Monday, May 1, 2017

പക്ഷികളെ കാണാൻ പോയ ഒരാളെക്കുറിച്ച്

'മൂന്ന് വൃദ്ധരും അവർക്ക് ഒരു രാത്രി കാവൽക്കാരനും!' ഈയ്യിടെയായ് അമ്മയുടെ പരാതികളിൽ ഒന്ന് ഇതാണ്.

അച്ഛനും അമ്മയും അമ്മാവനും ഇവരാണ് എഴുപത്തിയഞ്ച്, അറുപത്തിയൊൻപത്, അറുപത് വയസ്സുള്ള വൃദ്ധന്മാർ. നാല്പത്തി മൂന്ന് വയസ്സുള്ള രാത്രി കാവൽക്കാരൻ ഞാനും.

തള്ളി നീക്കേണ്ടതല്ല, ചേർത്ത് പിടിയ്ക്കേണ്ടതാണ് ജീവിതം എന്ന് ഉപദേശിയ്ക്കാറുണ്ടായിരുന്നില്ല; പകരം ജീവിച്ചു കാണിച്ചു തന്നിരുന്നു, അമ്മ. ഏതാണ്ട് എല്ലാ ദിവസവും കണ്ടുമുട്ടുന്നവർ, എന്നും ഉറങ്ങിയുണരുന്ന വീട്, ജീവിതത്തിന്റെ ഭാഗമായ് കൂടെയുള്ളവർ, കാലങ്ങളായി പാലിയ്ക്കുന്ന ദിനചര്യകൾ, കടന്നുപോകുന്ന പ്രായം- ഇതിനെക്കുറിച്ചെല്ലാം അമ്മ പരാതികൾ പറഞ്ഞു തുടങ്ങിയത് ഈ അടുത്തകാലത്താണ്. 

പകൽ കഴിയുന്നതിനു മുൻപേ പിന്മാറുന്ന സൂര്യ തേജസ്സായി മനസ്സിൽ ഇരുട്ട് നിറയ്ക്കുന്നു,  അമ്മയുടെ ഈ 'തോറ്റു കൊടുത്തേയ്ക്കാം' എന്ന ഭാവമാറ്റം.

അങ്ങേയറ്റം സാധാരണമായിരുന്നു അമ്മയുടെ ജീവിതം. പക്ഷെ അതിനെ വളരെ അസാധാരണമായ് സ്നേഹിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്തിരുന്നു ഇക്കാലം വരേയും അമ്മ. ജീവിതം വിരസമാണെന്ന് എനിയ്ക്ക് തോന്നുമ്പോഴൊക്കെ ഞാൻ അമ്മയെക്കുറിച്ച് ഓർക്കുകയും അവർ ജീവിതത്തെ സ്നേഹിയ്ക്കുന്നതു പോലെ സ്നേഹിയ്ക്കണമെന്ന് സ്വയം തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു. 

നമുക്ക് ചുറ്റിലും മരങ്ങൾ, മണ്ണിരകൾ, അണ്ണാറക്കണ്ണന്മാർ, കുഴിയാനകൾ - എണ്ണം കുറഞ്ഞില്ലാതായതു പോലെ, മഴക്കാലങ്ങൾ മാറിപ്പോയതുപോലെ ഒരിയ്ക്കലും ദുർലഭമാവുകയില്ലെന്ന് ഉറപ്പിച്ചിരുന്ന ചിലത്, നാമറിയാതെ നമ്മിൽ നിന്ന് ബാഷ്‌പീകരിച്ച് പോകും. ആ മാറ്റങ്ങൾ വളരെ നാളുകൾ കഴിഞ്ഞാണ് നമ്മുടെ ശ്രദ്ധയിൽ പെടുക പോലും ചെയ്യുക. അമ്മയ്ക്ക് ജീവിതത്തോടുള്ള വിശ്വാസവും അത് പോലെ ആയോ എന്ന് ഇപ്പോൾ ഭയം തോന്നുന്നു.

മുൻപൊക്കെ അത്താഴത്തിനൊപ്പം വിശേഷങ്ങൾ കൂടി വിളമ്പി വെച്ചാണ് അമ്മ കാത്തിരിക്കാറുണ്ടായിരുന്നത്. ഇപ്പോൾ രാത്രി വന്നു കയറുമ്പോൾ വാതിൽ തുറന്നു തരും; അത്രമാത്രം.

സുഖാന്വേഷണങ്ങളോട് പരിഹാസം, അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അരിശം; അമ്മാവനെക്കുറിച്ചാണെങ്കിൽ ശാപവാക്കുകളും. അമ്മാവന് ബുദ്ധിക്കുറവുണ്ട്.
'സാരിത്തുമ്പ് പിടിച്ച്‍ എപ്പോഴും ഒരാളുണ്ടല്ലോ കൂടെ..' എന്നമ്മയും ' കല്യാണം കഴിച്ചത് ഒരാളെ അല്ലല്ലോ; രണ്ട് ജന്മങ്ങളെയല്ലേ..' എന്ന്  അച്ഛനും പറയാറുണ്ടായിരുന്നു പലപ്പോഴും.

പക്ഷേ ആളുകൾ,
"മാധവേട്ടാ..ഇങ്ങനെയുള്ള ആളുകളെ അവരെപ്പോലുള്ളവരെ നോക്കാനുള്ള പ്രത്യേക സ്ഥലങ്ങളിൽ കൊണ്ട് താമസിപ്പിയ്ക്കണം " എന്ന് പറയുമ്പോഴൊക്കെ,
"അവനും കുടുംബത്തിന്റെ ഭാഗം.. എനിയ്ക്ക് കഴിയുന്ന വരെ ഞാനവനെ നോക്കും.. സ്നേഹത്തോടെ നോക്കും.." എന്ന് കരുത്തോടെ പ്രഖ്യാപിയ്ക്കും.  

അമ്മയ്ക്കും അച്ഛനും ഇടയിൽ സ്നേഹത്തിന്റെ ഇഴച്ചേർച്ചകൾ മനോഹരമായിരുന്നു. എല്ലാ പരിമിതികളെയും നിഷ്പ്രഭമാക്കുന്ന മാന്ത്രികനായിരുന്നു അവർക്കിടയിലെ പ്രണയം.
കാല്പനികതകൾ അല്ല; പകരം ജീവിതം നിറഞ്ഞ പ്രണയം.

കല്യാണത്തിന് മുൻപ് മദ്രാസിലായിരുന്നു അമ്മ. പഠിച്ചതും വളർന്നതും ഒന്നൊഴിയാതെ സിനിമകൾ കണ്ട് നടന്നതും എല്ലാം അവിടെ. അവധിക്കാലത്ത് മാത്രം പട്ടണത്തിൽ നിന്ന് മുത്തശ്ശിയുടെ തറവാട്ടിലെത്തും. സമൃദ്ധമായ ജീവിതമായിരുന്നു വിവാഹത്തിന് മുൻപ്. പരിമിതികൾ നിറഞ്ഞതായിരുന്നു പിന്നീടങ്ങോട്ട്.  ഏതോ ഒരു സിനിമയുടെ കഥ പോലെ. അഭിനയിച്ചു കാണിയ്ക്കാനുള്ള ഒരു സീൻ മാത്രമെന്ന് കരുതി ഓരോ സങ്കടവും കടന്നുകൂടി. ഈ നിമിഷം അഭിനയിക്കാനുള്ള ഒരു മുഹൂർത്തം മാത്രമാണെന്ന് സ്വയം വിശ്വസിപ്പിച്ച് ഒരു ഫ്രെയിമിൽ നിന്ന് മറ്റൊന്നിലേക്ക് പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകളിലൂടെ എല്ലാവരുടെ ജീവിതത്തിലേക്കും അമ്മ നിറഞ്ഞൊഴുകി.


ഹിന്ദി സിനിമയും പാട്ടുകളും ആയിരുന്നു അമ്മയ്ക്ക്  പ്രിയം. അച്ഛന് ഒട്ടും ഇഷ്ടമില്ലാത്തതും. ആരാധന ആയിരുന്നു അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ.
"കോളേജ് ഒക്കെ കട്ട് ചെയ്തത് എത്ര വട്ടം തിയറ്ററിൽ പോയ് കണ്ടിട്ടുണ്ട് എന്നറിയോ!"
അമ്മ ആ പാട്ടുകൾ മൂളി നോക്കും. രാജേഷ് ഖന്നെയെക്കുറിച്ചും കിഷോർകുമാറിനെക്കുറിച്ചും പറയും. ഷർമിള ടാഗോറിനെപ്പോലെ കണ്ണുകളെഴുതി നടന്നിരുന്ന ഒരു കാലത്തെ ഓർത്ത് ചിരിയ്ക്കും. കേട്ട പാട്ടുകളൊന്നും അമ്മ മറന്നില്ല; പാട്ടുകൾ കേൾക്കുമ്പോൾ മറ്റെല്ലാം മറന്നുപോകുന്നു എന്ന് എപ്പോഴും പറയുകയും ചെയ്യും.

"എനിയ്ക്ക് ഇഷ്ടമേ അല്ലെന്ന്" അമ്മ ഉറപ്പിച്ച് പറയാറുള്ളത് രാഷ്ട്രീയത്തെ  കുറിച്ച് മാത്രമാണ്.

ഞാൻ കോളേജ് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ 'അത് ഗായത്രിയ്ക്ക് വേണ്ടിയല്ലേ' എന്ന് സമാധാനിച്ചു, അമ്മ.

ഗായത്രിയ്ക്ക് വേണ്ടിയാണെങ്കിൽ രാഷ്ട്രീയം മാത്രമല്ല, സാഹിത്യവും പാചകവും വരെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. കോളേജ് മാഗസീനിൽ കഥകളെഴുതി. ആഴ്ചപ്പതിപ്പുകൾ നടത്തിയ മത്സരങ്ങളിലേക്കും കഥകൾ അയച്ചു. വലിയ പ്രോത്സാഹനം ഒന്നുമായ്‌ തോന്നിയില്ലെങ്കിലും ചില പ്രോത്സാഹന സമ്മാനങ്ങൾ ചിലയിടങ്ങളിൽ നിന്നൊക്കെ ലഭിയ്ക്കുകയും എഴുതിയ കഥകൾ ചിലപ്പോഴൊക്കെ അച്ചടിച്ചു വരികയും  ചെയ്തു.

ആ കഥകളിൽ എവിടെയൊക്കെയോ വാക്കുകളുടെ നക്ഷത്രങ്ങൾ തിളങ്ങുന്നു എന്ന് പറഞ്ഞു കൂട്ടുവന്ന ഒരുവളാണ് അതുകൊണ്ട് കൈവന്ന ഏകനേട്ടം.

"എഴുതൂ, ആ നക്ഷത്രങ്ങൾക്ക് വേണ്ടി എഴുതൂ .." എന്നവൾ ഓരോ വട്ടവും ഓർമ്മിപ്പിച്ചു.
ഒരുപാട് കത്തുകൾ എഴുതി. ഫോണിൽ മിക്കപ്പോഴും വിളിച്ചു. രണ്ടുമൂന്നു വട്ടം തമ്മിൽ കണ്ടു.

അവളെ പരിചയപ്പെട്ടപ്പോഴേക്കും ഗായത്രിയുമായ് ഒരു ജീവിതം പങ്കിടാമെന്ന് നിശ്ചയിച്ചു കഴിഞ്ഞിരുന്നു. അവളോ പിറക്കാനിരിയ്ക്കുന്ന രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലും. രസകരമായിരുന്നു ആ സൗഹൃദം. കിറുക്കുകൾ നിറഞ്ഞതായിരുന്നു ഞങ്ങളന്യോന്യം പങ്കിട്ട സ്വാതന്ത്ര്യം. 

'ഒരു കഥ വായിക്കുന്നു. അതിലെ ചില കഥാപാത്രങ്ങളോട് സ്നേഹം തോന്നുന്നു. ചിലരോട് അപ്രിയവും. ചില കഥാപാത്രങ്ങൾ നാം തന്നെയല്ലേ എന്ന് തോന്നിപ്പോകുന്നു. ആ കഥ പ്രിയപ്പെട്ടതാകുന്നു.
അതുകൊണ്ട് ദിവസങ്ങൾ കഴിഞ്ഞ് ഒരിയ്ക്കൽ കൂടി കഥയിലൂടെ കടന്നുപോകുന്നു. ചില മാറ്റങ്ങൾ കാണുന്നു. എല്ലാ വാചകങ്ങളും അത് പോലെ തന്നെ. എന്നാൽ ചില സംഭവങ്ങളുടെ, സംഭാഷണങ്ങളുടെ ക്രമം മറ്റൊന്നായിരിയ്ക്കുന്നു. നന്മതിന്മകളുടെ പക്ഷം മാറിമറഞ്ഞതായ് തോന്നുന്നു. ചിലപ്പോൾ  ഓരോ വായനയിലും, വാചകങ്ങളുടെ ക്രമങ്ങൾ മാറിക്കൊണ്ട് കഥ മാറാതെ തന്നെ, കഥയിലെ നമ്മുടെ ഇഷ്ടങ്ങൾ മാറുന്നത് നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം. 
ദൈവം മനുഷ്യന്റെ കഥയെഴുതുന്നത് ഇങ്ങനെയാണ്. അങ്ങനെ എഴുതുന്നൊരു മാന്ത്രികനെ വേണം. നമ്മുടെ തലയിണക്കടിയിൽ ഓരോ ദിവസവും മാറുന്ന കഥകളുമായ് അയാളുടെ പുസ്തകം വേണം.'
- അവൾ പറയാറുണ്ടായിരുന്നു.

"നിനയ്ക്കിഷ്ടമായില്ലെങ്കിൽ കഥകൾ എത്രവട്ടം വേണമെങ്കിലും മാറ്റിയെഴുതാം." എന്ന് ഞാൻ.
"ഇഷ്ടമില്ലാത്തിടങ്ങൾ മാറ്റിയെഴുതുക- ജീവിതത്തോട് ചെയ്യാൻ കഴിയാത്തതൊക്കെ നമുക്ക് കഥകളോട് ചെയ്യണം."എന്ന് അവൾ.

"എങ്ങനെയാവും നീ എന്നെ ഓർക്കുക?" ആദ്യമായ് കണ്ട് മടങ്ങുമ്പോൾ അവൾ ചോദിച്ചു.
"ഒരു പ്രാന്തത്തി.." ഞാൻ കളിയാക്കി. പിന്നെ സ്നേഹത്തോടെ അവളെ നിർവചിച്ചു :
"വാക്കുകൾ കൊണ്ട് മനസ്സിൽ തൊട്ട് എങ്ങോട്ടോ ഓടിപ്പോകാൻ ആഗ്രഹിച്ച ഒരാൾ.. വാക്കുകളെ വിരലുകൾ എന്നതുപോലെ കൊണ്ട് നടക്കുന്ന ഒരാൾ.. "
"വിരലുകൾ പോലെ വാക്കുകൾ.. അതിഷ്ടമായി " അവൾ ആഹ്ളാദിച്ചു.
പിന്നെ ആവലാതിപ്പെട്ടു:
"വിരലുകളിലെ മുറിവുകൾ എന്ന പോലെ വാക്കുകൾ- അങ്ങനെ തിരുത്തിയെഴുതാം... വാക്കുകൾ, മുറിവുകൾ പോലെ അതിങ്ങനെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിയ്ക്കും.. എന്ത് ചെയ്യണമെന്ന് അറിയുകയുമില്ല! "
"എഴുതൂ ഒരുപാട്," ഞാൻ ഓർമ്മിപ്പിച്ചു:"എനിയ്ക്കുള്ള കത്തുകൾ അല്ലാതെ മറ്റെന്തെങ്കിലും കാര്യമായ്!"


ഗായത്രിയുമായുള്ള വിവാഹത്തിന്റെ അന്നാണ് രണ്ടാമത് കണ്ടത്. പൂർണ്ണിമയും കാർത്തികയെന്നും രണ്ട് പെൺമക്കളും കൂടെയുണ്ടായിരുന്നു.
"ഒരാൾ കൂടി വരും വൈകാതെ .." അവൾ ഗായത്രിയുടെ കൈകൾ പിടിച്ചു: "അപ്പോഴത്തേയ്ക്കും ഇവിടെയും ഉണ്ടാകണം ഒരാൾ.. കുട്ടികളും അവരുടെ കുസൃതികളുമായ് നമുക്ക് ഒരു ദിവസം മുഴുവൻ ഒന്നിച്ചിരിയ്ക്കണം."


ആ വാക്കു പാലിയ്ക്കാൻ അഭയ് ജനിച്ച് ഒരുവർഷം ആകാറായപ്പോൾ അവനെയും കൂട്ടി അവളുടെ വീട്ടിലെത്തി. ഗായത്രിയുണ്ടായിരുന്നില്ല; അല്ലെങ്കിലും ഇതൊക്കെ അവൾക്ക് ' വെയ്സ്റ്റ് ഓഫ് ടൈമായിരുന്നു; ഒരു പണിയും ഇല്ലാത്തവരുടെ പ്രാന്തുകൾ.'
അവളും അവളുടെ മൂന്ന് കുട്ടികളും അഭയ്‌യും ഞാനും- ആ പകൽ മുഴുവൻ കളികളും ബഹളവുമായ് ആസ്വദിച്ചു. രാത്രി അഭയ് അവളുടെ ഒപ്പം സുഖമായ് ഉറങ്ങി. കളിപ്പാട്ടങ്ങളും കുട്ടിക്കുപ്പായങ്ങളും ക്രയോണുകളും ചിതറിക്കിടന്ന ഇരിപ്പുമുറിയിൽ ഞാൻ സന്തോഷം കൊണ്ട് ഉറങ്ങാൻ കഴിയാതെ കിടന്നു. മനസ്സു കൊണ്ട് കുട്ടിയായിപ്പോയ ഏറ്റവും അവസാനത്തെ ദിവസം അതായിരുന്നു.

വിദേശത്തേക്ക് താമസം മാറുകയാണെന്നും പുതിയ മേൽവിലാസം അവിടെയെത്തിയിട്ട് അയച്ചു തരാമെന്നും ഉറപ്പു പറഞ്ഞാണ് പിറ്റേന്ന് പകൽ പിരിഞ്ഞത്. 'ഇതുപോലെ സമയം ഒത്തുവരുമ്പോഴെല്ലാം ഒന്നിച്ചു ചേരണം' എന്ന് പലവട്ടം ഓർമ്മിപ്പിയ്ക്കുകയും ചെയ്തിരുന്നു. പിന്നീടെന്തോ കത്തുകളും വിളികളും ഉണ്ടായില്ല. കത്തുകൾ എഴുതുന്ന ശീലവും ആളുകളിൽ നിന്ന് മാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു കാലവുമായിരുന്നല്ലോ അത്. ഓരോരുത്തർക്കും അവരവരുടേതായ തിരക്കുകൾ ഉണ്ടാകില്ലേ...
അന്വേഷിച്ചു ചെല്ലേണ്ടതില്ലെന്ന വാക്ക് ഇന്നുവരെ പാലിയ്ക്കുകയും ചെയ്തു.

ഗായത്രിയ്ക്കാവട്ടെ മറ്റൊരു ജീവിതത്തോടായിരുന്നു പ്രിയം.
താഴ്ന്ന ജീവിതസാഹചര്യങ്ങളുള്ള  ഒരുകൂട്ടം ആളുകളുടെ ഇടയിൽ താമസിച്ച് അവർക്കുള്ള വൈദ്യസഹായവും അവരുടെ കുട്ടികളുടെ പഠനവും ഒക്കെയായി, "ലൈഫിനൊരു മീനിംഗ് " കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അവൾ.
അവളോടുള്ള സ്നേഹത്തിൽ നിന്ന് മുക്തനായിരുന്നില്ലെങ്കിലും, "എപ്പോഴും അവൾ സമാധാനത്തോടെയിരിയ്ക്കട്ടെ " എന്ന പ്രാർത്ഥനകളോടെ തമ്മിൽ പിരിഞ്ഞു.
അഭിയെ കൂടെ അവൾ ഒപ്പം കൊണ്ടുപോയതിൽ പിന്നെയാണ് വീട് ഉറങ്ങിത്തുടങ്ങിയത്.

രക്തത്തിൽ അലിഞ്ഞതുപോലെ വിശ്വസിച്ചുകൊണ്ടിരുന്ന മാനുഷിക മൂല്യങ്ങൾ അവനവന്റെ ജീവിതത്തിൽ  പങ്കിടേണ്ടി വരുമ്പോഴുള്ള സംഘർഷം ഓരോരുത്തരും നിശബ്ദമായ് അനുഭവിച്ചു.

