Thursday, October 15, 2015

കാട്ടിൽ നടന്ന ഒരു കഥ


ഒരു കഥ കേൾക്കാൻ ഇടയായി. ഞാനും കുട്ടികളും ഒരുമിച്ചിരുന്നാണ്‌ അത് കേട്ടത്.
കാട്ടിലാണ്‌ കഥ നടന്നത്.  ഇലകളുടെ പച്ചയോ മരങ്ങളുടെ മണമോ അരുവികളുടെ ശബ്ദമോ പക്ഷേ അതിലുണ്ടായിരുന്നില്ല.
“എന്തിന്‌ ഒരു ചാറ്റൽ മഴ പോലും പെയ്തില്ല!”, ശ്രീക്കുട്ടി എന്റെ മഴയോടുള്ള ഇഷ്ടത്തെ കളിയാക്കി.
“കഥയിലാണ്‌ മഴ പെയ്യാത്തത്..കാട്ടിൽ അത് പെയ്യുന്നുണ്ടാകും”, ഞാനും തിരിച്ചടിച്ചു.

സിംഹം തന്നെയായിരുന്നു ഈ കാട്ടിലേയും രാജാവ്. ഒരു നായകനു വേണ്ട  സവിശേഷതകൾ എല്ലാമുണ്ടായിരുന്നു സിംഹത്തിന്‌. വെറുതെ ഒന്നു തലകാണിച്ചു പോകാൻ കാതരമായ കണ്ണുകളോടെ ഒരു പേടമാനും.

“വെറുതേ ഒരു പാട്ട് സീനിൽ മാത്രം.. ദൂരെ മാറിനിന്നൊരിഷ്ടം കാണിക്കൽ.”
“എന്നാൽ പിന്നെ സിംഹം മാനിനു  മിനിട്ട് വെച്ച്  മിനിട്ട് വെച്ച്  വാട്ട്സപ്പ് ചെയ്യണമായിരുന്നു!”
എന്ന് ഞാനും ശ്രീക്കുട്ടിയും തമ്മിൽ വീണ്ടും തർക്കമായ്.  ഞങ്ങളുടെ ഒന്നരവയസ്സുകാരി ആമി അവൾക്കറിയാവുന്ന ശബ്ദത്തിൽ പ്രതിഷേധിക്കുന്നതു വരെ.
അങ്ങനെ കുട്ടികളുടെ ശബ്ദവും ശാഠ്യവും ഉറക്കവും  എന്റെ അശ്രദ്ധയും എല്ലാം ഉണ്ടായിരുന്നു കഥ കേൾക്കുന്നതിനിടയിൽ.

നീതിമാനായിരുന്നു സിംഹം. കാട്ടിൽ മുയലുകളുണ്ടായിരുന്നു. വെളുത്ത മുയലുകൾ. ബൗദ്ധിക വ്യായാമം ചെയ്തു ചെയ്ത് നീണ്ട് നീണ്ടു പോയ ചെവികളുള്ള മുയലുകൾ. അവർ നിരന്തരം ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. പോരാളികളായ എലികൾക്കും രാജാവായ സിംഹത്തിനും ഇടയിൽ അവരുടേതായിരുന്നു പദ്ധതികളും ആജ്ഞകളും നിർദ്ദേശങ്ങളും.

സിംഹത്തെയാണോ മുയലുകളേയാണോ അതോ എലികളേയാണോ ഭയപ്പെടേണ്ടതെന്ന് ചിന്തിച്ചത് ആ കാട്ടിൽ ആമകൾ മാത്രമാണ്‌. ആമകൾ പുഴയോരത്തും മരച്ചുവടുകളിലുമായ് ഒറ്റയ്ക്കൊറ്റയ്ക്കായ് കഴിഞ്ഞു. അവർ അഗാധമായ് ചിന്തിച്ചു. ചിന്തിച്ചു ചിന്തിച്ചു കൊണ്ടേയിരുന്നു. ഏകപക്ഷീയമായിരുന്നില്ല അവരുടെ അനുമാനങ്ങൾ. ചിലനേരങ്ങളിൽ അവർ സിംഹത്തിനൊപ്പവും മറ്റു ചിലപ്പോൾ മുയലുകൾക്കൊപ്പമോ നിർദേശങ്ങൾ അനുസരിക്കുന്ന ചിന്താശേഷിയില്ലാത്ത എലികൾക്കൊപ്പമോ ആയി. ചിലപ്പോൾ കാട്ടിലെ മറ്റ് മൃഗങ്ങളുടെ പക്ഷത്താണ്‌ ന്യായമെന്നും ഉറപ്പിച്ചു. എല്ലാവരും എല്ലായ്പ്പോഴും ശരികൾ മാത്രം ചെയ്യുന്നില്ലെന്നത് സ്വാഭാവികമാണെന്ന് ആമകൾക്ക് അറിയാമായിരുന്നു.

