Monday, October 26, 2015

ബിയോണിന്റെ പുസ്തകം." ഇനിയും കണ്ടു പൂർത്തിയാക്കാത്തൊരാകാശം ,
നിന്റെ കണ്ണുകളിൽ.
എത്ര ശ്രമപ്പെട്ടാണ്‌ നീ , 
എനിക്കു വേണ്ടി സ്നേഹത്തിന്റെ മെഴുകുതിരികൾ അണയാതെ കരുതി വയ്ക്കുന്നത്.
എന്നാലതിനു ചുറ്റും കൊടുങ്കാറ്റായ് മാറിപ്പോകുന്നു ഞാൻ.

എന്റെ കണ്ണുകൾ നിറയുകയാണ്‌.
നിനക്കു വേണ്ടിയല്ല; എനിക്ക് വേണ്ടി.
മേല്ക്കൂരയില്ലാത്ത നീയെന്ന വീടിനു മേൽ പേമാരിയായി പെയ്യാൻ.

ലോകത്തോട് കലഹിക്കാൻ തോന്നുമ്പോഴാണ്‌ സ്നേഹമെന്ന വാക്ക് ഞാൻ ആവർത്തിക്കാറുള്ളത്.

സ്വയമൊരു ശലഭമാവണമെന്നുണ്ടെനിക്ക്.
മൃഗങ്ങൾ ആർത്തിരമ്പുന്നു എന്നിൽ!

മാംസത്തിന്റെ മണമാണ്‌ എന്റെ കൈകളിൽ.
നിനക്ക് വേണ്ടി ഒരു പൂക്കച്ചവടക്കാരനാകണമെന്നുണ്ടെനിക്ക്.
എന്നാൽ ഞാനിപ്പോഴും ഈ തെരുവിലെ ഇറച്ചി വെട്ടുകാരനാണ്‌. "
-  'ഇറച്ചി വെട്ടുകാരൻ',ബിയോണിന്റെ  പുസ്തകം.

ബിയോണിന്റെ പുസ്തകത്തിലെ, 'ഇറച്ചിവെട്ടുകാരൻ' എന്ന കഥയിലെ, അന്നയായിരുന്നു അന്നത്തെ രാത്രിയിലവൾ. അവളുടെ ഭർത്താവും ഒരു ഇറച്ചിവെട്ടുകാരനായിരുന്നു. തനിയ്ക്ക് വേണ്ടി,തനിയ്ക്ക് വേണ്ടി മാത്രമാണ്‌ ആ കഥ എഴുതപ്പെട്ടിട്ടുള്ളതെന്ന് അവൾക്ക് തോന്നി. അയാളാകട്ടെ അവൾ കേൾക്കാനാഗ്രഹിക്കുന്ന, പറയാനാഗ്രഹിക്കുന്ന വാക്കുകളിലൊന്നു പോലുമാകാൻ കഴിയാതെ ജീർണ്ണിച്ചുപോയ ഇറച്ചിത്തുണ്ട് മാത്രമായിരുന്നു അവളുടെ മനസ്സിൽ. അയാളുടെ ഇറച്ചിക്കടയും അയാളും എന്നും വൃത്തിയോടെ തന്നെ ഇരുന്നു. എന്നാലും അവൾക്കിഷ്ടമില്ലാത്തൊരു മിശ്രഗന്ധം ഒരിയ്ക്കലും അയാളെ വിട്ടുപോയതേയില്ല.


താൻ പുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് ഒരിയ്ക്കലും അയാളറിയരുതെന്ന് അവൾക്ക് നിർബന്ധമായിരുന്നു. അക്ഷരങ്ങളുമായ് ബന്ധമില്ലാത്ത ഒരാളെ അതുപറഞ്ഞ് അമ്പരപ്പിക്കുന്നതെന്തിനെന്ന് അവൾ കരുതി.

അയാൾ ജോലി കഴിഞ്ഞ് വരുമ്പോഴേക്കെപ്പോഴും അവൾ പുസ്തകങ്ങൾ ഒളിപ്പിച്ച് വെച്ച് കറിക്കഷ്ണങ്ങൾ മുറിച്ചിടുകയോ പാത്രങ്ങൾ കഴുകുകയോ ചെയ്യുകയായിരിക്കും. പിന്നീടവർ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച്, ഇരുവരുടേയും അച്ഛനമ്മമാരോട് ഫോണിൽ സംസാരിച്ച്, ടിവിയിൽ സിനിമാപ്പാട്ടുകൾ കണ്ട്, ഒന്നിച്ചുറങ്ങും.