അപ്പോഴും അമ്മ, "അവളുടെ ജീവിതമല്ലേ ; അതിലെ നന്മകളല്ലേ .." എന്ന് സ്വയം സമാധാനിപ്പിച്ചു.

ചില സങ്കടങ്ങൾ വരുമ്പോൾ സംസാരിയ്ക്കാൻ ആരെങ്കിലും അടുത്തുണ്ടാകണമെന്നാഗ്രഹിയ്ക്കും. മനസ്സിൽ അടുപ്പമുണ്ടായിരുന്നു എന്നു കരുതിയ പലരും അവരുടേതായ കാരണങ്ങൾ കൊണ്ട് ഏതൊക്കെയോ അകലങ്ങളിൽ ആയിരിയ്ക്കും, അപ്പോൾ.

ഒപ്പമുണ്ടാകുന്നവരാകട്ടെ, സാധാരണമായ സഹതാപം കാട്ടും; ചിലർ അവർക്കു പരിചയത്തിലുള്ളവരുടെ സമാനമായ അവസ്ഥകൾ ഓർമ്മിപ്പിയ്ക്കും. അതാവട്ടെ അലോസരം മാത്രം ബാക്കിയാകും. അപ്പോൾ സങ്കടങ്ങൾ ഒറ്റയ്ക്ക് നേരിടും. അത് ശീലമായ് കഴിഞ്ഞാൽ പിന്നെ മറ്റൊന്നിനും നമ്മെ ഒരു ആൾക്കൂട്ടത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയുകയുമില്ല.

സ്നേഹം പോലും നാം തനിച്ചനുഭവിച്ചാഘോഷമാക്കും.

നമ്മിൽ നിന്ന് അകന്നുപോയ ചില പ്രിയപ്പെട്ടവർ നമ്മുടെ സങ്കടങ്ങൾ കേൾക്കരുതെന്ന് ഉറപ്പിച്ച് പിന്നീട് നാം സ്വയം നിശ്ശബ്ദരായിരിയ്ക്കും. നമ്മോട് മാത്രമായ് ആർക്കും ഒന്നും പറയാനില്ലെന്ന് നിശ്ചയിക്കും. സംസാരിയ്ക്കാൻ നാം മാത്രം ഉണ്ടായിരുന്ന ചിലരെയും അങ്ങനെ നമ്മൾ മൗനികളാക്കും. അതവരെ ഭ്രാന്തുപിടിപ്പിയ്ക്കുകയും ചെയ്യും.

അമ്മയോട് ചെയ്തതും അത് തന്നെയാണ്. പകൽ മുഴുവനും ആശുപത്രിയും ക്ലിനിക്കും രോഗികളുമായി കഴിഞ്ഞു പോകും. രാത്രി വൈകി വീട്ടിലെത്തും. 'വൃദ്ധസദനത്തിന്റെ രാത്രി കാവൽക്കാരൻ ' മാത്രമായ് അമ്മയ്ക്ക് തോന്നിത്തുടങ്ങിയതും അതുകൊണ്ട് തന്നെയാകും.

ഇനി അങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് അന്ന് ക്ലിനിക്കിൽ നിന്ന് മടങ്ങിയത്. നാലാഴ്ച അവധിയ്ക്ക് അപേക്ഷിയ്ക്കുകയും ചെയ്തു. യാത്രയൊന്നും പോയില്ലെങ്കിലും അമ്മയ്ക്ക് കൂട്ടിരിയ്ക്കണം എന്ന് തോന്നി. പറ്റുമെങ്കിൽ ഗായത്രിയെയും അഭിയേയും ചെന്ന് കാണണം. എല്ലാവര്ക്കും പറയാനുള്ളത് കേൾക്കണം. എല്ലാവരോടും സംസാരിച്ചിരിയ്ക്കണം.

രാത്രി ചെന്നുകയറുമ്പോൾ അമ്മയുടെ ആഹ്ളാദം തന്നെയാണ് വാതിൽ തുറന്നത്.

"കുഞ്ഞു മോൾ വന്നിരിയ്ക്കുന്നു !"
"ഏത് കുഞ്ഞു മോൾ? " ഞാൻ അന്വേഷിച്ചു.
"നീ മെഡിക്കൽ കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ നിന്നെ വിളിയ്ക്കാറും കത്തെഴുതാറും ഒക്കെയുണ്ടായിരുന്ന ഒരു കുട്ടിയുണ്ടായിരുന്നില്ലേ.. അവളുടെ മകൾ !"
"ആര് ??പൂർണ്ണിമയോ??"
"അതെയതെ ..രാവിലെ നീ ഇറങ്ങിക്കഴിഞ്ഞപ്പം വന്നതാ.."
"എന്നിട്ട്??"
"ഉറങ്ങുന്നു..യാത്ര ചെയ്തു വന്നതല്ലേ..നേരത്തെ കെടന്നോളാൻ പറഞ്ഞു.."
"കഴിച്ചോ വല്ലതും?"
"നിറയെ.."
 അമ്മ മേശ നിറയെ വിഭവങ്ങൾ നിരത്തി വെച്ചു :
"മാധേട്ടൻ മാർക്കെറ്റിൽ പോയ് വാങ്ങിച്ചതാ, സുരേന്ദ്രന്റെ ഓട്ടോ പിടിച്ച് .. മൂപ്പരെത്ര കാലമായ് ഒറ്റയ്ക്ക് ടൗണിലൊക്കെ പോയിട്ട്..  "

അമ്മ വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു:
"കല്യാണം പറയാൻ വന്നതാ.. നമുക്ക് നാളെ ടൗണിൽ അവളേം കൂട്ടിപ്പോയ് കൊറേ സാധനങ്ങൾ വാങ്ങിച്ചു കൊടുക്കണം ..."
"എവിടെ വേണേലും പോവാം " ഞാനും ഊർജ്ജസ്സ്വലനായ്.

ആറേഴ് വർഷങ്ങളിലെ സൗഹൃദം. പതിനാല് വർഷത്തെ ഇടവേള. അവൾക്ക് എന്നേക്കാൾ നാലഞ്ച് വയസ്സ് കൂടുതലുണ്ടായിരുന്നു. ഒരിയ്ക്കലും പക്ഷെ ചേച്ചി എന്ന് വിളിച്ചില്ല. ഉള്ളിൽ കരുതിവെച്ച കുസൃതികളും കുരുത്തക്കേടുകളും കൊണ്ട് എന്നുമവളെ കുട്ടിയായ് തന്നെ തോന്നി. "മൂന്ന് കുട്ടികളുടെ അമ്മയായ് " എന്ന്‌ അവൾ അവളെത്തന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു എന്ന് മാത്രം.

ഇന്നലെകൾ കൂട്ടിവയ്ക്കാതെയും നാളെകൾ കരുതി വയ്ക്കാതെയും ഈ നിമിഷമെന്ന് ജീവിതത്തെ കാണുവാൻ കഴിയണമെന്ന് ആഗ്രഹിച്ച രണ്ടുപേർ, വാക്കുകൾ കൊണ്ട് പരസ്പരം അലങ്കരിച്ച സ്നേഹം. അതായിരുന്നു ഞങ്ങളുടെയിടയിൽ. അതിൽ ചിലപ്പോൾ പ്രണയം പോലും പറഞ്ഞിട്ടുണ്ട്. അത്രയും സ്വാഭാവികമായ് ഒരാൾ മറ്റെയാളിന്റെ കിറുക്കുകൾ നീന്തി കടന്നിട്ടുമുണ്ട്.

അവസാനം കണ്ട് പിരിയുമ്പോൾ പൂർണ്ണിമയ്ക്ക് പത്ത് വയസ്സായിട്ടുണ്ടാകും. കാർത്തികയ്ക്ക് ഏഴോ എട്ടോ. അഭയ്‌ക്കും അരുണിമയ്ക്കും ഒരു വയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.

"ഡോക്ടറങ്കിളിന് ഒരു മാറ്റവും ഇല്ലല്ലോ " എന്ന് പറഞ്ഞാണ് പൂർണ്ണിമ രാവിലെ മുറിയിലേക്ക് കയറി വന്നത്.

"നിന്നെ കണ്ടാൽ തിരിച്ചറിയാനും കഴിയുന്നില്ല. " ഞാൻ ചിരിച്ചു:
"പറയൂ .. കല്യാണക്കുട്ടിയുടെ വിശേഷങ്ങൾ പറയൂ.."

"ഞാൻ കല്യാണം വിളിയ്ക്കാൻ മാത്രമല്ല.. ഈ പുസ്തകങ്ങൾ തരാൻ കൂടി വന്നതാ.." അവളെനിയ്ക്ക് രണ്ട് കുറിപ്പ് പുസ്തകങ്ങൾ നീട്ടി.

പരിചയമുള്ള, ഏറെ പ്രിയപ്പെട്ട കൈയ്യക്ഷരം.
പെട്ടന്ന് തുറന്നു വന്ന പേജിൽ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്:

- 'ഒറ്റയ്ക്കായി എന്ന് തോന്നുന്നുണ്ടോ?'


- 'ഇല്ല .. ഒറ്റയ്ക്കാവില്ലല്ലോ ഒരിയ്ക്കലും.. നീയില്ലെ ?'

-'ഞാനുണ്ടെന്ന് കരുതി ആർക്കും ഒറ്റയ്ക്കാണെന്ന് തോന്നാതിരിക്കേണ്ട !'

ഒരു മിന്നൽ അതിന്റെ നീണ്ട വിരൽ നീട്ടി തൊട്ടതു പോലെ വിറച്ചു പോയി.
അവൾക്ക് മാത്രം എഴുതാൻ കഴിയുന്ന കുസൃതി.

ഞാൻ നിസ്സഹായനായ് ചിരിച്ചു: "അവളെവിടെ?"
ഒന്നോർത്ത് ഞാൻ വീണ്ടും പൂർണ്ണിമയോട് ചോദിച്ചു:
"നിന്റെ അമ്മ എവിടെ ??"

അവളുടെ കണ്ണുകൾ നിറയുന്നുവോ എന്ന് ഭയം തോന്നി. 
അവൾ പുസ്തകങ്ങളിലൊന്ന് തിരികെ വാങ്ങി പേജുകൾ മറിച്ചു :
അതിലൊന്ന് തിരഞ്ഞെടുത്ത് എനിയ്ക്ക് വായിക്കാനായ് നീട്ടി. 

അതിൽ എന്റെ കൂട്ടുകാരി എഴുതിയിരിക്കുന്നു:

"Making money is an art!  മറ്റ് പല കലകളിലും എന്നത് പോലെ ഇതിലും എനിയ്ക്ക് നൈപുണ്യമില്ല!"
അവൾ  അയാളോട് പറയാൻ ആഗ്രഹിച്ചു.

കൂട്ടുകാരന്റെ ഡിന്നർ പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു അവർ. കാർ ഓടിച്ചു കൊണ്ട്, കൂട്ടുകാരന്റെ സമ്പാദ്യത്തിൽ അവന്റെ ഭാര്യയുടെ ഓൺലൈൻ ബിസിനസ്സിന്റെ പങ്കിനെക്കുറിച്ച് വിവരിയ്ക്കുകയായിരുന്നു അയാൾ.

"അതൊന്നും എനിയ്ക്ക് മനസ്സിലാവില്ല.." അവൾ പറഞ്ഞു.
"മനസ്സിലാക്കാൻ ശ്രമിയ്ക്കേണ്ടേ ..എന്നാലല്ലേ.." അയാൾ ക്ഷുഭിതനായ്.

അതിനിടയിൽ അവരുടെ മൂത്തമകൾ, അവളുടെ കൂട്ടുകാരികളുടെ അമ്മമാർ നടത്തുന്ന ഓൺലൈൻ ബിസിനസ്സിനെ കുറിച്ച് വിവരിച്ചു തുടങ്ങി. അതിലൊരാൾ ഓൺലൈനിൽ കെയ്ക്ക് ബിസിനസ്സ് ചെയ്യുന്നതു അവൾ ഓർമ്മിപ്പിച്ചു. വലുതാകുമ്പോൾ അങ്ങനെയൊന്ന് തുടങ്ങാൻ  ഇപ്പോഴേ പദ്ധതിയുണ്ടത്രേ!

"നീ അടച്ചു തീർത്ത ബില്ലുകളുടെ മറുവശത്ത്
 ഞാൻ കവിതകളെഴുതും; 
 നീ കാണില്ല.
 നിന്റെ കൈകൾ കോർത്ത് നടക്കുമ്പോഴും 
 മനസ്സിൽ ഞാനൊരു പുസ്തകം വായിക്കുകയാവും
നീ അറിയില്ല. 
നീ എന്നോട്,
ബാങ്കുവായ്പകളെക്കുറിച്ചും പലിശകളെക്കുറിച്ചും 
കച്ചവടത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരിയ്ക്കും. 
'ദൈവമേ' എന്ന് മനസ്സിൽ  നിലവിളിച്ചുകൊണ്ട് ഞാനത് കേൾക്കുന്നതായ് നടിയ്ക്കും. 
എനിയ്ക്ക് മനസ്സിലാവാത്തൊരു ഭാഷയാണ് അതെന്ന് നീ ഓർക്കില്ല." - അവൾക്ക് പറയണമെന്ന് തോന്നി.

പക്ഷെ, ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. 

ഈ വഴിയിൽ എവിടെയോ ആയിരുന്നില്ലേ  പിങ്ക് നിറമുള്ള പക്ഷികൾ വന്നു നിറയാറുള്ള തുരുത്തും കണ്ടൽ കാടും എന്ന് സംശയിച്ചു. കാലം എത്ര യാത്ര ചെയ്താലും ഈ നഗരത്തിലെ വഴികൾ പഠിയ്ക്കാൻ കഴിയുന്നില്ല.

ഒരു വൈകുന്നേരം ആ പക്ഷിപ്പാടം കാണാൻ പോകണം.

അവൾ അയാളെ നോക്കി.
ഓരോ തവണയും പകൽ ആ വഴി കടന്നു പോകുമ്പോൾ,
"ഒന്ന് അവിടം കണ്ടിട്ട് വരാമെന്ന് " അവൾ കെഞ്ചും.
അയാൾ വെറുതെ മൂളി കേൾക്കും. ഇനി ഒരു പത്ത് വർഷം പറഞ്ഞു കൊണ്ടേയിരുന്നാലും അയാൾ അവിടെ കൊണ്ട് പോകില്ലെന്ന് അവൾക്ക് ഉറപ്പാണ്.

കാരണം അയാൾക്ക് അതിനൊന്നും സമയം ഇല്ല. അതയാളുടെ കുറ്റവും അല്ല.
ഒരു മനുഷ്യനായ് ജീവിയ്ക്കാൻ ഈ ഭ്രാന്തുകളുടെ ആവശ്യമില്ലെന്ന് അയാൾക്ക് നന്നായ് അറിയാം. 

തന്റെ ഈ കൊച്ചുകൊച്ചു കൗതുകങ്ങളൊക്കെ മനസ്സിലാക്കിയിരുന്ന ഒരു കൂട്ടുകാരനെക്കുറിച്ചു അവൾ ഓർത്തു.
കാലം എത്രയായ്‌ കണ്ടിട്ട്.

ഇത്തവണ നാട്ടിൽ എത്തുമ്പോൾ കാണണം.
ഒരു സന്ധ്യയ്ക്ക് പക്ഷിപ്പാടത്തിനു നടുവിൽ കണ്ണടച്ച് നിന്നതിനെക്കുറിച്ച് അവനോട് പറയണം.
 തുമ്പികൾ പറന്നു നടക്കുന്ന ഒരു തുരുത്ത് കാണാൻ പോയതും പറയണം.

എനിയ്ക്കും നിനക്കും വേണ്ടി ഞാനെഴുതിയതെന്ന് ഈ കുറിപ്പു പുസ്തകം വായിച്ചു കൊടുക്കണം.
നാം പ്രാന്തുകൾ ഉപേക്ഷിയ്ക്കുമ്പോൾ, 
പ്രപഞ്ചത്തിന് അതിന്റെ ചന്തം തന്നെ നഷ്ടമാകുന്നു- 
എന്ന് ഓർമ്മിപ്പിക്കണം.


പേജുകൾ മറിയ്ക്കുമ്പോൾ ഞാൻ അവൾക്കെഴുതിയത് പോലെ ചില കത്തുകൾ!


"പ്രാന്തത്തി .." മനസ്സിൽ അവളെ ഓമനിച്ചു.

"എന്നിട്ട് അമ്മയെവിടെ?" ഞാൻ പൂർണ്ണിമയോട് ചോദിച്ചു.

"പക്ഷിപ്പാടത്തിനു നടുവിൽ കണ്ണടച്ചു നിൽക്കുന്നു!"

അവൾ നിർവികാരയായ് പറഞ്ഞു:
"ഒരു വൈകുന്നേരം അതിനടുത്ത് വെച്ച് ഒരു ആക്സിഡന്റ് ഉണ്ടായി. അവിടെയ്ക്ക് പോയതാണോ എന്നറിയില്ല..തനിച്ചു കാറോടിച്ച് പോയതാണ് . പക്ഷെ അവിടെ നിന്നൊരിയ്ക്കലും തിരിച്ചു വന്നില്ല!"

അവൾ തുടർന്നു:
"എന്റെ അച്ഛന് അമ്മയെ ഭയങ്കര ഇഷ്ടമായിരുന്നു.. അമ്മയ്ക്ക് തിരിച്ചും.. ഞങ്ങളത് ശരിയ്ക്കും  ഫീൽ ചെയ്തിട്ടുണ്ട് .. പക്ഷേ, സ്നേഹത്തിലായിരിക്കുമ്പോഴും അവര് രണ്ട് പേരും അവരുടെ ഇഷ്ടങ്ങളോട് ചേർന്നു പോകുന്നവരെ അന്വേഷിയ്ക്കുകയായിരുന്നു അവരുടെ ജീവിതം മുഴുവൻ... എല്ലാവരും അങ്ങനെയാണോ?" അവൾ എന്റെ അമ്മയോട് ചോദിച്ചു.

അമ്മ കണ്ണുകൾ നിറഞ്ഞു അവളെ ചേർത്തുപിടിച്ചു.

"ഞങ്ങളും അങ്ങനെ ആയിരിയ്ക്കുമോ?"
അവൾ വിവാഹം കഴിയ്ക്കാൻ പോകുന്ന ആളിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു:
"ഞങ്ങൾക്കിടയിലിപ്പോൾ സ്നേഹം അല്ലാതെ മറ്റൊന്നും ഇല്ല..."
അവൾ തുടർന്നു :
"പരസ്പരം മനസ്സിലായില്ലെന്ന് പിന്നിടൊരിയ്ക്കൽ തിരിച്ചറിയുന്നതിനെക്കുറിച്ച് ആലോചിയ്ക്കാനേ കഴിയില്ല .."

"ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല.." അമ്മ സമാധാനിപ്പിച്ചു.

എനിയ്ക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എനിയ്ക്ക്  പ്രിയപ്പെട്ടവൾ  ഇങ്ങനെ എഴുതിയിരിക്കുന്നു:

"നമ്മെ വല്ലാതെ ഇഷ്ടമുള്ളവർ, 
അവർക്ക് ഇഷ്ടമില്ലാത്ത 
നമ്മുടെ ഇഷ്ടങ്ങളെ 
കണ്ടില്ലെന്ന് നടിയ്ക്കും..

അവർക്ക് 
നമ്മോടുള്ള ഇഷ്ടമാണ് 
നമ്മുടെ ഇഷ്ടങ്ങളേക്കാൾ 
വലുതെന്ന് കരുതുന്ന നാം 
അവർ കണ്ടില്ലെന്ന് നടിയ്ക്കുന്നതിനെയൊക്കെയും 
നമ്മുടെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കും...

ഒടുക്കം
എല്ലാവരും തോറ്റുപോകുന്നൊരു 
ഒളിച്ചുകളിയാകുമത്! "

ഇഷ്ടങ്ങളെന്താണെന്നറിഞ്ഞ്,
ഇഷ്ടത്തോടെ വിട്ടുകൊടുത്താലും
ഇഷ്ടക്കൂടുതലുള്ള ചിലർ തനിച്ചാക്കി കടന്നുപോകും!
ഇഷ്ടമുള്ളവരെല്ലാം തോറ്റുപോകുന്നൊരു കളിയാകും അത് -

അവളോട് പറയണം എന്ന് തോന്നി.

