഉള്ളപ്പോൾ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന എന്ത് സന്ദേശമായാലും ചിത്രമായാലും; അത് ആരയക്കുന്നതായാലും അത് അർഹിക്കുന്ന അവജ്ഞയും അവഗണനയും കൊടുക്കാൻ നമ്മൾക്ക് കഴിയണം. ന്യൂസ് പൊല്യൂഷൻ ആണ് നമ്മൾ അനുഭവിയ്ക്കുന്നത്- വാർത്താ മലിനീകരണം ! നമ്മളെ പോലുള്ള ഏറ്റവും സാധാരണക്കാരന് അതിനിടയിൽ  സത്യസന്ധമായ് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്- കുറഞ്ഞത്  ഒരു കൗതുകത്തിനായ് പോലും ഇത്തരം വൈകൃതങ്ങളുടെ  ക്യാരിയേഴ്സ് അല്ലാതാവുക."

"രണ്ടാമത്തേത്, അച്ഛന് നിന്‍റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്നത്. ഒരു കഥ പറഞ്ഞു തരാം: ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥ. ഭാര്യ എന്നും രാവിലെ ഒരു കെയ്ക്ക് ബെയ്‌ക്ക് ചെയ്യും. കെയ്ക്കിന്റെ പുറം ഭാഗം അല്പം ക്രിസ്പി ആയിരിക്കും. ഉൾവശം നല്ലതുപോലെ പതുപതുത്തത്. ഭാര്യ കെയ്ക്കിന്റെ മാർദ്ദവമുള്ള ഉൾഭാഗം ഭർത്താവിന് കൊടുക്കും, പുറം ഭാഗം അവരും കഴിയ്ക്കും. അവരൊന്നിച്ചിരുന്നാണ് എല്ലായ്‌പ്പോഴും അത് കഴിക്കാറുള്ളത്. പതുപതുത്ത കെയ്ക്കിന്റെ ഭാഗം എത്ര രസമായിരിക്കും എന്ന് കൊതിയോടെ ആലോചിച്ച് , എന്നെങ്കിലും ഒരിയ്ക്കൽ തനിക്കത് കഴിക്കാൻ കഴിഞ്ഞെങ്കിൽ എന്നോർത്താണ് ഭാര്യ എല്ലാ ദിവസവും അത് ഭർത്താവിനായ് വിളമ്പാറുള്ളത്. ഭർത്താവാകട്ടെ കെയ്ക്കിന്റെ മൊരിഞ്ഞ പുറംഭാഗം എത്ര രുചികരമായിരിക്കും എന്നാണ് എല്ലാദിവസവും ആലോചിക്കാറുള്ളത്. രണ്ട് പേരും മറ്റെയാളിന്‍റെ സന്തോഷത്തിനു വേണ്ടി തങ്ങൾ ത്യാഗം ചെയ്യുന്നു എന്നാണ് വിശ്വസിച്ചു കൊണ്ടിരുന്നത്-അവരുടെ ജീവിതകാലം മുഴുവൻ!  ഒരാൾ മറ്റൊരാളുടെ ഇഷ്ടങ്ങളെ കുറിച്ച് പറയുന്നേരമെല്ലാം എനിക്ക് ഈ കഥ ഓർമ്മവരും. രക്ഷിതാക്കൾ ആണെങ്കിലും പങ്കാളി ആണെങ്കിലും തങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ചുമത്തുന്ന ഇഷ്ടാനിഷ്ടങ്ങളെന്ന തെറ്റിദ്ധാരണകൾ. അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞവർ വളരെ ചുരുക്കമാണ്. 'നിനക്ക് ഇഷ്ടമാണെന്ന് കരുതി ചെയ്തത്', 'നിനക്ക് ഗുണകരമാവാൻ ചെയ്തത്'- അങ്ങനെ എത്രയെത്ര അവകാശവാദങ്ങളാണ് പ്രിയപ്പെട്ടവരുടെ ഇടയിൽ,എല്ലാകാലത്തും .. !"

"ഒന്നുകൂടി പറയാം- ഈ കഥ പറഞ്ഞു തന്നതും അച്ഛൻ തന്നെ. നിർഭാഗ്യവശാൽ  തങ്ങൾ പറയുന്ന കഥകളൊക്കെയും മറ്റാർക്കോ മനസ്സിലാക്കാൻ വേണ്ടിയുള്ളതാണെന്ന തോന്നലുള്ള അനേകം പേരിലൊരാളാണ് അച്ഛനും ."

"അതെ അതെ!! അച്ഛൻ പറഞ്ഞു തരാത്ത കഥകൾ ഒന്നും നമ്മുടെ അടുത്ത് ഇല്ലല്ലോ !" അനിയത്തി പരിഹസിച്ചു.

"അച്ഛൻ പറയാറില്ലേ, നമ്മൾ അച്‌ഛന്‌ സുഹൃത്തുക്കളെ പോലെ ആണെന്ന്.. രണ്ട് സുഹൃത്തുക്കൾക്കിടയിലെടുക്കുന്ന സ്വാതന്ത്യ്രം - അത്ര കണ്ടാൽ പോരെ അച്ഛൻ നിനക്കയക്കുന്ന മെസ്സെജുകളെയും ..?"

