Saturday, January 28, 2017

സെൽഫി

ഒരു കഥ എഴുതി പൂർത്തിയാക്കണമെന്നുണ്ട്.

എഴുത്തിനിടയിൽ ഇടയ്ക്ക് ഫെയ്‌സ്ബുക്ക് നോക്കിപ്പോകും; അല്ലെങ്കിൽ വാട്സ് ആപ്പ്.അങ്ങനെ ചിന്തിച്ചു വന്നത് തന്നെ എന്താണെന്ന് മറന്നു പോകും. എഴുതാനിരിക്കുന്ന വിഷയത്തെക്കുറിച്ച് പോലും പല അഭിപ്രായങ്ങൾ തോന്നും.അതിപ്പോൾ ഒരു ശീലത്തിന്റെ ഭാഗവും, ഭാരവും ആണ്.

പുതിയ ന്യുസ് ഫീഡ് തെളിയുന്നു.
ഒരു ട്രോൾ. അത്രയ്ക്ക് വൈകാരികമായ വിഷയമാണെങ്കിൽ , ഒറ്റവരിയിലൊരു കവിത; അതുമല്ലെങ്കിൽ എല്ലാം അങ്ങേയറ്റം എളുപ്പമാക്കുന്ന ഒരു ഹാഷ് ടാഗ്- നൊന്തുപോയ ഒരാളുടെ ജീവിതത്തിലേക്ക് സ്വസ്ഥമായ ഒരിടത്തിരുന്ന് നമ്മൾ എറിയുന്നൊരു വല; അല്ലെങ്കിൽ കണ്ണുകെട്ടി നിൽക്കുന്ന നീതി ദേവതയുടെ മുന്നിൽ നമ്മൾ തുറന്നിടുന്ന ജാലകം.

വാർത്തകളിലോ വർത്തമാനങ്ങളിലോ ഒരാളെക്കുറിച്ചു നല്ല വാക്കുകൾ ഏറെ പറഞ്ഞുകേൾക്കുമ്പോൾ, നല്ല വാക്കുകൾ മാത്രം പറഞ്ഞു കേൾക്കുമ്പോൾ മനസ്സിൽ ഇപ്പോൾ ഒരു പെടപ്പാണ്- ദൈവമേ! അയാൾ മരിച്ചു പോയോ എന്ന് !!

മരിച്ചു കഴിഞ്ഞു;
ഇനിമുതൽ സ്നേഹിച്ചു തുടങ്ങാം.
അതാണല്ലോ പതിവ്.

പല്ലവി പറയാറുണ്ട്:
"എല്ലാവരും ഒരാളെക്കുറിച്ചു നല്ലത് പറയുന്ന ദിവസം. ആ ദിവസത്തിന്റെ ഓർമ്മയാണ് പിന്നീട് ആഘോഷിയ്ക്കപ്പെടുന്ന ചരമവാർഷികങ്ങൾ"!

പതിനേഴാമത്തെ ടോക്കൺ, മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാനിതാലോചിക്കുകയായിരുന്നു. തികച്ചും സാധാരണമായിരുന്നു അയാൾ പറഞ്ഞിട്ടു പോയ കഥ.

അത്രമേൽ പ്രണയിച്ചവൻ, നിനച്ചിരിക്കാത്തൊരു നേരത്ത്
വെറും ഒരു സുഹൃത്തോ, പിറക്കാതെ പോയ കൂടപ്പിറപ്പോ ആയി മാറുന്ന രസതന്ത്രം എന്താണെന്നറിയില്ല.
അന്നുവരെ, വിരൽകോർത്ത് നടന്ന പൂത്തുലഞ്ഞ വഴിയോരങ്ങൾ
ഒറ്റവാക്കിൽ ജീവൻ വറ്റിപ്പോയ മരുഭൂമിയാക്കുന്ന മന്ത്രവാദവും അറിയില്ല.
പക്ഷേ കാലങ്ങളായ്‌ ഈ കഥകൾ, ഒരേതരം സ്വീക്വൻസ്‌ ആവർത്തിക്കുന്നു.

എല്ലാവരേയും എന്ന പോലെ ഞാൻ അയാളെയും സമാധാനിപ്പിച്ചു:
" സാരല്ല ; ഇത് ഒന്നിന്റെയും അവസാനം ഒന്നും അല്ലല്ലോ!"

അയാളുടെ വർത്തമാനം കേട്ടിരിക്കുമ്പോഴും അയാൾക്കുള്ള മറുപടികൾ തിരഞ്ഞെടുക്കുമ്പോഴും കഥകൾ മാറുന്നതേയില്ലല്ലോ എന്ന ഖേദമായിരുന്നു മനസ്സിൽ. 

