Monday, September 14, 2015

സമയം


എല്ലാവരും അവരവരെ മാത്രം കേൾക്കുന്ന കോടതി മുറിയാണ് ജീവിതം. ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടു പോകാൻ അവനവനിലേക്ക് തന്നെയാണ് തെളിവുകളെല്ലാം നിരത്തുന്നത്. അവനവനെത്തന്നെ സ്നേഹിയ്ക്കാൻ കാരണങ്ങളാണ് അന്വേഷിയ്ക്കുന്നത്. 

ഇത്രയും ഓർത്ത് കൊണ്ട്, സമയം അടയാളപ്പെടുത്തുന്ന അക്കങ്ങൾ ശലഭങ്ങളായ് പറന്നു പോവുന്നെന്ന് തോന്നലുണ്ടാക്കുന്ന ക്ലോക്ക് ചുവരിലുറപ്പിക്കുകയായിരുന്നു ഞാൻ. ഇന്നലത്തെ പാർട്ടിയ്ക്ക് മിഥില എന്ന കൂട്ടുകാരിയുടെ സമ്മാനം.
' അങ്ങനെ അങ്ങനെ പാറിപറന്നു പോകട്ടെ ഇനി മുതൽ നിന്റെ സമയവും' എന്ന് അവളെന്നെ ആശംസിക്കുന്നു.

ആ നേരത്താണ് അമ്മ വിളിച്ചത്.

അമ്മ പക്ഷേ എന്റെ സമയവും പ്രായവുമിങ്ങനെ ‘ പാറി പറന്നു പോകുന്നല്ലോ ’ എന്ന ഖേദത്തിലാണ്‌. പ്രമോഷന്റെ സന്തോഷമോ പാർട്ടിയിലെ രസങ്ങളോ അമ്മയ്ക്ക് കേൾക്കേണ്ടിയിരുന്നില്ല. ‘ ഇത്രയൊക്കെ കഴിവുകളുണ്ടായിട്ടും എന്റെ മോളിങ്ങെനെ വിഷമിക്കേണ്ടി വന്നല്ലോ ’ എന്ന് തുടങ്ങിയ ഖേദപ്രകടനം, ‘എനിക്കതിനു വിഷമമൊന്നുമില്ലല്ലോ അമ്മേ’ എന്നു പറഞ്ഞിട്ടും തുടർന്നു കൊണ്ടിരുന്നു. നിരാശയും ഒരു ലഹരിയാണ്‌ ചിലർക്ക്. അവർ ആ ഉന്മാദം  അന്വേഷിച്ച് ഇറങ്ങും. അതനുഭവിയ്ക്കാൻ കാരണങ്ങൾ തിരയും.


"ചിലരുണ്ട്; സുഖസൗകര്യങ്ങളും ആരോഗ്യവും സുഹൃത്തുക്കളും സമ്പത്തും എല്ലാം ഉണ്ടെങ്കിലും സന്തോഷിയ്ക്കാൻ വിസമ്മതിയ്ക്കുന്നവർ. അമ്മ അങ്ങനെയായ് കഴിഞ്ഞിരിയ്ക്കുന്നു. ഇപ്പോഴെന്തോ പറയുന്നത് അമ്മയാണെങ്കിലും അവർ പറയുന്ന കാര്യങ്ങളോടെല്ലാം മടുപ്പ് തോന്നുന്നു. പ്രശ്നങ്ങൾക്ക് പരിഹാരങ്ങളല്ല; പറയാൻ ഒരു പ്രശ്‍നം ഉണ്ടായിരിക്കണെമെന്ന് മാത്രമാണ് അമ്മയുടെ ആവശ്യം. അസംബന്ധങ്ങൾ കേൾക്കുന്നതിന് ഒരു പരിധിയില്ലേ?!" -ഞാനൊരിയ്ക്കൽ ദീദിയോട് സങ്കടം പറഞ്ഞിരുന്നു.

സോമദത്തദീദി, എന്റെ അയൽക്കാരിയാണ്.