ഒരു വിഷയത്തിലെടുക്കുന്ന നിലപാടുകൾ ഒരു പക്ഷത്തിന്റെ വക്താവാക്കി മാറ്റുന്നതും അതേ പക്ഷത്തോടൊപ്പം മറ്റുവിഷയങ്ങളിലും ഉറച്ച് നില്ക്കാത്തപ്പോൾ പുറന്തള്ളപ്പെടുന്നതും ഒറ്റപ്പെടുന്നതും  ആമകൾ മനസ്സിലാക്കി. അതാവണം അവരെ നിശബ്ദരാക്കിയത്. അവർ ചെറിയ ചെറിയ സൗകര്യങ്ങളിൽ സുഖിച്ച് വലിയ വിജയങ്ങളിലേക്കെത്തിക്കുമായിരുന്ന അവസരങ്ങളെ അലസമായ് അവഗണിച്ചു.  സ്വയം അഭിപ്രായങ്ങൾ രൂപീകരിച്ചതൊഴിച്ചാൽ അവർ പരസ്പരം പോലും ആശയവിനിമയം നടത്തിയില്ല.

തങ്ങൾക്ക് തീർച്ചയില്ലാത്തൊരു വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്നായിരുന്നു ഒരോ ആമകളു ടേയും നയം. അവ്യക്തമായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൽ നിശ്ചയമായും ചോദ്യങ്ങൾ വരും. അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തേണ്ടിവരും. ചോദ്യോത്തരങ്ങളിലൂടെ ആ വിഷയത്തിന്‌ ആശയപരമായ സമഗ്രത കൈവരും. അങ്ങനെയുള്ള സാധ്യതകളെല്ലാം തന്നെ ആമകൾ തള്ളിക്കളഞ്ഞു.

എവിടേയും മുഖം കാണിച്ചിരുന്നില്ല കുറുക്കൻ. ആരും അവനെക്കുറിച്ച് ചിന്തിച്ചില്ല. എന്തിന്‌ മുയലുകൾ പോലും. പക്ഷേ കാട്ടിലൊരു കുറുക്കനുണ്ടെന്ന് ആമകൾ ഊഹിച്ചു. കൗശലക്കാരനും ദൃഢനിശ്ചയക്കാരനുമായ കുറുക്കൻ. കാർമേഘം പോലെ അവൻ കാട്ടിനുമുകളിൽ പടരുന്നുണ്ടെന്ന് ആമകൾക്ക് തോന്നി. ഒരോ മരച്ചുവട്ടിലും അവന്റെ നിഴൽ വീഴുന്നുണ്ടെന്നും. ആ തോന്നലുകൾ ആമകൾ ആരോടും പങ്കുവെച്ചില്ല.

കുറുക്കൻ മുയലുകളെയും എലികളേയും നിരീക്ഷിച്ചു. ബുദ്ധികേന്ദ്രങ്ങളേയും അനുസരണശീലമുള്ള പടയാളികളേയും അവൻ സമീപിച്ചില്ല. അവൻ വായാടികളായ ചീവിടുകളെ പരിചയപ്പെട്ടു. അവരോട് മുയലുകളെക്കുറിച്ച് സംസാരിച്ചു. മുയലുകൾക്കിടയിൽ എപ്പോഴും ഉണ്ടാകാറുള്ള, എന്നാൽ ആരുമറിയാതെ പോകുന്ന, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ ചീവീടുകളിലൂടെ കുറുക്കൻ കാട്ടിലെല്ലായിടത്തും എത്തിച്ചു. മുയലുകൾ, കാട്ടിലെ മറ്റു മൃഗങ്ങളുടെ ഇടയിൽ തങ്ങളുടെ സ്വീകാര്യതയെക്കുറിച്ച് കൂടുതൽ കൂടുതൽ ബോധവാന്മാരായി.കുറുക്കനെക്കുറിച്ച് ആരും അപ്പോഴും അറിഞ്ഞില്ല.