"സ്വാതന്ത്ര്യം!" അവൾ ഗർജ്ജിച്ചു :

"അച്ഛൻ ഒരു സ്വാതന്ത്ര്യവും നമുക്ക് തന്നിട്ടില്ല; സ്വാതന്ത്യ്രം തരുന്നു എന്ന ഫീലിംഗ് നമ്മിലുണ്ടാക്കി..അത് വിശ്വസിക്കുന്ന മണ്ടന്മാരായി നമ്മളെ വളർത്തുകയും ചെയ്തു! കൂടുതൽ കൂടുതൽ ആകുന്തോറും എനിക്ക് ആക്‌സെപ്റ്റ് ചെയ്യാൻ തോന്നുന്നില്ല അച്ഛനെ !"  അനിയത്തി വിതുമ്പി:

"പണ്ട് നടന്ന ചിലതൊക്കെ ഓർമ്മവരികയാ..
ആക്‌സിഡന്റലി നടന്നതാണെന്ന് അപ്പോഴൊക്കെ തോന്നി..
അല്ലെന്ന് ഇപ്പോൾ മനസ്സ് പറയുന്നു.. ഭയം തോന്നുന്നു; വല്ലാത്ത വെറുപ്പും..he is a very intelligent type of maniac"

അതൊരല്പം കടുത്തു പോയില്ലേ എന്ന് ഖേദം തോന്നി എനിയ്ക്ക്. അവൾക്ക് ദേഷ്യം വന്നാൽ അങ്ങനെയാണ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടുക എന്നില്ല.അവൾ മാത്രമല്ല; പലരും അങ്ങനെയാണ്. 


"നമ്മുടെ ശീലം അതാണ്." ഞാൻ അവളോട് പറഞ്ഞു:

"ഒരാളോട് അനിഷ്ടം തോന്നുമ്പോൾ നമുക്ക് സങ്കല്പിയ്ക്കാൻ കഴിയുന്ന തിന്മകൾ മുഴുവൻ നമ്മൾ അയാളിൽ ആരോപിയ്ക്കും.. നമ്മുടെ ചിന്തകൾ, ഇന്ന് നമ്മളിലേക്കെത്തുന്ന വാർത്തകൾ, നമ്മൾ പറയുന്ന കഥകൾ എല്ലാം ഇത്ര മലിനമാകുന്നത് അതുകൊണ്ടാണ്. "

മനുഷ്യന് എപ്പോഴും ആരാധിക്കാൻ ഒരു വീരനായകൻ  വേണം; അല്ലെങ്കിൽ കഠിനമായ് വെറുക്കാൻ സങ്കല്പത്തിലെങ്കിലും, ഒരു ശത്രു! അതിനു വേണ്ടി മാത്രമാണ് മനുഷ്യൻ ദൈവങ്ങളെയും സാത്താൻമാരെയും സൃഷ്ടിച്ചത്!

"തെറ്റു ചെയ്യില്ല; ചെയ്യുന്നതൊന്നും തെറ്റല്ല എന്നൊരു തോന്നൽ എല്ലാവരിലും ഉണ്ടാക്കിയെടുത്താ മതി.. ഒരു സൂപ്പർ ഹീറോ പരിവേഷവും ആളുകളുടെ സപ്പോർട്ടും മതി നമ്മുടെ സൊസൈറ്റിയിൽ എന്തിനും ഒരു മറയാകാൻ !"

"നീ പറയുന്നതിന് മറ്റൊരു വശം കൂടിയുണ്ട്." ഞാൻ അവളോട് പറഞ്ഞു:
"രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അണികളും ഇല്ലേ? ഒരു കാലം വരെ അവർ അവരുടെ ചില നേതാക്കന്മാരെ അന്ധമായ് വിശ്വസിയ്ക്കും. അവർ പറയുന്ന അതിരിൽ അവസാനിയ്ക്കുന്നു ലോകമെന്ന്‌ പോലും കരുതി നടക്കും. ഒരിയ്ക്കൽ ആ വിശ്വാസത്തിൽ നിന്ന് പുറത്ത് വന്നുകഴിഞ്ഞാൽ, പിന്നെ ആ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളികളും വിമർശകരും അവരായിരിക്കും. അങ്ങനെ ഒന്നിന്റെ ഭാഗമായിരുന്നു ഒരിയ്ക്കൽ എന്നോർക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്ന തരത്തിലേക്ക് വരെ അത് മാറും. അച്ഛ്ന്റെയും നമ്മുടെയും ഇടയിൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ ആണ് ..അത് മാത്രമേ ഉള്ളൂ.... ' Intelligent type of maniac' എന്നും ' ലോകത്ത് എത്ര കോടി  ബീജങ്ങൾ ഉണ്ടായിരുന്നു, അതിൽ എന്റെ ക്രോമസോമിൽ ഇത് തന്നെ വന്നല്ലോ' എന്നൊക്കെ പറഞ്ഞു അധഃപതിക്കുന്നതിലേക്ക് നിന്നെ എത്തിച്ചതും അതേ കാരണം തന്നെ ! കോൺറ്റാക് ലിസ്റ്റിൽ നമുക്ക് അച്ഛനെ ബ്ലോക്ക് ചെയ്യാം.. പക്ഷേ  ചിന്തകളിൽ അച്ഛനിൽ നിന്ന് എപ്പോഴും മെസ്സേജുകൾ ഫോർവേഡായി നമുക്ക് വന്നുകൊണ്ടേയിരിക്കും!ജീവിതത്തോട് ചിലത് പറയാൻ ഇപ്പോഴും നമ്മൾ inspired ആകുന്നത് അതിൽ നിന്നാകും. "