"കീഴടക്കാൻ തക്കം പാർത്തു നിൽക്കുന്ന ഒരു വിഷാദരോഗി എല്ലാവരിലുമുണ്ട്.  അവനു കീഴടങ്ങിയാൽ പിന്നെ നമ്മളില്ല; അവൻ മാത്രമെയുള്ളൂ. കൗശലക്കാരനായ പ്രതിയോഗിയാണവൻ. സ്നേഹത്തിന്റെ, കരുതലിന്റെ മുഖംമൂടികളണിഞ്ഞു നമ്മുടെ പ്രിയപ്പെട്ടവരിലൂടെ നമ്മിലേക്കുള്ള വഴികൾ കൂടി പണിതുവയ്‌ക്കും. അവനെ ജയിക്കുന്നതിലാണ് കാര്യം. മറ്റെല്ലാ രോഗാവസ്ഥകളിലും രോഗിയാകുന്ന ഒരാൾ, അയാളുടെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കും. വിഷാദരോഗി അയാളങ്ങനെയാണെന്ന് അനുവദിച്ചു തരില്ല. എന്നെ ആർക്കും മനസ്സിലാകുന്നില്ലെന്ന്, എന്റെ സങ്കടങ്ങൾ പങ്കിടാൻ ആരുമില്ലെന്ന് വിഷാദത്തിന്റെ അടരുകൾ ഉറപ്പിച്ചു വയ്ക്കും. ഒരു സ്റ്റോക്ഹോം സിൻഡ്രോം പോലെയാണത്. നമ്മെ തടവിലാക്കിയവന് വേണ്ടി നമ്മൾ സംസാരിച്ചു തുടങ്ങും. അമ്മയല്ല ഇപ്പോൾ സംസാരിയ്ക്കുന്നത്. ആ രോഗാവസ്ഥയ്ക്ക് അമ്മ കീഴടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു." 

ഇതേ വാക്കുകളായിരുന്നില്ല; പക്ഷെ ആര്യനും ഇങ്ങനത്തനെയായിരുന്നു പറഞ്ഞത്. അന്ന് അമ്മയെക്കാൾ കൂടുതൽ മറ്റാരും എന്റെ നന്മ ആഗ്രഹിയ്ക്കുന്നില്ലെന്ന് വിശ്വസിയ്ക്കുകയായിരുന്നു ഞാൻ.

അമ്മയും അച്ഛനും കുടുംബം മുഴുവനും ചേർന്നാണ്‌ ആര്യനെ കണ്ടെത്തിയതും ‘ ഇത് രണ്ട് കുടുംബങ്ങളുടെ വിവാഹമെന്ന്‘ ആഘോഷമാക്കിയതും. ആറുമാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും  പതുക്കെ രസക്കേടുകൾ, സംശയങ്ങൾ, ആരോപണങ്ങൾ. അമ്മയിലാണ് അസംതൃപ്തി ആദ്യം മുള പൊട്ടിയത്. പിന്നെ പരുത്തിക്കായകൾ പൊട്ടിച്ചിതറിയതു പോലെ എല്ലാവരിലും പെട്ടന്നത് നിറഞ്ഞു.

സമയദോഷം അമ്മ കാരണം കണ്ടെത്തി. ജ്യോതിഷികൾ പറഞ്ഞതും അങ്ങനെത്തന്നെയാണത്രെ !

" മോശം സമയം - ആ പറഞ്ഞത് ശരിയാകാം,” എന്റെ കഥകൾ കേട്ടിരിയ്‌ക്കെ ദീദി പറഞ്ഞു:  
 “മനസ്സിൽ നല്ല ചിന്തകളുണ്ടാകുന്നതാണ്‌ മനുഷ്യന്റെ നല്ല സമയം.”

