Sunday, June 19, 2016

സ്നേഹത്തെക്കുറിച്ച്, സ്നേഹത്തോടെ.എനിയ്ക്ക് അത്രമേൽ ആഹ്ലാദം നിറഞ്ഞ ദിവസമായിരുന്നു അത്. വിനായകന്റെ പുതിയ പുസ്തകത്തിന്റെ കോപ്പി കിട്ടിയ ദിവസം. അവൻ തന്നെയാണ്‌ അയച്ചു തന്നത്. അതിമധുരമായൊരു സന്ദേശം ഒളിപ്പിച്ചു വച്ചിരുന്നു അതിനകത്ത്!
ഞാൻ ആകാശത്തിലെന്നതു പോലെ നടന്നു.

ബോർഡ് എക്സാമുള്ള ദിവസമായിരുന്നു. അതുകൊണ്ട് കുട്ടികളാരും എന്നെ ശ്രദ്ധിച്ചു കാണില്ല. പരീക്ഷയുടെ ദിവസം മാത്രം കാണുന്ന പുസ്തകങ്ങൾ പലതുണ്ടാകുമല്ലോ അവർക്ക്.
അവസാനത്തെ ബെല്ലടിച്ചാലും ഹാളിനകത്ത് കയറാതെ കുട്ടികൾ പുസ്തകം വായിക്കുന്നതു കാണുമ്പോൾ അരിശം വരാറാണ്‌ പതിവ്. പക്ഷേ അന്ന് അങ്ങനെ ഉണ്ടായില്ല.

‘നിനക്ക്, 
നിനക്ക് വേണ്ടി മാത്രമെഴുതിയ കവിതകൾ -
നിനക്കുവേണ്ടി എഴുതുന്ന എന്നെ
അച്ചടിച്ച് വച്ചിരിക്കുന്ന കടലാസുകൾ’
എന്ന് വിനായകൻ ഉള്ളിൽ നിറഞ്ഞു.

ഇന്ന് കുട്ടികൾ പരീക്ഷാഹാളിനകത്ത് കയറിയില്ലെങ്കിലും കുഴപ്പമില്ലെന്ന് തോന്നി. :-)

കോളേജിലേക്ക് പോകുന്നതിന്‌ മുൻപേ എന്ത് അസ്വസ്ഥതയായിരുന്നു. സരസ്വതിയോട് ഉറക്കെ ഉറക്കെ ബഹളം വെച്ചു. ആനന്ദിനോട് പിണങ്ങി. വിചാരിച്ചപോലെ ഒന്നും നടക്കുന്നില്ലെന്ന് തന്നോടു തന്നെ കലഹിച്ചു. ഒരാഴ്ചയായി വിനായകന്റെ വിശേഷങ്ങളറിയാതെ പോകുന്നതാണ്‌ ഇതിനെല്ലാം കാരണമാകുന്നതെന്ന് അറിയാമായിരുന്നിട്ടും തന്നെ അസ്വസ്ഥപ്പെടുത്താൻ ഈ ലോകം തന്നെ ഒരുങ്ങിയിറങ്ങുന്നെന്ന ഭാവമായിരുന്നു ഉള്ളിൽ.

ഇപ്പോഴിതാ എല്ലാം ശാന്തമായിരിക്കുന്നു.
മനസ്സ് ശാന്തമായിട്ടിരിക്കുമ്പോൾ പ്രപഞ്ചവും ശാന്തമാകുന്നു.
അസ്വസ്ഥകൾ പെരുക്കുമ്പോൾ ഒന്നൊഴിയാതെ എല്ലായിടവും കലാപഭൂമിയാകുന്നു. നമ്മെ അതിന്റെ കേന്ദ്ര ബിന്ദുവാക്കുന്നു.

രേവതി പറയാറുള്ളതുപോലെ പ്രണയത്തിലായിരിക്കേണ്ടത് അതിനാണ്‌.
“ അത്രയും ആനന്ദം നിറഞ്ഞ ഒരു ലോകം നമ്മെ സ്വീകരിയ്ക്കാനായ് ഒരുങ്ങി നില്ക്കും. അതുകൊണ്ട് നിങ്ങൾ പ്രണയത്തിലാണെന്ന്, നിങ്ങൾ പ്രണയിക്കപ്പെടുകയാണെന്ന് മനസ്സിനോടെപ്പോഴും പറഞ്ഞു കൊണ്ടിരിക്കുക. അതിനേക്കാൾ സുന്ദരമായ ഒരിടം മനസ്സ് നിങ്ങൾക്ക് തിരിച്ച് തരും. '