എല്ലാദിവസത്തേയും പോലെ അന്നും,  നൂർ  എന്ന അവൾ , ആദം എന്ന അയാളെ തന്നോട് ചേർത്തുപിടിച്ചുറക്കി. ഒരു പേര്‌ മറ്റൊരു പേരിനെ ചേർത്തുപിടിയ്ക്കുന്നതു പോലെ മാത്രം. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ചേർത്തുറക്കുന്നതുപോലെ ഒന്നുമുണ്ടായിരുന്നില്ല അതിൽ. അയാളുറങ്ങി എന്നായപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങി. 'ഇറച്ചിവെട്ടുകാരൻ' എന്ന കഥയായിരുന്നു അന്നവളെ കരയിച്ചത്. 

എല്ലാമാസവും ദന്തഡോക്ടറുടെ അടുത്തേക്ക് ടാക്സിയിൽ പോകുമ്പോഴൊക്കെ 'ബിയോണിന്റെ പുസ്തകം' എഴുതിയ ഹോമർ എന്ന എഴുത്തുകാരന്റെ വീട് അവൾ കാണാറുണ്ടായിരുന്നു. പക്ഷേ, ആ വീടിനെ ആകാംക്ഷാപൂർവ്വം താൻ നോക്കുന്നത് ആദം ശ്രദ്ധിക്കുമ്പോഴൊക്കെ ‘എഴുത്തുകാരൻ ഹോമറിന്റെ വീട്’ എന്നല്ല, ‘ഭംഗിയുള്ള തൂക്കുചെടിച്ചട്ടികളുള്ള വീട്’ എന്നവൾ പരിചയപ്പെടുത്തി. എങ്കിലും എന്നെങ്കിലും അവിടെ പോകണമെന്ന് അവളാഗ്രഹിച്ചിരുന്നു.
 ചിലദിവസങ്ങളിൽ ഉറക്കമുണരുമ്പോൾ താൻ ഹോമറിന്റെ വീട്ടിലായിരുന്നു എന്ന തോന്നലോടെ, അതിന്റെ ക്ഷീണത്തോടെയാണ്‌ അവൾ കിടക്കവിട്ടെഴുന്നേല്ക്കാറുള്ളത്. അങ്ങനെയൊരു ആശയക്കുഴപ്പത്തിൽ വിറച്ച അവളുടെ കൈകളിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ താഴെ വീണ്‌ ആദമിനെ അലോസരപ്പെടുത്തും. പക്ഷേ ഒരിയ്ക്കലുമയാൾ കയർത്ത് അവളോട് സംസാരിച്ചിരുന്നില്ല.


' അരൂപിയായ ഒരാൾ എനിയ്ക്ക് വേണ്ടി എന്നും എഴുതിക്കൊണ്ടിരുന്നു. ആ രൂപം എല്ലായിടത്തും സഞ്ചരിച്ചു - നഗരത്തിരക്കുകളിൽ, വായനശാലകളിൽ, കപ്പലുകളിൽ, കടൽത്തീരങ്ങളിൽ, ശയനമുറികളിൽ അങ്ങനെ  അങ്ങനെ എല്ലായിടത്തും. അവിടെ നിന്നെല്ലാം വാക്കുകൾ തിരഞ്ഞു പിടിച്ച് എന്റെ എഴുത്തുമുറിയിൽ അടുക്കിവെച്ചു. ഏതെടുക്കണമെന്നറിയാതെ ഞാൻ അപൂർണ്ണമായി പോയേക്കാവുന്ന കഥകളിലൂടെ അനേകമനേകം ജന്മങ്ങൾ ജീവിച്ചു മരിച്ചു.

ഇന്നലെ അതിനൊരു പാറാവുകാരന്റെ ജീവിതമായിരുന്നു. യാത്രകളിഷ്ടപ്പെട്ടിരുന്ന പാറാവുകാരൻ, പക്ഷേ യാത്രകളൊന്നും ചെയ്തില്ല. അയാൾ തടവുപുള്ളികൾക്ക് കാവലിരിക്കുക മാത്രം ചെയ്തു. 