"ഡൈവോഴ്സ്  ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും അവസാനം ആണ്; പ്രശ്നങ്ങളില്ലാത്ത പുതിയ  ജീവിതം അതിന് ശേഷം ഉണ്ടാകും എന്നൊക്കെ കരുതുന്നത് ശുദ്ധ അബദ്ധം ആണ്. അച്ഛൻ വിളിച്ചു കൊണ്ട് പോകും, അമ്മ കൂട്ടുവരും, കൂട്ടുകാർ കാവൽ നിൽക്കും എന്നൊന്നും കരുതി ചെയ്യേണ്ടതല്ല അത്. നമ്മുടെ ചില അഹംഭാവങ്ങൾക്ക് കൂട്ടുനിൽക്കാൻ ആളുണ്ട് എന്ന് തോന്നുമ്പോൾ നമ്മൾ ചെയ്യുന്ന മണ്ടത്തരങ്ങളുടെ എണ്ണവും കൂടും.  തീർത്തും ഒറ്റയ്ക്കാക്കേണ്ടി വന്നാലും ഇതാണ് ശരിയെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ മാത്രം അങ്ങനെ ഒരു തിരുമാനത്തിലെത്തുക. 
ഡൈവോഴ്സ് ഒരു നിയമ നടപടി മാത്രമാണ്. ഓർമ്മകൾക്ക് വിലക്കേർപ്പെടുത്താനോ, സന്തോഷമായ പുതിയൊരു ജീവിതം ഉറപ്പു നൽകാനോ അതിന് കഴിയില്ല. " - ദീദി ഓർമ്മിപ്പിച്ചു.
ദീദിയുടെ തിയറിയുണ്ട്:
“ചില കാര്യങ്ങൾ ചെയ്യുമ്പോൾ നൂറുവട്ടം ആലോചിക്കണം. എന്നാൽ വ്യായാമം, ഭർത്താവിനെ സ്നേഹിക്കൽ, പാചകം - ഇതൊക്കെ ആലോചിക്കാതെ ചെയ്യണം. ആലോചിച്ചാൽ മടി പിടിയ്ക്കും. ”
:-)

ആര്യനോടൊപ്പം കഴിഞ്ഞു ഒരുവർഷം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അമ്മ കുട്ടികൾ ഉണ്ടാകാത്തതിനെക്കുറിച്ച് ആവലാതിപ്പെട്ടു തുടങ്ങി. ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു, ചില ടെസ്റ്റുകളും ചെയ്തു.
"എന്റെ മോള് പെർഫെക്ടാ.. അവനാ കൊഴപ്പം..അല്ലെങ്കിൽ അവനെന്താ ഡോക്ടറെ കാണാൻ വരാത്തെ?"-അമ്മ പറഞ്ഞു നടന്നു.

'അമ്മയെ മാത്രം കേൾക്കുന്നു’ എന്നതായിരുന്നു ആര്യന്റെ പരാതി. ‘തീരുമാനത്തിലെത്തുന്നതിനു മുൻപ് എന്തെങ്കിലും സ്വന്തമായിട്ട് ആലോചിക്ക്’ : എന്ന് എപ്പോഴും അവൻ പറഞ്ഞു കൊണ്ടേയിരുന്നു.

ഡിവോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ ആര്യൻ അടുത്തു വന്നു. അമ്മയുടെ ശാപവാക്കുകളേക്കാൾ ഉറക്കെ പറഞ്ഞു:
"ഇപ്പോഴും സ്നേഹം.. എപ്പോഴും അതങ്ങനെത്തന്നെ ആയിരിക്കും."

ആര്യനെക്കുറിച്ച് അമ്മ പതിവുപോലെ ഇന്നും പറഞ്ഞു കൊണ്ടിരുന്നതും അതാണ്:"ഒട്ടും വിശ്വസിയ്ക്കാൻ കൊള്ളാത്ത ഒരുത്തൻ ."

ആര്യനിൽ നിന്ന് വിവാഹമോചനം നേടിയിട്ട് അഞ്ചു വർഷങ്ങൾ കഴിയാറായിരിക്കുന്നു. അമ്മയുടെ പരാതികൾ തീർന്നിട്ടില്ല. വിശ്വസിയ്ക്കാൻ കൊള്ളാവുന്ന ഒരുവന് വേണ്ടിയുള്ള അന്വേഷണം എവിടെയും എത്തിയിട്ടുമില്ല!

അച്ഛൻ, വിളിക്കുമ്പോഴൊക്കെ രണ്ടോ മൂന്നോ വാചകങ്ങളിൽ സംഭാഷണം ചുരുക്കും. അമ്മയിൽ സ്ഥാനമുറപ്പിച്ച വിഷാദരോഗി അച്ഛനിലേക്ക് വഴി കണ്ടുപിടിച്ചിട്ടുണ്ടോ എന്നാണിപ്പോൾ  തോന്നുന്നത്.
അനിയൻ വിളിക്കുമ്പോഴൊക്കെ പറയും:
"ഇല്ല ചേച്ചി.. വീട്ടിലേക്കില്ല .. അവിടത്തെ നാടകം കാണാൻ സമയം ഇല്ല."
അനിയത്തിയും അതുപോലെത്തന്നെ.
"വീട്ടിലേക്കില്ല .. അവിടെ സമയം നന്നാകുമ്പോ ചേച്ചി പറഞ്ഞാ മതി.."

തനിച്ചായ് പോകുമ്പോൾ തന്നോട് തന്നെ  നമുക്ക് അഭിനയിക്കേണ്ടി വരും. നമ്മുടെ സാന്നിധ്യവും അസാന്നിധ്യവും ഒരുപോലെ അപ്രസ്കതമാണെന്ന തോന്നലിന്റെ വിഷം ബോധമണ്ഡലത്തിൽ പടർന്ന് തുടങ്ങുമ്പോൾ നമ്മിൽ അനേകം emotional manipulations ഉണ്ടാകുന്നു.. ഈ ലോകം നമുക്ക് വേണ്ടിയല്ലെന്ന  തോന്നൽ, ഏറ്റവും ഭാഗ്യം കെട്ടുപോയെന്ന ആ പിന്തിരിഞ്ഞോട്ടം!

അമ്മയുടെ ഫോൺ ആവലാതികൾ കേട്ടുകൊണ്ടിരിയ്‌ക്കെ ടിവി ഓൺ ചെയ്തു. അല്ലെങ്കിൽ മുഴുവൻ ശ്രദ്ധയും പറഞ്ഞാലും പറഞ്ഞാലും നിർത്താൻ കഴിയാത്ത ആവലാതികളിലും പരാതികളിലുമാകും.

വാർത്തകളിൽ സിറിയൻ അഭയാർത്ഥികൾ. മണ്ണിലൊരിടത്തും കിടക്കാനിടമില്ലാതെ കടലിന്റെ ആഴങ്ങളിലേക്കു നമ്മെ ഉപേക്ഷിച്ചു പോയവരുടെ പാതിമുറിഞ്ഞ നിലവിളികൾ.

ഈയ്യിടെ പലരാത്രികളായ് ഉറക്കം കെടുത്തിയിട്ടുണ്ട് അയ്‌ലൻ ഖുർദിയുടെ കുഞ്ഞുദേഹം. കാലാകാലങ്ങളായ് അനേകമനേകം കുഞ്ഞുങ്ങളുറങ്ങിപ്പോയ സമുദ്രതീരങ്ങൾ. കുഞ്ഞുങ്ങളുടെ കരച്ചിലല്ല, അവരൊരിയ്ക്കലും ഇനി കരയില്ലെന്നറിയുമ്പോഴാണ്‌ ലോകം അശാന്തമാവുക.

എന്നാലാ നിമിഷം-  ഉറക്കമില്ലാതെ ‘ അങ്ങനെയുള്ളവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു'റപ്പിക്കുന്ന ആ നിമിഷം തന്നെ - എന്തെങ്കിലും സഹായത്തിനായ് ആരെങ്കിലും കൈനീട്ടിയാൽ പോലും ഒരുപാട് വട്ടം ആലോചിയ്ക്കുന്നു; ഒടുക്കം ഇല്ലെന്ന് പറയാൻ വേണ്ടി മാത്രം.

ലോകം മുഴുവൻ വാതിലുകൾ തുറന്നിട്ട വീടുകളാകണമെന്ന് നമ്മളാഗ്രഹിക്കും. സ്വന്തം വീടിന്റെ പൂട്ടു തുറന്നു കൊടുക്കാൻ വിസമ്മതിയ്ക്കുകയും ചെയ്യും. കാരണം മുഖംമൂടികളെ നമ്മൾ എവിടെയും പ്രതീക്ഷിക്കുന്നു. എന്തും വ്യാജമാണെന്ന തോന്നൽ സ്വഭാവത്തിന്റെ ഭാഗവുമായിരിക്കുന്നു.

വാർത്തകളിലൂടെ അറിയുന്ന കാഴ്ചകളിൽ, നമ്മുടെ തന്നെ അനുഭവങ്ങളിൽ, നാം ആകുലപ്പെടുന്നുണ്ട്. നാം അസംതൃപ്തരുമാണ്‌. നമ്മളോടൊപ്പം നമുക്ക് ചുറ്റിലുമുള്ള ഭൂരിപക്ഷം പേരും. ഈ അസംതൃപ്തി അതിന്റെ saturation point എത്തിയിരിക്കുന്നു. മത്ത് പിടിച്ചു പോയിരിക്കുന്നു നമ്മളാ അവസ്ഥയിൽ! അതിന്റെ ആലസ്യത്തിലാണ്‌ നാം. തനിച്ചൊരാൾക്ക് അത് ചെറുക്കാൻ കഴിയില്ലെന്നിരിക്കെ, ചെയ്യാവുന്നത് ഈ വിശാലമായ ലോകത്ത്, ഒരോരുത്തരും അവരവർക്ക് അനുവദിച്ച് കിട്ടിയിട്ടുള്ള ഇടങ്ങളിൽ കഴിയുന്നത്ര നന്മകളോടെ, പരസ്പരം കരുതലോടെ ജീവിക്കുക എന്നത് മാത്രമാണ്‌. ലോകത്തിൽ പലയിടങ്ങളിലായുള്ള സ്നേഹം നിറഞ്ഞ വീടുകളിലെ നന്മകളാണ്‌  ഭൂമിയെ സന്തുലനം ചെയ്യുന്നത് . സ്നേഹിക്കുക എന്നത് ഒരു ശീലമാണ്. നമ്മളിൽ തന്നെയുള്ള സ്നേഹത്തിന്റെ ഊർജ്ജമാണ്‌ ചില പരാജയങ്ങളിൽ, വേദനകളിൽ നമ്മെ stabilize ചെയ്യുന്നത്.

ഫെയ്സ് ബുക്കിൽ ആര്യന്റെ പ്രൊഫൈൽ. 
കർട്ടനുകളും കാർപ്പെറ്റുകളും വില്ക്കുന്ന അവന്റെ പുതിയ ഷോറൂം. അവിടേയ്ക്കുള്ള റൂട്ട് മാപ്പ്.

സ്നേഹത്തിന്റെ വഴി സ്വീകരിയ്ക്കുന്നതാണ് എന്നും നല്ലത്. :-)

ആര്യന്റെ  അടുക്കലേക്ക് തിരിച്ചു പോകണമെന്ന് ഇപ്പോൾ മനസ്സുപറയുന്നു. വിവാഹമോചനം നേടി രണ്ട് വർഷം  കഴിഞ്ഞ്  അതേ ആളിന്റെ അടുക്കലേക്ക് മടങ്ങിച്ചെല്ലുന്നത്  ചില സിംഹങ്ങളെ ചൊടിപ്പിക്കും. സ്വമേധയാലുള്ള നാണംകെട്ട കീഴടങ്ങലെന്നൊക്കെ അവർ പറയുമായിരിക്കും. പക്ഷേ ഹൃദയം പറയുന്നതതല്ല.

' ഒരാളിന്റെ അരികിലെത്താൻ നമ്മളെന്നും ആഗ്രഹിയ്ക്കും. 
അന്നുവരെ സ്നേഹം തന്നിട്ടുള്ളവരെയെല്ലാം അയാൾ നമ്മെ ഓർമ്മപ്പെടുത്തും, ഇനിയൊരിയ്ക്കലും സ്നേഹഭംഗങ്ങൾക്കിടയില്ലെന്ന് അയാൾ കരുതലാകും.
ചിരികൊണ്ട് മാത്രം മായ്ച്ചുകളയാവുന്ന  കുസൃതികളായി അയാൾ നമ്മെ മാറ്റിക്കളയും.
സമയമില്ലെന്ന വേവലാതികളിൽ നിന്ന് അയാൾ നമ്മെ മുക്തരാക്കും.
ഒരാളിന്റെ അരികിലെത്താൻ നമ്മളെന്നും ആഗ്രഹിയ്ക്കും.
ചിലപ്പോഴൊക്കെ ഒന്ന് പൊട്ടിത്തെറിയ്ക്കാനും
പലപ്പോഴുമായ് കെട്ടിപ്പിടിക്കാനും,
ചേർന്നിരിയ്ക്കാനും തന്നിലേക്കൊന്ന് ചേർത്തു പിടിയ്ക്കാനും
ഒരാളിന്റെ അരികിലെത്താൻ നമ്മളെന്നും ആഗ്രഹിയ്ക്കും. '

-മനസ്സിൽ ഇത്രയും പ്രാർത്ഥനകളോടെ ആര്യന് ഒരു സന്ദേശമയച്ചു. കൂടുതൽ ആലോചിച്ചില്ല; പലതവണ തിരുത്തി എഴുതിയില്ല.

 "welcome back" എന്ന്  ആര്യന്റെ മറുപടി!
 “ ഇനിയുണ്ടാവില്ല;
നമ്മൾ പിരിഞ്ഞിരിക്കേണ്ടതായ ദിനരാത്രങ്ങൾ....”


' കൈകൾക്കുള്ളിലേക്കെടുത്ത് വെച്ച്
നെറ്റിമേൽ ആഴത്തിലൊരുമ്മ' 
-എന്ന് ഒരു സ്നേഹകാലം അതോർമ്മിപ്പിക്കുന്നു.

ആ നിമിഷത്തേക്കാൾ മനോഹരമായ കവിത ആരുമെഴുതിയിട്ടുണ്ടാവില്ല, ഇന്നേവരെ. 
'ഇത്രയും നേരം നീ ഇവിടെത്തന്നെയുണ്ടായിരുന്നു: 
എന്റെ  വിരലുകൾക്കിടയിൽ, ' എന്ന ഓർമ്മപ്പെടുത്തൽ. .


അത് സ്വീകരിയ്ക്കാൻ, ഇതാ ഈ നിമിഷം മുതല്ക്കെന്ന തയ്യാറെടുപ്പ്.
അതാണ്‌ വേണ്ടത് -
അത്ര ശ്രദ്ധയോടെ,
അത്രയും ആഗ്രഹങ്ങളോടെ.

ആർക്കെങ്കിലും ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് എഴുതണമെന്ന്  തോന്നുന്നുണ്ടെങ്കിൽ അതിങ്ങനെ ആവാം:
"രണ്ടുപേരിൽ ഒരാള്ക്ക് മാത്രമായ്  പിരിഞ്ഞുപോകാൻ കഴിയില്ല. "
:-)

2 comments:

 1. ഓരോ വാക്കുകളോടും സ്നേഹം അതെഴുതുന്ന താങ്കളോടും.

  ReplyDelete
 2. അക്ക തിരുമ്പി വന്താ!!

  പതിവ് പോലെ ഈ കഥക്ക് തുടക്കമില്ല,ഒടുക്കവും :)

  സസ്നേഹം
  സുനിൽ ഉപാസന

  ReplyDelete