"inspired എന്ന വാക്കും hijacked എന്ന വാക്കും തമ്മിൽ ഒരുപാടന്തരം ഉണ്ട്..നമ്മുടെ ചിന്തകളെ ഹൈജാക്ക് ചെയ്യുകയാണ് അച്ഛൻ ചെയ്തത്.ഏട്ടൻ പറഞ്ഞ ഈ രാഷ്ട്രിയക്കാരെപ്പോലെ...! നമ്മുടെ മാത്രമല്ല ചുറ്റിലുമുള്ള അനേകം ജീവിതങ്ങളെ പ്രതിഭാശാലിയാണെന്ന പരിവേഷം കൊണ്ട് ഹൈജാക്ക് ചെയ്തിട്ടുണ്ട് അച്ഛൻ. ഞാനിപ്പോ എപ്പോഴും അമ്മയെക്കുറിച്ചോർക്കും..  " അവൾ കരയുന്നത് കേട്ടു:

"അമ്മയ്ക്ക് കൊടുക്കാതെ നമ്മുടെ അടുത്ത നിന്ന് അച്ഛൻ തട്ടിപ്പറിച്ചെടുത്ത നമ്മുടെ സ്നേഹത്തെക്കുറിച്ചോർക്കും.. "പോട്ട് പുല്ലേ" എന്ന് നിഷ്കരുണം തങ്ങളുടെ ജീവിതത്തോട്  പറഞ്ഞ ചിലരും ചില സീനുകളിൽ നമ്മുടെ ഹീറോകളാകും..നമ്മുടെ കയ്യടി നേടും..അമ്മയെക്കുറിച്ച് എനിക്കിപ്പോ അങ്ങനെയാ തോന്നുന്നേ !ചില കാര്യങ്ങൾ കൂടുതൽ വ്യക്തമാവുക നിശബ്ദമായ് പറയുമ്പോൾ മാത്രമാണ് എന്ന് തോന്നിപ്പോകുന്നു ."

" പക്ഷേ, ആ നിശബ്ദതയ്ക്കു ഒരു പ്രശ്നമുണ്ട് " ഞാൻ പറഞ്ഞു:
"അത് നമ്മുടെ ജീവിതത്തിന്റെ പിന്നിലായേ സഞ്ചരിയ്ക്കൂ.. വൈകിയേ  നമ്മളിൽ എത്തൂ."

ഞങ്ങളുടെ വീട്ടിലെപ്പോഴും അച്ഛൻ മാത്രം സംസാരിച്ചു കൊണ്ടിരുന്നു. കുട്ടികളും വന്നുചേരുന്നവരും അച്ഛനെ മാത്രം കണ്ടു. അച്ഛന്റെ കുട്ടികളായ് മാത്രം ഞങ്ങളെ എല്ലാവരും അറിഞ്ഞു. 

അതിനിടയിൽ പത്രവാർത്തകളറിയാത്ത, പുസ്തകങ്ങൾ വായിക്കാത്ത, സാധാരണമായ കറികളുണ്ടാക്കുന്ന, വീട്ടു സാധനങ്ങൾ ഒരേയിടത്ത് അടുക്കിപ്പെറുക്കി വയ്ക്കുന്ന വളരെ അപ്രസക്തമായ ഒരു സാന്നിധ്യമായിരുന്നു അമ്മ. വീടിനുള്ളിൽ, അതിൽ ജീവിയ്ക്കുന്നവരുടെ ചലനങ്ങളും ശബ്ദവും കൊണ്ട് വരച്ചിട്ട മറ്റൊരു വീട് . അത്രയും നിശബ്ദമായിരുന്നു ആ ജീവിതം. മരണം പോലും ആരും ഓർക്കാത്ത  അത്രയും നിശബ്ദം.

"എന്നിട്ടിപ്പോ 'എന്റെ പ്രിയതമയെക്കുറിച്ച്' എന്ന് സോഷ്യൽ മീഡിയയിൽ ഓർമ്മകൾ പങ്കിടും.. മരിച്ചുപോയവരെ എല്ലാവരും ചേർന്ന് സ്നേഹിച്ച് കൊല്ലും! എന്നിട്ട് അച്ഛന്‍ ആ എഴുത്തു മുഴുവൻ എനിക്കയച്ചു തരും..എന്തിന് ! അതിന്റെ സാഹിത്യഭംഗി കാണാൻ!" അനിയത്തി പറഞ്ഞുകൊണ്ടേയിരുന്നു:

"ചില വാക്കുകൾ കൊണ്ട് ഇൻസ്പെയർ ചെയ്യാം ഒരാളെ എങ്കിൽ, അയാളെ മറ്റു ചില വാക്കുകൾ കൊണ്ട് ആഴത്തിൽ മുറിവേല്പ്പിക്കുകയും ചെയ്യാം  ."

"വാക്കുകൾ കൊണ്ട് എളുപ്പം മുറിവേല്ക്കുന്നവരാണ് നമ്മളെങ്കിൽ വേദനിയ്ക്കാനുള്ള കാരണങ്ങൾ ഒരുപാട് ഉണ്ടാകും, എല്ലായ്‌പ്പോഴും." ഞാൻ ഓർമ്മിപ്പിച്ചു.

"മരിച്ചു എന്നറിയുമ്പോൾ അല്ലെങ്കിൽ ഒരാൾ മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ പെട്ടന്ന് എവിടെ നിന്നാണ് എല്ലാവർക്കും ഈ സ്നേഹവും കരുതലും വരുന്നത്? എന്താ, ഒരാൾ മരിച്ചു പോകില്ല എന്നുറപ്പു കിട്ടിയതുകൊണ്ടാണോ ജീവിതകാലത്ത് അയാളെ വിദ്വേഷിക്കുന്നതും അവഗണിക്കുന്നതും? ഒരാൾക്ക് അപ്പോൾ  കിട്ടിയ സ്നേഹവും പരിഗണനയും സ്വീകാര്യതയും മതി മരണശേഷവും!.."