" എല്ലാവഴികളും നിന്നിലേക്കെന്ന് ഉറപ്പിക്കുന്ന നേരത്ത്  
  ഒരിയ്ക്കൽ പോലും 
  എന്നിലേക്ക് വന്നുചേർന്നില്ലെന്ന് 
  നീ ആവർത്തിക്കുന്നതിലാണ് അദ്‌ഭുതം!

 നീ 
 മറ്റൊരാളായി 
 മാറിപ്പോകുന്ന 
 മുറിവുകളല്ല  എന്റെയുള്ളിൽ ;
 നീ എന്നിൽ നിന്ന് 
 മാഞ്ഞുപോകുമ്പോൾ
 മരണമായി 
 മാറിപ്പോവുകയാണ് ഞാൻ ! "

അയാളുടെ സങ്കടങ്ങൾ  എനിയ്ക്ക് ഇങ്ങനെ ഓർത്തുവയ്ക്കാനുള്ള കഥകളുടെ കൂട്ടത്തിലുള്ളതാണ്. ഈ വാക്കുകളാണ് അത്തരം കഥകളിലേക്കുള്ള  എൻ്റെ കീവേർഡുകൾ!


സംസാരത്തിനിടയിൽ അവർ തമ്മിൽ നടന്ന ചാറ്റുകളുടെ സ്‌ക്രീൻ ഷോട്സ് അയാളെനിക്ക് നൽകി.

"വായിച്ചു നോക്കൂ; എന്നോട് ഇഷ്ടത്തിലാണെന്ന് അവളെത്ര വട്ടം പറഞ്ഞിരിക്കുന്നെന്ന് നോക്കൂ ! "

' ആവർത്തനങ്ങളുടെ അപ്‌ഡേറ്റഡ് വേർഷനുകൾ!! '  ഞാൻ മനസ്സിൽ കരുതി,

" അവൾ, ഞങ്ങൾ തമ്മിലുള്ള ചാറ്റും അവളുടെ ഫോട്ടോസും ഒക്കെ ഡിലീറ്റു ചെയ്യണമെന്ന് പറഞ്ഞു. അവളുടെ മുന്നിൽ നിന്ന് ഞാനതെല്ലാം ചെയ്തു. പക്ഷെ എന്റെയടുത്ത് എല്ലാറ്റിന്റെയും ബാക്കപ്പ്  ഉണ്ട്."' നിന്റെ  പ്രണയം മറക്കാൻ ആഗ്രഹിക്കുന്ന 
ഒരുവളെ കുറിച്ചുള്ള 
ഓർമ്മകളാണ്
നിന്റെ  പ്രണയകാലത്തിന്റെ ബാക്കപ്പ് !' - എനിയ്ക്ക് പറയാൻ തോന്നി:

' ഓർമ്മകളേ  ഇല്ലെന്നവളും 
മറക്കാനാവില്ലെന്ന് നീയും
ഉറപ്പിക്കുന്ന 
സ്നേഹസംഭാഷണങ്ങളുടെ 
മാഞ്ഞുപോകാത്ത സ്‌ക്രീൻഷോട്സിന്റെ ശേഖരം !'

'Confidence vs Redundancy' എന്നുണ്ടല്ലോ- the inclusion of extra components which are not strictly necessary to functioning, in case of failure in other components. 
സ്വാഭാവികമായ് എല്ലാം മുന്നോട്ട് പോകുന്നിടത്തോളം ആവശ്യമില്ലാത്ത ഒന്ന്;എന്നാൽ എപ്പോഴെങ്കിലും പ്രവർത്തനം നില്കച്ചേക്കുമോ എന്ന ഭയം കൊണ്ട് എപ്പോഴും കരുതലായ് വയ്ക്കുന്ന ഒന്ന്!

ഫെയിലിയർ ഉണ്ടാകില്ല എന്ന കോൺഫിഡൻസ് കുറയുന്നതിനനുസരിച്ച് റിഡൻഡൻസിയുടെ അളവും കൂടും.
എടുത്തു വയ്ക്കും, ബന്ധങ്ങളുടെ അനേകമനേകം ബാക്കപ്പുകൾ: ഫോൺ സംഭാഷണങ്ങളുടെ വോയ്‌സ് റെക്കോഡുകൾ, ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ , ഒന്നിച്ചു ചിലവിട്ട നിമിഷങ്ങളുടെ ചിത്രങ്ങൾ- ഹൃദയത്തിലല്ല ; സ്റ്റോറേജ് ഡിവൈസുകളിൽ.
ഒരുപക്ഷേ കൂടുതൽ വെറുക്കാൻ, കൂടുതൽ കാരണങ്ങൾ!

പരസ്പരം പാസ്സ്‌വേർഡുകൾ കൈമാറിക്കൊണ്ട് പ്രഖ്യാപിയ്ക്കുന്ന പ്രണയം; ഒടുക്കം കളഞ്ഞു പോയ പണപ്പെട്ടിയുടെ താക്കോൽ സൂക്ഷിച്ചു വെച്ച് അതിലൊരാൾ മാത്രം ബാക്കിയാവുന്നു.

അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ, ആനയെ കണ്ടുകൊണ്ടിരിക്കുന്ന കുരുടന്മാരിൽ ഒരാളെന്ന് സ്വയം കരുതി. 
ചിലനേരങ്ങൾ അതിനുള്ളതാണ്.
ചില കഥകളിൽ അങ്ങനെ ആകുന്നതാണ് നല്ലത്.

ഞാൻ അതിനിടയിൽ ഇന്നത്തെ രണ്ടാമത്തെ ടോക്കണെക്കുറിച്ച് ആലോചിച്ചു. ഒരു  കോളേജ് പ്രൊഫസർ ആയിരുന്നു അവർ. ഒരു സീരിയൽ ആയിരുന്നു അവരുടെ പ്രശ്‍നം. അതിലെ കഥാപാത്രത്തിന്റെ ഭൂതകാലമായിരുന്നത്രെ അവർക്ക്. ആരോടും പറഞ്ഞിട്ടില്ലാത്ത, ഒരിടത്തും ബാക്കപ്പ് എടുത്തുവച്ചിട്ടില്ലാത്തൊരു ബന്ധത്തിന്റെ ഇനിയും അഴിഞ്ഞു പോകാത്ത തുടർച്ചകൾ.

അവർക്ക് എന്നിൽ,അവരുടെ കഥകൾ,ഉത്കണഠകൾ  പങ്കുവയ്ക്കാനൊരു കേൾവികാരിയെ ആയിരുന്നു ആവശ്യം. കഥയിൽ ഒരു ഇടപെടലുകളും നിർദ്ദേശങ്ങളും അനുവദിച്ചില്ല. ഞങ്ങളുടെ സ്ഥാപനത്തിൽ അതിനും സൗകര്യങ്ങൾ ഉണ്ട്.മറക്കില്ല ;
ഓർമ്മിച്ചുകൊണ്ടേയിരിക്കും-
മറക്കണമെന്ന്
ഓർമ്മിച്ചുകൊണ്ടേയിരിക്കും! 

ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയതാണ് ഈ വരികൾ.
ഫൗസി - അവന്റെയാണ് ഈ സ്ഥാപനം-  വരികൾക്ക് ഭംഗിയുള്ള വരകളും നിറങ്ങളും കൊടുത്തു.
ഞങ്ങളുടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റിനു ഒരുപാട് ഷെയറുകളും ലൈക്കുകളും ഉണ്ടായിരുന്നു; വാട്സ് അപ്പിൽ ഫൊർവേഡുകളും . ആളുകൾ ഇഷ്ടപ്പെട്ടുവെന്ന മനസ്സുഖം കുറച്ചുദിവസം ഞങ്ങളെയും സന്തോഷിപ്പിച്ചു.

പലപ്പോഴായ് പിന്നെയും അവർ സംസാരിച്ചിരിയ്ക്കാൻ വന്നു. മനസ്സിന്റെ ഭാരം കുറച്ച് അവരും ഇടയ്ക്ക് ചില വരികൾ അവരുടെ സങ്കടങ്ങളിൽ നിന്നുണ്ടാക്കി ഞാനും.
ഇന്ന് പക്ഷേ , സംസാരിച്ചിറങ്ങുമ്പോൾ താനാണെന്ന് തോന്നുന്ന ഒരു കഥാപാത്രത്തിന്റെ ദുരന്തപര്യവസാനം ഓർത്ത് അവർ ഭയപ്പെട്ടു.
മനസ്സിന്റെ ഭാരം കൂട്ടാൻ ഓരോരുത്തർക്ക് ഓരോ വഴികൾ.

മഴയെത്ര തോർന്നു പോയിരിക്കുന്നു!
എന്നിട്ടും
മഴക്കാറു പിടിച്ചൊരാകാശമായ്
മനസ്സിൽ
ഈ വെയിലിലും നിന്ന് പെയ്യുന്നു;
വിത്തുകളൊന്നും
മുളയ്‌ക്കേണ്ടതില്ലാത്ത ഓർമ്മകളെ
മരമായ് നട്ടു വളർത്തുന്നു.