പ്രണയകാലത്തിനും നാല്പത്തിയഞ്ചു വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനും ഒടുവിൽ അമ്മ നിരാശപ്പെടുമ്പോൾ ഉള്ളം നൊന്തുപോകുന്നത് അതുകൊണ്ടാണ്. ആഹ്ളാദം കാത്തു വച്ച് ജീവിതം ഒരിടത്തും നമ്മെ കാത്തിരിയ്ക്കുന്നില്ലെന്ന്, അത്രമേൽ നിർഭാഗ്യവാന്മാരാണ് നമ്മളെന്ന് തോറ്റു കൊടുക്കാൻ കഴിയില്ലല്ലോ ഒരിയ്ക്കലും.

അവനവനിൽ നിന്ന് സ്വതന്ത്രരായി, രണ്ട് ജീവിതങ്ങൾ പരസ്പരം തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നുചേരുന്നതിന്റെ രസതന്ത്രം ഇപ്പോഴും അറിയില്ല. ചിലപ്പോൾ തോന്നും ലോകത്തിലെ മഹാദ്‌ഭുതങ്ങളിലൊന്ന് അതാണെന്ന്. ഓരോരുത്തരും അവനവനുവേണ്ടി പരീക്ഷിച്ചു കണ്ടെത്തേണ്ട മാന്ത്രികമായ രസക്കൂട്ട്.

"രസതന്ത്രമല്ല; അത്  കടലും കപ്പലും പോലൊരു ബന്ധമാണ്. "
അമ്മ പതുക്കെ പറഞ്ഞു:
"പെണ്ണ് ഒരു കടലാണെന്ന് കരുതുക.. അവളിലേക്ക് ഒഴുകിച്ചേരുന്ന, അവളായ് മാറിപ്പോകുന്ന പുഴകളുണ്ടാകും. അപ്പോഴും, അവളുടെ പ്രകൃതിയുമായ് വേറിട്ട് നിൽക്കുന്ന ഒന്ന്, ഒരു കപ്പൽ പോലെ അവളിലൂടെ ഒഴുകി നടക്കും.. അതാകും അവളുടെ പുരുഷൻ! ഒരു പുഴയ്ക്കും സാധ്യമാകാത്തവണ്ണം അവളുടെ ജീവിതത്തിലൂടെ ഫ്ലോട്ട് ചെയ്യുന്നൊരു സാന്നിധ്യം.. പ്രിയവും അപ്രിയവുമായ അനേകം അലകൾ അവളിലുണ്ടാക്കുന്ന ഒന്ന് .. അതൊരു അനുഭവമാണ്.. നിന്റെ അമ്മ നിന്റെ അച്ഛനെ സ്നേഹിച്ചതും അതുപോലെയാവും.."

'വിചിത്രം തന്നെ!' ഞാൻ മനസ്സിൽ പറഞ്ഞു:
'നദി കൊണ്ടല്ല; കപ്പൽ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന കടലുകൾ !'
യുറേക്കാ എന്നു വിളിച്ച് ഒരു ആർക്കമെഡീസും എന്റെ മനസ്സിലൂടെ നഗ്നനായ് അന്നേരം ഓടിപ്പോയില്ല.

ഞാൻ മറ്റെന്തൊക്കെയോ ഓർക്കുകയായിരുന്നു.
ചിലർക്കിടയിൽ കടലാകുന്നത് സ്ത്രീയാകും. ചില ബന്ധങ്ങളിൽ അത് പുരുഷനും. രണ്ട് പേരിൽ ആരെങ്കിലും ഒരാൾ ആ അനുഭവത്തിന്റെ ആഴം അറിഞ്ഞേ മതിയാകൂ. ജീവിതം മുഴുവൻ കൊണ്ട് നടക്കും ആ കടൽ തന്നിലേക്ക് വന്നു ചേർന്ന ആ കപ്പലിനെ!


"ഈ പുസ്തകങ്ങൾ എനിയ്ക്കാണോ ?" ഞാൻ പൂർണ്ണിമയോട് ചോദിച്ചു.

"ഡോക്ടറങ്കിളിനല്ലാതെ മറ്റാർക്കും അതൊന്നും മനസ്സിലാവില്ലല്ലോ .." അവൾ സങ്കടത്തോടെ ചിരിച്ചു.

ഞാൻ ആ കുറിപ്പ് പുസ്തകം ഒരിയ്ക്കൽക്കൂടി തുറന്നു നോക്കി.

ആ നേരം, പക്ഷികളെ കാണാൻ പോയവൾ എന്നോട് പറഞ്ഞു:

"ജീവിതം മുഴുവൻ, 
എവിടെയാണെങ്കിലും നാം 
മിണ്ടിക്കൊണ്ടേയിരിയ്ക്കും..
അതിനു ശേഷം നാം
ഒന്നും മിണ്ടാതെ 
തമ്മിൽ കണ്ടുകൊണ്ടേയിരിയ്ക്കും.
കണ്ടാലും കണ്ടാലും കൊതിതീരാത്ത
ലിപികളായ് നാം മാറും.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളായ് 
തമ്മിൽ കേട്ടുകൊണ്ടേയിരിയ്ക്കും."

പക്ഷികളെ കാണാൻ പോയ്, അക്ഷരങ്ങളായ് മാറിപ്പോയ ഒരാളുടെ കഥയെഴുതിയ പുസ്തകം ഇനിയെന്റെ തലയിണയ്ക്കടിയിൽ ഉണ്ടാകും. ആളുകൾ മരിച്ചു പോകുന്ന കഥകളെഴുതരുതെന്ന് ശാഠ്യം പിടിയ്ക്കാറുണ്ടായിരുന്ന അവൾ, ജീവിതത്തിലേക്ക് തിരിച്ചു വരുന്നതായ് ആ കഥ മാറ്റി എഴുതണം.

'ജീവിതത്തോട് ചെയ്യാൻ കഴിയാതെ പോകുന്നതൊക്കെ കഥകളോട് ചെയ്യണം.'
-ഞങ്ങൾ കഥകളെഴുതിരുന്നത് അതിന് വേണ്ടിയാണ്.
ഇഷ്ടമില്ലാത്തിടങ്ങളെല്ലാം പലവട്ടം തിരുത്തിയെഴുതാൻ!

Wednesday, April 12, 2017

ശാന്തനു ബ്രോ!


എന്റെ പൊക്കിൾ കുഴിയിൽ ചുണ്ടുകൾ ചേർത്തുറങ്ങി, ഒരു പല്ലിയോടൊപ്പം രാത്രിയിൽ വിരഹം പങ്കിട്ടെന്ന് പിറ്റേന്നു പുലർച്ചെ സ്റ്റാറ്റസ് ഇടുന്ന കാമുകനുണ്ടായിരുന്നു എനിയ്ക്ക്.

'എത്ര രസകരമായ നുണകൾ ചേർത്തുവെച്ചാണ്
 ഓരോരുത്തരും
അവരുടെ പ്രണയപുസ്തകം എഴുതുന്നതെന്ന്'
 അവൻ പറഞ്ഞപ്പോഴൊക്കെ,

'പ്രണയത്തെക്കുറിച്ച് മാത്രമേ
ഞാൻ
നുണ പറയാതിരുന്നിട്ടുള്ളൂ'
-എന്ന് ഞാൻ മറുപടി പറഞ്ഞു.
കാന്താരിമുളകും കല്ലുപ്പും എന്നായിരുന്നു ഞങ്ങളന്യോന്യം വിളിച്ചുകൊണ്ടിരുന്നത്. സംശയിക്കേണ്ട, ഞാൻ തന്നെയായിരുന്നു കാന്താരിമുളക്. എന്നെ ഉമ്മ വയ്ക്കുമ്പോഴെല്ലാം 'എന്തൊരു എരിവാണ് നിനക്കെന്ന്' കണ്ണുകൾ നിറഞ്ഞവൻ അലിഞ്ഞു പോകാറുണ്ടായിരുന്നു. 'നിന്റെ വിയർപ്പു വീണ മധുരപലഹാരങ്ങൾ' എന്ന് അവൻ പങ്കിട്ട എല്ലാറ്റിലും ഉപ്പുരസം തിരിയുന്ന കിറുക്ക് എനിയ്ക്കുമുണ്ടായിരുന്നു.

സുന്ദരമായ പ്രൊഫൈൽ ചിത്രങ്ങളിൽ ഒളിച്ചിരുന്ന കൂട്ടുകാരികൾ അവന്റെ വിരഹത്തെ അവരുടെ ഹൃദയത്തിലെടുത്ത് വെച്ചു. നിന്റെ വിഷാദം ഇത്രമേൽ നീലിച്ചു പോയതെന്തേ എന്നാരാഞ്ഞു. അവരുടെ സ്വപ്നങ്ങളിലെ സ്പാനിഷ് തെരുവുകളിൽ  സൈക്കിൾ ചക്രങ്ങൾ ചവിട്ടി, അവരുടെ സ്നേഹത്തിലേക്ക് അവൻ വന്നുകയറുന്നത് അവർ കാത്തിരുന്നു.

അപ്പോഴൊക്കെ,
'സൈക്കിളോട്ടക്കാരാ, സൈക്കിളോട്ടക്കാരാ
നാം പാർത്ത കുന്നിറങ്ങി 
നീ ചക്രം ചവിട്ടി കടന്നുപോകുമോ?'
-എന്ന് ഞാൻ അവനെ കളിയാക്കി.

അവൻ അവർക്ക് ഏകാകി, യാത്രികൻ, മുറിവുകൾ പേറുന്നവൻ, എഴുത്തുകാരൻ, അവരുടെ സ്വപ്ങ്ങളിൽ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചിടുന്നവൻ, അവർ കാണാത്തിടങ്ങളിൽ അവരെ കാത്തിരിയ്ക്കുന്നവൻ.

 'നീ മിണ്ടിയില്ലെങ്കിൽ
അവസാനിച്ചു പോകുന്ന
ഒരു ഗ്രഹത്തിൽ ചെന്ന് പാർക്കണം'
-എന്നൊക്കെ അവനോട് ആഗ്രഹം പറഞ്ഞവരുണ്ട്. ('അത്യന്തം ഭീകരം തന്നെ' എന്ന് ഞാനതിനെ പരിഹസിയ്ക്കുകയും ചെയ്തിട്ടുണ്ട്!)

നീയെന്ന അറ്റലാന്റിക്കിൽ
ഉറച്ചുപോയ
ഐസ് ബർഗ് ആണ് ഞാൻ!
നിന്നിലൂടെ തുഴയുന്ന നാവികർ 
എന്നെ ഭയക്കേണ്ടതാണ്!

-എന്ന് ഓരോ പുതിയ കൂട്ടുകാരികളുടെ വരവിലും ഞാൻ അവനെ ഓർമ്മിപ്പിച്ചു.

പ്രണയിക്കുന്നവരുടെ കൂട്ടധർണ്ണയെന്ന് അവൻ കണ്ട കിനാവിലൊക്കെയും പാഞ്ഞു ചെന്ന് ലാത്തി വീശി; എന്റെ മാത്രം എന്ന ജ്യാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റു ചെയ്ത് ഹൃദയത്തിലടച്ചു. എന്നിട്ടും കൂട്ടുകാരികൾ അവന് അവകാശം പറഞ്ഞെത്തി. ഓരോരുത്തരും അവന് പാർക്കാൻ ഓരോ കുടിൽ കെട്ടി; അവനോടൊപ്പം ഉച്ചവെയിൽ കാഞ്ഞിരുന്നു.


അവൻ സ്നേഹഭംഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ കണ്ണീർ പൊഴിച്ചൊരു മഴവിൽ പാവാടക്കാരി, അവനു പ്രിയപ്പെട്ടവളായുണ്ട്. അവൾ വെയിലിലേക്ക് കൈകൾ നീട്ടി,

'നീ വെയിലാകുമ്പോൾ മാത്രം
എനിയ്ക്ക് നിഴലുകൾ ഉണ്ടാകുന്നു'

- എന്ന് അവനോട് പറഞ്ഞു. ഇടയ്ക്കിടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റി അവനു മാത്രം  വായിച്ചെടുക്കാവുന്ന സന്ദേശങ്ങള്‍ രചിച്ചു.അവനു കാണാൻ വേണ്ടി അവളെത്തന്നെ അലങ്കരിച്ചു.
നേർത്ത വിരലുകളും നനവുള്ള ചാരക്കണ്ണുകളും ഉള്ള നെറുകമേൽ മുടികെട്ടിവെച്ച  ഒരാളായ് അവനെ അവൾ സങ്കല്പിച്ചു.  അവൻ യാത്രകളെ കുറിച്ചെഴുതിയപ്പോഴൊക്കെ അവിടങ്ങളിൽ ചെന്നു. ഭംഗിയുള്ള ചിത്രങ്ങളെടുത്ത് 'നീയും ഇവിടം ഇതു പോലെയല്ലേ കണ്ടതെന്ന്' അവന്റെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു. പ്രാചീനമായൊരു പുഴകടന്ന് അവൻ വരുന്നത് സ്വപ്‌നം കണ്ടു.

മുന്തിരിക്കുല പോലെ തോന്നുന്ന എന്തോ ഒരു പേരുള്ള ഒരുവളായിരുന്നു രണ്ടാമത് വന്നത്. അവനെ ഏകാകിയെന്ന് ഓമനിച്ചു. ആരെയോ കാത്തിരിയ്ക്കുന്ന ഒരാളെന്ന് ഉറപ്പിച്ച് അവൻ കാത്തിരിയ്ക്കുന്ന ആ ഒരാളാകാൻ മത്സരിച്ചു. അവളുടെ സ്വപ്നത്തിലെ അവന് കറുത്ത നിറമായിരുന്നു. അതിനേക്കാൾ ഭംഗിയുള്ള ഒരാളെ സങ്കല്പിയ്ക്കാനേ കഴിയില്ലെന്നവൾ ആണയിട്ടു. ഇത്രയും മുറിവുകൾ ഞാൻ മുൻപൊരാളിലും കണ്ടിട്ടില്ലെന്ന് അവളവനെ ചേർത്തുപിടിച്ചു. അവന്റെ പിന്കഴുത്തിനു പലപ്പോഴും ജമന്തിപ്പൂക്കളുടെ മണം വരാറുണ്ടത്രേ!

'നിന്റെ നിഘണ്ടുവിൽ ഏകാകി എന്നതിന്റെ അർത്ഥം എന്താണെന്ന്?' എന്റെ മടിയിൽ കിടന്ന് അവളുടെ വിരലിൽ പിടിയ്ക്കുന്ന അവനോട് ഞാൻ കലഹിച്ചു. 


'കാറ്റുപോലെ അലഞ്ഞു തിരഞ്ഞു നടക്കുന്ന' ഒരാളായ അവനെ സ്നേഹിച്ചാണ് മൂന്നാമത്തെ പെൺകുട്ടി വന്നത്. ചിരിയ്ക്കുമ്പോൾ കുട നിവർത്തുന്നത് പോലെയെന്ന് അവളുടെ ഫോട്ടോകൾ കാണുമ്പോഴെല്ലാം തോന്നും. 

സിനിമയിലും പുസ്തകത്തിലും കവിതയിലും കാണാത്ത പ്രണയമൊന്നും ബാക്കിയില്ല. എന്നാലും ഇതുവരെയില്ലാത്തൊരു പ്രണയത്തെ കാത്തിരിയ്ക്കുന്നവരാണ് നമ്മളിലേറെയും.
എത്രയായിരം പ്രണയമാണിങ്ങനെ
മഞ്ഞു പോലെ
പൊഴിഞ്ഞു  വീഴുന്നത്!

മൂന്ന് പേരും ഓരോ സമയങ്ങളിലായ്, മൂന്നിടത്ത് അവൻ എത്തുമെന്ന് കരുതി വളരെ നേരം കാത്തുനിന്നു. 'കാത്തുനിൽക്കുന്ന സ്റ്റേഷനുകളിൽ നിർത്താതെ പാഞ്ഞു പോകുന്ന പ്രണയമെന്ന്' ഒടുക്കം സങ്കടപ്പെട്ടു. 

ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളുടെ
പ്രണയിനിയായിരുന്നു ഒരിയ്ക്കൽ;
 ഇപ്പോൾ ഒറ്റയ്ക്കിരുന്ന് 
പ്രണയ നഷ്ടങ്ങളെക്കുറിച്ച് പുസ്തകം എഴുതുന്നു.

-ആവേശം കാണിച്ച കൂട്ടുകാരികൾക്ക് ഞാൻ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
അവർ കേട്ടില്ല; തമ്മിലടിയ്ക്കുന്ന പെണ്ണാടുകള്‍ ആയിരുന്നല്ലോ ഞങ്ങൾ.
ഒരു പുരുഷന് വേണ്ടി യുദ്ധംചെയ്യുന്ന പെണ്ണുങ്ങളെക്കാള്‍ ഹൃദയശൂന്യരായ്, പരസ്പരം വിശ്വാസമില്ലാത്തവരായ് മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല.

ചില വരികൾ അപരിചിതരോട്, ആമുഖമില്ലാതെ സ്നേഹം പ്രഖ്യാപിയ്ക്കാനുള്ള ചില വഴികളാണ്. എന്നിൽ നിനക്കോ, നിനക്ക് എന്നിലോ അവകാശമുണ്ടെന്ന് തെറ്റായ് തോന്നിപ്പിക്കലാണ്. അതിൽ കവിതയും സ്നേഹവും ഇല്ലെന്ന് വിവേകം ഉള്ളവർക്ക് അറിയാം. ആർക്കും ഒരാളെ മാത്രമായ് സ്നേഹിയ്ക്കാൻ കഴിയില്ലെന്നു ഞാൻ പഠിച്ചത് എന്നിൽ നിന്ന് തന്നെയാണ്. പങ്ക് വയ്ക്കാതെയിരിയ്ക്കാൻ കഴിയാത്തതായ് ഒന്നേയുള്ളൂ- സ്നേഹം!

ശാന്തനുവിന്റെ കൂട്ടുകാരികളേ,
എന്റെ പേര് ജൂലിയ!

എത്ര മത്സരിച്ചാലും അവന്റെ സ്നേഹത്തിൽ എന്നെ ജയിക്കാൻ നിങ്ങൾക്കാവില്ല! കാരണം  ഒരാളെ അയാളെക്കാൾ കൂടുതലായ് മറ്റാരും സ്നേഹിയ്ക്കില്ല എന്നത് തന്നെ. 

ലളിതമായ് പറഞ്ഞാൽ, ശാന്തനു ഞാൻ തന്നെയാണ്.
ഒരു ഫെയ്ക് ഐഡി ! മറ്റൊരു ജീവിതം!!

കാന്താരിമുളകും കല്ലുപ്പും ഞാൻ തന്നെ. എന്റെ പൊക്കിൾ കുഴിയിൽ ചുണ്ടുകൾ ചേർത്തുറങ്ങിയതും ഞാൻ തന്നെ.

എന്നിൽ 
നിന്നെ ഒളിപ്പിച്ചു വെച്ചയിടം 
ഏതാണെന്ന് 
മറന്നുപോയത് കൊണ്ട് മാത്രം 
ഞാൻ തോറ്റുപോയ 
നിധിവേട്ട.
-അതാണിത്!

ആ ജീവിതത്തിൽ ഞാനും നിങ്ങളും എഴുതിയിട്ടുള്ള സ്റ്റാറ്റസുകളുടെ, കമന്റുകളുടെ ക്രമപ്പെടുത്തലാണ് ഇത്രയും നേരം നിങ്ങൾ വായിച്ചത്. ജൂലിയ എന്ന ഞാനും ശാന്തനു എന്ന ഞാനും തമ്മിലുള്ള സംഭാഷണങ്ങളാണത്അതിനിടയിൽ വന്നുപോകുന്ന നിങ്ങളുടെ വർത്തമാനങ്ങളാണത്. 

മഴവിൽ പാവാടക്കാരീ, മുന്തിരിക്കുട്ടീ, കുട നിവർത്തുന്നതുപോലെ ചിരിച്ചവളേ- 


എഴുതാത്ത ഒരു പേജെടുത്ത്
നിന്റെ പേരെഴുതുന്നു;
അത് കവിതയായ് മാറുന്നു.
കവിത എഴുതിയിടത്ത്
നിന്റെ പേരെഴുതുന്നു;
അത് നീയായ് മാറുന്നു!

നീ  അവനു വേണ്ടി കാത്തു നിന്ന കടൽപ്പാലത്തിൽ, മരത്തണലിൽ, റയിൽവേ സ്റ്റേഷനിൽ ഒക്കെ അവൻ വന്നിട്ടുണ്ട്. നിന്നെ  അവൻ കണ്ടിട്ടുണ്ട്. നീ  കാത്തുനിന്ന ഇടങ്ങളിൽ  വന്നു ചേർന്ന്, മറ്റെവിടെയോ പോകാനുള്ള വഴി ചോദിച്ച് മിണ്ടിയിട്ടുണ്ട്. നിന്റെ പ്രണയത്തിന്റെ ചൂടിൽ വിയർത്തു പോയിട്ടുണ്ട്.  