ചില പ്രഭാതങ്ങളിൽ , പൊട്ടിയ ചുണ്ടുകളും വീർത്ത കവിളുകളും നീലിച്ച ചുമലുകളുമായ് അമ്മയെ കാണാറുണ്ടായിരുന്നപ്പോഴൊന്നും ഞങ്ങൾ അന്വേഷിച്ചില്ല, എന്ത് പറ്റിയെന്ന് ? അമ്മ സന്തോഷവതിയാണോ എന്ന് ഒരിയ്ക്കലും ഞങ്ങൾ ചോദിച്ചില്ല. അമ്മ സൗഖ്യമായിരിക്കുന്നുവോ എന്ന് ഒരിയ്ക്കലും അറിയാൻ ആഗ്രഹിച്ചില്ല.

'ജീവിതം ഒഴികെ മറ്റെല്ലാം അവൾക്കുണ്ടായിരുന്നു' എന്ന് ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോൾ ആർക്കും തോന്നാറില്ല, ഒരു അസ്വാഭാവികതയും! അത്ര അപ്രസക്തമായ് ഒരു ജീവിതം മാറിപ്പോകുന്നത് എങ്ങനെ എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ഉള്ള് പൊള്ളിപ്പോകും!


സ്നേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എനിക്കുമുണ്ടായിരുന്നു ഒരുപാട്. അരുണ എന്നോട് സ്നേഹമാണെന്ന് പറഞ്ഞപ്പോഴൊക്കെ ഞാൻ ശരീരം എന്ന് മാത്രം കേട്ടു. അങ്ങനെ അല്ലാതെ ഒരു സ്ത്രീയുടെ സ്നേഹം സ്വീകരിയ്ക്കേണ്ടത് എങ്ങനെ ആണെന്ന് എനിയ്ക്കും അന്ന്  അറിയില്ലായിരുന്നു. അപരിചിതമായിരുന്നു അതിനപ്പുറമുള്ളതെല്ലാം. മനസ്സിലാക്കാൻ വിഷമമായിരുന്നു അവൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞതെല്ലാം.

"ഒരാളുടെ ശരീരം പങ്കിടാൻ  എന്നതിനേക്കാൾ സുഖകരമായ അനുഭവം അയാളുടെ മനസ്സ് പങ്കിടാൻ ഒരാളുണ്ടാവുക എന്നതാണ്! " അരുണ പറയാറുണ്ടായിരുന്നു:
"സ്ത്രീ എന്നത് അവളുടെ മനസ്സും കൂടിയാണ് ,"

"അപ്പോൾ പുരുഷനോ? അവനു മനസ്സ് എന്ന ഒന്നില്ലേ? " ഞാൻ ചോദിച്ചു.

"ഉണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് . ഇല്ലെന്നൊരു തോന്നൽ ഈ ലോകത്തിന് ഉണ്ടാക്കിക്കൊടുത്തത് നിങ്ങളിൽ ചിലർ തന്നെ!"

'ഒരു പെണ്ണിന്റെ സ്നേഹം മഗ്ഗല്ലന്റെ യാത്ര പോലെയാണ്.. ഭൂമി മുഴുവനും ചുറ്റിവന്ന് അവളിൽ തന്നെ അവസാനിയ്ക്കും അവളുടെ സ്നേഹത്തെക്കുറിച്ചുള്ള അന്വേഷണം.. ഒരു പുരുഷന് അവളുടെ ശരീരത്തെ തൃപ്തിപ്പെടുത്താൻ കഴിയും എന്നെല്ലാതെ  ഒരു പെണ്ണിനെ അവൾ ആഗ്രഹിക്കുന്നവണ്ണം സ്നേഹിക്കാൻ അവൾക്കേ കഴിയൂ..'

അച്ഛൻ പറയാറുണ്ടായിരുന്നു. അത് വിശ്വസിക്കാനും എളുപ്പമായിരുന്നു. അരുണയുടെ സ്നേഹത്തെ അതു പറഞ്ഞാണ് ഉപേക്ഷിച്ചത്, അന്ന്!

അവളുടെ വിവാഹശേഷം  എവിടെയാണെന്ന് പോലും അറിയാതെ കുറേക്കാലം. അതിനിടയിൽ, കാലങ്ങൾ കഴിഞ്ഞും ആരെ പരിചയപ്പെട്ടാലും അവളെ മാത്രം ഓർമ്മ വരുന്നു എന്നായപ്പോൾ, പെണ്ണിന്റെ മാത്രമല്ല; ആണിന്റെ സ്നേഹവും മഗ്ഗല്ലന്റെ യാത്രയാണെന്ന് ബോധ്യമായ് - ആദ്യം പ്രണയം പറഞ്ഞവളിൽ തിരിച്ചെത്തുന്ന നാവികനാണ് അവനും.


അതിനെക്കുറിച്ച് പറഞ്ഞു , ഇന്റർനെറ്റിൽ  പരിചയം പുതുക്കിയപ്പോഴും; "നിന്നെ ഇഷ്ടമാണ് എനിക്ക് ഇപ്പോഴും" എന്ന് അവളെന്നെ ഓർമ്മിപ്പിച്ചു. 

അനിയത്തിയുടേയും കൂട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾക്കിടയിൽ നിന്ന് അവളെക്കുറിച്ച്, അവളുടെ ഭർത്താവിനെ കുറിച്ച്  അത്രയൊന്നും സുഖകരമല്ലാത്ത പല കഥകളും കേട്ടു.