ടോക്കൺ രണ്ടിനു അവരുടെ കഥ ആരും അറിയരുതെന്ന നിർബന്ധം ഉണ്ട്‌; അതേസമയം ഒരുപാട്‌ പേരുടെ ഇടപെടലുകളിലൂടെ വൈകാരികസമ്മർദ്ദം, ഒരു ട്വിസ്റ്റ്‌- അവർ രഹസ്യമായ്‌ ആഗ്രഹിക്കുന്നു.കരുതലോടെ ഒളിപ്പിച്ചു വയ്ക്കുകയാണു അവർ ജീവിതത്തെ. ആരൊക്കെയോ എഴുതി, ആരൊക്കെയോ വേഷം കെട്ടി ആഴ്ചയിൽ ആറുദിവസം ഒരു യന്ത്രത്തിൽ പ്രദർശിപ്പിക്കുന്ന നാടകത്തിൽ നിന്നുപോലും ഒഴിഞ്ഞുമാറാൻ കഴിയാത്ത ഒരാളോട്, അതിൽ ജീവിതത്തിന്റെ തുടർച്ച പ്രതിഫലിക്കുമെന്ന് ഭയപ്പെടുന്ന ഒരാളോട് എന്ത് പറയാൻ! അവർ വര്ഷങ്ങളായി പഠിപ്പിച്ച ജീവിതങ്ങളോട് മാത്രം മനസ്സിൽ സഹതാപം കരുതി.


ഇന്നത്തെ എന്നല്ല; എല്ലാ ദിവസങ്ങളിലും കഥകൾ  ഇങ്ങനെയാണ്.
ആവർത്തനങ്ങളും കഥയില്ലായ്മകളും.

പക്ഷേ മറ്റൊരു ജീവിതമാർഗ്ഗവും ഇല്ലാത്തതുകൊണ്ട് ഈ തൊഴിൽ ചെയ്യുന്നു എന്ന മനസ്സോടെ അല്ല ഞങ്ങളിൽ ആരും തന്നെ ഒരാളുടേയും  മുന്നിൽ ഇരിക്കാറുള്ളത് .

എല്ലാ മനുഷ്യരും ആരുടെയെങ്കിലും ജീവിതത്തിൽ നിന്ന് കുറച്ച് സ്പെയ്സും അല്പം സമയവും ആഗ്രഹിക്കുന്നുണ്ട്.
ആഗ്രഹിക്കുന്നുണ്ട് എന്നല്ല, ആവശ്യപ്പെടുന്നുണ്ട് എന്നതാവും ശരി. അതുകൊണ്ടാണ് ഞങ്ങളുടെ സ്ഥാപനത്തിന് 'സെപ്യ്സ് ' എന്ന് തന്നെ പേരും കൊടുത്തത്.
ആളുകൾക്ക് വന്നിരിക്കാൻ, സംസാരിയ്ക്കാൻ ഒരിടം. അവർ ചിലവിടാൻ ആഗ്രഹിക്കുന്ന അത്രയും സമയം; അവർക്കിഷ്ടപ്പെട്ട കൺസൾട്ടന്റിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം- അതിവിടെയുണ്ട്.
കഴിഞ്ഞ കാലങ്ങളുടെ ബാക്കപ്പ്, സ്‌ക്രീൻഷോട്ട്, ചാറ്റ്ഹിസ്റ്ററി, വോയ്‌സ് റെക്കോർഡുകൾ, സിസിടിവി ക്യാമറകൾ - ഒന്നും ഇല്ല. ആരും പറയുന്നതിലെ സത്യാസത്യങ്ങൾ അന്വേഷിക്കാറില്ല. ഇവിടെ നിന്നിറങ്ങിപ്പോകുമ്പോൾ അവർ ഞങ്ങളിൽ ഒന്നും ബാക്കി വയ്ക്കുന്നില്ല. തുടർച്ചകളുടെ ,ഓർമ്മകളുടെ സമ്മർദ്ദം അവരിലുമില്ല; ഞങ്ങളിലും ഇല്ല. ടോക്കൺ എടുക്കുന്നതിനു മുൻപേ പണമടയ്ക്കണം എന്നുമാത്രം.


" ഇന്നലെ നടന്നതോ, വർഷങ്ങൾക്ക് മുൻപേ നടന്നതോ- ആ സങ്കടങ്ങളിൽ, മുറിവുകളിൽ ജീവിക്കുന്നവളാകരുത് എന്റെ ലൈഫ് പാർട്ണർ. 'പലപല  അനുഭവങ്ങൾ  - അപ്പോഴൊക്കെയും മനസ്സിൽ ഞാൻ സന്തോഷത്തോടെ ഇരുന്നു എന്ന ഓർമ്മമാത്രം ഉണ്ട്.' എന്ന് പറയാൻ കഴിയുന്നവളാകണം അവൾ. " -ഫൗസി പറയാറുണ്ട്.

അവനോടൊരല്പം ഇഷ്ടക്കൂടുതൽ ഉള്ളതുകൊണ്ടല്ല ; എന്നാലും അതൊരു നല്ല മാനസിക അവസ്ഥയാണെന്ന തോന്നലുണ്ടായതുകൊണ്ട് ഞാൻ എപ്പോഴും അങ്ങനെ ആകാൻ ശ്രമിക്കാറുണ്ട്.