പലദേശങ്ങളിലെ പൊടിയണിഞ്ഞ, ഇരുമ്പിന്റെ മണമുള്ള കുപ്പായമിട്ട ഒരാളായിരുന്നില്ല അവൻ. ഉയരം കുറഞ്ഞ്, മെല്ലിച്ച് , കണ്ണടയ്ക്കിടയിലൂടെ കണ്ണുകളിൽ നോക്കുന്ന ഈ ഞാൻ. 


നാം പറഞ്ഞുറപ്പിച്ചതുപോലെ,
കടൽപ്പാലത്തിനരികെ നിന്ന് നമുക്ക് സൂര്യാസ്തമനം കാണേണ്ടേ? മരത്തണലിൽ നിന്ന് ഇളനീർ കുടിച്ചു തലേരാത്രി വായിച്ചു എന്ന് പറഞ്ഞ പുസ്തകങ്ങളെക്കുറിച്ച് സംസാരിയ്ക്കേണ്ടേ?
സുഖമില്ലെന്നൊരു കള്ളം പറഞ്ഞ് തീവണ്ടിത്തിരക്കിൽ എന്റെ മടിയിൽ തലവെച്ചു കിടക്കേണ്ടേ?
-എനിയ്ക്ക് ഓരോരുത്തരോടും ചോദിയ്ക്കാൻ തോന്നും.
നാം ഇന്ബോക്സുകളിൽ പങ്കിട്ട രഹസ്യങ്ങൾ നിന്നെ നോക്കിയിരിക്കെ ഞാൻ ഓർത്തെടുക്കും.

രഹസ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണം;

അത് നമ്മുടെ സ്വപ്നങ്ങളുടെ ചിറകുകളാണ് 

ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് എല്ലാവരും അവർക്കിടയിലെ സാമ്യതകളെക്കുറിച്ച് പറയും; 'നീ  എന്റെ ഹൃദയം പറയുന്നത് എഴുതുന്നു' എന്നൊക്ക ആവർത്തിക്കും- തനിച്ചു കാണുമ്പോൾ പക്ഷേ, തമ്മിലെത്ര അകലമുണ്ടെന്നളക്കും. നമ്മളിൽ പലരും അങ്ങനെയാണ് .

ആരാധിച്ചു തുടങ്ങുമ്പോഴേക്ക് ഉടഞ്ഞു പോയ വിഗ്രഹങ്ങൾ എന്ന് നമ്മളന്യോന്യം അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ, ഓരോ ഉയർത്തെഴുന്നേല്പിലും നമ്മൾ ആദ്യം ചെയ്യുക അതുവരെ ജീവിച്ച ജീവിതങ്ങൾ മറക്കുക എന്നതാണ്! 

സ്‌കൂൾ യൂണിഫോമിൽ ഒളിച്ചിരുന്ന പെൺകുട്ടിക്കാലത്ത്; എന്റെ കൂട്ടുകാർക്ക് വേണ്ടി, എന്റെ കൂട്ടുകാരികൾക്ക് പ്രണയലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തെറ്റൊന്നും അല്ലല്ലോ അത്; അവരിലൊരാളെ സ്നേഹം കൊടുത്ത് ദേവത ആക്കുകയല്ലേ ഞാൻ ചെയ്തത്!ആദ്യത്തെ ബെഞ്ചുകളിലായിരുന്നു എന്നും ഇരുന്നത്. ഒന്നു തിരിഞ്ഞു നോക്കിയാൽ നാണം കൊണ്ട് കൊണ്ട് ചുവന്നുപോയ മുഖങ്ങൾ കാണാം. ഇന്നും കണ്ണടച്ചാൽ അത് മനസ്സിൽ തെളിയും.  ഇരുപക്ഷവും ചേർന്ന് 'ആരുടെതെന്ന് നിനക്കും എനിയ്ക്കും അറിയാത്ത ആ കത്തുകൾ' ഞാൻ തന്നെ വായിച്ചിട്ടുണ്ട്. 

ഇന്ന് അത്ര ബുദ്ധിമുട്ടില്ല; ഒന്നിലേറെ ജീവിതങ്ങൾ എളുപ്പം ജീവിയ്ക്കാം. ഒരുപോലെ കവിത എഴുതുന്നവർ എന്നൊരു സാമ്യത ആരോപിയ്ക്കപ്പെടാൻ സാധ്യത ഉണ്ടെന്നേ ഉള്ളൂ. ഞാൻ എന്നെത്തന്നെ കോപ്പിയടിയ്ക്കുകയാണ്; പലരും മുൻപെന്നോ എഴുതിയ കവിതയുമായ് അതിന് സാമ്യതയുണ്ട്. അതുകൊണ്ട് ഞാൻ, എന്റെ ജീവിതമായ്  ആരോ എന്നോ എഴുതിവെച്ച  കവിത കോപ്പിയടിയ്ക്കുകയാണ്!


സത്യമായിട്ടും പെണ്‍കുട്ടികളുടെ കഥകള്‍ കേള്‍ക്കാന്‍ തുറന്നതല്ല, ശാന്തനുവിന്റെ പ്രൊഫൈല്‍. ചില ചങ്ങാതിമാരോട് ആണ്‍കുട്ടികളെപ്പോലെ ഇടപഴകാന്‍ വേണ്ടിയുള്ളതായിരുന്നു. പെണ്‍കുട്ടിയായ് കാണുമ്പോള്‍ അവരില്‍ പലരും കാണിയ്ക്കുന്ന കരുതലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി. അതിലാരെങ്കിലും ഒരാളോട് പ്രണയത്തിലാകാനുള്ള സാധ്യത ഒഴിവാക്കാന്‍. 

അതിനിടയില്‍  മുറിവുകള്‍ പേറിയ ഏകാകിയുടെ ഒറ്റവരി കവിതകളില്‍ ഹൃദയമുടക്കി ചിലർ കടന്നു വന്നു എന്ന് മാത്രം. ഒരാളിലെ പെണ്‍ജീവിതത്തോട് കലാപമുണ്ടാക്കുകയും അവളിലെ തന്നെ പുരുഷമുഖത്തെ നെഞ്ചിലേറ്റുകയും ചെയ്ത കൂട്ടുകാരികള്‍!

ഒരാളുടെ അല്ല, എല്ലാവരുടേയും ഹൃദയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചിലര്‍, അത് കിട്ടാതെ വരുമോ എന്ന് ഭയന്ന് ആരുടെയും ആരുമാകാതിരിയ്ക്കാന്‍ സ്വയം സജ്ജമാക്കും. അലസനും അലഞ്ഞുതിരിയുന്നവനും അപരിചിതനുമാണെന്ന് നടിയ്ക്കും. അങ്ങനെ ഒരു നാട്യം ജൂലിയയുടെ ശാന്തനു എപ്പോഴും കൊണ്ടു നടന്നിരുന്നു. ഗ്രൂപ്പുകളില്‍, കൂട്ടായ്മകളില്‍ അരൂപിയായിരുന്നു അവന്‍. ചെന്നുകയറി പിടികൊടുക്കാന്‍ കഴിയില്ലല്ലോ. പകരം ഏകാകിയും നിനക്ക് അപരിചിതനുമായ ഒരാളെന്ന് ആവര്‍ത്തിയ്ക്കും.

വിരസമായ സത്യസന്ധതയ്ക്കിടയില്‍, കഴിഞ്ഞ രാത്രി മഴ നനഞ്ഞ് ചുരമിറങ്ങിയതിനെക്കുറിച്ചും നല്ല കക്കയിറച്ചി കഴിച്ചതിനെക്കുറിച്ചും അവള്‍ക്കൊപ്പം സ്പാനിഷ് തെരുവുകളില്‍ സൈക്കിള്‍ ചവുട്ടിയതിനെക്കുറിച്ചും രസകരമായ നുണകള്‍ ജനിയ്കും. കുസൃതികളും കുരുത്തക്കേടുകളും കൂട്ടിവെച്ച് അവയിലൂടെ സാഹസികരാകും.

ഒരു ഫലിതം പറഞ്ഞ് ചിരിപ്പിയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് നാലഞ്ച് വരികളിൽ പ്രണയം ക്രമപ്പെടുത്താൻ; മൂർച്ചയുള്ള മൂന്ന് നാല് വാക്കുകൾ എയ്തു കൊള്ളിയ്ക്കാൻ, ഒറ്റവരിയിലെ  മുറിവുകൾ കൊണ്ട് നീറാൻ! 

ചിലർ അവരുടെ ഭയങ്ങളോട്, ഭീരുത്വത്തോട് സമരം ചെയ്യുന്ന രീതി അതാണെന്ന് കരുതിയാൽ മാത്രം മതി. അല്ലാതെ വല്ലാതങ്ങ് ഹൃദയത്തിൽ എടുത്തവയ്ക്കണ്ടതില്ല അതൊന്നും.

രസകരമായിരുന്നു ആ 'ബ്രോ ജീവിതം.'

പലരും അവരുടെ ഫോട്ടോപ്രദര്‍ശനത്തിന്, പുസ്തകപ്രകാശനത്തിന്, ട്രൈക്കിങ്ങിനായിട്ട്, മരം നടാൻ ഒക്കെ ക്ഷണിയ്ക്കും. ചിലയിടങ്ങളില്‍ പോകും. ആരുമറിയാതെ ആഘോഷങ്ങളുടെ ഭാഗമാകും. ചില ഫോട്ടോകള്‍ എടുത്ത് വയ്ക്കും. ടൈം ലൈനില്‍ അത് പങ്കിട്ട് ചിലരെ അദ്ഭുതപ്പെടുത്തും.

യാത്രകളെ കുറിച്ച്, പുസ്തകങ്ങളെയും സിനിമകളെയും കുറിച്ച്, മരണത്തെയും ജീവിതത്തെയും കുറിച്ച് ഇഷ്ടമുള്ളതെല്ലാം എഴുതി. ചില ചര്‍ച്ചകളില്‍ തലവെച്ചു കൊടുത്തു. ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞു കിടക്കാനാകാത്ത മലയാളിയായി മലര്‍ന്നു കിടന്ന്‌ മുകളിലേക്ക്‌ രാഷ്ട്രീയം തുപ്പുക പോലും ചെയ്തു. ചിലരുടെ ഇഷ്ടവും ഇഷ്ടക്കേടും രുചിച്ചു.

ചില ഭ്രാന്തുകൾ അങ്ങനെ മാറിക്കിട്ടും. പുതിയ ചിലത് കണ്ടെത്താനുള്ള സാധ്യതകൾ തെളിയുകയും ചെയ്യും.

മറ്റു ചിലപ്പോള്‍ വല്ലാതെ മടുക്കും. നന്നായി പണിയെടുത്ത് ജീവിയ്ക്കാമെന്ന് ഉറപ്പിയ്ക്കും. ഭൂമി മുഴുവനും നടന്ന് മരങ്ങൾ നടണമെന്ന് തോന്നും.

മറ്റു ചിലപ്പോള്‍ അക്കൌണ്ട് ഡീ ആക്ടിവെറ്റാക്കി ആത്മഹത്യ ചെയ്യും. ആ മരണാവസ്‌ഥ അധികനാൾ നിൽക്കില്ല.
'നിനക്കുവേണ്ടിയെന്ന'  ആമുഖത്തോടെ ഓരോവട്ടവും പുനര്‍ജനിയ്ക്കും:

ഞാൻ, 
നിന്നെ സ്നേഹിക്കാതിരുന്ന ദിവസങ്ങളിലൊന്നും 
ഈ ഭൂമിയിൽ 
ജീവിച്ചിരിപ്പില്ലായിരുന്ന 
ആ ഒരാൾ.
-എന്ന് ആരുടെയെങ്കിലും സ്നേഹത്തിനുവേണ്ടി യാചിയ്ക്കും. ആരെങ്കിലും ഒരാൾക്ക് അത് തന്നോടാണെന്ന് തോന്നണം! 


ഇനി പരിചയപ്പെടണം എന്നുണ്ടോ എന്നെ?

റയിൽവേസ്റ്റേഷൻ റോഡിലുള്ള ആ ചെറിയ പുസ്തകക്കടയില്ലേ, അവിടെ വന്നാൽ മതി. അത് എന്റെ കടയാണ്. ചിലപ്പോഴൊക്കെ കട അടച്ചിട്ടുണ്ടാകും. അടുത്ത ചിലയിടങ്ങളിലേക്ക് യാത്ര പോകുന്നതാണ്.

ഇൻഡോനേഷ്യൻ ദ്വീപുകളിലും യൂറോപ്യൻ നാടുകളിലും സഞ്ചരിയ്ക്കണം എന്നാണ് ആഗ്രഹം. സ്പെയിനിലൂടെ സൈക്കിളോടിയ്ക്കുക, ബാലിയിൽ വീട് വെച്ചു താമസിയ്ക്കുക. ഓരോ നാട്ടിലും ചെന്ന് അവരുടെ ഭാഷയിൽ സംസാരിയ്ക്കുക.

താൽക്കാലമിപ്പോൾ  ഒരു ബസ്സിലോ ലോക്കൽ ട്രെയിനിലോ  അടുത്ത എവിടെയെങ്കിലും ചെല്ലും. എവിടെയാണെന്ന് പെട്ടെന്നാർക്കും മനസ്സിലാകാത്ത ആംഗിളുകളിൽ ആ പ്രദേശത്തിന്റെ ചിത്രങ്ങൾ എടുത്ത് മടങ്ങും. ചില വാക്കുകളിൽ ഒളിപ്പിച്ച് അവ ശാന്തനുവിന്റെ യാത്രകളാക്കും.
അത് കണ്ട്  ഒരസാധാരണയിടമെന്ന് ആർക്കെങ്കിലും തോന്നും.

'ബ്രോ, അടുത്ത തവണ നമുക്കൊന്നിച്ചൊരു ട്രിപ്പ് പോണം!!' എന്ന് ആ  ചങ്ങാതി പറയുകയും ചെയ്യും! 

എന്നാലും കാണണം എന്നുണ്ടെങ്കിൽ, ഒരു ദിവസം നമ്മൾ കണ്ടുമുട്ടാതിരിയ്ക്കില്ല. കണ്ണടയ്ക്കിടയിലൂടെ ഞാൻ നിന്റെ കണ്ണിൽ നോക്കാതിരിയ്ക്കില്ല. സംസാരിച്ചു തുടങ്ങുമ്പോൾ കുറച്ചധികം വിക്കുണ്ടോ എന്ന് തോന്നും. ഒരു ജീവിതകാലം മുഴുവൻ സംസാരിയ്കേണ്ടവരാണ് നമ്മളെങ്കിൽ ആ വിക്ക് ഒരു നിമിഷം കൊണ്ട് മാറും. അല്ലായെങ്കിൽ, ഞാനങ്ങനെ വിക്കിക്കൊണ്ടേയിരിക്കും. 
:-)

അപ്പോൾ എങ്ങനെയാണ് ബ്രോ, ഇന്നൊരു ഒരു ബോട്ടിംഗ് ആയാലോ? തണുത്ത ബിയർ കുടിച്ച് പാതിരാ വരെ അലഞ്ഞാലോ?
അല്ലെങ്കിൽ അവൾക്ക് ഒരു മഴ കൊണ്ട് കൊടുക്കാൻ വേനലിന്റെ ബസ്സ് പിടിച്ച് പോയാലോ?! 
;-)
Wednesday, March 22, 2017

മനോന്മണി

വിശാഖം എന്ന രാജ്യത്തെ രാജാവിന്റെ മകളായിരുന്നു മനോന്മണി. എപ്പോഴും ദുഖിതയായിരുന്ന ആ പെൺകുട്ടി. ആഴക്കടലുകളായിരുന്നു അവളുടെ കണ്ണുകൾ.
കാലം കഴിഞ്ഞു പോകെ, ആ രാജ്യത്ത് മഴ പെയ്യാതെയായ്.

എന്താണ് കാരണമെന്ന് രാജാവ് മഹർഷിമാരോട് അന്വേഷിച്ചു.
ദേശത്ത് എത്തുന്ന കാർമേഘങ്ങളെല്ലാം  മനോന്മണിയുടെ കണ്ണുകൾ കണ്ട് മോഹിച്ച് അവളുടെ ഹൃദയത്തിൽ ഒളിച്ചിരിക്കുകയാണത്രെ!
പെയ്യാതെ, പൊഴിയാതെ അവയിങ്ങനെ അവിടെ നിറഞ്ഞു നിൽക്കുകയാണത്രെ!

എന്താണൊരു പരിഹാരമെന്ന് രാജാവ് ഉപായം ആരാഞ്ഞു.

മനോന്മണിയുടെ ഹൃദയം കവരാൻ ഒരു യുവാവ് വന്നെന്നത്തണം. മഹർഷിമാർ പറഞ്ഞു.

പക്ഷേ സ്നേഹം പരസ്പരം പങ്കുവെച്ച് തുടങ്ങുമ്പോൾ തന്നെ ആ യുവാവിന്റെ അവസാനിയ്ക്കാത്ത യാത്ര ആരംഭിയ്ക്കുകയായ്; യാതനകൾ തുടങ്ങുകയായ്. 

കേട്ടറിഞ്ഞ ആരും  മനോന്മണിയെ തേടി വന്നില്ല.
വന്നവരിലൊന്നും അവൾക്ക് പ്രിയം തോന്നിയതുമില്ല.

അങ്ങനെയിരിക്കെ സഹ്യദേശത്ത് നിന്ന് ആനന്ദൻ എന്നൊരു ചെറുപ്പക്കാരൻ മനോന്മണിയുടെ രാജകൊട്ടാരത്തിലെത്തി.
ആദ്യകാഴ്ചയിൽ തന്നെ അവർ പ്രണയികളായ്.

അപ്രതീക്ഷിതമായ് വന്നുചേർന്ന ചില കാരണങ്ങൾ കൊണ്ട് ആനന്ദന്
മറ്റൊരു ദേശത്തേക്ക് യാത്ര പുറപ്പെടേണ്ടതായ് വന്നു.
അയാൾ ഉടൻ തിരിച്ച് വരുമെന്ന് ഉറപ്പിച്ച് മനോന്മണി രാജകൊട്ടാരത്തിൽ തന്നെ കഴിഞ്ഞു.

ആനന്ദന്റെ അവസാനിയ്ക്കാത്ത യാത്രകളുടെ തുടക്കം.
ഗതികെട്ട ഒരു ജീവിതമെന്ന് അയാളെ അറിയുന്ന പലരും കരുതി.

മനോന്മണി അയാളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരുന്നു.
മനസ്സ് കൊണ്ട് അയാളുടെ യാത്രകൾ, യാതനകൾ, കാഴ്ചകൾ, അനുഭവങ്ങൾ, ആഹ്‌ളാദങ്ങൾ, അറിവുകൾ എല്ലാം പങ്കിട്ടു.

അവളിലെ ദുഃഖങ്ങൾക്ക്, ഉത്കണഠകൾക്ക്, ഭീതികൾക്ക്, അവയിൽ നിന്നെല്ലാമായ് ഉയർന്നുവന്ന ആയിരമായിരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിത്തുടങ്ങി.
അവസാനിയ്ക്കാത്ത ദേശാടനത്തിനിടയിലും അയാളും സന്തുഷ്ടനായിരുന്നു. തന്നിലേക്ക്  വന്നുചേർന്ന ഓരോ അനുഭവത്തിലും അയാൾ മനോന്മണിയുടെ സ്നേഹം അറിഞ്ഞു.


'മനോന്മണി സന്തോഷവതിയായ് തീർന്നെങ്കിൽ ആനന്ദന് അവളുടെ അടുക്കലേക്ക് തിരിച്ച് വരരുതോ  മുത്തശ്ശാ ' കൊച്ചുമകൾ ചോദിച്ചു.

'അവളുടെ മനസ്സിൽ ചോദ്യങ്ങൾ പക്ഷേ അവസാനിക്കുന്നില്ലല്ലോ കുഞ്ഞേ !'

'അപ്പോൾ ഒരിയ്ക്കലും മനോന്മണിയും ആനന്ദനും ഒന്നുചേരില്ല എന്നാണോ?'