ആ രാവിലെ രേവതിയ്ക്ക് എക്സാംഡ്യൂട്ടി ഉണ്ടായിരുന്നില്ല. എന്നെ അന്വേഷിച്ച് അവൾ ഹാളിലേക്ക് വന്നു; ഒപ്പം അർമാനും.
ചോദ്യപേപ്പർ കിട്ടിക്കഴിഞ്ഞപ്പോൾ തന്നെ എഴുതാൻ പ്രത്യേകിച്ചൊന്നും ഇല്ലെന്ന് കണ്ടുപിടിച്ച് സമയം കളയാനിരിക്കുന്ന കുട്ടികളിൽ ചിലരിൽ ചിരി പടരുന്നോ എന്ന് ഞാൻ സംശയിച്ചു.
അല്ലെങ്കിലും രേവതിയ്ക്ക് എവിടെപ്പോയാലും വളരെ intimate എന്ന് ലോകത്തിനു മുഴുവൻ തോന്നുന്ന ഒരാളുണ്ടാകും കൂടെ. കുട്ടിക്കാലം മുതല്ക്കേ അങ്ങനെയാണ്‌; എനിക്കറിയാവുന്നതല്ലേ!
ഒരോരോ കഥകൾ. ഒരോ കഥകളും പക്ഷേ, എവിടേയ്ക്ക് മാഞ്ഞു പോകുന്നു എന്ന് എനിക്കു പോലും അറിയില്ല!
മുൻപൊക്കെ ഒട്ടും സ്വീകാര്യമായിരുന്നില്ല എനിയ്ക്ക് അതൊന്നും.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്, തികച്ചും വിഭിന്നമായ സ്നേഹപരീക്ഷണങ്ങൾക്ക് ഇവൾ നിരന്തരം വിധേയയാകുന്നത് എന്തിനാണെന്നായിരുന്നു എന്റെ ചോദ്യം.

' സ്നേഹത്തെക്കുറിച്ച് ഇപ്പോഴെനിക്ക് ചോദ്യങ്ങളേ ഇല്ലാതായിരിക്കുന്നു '- 
വിനായകനെ മനസ്സിലോർത്ത് ഞാൻ ചിരിച്ചു.

" ഇന്ന് വൈകീട്ട് വീട്ടിലേക്ക് പോകുന്നു." രേവതി പറഞ്ഞു: " നിന്റെ യൂസർ ഐഡീന്ന് ഒരു തത്ക്കാൽ ടിക്കറ്റ് എടുത്തിട്ടുണ്ട്."

ഞാൻ വിനായകന്റെ പുസ്തകം അവൾക്ക് കാണിച്ചു കൊടുത്തു.
" ഭംഗി ആയിട്ടുണ്ട്; പലതും മുൻപേ നമ്മൾ വായിച്ചു കഴിഞ്ഞതാണെന്ന് തോന്നുന്നു ല്ലേ? " അവൾ പറഞ്ഞു:
" എനിയ്ക്ക് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിയുണ്ട്..അത് നീ എടുക്കണം..മൂന്നരയ്ക്കാണ്‌ ട്രെയിൻ, ഞാൻ നേരത്തേ ഇറങ്ങും."

അത്രയും നേരം കാത്തുനിന്ന അർമാനോടൊപ്പം അവൾ മടങ്ങിപ്പോയി. എനിയ്ക്ക് അവളോട് കുറേ സംസാരിക്കണം എന്നുണ്ടായിരുന്നു. വിനായകനോട് എനിയ്ക്ക് തോന്നുന്ന ഇഷ്ടമാണ്‌ എനിയ്ക്കും അവൾക്കുമിടയിൽ ഇന്ന് നിറയുന്ന വർത്തമാനങ്ങളിൽ ഏറെയും. എല്ലാം ഞാൻ അവളോടും പറയാറില്ല. ' ഒരു എഴുത്തുകാരനോട് വായനക്കാരിലൊരാൾക്ക് തോന്നുന്ന പ്രത്യേകമായ ഒരിഷ്ടം. ഒരു പക്ഷേ എഴുത്തുകാരൻ അത് അറിയുന്നതു പോലും ഉണ്ടാകണമെന്നില്ല '- എന്റെ ഇഷ്ടത്തെക്കുറിച്ച് അവൾ കരുതിക്കാണണം. ഞങ്ങൾക്കിടയിലെ ദീർഘിച്ച സംഭാഷണങ്ങൾ, ഒന്നിച്ച് ഒരുപാട് യാത്രകൾ ചെയ്യാമെന്ന വാഗ്ദാനങ്ങൾ- എല്ലാം എന്റെ മാത്രം സ്വകാര്യങ്ങളായിരുന്നു.