അവളുടെ ജീവിതവും അമ്മയുടേത് പോലെ നിശബ്ദമായ് പോയേക്കാമെന്നറിഞ്ഞപ്പോൾ,
"മതി. ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം "എന്ന് ആവേശം കാട്ടി:
"നിന്നെ  സ്നേഹിയ്ക്കാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ലല്ലോ പിന്നെ എന്താ?" അയാളെക്കുറിച്ച് കേട്ട കഥകൾ ഓർത്ത് ഞാൻ  ചോദിച്ചു.

"എന്നാരാ പറഞ്ഞത്..? "അരുണ ശാന്തമായ് മറുപടി പറഞ്ഞു:

"അയാളും തുടക്കത്തിൽ നിന്നെപ്പോലെ ആയിരുന്നു. ഒരു പെണ്ണിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് അയാൾക്കും അറിയില്ലായിരുന്നു.. എന്റെ കൂടെ പത്ത് പതിനഞ്ച് വർഷങ്ങൾ ആയില്ലേ?.. ഇനിയും അയാൾ സ്നേഹിക്കാൻ പഠിച്ചില്ലെന്ന്  നിനക്ക് പറയാൻ കഴിയോ? അതിനു പോലുമുള്ള കഴിവില്ല എനിക്കെന്ന് നീ പറയുമോ?"

"ഒരു നായ അതിന്റെ യജമാനനോട് കാണിക്കുന്ന നന്ദിയും ചിലർക്ക് സ്നേഹമാണ്. നിന്റെയുള്ളിലുള്ളത്   നന്ദിയാണ്; സ്നേഹമല്ല" ഞാൻ അങ്ങേയറ്റം അധമനായി.

പറഞ്ഞു കഴിഞ്ഞപ്പോൾ മുതൽ ഇന്നുവരെ അതോർക്കുമ്പോൾ ചോര വറ്റിപ്പോകാറുണ്ട് എന്നിൽ. ചില വാചകങ്ങൾ അങ്ങനെ നാവിൽ കയറി വരും- അന്നുവരെ ഉള്ളിൽ സ്വരുക്കൂട്ടിയ എല്ലാ പുണ്യങ്ങളേയും കത്തിച്ച് ചാമ്പലാക്കാൻ!

"നല്ലത് മാത്രമെന്ന് ഓർമ്മകളിൽ സെലക്ടീവ് ആവുക ..ഞാനിപ്പോ അങ്ങനെ ആകാൻ  ശ്രമിക്കാറുണ്ട്. അങ്ങനെ ആയാൽ പിന്നെ ആരെക്കുറിച്ചും വെറുപ്പും പരാതികളും ഒന്നുമുണ്ടാവില്ല... നല്ല ഓർമ്മകൾ മാത്രമെന്ന് ഇന്നലെകളെക്കുറിച്ച് സെലക്ടീവ് ആവുക!"

"ഓർമ്മകളിൽ സെലക്ടീവ് ആകാനോ? സ്ത്രീകൾക്ക് അത് പതിവില്ലാത്തതാണല്ലോ!" ഞാൻ അവളെ പരിഹസിച്ചു.


"ആദ്യമൊക്കെ ഞാൻ കരുതിയത് ചിലരൊക്കെ  എന്നെ വേദനിപ്പിക്കുന്നു എന്നാണ്; പിന്നീടെനിയ്ക്ക് മനസ്സിലായി ആരെയെങ്കിലും വേദനിപ്പിയ്ക്കാനുള്ള സമയം പോലും ആരുടെയടുത്തും ഇല്ല എന്ന്! അവരൊക്കെ സാധാരണ മനുഷ്യരാണ്; അല്ലെങ്കിലും എല്ലാവർക്കും അസാധാരണക്കാരനാവാൻ കഴിയില്ലല്ലോ!" അവൾ മറുപടിയിൽ കരുതൽ കാട്ടി:

"അയാൾക്ക് എന്നെ വെറുക്കാൻ കഴിയില്ല... ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ  അതിന് കാരണം നീ ആയിരിക്കും. അങ്ങനെ ഒരു കാരണമായ് നീ മാറുകയാണെങ്കിൽ എനിയ്ക്ക് നിന്നെ മറക്കേണ്ടി വരും... നിന്നെ മറക്കുക എന്നാൽ ഞാൻ മരിച്ചു എന്ന് കൂടി അർത്‌ഥമാവില്ലേ?"

പിന്നിടൊരിയ്ക്കൽ പറഞ്ഞു:

"ഞാൻ നിന്നോട് ഇന്നും പ്രണയം പറയുന്നുണ്ടെങ്കിൽ, അതൊരിടത്ത് ഒന്നിച്ചുറങ്ങാനുള്ള ആഗ്രഹം കൊണ്ടോ, ആളുകൾ കാണെ കൈപിടിച്ച് നടക്കാൻ മോഹിച്ചിട്ടോ ഒന്നുമല്ല. അതങ്ങനെ തോന്നിപ്പോകുന്നതാണ്..ഒരു കാരണവുമില്ലാതെ. അതിപ്പോൾ അടുത്തിരുന്നാലും, അകലെ ആയിരുന്നാലും, നീ എന്നോട് വർത്തമാനങ്ങൾ പറഞ്ഞില്ലെങ്കിലും, എന്നെ നീ ഓർത്തില്ലെങ്കിൽ പോലും   എന്റെ ജീവിതത്തിൽ നീ കലർന്നിട്ടുണ്ടാകും... ഒരു സ്ത്രീ ഒരു പുരുഷനെ സ്നേഹിക്കുന്നത് അങ്ങനെ ആണ് . അയാളുടെ നിരാകരണത്തിനു പോലും അവളെ അതിൽ നിന്ന് വിലക്കാനാവില്ല!"