മാസികയിൽ ഏറേക്കാലമായ് വരാറുള്ള ഒരു യാത്രാകുറിപ്പ് അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു. അതിസാഹസികനായിരുന്നു അതിലെ യാത്രികൻ. സർവ്വസ്വതന്ത്രനായ ഒരു സഞ്ചാരി. ഒരോ ദേശത്തു നിന്നും പ്രിയപ്പെട്ട ആർക്കോ എഴുതുന്ന കത്തുകൾ പോലെയായിരുന്നു ആ കുറിപ്പുകൾ. സ്ഥലങ്ങളുടെ പേരോ അടയാളങ്ങളോ വ്യക്തമാക്കിയില്ലെങ്കിലും ഹൃദയത്തോട് ചേർന്നു നില്ക്കുന്ന അനുഭവങ്ങളും ഭൂപ്രദേശങ്ങളുടെ വർണ്ണനയുമായിരുന്നു അതിൽ. 
മനുഷ്യരും അവരുടെ രീതികളും; ഋതുക്കളും അവയുടെ നിറങ്ങളും. ആരാധനയോടെ പാറാവുകാരൻ അതെല്ലാം ഓർമ്മയിൽ സൂക്ഷിച്ചു. ഒരോന്നും അയാളുടേയും അനുഭവങ്ങളായി. ഒരോ തവണ വായിക്കുമ്പോഴും ഒരോ കുറിപ്പും വ്യത്യസ്തമായ് അയാൾക്കനുഭവപ്പെട്ടു. അരൂപിയായ ആരോ ഒരാൾ വാക്കുകൾ സ്ഥാനം മാറ്റി വയ്ക്കുന്നതു പോലെ, കൂടുതൽ സുന്ദരമാക്കി വയ്ക്കുന്നതു പോലെ, ഒരു തോന്നൽ. 

അയാൾക്ക് മറ്റൊരു ജയിലിലേക്ക് സ്ഥലം മാറ്റമായി. അയാൾ പൊതുവേ തടവുപുള്ളികളെ മനസ്സുകൊണ്ട് വെറുത്തിരുന്നില്ല. എങ്കിലും പുതിയ ഇടത്തെ ശൈലേന്ദ്രനെന്ന തടവുപുള്ളി എന്തുകൊണ്ടോ അയാളിൽ അസ്വസ്ഥതകൾ മാത്രം സൃഷ്ടിച്ചു. ഒരു വാരാന്ത്യത്തിൽ പുതിയ താമസസ്ഥലത്ത്, പുസ്തകങ്ങൾ ഒതുക്കി വൃത്തിയാക്കുന്നതിനിടയിൽ, അയാളുടെ പ്രിയപ്പെട്ട യത്രാക്കുറിപ്പുകളുടെ പേജുകൾ അടുക്കിവെച്ചത് മറിച്ചു നോക്കി സഹപ്രവർത്തകൻ ചോദിച്ചു:

“സാറിത് വായിക്കാറുണ്ടോ? ഇതാ ശൈലേന്ദ്രൻ എഴുതുന്നതല്ലേ?”
പാറാവുകാരന്‌ തന്റെ കാഴ്ചകളാകെ തകിടം മറിയുന്നതു പോലെ തോന്നി.
“അയാളോ ?”പാറാവുകാരൻ തന്റെ അമ്പരന്നു. അയാളതിനു മാത്രം യാത്രകളൊക്കെ ചെയ്തിട്ടുണ്ടോ?”
“എന്ത് !  ഒന്നൂല്ല; അയാൾ നമ്മുടെയീ നഗരം വിട്ട് പുറത്ത് പോയിട്ടില്ല..."  സഹപ്രവർത്തകൻ വ്യക്തമാക്കി.
“അയാൾ ഈ എഴുതുന്നതൊക്കെ ?” പാറാവുകാരൻ വീണ്ടും ചോദിച്ചു.
“അറിയില്ല സാറേ.. ഒരോരോ തോന്നലുകളാകാം..കുറേക്കാലായില്ലേ ജയിലിനകത്ത്!”