എത്രയെത്ര കവിതകൾ കുഞ്ഞുങ്ങളെപ്പോലെ പിറക്കുന്നുണ്ട് ഈ ഭൂമിയിലോരോ നിമിഷവും.
എല്ലാം ഏതെന്ന് പോലും നമ്മൾ അറിയുന്നില്ല. എങ്കിലും നമ്മൾ വായിക്കേണ്ട വരികൾ കൃത്യസമയത്ത് നമ്മെ തിരഞ്ഞ് എത്തുക തന്നെ ചെയ്യും. അതിൽ ചിലത് നമ്മുടെ ജീവിതവുമാകും.
അനേകമനേകം സ്വകാര്യങ്ങൾ അങ്ങനെ നമ്മുടെ ജീവിതത്തെ അലങ്കരിച്ചു തുടങ്ങും.

' വിനായകന്‌ എന്നോട് തോന്നുന്ന ഇഷ്ടം ' എന്റെ ഭാവനകളിൽ ഒന്ന് മാത്രമാണോ എന്ന് ചിലപ്പോൾ  എനിക്കുപോലും സംശയം തോന്നാറുണ്ട്. എങ്കിലും അതിന്റെ സ്വകാര്യത എനിക്ക് സ്വാതന്ത്ര്യത്തോടെ ചേക്കേറാൻ ഒരിടം ഒരുക്കി തരുന്നു. ഈ ഭൂമിയിൽ, മനുഷ്യകോടികളുടെ ഇടയിൽ, സ്വന്തമായ് അങ്ങനെ ഒരിടം വേണം എല്ലാവർക്കും. എനിയ്ക്ക് ഉറപ്പുണ്ട്.
പക്ഷേ, ഞാൻ പരിശീലിച്ച നിയമങ്ങളിലൊന്നും എനിയ്ക്ക് വിനായകനോട് തോന്നുന്ന ഇഷ്ടത്തെ സാധൂകരിയ്ക്കാൻ പഴുതുകളുണ്ടായിരുന്നില്ല.

അങ്ങനെ ഒരു തോന്നൽ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നപ്പോൾ ഒരിയ്ക്കൽ ഞാൻ ചോദിച്ചു:
" അപ്പോഴാവണം നമ്മൾ നമുക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നത്- നമുക്ക് അത്രമേൽ സ്വാതന്ത്ര്യം തരുന്ന നിയമങ്ങൾ "
" അങ്ങനെ അല്ല " എന്റെ കൂട്ടുകാരൻ മറുപടി പറഞ്ഞു: " സ്നേഹത്തിലാണ്‌ നമ്മൾ നിയമങ്ങളേ ഇല്ലാത്തവരാകുന്നത്! ഒരു നിയമവും ഇല്ലാതെ തന്നെ അച്ചടക്കമുള്ളവരാകുന്നത്. അച്ചടക്കത്തിന്റെ ഭാരം നമ്മിൽ നിന്ന് ഒഴിഞ്ഞുപോകുന്നത്."
ഞാൻ മനസ്സ് നിറഞ്ഞ് ചിരിച്ചു. പിന്നേയും മറ്റെന്തൊക്കെയോ കഥകൾ പറഞ്ഞ് ആ രാത്രി ഞങ്ങൾ ഒരു പാട് നേരം സംസാരിച്ചിരുന്നു. 

' ഇന്നും അതുപോലെയൊക്കെ വളരെ നേരം സംസാരിയ്ക്കാൻ കഴിയണം ' ഞാൻ ആഗ്രഹിച്ചു. 
' ചിലരുണ്ട്;  നമ്മൾ പോലും അറിയാതെ നമ്മളിൽ വാക്കുകൾ നിറച്ചു കൊണ്ടേ ഇരിക്കുന്നവർ; എത്രസംസാരിച്ചാലും നമുക്ക് മതിവരാതെ പോകുന്നവർ.'
അങ്ങനെ ഒരു ഒന്നില്ലാതെ പോകുന്നതിന്റെ ശൂന്യത ഞാൻ എവിടെയോ അനുഭവിയ്ക്കുന്നു; അത് എന്നെ വിനായകനിൽ എത്തിക്കുന്നു.
ആ സ്നേഹസാമീപ്യം, സുരക്ഷിതത്വം, അനുഭവങ്ങൾ- ഞാൻ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നു.
' നമ്മൾ ആളുകൾക്ക് കൊടുക്കുന്നതും നമുക്ക് അവരിൽ നിന്ന് കിട്ടുന്നതുമല്ല, പകരം നമ്മളാഗ്രഹിക്കുന്ന ചില കെയറും കംഫർട്ട്നസ്സും ഉണ്ട്. അത് തരാൻ ആരെങ്കിലും വേണം. അതിനേക്കാൾ വലിയ സമാധാനവും സന്തോഷവും വേറേ ഇല്ല. നമ്മിലേക്ക് വരുന്ന എല്ലാ പ്രതിസന്ധിയും അതില്പ്പിന്നെ നിസ്സാരങ്ങളായിരിക്കും.'
എന്നെ തന്നെ ഞാൻ സ്നേഹിച്ചും മനസ്സിലാക്കിയും തുടങ്ങിയത് അങ്ങനെയാണ്‌.