ഒരു പുരുഷനിൽ ബാക്കിയാവുന്നത് പ്രണയത്തിൽ അയാളനുഭവിച്ച സത്യസന്നദ്ധതയാണ്; ഇപ്പോഴെനിക്ക് തോന്നുന്നു:   ഒരു സ്ത്രീയിലാവട്ടെ അയാൾ അവൾക്ക് തിരിച്ചു കൊടുത്ത ഓർമ്മകളും.

" 'അയാൾ' മാത്രമല്ല ഏട്ടാ " അനിയത്തി ഓർമ്മിപ്പിക്കുന്നു :

"അവളുടെ ജീവിതത്തിൽ വന്ന എല്ലാ പുരുഷന്മാരും; അത് അച്ഛനായാലും മകനോ സഹോദരനോ ഭർത്താവോ, ഒരു രാത്രി വൈകിയ നേരത്ത് അവളെ കടന്നുപോയ അപരിചിതനോ ആയാലും അവരെല്ലാം അവളിൽ ബാക്കിയാക്കിയ ഓർമ്മകൾ. ഒരു സ്ത്രീയിൽ ബാക്കിയാവുക അത് മാത്രമാണ്. നമ്മുടെ അമ്മയ്ക്ക് ഒന്നുമില്ല! വെറും കയ്യോടെ ആയിരിക്കും അമ്മ ഭൂമിയിൽ നിന്ന് മടങ്ങിപ്പോയിട്ടുണ്ടാവുക! പക്ഷേ അമ്മയ്ക്ക് ഒരല്പം ധൈര്യം കാട്ടാമായിരുന്നു." അനിയത്തി തുടർന്നു:

"അരുണയെക്കുറിച്ച് ഓർക്കുമ്പോൾ അതേ നിശബ്ദത ചിലപ്പോൾ എനിയ്ക്ക് ഫീൽ ചെയ്യും. ഒരു നെറ്റ് വർക്കിലും ഒരു ഗ്രൂപ്പിലും അവളെ ഞങ്ങൾക്ക് കിട്ടാറില്ല.. അവളുടെ ഒരു വർത്തമാനവും ഞങ്ങൾ അറിയാറില്ല."

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ  അരുണ   പറഞ്ഞിരുന്നു:

"എനിയ്ക്ക്  ആൾക്കൂട്ടത്തിനോട് പങ്കിടാൻ ഒരു കഥയുമില്ല. എല്ലാവർക്കും വേണ്ടത് നമ്മളിപ്പോൾ ജീവിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പരിഭവങ്ങളും നമ്മുടെ ഒപ്പം ജീവിയ്ക്കുന്നവരെക്കുറിച്ചുള്ള പരാതികളും ആണ് .. നമ്മുടെ ജീവിതത്തിൽ നമ്മൾ സംതൃപ്തരാണ് എന്നറിയുമ്പോൾ എന്തോ ഒരു കുഴപ്പം നമുക്കുണ്ടെന്ന തോന്നൽ ആണ് എല്ലാവർക്കും .. ഇത്രയും ആകുലതകൾ എന്തിനാണ് ആളുകൾക്ക് എന്ന് എനിയ്ക്ക് ഒരിയ്ക്കലും മനസ്സിലാവില്ല; അന്യോന്യം മനസ്സിലാക്കാൻ കഴിയാത്തൊരു കൂട്ടത്തിന്റെ ഭാഗമാകാൻ പ്രയാസപ്പെടുന്നതിൽ കാര്യമെന്താ !!?"

ഒപ്പം മധുരമുള്ള ഭീഷണിയും:
"ആരും കൂട്ടത്തിൽ കൂട്ടാതാകുമ്പോൾ നിന്നോടുള്ള പ്രണയത്തിൽ എന്റെ ഏകാഗ്രത കൂടും.. എന്താ..അത് വേണ്ട എന്നുണ്ടോ?" 

ഒരു മൺസൂണിൽ, ദിവസങ്ങൾ നീണ്ട യാത്രകളുടെ വിശേഷങ്ങൾ പങ്കിടുമ്പോൾ  അവൾ പറഞ്ഞു:

"നീ കടന്നുപോയ മഴകളൊക്കെയും എന്നെയും നനയ്ക്കുന്നു . എല്ലാ കാഴ്ചകളും ഞാൻ കൂടി കാണുന്നു. പ്രണയികൾ ഒന്നിച്ചു ചേരുന്നു എന്ന്, ഒരു ശരീരം ആകുന്നു എന്ന് എല്ലാവരും പറയും - എന്നാൽ നമുക്ക് നാല് ശരീരങ്ങളാണ്. നിന്റെയൊപ്പം യാത്ര ചെയ്യുന്നു നീയും ഞാനും !!എന്റെയൊപ്പം വിശ്രമിയ്ക്കുന്നു ഞാനും നീയും!! - ഒരാൾക്ക് കിട്ടുന്ന ഒന്നിലധികം ജീവിതങ്ങളുടെ വിസ്മയങ്ങൾ... പ്രണയികൾ ഒന്നിച്ചു ചേരുന്നിടത്ത് സന്തോഷത്തോടെ അവസാനിക്കുന്ന ഫ്രെയിമുകളും കഥാന്ത്യങ്ങളും ഉണ്ട് സിനിമകളിലും പുസ്തകങ്ങളിലും.. അങ്ങനെ ഒന്നില്ലാത്തതുകൊണ്ട് നമുക്കിടയിലെ കഥകൾ മാത്രം ഒരിയ്ക്കലും അവസാനിക്കില്ല.!"

"കള്ളമാണ് ഏട്ടാ " അനിയത്തിയുടെ കലഹം അവസാനിക്കുന്നില്ല: 

"ചിലർ അവരുടെ നിസ്സഹായത മറച്ചുപിടിയ്ക്കാൻ, അവരുടെ ഭീരുത്വത്തെ ഗ്ലോറിഫൈ ചെയ്യാൻ അവസാനിക്കാത്ത കഥകളുണ്ടാക്കും.. അവരെത്തന്നെ പറഞ്ഞു വിശ്വസിപ്പിയ്ക്കാൻ... ആരെയെങ്കിലും സ്നേഹിയ്ക്കാൻ വേണ്ടിയായിരുന്നു ആ ത്യാഗമത്രയും എന്ന് പറഞ്ഞാൽ പോലും അത് കളവാണ്. പകർന്നു എന്ന് കരുതിയ സ്നേഹമൊന്നും അവിടെ ഉണ്ടായിട്ടില്ല. ഒരു നുണയായ് , ഒരു പരാജയമായ് ഒരു ജീവിതം അവസാനിച്ചു എന്ന ഖേദം മാത്രം പ്രിയപ്പെട്ടവരിൽ അത് ബാക്കിയാകുന്നു. ഏട്ടൻ അത് അരുണയോട് പറയണം...  അവരുണ്ടാക്കുന്ന കഥകളേക്കാൾ സാധ്യതകളുണ്ട് പുറത്ത് അവരെ കാത്തിരിയ്ക്കുന്ന ജീവിതത്തിന് എന്ന്.... ഒരു സ്ത്രീയും അവരനുഭവിച്ച നിസ്സഹായത കൊണ്ടല്ല ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്."


"പ്രണയത്തിൽ അവരെത്രമാത്രം ധീരരായിരുന്നു എന്ന്, ജീവിതത്തിൽ അവരെത്രമാത്രം സത്യസന്ധരായിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. " ഞാൻ പറഞ്ഞു:

"പക്ഷേ, എങ്ങനെയാണ് ഒരു ജീവിതം നുണയും പരാജയവും ആകുന്നത്..? ആരാണ് അത് നിശ്ചയിക്കുന്നത്? നിനക്ക് നുണയല്ലെന്നും വിജയിച്ചു എന്നും തോന്നുന്ന ജീവിതങ്ങളിലേക്ക് ചെന്ന് അവരോട് ചോദിക്ക്, അവർ പുതിയ വീട് വച്ചോ എന്നോ, അവർക്ക് പ്രമോഷൻ കിട്ടിയോ എന്നൊന്നുമല്ല ; അവരുടെ മത്സരമൊക്കെ അവസാനിച്ചോ എന്ന്, അവർ സംതൃപ്തരാണോ എന്ന്, അവർക്ക് ശാന്തമായും സമാധാനമായും ഇരിയ്ക്കാൻ കഴിയുന്നുണ്ടോ എന്ന് .."

"ഓ !!" അനിയത്തി ഇടയിൽ കയറി :

"ഏട്ടനിപ്പോ ഈ ലൈനാണോ! എന്തായിരുന്നു മുൻപ്! കരിയർ ബിൽഡപ്പ് ചെയ്യാ.... ഇൻഡിപെൻഡന്റായി ജീവിക്കുക.. സക്സസ് ഫുള്ളാവുക.. സ്നേഹത്തെക്കുറിച്ച് എന്തായിരുന്നു ഒപ്പീനിയൻ! ഒരു ഫിസിക്കൽ റിലേഷന് അപ്പുറമുള്ളതൊക്കെ ഡിസ്ടർബൻസ് .. അന്ന് അരുണയോടുള്ള അപ്രോച് എന്തായിരുന്നു! എന്നിട്ടിപ്പോ ഒറ്റയ്ക്ക് ജീവിതം.. സ്നേഹം, സ്പിരിച്യുയാലിറ്റി... "

"അങ്ങനെ റിഫൈൻഡ് ആയി... റിഫൈൻഡ് ആയി  വരുന്നതല്ലേ ജീവിതം.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ, നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.. അത് നമ്മൾശ്രദ്ധിക്കുന്നുവോ ഇല്ലയോ എന്നതിലെ ഉള്ളൂ അന്തരം.. പ്രത്യേകിച്ച് ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ, ബോധപൂർവ്വമായ ഒരു ഇടപെടലും ഇല്ലാതെ നമ്മൾ ആഗ്രഹിക്കുന്ന ഒരു താളക്രമത്തിലേക്ക് ജീവിതം വരുന്നതിനേക്കാൾ സുഖകരമായ് മറ്റൊന്നുണ്ടോ?!"

"ഏട്ടന് സുഖകരം!! അരുണയ്ക്ക് ഏട്ടന്റെ ഒറ്റയ്ക്കുള്ള ഈ  ലൈഫും എന്തൊരു ഭാരമായിരിക്കും.. വെറുതെയല്ല അവൾ ഒരാളോടും ഒരു കോൺടാക്ടും വയ്ക്കാതെ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്.."

അത് കേട്ടെന്നവണ്ണം, അത്ര കൃത്യമായ് എന്നിലേക്കു ആ സമയത്തെത്തുന്നു   അരുണയുടെ സ്നേഹം നിറഞ്ഞ വോയ്‌സ് മെസ്സേജ്:

"ആരും അറിയണ്ട, അവരുടെ ആകാശത്തുകൂടെ കടന്നുപോകുന്ന നമുക്കിടയിലുള്ള ഈ സ്നേഹസംഭാഷണങ്ങൾ ! നമുക്ക് പരസ്പരം ഹൃദയങ്ങളിലിരുന്ന് വിശേഷങ്ങൾ പറയാം."