' എന്ത് ചെയ്യും ഇനി? 'എന്ന ഭയം മനസ്സിൽ ഉണ്ടാകുമ്പോഴൊക്കെ; 

'ഉത്കൺഠകൾ അവസാനിക്കുന്നില്ല; അതുകൊണ്ട് അങ്ങേയറ്റം സന്തോഷത്തോടെ ഇരിയ്ക്കുക എന്നല്ലാതെ മറ്റൊന്നും  ചെയ്യാനില്ല.' എന്ന് ഞാൻ എന്നോടു തന്നെ കരുതൽ കാട്ടുന്നു.


ജോലി കഴിഞ്ഞിറങ്ങുമ്പോൾ ഫൗസി കൂടെയുണ്ടായിരുന്നു.

" സംസാരിക്കണം ," അവൻ പറഞ്ഞു: " സംസാരിച്ചിരിക്കണം !"
" കേൾക്കാം, " ഞാൻ പറഞ്ഞു: " കേട്ടുകൊണ്ടേയിരിക്കാം! "


അവനൊരു യാത്രപോകുന്നു. ഫോട്ടോഗ്രാഫി,കാലിഗ്രാഫി,പോയട്രി-ഇത് മൂന്നും യാത്രയും ചേർന്നൊരു രണ്ടാഴ്‌ച.
ഫ്രഞ്ചും അറബിയും മാത്രം സംസാരിക്കുന്ന മെഹ്‌ദി ഖമിലി എന്ന  ട്യുണീഷ്യക്കാരന്റെ ഒപ്പം. അയാളുടെ പുസ്തകം ഒന്ന് അവനെനിക്കും തന്നു.
യാത്രകളെക്കുറിച്ചുള്ള, കവിതകളിലേക്കുള്ള, വരകളിലേക്കും നിറങ്ങളിലേക്കും പാരമ്പര്യത്തിലേക്കും പൂർവ്വിക ഗ്രാമങ്ങളിലെക്കുമുള്ള വഴികളെക്കുറിച്ചുള്ള ഒരു വലിയ പുസ്തകം. എഴുത്തുകളും ചിത്രങ്ങളും ഓർമ്മകളും നിറഞ്ഞത്.

മണലാരണ്യങ്ങളിൽ,തരിശ് ഭൂമിയിൽ,വരണ്ടുണങ്ങിയ ഏതൊക്കെയോ ചെറുഗ്രാമങ്ങളിൽ,മതിലുകളിൽ,പാറയിടുക്കിൽ,പൊളിഞ്ഞ ചുവരുകളിൽ, ചെറുപട്ടണങ്ങൾക്ക് നടുവിലെ മിനാരങ്ങളിൽ;  ലിപികൾ വരകളാക്കി, വരങ്ങളിൽ നിറഭേദം വരുത്തി ഒരു ഗ്രാമത്തെക്കുറിച്ച് , അയാളുടെ പൂർവ്വികരുടെ കവിതകൾ അയാൾ വരച്ചു വച്ചിരിക്കുന്നു. കവിതകൾ കൊണ്ട് അയാൾ മതിലുകളെ തമ്മിൽ ചേർത്തിവച്ചിരിക്കുന്നു.


"നീ എന്ത് ചെയ്യാൻ പോകുന്നു, ഇതിനിടയിലേക്ക്?"
ഞാൻ ഫൗസിയോടന്വേഷിച്ചു.

അവൻ അങ്ങനെയൊരിടത്ത് നിന്ന് തിരിച്ചുവരുമോ എന്നാണ് , അവൻ അന്വേഷിച്ചു നടക്കുന്ന ജീവിതം എന്താണെന്ന് കൃത്യമായ്  അറിയാവുന്ന ഞാൻ ചോദിക്കേണ്ടിയിരുന്നത്.
ഞാൻ ആ പുസ്തകം അത്രയും ഇഷ്ടത്തോടെ മറിച്ച് നോക്കി. കാലം കുറേ അത്രയും പുതുമയുള്ള ഒന്ന് കണ്ടിട്ട്. 

പൂർവ്വിക  ഗ്രാമത്തിലെ വീടുകളുടെ ഒറ്റനില ചുവരുകളെ വാക്കുകൾ കൊണ്ട് അയാൾ  ഓർമ്മപ്പെടുത്തുന്നു.
നിറങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു.

"മരുഭുമികൾ നഷ്ടമാകുന്നു എന്ന് ഇതിനു മുൻപ് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ നീ ?"
പുസ്തകത്തിന്റെ തുറന്നുപിടിച്ച പേജിൽ നോക്കി ഞാൻ ഇല്ല എന്ന് തലയാട്ടി.