വർഷങ്ങളായ് അഴിക്കൾക്കിടയിലൂടെ  മാത്രം കാണാനാകുന്ന ഒരു കീറാകാശത്തിൽ നിന്നാണോ ഇത്രയും കാടും കരയും കടലും കപ്പലും കാഴ്ചകളും ശൈലേന്ദ്രൻ ഉണ്ടാക്കിയതെന്ന് പാറാവുകാരന്‌ നിരാശ തോന്നി. നിർവികാരനും നിശബ്ദനുമായ ഈ തടവുകാരനാണോ ജീവിതമെന്ന മൂന്നക്ഷരത്തെ വാക്കെന്നും യാത്രയെന്നുമുള്ള രണ്ടക്ഷരങ്ങളിൽ പകുത്ത് വെച്ച് എല്ലാവരേയും മോഹിപ്പിച്ചത്.

 പക്ഷേ പിന്നീടൊരിയ്ക്കലും പാറാവുകാരന്‌ ശൈലേന്ദ്രന്റെ യാത്രാ വിവരണങ്ങൾ വായിക്കാനുള്ള കൗതുകം തോന്നിയില്ല. സൂക്ഷിച്ചു വെച്ച മാസികകളൊക്കെ അയാൾ ഉപേക്ഷിക്കുകയും ചെയ്തു. 

ജയിലിനുള്ളിലാണെങ്കിലും ശൈലേന്ദ്രൻ തികഞ്ഞ സ്വാതന്ത്ര്യം അനുഭവിച്ചു.സ്വാതന്ത്ര്യം എന്നത് ഒരു വൈകാരികാനുഭവം ആണോ ശാരീരികമായ അവസ്ഥയാണോ? അയാൾക്ക് സ്വാതന്ത്ര്യം ഒരു വികാരമായിരുന്നു. അതുകൊണ്ടു തന്നെ അയാളുടെ ജീവിതവും എഴുത്തും ഒരുപോലെ തുടർന്നു.
പാറാവുകാരന്റെ കാഴ്ചകളാണ്‌ മാറിപ്പോയത്.
- ‘പാറാവുകാരന്റെ കണ്ണുകൾ’, ബിയോണിന്റെ പുസ്തകം.

വാക്കുകൾ!വാക്കുകൾ ! എല്ലായിടത്തും വാക്കുകൾ. ആദമിനു തോന്നി.
കോടാനുകോടി മനുഷ്യർ, പലയിടങ്ങളിലായ് ഒരേ സമയം എഴുതുന്ന/പറയുന്ന/വായിക്കുന്ന/ഓർക്കുന്ന/മറന്നു പോകുന്ന- അനേകമനേകം വാക്കുകൾ.
വാക്കുകൾ കാഴ്ചയാണ്‌. ശബ്ദവുമാണ്‌.
വല്ലാതെ പ്രിയപ്പെട്ടതാകുമ്പോൾ ഹൃദയമറിയുന്ന സ്പർശനങ്ങളാണ്‌!
വാക്കുകൾ വ്യക്തമായിരിക്കണം. ഭംഗിയുള്ളതായിരിക്കണം.
അതനുഭവിയ്ക്കാൻ എഴുത്തുകാരനും വായനക്കാരനുമിടയിൽ സ്നേഹം അരൂപിയായ ഇടനിലക്കാരനായ് വർത്തിക്കണം.
ആദം വിശ്വസിച്ചു.

എഴുത്താണോ എഴുത്തിനൊപ്പം എഴുത്തുകാരന്റെ സ്ഥലകാലജീവിതം കൂടിയാണോ വായിക്കപ്പെടുന്നത് എന്ന് ആദം എപ്പോഴും ചിന്തിച്ചു. അജ്ഞാതനായിരിക്കെ തീവ്രമായ് ആകർഷണം തോന്നുന്ന എഴുത്തുകൾ, എഴുത്തുകാരനെ അടുത്തറിയുന്നതോടെ വീണുടഞ്ഞു പോകാറുണ്ട് ചിലപ്പോൾ. എഴുത്തുകാരനെക്കുറിച്ചുള്ള വിശദാംശങ്ങൾ , അയാളുടെ എഴുത്തിനോടുള്ള ആകർഷണം കുറയ്ക്കുമോ  എന്ന ആ സംശയമാണ്‌ അയാളെക്കൊണ്ട് ‘പാറാവുകാരന്റെ കണ്ണുകൾ ’എഴുതിച്ചത്. 

ആദമെന്ന അയാളായിരുന്നു എഴുത്തുകാരൻ. ഇറച്ചിക്കടയിലെ ജോലിക്കിടെ അയാളുടെ ബോധമണ്ഡലത്തിലേക്ക് വാക്കുകൾ നിർത്താതെ പെയ്തു. ആരുമറിഞ്ഞില്ല. ആരേയും അറിയ്ക്കാൻ അയാളിഷ്ടപ്പെട്ടതുമില്ല.
ഹോമർ എന്ന ഇടനിലക്കാരന്‌ അയാൾ എഴുതുന്നതത്രയും കൊടുത്തു. എല്ലാം ഹോമറിന്റെ എഴുത്തുകളായ് അറിയപ്പെട്ടു; സ്വീകരിക്കപ്പെട്ടു. ഒന്നിന്റേയും അവകാശിയാകാൻ ആദം ആഗ്രഹിച്ചില്ല. അക്ഷരങ്ങളല്ലാതെ മറ്റൊരടയാളവും അയാൾക്കുണ്ടായിരുന്നില്ല.

ബിയോണിന്റെ പുസ്തകത്തിലെ,‘ബിയോണിന്റെ സംഗീതം’ എന്ന കഥ ആദം എഴുതിയതും ഇറച്ചിക്കടയിൽ വെച്ചാണ്‌. ഇറച്ചിക്ക് ഒരുപാട് ആവശ്യക്കാർ ഉള്ള ഒരു ദിവസമായിരുന്നു അന്ന്. ജോലിയ്ക്കിടെ കൈകളൊന്നു വൃത്തിയായി കഴുകാൻ പോലും സമയം കിട്ടിയിരുന്നില്ല അയാൾക്ക്. മനസ്സിലേക്ക് ഒന്നിനുപുറകെ ഒന്നായ് വന്ന വാക്കുകൾ, പിന്നീടാകട്ടെ എന്നു കരുതിയാൽ മറന്നു പോയേക്കുമോ എന്ന ആകുലതയോടെ, വേഗം വേഗം എഴുതുകയായിരുന്നു അയാൾ. അതായിരുന്നു ‘ബിയോണിന്റെ സംഗീതം’. ഏറ്റവും സ്വീകരിക്കപ്പെട്ട കഥ.

“സ്നേഹത്തെക്കുറിച്ച് എഴുതിയ ഏറ്റവും മനോഹരമായ കഥകളിലൊന്ന് - ബിയോണിന്റെ സംഗീതം” . നൂറ പുസ്തക കച്ചവടക്കാരനോട് പറഞ്ഞു.
അയാളാണവൾക്ക് ‘ ബിയോണിന്റെ പുസ്തകം’  പരിചയപ്പെടുത്തിക്കൊടുത്തത്. ഹോമറിന്റെ താമസസ്ഥലത്തെക്കുറിച്ച് പറഞ്ഞു കൊടുത്തതും അയാൾ തന്നെയാണ്‌.
“അദ്ദേഹത്തെ പുറത്തധികമൊന്നും കാണാറില്ലല്ലോ” അവൾ പുസ്തകകച്ചവടക്കാരനോട് അന്വേഷിച്ചു.
“അദ്ദേഹം പള്ളിയിൽ പോകുന്നതു പോലും വിരളമാണ്‌.
അദ്ദേഹത്തിന്റെ ഭാര്യ സുഖമില്ലാതെ കിടപ്പിലായിട്ട് കാലങ്ങളേറെയായി. അവരുടെ ശുശ്രൂഷയും എഴുത്തും , അത് മാത്രമാണദ്ദേഹത്തിന്റെ ജീവിതം. മറ്റു പറയത്തക്ക വരുമാനങ്ങളും ഇല്ലല്ലോ.” പുസ്തകക്കച്ചവടക്കാരൻ വ്യക്തമാക്കി.

“ബിയോണിന്റെ സംഗീതം- അതിനേക്കാൾ നല്ല കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല. "അവൾ അയാളോട് വീണ്ടും പറഞ്ഞു.

തന്റെ വീട്ടുജോലിയ്ക്കിടയിൽ നൂറ എല്ലാദിവസവും അതെല്ലാം ഓർക്കും.
ഹോമറിന്റെ എഴുത്തുമുറി. അയാളെഴുതുന്നതാദ്യം വായിച്ചു കേൾക്കുന്ന അയാളുടെ ഭാര്യ. തൂക്കുചെടിച്ചട്ടികൾ. വള്ളിപ്പടർപ്പുകൾ. പുസ്തകങ്ങൾ സൂക്ഷിച്ചു വെച്ച മരയലമാരികൾ. മരുന്നിന്റെ ഗന്ധം. 
വെറുതയല്ല ഹോമർ സ്നേഹത്തെക്കുറിച്ച് ഇത്രയേറെ എഴുതുന്നത്. അയാളെ മാത്രമല്ല, ലോകത്തെ മുഴുവൻ സ്നേഹിക്കാൻ തോന്നും അയാളുടെ വാക്കുകൾ ഓർത്തെടുക്കുമ്പോൾ.
എന്നെങ്കിലുമൊരിയ്ക്കൽ അയാളെ കാണുമ്പോൾ താനിതിനെക്കുറിച്ചെല്ലാം പറയുമെന്ന് അവൾ ഉറപ്പിച്ചിരുന്നു.

ഹോമറിന്റെ ഭാര്യ മരിച്ച് ആഴ്ചകൾ കഴിഞ്ഞ്, അന്നാണ്‌ പുസ്തക കടക്കാരൻ പറഞ്ഞ് നൂറ ആ വിവരം അറിഞ്ഞത്. ആദത്തിന്‌ അത് പതിവുപോലെ ഒരു ദിവസമായിരുന്നു. സ്റ്റീൽ പാത്രങ്ങൾ വീഴുന്ന ശബ്ദമാണ്‌ അയാളെ ഉണർത്തിയത്. നൂറയോട് അടുക്കളയിൽ ചെന്നാണ്‌ അന്നും യാത്ര പറഞ്ഞത്. പതിവുപോലെ ഉള്ളി അരിയുന്നതുകൊണ്ടാണോ അവളുടെ കണ്ണു നിറഞ്ഞത് അതോ കണ്ണ്‌ നിറയുമ്പോഴാണോ അവൾ ഉള്ളി അരിയുന്നതെന്ന് അന്നും സംശയിച്ചു.

ആ വൈകുന്നേരം അയാൾക്ക് ഹോമറിനെ ചെന്നു കാണേണ്ടിയിരുന്നു. ട്രീസ ചേച്ചി മരിച്ച് അടക്കം കഴിഞ്ഞതിൽ പിന്നെ അദ്ദേഹത്തെ ചെന്നു കണ്ടിട്ടില്ല. അദ്ദേഹം ഈ നഗരം വിടുകയാണെന്നും പറയുന്നു. നല്ല വിലയ്ക്ക് സ്ഥലം കച്ചവടം ചെയ്താലോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. അങ്ങനെയാണെങ്കിൽ അതിനു പറ്റിയ ആളെ കണ്ടെത്തെണം.

ഹോമറിന്റെ വീട്ടിലേക്ക് കയറിചെല്ലുമ്പോൾ കിഴവൻ പുറത്ത് നില്പുണ്ടായിരുന്നു.

“ബിയോണിന്റെ കഥാകാരാ വരൂ” ഹോമർ ആദത്തെ ഉറക്കെ വിളിച്ചു.
‘എന്താണിത്. അത് നമ്മൾ രണ്ടുപേരിൽ മാത്രം നില്ക്കേണ്ട ഒരു രഹസ്യമല്ലേ’ എന്നൊരമ്പരപ്പ് ആദം ഒളിച്ചു വെച്ചില്ല.
 എഴുത്തുമുറിയിൽ പുസ്തകങ്ങൾക്കിടയിലിരിക്കുന്ന നൂറിനെ ചൂണ്ടിക്കാണിച്ച് ഹോമർ അയാളോട് പറഞ്ഞു: “ബിയോണിനെ കാണാൻ ഒരാൾ വന്നിരിക്കുന്നു. കടുത്ത ഒരാരാധിക.”
 “ഇതിഹാസകാരന്റെ പേരും ആദത്തിന്റെ അക്ഷരങ്ങളും, മരുന്നിനും പണത്തിനുമായി ഞാനൊരിടനിലക്കാരൻ ” ഹോമർ ഉറക്കെയുറക്കെ ചിരിച്ചു.
“ബിയോണിന്റെ പുസ്തകമല്ല; ആദത്തിന്റെ പുസ്തകം.” അയാൾ വിളിച്ചു പറഞ്ഞു.