'അവരെപ്പോഴും ഒന്നിച്ചു തന്നെയല്ലേ!' മുത്തശ്ശൻ പറഞ്ഞു:
'ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും എന്ന പോലെ, ഒരു ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരവും ഉണ്ടെന്ന് പറയുന്നത് പോലെ എപ്പോഴും ഒന്നിച്ച്!'"മനോന്മണി" എന്റെ പേരിന്റെ കഥ പറഞ്ഞു ഞാൻ സ്വയം പരിചയപ്പെടുത്തി: "മുത്തശ്ശനാണ് എനിയ്ക്ക് പേരിട്ടത്."

"എന്റെ പേര് ആനന്ദൻ എന്നല്ല;" അവൻ ചിരിച്ചു:
"അബ്രഹാം എന്ന് വിളിച്ചാൽ മതി എന്നെ "

ബോസ്സിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിലായിരുന്നു ഞങ്ങൾ. നിറയെ വിളക്കുകൾ കത്തിച്ചു വെച്ച ഉല്ലാസനൗകയുടെ മുകളിൽ.
അവൻ പെട്ടന്ന് താഴേക്കു പോയി, തിരിച്ചുവരുമ്പോൾ കൈയ്യിൽ കത്തിയ്ക്കാത്തൊരു മെഴുകുതിരി ഉണ്ടായിരുന്നു

"എന്റെ അപ്പാപ്പൻ പറഞ്ഞു തന്ന കഥയാണ്:" അവന്റെ ഊഴമായിരുന്നു:

"അബ്രഹാം എന്നൊരു സഞ്ചാരിയുണ്ടായിരുന്നു. അയാൾക്ക് വിശേഷപ്പെട്ടൊരു മെഴുകുതിരി കിട്ടി. കത്തിച്ചുവെച്ചാൽ അത് നക്ഷത്രങ്ങളെപ്പോലെ തിളങ്ങും. വെളിച്ചം എല്ലായിടത്തും നിറയും. അതിവിശിഷ്ട്മായ സുഗന്ധം പരക്കും. അയാൾ പലയിടങ്ങളിലും യാത്ര ചെയ്തു. ഒരുപാട് ഇടങ്ങളിൽ വെച്ച് അത് കത്തിയ്ക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. അന്നേരം അയാളുടെ മുന്നിൽ പുണ്യാളൻ പ്രത്യക്ഷപ്പെട്ടു. ഒരിയ്ക്കൽ നീ നിന്റെ പറുദീസയിൽ എത്തും അവിടെ നിന്റെ മെഴുകുതിരിയുടെ പ്രകാശം നിറയും. പുണ്യാളൻ അനുഗ്രഹിച്ചു."

അവൻ കൈയ്യിൽ പിടിച്ച.മെഴുകുതി കത്തിച്ചു, എന്റെ മുന്നിൽ വെച്ചു ! 
വളരെ സാധാരണമായ ഒരു മെഴുകുതിരി- എന്നാലും എനിയ്ക്ക് അതിന്റെ പ്രകാശം അതിവിശിഷ്ടമായ് തോന്നി; ഭൂമി മുഴുവൻ അതിന്റെ  സുഗന്ധം പരക്കുന്നതായും.
"അബ്രഹാം അവന്റെ കൂട്ടുകാരിയോട് ചേർന്നിരിക്കുന്നിടമാണ് അവന്റെ പറുദീസ! "

ചില ജീവിതങ്ങൾ തുടങ്ങുന്നത് കഥകളുടെ ആമുഖത്തോടെയാണ്,
ഞങ്ങൾ പരിചയപ്പെട്ടത്, സുഹൃത്തുക്കളായത്, പ്രിയപ്പെട്ടവരായത്, ഒന്നുചേർന്നത് അങ്ങനെയാണ്. രണ്ട് വർഷങ്ങൾ അങ്ങനെ.

നാളെ ഉച്ചയ്ക്ക് മുൻപ് അവൻ തിരിച്ചു പോകുന്നു. രണ്ടുമൂന്ന് ആഴ്ചകൾ കഴിഞ്ഞു മലേഷ്യയിൽ പുതിയ ജോലിയിൽ ചേരുന്നതിനിടയിൽ ഇന്ത്യയിൽ കുടുംബത്തോടൊപ്പം ഒരു അവധിക്കാലം.

യാത്രപറച്ചിൽ ആഘോഷമാക്കാൻ ഞങ്ങൾ അതിരാവിലെ പുറത്തിറങ്ങി. പക്ഷികൾ ആകാശം നിറയുന്ന സൂര്യോദയങ്ങളാണിവിടെ. എത്ര കണ്ടാലും മതിവരാത്ത തിളക്കമുള്ള മേഘങ്ങൾ.

ഒരു ഇറ്റാലിയൻ ബ്രെയ്ക്ക്ഫസ്റ്റിൽ തുടങ്ങി. പകൽ മുഴുവൻ ഒരു അറബ്‌ മ്യുസിയത്തിൽ. ഉല്ലാസ നൗകകളിൽ ദീപങ്ങൾ തെളിയുന്നത്  കണ്ടുകൊണ്ട് ആദ്യം കണ്ടുമുട്ടിയ ക്രീക്കിൽ. അത് കഴിഞ്ഞു പഞ്ചാബികളുടെ പ്രാർത്ഥനാലയത്തിലും പിന്നെ, നാനാതരം ഉപ്പിലിട്ടതുകൾ വാങ്ങിയ്ക്കാൻ പ്രശസ്തമായൊരു  ലെബനീസ് കടയിലും.

ഒരു അറ്റ്ലസിന്റെ പേജുകൾക്കിടയിലൂടെ രണ്ട് കുഞ്ഞുറുമ്പുകൾ എന്നവണ്ണം നടന്നുപോകാൻ എളുപ്പമാണ് ഈ നഗരത്തിൽ. ഹൃദയത്തിലല്ലാതെ മറ്റൊരിടത്തും എടുത്തു വച്ചിട്ടില്ല ഞങ്ങൾ അതിന്റെ ഓർമ്മച്ചിത്രങ്ങൾ.

ആർത്തിപിടിച്ച്, ഉപ്പിലിട്ടത് കഴിയ്ക്കുന്നതിനിടയിലാണ് അവനോട് ഞാൻ പറഞ്ഞത്:
"ഇന്നാണ് ആദ്യത്തെ സോണോഗ്രാഫി ടെസ്റ്റ്-  8.30 ആണ് അപ്പോയ്ന്റ്മെൻറ്."

അവനത് അത്ര ശ്രദ്ധിച്ചോ എന്നറിയില്ല.
കൂടുതൽ ചോദ്യങ്ങൾ അവനിൽ നിന്ന് ഉണ്ടായതുമില്ല.

അഭിനന്ദനങ്ങൾ പറഞ്ഞുകൊണ്ടാണ് കന്നട കലർന്ന മലയാളത്തിൽ സംസാരിച്ച ഡോക്ടർ തുടങ്ങിയത്.

"ഇതാണ് നിങ്ങളുടെ  21 weeks പ്രായമുള്ള കുഞ്ഞ് !"

അവൻ ബോധം കെട്ട് വീണുവോ എന്ന് ഞാൻ പാളി നോക്കി.
എനിക്ക് കേൾക്കേണ്ടത് അവന്റെ ഹൃദയമിടിപ്പാണ്.

മുത്തശ്ശിക്കഥയോളം പഴക്കമുള്ള  ഓട്ടമത്സരത്തിൽ തോറ്റ മുയലിന്റെ ഭാവമുണ്ടോ അവന്റെ മുഖത്തിനെന്ന് സംശയിച്ചു.

മുത്തശ്ശൻ പറയാറുണ്ടായിരുന്നു:
"അന്ന് ഒരുമിച്ച് ഓടിയ മുയലിനും ആമയ്ക്കും ജെൻഡർ ഡിഫറൻസും ഉണ്ടായിരുന്നു. മുയൽ ഒരു ആണും ആമ ഒരു പെണ്ണും ആയിരുന്നു. വേഗത്തിലങ്ങു സ്നേഹിച്ചു ജയിക്കാമെന്ന അവന്റെ ആത്മവിശ്വാസത്തെ അവളെന്നും  തോൽപിച്ചു കൊണ്ടേയിരുന്നു. അവനൊന്ന് ഉറങ്ങിയെഴുന്നേറ്റു ചിന്തിച്ചു തുടങ്ങുമ്പോഴേക്കും അവൾ ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിട്ടുണ്ടാകും, ജീവിതത്തിൽ."

'റീത്തയുടെ മെഡിസിൻ പഠനത്തെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും, പഠനം കഴിഞ്ഞാൽ അവരൊരുമിച്ച് മലേഷ്യയിലുള്ള അവളുടെ കുടുംബത്തോടോപ്പം അവിടെ സ്ഥിരതാമസം ആക്കുമെന്നും'  അബ്രഹാം എന്നോട് പറഞ്ഞിരുന്നു.

"നിനക്ക് എപ്പോൾ വേണമെങ്കിലും എന്റെ സ്നേഹത്തിൽ നിന്ന് സ്വതന്ത്രനായ്‌ക്കൂടേ "
എന്ന് ഞാനെപ്പോഴും അവനെ പ്രോത്സാഹിപ്പിക്കുകയും    ചെയ്തു.

ഒരു വൈകുന്നേരം  ഞങ്ങളുടെ ബാൽക്കണിയിൽ ഇരുന്ന് റീത്തയുടെ "ഗ്രാജുഷേൻ സെറിമണിയുടെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകൾ ലൈക്ക്" ചെയ്യുന്നതിനിടെയാണ് എന്റെ മനസ്സിൽ അത് തോന്നിത്തുടങ്ങിയത്:

"അവന്റേതായി ഭൂമിയിൽ പിറക്കാൻ പോകുന്ന ആദ്യത്തെ കുഞ്ഞ് എന്നിലൂടെയാവുക!"

ഓഫീസ് വിട്ടു വന്ന് ഗ്രീന്‍ടീയും മധുരമില്ലാത്ത ബിസ്കറ്റുകളുമായ് ഒന്നിച്ചിരിയ്ക്കുകയായിരുന്നു ഞങ്ങൾ.

"മുൻപൊക്കെ രുചിയ്ക്ക്, ഇഷ്ടങ്ങൾക്ക് അനുസരിച്ചായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്. ഇപ്പോഴത്  കലോറി അളന്നും ആന്റിഓക്സിഡന്റുകളുണ്ടോ എന്ന് നോക്കിയുമാണ്."
പലദിവസങ്ങളിലെന്നത് പോലെ അന്നും ഞാനങ്ങനെ പരാതി പറഞ്ഞിരിക്കണം. "നാം കാർബോ ഹൈഡ്രറ്റുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അത്താഴം വിളമ്പുന്നവരായിരിയ്ക്കുന്നു."

നാലഞ്ച്  പൂച്ചട്ടികളും പക്ഷികൾ തടവിലില്ലാത്ത ഒരു കിളിക്കൂടും വിൻഡ് ഛൈയിംസിന്റെ നിലയ്ക്കാത്ത ശബ്ദവും  രണ്ട് മരക്കസേരകളും ചേർന്ന ഞങ്ങളുടെ ബാൽക്കണി.

ധ്രുവനക്ഷത്രങ്ങളിൽ ഇരുന്ന് മനുഷ്യകുലത്തിലേക്ക് നോക്കുന്ന രണ്ടുപേരായ് ഞങ്ങൾ സ്വയം സങ്കല്പിയ്ക്കും.

മനുഷ്യൻ, അവന്റെ ചരിത്രം, അവനിലെ കലാപങ്ങളും കാലുഷ്യങ്ങളും. അവനുണ്ടാക്കിയെടുക്കുന്ന ബന്ധങ്ങൾ, അവന്റെ പലവിധമായ കാമനകൾ , അവന് ഉപേക്ഷിയ്ക്കാൻ കഴിയാതെ പോകുന്ന സ്നേഹസാമീപ്യങ്ങൾ- അതിനെക്കുറിച്ചെല്ലാം സംസാരിച്ചുകൊണ്ടിരിയ്ക്കും.

രാത്രിയിലെ ഇരുട്ടിനപ്പുറത്ത് അടുത്ത കെട്ടിടത്തിലെ മുറികളിൽ പലതുകളിലായ് വെളിച്ചം തെളിഞ്ഞു തുടങ്ങും. അവരറിയാതെ അവരുടെ ജീവിതം ജാലകങ്ങളിലൂടെ കാഴ്ചകളാകും. ഒരു വലിയ ചതുരത്തിലെ ചെറിയ ചെറിയ ചതുരക്കള്ളികളിൽ അവിടെയിവിടെയായ് അടുക്കളകൾ, ഇരിപ്പ് മുറികൾ, കർട്ടണുകളിലെ നിറങ്ങൾ കൊണ്ട് വരച്ചിട്ട കിടപ്പ് മുറികൾ - ഇന്ത്യക്കാരന്റെ, ആഫ്രിക്കന്റെ, ഫിലിപ്പിനോയുടെ, ചൈനക്കാരന്റെ!

അക്ഷാംശ രേഖാംശങ്ങളില്ലാത്ത ഭൂപടം! 

സാധാരണ ഭൂരിഭാഗം അടുക്കളകളിലും കഴുകി തീരാത്ത പാത്രങ്ങളുണ്ടാകും, ആ തിരക്കിലേക്ക് കുട്ടികൾ ഓടിക്കയറിവരും, കുട്ടികളുടെ ആവശ്യങ്ങളിലേക്ക് ഓടിപ്പോകുമ്പോൾ  പാചകം പാതിവെന്ത്‌ നിലയ്ക്കും. ചിലയിടങ്ങളിൽ നിലത്ത് വട്ടമിട്ടിരുന്ന് അതിഥികളായ് തോന്നിപ്പിക്കുന്നവർ ഭക്ഷണം പങ്കിടും. കുട്ടികൾ അവർക്കിടയിൽ പാത്രങ്ങൾ തട്ടിമറിയ്ക്കുന്ന പൂച്ച കുഞ്ഞുങ്ങളായ് പതുങ്ങും. ചില കുട്ടികുസൃതികൾ ബാൽക്കണിയിൽ വന്നു നിന്ന് കൈകൾ വീശികാണിയ്ക്കും. 

അന്ന് പക്ഷേ ഞാൻ ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് ഓർത്തില്ല; അതിർത്തികളില്ലാത്ത രാഷ്ട്രങ്ങളിലേക്ക് കൈകൾ വിരിച്ചു നിന്നില്ല!

വർത്തമാനങ്ങളുടെ ഇടയിലേക്ക് എവിടെ നിന്നില്ലാതെ കുട്ടികൾ ഓടി വന്നു കയറിയിരുന്നു. അവരെത്തന്നെ ശ്രദ്ധിച്ചിരിയ്ക്കാൻ കുസൃതികൾ കാട്ടി.

ഞാൻ മുത്തശ്ശനോട് പോലും പറഞ്ഞില്ല; എന്നോട് പോലും അനുവാദം ചോദിച്ചില്ല.
"എന്നിൽ പിറക്കേണ്ട നിന്റെ ആദ്യത്തെ കുഞ്ഞെന്ന്"  അവനോട് മാത്രം സ്വകാര്യം പറഞ്ഞു.


സോണോഗ്രാഫി കഴിഞ്ഞു മടങ്ങുമ്പോൾ അത്രയും ഓർമ്മകൾ എന്നിൽ ഉണ്ടായിരുന്നിട്ടും,

"എപ്പോൾ സംഭവിച്ചു ഇതെന്ന് ?" അവന്റെ ചോദ്യത്തിന്,

"ആ !" എന്ന് അങ്ങേയറ്റത്തെ നിഷ്കളങ്കത അഭിനയിച്ചു.

"നിനക്ക് പേടി തോന്നുന്നില്ലേ?" അവൻ ചോദിച്ചു: "ഇങ്ങനെ ഒരു കുഞ്ഞിനെയൊക്കെ പ്രസവിച്ച് നാട്ടിലേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് ഒട്ടും പേടി തോന്നുന്നില്ലേ?"

'പേടിയുണ്ടാക്കുന്ന ഒരിടത്തേക്ക് തിരിച്ചു പോകേണ്ട എന്നതാണ് എന്റെ ഏറ്റവും വലിയ ധൈര്യമെന്ന് ' ഞാൻ മനസ്സിൽ പറഞ്ഞു.

ആജ്ഞകളും അനുസരണയുമാണ് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരേയൊരു വഴിയെന്ന് വിശ്വിസിച്ചിരുന്ന ഒരു വീട്ടിൽ നിന്ന് മുത്തശ്ശനാണ് എന്നെ രക്ഷിച്ചത്. മുത്തശ്ശനും മുത്തശ്ശിയും താമസിയ്‌ക്കുന്നിടത്തേയ്ക്ക് അങ്ങനെ ഒരു നാലാംക്ലാസ്സുകാരിയും എത്തി.

"സ്നേഹവും സ്വാതന്ത്ര്യവും"- മുത്തശ്ശൻ പറയും- "just like ice and water. സ്നേഹമായ് ഖനീഭവിയ്ക്കേണ്ട സ്വാതന്ത്ര്യവും സ്വാതന്ത്ര്യമായ് ഒഴുകിപ്പരക്കുന്ന സ്നേഹവും.. ഒന്നിൽ മറ്റൊന്നിലേക്ക് രൂപമാറ്റം മാത്രം സംഭവിയ്ക്കുന്ന ഒരു physical change.. പകരം അത് ബന്ധങ്ങളിൽ ഒരു chemical change ഉണ്ടാക്കുമെന്ന ഭയത്തിലാണ് നമ്മളൊക്കെ സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും ഇടയിൽ ഇത്ര കടുംപിടുത്തക്കാരാകുന്നത്! കണ്ണുതെറ്റാതെ അതിന് കാവലിരിയ്ക്കുന്നത്!"

ഞാൻ എത്തുമ്പോഴേയ്ക്കും മുത്തശ്ശി അവശയായ് കഴിഞ്ഞിരുന്നു. മുത്തശ്ശൻ ഞങ്ങൾക്ക് വേണ്ടി പാചകം ചെയ്തു. വീട് വൃത്തിയാക്കി. പുസ്തകങ്ങൾ വായിച്ചു തന്നു. മുത്തശ്ശിയ്ക്കും എനിയ്ക്കും നെറ്റിമേൽ എന്നും വലിയ പൊട്ടുകൾ വച്ചു.
"രുചികൊണ്ടല്ല വിശപ്പുകൊണ്ട്  ഭക്ഷണം കഴിക്കണമെന്ന്" തത്വം പറയുമ്പോഴും,
"ഉപ്പുമാവും പാൽചായയും മുത്തശ്ശിയുടെ പാകത്തിന് ആയില്ലെന്ന് " സങ്കടപ്പെടും; "അന്ന് നീ വെച്ച തക്കാളിക്കറിയെന്ന് " ഏതൊക്കെയോ മൺകലത്തിൽ നിന്ന് ഓർമ്മകളുടെ വേവു നോക്കും.

"എനിയ്ക് മുത്തശ്ശനെപ്പോലെ ഒരുപാട് പുസ്തകങ്ങൾ ഒന്നും വായിക്കാനുള്ള ക്ഷമയില്ലല്ലോ " എന്ന് ഞാൻ പരാതിപ്പെടുമ്പോഴൊക്കെ,
"അപ്പോൾ പിന്നെ മനസ്സിൽ എന്ത് തോന്നിയാലും , അവനവന്റെ സൃഷ്ടിയാണെന്ന ആത്മവിശ്വാസത്തിൽ പറഞ്ഞുപോകാം.. അല്ലെങ്കിൽ പറയാൻ തോന്നുന്നതെന്തും മുന്പൊരാൾ പറഞ്ഞതിന്റെ ഉദ്ധരണികൾ മാത്രമാണെന്നൊരു നിരാശ തോന്നും." -മുത്തശ്ശൻ സമാധാനിപ്പിയ്ക്കും.

മുത്തശ്ശി മരിച്ചപ്പോൾ എന്നെ ബോർഡിംഗ് സ്‌കൂളിലാക്കി എങ്ങോട്ടോ പോയി, മുത്തശ്ശൻ .

"ആരും ചോദിയ്ക്കാനും പറയാനുമില്ലാത്തതിന്റെ സ്വാതന്ത്യ്രം! അതിന്റെയൊരു  സുഖം ഒന്ന് വേറെ തന്നെയാ!" എന്ന് കൂട്ടുകാരികൾ അസൂയപ്പെട്ടു.

അപരിചിതരോട് ഞാൻ എളുപ്പം കൂട്ടുകൂടി. അവർ പരിചിതരാകുന്തോറും ഭൂതകാലത്തിൽ ഏതെല്ലാം ഇടങ്ങളിൽ അവരെ ഓർത്തുവയ്ക്കണം എന്ന് പ്രയാസപ്പെടുകയും ചെയ്തു. മറ്റൊരാളുടെ മൂക്കിൻ തുമ്പിലവസാനിയ്ക്കുന്ന എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചു  ഞാൻ ഖേദിച്ചു. അതേ സമയം എന്റെ ഒരു മീറ്റർ ചുറ്റളവിൽ അവസാനിയ്ക്കുന്ന മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചോർത്ത് സമാധാനിയ്ക്കുകയും ചെയ്തു.

ഒറ്റയ്ക്കാണെന്ന് പക്ഷേ, ഒരിയ്ക്കലും എനിയ്ക്ക് തോന്നിയിരുന്നില്ല.
മുത്തശ്ശൻ പറയാറുണ്ടായിരുന്നു:

"ഒന്ന് കണ്ണടച്ച്, ചുറ്റിലും തിരക്ക് പിടിച്ച് പായുന്ന അനേകം മനുഷ്യരെക്കുറിച്ച്  ചിന്തിച്ചു നോക്കൂ- നമ്മളോടൊപ്പം യാത്രചെയ്യുന്നവർ, നമുക്ക് വേണ്ടി റോഡുകൾ പണിയുന്നവർ, നാം കഴിയ്ക്കാൻ പോകുന്ന ആഹാരത്തിനു വേണ്ടി കൃഷി ചെയ്യുന്നവർ, നമ്മുടേതായി മാറുന്ന വസ്ത്രങ്ങൾ തയ്ക്കുന്നവർ, നമുക്ക് പാടി കേൾക്കാനൊരു പാട്ടെഴുതുന്നവർ-ആരെല്ലാമുണ്ട് നമ്മളിലേക്ക് ചേർന്ന് നിൽക്കുന്നവർ!!അപ്പോൾ പിന്നെ നമ്മൾ എങ്ങനെയാണ്  ഒറ്റയ്ക്കാവുക?"

"എവിടെയായാലും   മനുഷ്യനെ ചേർത്തുകെട്ടുന്ന അനേകമനേകം അദൃശ്യമായ ചരടുകൾ. എന്നിട്ട് പരസ്പരം അറിഞ്ഞു കഴിയുമ്പോൾ , ഒരുവനെ അവന്റെ അധീനതയിലല്ലാത്ത നിറം, ഗോത്രം, ദേശം, പൂർവ്വ ചരിത്രം എന്നിവ കൊണ്ട്  തരംതിരിക്കാനും അധിക്ഷേപിയ്ക്കാനും കഴിയുന്ന ജീവിവർഗ്ഗം. അവനുള്ളതൊന്നും പങ്കുവയ്ക്കാൻ തയ്യാറാകാത്ത മനുഷ്യൻ, അവന്റെ ദൈവം മാത്രം എല്ലാവരുടെയും ആകണമെന്ന് ആഗ്രഹിക്കും. അങ്ങനെയല്ലെങ്കിൽ പരസ്പരം വിദ്വേഷിയ്ക്കും. ദൈവങ്ങളെക്കുറിച്ച് പറയുന്നിടത്തെല്ലാം മനുഷ്യരെക്കുറിച്ച് കൂടിയാണ് പറയുന്നത് എന്ന്  നമ്മൾ ഒരിയ്ക്കലും ഓർക്കാറില്ല."

"ചില കരുതലുകൾ വേണം, ഓർമ്മകളേയും മനുഷ്യരേയും തമ്മിൽ ബന്ധിപ്പിയ്ക്കുമ്പോൾ. " അവനും പറയാറുണ്ട്.

ചിലപ്പോൾ എനിയ്ക്കവൻ എന്റെ മുത്തശ്ശനാകും. മറ്റു ചിലപ്പോൾ ഞാൻ അവന്റെ അമ്മയും.
ഞാൻ എന്റെ കാമുകന്റെ ഏറ്റവും നല്ല കൂട്ടുകാരനാണ്. പറുദീസകൾ ഉണ്ടാകുന്നതും അങ്ങനെയാണ്:
അമാനുഷികരല്ലെന്ന് അന്യോന്യം മനസ്സിലാക്കുമ്പോൾ,
സ്നേഹം പങ്കുവെച്ച് ആരുടെയൊക്കെയോ ഉള്ളിൽ മെഴുകുതിരികളായ് സ്വയം ഉരുകുമ്പോൾ,
അവന്റെ ചോദ്യങ്ങൾക്കൊക്കെ അവളൊരു ഉത്തരമാകുമ്പോൾ,
അവന് ഉത്തരം പറയാൻ അവളൊരു ചോദ്യമാകുമ്പോൾ!

'അടക്കവും ഒതുക്കവും ഉള്ള നല്ല പെണ്ണെന്ന്  ഓർമ്മിപ്പിച്ച് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ എളുപ്പം നിഷേധിയ്ക്കാം' എന്ന് അവരിൽ ചിലർ നിങ്ങളോട് പറഞ്ഞിട്ടില്ലേ? എനിയ്ക്ക് തോന്നിയിട്ടുള്ളത് പുരുഷൻ അതിനേക്കാൾ വലിയ ആശയക്കുഴപ്പത്തിലാണ്. അവനിൽ ആരോപിയ്ക്കപ്പെട്ട കരുത്തനാണെന്ന പരിവേഷം. അത് പ്രകടമാക്കാൻ മറ്റൊരു വഴിയും ഇല്ലാത്ത അവൻ അവളോട് സ്നേഹിയ്ക്കാൻ ആജ്ഞാപിയ്ക്കും!
അവളെ ആക്രമിച്ചു കൊണ്ട് അവളിൽ സുഖമന്വേഷിയ്ക്കും!
അവന്റെ ശബ്ദലോകത്തെ ആകെ തകർക്കാൻ കെല്പുള്ള നിശ്ശബ്ദതയിലേക്ക് അവളെ തള്ളിവിടും!
അവളുടെ മുൻപിൽ ധനികനാണെന്ന് കാട്ടാൻ ദരിദ്രരായവരാണ് അവരിൽ പലരും.


"ഒരു ഡ്രിക്സ് കഴിച്ചാലോ ?"  അവൻ അപേക്ഷിച്ചു.
പറഞ്ഞു തീർത്തില്ല , ഇതാ കരുത്തരുടെ ഒരു പ്രതിനിധി!
വിരഹത്തെ, വിഷാദത്തെ, വിപ്ലവത്തെ, വിജയാഘോഷങ്ങളെ- ഒന്നിനെയും അതിന്റെ തനിമയിൽ, തീവ്രതയിൽ സ്വബോധത്തോടെ അനുഭവിച്ചറിയാനുള്ള ധൈര്യം ഇപ്പോഴും കൈവന്നിട്ടില്ല.

ചൈനീസ് പുതുവർഷത്തിന്റെ അലങ്കാരങ്ങൾ അഴിച്ചു വയ്ക്കാത്ത കൗണ്ടറുകളിലിരുന്ന്,
"നിനക്ക്?"  എന്ന അവന്റെ ചോദ്യത്തിന്
"എനിയ്ക്കിതൊക്കെ തന്നെ വീര്യം കൂടിയ ലഹരിയല്ലേ" എന്ന് മറുപടി പറഞ്ഞു.

പിറക്കാൻ പോകുന്ന കുഞ്ഞിനു വേണ്ടി, ഒരിയ്ക്കലും മടങ്ങിവരവുണ്ടാകില്ലെന്നുറപ്പിച്ചു കൊണ്ടുള്ള നാളത്തെ യാത്രയ്ക്ക് വേണ്ടി, 
രണ്ട് വർഷം പരസ്പരം പങ്കിട്ട സ്നേഹത്തിനും കരുതലിനും ശരീരങ്ങൾക്കും വേണ്ടി, എണ്ണം തെറ്റിത്തുടങ്ങിയപ്പോൾ അവ്യക്തമായ മറ്റനേകം കാരണങ്ങൾക്ക് വേണ്ടി അവനെത്തന്നെ ഗ്ലാസ്സുകളിൽ പകർന്ന് ലഹരി ചേർത്ത് കുടിച്ചു.

ഒരുവന്റെ സ്വാതന്ത്ര്യം, അവനുവേണ്ടി ഗ്ലാസ്സുകളിൽ പകർന്നു വച്ച ലഹരിയിൽ അവസാനിയ്ക്കുന്നു. 
ഞാൻ വിശ്വസിയ്ക്കുന്നത് അങ്ങനെയാണ്!

അവനോട് ഇനി സംസാരിച്ചിട്ട് കാര്യമില്ല.
ആൽക്കഹോളിൽ കുതിർന്ന ബ്രൈയിൻ സെൽസിൽ  പതിയുന്ന അവ്യകത ചിത്രങ്ങളായിരിക്കും ഇനി അവന്  ഞാനും എനിയ്ക്ക് അവനുമായ് പങ്കിടാനുള്ളതും.

വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ഒന്നുരണ്ട് എക്‌സിറ്റുകൾ ഞാൻ മനഃപൂർവ്വം തെറ്റിച്ചു. അവൻ സ്വബോധത്തിലായിരുന്നെങ്കിൽ ഈ രാത്രിമുഴുവൻ നഗരം ചുറ്റി ഞാൻ ഡ്രൈവ് ചെയ്തേനേ !

എനിയ്ക്കിതൊക്കെ കോശങ്ങളിൽ കൊത്തിവയ്‌ക്കേണ്ട ഓർമ്മകളാണ്.
അവന് ഒരു പക്ഷേ അങ്ങനെ ആയിരിക്കില്ല. ഇന്നത്തെ ദിവസം ഓർമ്മകളിൽ നിന്ന് മാഞ്ഞു പോകുന്നതാകും അവന്റെ ജീവിതം എളുപ്പമാക്കുക. പല ജീവിതങ്ങൾ അല്ലേ ! ഒരു പാഠപുസ്തകത്തിന്റെ പകർപ്പെടുക്കുന്നത് പോലെ എല്ലാം ഒരുപോലെ ആവില്ലല്ലോ !

വീട്ടിൽ മടങ്ങിയെത്തി, ആ രാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ സംസാരിച്ചിരുന്ന മുത്തശ്ശനും മുത്തശ്ശിയ്ക്കും അപ്പാപ്പനും ഇടയിൽ കിടന്ന് സുഖമായ് ഉറങ്ങി, രാവിലെ അവൻ വന്ന് വിളിയ്ക്കുന്നത് വരെ.

"ശലഭമേ, നീ എന്നിൽ നിന്ന്  സ്വതന്ത്രനാകുന്നു."
ഞാൻ കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കൈകൾ വീശി  യാത്ര പറഞ്ഞു.
അത്രയും ശാന്തമായിരുന്നു എന്റെ മനസ്സ്.

"രാത്രി മുഴുവൻ മഴ പെയ്തെന്നും, മനോന്മണിയുടെ ആകാശത്ത് സൂര്യതേജസ്സ് നിറഞ്ഞുവെന്നും" തുടങ്ങുന്ന പുതിയ ഒരു കഥ മുത്തശ്ശൻ പറഞ്ഞു തുടങ്ങി.

"അവനവനിൽ കത്തിച്ചുവെച്ച മെഴുകുതിരിയ്ക്കാണ് ലോകം മുഴുവൻ പ്രകാശം പരത്താൻ കഴിയുക" എന്ന് അപ്പാപ്പൻ പറഞ്ഞു.

"കോൺഫിഡൻസ് ആണ് ഹീറോയിസം" എന്നും "അവരുടെതാണ് പറുദീസ" എന്നും പുണ്യാളനും പറഞ്ഞു.

"ഒരു മുപ്പത് വർഷം പിന്നിലോട്ട് പോയി, ഒരു ഇടവപ്പാതിക്ക്, കറണ്ട് പോയ സമയത്ത്, മണ്ണണ്ണ വിളക്ക് കത്തിച്ച് വെച്ച്, മൂക്ക് വിടർത്തി ആ മണം വലിച്ചെടുത്ത്, ചോറ് വെന്ത് തിളച്ചുവരുന്നതിലേക്ക് തേങ്ങ ചിരകിയിട്ട്, ഒരിത്തിരി ചക്കപ്പുഴുക്കും കുറച്ച് കൂർക്ക ഉപ്പേരിയും കൂട്ടി ഒരു പാത്രത്തിൽ വിളമ്പി കഴിയ്ക്കുന്ന ഒരു സുഖമുണ്ടല്ലോ. അതാണ് പുണ്യാളാ പറുദീസ" എന്ന് ഞാനും പറഞ്ഞു.

അതൊന്ന് recreate ചെയ്യേണ്ടത് എങ്ങനെയാണ് എന്നത് മാത്രമാണ് ഇപ്പോഴെന്റെ പ്രശ്‍നം.

ഒരു പഴയ ഓട്ടു പിഞ്ഞാണത്തിൽ, മരക്കയ്യിൽ കൊണ്ട്, സ്നേഹമുള്ള ആരോ വിളമ്പി വെച്ച  പറുദീസ!

Saturday, March 4, 2017

അമ്മ,അരുണ,അനിയത്തി

ലോകത്തോട് മുഴുവനും കലഹിച്ചാണ് അനിയത്തി സംസാരിച്ചു തുടങ്ങിയത്. അത്രയ്ക്ക് അരിശത്തോടെയിരിക്കുമ്പോൾ അവൾ അങ്ങനെയാണ് - കേൾക്കുന്നവർക്ക് തുടക്കത്തിൽ ഒന്നും മനസ്സിലാവില്ല; ആരോടാണ്, എന്തുകൊണ്ടാണ് ഈ ദേഷ്യം എന്നൊന്നും. 

പറഞ്ഞു പറഞ്ഞു വന്നപ്പോൾ, ദേഷ്യത്തിന് കാരണമായിരിക്കുന്നത് അച്‌ഛൻ അവൾക്ക്  അയച്ച ചില മെസ്സേജുകൾ.

"ആ ഇഷ്യൂ ഇല്ലേ ഏട്ടാ.. കുറച്ച് ദിവസങ്ങളായി എല്ലാവരുടെയും സംസാരവിഷയം."

"അതിന് അച്ഛനുമായിട്ടെന്താ?"

"ചില വൾഗർ ചിത്രങ്ങളും ജോക്കുകളും എനിയ്ക്കും കിട്ടി; അതും അച്ഛൻ അയച്ചിട്ട്! ഇത് ആദ്യത്തെ തവണയൊന്നും അല്ല. മിക്കദിവസങ്ങളിലും ഉണ്ടാകാറുണ്ട്! ഇതൊക്കെ ഞാൻ എൻജോയ് ചെയ്യുന്നു എന്ന്  അച്ഛൻ കരുതുന്നത് തന്നെ എനിയ്ക്കുള്ള ഇൻസൽട് ആണ് .. സങ്കടം വരികയാ എനിയ്ക് ."

അപ്പോൾ ആ സങ്കടത്തിന്റെ ഇടിവെട്ടിപ്പെയ്യലാണിത്. 
പാവം!

"അപ്രസക്തമായത് അവഗണിയ്ക്കാനാണ് ഒരു സാമൂഹ്യ ജീവി ആദ്യം പഠിക്കേണ്ടത്. ആര് എന്ത് അയച്ചാലും, എഴുതിയാലും, പറഞ്ഞാലും നമ്മുടെ ഒരു basic instinct ഉണ്ടല്ലോ, അതിന് ചേർന്നു പോകുന്നതേ നമ്മൾ മനസ്സിലേക്ക് എടുക്കൂ.  ഓർത്തുവയ്ക്കു- അതൊരു pron video ആണെങ്കിലും, health tips ആണെങ്കിലും, മതപ്രഭാഷണമാണെങ്കിലും, ചാനൽ ചർച്ചയാണെങ്കിലും എന്താണെങ്കിലും. "
ഞാൻ പറഞ്ഞു തുടങ്ങി, കുറെ കാര്യങ്ങൾ അവളോട് പറയാനുണ്ടായിരുന്നു എനിയ്ക്ക്:

"മറ്റൊരാളിന്റെ കോമൺ സെൻസ് അളക്കാൻ സ്വയം ഒരു പരീക്ഷണവസ്തു ആകേണ്ടതുണ്ടോ? പണ്ട് സ്‌കൂളിൽ പോകുമ്പോൾ 'അയാൾ എന്നെ നോക്കി', 'ഒരു കണ്ണ് ഇറുക്കി കാണിച്ചു' എന്നൊക്കെ വന്ന് നീ പരാതി പറയുമ്പോൾ 'നീ അങ്ങോട്ടും നോക്കിയത് കൊണ്ടല്ലേ ഇത്രയും കണ്ടത്' എന്ന് അച്ഛൻ ചോദിക്കാറുള്ളത് ഓർമ്മയില്ലേ? "

" വിഡിയോ എഡിററിംഗും സൗണ്ട് മിക്‌സിംഗും തുടങ്ങി എന്തും  ഉണ്ടാക്കാനുള്ള ഇൻഫോർമേഷനും ആപ്ലിക്കേഷനും  വരെ നമ്മുടെ ഇന്‍റെർ നെറ്റിലുണ്ട്, അതൊക്കെ മനസ്സിലാക്കി ചെയ്യാൻ അറിയുന്നവരുണ്ട്, അവരിൽ പലരും നേരിടുന്ന അതിഭീകരമായ തൊഴിലില്ലായ്മയുണ്ട്, അവരുടെ നൈസർഗികമായ കൗതുകങ്ങൾ ഉണ്ട്.. മനുഷ്യന്‍റെ നഗ്നതയെക്കുറിച്ചുള്ള ചിലരുടെ അബദ്ധധാരണകൾ ഉണ്ട്.. അതിലെല്ലാം ഉപരി തങ്ങൾ ചുമക്കുന്ന വിഴുപ്പ് ചുറ്റിലുമുള്ള എല്ലാവരും ചുമക്കുന്നു എന്ന തോന്നലും- ഇതെല്ലാം ഈ ലോകത്ത് ഉള്ളപ്പോൾ നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന എന്ത് സന്ദേശമായാലും ചിത്രമായാലും; അത് ആരയക്കുന്നതായാലും അത് അർഹിക്കുന്ന അവജ്ഞയും അവഗണനയും കൊടുക്കാൻ നമ്മൾക്ക് കഴിയണം. ന്യൂസ് പൊല്യൂഷൻ ആണ് നമ്മൾ അനുഭവിയ്ക്കുന്നത്- വാർത്താ മലിനീകരണം ! നമ്മളെ പോലുള്ള ഏറ്റവും സാധാരണക്കാരന് അതിനിടയിൽ  സത്യസന്ധമായ് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്- കുറഞ്ഞത്  ഒരു കൗതുകത്തിനായ് പോലും ഇത്തരം വൈകൃതങ്ങളുടെ  ക്യാരിയേഴ്സ് അല്ലാതാവുക."

"രണ്ടാമത്തേത്, അച്ഛന് നിന്‍റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്നത്. ഒരു കഥ പറഞ്ഞു തരാം: ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കഥ. ഭാര്യ എന്നും രാവിലെ ഒരു കെയ്ക്ക് ബെയ്‌ക്ക് ചെയ്യും. കെയ്ക്കിന്റെ പുറം ഭാഗം അല്പം ക്രിസ്പി ആയിരിക്കും. ഉൾവശം നല്ലതുപോലെ പതുപതുത്തത്. ഭാര്യ കെയ്ക്കിന്റെ മാർദ്ദവമുള്ള ഉൾഭാഗം ഭർത്താവിന് കൊടുക്കും, പുറം ഭാഗം അവരും കഴിയ്ക്കും. അവരൊന്നിച്ചിരുന്നാണ് എല്ലായ്‌പ്പോഴും അത് കഴിക്കാറുള്ളത്. പതുപതുത്ത കെയ്ക്കിന്റെ ഭാഗം എത്ര രസമായിരിക്കും എന്ന് കൊതിയോടെ ആലോചിച്ച് , എന്നെങ്കിലും ഒരിയ്ക്കൽ തനിക്കത് കഴിക്കാൻ കഴിഞ്ഞെങ്കിൽ എന്നോർത്താണ് ഭാര്യ എല്ലാ ദിവസവും അത് ഭർത്താവിനായ് വിളമ്പാറുള്ളത്. ഭർത്താവാകട്ടെ കെയ്ക്കിന്റെ മൊരിഞ്ഞ പുറംഭാഗം എത്ര രുചികരമായിരിക്കും എന്നാണ് എല്ലാദിവസവും ആലോചിക്കാറുള്ളത്. രണ്ട് പേരും മറ്റെയാളിന്‍റെ സന്തോഷത്തിനു വേണ്ടി തങ്ങൾ ത്യാഗം ചെയ്യുന്നു എന്നാണ് വിശ്വസിച്ചു കൊണ്ടിരുന്നത്-അവരുടെ ജീവിതകാലം മുഴുവൻ!  ഒരാൾ മറ്റൊരാളുടെ ഇഷ്ടങ്ങളെ കുറിച്ച് പറയുന്നേരമെല്ലാം എനിക്ക് ഈ കഥ ഓർമ്മവരും. രക്ഷിതാക്കൾ ആണെങ്കിലും പങ്കാളി ആണെങ്കിലും തങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ചുമത്തുന്ന ഇഷ്ടാനിഷ്ടങ്ങളെന്ന തെറ്റിദ്ധാരണകൾ. അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞവർ വളരെ ചുരുക്കമാണ്. 'നിനക്ക് ഇഷ്ടമാണെന്ന് കരുതി ചെയ്തത്', 'നിനക്ക് ഗുണകരമാവാൻ ചെയ്തത്'- അങ്ങനെ എത്രയെത്ര അവകാശവാദങ്ങളാണ് പ്രിയപ്പെട്ടവരുടെ ഇടയിൽ,എല്ലാകാലത്തും .. !"