കണിശക്കാരായിരുന്നു ചില മുയലുകൾ. ജീവിതമാകുമ്പോൾ ചില വിട്ടുവീഴ്ചകളാകാമെന്ന അഭിപ്രായമായിരുന്നു വേറെ ചിലർക്ക്. മറ്റെന്തിലൊക്കെ ആയാലും നീതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന്  മറ്റു ചില മുയലുകൾ പറഞ്ഞു. വിട്ടുവീഴ്ച ചെയ്തു തുടങ്ങിക്കഴിഞ്ഞാൽ പലതിലും അത് വേണ്ടിവരുമെന്ന്  ചിലർ ഉറപ്പിച്ചു.

മുയലുകളിലെ അഭിപ്രായവ്യത്യാസങ്ങൾ മുൻപൊരിക്കലും ഇല്ലാത്തവണ്ണം കാട്ടിലെ മൃഗങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കി. മുയലുകൾ, അവരവരുടെ സ്വീകാര്യതയ്ക്കു വേണ്ടിമാത്രം മത്സരിക്കുന്നവരുമായി. തങ്ങളുടെ വിശ്വാസ്യതയും സ്വീകാര്യതയും വീണ്ടെടുക്കാൻ മുയലുകൾ പണിപ്പെടുന്നതിനിടെ മുയലുകളുടേയും കാട്ടുമൃഗങ്ങളുടേയും ഇടയിൽ ചീവീടുകൾ നിറഞ്ഞു. കാട് മുയലുകളെ കേൾക്കുന്നത് ചീവീടുകളിലൂടെ മാത്രമായി. അപ്പോഴും കുറുക്കനെക്കുറിച്ച് ആരും അറിഞ്ഞില്ല.


മുയലുകൾക്കിടയിൽ കുരങ്ങന്മാർ എളുപ്പത്തിൽ ഇടം പിടിച്ചു. സിംഹം ആ മാറ്റം പെട്ടന്ന് തിരിച്ചറിഞ്ഞില്ല. മുയലുകൾ സിംഹത്തെ ചില തെറ്റുകളെക്കുറിച്ച് ഓർമ്മിപ്പിച്ചു. സിംഹത്തിന്‌ തെറ്റുകളേ സംഭവിക്കുകയില്ലെന്ന് കുരങ്ങന്മാർ ഉറപ്പിച്ചു. സിംഹത്തിന്‌ കൂടുതൽ എളുപ്പമായത് കുരങ്ങന്മാരുടെ നിർദ്ദേശങ്ങളായിരുന്നു. മുയലുകളേക്കാൾ നീതിമാന്മാരാണ്‌ കുരങ്ങുകളെന്ന് ചീവിടുകൾ പ്രചരിപ്പിച്ചു. സിംഹം തന്റെ അധികാരങ്ങളെക്കുറിച്ച് അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലുമായിരുന്നു. കുരങ്ങന്മാർ കുറുക്കനെ സിംഹത്തിന്‌ പരിചയപ്പെടുത്തി. കുറുക്കൻ സിംഹത്തിനുവേണ്ടി സംസാരിച്ചു തുടങ്ങി. കുറുക്കനെപ്പോലെ സംസാരിച്ചവരുടെ ശബ്ദം കാട് മുഴുവൻ കേട്ടു. 
തങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെക്കാൾ തങ്ങളെപ്പോലെ സംസാരിക്കുന്നവരെയാണ്‌ ആദ്യം സൃഷ്ടിക്കേണ്ടത് എന്നും  അവരിൽ നിന്ന് തങ്ങൾക്കു വേണ്ടി സംസാരിക്കുന്നവരെ ധാരാളമായ് തിരഞ്ഞെടുക്കാൻ കഴിയും എന്നതുമാണ്‌ കുറുക്കന്റെ പദ്ധതിയെന്ന് ആമകൾ ഊഹിച്ചു. . ആ ഊഹം ശരിയായിരുന്നു താനുംപക്ഷേ അവർ തങ്ങൾക്ക് പരിചിതമായ ചുറ്റുപാടുകളും അവിടത്തെ സൗകര്യങ്ങളിലും തന്നെ തുടർന്നു. കാട്ടിലെ അപകടകരമാവുന്ന അവസ്ഥകളെക്കുറിച്ച് ആശയവിനിമയം നടത്തിയതേയില്ല.