നൂറ പുസ്തകങ്ങൾ വായിക്കാറുണ്ടെന്ന് ആദത്തിന്‌ പുതിയ അറിവായിരുന്നില്ല.
തന്റെ എഴുത്തുകളാണിതൊക്കേയും എന്നറിയുമ്പോൾ അവൾക്ക് ആ വാക്കുകളത്രയും അസ്വീകാര്യമാകുമോ എന്ന ഭയം.
പാറാവുകാരന്റെ കണ്ണുകൾ! ആദത്തിന്റെ മനസ്സിൽ അപ്പോൾ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ!

ഇത്രയും ഭയം ഉള്ളിലൊളിപ്പിക്കുന്ന ഒരാളാണോ 
സ്നേഹത്തെക്കുറിച്ച് പറയുന്നതെന്ന് കരുതുമോ എന്ന ഭയം.
ഭയമുള്ളിടത്ത് സ്നേഹമില്ലെന്നും 
സ്നേഹമുള്ളിടത്ത് ഭയമില്ലാതാകുന്നുവെന്ന് പറഞ്ഞ 
ഒരാളിന്റെ സഹജമായ ഭയം.
ഇറച്ചിവെട്ടുകാരന്‌ ഉണ്ടാകാൻ പാടില്ലാത്ത ഭയം.

എന്റെ കണ്ണുകൾ നിറയുകയാണ്‌.
നിനക്കു വേണ്ടിയല്ല; എനിക്ക് വേണ്ടി.

മേല്ക്കൂരയില്ലാത്ത നീയെന്ന വീടിനു മേൽ പേമാരിയായി പെയ്യാൻ. ’

ബിയോണിന്റെ പുസ്തകത്തിലെ 'ഇറച്ചിവെട്ടുകാരൻ' അന്നയോട് പറഞ്ഞ വാചകങ്ങൾ നൂർ ഓർത്തു. ആദത്തിനു കണ്ടുപരിചയമില്ലാത്തൊരു പുഞ്ചിരി അന്നേരമവളെ മാലാഖയാക്കി.

കൂടുതൽ സംസാരിയ്ക്കാൻ നില്ക്കാതെ അവർ തങ്ങളുടെ വീട്ടിലേക്ക് മടങ്ങി.
താൻ അവസാനത്തെ കഥയെഴുതിക്കഴിഞ്ഞെന്ന് ആദമും താൻ ആദ്യത്തെ കഥ വായിച്ചു കഴിഞ്ഞെന്ന് നൂറും യാത്രയ്ക്കിടയിൽ പറഞ്ഞു.

അന്നും പതിവുകളൊന്നും തെറ്റിച്ചില്ല അവർ. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. ടെലഫോണിൽ അമ്മമാരോട് സംസാരിച്ചു. ടിവിയിൽ സിനിമാപ്പാട്ടുകൾ കണ്ടു.

രാത്രിയിൽ ആദത്തെ ചേർത്തു പിടിച്ച് നൂർ ഉറങ്ങി. ഒരു പേര്‌ മറ്റൊരു പേരിനെ ചേർത്തു പിടിച്ചതു പോലെയോ ഒരു ശരീരം മറ്റൊരു ശരീരത്തെ ചേർത്തു പിടിച്ചതു പോലെയോ ആയിരുന്നില്ല പക്ഷേ അത്.
പകരം ഒരു ഹൃദയം ഏറെ കാത്തിരുന്ന് മറ്റൊരു ഹൃദയത്തെ സ്വന്തമാക്കിയയത് പോലെ.No comments:

Post a Comment