"ഒന്നുകൂടി പറയാം- ഈ കഥ പറഞ്ഞു തന്നതും അച്ഛൻ തന്നെ. നിർഭാഗ്യവശാൽ  തങ്ങൾ പറയുന്ന കഥകളൊക്കെയും മറ്റാർക്കോ മനസ്സിലാക്കാൻ വേണ്ടിയുള്ളതാണെന്ന തോന്നലുള്ള അനേകം പേരിലൊരാളാണ് അച്ഛനും ."

"അതെ അതെ!! അച്ഛൻ പറഞ്ഞു തരാത്ത കഥകൾ ഒന്നും നമ്മുടെ അടുത്ത് ഇല്ലല്ലോ !" അനിയത്തി പരിഹസിച്ചു.

"അച്ഛൻ പറയാറില്ലേ, നമ്മൾ അച്‌ഛന്‌ സുഹൃത്തുക്കളെ പോലെ ആണെന്ന്.. രണ്ട് സുഹൃത്തുക്കൾക്കിടയിലെടുക്കുന്ന സ്വാതന്ത്യ്രം - അത്ര കണ്ടാൽ പോരെ അച്ഛൻ നിനക്കയക്കുന്ന മെസ്സെജുകളെയും ..?"

"സ്വാതന്ത്ര്യം!" അവൾ ഗർജ്ജിച്ചു :

"അച്ഛൻ ഒരു സ്വാതന്ത്ര്യവും നമുക്ക് തന്നിട്ടില്ല; സ്വാതന്ത്യ്രം തരുന്നു എന്ന ഫീലിംഗ് നമ്മിലുണ്ടാക്കി..അത് വിശ്വസിക്കുന്ന മണ്ടന്മാരായി നമ്മളെ വളർത്തുകയും ചെയ്തു! കൂടുതൽ കൂടുതൽ ആകുന്തോറും എനിക്ക് ആക്‌സെപ്റ്റ് ചെയ്യാൻ തോന്നുന്നില്ല അച്ഛനെ !"  അനിയത്തി വിതുമ്പി:

"പണ്ട് നടന്ന ചിലതൊക്കെ ഓർമ്മവരികയാ..
ആക്‌സിഡന്റലി നടന്നതാണെന്ന് അപ്പോഴൊക്കെ തോന്നി..
അല്ലെന്ന് ഇപ്പോൾ മനസ്സ് പറയുന്നു.. ഭയം തോന്നുന്നു; വല്ലാത്ത വെറുപ്പും..he is a very intelligent type of maniac"

അതൊരല്പം കടുത്തു പോയില്ലേ എന്ന് ഖേദം തോന്നി എനിയ്ക്ക്. അവൾക്ക് ദേഷ്യം വന്നാൽ അങ്ങനെയാണ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടുക എന്നില്ല.അവൾ മാത്രമല്ല; പലരും അങ്ങനെയാണ്. 


"നമ്മുടെ ശീലം അതാണ്." ഞാൻ അവളോട് പറഞ്ഞു:

"ഒരാളോട് അനിഷ്ടം തോന്നുമ്പോൾ നമുക്ക് സങ്കല്പിയ്ക്കാൻ കഴിയുന്ന തിന്മകൾ മുഴുവൻ നമ്മൾ അയാളിൽ ആരോപിയ്ക്കും.. നമ്മുടെ ചിന്തകൾ, ഇന്ന് നമ്മളിലേക്കെത്തുന്ന വാർത്തകൾ, നമ്മൾ പറയുന്ന കഥകൾ എല്ലാം ഇത്ര മലിനമാകുന്നത് അതുകൊണ്ടാണ്. "

മനുഷ്യന് എപ്പോഴും ആരാധിക്കാൻ ഒരു വീരനായകൻ  വേണം; അല്ലെങ്കിൽ കഠിനമായ് വെറുക്കാൻ സങ്കല്പത്തിലെങ്കിലും, ഒരു ശത്രു! അതിനു വേണ്ടി മാത്രമാണ് മനുഷ്യൻ ദൈവങ്ങളെയും സാത്താൻമാരെയും സൃഷ്ടിച്ചത്!

"തെറ്റു ചെയ്യില്ല; ചെയ്യുന്നതൊന്നും തെറ്റല്ല എന്നൊരു തോന്നൽ എല്ലാവരിലും ഉണ്ടാക്കിയെടുത്താ മതി.. ഒരു സൂപ്പർ ഹീറോ പരിവേഷവും ആളുകളുടെ സപ്പോർട്ടും മതി നമ്മുടെ സൊസൈറ്റിയിൽ എന്തിനും ഒരു മറയാകാൻ !"

"നീ പറയുന്നതിന് മറ്റൊരു വശം കൂടിയുണ്ട്." ഞാൻ അവളോട് പറഞ്ഞു:
"രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അണികളും ഇല്ലേ? ഒരു കാലം വരെ അവർ അവരുടെ ചില നേതാക്കന്മാരെ അന്ധമായ് വിശ്വസിയ്ക്കും. അവർ പറയുന്ന അതിരിൽ അവസാനിയ്ക്കുന്നു ലോകമെന്ന്‌ പോലും കരുതി നടക്കും. ഒരിയ്ക്കൽ ആ വിശ്വാസത്തിൽ നിന്ന് പുറത്ത് വന്നുകഴിഞ്ഞാൽ, പിന്നെ ആ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളികളും വിമർശകരും അവരായിരിക്കും. അങ്ങനെ ഒന്നിന്റെ ഭാഗമായിരുന്നു ഒരിയ്ക്കൽ എന്നോർക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്ന തരത്തിലേക്ക് വരെ അത് മാറും. അച്ഛ്ന്റെയും നമ്മുടെയും ഇടയിൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ ആണ് ..അത് മാത്രമേ ഉള്ളൂ.... ' Intelligent type of maniac' എന്നും ' ലോകത്ത് എത്ര കോടി  ബീജങ്ങൾ ഉണ്ടായിരുന്നു, അതിൽ എന്റെ ക്രോമസോമിൽ ഇത് തന്നെ വന്നല്ലോ' എന്നൊക്കെ പറഞ്ഞു അധഃപതിക്കുന്നതിലേക്ക് നിന്നെ എത്തിച്ചതും അതേ കാരണം തന്നെ ! കോൺറ്റാക് ലിസ്റ്റിൽ നമുക്ക് അച്ഛനെ ബ്ലോക്ക് ചെയ്യാം.. പക്ഷേ  ചിന്തകളിൽ അച്ഛനിൽ നിന്ന് എപ്പോഴും മെസ്സേജുകൾ ഫോർവേഡായി നമുക്ക് വന്നുകൊണ്ടേയിരിക്കും!ജീവിതത്തോട് ചിലത് പറയാൻ ഇപ്പോഴും നമ്മൾ inspired ആകുന്നത് അതിൽ നിന്നാകും. "

"inspired എന്ന വാക്കും hijacked എന്ന വാക്കും തമ്മിൽ ഒരുപാടന്തരം ഉണ്ട്..നമ്മുടെ ചിന്തകളെ ഹൈജാക്ക് ചെയ്യുകയാണ് അച്ഛൻ ചെയ്തത്.ഏട്ടൻ പറഞ്ഞ ഈ രാഷ്ട്രിയക്കാരെപ്പോലെ...! നമ്മുടെ മാത്രമല്ല ചുറ്റിലുമുള്ള അനേകം ജീവിതങ്ങളെ പ്രതിഭാശാലിയാണെന്ന പരിവേഷം കൊണ്ട് ഹൈജാക്ക് ചെയ്തിട്ടുണ്ട് അച്ഛൻ. ഞാനിപ്പോ എപ്പോഴും അമ്മയെക്കുറിച്ചോർക്കും..  " അവൾ കരയുന്നത് കേട്ടു:

"അമ്മയ്ക്ക് കൊടുക്കാതെ നമ്മുടെ അടുത്ത നിന്ന് അച്ഛൻ തട്ടിപ്പറിച്ചെടുത്ത നമ്മുടെ സ്നേഹത്തെക്കുറിച്ചോർക്കും.. "പോട്ട് പുല്ലേ" എന്ന് നിഷ്കരുണം തങ്ങളുടെ ജീവിതത്തോട്  പറഞ്ഞ ചിലരും ചില സീനുകളിൽ നമ്മുടെ ഹീറോകളാകും..നമ്മുടെ കയ്യടി നേടും..അമ്മയെക്കുറിച്ച് എനിക്കിപ്പോ അങ്ങനെയാ തോന്നുന്നേ !ചില കാര്യങ്ങൾ കൂടുതൽ വ്യക്തമാവുക നിശബ്ദമായ് പറയുമ്പോൾ മാത്രമാണ് എന്ന് തോന്നിപ്പോകുന്നു ."

" പക്ഷേ, ആ നിശബ്ദതയ്ക്കു ഒരു പ്രശ്നമുണ്ട് " ഞാൻ പറഞ്ഞു:
"അത് നമ്മുടെ ജീവിതത്തിന്റെ പിന്നിലായേ സഞ്ചരിയ്ക്കൂ.. വൈകിയേ  നമ്മളിൽ എത്തൂ."

ഞങ്ങളുടെ വീട്ടിലെപ്പോഴും അച്ഛൻ മാത്രം സംസാരിച്ചു കൊണ്ടിരുന്നു. കുട്ടികളും വന്നുചേരുന്നവരും അച്ഛനെ മാത്രം കണ്ടു. അച്ഛന്റെ കുട്ടികളായ് മാത്രം ഞങ്ങളെ എല്ലാവരും അറിഞ്ഞു. 

അതിനിടയിൽ പത്രവാർത്തകളറിയാത്ത, പുസ്തകങ്ങൾ വായിക്കാത്ത, സാധാരണമായ കറികളുണ്ടാക്കുന്ന, വീട്ടു സാധനങ്ങൾ ഒരേയിടത്ത് അടുക്കിപ്പെറുക്കി വയ്ക്കുന്ന വളരെ അപ്രസക്തമായ ഒരു സാന്നിധ്യമായിരുന്നു അമ്മ. വീടിനുള്ളിൽ, അതിൽ ജീവിയ്ക്കുന്നവരുടെ ചലനങ്ങളും ശബ്ദവും കൊണ്ട് വരച്ചിട്ട മറ്റൊരു വീട് . അത്രയും നിശബ്ദമായിരുന്നു ആ ജീവിതം. മരണം പോലും ആരും ഓർക്കാത്ത  അത്രയും നിശബ്ദം.

"എന്നിട്ടിപ്പോ 'എന്റെ പ്രിയതമയെക്കുറിച്ച്' എന്ന് സോഷ്യൽ മീഡിയയിൽ ഓർമ്മകൾ പങ്കിടും.. മരിച്ചുപോയവരെ എല്ലാവരും ചേർന്ന് സ്നേഹിച്ച് കൊല്ലും! എന്നിട്ട് അച്ഛന്‍ ആ എഴുത്തു മുഴുവൻ എനിക്കയച്ചു തരും..എന്തിന് ! അതിന്റെ സാഹിത്യഭംഗി കാണാൻ!" അനിയത്തി പറഞ്ഞുകൊണ്ടേയിരുന്നു:

"ചില വാക്കുകൾ കൊണ്ട് ഇൻസ്പെയർ ചെയ്യാം ഒരാളെ എങ്കിൽ, അയാളെ മറ്റു ചില വാക്കുകൾ കൊണ്ട് ആഴത്തിൽ മുറിവേല്പ്പിക്കുകയും ചെയ്യാം  ."

"വാക്കുകൾ കൊണ്ട് എളുപ്പം മുറിവേല്ക്കുന്നവരാണ് നമ്മളെങ്കിൽ വേദനിയ്ക്കാനുള്ള കാരണങ്ങൾ ഒരുപാട് ഉണ്ടാകും, എല്ലായ്‌പ്പോഴും." ഞാൻ ഓർമ്മിപ്പിച്ചു.

"മരിച്ചു എന്നറിയുമ്പോൾ അല്ലെങ്കിൽ ഒരാൾ മരിക്കാൻ പോകുന്നു എന്നറിയുമ്പോൾ പെട്ടന്ന് എവിടെ നിന്നാണ് എല്ലാവർക്കും ഈ സ്നേഹവും കരുതലും വരുന്നത്? എന്താ, ഒരാൾ മരിച്ചു പോകില്ല എന്നുറപ്പു കിട്ടിയതുകൊണ്ടാണോ ജീവിതകാലത്ത് അയാളെ വിദ്വേഷിക്കുന്നതും അവഗണിക്കുന്നതും? ഒരാൾക്ക് അപ്പോൾ  കിട്ടിയ സ്നേഹവും പരിഗണനയും സ്വീകാര്യതയും മതി മരണശേഷവും!.."

ചില പ്രഭാതങ്ങളിൽ , പൊട്ടിയ ചുണ്ടുകളും വീർത്ത കവിളുകളും നീലിച്ച ചുമലുകളുമായ് അമ്മയെ കാണാറുണ്ടായിരുന്നപ്പോഴൊന്നും ഞങ്ങൾ അന്വേഷിച്ചില്ല, എന്ത് പറ്റിയെന്ന് ? അമ്മ സന്തോഷവതിയാണോ എന്ന് ഒരിയ്ക്കലും ഞങ്ങൾ ചോദിച്ചില്ല. അമ്മ സൗഖ്യമായിരിക്കുന്നുവോ എന്ന് ഒരിയ്ക്കലും അറിയാൻ ആഗ്രഹിച്ചില്ല.

'ജീവിതം ഒഴികെ മറ്റെല്ലാം അവൾക്കുണ്ടായിരുന്നു' എന്ന് ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോൾ ആർക്കും തോന്നാറില്ല, ഒരു അസ്വാഭാവികതയും! അത്ര അപ്രസക്തമായ് ഒരു ജീവിതം മാറിപ്പോകുന്നത് എങ്ങനെ എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ഉള്ള് പൊള്ളിപ്പോകും!


സ്നേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ എനിക്കുമുണ്ടായിരുന്നു ഒരുപാട്. അരുണ എന്നോട് സ്നേഹമാണെന്ന് പറഞ്ഞപ്പോഴൊക്കെ ഞാൻ ശരീരം എന്ന് മാത്രം കേട്ടു. അങ്ങനെ അല്ലാതെ ഒരു സ്ത്രീയുടെ സ്നേഹം സ്വീകരിയ്ക്കേണ്ടത് എങ്ങനെ ആണെന്ന് എനിയ്ക്കും അന്ന്  അറിയില്ലായിരുന്നു. അപരിചിതമായിരുന്നു അതിനപ്പുറമുള്ളതെല്ലാം. മനസ്സിലാക്കാൻ വിഷമമായിരുന്നു അവൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞതെല്ലാം.

"ഒരാളുടെ ശരീരം പങ്കിടാൻ  എന്നതിനേക്കാൾ സുഖകരമായ അനുഭവം അയാളുടെ മനസ്സ് പങ്കിടാൻ ഒരാളുണ്ടാവുക എന്നതാണ്! " അരുണ പറയാറുണ്ടായിരുന്നു:
"സ്ത്രീ എന്നത് അവളുടെ മനസ്സും കൂടിയാണ് ,"

"അപ്പോൾ പുരുഷനോ? അവനു മനസ്സ് എന്ന ഒന്നില്ലേ? " ഞാൻ ചോദിച്ചു.

"ഉണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് . ഇല്ലെന്നൊരു തോന്നൽ ഈ ലോകത്തിന് ഉണ്ടാക്കിക്കൊടുത്തത് നിങ്ങളിൽ ചിലർ തന്നെ!"

'ഒരു പെണ്ണിന്റെ സ്നേഹം മഗ്ഗല്ലന്റെ യാത്ര പോലെയാണ്.. ഭൂമി മുഴുവനും ചുറ്റിവന്ന് അവളിൽ തന്നെ അവസാനിയ്ക്കും അവളുടെ സ്നേഹത്തെക്കുറിച്ചുള്ള അന്വേഷണം.. ഒരു പുരുഷന് അവളുടെ ശരീരത്തെ തൃപ്തിപ്പെടുത്താൻ കഴിയും എന്നെല്ലാതെ  ഒരു പെണ്ണിനെ അവൾ ആഗ്രഹിക്കുന്നവണ്ണം സ്നേഹിക്കാൻ അവൾക്കേ കഴിയൂ..'

അച്ഛൻ പറയാറുണ്ടായിരുന്നു. അത് വിശ്വസിക്കാനും എളുപ്പമായിരുന്നു. അരുണയുടെ സ്നേഹത്തെ അതു പറഞ്ഞാണ് ഉപേക്ഷിച്ചത്, അന്ന്!

അവളുടെ വിവാഹശേഷം  എവിടെയാണെന്ന് പോലും അറിയാതെ കുറേക്കാലം. അതിനിടയിൽ, കാലങ്ങൾ കഴിഞ്ഞും ആരെ പരിചയപ്പെട്ടാലും അവളെ മാത്രം ഓർമ്മ വരുന്നു എന്നായപ്പോൾ, പെണ്ണിന്റെ മാത്രമല്ല; ആണിന്റെ സ്നേഹവും മഗ്ഗല്ലന്റെ യാത്രയാണെന്ന് ബോധ്യമായ് - ആദ്യം പ്രണയം പറഞ്ഞവളിൽ തിരിച്ചെത്തുന്ന നാവികനാണ് അവനും.


അതിനെക്കുറിച്ച് പറഞ്ഞു , ഇന്റർനെറ്റിൽ  പരിചയം പുതുക്കിയപ്പോഴും; "നിന്നെ ഇഷ്ടമാണ് എനിക്ക് ഇപ്പോഴും" എന്ന് അവളെന്നെ ഓർമ്മിപ്പിച്ചു. 

അനിയത്തിയുടേയും കൂട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾക്കിടയിൽ നിന്ന് അവളെക്കുറിച്ച്, അവളുടെ ഭർത്താവിനെ കുറിച്ച്  അത്രയൊന്നും സുഖകരമല്ലാത്ത പല കഥകളും കേട്ടു.

അവളുടെ ജീവിതവും അമ്മയുടേത് പോലെ നിശബ്ദമായ് പോയേക്കാമെന്നറിഞ്ഞപ്പോൾ,
"മതി. ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാം "എന്ന് ആവേശം കാട്ടി:
"നിന്നെ  സ്നേഹിയ്ക്കാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ലല്ലോ പിന്നെ എന്താ?" അയാളെക്കുറിച്ച് കേട്ട കഥകൾ ഓർത്ത് ഞാൻ  ചോദിച്ചു.

"എന്നാരാ പറഞ്ഞത്..? "അരുണ ശാന്തമായ് മറുപടി പറഞ്ഞു:

"അയാളും തുടക്കത്തിൽ നിന്നെപ്പോലെ ആയിരുന്നു. ഒരു പെണ്ണിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് അയാൾക്കും അറിയില്ലായിരുന്നു.. എന്റെ കൂടെ പത്ത് പതിനഞ്ച് വർഷങ്ങൾ ആയില്ലേ?.. ഇനിയും അയാൾ സ്നേഹിക്കാൻ പഠിച്ചില്ലെന്ന്  നിനക്ക് പറയാൻ കഴിയോ? അതിനു പോലുമുള്ള കഴിവില്ല എനിക്കെന്ന് നീ പറയുമോ?"

"ഒരു നായ അതിന്റെ യജമാനനോട് കാണിക്കുന്ന നന്ദിയും ചിലർക്ക് സ്നേഹമാണ്. നിന്റെയുള്ളിലുള്ളത്   നന്ദിയാണ്; സ്നേഹമല്ല" ഞാൻ അങ്ങേയറ്റം അധമനായി.