ഏതോ ഒരു മരുഭൂമിയിൽ നീണ്ടു പോകുന്ന പാതയോരത്തിൽ  ഒറ്റയ്ക്ക്  ഉയർന്നു നിൽക്കുന്ന കല്ലിൽ,
"O Desert, O my mum" എന്നർത്ഥം വരുന്ന ബെഡുവിന്റെ വാചകം അറബിക് ലിപികളിൽ വരച്ചിട്ടിരിക്കുന്നു. സൂര്യനെപ്പോലെ കത്തുന്ന ചുവപ്പും മഞ്ഞയും നിറങ്ങൾ പകർന്നിരിക്കുന്നു അതിന്.

ആ വഴിക്കപ്പുറത്തുള്ള പൂർവ്വികഗ്രാമം ഹോളിവുഡ് സിനിമകളുടെ ലൊക്കേഷനുകളിലൊന്നായ് മാറിക്കൊണ്ടിരിക്കുകയാണെന്ന ചെറുകുറിപ്പും കൊടുത്തിട്ടുണ്ട്.അതിന്റെ തനിമ നിലനിർത്താൻ ഗ്രാമവാസികളിൽ ചിലർ നടത്തുന്ന ചെറുത്ത് നില്പുകളെ കുറിച്ചും എഴുതിയിട്ടുണ്ട്.

പാതിവഴിക്ക് ദിശ മാറിപ്പോകുന്ന അല്ലെങ്കിൽ  ഒറ്റപ്പെടുന്ന ചെറുത്തു നില്പുകൾ. ദീർഘവീക്ഷണമുള്ള, കൂട്ടം ചേർന്നുള്ള അധിനിവേശങ്ങൾ-നിർഭാഗ്യവശാൽ മനുഷ്യന്റെ ചരിത്രം  അതാണ്.

വനാന്തരങ്ങളിൽ ജീവിച്ചു വന്നവന് വനവും  മരുഭൂമിയിൽ ജനിച്ചു വളർന്നവന് അവിടവും വിട്ടുകൊടുക്കേണ്ടതാണ്. ഭൂമിയിൽ എല്ലായിടവും നഗരവാസിയുടെ ജിപിഎസ് സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്നില്ല. എന്നെങ്കിലും ഒരിയ്ക്കൽ സഞ്ചാരിയായ് കടന്നു ചെല്ലുന്ന അവന്റെ സൗകര്യങ്ങൾക്ക് വേണ്ടി അവിടങ്ങൾ ഒരുക്കി വയ്ക്കണമെന്നില്ല.
ഭൂമിയുടെ ഭാഗമായ് വനങ്ങളും പുഴകളും മരുഭൂമികളും ആധുനികപട്ടണങ്ങളും വേണം. പ്രാചീനന്റെ നന്മകളും ആധുനികന്റെ ഭ്രാന്തുകളും വേണം.ഭൂമിയിൽ അതാതിടങ്ങളിൽ തനിമയും പുതുമയും വേണം.

"നീ യാത്ര കഴിഞ്ഞു വരുമ്പോഴേക്ക് ഈ പുസ്തകം പലവട്ടം വായിച്ച്  ഈ ട്യുണീഷ്യക്കാരനുമായ് ഞാൻ മിക്കവാറും പ്രണയത്തിലാവും ! " ഞാൻ പറഞ്ഞു.
"എന്റെ യാത്രയുടെ ഉദ്ദേശവും അതാണ്! നീ എന്ന ബാധ ഒഴിപ്പിക്കുക. അതിന് മെഹ്‌ദിയേക്കാൾ നല്ല മന്ത്രവാദി വേറെയില്ല." എന്ന അവന്റെ  മറുപടിയിൽ ചിരിച്ച് ഞങ്ങൾ ഇരുന്നു.


"രണ്ടാഴ്ച. തിരിച്ചു വന്നിട്ട് ഒരു നാടകം ചെയ്യണം. പല്ലവി എഴുതി തുടങ്ങിയിട്ടുണ്ട് സ്ക്രിപ്റ്റ് . " ഫൗസി തുടർന്നു.

കഴിഞ്ഞ നവംബർ അവസാനം, 'സന്തുഷ്ടമായ കുടുംബജീവിതത്തിനു ഭർത്താവിനെ മാത്രമല്ല പ്രധാനമന്ത്രിയെക്കൂടി സ്നേഹിക്കേണ്ടി വരുന്നത്‌ ഒരു ദുരന്തമാണെന്ന് ' വാട്സപ്പ്‌ മെസ്സേജ്‌ .അതാണ് പല്ലവി അവസാനം അയച്ചത്.

ഉത്സവകാല സന്ദേശങ്ങൾ ഉണ്ടാകില്ല; ഫോവേഡ്ഡ് മെസ്സേജുകളും ഉണ്ടാകില്ല. ഞങ്ങളുടെ അപ്രഖ്യാപിത വാട്സ് ആപ്പ് നയങ്ങളാണത്.  പരസ്പരം ഓർക്കാൻ ലൈക്കുകൾ കൊണ്ടുള്ള തൊട്ടു നോക്കലുകളും ടാഗുകളിൽ കെട്ടിയിടലും നോട്ടിഫിക്കേഷനുകളും വേണ്ട എന്നർത്ഥം. 

അവളുടെ ഫെയ്‌സ്ബുക്ക് പേജിന്റെ ആമുഖം ഇങ്ങനെയാണ്:
"നിങ്ങളുടെ വൈഭവം കൊണ്ട് മൂഢരെ അതിശയിപ്പിക്കാമെന്ന് കരുതേണ്ട!!"

'ആളുകളുടെ ശ്രദ്ധയാകര്ഷിയ്ക്കാം എന്ന ഒറ്റക്കാരണം എഴുതാനുള്ള പ്രചോദനം ആകുന്നുണ്ടെങ്കിൽ എഴുതാതിരിക്കുന്നതാണ് നല്ലത്. അവനവനിൽ നിന്ന് തന്നെ ഒരു അവധിയെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അധികമാരും അറിയാത്തൊരു കാലത്ത് നമ്മുടെ സത്യസന്ധമായ എഴുത്തുകൾ ചേർത്തുപിടിച്ചവരുടെ ഹൃദയത്തിൽ നിന്ന് ഇറങ്ങിപ്പോരാം. ചെറുതായാലും വലുതായാലും ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ അധഃപതനം അതാണ്. '-അവൾ പറയാറുണ്ട്.
എന്നാലും കുറെ ആയല്ലോ വല്ലതും എഴുതി കണ്ടിട്ടും വായിച്ചു കേട്ടിട്ടും എന്ന് ഇടയ്ക്കെപ്പോഴോ അവളെക്കുറിച്ച് ഓർത്തിരുന്നു ഞാൻ.


അതിനിടയിൽ ഇന്നൊരു ഫെയ്‌സ്ബുക്ക് നോട്ട്.
"
' വടിപോലെ നിർത്തുന്നവർ,
വടിയെടുപ്പിക്കുന്നവർ ,
വാ തുറക്കാത്തവർ,
വാതിലടയ്ക്കുന്നവർ,
വന്മതിൽ പണിയുന്നവർ ,
വിലക്കുകൾ പ്രാഖ്യാപിക്കുന്നവർ,
വണ്ടിയിൽ കയറ്റിവിടാൻ ഒരുങ്ങുന്നവർ ,
വിമാനം കയറി വിരുന്നിനു പോകുന്നവർ -'

എല്ലാവരെക്കുറിച്ചും ഉണ്ടല്ലോ " -ഞാൻ ആ കുറിപ്പ് വായിച്ചു തുടങ്ങി.


" എന്താ തീം നിങ്ങളുടെ ഡ്രാമയുടെ? " ഞാൻ അന്വേഷിച്ചു.
" ഇതൊക്കെ തന്നെ!"
" വാ തുറക്കാത്തവരെ പറ്റിയോ? "
" വാ തുറക്കാത്തവരെ പറ്റിയല്ല; ഒരാൾ  ശബ്ദം  ഉയർത്തുമ്പോൾ കൂടെ ബഹളം വെച്ച് ചുറ്റുമുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്നവരെ പറ്റി. ഒരു അഭിപ്രായമുണ്ടാകുമ്പോൾ അനേകായിരം വ്യാഖ്യാനങ്ങൾ കൊടുത്തതിനെ അവ്യകതമാക്കി മാറ്റുന്നവരെ പറ്റി."

ഒരു അഭിപ്രായം  തോന്നുമ്പോൾ, ഇന്ന് വൈകുന്നേരം വരെയെങ്കിലും അത് മാറ്റമില്ലാതെ നിൽക്കുമോ എന്നറിയില്ല എന്ന നിലപാടാണ് മനസ്സിൽ പോലും. കാരണം ഒന്നുകഴിഞ്ഞു മറ്റൊന്നിലേക്കെന്ന് ഡാറ്റകൾ മാറുന്നു ; അല്ലെങ്കിൽ മാറുന്നു എന്ന തോന്നൽ നമ്മിലുണ്ടാക്കുന്നു. ഞാനും ആലോചിക്കാറുണ്ട്.
എപ്പോഴും നമ്മിലേക്കെത്തുന്നു : 'ന്യൂ സ്റ്റോറി' എന്ന ഓർമ്മപ്പെടുത്തൽ.

ഒരേ പക്ഷം ചേർന്ന് അഭിപ്രായങ്ങൾ എന്നും രൂപപ്പെടുത്തിയെടുക്കണം എന്നാഗ്രഹം ഉള്ളതുകൊണ്ടല്ല. എന്നാലും ' ന്യായികരിച്ചു ബുദ്ധി മുട്ടേണ്ടതില്ലാത്ത' ഒരാശയം കിട്ടിയിരുന്നെങ്കിൽ ഒന്ന് പക്ഷം ചേർന്ന് നിൽക്കാമായിരുന്നു. ഒന്ന് വിശ്വസിച്ചു തുടങ്ങാമായിരുന്നു. ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് ഒരു കൂട്ടമായുള്ള നിലനിൽപ് മനുഷ്യൻ അർഹിക്കുന്നുണ്ട്; ആഗ്രഹിക്കുന്നുണ്ട്. അതിന്റെ അഭാവം അവനെ ആകുലപ്പെടുത്തുന്നുണ്ട്; അശക്തനാക്കുന്നുണ്ട്.

'അങ്ങനെ അശക്തരാകുന്നവരുടെ ക്ലാസ്സ് മുറികളിലാണ് ആത്മഹത്യകൾ നടക്കുന്നത്. വിലക്കുകളും  ഇടിമുറികളും ഉണ്ടാകുന്നത്. അങ്ങനെയുള്ളവരുടെ ദേശത്താണ് നികുതികളെക്കുറിച്ചും മതിലുകളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്ന, സഞ്ചരിച്ചുകൊണ്ടിരിക്കെ യാത്രാനിയമങ്ങൾ മാറ്റി എഴുതുന്ന, ഉറങ്ങിയുണരുമ്പോഴേയ്ക്കും കറൻസികൾ മാറ്റുന്ന ഭരണാധികാരികൾ ഉണ്ടാകുന്നത്. അത്തരം അധികാരികൾ-അതൊരു അധ്യാപകനായായാലും രാഷ്ട്രത്തലവനായാലും  - ആശയക്കുഴപ്പത്തിലാണ് : തന്റെ വിവേകം എങ്ങനെ പ്രയോജനപ്പെടുത്തണം എന്നറിയാത്ത ആശയക്കുഴപ്പത്തിൽ, ജനങ്ങളുടെ ഊർജ്ജം എങ്ങനെ ഉപയോഗിക്കണം എന്നറിയാത്ത ആശയക്കുഴപ്പത്തിൽ.' -പല്ലവിയും ഓർമ്മിപ്പിക്കുന്നു.

പിന്നെയും കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. എന്റെ ഹോസ്റ്റൽ വരെ ഒന്നിച്ചു നടന്നു. യാത്ര പറയുമ്പോൾ ഖമിലിയോട് പറയേണ്ട സ്നേഹസന്ദേശം ഞാനവനെ രണ്ട് പ്രാവശ്യം ഓർമ്മിപ്പിച്ചു.

അപ്പോൾ പറഞ്ഞു തുടങ്ങിയത് ,ഒരു കഥ എഴുതി പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞാണ് .

എഴുതിത്തുടങ്ങിയത്‌ ഒരാളെക്കുറിച്ചാണു.
ഒരു ശരീരത്തിൽ നിന്ന് ഇറങ്ങി, ഒരേസമയം വിഭിന്നമായ, അന്യോന്യം അപരിചിതമായ ജീവിതങ്ങൾ ജീവിച്ച്‌ അതേ ശരീരത്തിലേക്ക്‌ മടങ്ങിപ്പോകാൻ കഴിയുന്ന ഒരാളെക്കുറിച്ച്‌. എഴുതുന്ന ഓരോ വാക്കും സെൽഫിയായ് മാറിപ്പോകുന്ന ഒരാളെക്കുറിച്ച്.

അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത് ഇന്ന് ഉറക്കമുണർന്നപ്പോൾ മുതലാണ്. ഞാനൊരു സ്വപ്നം കാണുകയായിരുന്നു. മാധവിക്കുട്ടി ജീവിച്ചിരിയ്ക്കുന്നതും അവർ ഫെയ്‌സ്ബുക്കിൽ പോസ്ററുകളിടുന്നതും ആ കുസൃതിയും മാധുര്യവും നേരിട്ടനുഭവിയ്ക്കാൻ കഴിയുന്നതുമായിരുന്നു  ആ സ്വപ്നത്തിൽ നിറയെ. അന്ന് ഇതുപോലെ ഒരു നെറ്റ് വർക്കിന്റെ കണ്ണികളായി നാം മാറിയിരുന്നെങ്കിൽ ലഹരി പിടിപ്പിക്കുന്ന വാക്കുകളുടെ ഭ്രാന്തൻ ചിത്രങ്ങൾ വരച്ചിട്ട് ദിനവും അവർ നമ്മെ ഉന്മാദികളാക്കിയേനെ!

(സ്വപ്നത്തിൽ ഞാൻ കണ്ട വാക്കുകളും വരികളും അവിടെ ഞാൻ മറന്നുവച്ചില്ലായിരുന്നെങ്കിൽ നിങ്ങൾ വായിച്ച ഏറ്റവും നല്ല കഥകളിൽ ഒന്ന് ഞാൻ ഇന്ന് എഴുതുമായിരുന്നു.)

:-)


No comments:

Post a Comment