അരുണ ഇപ്പോഴും ഇങ്ങനെയാണ്. എനിക്കറിയില്ല, കേൾക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ  അത്ര കൃത്യമായ് അവള്‍ക്ക് എന്നോട് പറയാൻ കഴിയുന്നത് എങ്ങനെയാണെന്ന്.

'ആളുകൾ  കണ്ട, അവർ കേട്ടറിഞ്ഞ പ്രണയമൊന്നും നമ്മുടെ പ്രണയത്തോളം വരില്ലല്ലോ' എന്ന് മനസ്സിൽ ഞാൻ, അന്നേരമവളെ മനസ്സിൽ ചേർത്തുമ്മവെച്ചു.


"നീ അരുണയെക്കുറിച്ചോർത്ത് ഇത്ര വേവലാതിപ്പെടേണ്ട .. " ഞാൻ അനിയത്തിയോട് പറഞ്ഞു:

"അരുണയെക്കുറിച്ച് മാത്രമല്ല; ഒരു ജീവിതത്തെക്കുറിച്ചും വേവലാതിപ്പെടേണ്ട.. ഓരോ ജീവനും അതിനനിയോജ്യമായ ഒരു താളത്തിൽ കടന്നുപോകും. അതാണോ ശരി, ഇതാണോ ശരി എന്ന് എപ്പോഴും സംശയിക്കാറില്ലേ? അതും ഇതും ശരിയാണ് ..യുദ്ധത്തിൽ പോലും ചില ശരികളുണ്ട്. അല്ലെങ്കിൽ ആദിമകാലം മുതൽ ഇന്നുവരെ എവിടെയെങ്കിലും ആയി ഭൂമിയിൽ അത് നടക്കില്ലല്ലോ !  അച്ഛൻ പറയാറുള്ളത് ഓർക്കുന്നില്ലേ ?"

"അച്ഛന് എല്ലാം ശരിയല്ലേ? എല്ലാം- ! ചില സ്വാഭാവവൈകൃതങ്ങളെക്കുറിച്ച് പോലും ഇതൊക്കെ പാടുണ്ടോ എന്ന് ചോദിക്കുമ്പോൾ 'യവനകഥകളിലൊക്കെ വായിച്ചിട്ടില്ലേ? അതിനർത്ഥം, മനുഷ്യരുടെ ഇടയിൽ ഇങ്ങനെയൊക്കെ നടക്കാറുണ്ട് എന്നാണ്'- എന്നൊക്കെ ന്യായികരിച്ചു കളയുന്ന ആളല്ലേ! അമ്മയെ കുറിച്ച് എന്തായിരുന്നു പറഞ്ഞത്?  അമ്മ അവരുടെ ജീവിതം തിരഞ്ഞെടുത്തു എന്ന്. പ്രയാസമായിരുന്നു എങ്കിൽ, അതിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം എപ്പോഴും അവർക്ക് ഉണ്ടായിരുന്നു എന്ന്. അവരുടെ ഇഷ്ടങ്ങൾ തുറന്ന് പറയേണ്ടത് അവരായിരുന്നു എന്ന് ..  അച്ഛൻ ചെയ്തതെല്ലാം അപ്പോഴും ശരി ! "

"അച്ഛന്റെ ശരി, എന്റെ ശരി , നിന്റെ ശരി എന്നിങ്ങനെ ശരികൾ തന്നെ പലവിധത്തിൽ ഉണ്ടല്ലോ - അതിൽ കൺഫ്യുസ്ഡ് ആകേണ്ട കാര്യം ഒന്നുമില്ല. അത്രയും സാധ്യതകൾ ഉള്ള ഒരു ജീവികുലത്തിലാണ് നമ്മൾ പാർക്കുന്നതെന്ന ബോധ്യമുണ്ടായാൽ മാത്രം മതി." ഞാൻ ഓർമ്മിപ്പിച്ചു:

"അല്ലെങ്കിലും നമ്മൾ കൂടി ഭാഗമായ് കഴിഞ്ഞാൽ ശരികളാകുന്ന തെറ്റുകളെ ഈ ലോകത്തുള്ളൂ! "

"നിങ്ങൾ അച്ഛനും മകനും!! നിങ്ങൾക്ക് എല്ലാ കാലത്തും കുറേ ന്യായങ്ങളുണ്ടാകും ...എന്തിനും !"- അവൾ അവസാനത്തെ ആയുധം പ്രയോഗിച്ചു.

"അച്ഛനും മകനും!" ഞാൻ ചിരിച്ചു: "അച്ഛനിൽ തുടങ്ങി' അച്ഛനും മകനും' എന്നവസാനിച്ചോ!? സന്തോഷം !!"


പറഞ്ഞില്ലേ, ദേഷ്യം വന്നാൽ അനിയത്തി അങ്ങനെയാണ്. 
ഇന്നാണെങ്കിൽ അവൾക്ക് ഈ ലോകത്തോട് മുഴുവനും കലഹിക്കണം.

:-)

ഞാൻ എന്ന പുരുഷനിൽ ബാക്കിയാവുന്ന ചിലത് കൂടിയുണ്ട്-
ജീവന്റെ ഭാഗമായ ഒരാളിലെ  നിശബ്ദത,
പ്രാണനിൽ എഴുതിചേർത്ത ഒരാളുടെ സ്നേഹസന്ദേശങ്ങൾ,
കാട് കത്തിക്കയറുന്നതുപോലെ കാതുകളിൽ ചില ഓർമ്മപ്പെടുത്തലുകൾ - അമ്മ ,അരുണ,അനിയത്തി.

No comments:

Post a Comment