പറഞ്ഞു കഴിഞ്ഞപ്പോൾ മുതൽ ഇന്നുവരെ അതോർക്കുമ്പോൾ ചോര വറ്റിപ്പോകാറുണ്ട് എന്നിൽ. ചില വാചകങ്ങൾ അങ്ങനെ നാവിൽ കയറി വരും- അന്നുവരെ ഉള്ളിൽ സ്വരുക്കൂട്ടിയ എല്ലാ പുണ്യങ്ങളേയും കത്തിച്ച് ചാമ്പലാക്കാൻ!

"നല്ലത് മാത്രമെന്ന് ഓർമ്മകളിൽ സെലക്ടീവ് ആവുക ..ഞാനിപ്പോ അങ്ങനെ ആകാൻ  ശ്രമിക്കാറുണ്ട്. അങ്ങനെ ആയാൽ പിന്നെ ആരെക്കുറിച്ചും വെറുപ്പും പരാതികളും ഒന്നുമുണ്ടാവില്ല... നല്ല ഓർമ്മകൾ മാത്രമെന്ന് ഇന്നലെകളെക്കുറിച്ച് സെലക്ടീവ് ആവുക!"

"ഓർമ്മകളിൽ സെലക്ടീവ് ആകാനോ? സ്ത്രീകൾക്ക് അത് പതിവില്ലാത്തതാണല്ലോ!" ഞാൻ അവളെ പരിഹസിച്ചു.


"ആദ്യമൊക്കെ ഞാൻ കരുതിയത് ചിലരൊക്കെ  എന്നെ വേദനിപ്പിക്കുന്നു എന്നാണ്; പിന്നീടെനിയ്ക്ക് മനസ്സിലായി ആരെയെങ്കിലും വേദനിപ്പിയ്ക്കാനുള്ള സമയം പോലും ആരുടെയടുത്തും ഇല്ല എന്ന്! അവരൊക്കെ സാധാരണ മനുഷ്യരാണ്; അല്ലെങ്കിലും എല്ലാവർക്കും അസാധാരണക്കാരനാവാൻ കഴിയില്ലല്ലോ!" അവൾ മറുപടിയിൽ കരുതൽ കാട്ടി:

"അയാൾക്ക് എന്നെ വെറുക്കാൻ കഴിയില്ല... ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ  അതിന് കാരണം നീ ആയിരിക്കും. അങ്ങനെ ഒരു കാരണമായ് നീ മാറുകയാണെങ്കിൽ എനിയ്ക്ക് നിന്നെ മറക്കേണ്ടി വരും... നിന്നെ മറക്കുക എന്നാൽ ഞാൻ മരിച്ചു എന്ന് കൂടി അർത്‌ഥമാവില്ലേ?"

പിന്നിടൊരിയ്ക്കൽ പറഞ്ഞു:

"ഞാൻ നിന്നോട് ഇന്നും പ്രണയം പറയുന്നുണ്ടെങ്കിൽ, അതൊരിടത്ത് ഒന്നിച്ചുറങ്ങാനുള്ള ആഗ്രഹം കൊണ്ടോ, ആളുകൾ കാണെ കൈപിടിച്ച് നടക്കാൻ മോഹിച്ചിട്ടോ ഒന്നുമല്ല. അതങ്ങനെ തോന്നിപ്പോകുന്നതാണ്..ഒരു കാരണവുമില്ലാതെ. അതിപ്പോൾ അടുത്തിരുന്നാലും, അകലെ ആയിരുന്നാലും, നീ എന്നോട് വർത്തമാനങ്ങൾ പറഞ്ഞില്ലെങ്കിലും, എന്നെ നീ ഓർത്തില്ലെങ്കിൽ പോലും   എന്റെ ജീവിതത്തിൽ നീ കലർന്നിട്ടുണ്ടാകും... ഒരു സ്ത്രീ ഒരു പുരുഷനെ സ്നേഹിക്കുന്നത് അങ്ങനെ ആണ് . അയാളുടെ നിരാകരണത്തിനു പോലും അവളെ അതിൽ നിന്ന് വിലക്കാനാവില്ല!"

ഒരു പുരുഷനിൽ ബാക്കിയാവുന്നത് പ്രണയത്തിൽ അയാളനുഭവിച്ച സത്യസന്നദ്ധതയാണ്; ഇപ്പോഴെനിക്ക് തോന്നുന്നു:   ഒരു സ്ത്രീയിലാവട്ടെ അയാൾ അവൾക്ക് തിരിച്ചു കൊടുത്ത ഓർമ്മകളും.

" 'അയാൾ' മാത്രമല്ല ഏട്ടാ " അനിയത്തി ഓർമ്മിപ്പിക്കുന്നു :

"അവളുടെ ജീവിതത്തിൽ വന്ന എല്ലാ പുരുഷന്മാരും; അത് അച്ഛനായാലും മകനോ സഹോദരനോ ഭർത്താവോ, ഒരു രാത്രി വൈകിയ നേരത്ത് അവളെ കടന്നുപോയ അപരിചിതനോ ആയാലും അവരെല്ലാം അവളിൽ ബാക്കിയാക്കിയ ഓർമ്മകൾ. ഒരു സ്ത്രീയിൽ ബാക്കിയാവുക അത് മാത്രമാണ്. നമ്മുടെ അമ്മയ്ക്ക് ഒന്നുമില്ല! വെറും കയ്യോടെ ആയിരിക്കും അമ്മ ഭൂമിയിൽ നിന്ന് മടങ്ങിപ്പോയിട്ടുണ്ടാവുക! പക്ഷേ അമ്മയ്ക്ക് ഒരല്പം ധൈര്യം കാട്ടാമായിരുന്നു." അനിയത്തി തുടർന്നു:

"അരുണയെക്കുറിച്ച് ഓർക്കുമ്പോൾ അതേ നിശബ്ദത ചിലപ്പോൾ എനിയ്ക്ക് ഫീൽ ചെയ്യും. ഒരു നെറ്റ് വർക്കിലും ഒരു ഗ്രൂപ്പിലും അവളെ ഞങ്ങൾക്ക് കിട്ടാറില്ല.. അവളുടെ ഒരു വർത്തമാനവും ഞങ്ങൾ അറിയാറില്ല."

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ  അരുണ   പറഞ്ഞിരുന്നു:

"എനിയ്ക്ക്  ആൾക്കൂട്ടത്തിനോട് പങ്കിടാൻ ഒരു കഥയുമില്ല. എല്ലാവർക്കും വേണ്ടത് നമ്മളിപ്പോൾ ജീവിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പരിഭവങ്ങളും നമ്മുടെ ഒപ്പം ജീവിയ്ക്കുന്നവരെക്കുറിച്ചുള്ള പരാതികളും ആണ് .. നമ്മുടെ ജീവിതത്തിൽ നമ്മൾ സംതൃപ്തരാണ് എന്നറിയുമ്പോൾ എന്തോ ഒരു കുഴപ്പം നമുക്കുണ്ടെന്ന തോന്നൽ ആണ് എല്ലാവർക്കും .. ഇത്രയും ആകുലതകൾ എന്തിനാണ് ആളുകൾക്ക് എന്ന് എനിയ്ക്ക് ഒരിയ്ക്കലും മനസ്സിലാവില്ല; അന്യോന്യം മനസ്സിലാക്കാൻ കഴിയാത്തൊരു കൂട്ടത്തിന്റെ ഭാഗമാകാൻ പ്രയാസപ്പെടുന്നതിൽ കാര്യമെന്താ !!?"

ഒപ്പം മധുരമുള്ള ഭീഷണിയും:
"ആരും കൂട്ടത്തിൽ കൂട്ടാതാകുമ്പോൾ നിന്നോടുള്ള പ്രണയത്തിൽ എന്റെ ഏകാഗ്രത കൂടും.. എന്താ..അത് വേണ്ട എന്നുണ്ടോ?" 

ഒരു മൺസൂണിൽ, ദിവസങ്ങൾ നീണ്ട യാത്രകളുടെ വിശേഷങ്ങൾ പങ്കിടുമ്പോൾ  അവൾ പറഞ്ഞു:

"നീ കടന്നുപോയ മഴകളൊക്കെയും എന്നെയും നനയ്ക്കുന്നു . എല്ലാ കാഴ്ചകളും ഞാൻ കൂടി കാണുന്നു. പ്രണയികൾ ഒന്നിച്ചു ചേരുന്നു എന്ന്, ഒരു ശരീരം ആകുന്നു എന്ന് എല്ലാവരും പറയും - എന്നാൽ നമുക്ക് നാല് ശരീരങ്ങളാണ്. നിന്റെയൊപ്പം യാത്ര ചെയ്യുന്നു നീയും ഞാനും !!എന്റെയൊപ്പം വിശ്രമിയ്ക്കുന്നു ഞാനും നീയും!! - ഒരാൾക്ക് കിട്ടുന്ന ഒന്നിലധികം ജീവിതങ്ങളുടെ വിസ്മയങ്ങൾ... പ്രണയികൾ ഒന്നിച്ചു ചേരുന്നിടത്ത് സന്തോഷത്തോടെ അവസാനിക്കുന്ന ഫ്രെയിമുകളും കഥാന്ത്യങ്ങളും ഉണ്ട് സിനിമകളിലും പുസ്തകങ്ങളിലും.. അങ്ങനെ ഒന്നില്ലാത്തതുകൊണ്ട് നമുക്കിടയിലെ കഥകൾ മാത്രം ഒരിയ്ക്കലും അവസാനിക്കില്ല.!"

"കള്ളമാണ് ഏട്ടാ " അനിയത്തിയുടെ കലഹം അവസാനിക്കുന്നില്ല: 

"ചിലർ അവരുടെ നിസ്സഹായത മറച്ചുപിടിയ്ക്കാൻ, അവരുടെ ഭീരുത്വത്തെ ഗ്ലോറിഫൈ ചെയ്യാൻ അവസാനിക്കാത്ത കഥകളുണ്ടാക്കും.. അവരെത്തന്നെ പറഞ്ഞു വിശ്വസിപ്പിയ്ക്കാൻ... ആരെയെങ്കിലും സ്നേഹിയ്ക്കാൻ വേണ്ടിയായിരുന്നു ആ ത്യാഗമത്രയും എന്ന് പറഞ്ഞാൽ പോലും അത് കളവാണ്. പകർന്നു എന്ന് കരുതിയ സ്നേഹമൊന്നും അവിടെ ഉണ്ടായിട്ടില്ല. ഒരു നുണയായ് , ഒരു പരാജയമായ് ഒരു ജീവിതം അവസാനിച്ചു എന്ന ഖേദം മാത്രം പ്രിയപ്പെട്ടവരിൽ അത് ബാക്കിയാകുന്നു. ഏട്ടൻ അത് അരുണയോട് പറയണം...  അവരുണ്ടാക്കുന്ന കഥകളേക്കാൾ സാധ്യതകളുണ്ട് പുറത്ത് അവരെ കാത്തിരിയ്ക്കുന്ന ജീവിതത്തിന് എന്ന്.... ഒരു സ്ത്രീയും അവരനുഭവിച്ച നിസ്സഹായത കൊണ്ടല്ല ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്."


"പ്രണയത്തിൽ അവരെത്രമാത്രം ധീരരായിരുന്നു എന്ന്, ജീവിതത്തിൽ അവരെത്രമാത്രം സത്യസന്ധരായിരുന്നു എന്ന് അടയാളപ്പെടുത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. " ഞാൻ പറഞ്ഞു:

"പക്ഷേ, എങ്ങനെയാണ് ഒരു ജീവിതം നുണയും പരാജയവും ആകുന്നത്..? ആരാണ് അത് നിശ്ചയിക്കുന്നത്? നിനക്ക് നുണയല്ലെന്നും വിജയിച്ചു എന്നും തോന്നുന്ന ജീവിതങ്ങളിലേക്ക് ചെന്ന് അവരോട് ചോദിക്ക്, അവർ പുതിയ വീട് വച്ചോ എന്നോ, അവർക്ക് പ്രമോഷൻ കിട്ടിയോ എന്നൊന്നുമല്ല ; അവരുടെ മത്സരമൊക്കെ അവസാനിച്ചോ എന്ന്, അവർ സംതൃപ്തരാണോ എന്ന്, അവർക്ക് ശാന്തമായും സമാധാനമായും ഇരിയ്ക്കാൻ കഴിയുന്നുണ്ടോ എന്ന് .."

"ഓ !!" അനിയത്തി ഇടയിൽ കയറി :

"ഏട്ടനിപ്പോ ഈ ലൈനാണോ! എന്തായിരുന്നു മുൻപ്! കരിയർ ബിൽഡപ്പ് ചെയ്യാ.... ഇൻഡിപെൻഡന്റായി ജീവിക്കുക.. സക്സസ് ഫുള്ളാവുക.. സ്നേഹത്തെക്കുറിച്ച് എന്തായിരുന്നു ഒപ്പീനിയൻ! ഒരു ഫിസിക്കൽ റിലേഷന് അപ്പുറമുള്ളതൊക്കെ ഡിസ്ടർബൻസ് .. അന്ന് അരുണയോടുള്ള അപ്രോച് എന്തായിരുന്നു! എന്നിട്ടിപ്പോ ഒറ്റയ്ക്ക് ജീവിതം.. സ്നേഹം, സ്പിരിച്യുയാലിറ്റി... "

"അങ്ങനെ റിഫൈൻഡ് ആയി... റിഫൈൻഡ് ആയി  വരുന്നതല്ലേ ജീവിതം.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ, നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.. അത് നമ്മൾശ്രദ്ധിക്കുന്നുവോ ഇല്ലയോ എന്നതിലെ ഉള്ളൂ അന്തരം.. പ്രത്യേകിച്ച് ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ, ബോധപൂർവ്വമായ ഒരു ഇടപെടലും ഇല്ലാതെ നമ്മൾ ആഗ്രഹിക്കുന്ന ഒരു താളക്രമത്തിലേക്ക് ജീവിതം വരുന്നതിനേക്കാൾ സുഖകരമായ് മറ്റൊന്നുണ്ടോ?!"

"ഏട്ടന് സുഖകരം!! അരുണയ്ക്ക് ഏട്ടന്റെ ഒറ്റയ്ക്കുള്ള ഈ  ലൈഫും എന്തൊരു ഭാരമായിരിക്കും.. വെറുതെയല്ല അവൾ ഒരാളോടും ഒരു കോൺടാക്ടും വയ്ക്കാതെ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്.."

അത് കേട്ടെന്നവണ്ണം, അത്ര കൃത്യമായ് എന്നിലേക്കു ആ സമയത്തെത്തുന്നു   അരുണയുടെ സ്നേഹം നിറഞ്ഞ വോയ്‌സ് മെസ്സേജ്:

"ആരും അറിയണ്ട, അവരുടെ ആകാശത്തുകൂടെ കടന്നുപോകുന്ന നമുക്കിടയിലുള്ള ഈ സ്നേഹസംഭാഷണങ്ങൾ ! നമുക്ക് പരസ്പരം ഹൃദയങ്ങളിലിരുന്ന് വിശേഷങ്ങൾ പറയാം."

അരുണ ഇപ്പോഴും ഇങ്ങനെയാണ്. എനിക്കറിയില്ല, കേൾക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ  അത്ര കൃത്യമായ് അവള്‍ക്ക് എന്നോട് പറയാൻ കഴിയുന്നത് എങ്ങനെയാണെന്ന്.

'ആളുകൾ  കണ്ട, അവർ കേട്ടറിഞ്ഞ പ്രണയമൊന്നും നമ്മുടെ പ്രണയത്തോളം വരില്ലല്ലോ' എന്ന് മനസ്സിൽ ഞാൻ, അന്നേരമവളെ മനസ്സിൽ ചേർത്തുമ്മവെച്ചു.


"നീ അരുണയെക്കുറിച്ചോർത്ത് ഇത്ര വേവലാതിപ്പെടേണ്ട .. " ഞാൻ അനിയത്തിയോട് പറഞ്ഞു:

"അരുണയെക്കുറിച്ച് മാത്രമല്ല; ഒരു ജീവിതത്തെക്കുറിച്ചും വേവലാതിപ്പെടേണ്ട.. ഓരോ ജീവനും അതിനനിയോജ്യമായ ഒരു താളത്തിൽ കടന്നുപോകും. അതാണോ ശരി, ഇതാണോ ശരി എന്ന് എപ്പോഴും സംശയിക്കാറില്ലേ? അതും ഇതും ശരിയാണ് ..യുദ്ധത്തിൽ പോലും ചില ശരികളുണ്ട്. അല്ലെങ്കിൽ ആദിമകാലം മുതൽ ഇന്നുവരെ എവിടെയെങ്കിലും ആയി ഭൂമിയിൽ അത് നടക്കില്ലല്ലോ !  അച്ഛൻ പറയാറുള്ളത് ഓർക്കുന്നില്ലേ ?"

"അച്ഛന് എല്ലാം ശരിയല്ലേ? എല്ലാം- ! ചില സ്വാഭാവവൈകൃതങ്ങളെക്കുറിച്ച് പോലും ഇതൊക്കെ പാടുണ്ടോ എന്ന് ചോദിക്കുമ്പോൾ 'യവനകഥകളിലൊക്കെ വായിച്ചിട്ടില്ലേ? അതിനർത്ഥം, മനുഷ്യരുടെ ഇടയിൽ ഇങ്ങനെയൊക്കെ നടക്കാറുണ്ട് എന്നാണ്'- എന്നൊക്കെ ന്യായികരിച്ചു കളയുന്ന ആളല്ലേ! അമ്മയെ കുറിച്ച് എന്തായിരുന്നു പറഞ്ഞത്?  അമ്മ അവരുടെ ജീവിതം തിരഞ്ഞെടുത്തു എന്ന്. പ്രയാസമായിരുന്നു എങ്കിൽ, അതിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം എപ്പോഴും അവർക്ക് ഉണ്ടായിരുന്നു എന്ന്. അവരുടെ ഇഷ്ടങ്ങൾ തുറന്ന് പറയേണ്ടത് അവരായിരുന്നു എന്ന് ..  അച്ഛൻ ചെയ്തതെല്ലാം അപ്പോഴും ശരി ! "

"അച്ഛന്റെ ശരി, എന്റെ ശരി , നിന്റെ ശരി എന്നിങ്ങനെ ശരികൾ തന്നെ പലവിധത്തിൽ ഉണ്ടല്ലോ - അതിൽ കൺഫ്യുസ്ഡ് ആകേണ്ട കാര്യം ഒന്നുമില്ല. അത്രയും സാധ്യതകൾ ഉള്ള ഒരു ജീവികുലത്തിലാണ് നമ്മൾ പാർക്കുന്നതെന്ന ബോധ്യമുണ്ടായാൽ മാത്രം മതി." ഞാൻ ഓർമ്മിപ്പിച്ചു:

"അല്ലെങ്കിലും നമ്മൾ കൂടി ഭാഗമായ് കഴിഞ്ഞാൽ ശരികളാകുന്ന തെറ്റുകളെ ഈ ലോകത്തുള്ളൂ! "

"നിങ്ങൾ അച്ഛനും മകനും!! നിങ്ങൾക്ക് എല്ലാ കാലത്തും കുറേ ന്യായങ്ങളുണ്ടാകും ...എന്തിനും !"- അവൾ അവസാനത്തെ ആയുധം പ്രയോഗിച്ചു.

"അച്ഛനും മകനും!" ഞാൻ ചിരിച്ചു: "അച്ഛനിൽ തുടങ്ങി' അച്ഛനും മകനും' എന്നവസാനിച്ചോ!? സന്തോഷം !!"


പറഞ്ഞില്ലേ, ദേഷ്യം വന്നാൽ അനിയത്തി അങ്ങനെയാണ്. 
ഇന്നാണെങ്കിൽ അവൾക്ക് ഈ ലോകത്തോട് മുഴുവനും കലഹിക്കണം.

:-)

ഞാൻ എന്ന പുരുഷനിൽ ബാക്കിയാവുന്ന ചിലത് കൂടിയുണ്ട്-
ജീവന്റെ ഭാഗമായ ഒരാളിലെ  നിശബ്ദത,
പ്രാണനിൽ എഴുതിചേർത്ത ഒരാളുടെ സ്നേഹസന്ദേശങ്ങൾ,
കാട് കത്തിക്കയറുന്നതുപോലെ കാതുകളിൽ ചില ഓർമ്മപ്പെടുത്തലുകൾ - അമ്മ ,അരുണ,അനിയത്തി.