“സിംഹത്തിനൊന്നും അറിയില്ല..അത് ആ പേടമാനിനെപ്പോലും ശ്രദ്ധിച്ചില്ല” അച്ചു ഇടയ്ക്ക് എന്നെ ഓർമ്മിപ്പിച്ചു.
ആമി ഉറങ്ങിപ്പോയിട്ടും “വല്ലാതെ കോപ്ലിക്കേറ്റഡ്, ബോറടിക്കുന്നെന്ന്” ശ്രീക്കുട്ടി എഴുന്നേറ്റ് പോയിട്ടും മൂന്നാംക്ലാസ്സുകാരി ഉണ്ണിമോൾ മാത്രം എനിയ്ക്ക് കൂട്ടിരുന്നു. മാനിനെക്കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണിലെ നക്ഷത്രം,  എന്റെയുള്ളിലും ഒരു പുഞ്ചിരി നിറച്ചു.


കുറുക്കൻ സിംഹത്തെപ്പോലെ സംസാരിക്കുന്നെന്ന് കാട്ടുമൃഗങ്ങൾ കരുതി. പക്ഷേ കുറുക്കൻ സിംഹത്തെപ്പോലെയല്ല, സിംഹം കുറുക്കനെപ്പോലെയാണ്‌ സംസാരിക്കുന്നതെന്ന് ആമകൾക്കും ചില മുയലുകൾക്കും മാത്രം മനസ്സിലായി. മുയലുകൾക്ക് കേൾവിക്കാരുണ്ടായിരുന്നില്ല.
ആമകൾ നിശബ്ദരുമായിരുന്നു. മുയലുകളായിരുന്നു കൂടുതൽ ജാഗരൂകരാകേണ്ടിയിരുന്നത് എന്ന് ആമകളും ഇത് ആമകളുടെയും രാജ്യമായിരുന്നെന്ന് മുയലുകളും പരസ്പരം കുറ്റപ്പെടുത്തി.

ആമകൾ കാട്ടുമൃഗങ്ങളോട് മുൻപേ തന്നെ സംസാരിക്കേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നി. കുറുക്കനെക്കുറിച്ച് എന്തെങ്കിലും ഒരു മുന്നറിയിപ്പ് കൈമാറേണ്ടിയിരുന്നു എന്ന്.

“പക്ഷേ സിംഹം തന്നയല്ലേ കാട്ടിൽ ഇപ്പോഴും രാജാവ്?”, ഉറക്കം വരാതെ ഉണ്ണിമോൾ ചോദിച്ചു.“പിന്നെ എന്താ പ്രശ്നം അമ്മേ? ”


ഭൂരിഭാഗം മൃഗങ്ങളും കുറുക്കനെപ്പോലെ സംസാരിക്കുന്ന കാട്ടിൽ കുറുക്കനെപ്പോലെ ഭരിക്കുന്ന സിംഹമുണ്ടാകുന്നതിലെന്താണ്‌ പ്രശ്നം? കുറുക്കന്റെ നിലപാടുകൾ കാട്ടിലെ നിയമമാകുന്നതിൽ എന്താണ്‌ പ്രശ്നം?

“ അമ്മേ, പക്ഷേ എന്താവും കുറുക്കൻ കാട്ടിലെ രാജാവാകാതിരുന്നത്?? ഇത്രയൊക്കെ സൂത്രങ്ങളുള്ള കുറുക്കന്‌ ഇതിനേക്കാൾ എളുപ്പത്തിൽ കാട്ടിലെ രാജാവാകാമായിരുന്നില്ലേ? ”


ഒരു രാജാവായിരിക്കുന്നതിനേക്കാൾ നേട്ടമല്ലേ രാജ്യം തന്നെയായി മാറുന്നത്!തന്റെ നിലപാടുകൾ -അതെന്ത് തന്നെയായാലും - ആരുമെതിർക്കാത്തൊരു രാജ്യം? ഞാൻ ഓർത്തു.
പക്ഷേ ഉണ്ണിമോളോട്,
“ആമീം കുട്ടിചേച്ചീം എല്ലാരും ഉറങ്ങീല്ലേ! മോളും വേഗം ഉറങ്ങിക്കോ,രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോണ്ടേ?” എന്ന് മാത്രം പറഞ്ഞു.

1 comment: